മനുഷ്യന് കൂടെ കൊണ്ട് പോകാൻ തന്നെ നാണക്കേട് ആവുന്നു.” അരിശത്തോടെ കഴിച്ച് കൊണ്ടിരുന്ന പാത്രം തട്ടിനീക്കി വിജിത്ത് എഴുന്നേറ്റു.

(രചന: Sivapriya)

“എന്റെ അമ്പിളി… നീ ഇങ്ങനെ ഒടുക്കത്തെ തീറ്റി തിന്നിട്ടാ തടിച്ച് ചക്കപോത്ത് പോലെ ഇരിക്കുന്നത്. ആദ്യം നിന്റെ ഈ വാരി വലിച്ചു തിന്നുന്ന ശീലം കുറയ്ക്ക്.

മനുഷ്യന് കൂടെ കൊണ്ട് പോകാൻ തന്നെ നാണക്കേട് ആവുന്നു.” അരിശത്തോടെ കഴിച്ച് കൊണ്ടിരുന്ന പാത്രം തട്ടിനീക്കി വിജിത്ത് എഴുന്നേറ്റു.

“പ്രസവ ശേഷമല്ലേ ഏട്ടാ ഞാൻ ഇങ്ങനെ തടിച്ചത്. ഇപ്പൊ വാരി വലിച്ച് കഴിക്കാറുമില്ല ഞാൻ. എന്നിട്ടും എന്തിനാ എന്നെയിങ്ങനെ വണ്ണത്തിന്റെ പേരിൽ വഴക്ക് പറയുന്നത്.”

വായിലേക്ക് വയ്ക്കാൻ തുനിഞ്ഞ ചോറുരുള പാത്രത്തിലേക്കിട്ട് നിസ്സഹായതയോടെ അമ്പിളി അവനെ നോക്കി.

“ഓഹ് പ്രസവിച്ച കഥ വിളമ്പി നിനക്ക് മതിയായില്ലേ. കൊച്ചിനെ പ്രസവിച്ചു വർഷം മൂന്നാകുന്നു. എന്നിട്ടും പ്രസവം കഴിഞ്ഞാണ് തടിച്ചതെന്ന് പറഞ്ഞു നടപ്പാ. നീ മാത്രം അല്ലല്ലോ ലോകത്ത് പ്രസവിച്ചത്.

എന്റെ ഓഫീസിലെ ശ്യാമ നീ പ്രസവിച്ച അതേ സമയത്താണ് പ്രസവിച്ചത്. അതൊക്കെ കഴിഞ്ഞു ആറു മാസത്തിനു ശേഷം അവൾ ഓഫീസിൽ തിരിച്ചു വന്നപ്പോൾ തടിച്ചിരുന്നു.

പക്ഷേ നിന്നെപ്പോലെ പൊണ്ണ തടിച്ചി ആയിരുന്നില്ല. ഇപ്പൊ അവൾ പഴയതിനേക്കാൾ മെലിഞ്ഞു സുന്ദരി ആയി. നീയോ ഫുഡ്ബോൾ പോലെ ഉരുണ്ട് കേറുന്നു.

വാഷിംഗ്‌ മെഷീനിൽ തുണി കഴുകുന്നത് നിർത്തി അലക്ക് കല്ലിൽ അടിച്ച് പിഴിഞ്ഞ് എടുക്ക്. അങ്ങനെ എങ്കിലും ഒരു വ്യായാമം കിട്ടിക്കോട്ടേ.

പിന്നെ ഇങ്ങനെ വലിച്ചു വാരി കഴിക്കുന്നത് നിർത്തി ആഹാരമൊന്ന് കുറയ്ക്ക്. ഡെയിലി പത്തു വട്ടം സ്റ്റെപ് കയറി ഇറങ്ങിയ അതും ഒരു എക്സസൈസ് ആവും.

അല്ലാ ഞാനിതൊക്കെ ആരോടാ പറയുന്നത്. മേലനങ്ങി ജോലി ചെയ്യാത്ത നിന്നോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല.”

