(രചന: ശിഖ)
“””മോളേ… നാളെ നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്. നാളെ നീ ഓഫീസിൽ നിന്ന് ലീവെടുക്കണം.
ജോലി കഴിഞ്ഞു വന്ന് കയറിയ സ്മിതയോട് മോളി അത് വന്ന് പറഞ്ഞപ്പോൾ സ്മിത അവരെ തുറിച്ചു നോക്കി.
“””അമ്മയോടും അച്ഛനോടും ഞാനൊരു നൂറു വട്ടം പറഞ്ഞിട്ടുണ്ട് എനിക്ക് കല്യാണം വേണ്ടെന്ന്. എന്റെ മനസ്സ് അതിന് വേണ്ടി പാകപ്പെടുമ്പോൾ ഞാൻ തന്നെ നിങ്ങളോട് പറയാമെന്ന് പറഞ്ഞതല്ലേ. പിന്നെ എന്തിനാ എന്നെയിങ്ങനെ നിർബന്ധിക്കുന്നത്.
“വയസ്സ് ഇരുപത്തി ഏഴ് കഴിഞ്ഞു നിനക്ക്. നീ ഇങ്ങനെ നിൽക്കുന്നത് കൊണ്ടാ നിന്റെ മൂത്തവന് പോലും കല്യാണം ശരിയാകാത്തത്. അനിയത്തി കല്യാണം കഴിച്ചിട്ട് മതി തനിക്കൊരു ജീവിതമെന്ന് പറഞ്ഞ് അവൻ നിൽക്കാൻ തുടങ്ങിയിട്ട് കുറെയായി. വരുന്ന ചിങ്ങത്തിനു സന്തോഷിന് മുപ്പത്തിയൊന്നു തികയുവാ. രണ്ടും കൂടെ ഇങ്ങനെ തുടങ്ങിയാൽ പിന്നെ ഞങ്ങളെന്ത് ചെയ്യും.
പിന്നെ നാളെ വരുന്നവർ അന്യരൊന്നുമല്ല. അച്ഛന്റെ കൂട്ടുകാരന്റെ മോനാ. ആളെ വരുമ്പോൾ കണ്ട മതി നീ. അച്ഛനാണ് അവർക്ക് വാക്ക് കൊടുത്തത്. അതുകൊണ്ട് എതിർക്കാതെ അനുസരിക്കുന്നതാ നിനക്ക് നല്ലത്. ഞങ്ങളെ വാക്ക് ധിക്കരിച്ചു തോന്ന്യാസം കാണിക്കാനാണ് ഭാവമെങ്കിൽ പിന്നെ നീ ഞങ്ങളെ ജീവനോടെ കാണില്ല, പറഞ്ഞേക്കാം.
“””അച്ഛനും അമ്മയും കൂടെ എന്റെ ഇപ്പോഴത്തെ സ്വസ്ഥത ഇല്ലാതാക്കാൻ തന്നെയാണോ പുറപ്പാട്. എന്തെങ്കിലും കാണിക്ക് നിങ്ങൾ… അല്ലേലും എന്റെ കല്യാണകാര്യം വരുമ്പോ എന്റെ വാക്കിന് ഒരു വിലയുമില്ല.
സ്മിത ദേഷ്യത്തോടെ ബാഗ് വലിച്ചെറിഞ്ഞു റൂമിലേക്ക് പോയി.മുറിയിൽ ചെന്ന് കട്ടിലിലേക്ക് വീണതും അവൾ പൊട്ടിക്കരഞ്ഞു. ഒരു വിവാഹ ജീവിതം താനും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ മനസ്സിന് ഇണങ്ങിയ ചെറുപ്പക്കാരനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അച്ഛനും അമ്മയും കൊണ്ട് വന്ന പയ്യന്മാരോടും ഇഷ്ടം തോന്നിയിട്ടില്ല. അത് മാത്രമല്ല മനസ്സിൽ ഒരാളോടുള്ള പ്രതികാരവും കൊണ്ട് ജീവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ആർക്കും അറിയാത്ത ആരോടും പങ്ക് വയ്ക്കാത്ത തനിക്ക് മാത്രമറിയാവുന്ന രഹസ്യം.
പണ്ട് സ്മിത അച്ഛന്റെ കൂടെ ചെന്നൈ റെയിൽവേ കോട്ടേഴ്സിൽ താമസിക്കുന്ന സമയം. സ്മിത അന്ന് ആറാം ക്ലാസ്സിലാണ്. അച്ഛനും അമ്മയും ചേട്ടനും കൂടെ എവിടെയോ പോയപ്പോൾ ഒറ്റയ്ക്ക് വീട്ടിലിരുത്തണ്ടെന്ന് കരുതി അടുത്തുള്ള അച്ഛന്റെ സുഹൃത്തായ രമേശ് അങ്കിളിന്റെ വീട്ടിൽ മകളെ നിർത്തി അവർ പോയി.