“പ്ലീസ് ഏട്ടാ ഇങ്ങനെ ഒന്നും പറഞ്ഞു എന്നെ വിഷമിപ്പിക്കരുത്. ഈ വീട്ടിലെ ജോലി മുഴുവനും ഞാൻ ഒറ്റയ്ക്കല്ലേ ചെയ്യുന്നത്. വണ്ണം കൂടുമെന്ന് പേടിച്ചിട്ട്

വയറ് നിറച്ചു ഭക്ഷണം പോലും കഴിക്കാറില്ല ഞാൻ. എന്നിട്ടും കുറ്റപ്പെടുത്തലിനു കുറവില്ല.” നിറ മിഴികൾ തുടച്ചുകൊണ്ട് അമ്പിളി അവനെ നോക്കി.

“ഓ.. ഉള്ള സത്യം തുറന്നു പറഞ്ഞ അതും കുറ്റം. വീപ്പ കുറ്റി പോലെയുള്ള നിന്നെയും കൊണ്ട് പുറത്ത് പോകാൻ തന്നെ എനിക്കിപ്പോ നാണക്കേട് ആണ്.

ഒന്ന് മെലിയാൻ പറഞ്ഞാ അതും കേൾക്കില്ല. എന്റെ ഫ്രണ്ട്സ് ഒക്കെ കളിയാക്കി തുടങ്ങി. നിന്നെയും ബൈക്കിൽ ഇരുത്തി പോകുമ്പോൾ നാട്ടുകാരും ചിരിച്ചു തുടങ്ങി.

ഇങ്ങനെ പോയ നിന്നെ ബൈക്കിൽ ഇരുത്തി കൊണ്ട് പോവാൻ പറ്റാതാവും. കാറിൽ ആണെങ്കിൽ രണ്ടാൾക്ക് ഇരിക്കേണ്ട സീറ്റിൽ നീ ഒരാൾ ഇരിക്കേണ്ടി വരും.” പുച്ഛത്തോടെ അവനൊന്ന് ചിരിച്ചു.

“വിജിത്തേട്ടാ മതി… നിർത്തിക്കോ. കുറെയായി സഹിക്കുന്നു. അത്രയ്ക്ക് നാണക്കേട് ആണെങ്കിൽ എന്നെയിനി പുറത്തേക്ക് കൊണ്ട് പോണ്ട. തീർന്നില്ലേ പ്രശ്നം.”

“അത്യാവശ്യമുള്ള കാര്യങ്ങൾക്ക് കൊണ്ട് പോവാതിരിക്കാൻ പറ്റില്ലല്ലോ. ഫാമിലി ഫങ്ക്ഷൻ ഒക്കെ വരുമ്പോൾ നിന്നെ എനിക്ക് എഴുന്നള്ളിച്ചു കൊണ്ട് പോയല്ലേ പറ്റു.” അത്രയും പറഞ്ഞിട്ട് വിജിത്ത്‌ കൈകഴുകി മുറിയിലേക്ക് പോയി.

ഒരു വറ്റ് ചോറ് പോലും കഴിക്കാനാവാതെ അമ്പിളി മുഖം കുനിച്ചിരുന്നു കരഞ്ഞു. ഇതിപ്പോ പതിവാണ്.

അമ്പിളി ആഹാരം കഴിക്കാനെടുക്കുമ്പോൾ വിജിത്തിന് ദേഷ്യം വരും. അവൾ വാരി വലിച്ച് കഴിച്ചിട്ടാണ് വണ്ണം വച്ചിരിക്കുന്നതെന്നാണ് അവന്റെ സംസാരം.

വിജിത്ത് അവളെ വിവാഹം കഴിച്ച് കൊണ്ടു വരുമ്പോൾ അമ്പിളി നല്ല മെലിഞ്ഞിട്ടായിരുന്നു. രണ്ടു വർഷം കഴിഞ്ഞു ഉണ്ണികുട്ടനെ പ്രസവിച്ച ശേഷമാണ് അവൾ തടി വയ്ക്കാൻ തുടങ്ങിയത്. കുഞ്ഞ് എപ്പോഴും പാല് കുടിക്കുന്നത് കൊണ്ട് അവൾക്ക് നല്ല വിശപ്പാണ്.

അതുകൊണ്ട് അമ്പിളി ആദ്യമൊക്കെ നന്നായി ഭക്ഷണം കഴിക്കുമായിരുന്നു. മോന് ഇപ്പൊ രണ്ടര വയസ്സ് കഴിഞ്ഞു. ഇപ്പോഴും രാത്രി ഉറങ്ങാൻ നേരം ഉണ്ണിക്കുട്ടൻ പാല് കുടിച്ചേ ഉറങ്ങാറുള്ളു.

വല്ലാതെയങ്ങു തടി കൂടാൻ തുടങ്ങിയപ്പോഴാണ് വിജിത്ത് അവളെ വഴക്ക് പറയാൻ തുടങ്ങിയത്. ഇപ്പൊ വഴക്ക് മാറി പരിഹസിക്കലും കളിയാക്കലുമാണ്.

പക്ഷേ തടി കൂടി വരുന്നതിനാൽ വിശന്ന് വയറ് എരിഞ്ഞാലും അവൾ പഴയത് പോലെ ഭക്ഷണം കഴിക്കാറില്ല.

വല്ലപ്പോഴുമേ ചോറും കൂട്ടാനും കഴിക്കാറുള്ളു. കൂടുതലും ചപ്പാത്തി ആണ് ആഹാരം. അന്ന് കൊതി തോന്നി ഇത്തിരി ചോറ് എടുത്തതാണ് കഴിക്കാൻ. അപ്പോഴാണ് വിജിത്തിന്റെ കുറ്റപ്പെടുത്തലും പരിഹാസവും.

അമ്പിളിക്ക് നല്ല സങ്കടം വന്നിരുന്നു. എടുത്ത ചോറ് കഴിക്കാനാവാതെ അതുപോലെ മാറ്റി വച്ച് അവൾ എഴുന്നേറ്റ് കൈ കഴുകി.

പാത്രങ്ങൾ എല്ലാം കഴുകി അടുക്കള വൃത്തിയാക്കി അവൾ റൂമിൽ ചെല്ലുമ്പോൾ വിജിത്ത് ഉണ്ണിക്കുട്ടനെയും കെട്ടിപിടിച്ചു ഉറക്കം പിടിച്ചിരുന്നു.

ബാത്‌റൂമിൽ കേറി മേൽ കഴുകി ഡ്രസ്സ്‌ മാറ്റി അവൾ വന്ന് അടുത്ത് കിടക്കുമ്പോൾ വിജിത്തിന്റെ കൈകൾ പിന്നിലൂടെ വന്ന് അവളെ പുണർന്നു. എന്തൊക്കെ കുറ്റപ്പെടുത്തലും പരിഹാസവും

പറഞ്ഞാലും കിടക്കാൻ നേരം പതിവ് പോലെ അവൻ അവളുടെ അടുത്തെത്തും. അവന്റെ കാട്ടികൂട്ടലുകൾക്കെല്ലാം അവളൊരു പാവയെ പോലെ കിടന്നു കൊടുത്തു.

എല്ലാം കഴിഞ്ഞു വിജിത്ത് തിരിഞ്ഞു കിടന്ന് ഉറക്കമായി. പക്ഷേ അമ്പിളിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. കാരണം അന്ന് അവൻ അവളെ പരിഹസിക്കാൻ ഉപയോഗിച്ച വാക്കുകൾ അവളുടെ

മനസ്സിൽ കിടന്ന് നീറിപ്പുകയുന്നുണ്ടായിരുന്നു. ഇതുവരെ ഇത്രയേറെ അവനവളെ കളിയാക്കിയിരുന്നില്ല. പക്ഷേ ഇന്നത് പരിധികൾ ലംഘിച്ചിരുന്നു.

ആദ്യമായി സ്വന്തം ശരീരത്തോട് അവൾക്ക് ദേഷ്യം തോന്നി. തടി കുറയ്ക്കാൻ എത്ര ശ്രമിച്ചിട്ടും സാധിക്കാത്തത് അവളെ നൊമ്പരപ്പെടുത്തി. അമ്പിളിക്കും തടിച്ചിരിക്കുന്നത് ഇഷ്ടമല്ല.