രമേശും ഭാര്യയും അവരുടെ ഒരേയൊരു മകൻ അർജുനുമാണ് അവിടെ താമസം. അർജുനെ വിളിക്കാൻ രമേശിന്റെ ഭാര്യ സ്കൂളിലേക്ക് പോയ സമയം വീട്ടിൽ അയാളും പതിനൊന്ന് വയസ്സുള്ള സ്മിതയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പ്രായത്തിൽ കവിഞ്ഞ ശരീര വളർച്ചയുള്ള സ്മിതയിൽ രമേശൻ നോട്ടമിട്ട് വച്ചിട്ട് നാളുകൾ ഏറെയായിരുന്നു. അന്ന് വീട്ടിൽ ആരുമില്ലാതിരുന്ന നേരം അയാളവളെ വിവസ്ത്രയാക്കി ലൈംഗികമായി ഉപയോഗിച്ചു.
അവളുടെ സ്വകാര്യ ഭാഗങ്ങളിൽ തടവുകയും ഉമ്മ വയ്ക്കുകയുമൊക്കെ ചെയ്തപ്പോൾ അറിവില്ലാത്ത പ്രായമാണെങ്കിലും സ്മിത അയാളെ എതിർത്തിരുന്നു. അപ്പോൾ അവൾക്ക് ഇഷ്ടമുള്ള ചോക്ലേറ്റ് നൽകി രമേശ് അവളെ തീരെ ചെറിയ പെൺകുട്ടിയാണെന്ന് പോലും ഓർക്കാതെ കാമിച്ചു. ഇതൊന്നും ആരോടും പറയരുതെന്നും ചട്ടം കെട്ടി.
ചെന്നൈയിൽ നിന്ന് സ്മിതയുടെ അച്ഛൻ സുരേഷിന് ട്രാൻസ്ഫർ കിട്ടുന്നത് വരെ തക്കം കിട്ടുമ്പോൾ അയാളവളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു. ഏഴാം ക്ലാസ്സിൽ എത്തിയപ്പോൾ സ്മിതയെയും ചേട്ടനെയും സുരേഷിന് പോസ്റ്റിങ്ങ് കിട്ടിയ തിരുവനന്തപുരത്തെ സ്കൂളിൽ ചേർത്തു.
മുതിർന്നു തുടങ്ങിയപ്പോഴാണ് അച്ഛന്റെ കൂട്ടുകാരൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചതാണെന്ന സത്യം അവൾ തിരിച്ചറിഞ്ഞത്. ആ തിരിച്ചറിവ് വന്ന അന്ന് മുതൽ അച്ഛന്റെ സുഹൃത്തുക്കളോടൊന്നും അവൾ മിണ്ടാതായി. മനസ്സിൽ മുഴുവനും തന്നെ ചെറുപ്പത്തിൽ ചൂഷണം ചെയ്ത രമേശനോടുള്ള പക നിറഞ്ഞു.
അയാളോട് ഏതെങ്കിലും വിധത്തിൽ പകരം ചോദിച്ചില്ലെങ്കിൽ തനിക്ക് സമാധാനം കിട്ടില്ലെന്ന് അവൾക്ക് തോന്നി. എന്നാൽ മാത്രമേ പൂർണ്ണ മനസ്സോടെ മറ്റൊരാളുടെ ഭാര്യയായി സന്തുഷ്ട കുടുംബജീവിതം നയിക്കാൻ തനിക്കാവൂ എന്നവൾ വിചാരിച്ചു പോന്നു.
സ്മിതയുടെ ഇഷ്ടക്കേട് കാര്യമാക്കാതെ വീട്ടുകാർ പെണ്ണ് കാണൽ ചടങ്ങുമായി മുന്നോട്ട് പോയി. പിറ്റേദിവസം ചെക്കനും കൂട്ടരുമെത്തിയപ്പോൾ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി മനസ്സില്ലാ മനസ്സോടെയാണ് സ്മിത ചായക്കപ്പ് അടങ്ങിയ ട്രേയുമായി അതിഥികൾക്ക് മുന്നിൽ ചെന്നത്.
ഒരു നിമിഷം പയ്യനെയും കൂടെ വന്നവരെയും കണ്ട് അവൾ ഞെട്ടിപ്പോയി. താൻ തേടി നടന്ന ആളാണ് തനിക്ക് മുന്നിൽ ഇരിക്കുന്നതെന്ന് തിരിച്ചറിയാൻ സ്മിതക്ക് നിമിഷങ്ങൾ പോലും വേണ്ടി വന്നില്ല.