നടക്കാനും ജോലികൾ ചെയ്യാനുമൊക്കെ അവൾക്ക് വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. അന്ന് രാത്രി അവൾ തീരുമാനിച്ചു എങ്ങനെയും ഈ വണ്ണം കുറയ്ക്കണമെന്ന്.

ദിവസങ്ങളും മാസങ്ങളും കടന്നു പോയി. അമ്പിളി എന്നും രാവിലെ ഒരു മണിക്കൂർ നടത്തത്തിനായി മാറ്റി വച്ചു. വൈകുന്നേരം ഒരു മണിക്കൂർ യോഗയും എക്സസൈസും സ്റ്റാർട്ട്‌ ചെയ്തു. ഇഷ്ടമുള്ള ആഹാരം മിതമായി കഴിച്ച് കൊണ്ട് അവൾ വ്യായാമവും മുറയ്ക്ക് ചെയ്തു പോന്നു.

ഉണ്ണിക്കുട്ടൻ സ്കൂളിൽ പോയി തുടങ്ങിയപ്പോൾ അമ്പിളിക്ക് ഒന്നിനും നേരമില്ലാതായി തുടങ്ങി. അവന്റെ പിന്നാലെയുള്ള ഓട്ട പാച്ചിലും കൂടി ആയപ്പോൾ മെല്ലെ മെല്ലെ വണ്ണം കുറയാൻ തുടങ്ങി.

രണ്ട് വർഷത്തോളം ഫാമിലി ഫങ്ക്ഷൻ ഒക്കെ വന്നാൽ അവൾ വിജിത്തിന്റെ കൂടെ പോകാതെ ഒഴിഞ്ഞു മാറിയിരുന്നു. അവന്റെ കളിയാക്കൽ അന്നവളുടെ ആത്മവിശ്വാസത്തെ തച്ചുടച്ചിരുന്നു.

പക്ഷേ ഇപ്പൊ പഴയ ശരീരാകൃതി കൈവന്നപ്പോൾ നഷ്ടപ്പെട്ട ആത്മവിശ്വാസം അവൾക്ക് കൈവന്നു. പക്ഷേ ആ സമയം കൊണ്ട് ഓഫീസിലെ ജോലി ഭാരം കാരണം സ്വന്തം ശരീരവും ആരോഗ്യവും ശ്രദ്ധിക്കാതെ വന്നപ്പോൾ വിജിത്തിലും പ്രകടമായ മാറ്റങ്ങൾ കണ്ട് തുടങ്ങി.

കുറെ നാളിനു ശേഷം വിജിത്തിന്റെ അനിയത്തിയുടെ കുഞ്ഞിന്റെ ബർത്ത്ഡേ പാർട്ടിക്ക് വിജിത്തിനൊപ്പം അവളും പോയി.അമ്പിളിയുടെ മാറ്റം കണ്ട് ബന്ധുക്കൾ എല്ലാവരും അന്തംവിട്ടു.

“ചേട്ടൻ വയസ്സനായി കുടവയറൊക്കെ വന്ന് കിളവനെ പോലെ ആയി. ചേച്ചി ഇപ്പൊ നല്ല സുന്ദരിയും. നിങ്ങളെ ഒരുമിച്ച് കണ്ടാൽ അച്ഛനും മോളും ആണെന്ന് തോന്നും. ചേച്ചിക്ക് നാണം ആവുന്നില്ലേ ചേട്ടന്റെ കൂടെ നടക്കാൻ.

ഇരുപത്തി നാല് മണിക്കൂറും ഓഫീസ് കാര്യങ്ങൾ മാത്രം തലയിൽ ചുമന്ന് നടക്കാതെ സ്വന്തം ശരീരം കൂടെ ശ്രദ്ധിക്കു ചേട്ടാ.” വിജിത്തിന്റെ അനിയത്തി വീണ എല്ലാവർക്കും മുന്നിൽ വച്ചു അത് പറയുമ്പോൾ അവനാകെ നാണക്കേട് തോന്നി.

“ജോലിയും ടെൻഷനുമൊക്കെ ആകുമ്പോൾ ചിലപ്പോൾ ഇങ്ങനെ ആയിപ്പോകും. അതിനിങ്ങനെ കളിയാക്കണ്ട നീ.” വിജിത്ത് പറഞ്ഞു.

“ഓഹ് അത് പറഞ്ഞു ഒഴിയാൻ നോക്കണ്ട. ചേട്ടനിപ്പോ പണ്ടത്തെ പോലെ അല്ല. ഭക്ഷണമൊക്കെ പുറത്ത് നിന്നും കണ്ടമാനം വാരി വലിച്ചു തിന്നിട്ടാ വയറ് ചാടി വരുന്നേ.” അമ്പിളിയെ നോക്കി കണ്ണിറുക്കി വീണ പറഞ്ഞു.

അവൾക്ക് മറുപടി കൊടുക്കാൻ നിൽക്കാതെ ദേഷ്യത്തോടെ വിജിത്ത് അവിടെ നിന്ന് മാറിപ്പോയി.

“നീയെന്തിനാ വീണേ അങ്ങനെയൊക്കെ പറയാൻ പോയത്.” അമ്പിളി അവളെ ശാസിച്ചു.

“പണ്ട് ചേച്ചിയെ കുറേ കളിയാക്കിയതല്ലേ. എന്റെ ചേട്ടൻ ആണെങ്കിലും അങ്ങനെയൊക്കെ പറഞ്ഞത് മോശം കാര്യമല്ലേ.

അന്നേ ഞാൻ നോട്ടമിട്ട് വച്ചതാ എന്നെങ്കിലും ഇതുപോലൊരു സിറ്റുവേഷൻ വന്നാൽ തിരിച്ചു പറയാൻ. ആൾക്കൂട്ടത്തിൽ വച്ച് പണ്ട് ചേച്ചിയേം ഇതുപോലെ ചേട്ടൻ കളിയാക്കിയിട്ടില്ലേ. ആ വേദന എന്താന്ന് ചേട്ടനും അറിയട്ടെ.”

“നീ അതൊക്കെ ഓർത്ത് വച്ചിട്ടുണ്ടോ?””പിന്നില്ലാതെ. ബോഡി ഷേമിങ് ചെയ്യുന്നത് അത്ര നല്ല സ്വഭാവമല്ല. തരം കിട്ടുമ്പോൾ ചേച്ചിയും വിട്ട് കൊടുക്കരുത്. പക അത് വീട്ടാനുള്ളതാ.”

“ഇങ്ങനെയൊരു നാത്തൂനേ കിട്ടിയത് എന്റെ ഭാഗ്യം.” ചിരിച്ചു കൊണ്ട് അമ്പിളി അവളെ ഇറുക്കെ പുണർന്നു.

ഫങ്ക്ഷൻ കഴിഞ്ഞു തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ വിജിത്ത് നിശബ്ദനായി കാണപ്പെട്ടു.

“വീണ അങ്ങനെയൊക്കെ പറഞ്ഞത് ഓർത്ത് സങ്കടപ്പെടണ്ട. നിങ്ങളെ അനിയത്തി അല്ലെ പറഞ്ഞത്.

പണ്ട് എന്നെ ഇതുപോലെ പരിഹസിച്ചത് ഓർമ്മയുണ്ടോ. അന്നൊക്കെ ഞാൻ എത്ര മാത്രം കരഞ്ഞിട്ടുണ്ടെന്ന് നിങ്ങൾക്കറിയോ. ആരും എന്നും എല്ലായ്പോഴും ഇങ്ങനെ ഇരിക്കണമെന്നില്ല.

പോസ്റ്റ്‌ പാർട്ടം റിക്കവറി ഹോർമോൺ ചേഞ്ച്‌ ഒക്കെ ആയി ഞാൻ വണ്ണം വച്ചപ്പോൾ വലിച്ചു വാരി തിന്നിട്ടാ തടി വച്ചതെന്ന് പറഞ്ഞു എന്നെ കളിയാക്കാൻ ആയിരുന്നു നിങ്ങൾക്ക് താല്പര്യം.