അത്ര തെളിച്ചമല്ലാത്ത മുഖത്തോടെ ഇരിക്കുന്ന രമേശന്റെ നോട്ടവും അവളിലേക്കെത്തി. അയാളുടെ മുഖഭാവത്തിൽ നിന്നും ആ ആലോചന അയാൾക്ക് ഇഷ്ടമില്ലാതെയാണ് എന്ന് സ്മിത ഊഹിച്ചു. സ്വന്തം അച്ഛൻ കാമ കേളി നടത്തിയ പെൺകുട്ടിയെ മകന്റെ ഭാര്യയായി കാണാൻ ആരാണ് ആഗ്രഹിക്കുക. സ്മിതയുടെ മുഖം ദേഷ്യവും വെറുപ്പും കൊണ്ട് നിറഞ്ഞു.
രമേശനും ഭാര്യ സുധയും മകൻ അർജുനുമാണ് പെണ്ണ് കാണലിനായി വന്നിരിക്കുന്നത്.
“””ആക്ച്വലി അച്ഛനും അമ്മയ്ക്കും ഇവിടെ വരുന്നത് വരെ ഒരു പെണ്ണ് കാണലിനാണ് വരുന്നതെന്ന് അറിയില്ലായിരുന്നു. ഒരു കുട്ടിയെ എനിക്കിഷ്ടമുണ്ടെന്ന് സൂചിപ്പിച്ചതേയുണ്ടായിരുന്നുള്ളു.
ഇവിടെ വരുമ്പോൾ സർപ്രൈസ് ആയി അറിയട്ടേ എന്ന് കരുതി ഒന്നും പറഞ്ഞില്ല. അതാണ് രണ്ടാൾക്കും ഒരു അന്ധാളിപ്പ്.
ചെറുപ്പം മുതലേ എനിക്ക് സ്മിതയോട് ഒരിഷ്ടം തോന്നിയിരുന്നു. വലുതായി ഒരു ജോലി കിട്ടി തന്നെ വന്ന് പെണ്ണ് ചോദിക്കണം എന്നായിരുന്നു ആഗ്രഹം. ആഗ്രഹിച്ച പോലെ ഒരു ജോലി കിട്ടിയപ്പോൾ മുതൽ ഞാൻ തന്റെ കുടുംബത്തെ അന്വേഷിക്കലായിരുന്നു.
ഒടുവിൽ ഇവിടെയുണ്ടെന്ന് അറിഞ്ഞു തന്റെ അച്ഛനോട് വന്ന് പറഞ്ഞപ്പോൾ വീട്ടുകാരേം കൂട്ടി വരാൻ പറഞ്ഞു. എന്റെ വീട്ടുകാർ എന്റെ ഇഷ്ടത്തിനാണ് എന്നും മുൻതൂക്കം കൊടുത്തിട്ടുള്ളത്. അതുകൊണ്ട് എനിക്ക് ടെൻഷനില്ലായിരുന്നു. ഇനി തന്റെ ഊഴമാണ് സ്മിത. തനിക്ക് കൂടെ ഇഷ്ടമുണ്ടെങ്കിൽ മാത്രം ഈ വിവാഹം നടക്കും.
ഒരു പുഞ്ചിരിയോടെ തന്നെ നോക്കുന്നവനെ നോക്കി അവൾ വിളറിയ ചിരി സമ്മാനിച്ചു. പിന്നെ പതിയെ ചായക്കപ്പുമായി രമേശന് അരികിലേക്ക് ചെന്നു.
കൈ നീട്ടി ഒരു കപ്പെടുക്കാൻ തുനിഞ്ഞ അയാളുടെ മുഖത്തേക്ക് അവൾ പെട്ടെന്നാണ് ചൂട് ചായ എടുത്ത് ഒഴിച്ചത്. മുഖമാകെ പൊള്ളിയ വേദനയിൽ ഒരു അലർച്ചയോടെ രമേശൻ ചാടി എണീറ്റു.
“””അറിവില്ലാത്ത പ്രായത്തിൽ എന്നോട് നിങ്ങൾ ചെയ്ത വൃത്തികേടിനാ ഇപ്പൊ ഇത് തരുന്നത്. കാലങ്ങളായി ഇങ്ങനെയൊരു മോഹം മനസ്സിലിട്ട് നടക്കാൻ തുടങ്ങിയിട്ട്. തന്റെ മോന്റെ പ്രായമുള്ള എന്നെ മകളായി കാണാതെ ഭോഗ വസ്തുവായി കണ്ട വൃത്തികെട്ടവൻ.
കൈവീശി അയാളുടെ മുഖത്ത് ആഞ്ഞടിച്ചു കൊണ്ടവൾ ആക്രോശിച്ചു.സുധയും അർജുനും ആ രംഗം കണ്ട് ഞെട്ടി എണീറ്റപ്പോൾ സ്മിതയുടെ വീട്ടുകാർക്ക് ഒരു ഭാവവ്യത്യാസവുമില്ലായിരുന്നു. എല്ലാവർക്കും മുന്നിൽ അപമാനിതനായ രമേശൻ ഒരക്ഷരം മിണ്ടാതെ പുറത്തേക്കിറങ്ങിപ്പോയി.
“””അർജുൻ എന്നോട് ക്ഷമിക്കണം. തന്റെ അച്ഛൻ കുട്ടിക്കാലത്തു ഒരു മകളായി കാണേണ്ട എന്നോട് ചെയ്ത നെറികേടിനാണ് ഞാൻ ഇത്രയെങ്കിലും ചെയ്തത്. ഇത്രയും വർഷം ഈ മുഖമാണ് ഞാൻ തേടികൊണ്ടിരുന്നത്. അങ്ങനെയുള്ള ഒരാളിന്റെ മകനെ സ്നേഹിക്കാനോ വിവാഹം കഴിക്കാനോ എനിക്ക് കഴിയില്ല. അതുകൊണ്ട് നിങ്ങൾക്ക് പോകാം.
അവളുടെ നിൽപ്പും ഭാവവും സംസാരവും ഒന്നും പ്രതികരിക്കാതെ തന്റെ അച്ഛന്റെ ഇറങ്ങി പോക്കും സ്മിത പറഞ്ഞത് സത്യമാണെന്ന് അവൻ സ്വയം മനസിലാക്കുകയായിരുന്നു. തന്റെ അച്ഛന് വേണ്ടി എല്ലാവരോടും മാപ്പ് പറഞ്ഞു തകർന്ന് നിൽക്കുന്ന അമ്മയെ ചേർത്ത് പിടിച്ച് അർജുൻ പുറത്തേക്ക് പോയി.
വന്നവരൊക്കെ പോയപ്പോഴാണ് സ്മിത തന്റെ അച്ഛനെയും അമ്മയെയും ചേട്ടനേം കുറിച്ചോർത്തത്. ഇത്രയും കാലം താൻ പറയാതിരുന്ന സത്യമാണ് അവരിപ്പോ മനസ്സിലാക്കിയിരിക്കുന്നത്.
ഒരുനിമിഷം രമേശിനെ മുന്നിൽ കണ്ടപ്പോൾ അവളുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് ഇങ്ങനെ തുറന്നടിച്ച പ്രതികരണത്തിന് കാരണമായത്.
ഇനി അച്ഛന്റേം അമ്മേടേം ചോദ്യത്തിന് എന്ത് പറയുമെന്ന് അറിയാതെ വിഷണ്ണയായി നിൽക്കുന്ന സ്മിതയുടെ അടുത്തേക്ക് അച്ഛനും അമ്മയും ചേട്ടനും വന്നു.
“””നിന്റെ ഡയറിയിൽ നിന്ന് ഞങ്ങൾ എല്ലാം തിരിച്ചറിഞ്ഞിരുന്നു മോളെ. നിനക്ക് തന്നെ പ്രതികാരം വീട്ടാൻ ഒരവസരത്തിന് വേണ്ടിയാ അർജുൻ വന്ന് നിന്നെ ഇഷ്ടമാണെന്നും പെണ്ണ് ചോദിക്കാൻ വരട്ടെയെന്ന് ചോദിച്ചപ്പോൾ
സമ്മതം മൂളിയത്. നിനക്ക് മനസ്സിന് ഇഷ്ടപെടുന്ന ആളെ കിട്ടുമ്പോൾ നീ പറഞ്ഞാൽ മതി കെട്ടിച്ചു തരാൻ. നിന്റെ കൂടെ എന്തിനും ഏതിനും ഞങ്ങളുണ്ട്.
അവളെ ചേർത്ത് പിടിച്ചു അച്ഛനത് പറയുമ്പോൾ സ്മിത അയാളുടെ നെഞ്ചിലേക്ക് മുഖം ചേർത്തു. ഇങ്ങനെയൊരു പേരെന്റ്സിനെ തനിക്ക് തന്നതിൽ അവൾ ദൈവത്തോട് നന്ദി പറഞ്ഞു.