ആ സമയത്ത് ഫാറ്റ് കാരണം ഞാൻ അനുഭവിച്ച ബുദ്ധിമുട്ട് നിങ്ങൾ കണ്ടിട്ടില്ല. നിങ്ങളുടെ പരിഹാസം കാരണം എത്ര രാത്രി ഞാൻ പട്ടിണി കിടന്നിട്ടുണ്ടെന്ന് അറിയോ.

നിങ്ങൾക്കിപ്പോ ചാടി വരുന്ന കുടവയറും ശരീരം തടിക്കാൻ തുടങ്ങിയതും ഭക്ഷണം കഴിച്ചിട്ടാണ് എന്ന് പറഞ്ഞാൽ നിങ്ങൾക്ക് സഹിക്കോ. ഓഫീസിലെ ഓവർ വർക്ക്‌ പ്രെഷറും ടെൻഷനും സമയം തെറ്റിയുള്ള ഭക്ഷണ ക്രമം വ്യായാമം ഇല്ലാത്തതൊക്കെ ഞാൻ കാണുന്നുണ്ട്.

എന്തായാലും നിങ്ങളെപ്പോലെ പരിഹസിക്കാൻ എനിക്ക് കഴിയില്ല. ആ വേദന എന്താന്ന് എനിക്കറിയാം.

അതുകൊണ്ട് ദയവ് ചെയ്ത് ആളുകളെ ഒരിക്കലും ശരീരഭാരവും നിറവും പറഞ്ഞു കളിയാക്കരുത്. ഒന്നും സ്ഥിരമല്ല. തടിച്ചാലും മെലിഞ്ഞാലും അസുഖം ഇല്ലാതെ ആരോഗ്യത്തോടെ ഇരുന്നാൽ പോരെ. ചിലർക്ക് അവരുടെ തടി കംഫർട് ആയിരിക്കും.

അവരതിൽ തൃപ്തരും ഹാപ്പിയും ആണെങ്കിൽ പിന്നെ മറ്റുള്ളവർക്ക് എന്താ പ്രോബ്ലം. ഇതൊക്കെ പണ്ടേ പറയാൻ മനസ്സിൽ കരുതി വച്ചതാ. അന്ന് പറഞ്ഞാ നിങ്ങടെ തലയിൽ കേറില്ല. അതാ ഇപ്പൊ പറയുന്നത്. ” ഒരു കിതപ്പോടെ അമ്പിളി പറഞ്ഞു നിർത്തി.

“ഐആം സോറി അമ്പിളി… അന്ന് ഇതൊക്കെ നിന്റെ മനസ്സിനെ ഇത്ര വേദനിപ്പിച്ചിരുന്നുവെന്ന് ഞാൻ അറിഞ്ഞില്ല. എന്റെ തെറ്റാ. ഇന്ന് വീണ എന്നെ എല്ലാരേം മുന്നിൽ വച്ച്

കളിയാക്കിയപ്പോഴാണ് നീ അന്നൊക്കെ എത്ര മാത്രം വേദനിച്ചിരുന്നുവെന്ന് എനിക്ക് മനസ്സിലായത്. അന്ന് അങ്ങനെ പറഞ്ഞതിനൊക്കെ മാപ്പ്.” അമ്പിളിയുടെ കരങ്ങൾ കവർന്ന് അവൻ ക്ഷമ പറഞ്ഞു.

“അതൊന്നും ഞാൻ മറന്നിട്ടില്ല.. ഒരിക്കലും മറക്കേം ഇല്ല… എങ്കിലും സാരമില്ല.” വിഷാദം നിറഞ്ഞൊരു പുഞ്ചിരി അവളിൽ നിറഞ്ഞു.

വാ വിട്ട വാക്കും കൈ വിട്ട ആയുധവും ഒരിക്കലും തിരിച്ചെടുക്കാൻ കഴിയില്ല. അവ മുറിവേൽപ്പിക്കുന്ന ഹൃദയം അതൊരിക്കലും മറക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *