എന്റെ ഭാര്യയായി വാഴാമെന്നു നീ കരുതണ്ട.. വാഴിക്കില്ല നിന്നെ ഞാൻ.. എന്റെ അമ്മ പറഞ്ഞതുകൊണ്ട് മാത്രമാണ് നീയിങ്ങനെ

സ്വപ്നം പോൽ
(രചന: സൃഷ്ടി)

” ഒരു താലി കെട്ടി എന്ന് കരുതി എന്റെ ഭാര്യയായി വാഴാമെന്നു നീ കരുതണ്ട.. വാഴിക്കില്ല നിന്നെ ഞാൻ.. എന്റെ അമ്മ പറഞ്ഞതുകൊണ്ട് മാത്രമാണ് നീയിങ്ങനെ ഇവിടെ മഹാറാണിയായി നിൽക്കുന്നത്.. കൃത്യം ഒരു വർഷം കഴിഞ്ഞാൽ ഡിവോഴ്സ് വാങ്ങി കയ്യിൽ തരും.. അതും വാങ്ങി പൊയ്ക്കോളണം ”

മുന്നിൽ നിന്നു ഗർജിക്കുന്ന സിദ്ധുവിനെ നോക്കി ജാനകി വാ പൊളിച്ചു നിന്നു. അന്ന് രാവിലെയായിരുന്നു സിദ്ധു എന്ന സിദ്ധാർഥ് ജാനകിയുടെ കഴുത്തിൽ താലി കെട്ടിയത്.

അവൻ തിരക്കുള്ള ബിസിനസ്മാൻ ആയതുകൊണ്ടും ഗൗരവക്കാരൻ ആയതുകൊണ്ടും വിവാഹത്തിന് മുൻപ് അങ്ങനേ കാണുകയോ സംസാരിക്കുകയോ ഉണ്ടായിട്ടില്ല.

ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടു ബന്ധുവീട്ടിൽ കഴിഞ്ഞിരുന്ന ജാനകിയ്ക്ക് അതിനൊന്നുമുള്ള സാഹചര്യവും ഉണ്ടായിരുന്നില്ല. അമ്പലത്തിലോ മറ്റോ വെച്ചു അവളെ കണ്ടിഷ്ടപ്പെട്ട സിദ്ധുവിന്റെ അമ്മയാണ് വിവാഹത്തിന് മുൻകൈ എടുത്തത്. എങ്കിലും ഇങ്ങനെയൊരു പരിണാമത്തിൽ തന്റെ വിവാഹം കലാശിക്കുമെന്ന് അവളും കരുതിയില്ല.

” എന്താടീ ഒന്നും മിണ്ടാത്തത്?? “സിദ്ധു അവളോട് ചീറി..” ഇത്.. ഉള്ളതാണോ അതോ എന്നെ പറ്റിക്കാനാണോ? ”

” എന്താടീ.. എന്റെ മുഖം കണ്ടിട്ട് ഞാൻ തമാശ പറയുകയാണ് എന്ന് നിനക്ക് തോന്നുന്നുണ്ടോ? ”

സിദ്ധു പറഞ്ഞപ്പോൾ തന്നെ കേട്ടതൊക്കേ സത്യമാണെന്ന് ജാനകിക്ക് മനസ്സിലായി. അവൾക്ക് ആകെപ്പാടെ നിരാശയും ദേഷ്യവും ഒക്കെ തോന്നി. ചെറുപ്പം തൊട്ടേ കഷ്ടപ്പാടും ദുരിതവും മാത്രമേ ഉണ്ടായിട്ടുള്ളൂ.. സിദ്ധുവിന്റെ അമ്മ വന്നു കല്യാണക്കാര്യം

പറഞ്ഞപ്പോൾ അവരുടെ സ്നേഹത്തിൽ വിശ്വസിച്ചു. ഇനിയെങ്കിലും നല്ലൊരു ജീവിതം ഉണ്ടാകുമെന്ന് കരുതി. അതിങ്ങനെയും ആയി.. അവൾക്ക് ലോകത്തോട് തന്നെ ദേഷ്യം തോന്നി..

” ചോദിച്ചതൊന്നും കേട്ടില്ലേ? “സിദ്ധാർഥ് പിന്നെയും അലറിയപ്പോൾ അവൾ അവനെ തുറിച്ചു നോക്കി.” നിങ്ങളൊന്നു നിർത്താമോ.. എന്റെ തലയുടെ പെരുപ്പൊന്നു മാറട്ടെ ”

അവൾ അവിടെയുണ്ടായിരുന്ന കസേരയിൽ തലയ്ക്കു കയ്യും താങ്ങി ഇരുന്നു. ഇനിയിപ്പോ എന്ത് വേണമെന്ന് മനസ്സിലാവുന്നില്ല. മനസ്സിലെ സങ്കടങ്ങളൊക്കെ ഒന്ന് പറയാൻ ഒരു കൂട്ടുകാരി പോലുമില്ല. ജാനകി സ്വയമേ എന്തൊക്കെയോ ആലോചിച്ചു. കുറെ കരഞ്ഞു. ഒടുവിൽ ചില തീരുമാനങ്ങൾ എടുത്തു. അവൾ മുഖമുയർത്തി സിദ്ദുവിനെ നോക്കി.

” സത്യത്തിൽ എനിക്ക് ഈ കല്യാണത്തിന് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല എതിർക്കാനും അന്വേഷിക്കാനുമുള്ള സാഹചര്യവും അല്ലായിരുന്നു. നിങ്ങൾക്കറിയുമോ എന്നറിയില്ല അച്ഛനും അമ്മയുമില്ലാതെ ബന്ധുവീട്ടിൽ നിൽക്കുന്ന പെൺകുട്ടികളുടെ ജീവിതം മറ്റുള്ളവരുടെ ഔദാര്യത്തിലാണ്. അങ്ങനെ ഒരുവളാണ് ഞാൻ. ”

ജാനകിയുടെ ഉറച്ച വാക്കുകൾക്ക് മുന്നിൽ സിദ്ധു പതറിപ്പോയി.” പറഞ്ഞു വന്നത് ഈ കല്യാണത്തിൽ എനിക്ക് വലിയ പ്രാധാന്യം ഇല്ലാ. മറിച്ച് നിങ്ങൾക്ക് ഇഷ്ടക്കേട് ഉണ്ടെങ്കിൽ അത് പറഞ്ഞു കല്യാണം മുടക്കേണ്ടത് നിങ്ങളുടെ ബാധ്യത ആയിരുന്നു. നിങ്ങൾ

എന്നെപോലെ അല്ലല്ലോ. വലിയ ആളല്ലേ.. അപ്പൊ സ്വന്തം അമ്മയോട് പറഞ്ഞു കല്യാണം വേണ്ടാ എന്ന് വെക്കാമായിരുന്നില്ലേ? അത് ചെയ്തില്ലല്ലോ അപ്പൊ കല്യാണത്തിന്റെ പേരിൽ എന്നെ ക്രൂശിക്കണ്ട ”

സിദ്ധുവിന് ഉത്തരം മുട്ടി.” പിന്നെ ഒരു കൊല്ലം കഴിഞ്ഞുള്ള കാര്യം.. അത് ഞാൻ ആലോചിച്ചു പറയാം. എനിക്ക് ഇനി പോകാൻ ഒരിടമില്ല. നിങ്ങളെ കെട്ടിയതോടെ ഉണ്ടായിരുന്ന ആശ്രയം പോയി. ഒറ്റയ്ക്ക് ജീവിക്കാൻ എനിക്ക് പഠിപ്പോ പൈസയോ ജോലിയോ ഒന്നുമില്ല . അതുമല്ല നല്ല കൂട്ടുകാര് പോലുമില്ല. അതുകൊണ്ട് ഓടിപ്പോകാൻ ഒന്നും പറ്റില്ല “അതിനും സിദ്ദുവിനു മറുപടി ഉണ്ടായില്ല.

” അപ്പൊ ജീവിതം പങ്കിടാൻ ഉദ്ദേശം ഇല്ലാത്തത് കൊണ്ട് പാലായിട്ട് ഇനി പങ്കിടണ്ടല്ലോ.. “പറഞ്ഞു കഴിഞ്ഞതും കയ്യിലിരുന്ന ഒരു ഗ്ലാസ്‌ പാല് അവൾ ഒറ്റവലിയ്ക്ക് കുടിച്ചു.

” അപ്പൊ ശരി.. നല്ല ക്ഷീണം.. ഞാൻ കിടക്കട്ടെ.. ബാക്കി ഒക്കെ ഇനി രാവിലെ “അവൾ കട്ടിലിലേക്ക് കയറിയിരുന്നു.” നീ എവിടെ കിടക്കുന്നു ? ഇങ്ങോട്ട് താഴെ കിടന്നോ ”

” സോറി. പറ്റില്ല വർഷങ്ങളായി വെറും നിലത്താണ് കിടന്നിരുന്നത്. അതുകൊണ്ട് ഞാൻ ഇനിവിടെയാണ്. നിങ്ങൾക്ക് വേണമെങ്കിൽ കട്ടിലിൽ ബാക്കിയുള്ള സ്ഥലത്തൊ അല്ലെങ്കിൽ നിലത്തോ വേറെ മുറിയിലോ.. എവിടെയാന്നു വെച്ചാൽ കിടന്നോ ”

ജാനകി പുതച്ചു കിടന്നുറങ്ങുന്നത് കണ്ടു സിദ്ധു പല്ല് കടിച്ചു. പിന്നെ മെല്ലെ കട്ടിലിന്റെ മറുപാതിയിൽ കിടന്നു.” വല്ലാത്ത ചതിയാണുട്ടോ എന്നോട് ചെയ്തത് ”

രാവിലെ തന്നെ ജാനകിയുടെ സ്വരം കേട്ട് സിദ്ധുവിന്റെ അമ്മ ശാരദാമ്മ തിരിഞ്ഞു നോക്കി

” സിദ്ധുവേട്ടന് കല്യാണം ഇഷ്ടമല്ലായിരുന്നു ലേ? പിന്നെ അമ്മ എന്തിനാണ് വെറുതെ എന്നെ ഇതിലേക്ക് വലിച്ചിഴച്ചത്? ചോദിക്കാനും പറയാനും ആരും ഇല്ലാ എന്ന് കരുതിയാണോ?? ”

ജാനകിയുടെ ചോദ്യം കേട്ട് ശാരദാമ്മ പതറിപ്പോയി.” എന്താ മോളേ.. അവൻ നിന്നെ വഴക്ക് വല്ലതും പറഞ്ഞോ? “അതിനു അവൾ മറുപടി ഒന്നും പറഞ്ഞില്ല.

” മോളേ.. അവൻ കല്യാണം വേണ്ട എന്ന് വെച്ചിരിക്കുകയായിരുന്നു നിന്നെ കണ്ടപ്പോൾ എനിക്ക് വലിയ ഇഷ്ടമായി. അവന് ചേരും എന്ന് തോന്നി. അതുകൊണ്ടാണ് ഇത്തിരി കടുംപിടിത്തം പിടിച്ചു ഈ കല്യാണം നടത്തിയത്.

അവൻ വെറും പാവമാണ്. പുറമേ കാണിക്കുന്ന ജാഡയൊന്നും ഇല്ലാ. നീ മനസ്സ് വെച്ചാൽ അവനെ നിന്റെ വഴിക്ക് കൊണ്ടുവരാം. നിങ്ങൾ ജീവിച്ചു തുടങ്ങി കുഞ്ഞുങ്ങളും ഒക്കെയാവുമ്പോ അവൻ മാറും. പിന്നെ അമ്മ ചെയ്തതിന്റെ നന്മ അന്ന് നിങ്ങൾക്ക് ബോധ്യമാവും ”

അവർ പറഞ്ഞത് കേട്ട് അവൾക്ക് ചിരി വന്നു” കൊള്ളാം. സത്യം പറയാമല്ലോ. അങ്ങനെ നേർവഴിക്കു കൊണ്ടുവരാമെന്നൊന്നും എനിക്ക് പ്രതീക്ഷയില്ല . പിന്നെ നന്മ.. നല്ലൊരു കുടുംബത്തിന്റെ പിൻബലമുള്ള ആർക്കും കിട്ടാത്ത നന്മ എനിക്ക് കിട്ടി എന്ന് തോന്നുന്നില്ല. ഒരു പരീക്ഷണം.. ആ.. നടക്കട്ടെ ”

അവൾ വേദനയോടെ പറഞ്ഞു പോയപ്പോൾ ശാരദാമ്മയ്ക്കും വല്ലായ്മ തോന്നി.

” എന്തായാലും കല്യാണം കഴിഞ്ഞു. പിരിയാനാണെങ്കിലും ജീവിക്കാൻ ആണെങ്കിലും കുറച്ചു സമയം എന്തായാലും ഉണ്ട്. ഞാൻ എന്തായാലും ഒരു കാര്യം തീരുമാനിച്ചു. ഒരു ജീവിതമാർഗ്ഗം ഉണ്ടാക്കാൻ ”

ജാനകി പറയുന്നത് കേട്ട് സിദ്ധു അവളെ സംശയത്തോടെ അതിലേറെ കൗതുകത്തോടെ നോക്കി. അവൾ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ തന്നോടൊപ്പം ജീവിതത്തിനായി അപേക്ഷിക്കാനാണ് എന്നാണ് കരുതിയത്.

” ഞാൻ പ്ലസ്ടു വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. അതുകൊണ്ട് ഞാൻ ടി ടി സി പഠിക്കാൻ തീരുമാനിച്ചു. നിങ്ങളുടെ പൈസയും സ്വാധീനവും ഒക്കെ വെച്ച് എനിക്കൊരു നല്ല കോളേജിൽ അഡ്മിഷൻ വാങ്ങി തരണം. അത് പഠിച്ചു കഴിഞ്ഞ് ഞാൻ എങ്ങനെയെങ്കിലും വല്ല ജോലിയും കണ്ടെത്തിക്കോളാം.. നിങ്ങൾ എന്ത് പറയുന്നു? സമ്മതമല്ലേ? ”

അവളുടെ ചോദ്യത്തിന് മുന്നിൽ സിദ്ധു അറിയാതെ സമ്മതം മൂളി.” നമ്മൾ ഒന്നിച്ചൊരു ജീവിതം ഞാൻ സ്വപ്നം കണ്ടിരുന്നു. എന്നുവെച്ചു നിങ്ങളെ അതിനു വേണ്ടി നിർബന്ധിക്കുന്നില്ല. നിങ്ങൾക്ക് എന്നെ ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണം എന്താണെന്നും അറിയില്ല.

എന്തായാലും ഈ കോഴ്സ് കഴിയുന്ന വരെ അങ്ങനെയുള്ള ഒരു ആവശ്യവും എന്റെ ഭാഗത്തു നിന്നുണ്ടാവില്ല. നിങ്ങൾക്ക് താല്പര്യം ആണെങ്കിൽ സുഹൃത്തുക്കളായി മുന്നോട്ട് പോകാം. ”

അവളുടെ ഉറച്ച തീരുമാനങ്ങൾക്ക് മുന്നിൽ സിദ്ധു ശരിക്കും ചെറുതാവുകയായിരുന്നു. അവളെപ്പോലെ ഒരു പെൺകുട്ടിയ്ക്ക് ഇത്ര പക്വതയും ഉറച്ച മനസ്സും ഉണ്ടാകുമെന്ന് അവൻ കരുതിയതേ ഇല്ല. അവളോട്‌ ഒരുവേള മാപ്പ് ചോദിക്കണമെന്ന് പോലും സിദ്ധുവിന് തോന്നി.

ദിവസങ്ങളും ആഴ്ചകളും പിന്നിട്ടു.
ജാനകി സിദ്ധു ഏർപ്പാടാക്കിയ കോളേജിൽ അവളുടെ ഇഷ്ടപ്രകാരം ടി ടി സി കോഴ്സിന് ചേർന്നു.

ദിവസങ്ങൾ പിന്നിട്ട് പോകവേ ജാനകിയും സിദ്ധുവും തമ്മിൽ നല്ലൊരു സൗഹൃദം ഉടലെടുത്തു. അവർ തമ്മിൽ വഴക്കുകളോ മറ്റോ ഇല്ലാത്തത് ശാരദാമ്മയ്ക്കും ആശ്വാസവും പ്രതീക്ഷയും ആയിരുന്നു. എന്നാലും അവർക്കിടയിൽ പ്രണയത്തിന്റെ ചാറ്റൽമഴയൊന്നും പെയ്തില്ല.

തന്റെ ബിസിനസുമായി സിദ്ധു തിരക്കിലായപ്പോൾ പഠനവും ക്ലാസ്സുമായി ജാനകിയും മുന്നോട്ട് പോയി. പക്ഷേ, മറ്റാരും അറിയാതെ തന്റെ താലിയ്‌ക്കൊപ്പം അതിന്റെ ഉടമയെയും ജാനകി മനസ്സാൽ സ്നേഹിച്ചിരുന്നു. സിദ്ധുവാകട്ടെ, ജാനകിയോടുള്ള ബഹുമാനവും ഒപ്പം അവളോട് തെറ്റ് ചെയ്‌തെന്നുള്ള കുറ്റബോധവും ഉള്ളിൽ സൂക്ഷിച്ചു.

കാലം കടന്നുപോകവേ ജാനകി ആ വീട്ടിലെ ഒരു അംഗം തന്നെയായി മാറി. ശാരദമ്മയ്ക്ക് അവൾ മകൾ തന്നെയായിരുന്നു. സിദ്ധുവും ജാനകിയും ഒന്നിച്ചൊരു ജീവിതത്തിനു അവർ നിരന്തരം പ്രാർത്ഥിച്ചു.

രണ്ടു വർഷങ്ങൾ കടന്നുപോയി.
ജാനകിയുടെ കോഴ്സ് കഴിഞ്ഞു. പരീക്ഷയൊക്കെ നന്നായി എഴുതിയ അവൾക്ക് റിസൾട്ട്‌ വന്നപ്പോൾ നല്ല മാർക്കും ഉണ്ടായിരുന്നു. എല്ലാവർക്കും സന്തോഷമായി.

സിദ്ധു കിടക്കാനായി വരുബോൾ ജാനകി അവനെ കാത്തിരിക്കുകയായിരുന്നു. അവൻ അവളെ സംശയത്തോടെ നോക്കി.

” എനിക്ക് തേവരക്കാട് എൽ പി സ്കൂളിൽ ഒരു ജോലി ശരിയായിട്ടുണ്ട്. സ്ഥിരമല്ല.. എന്നാലും.. ഞാൻ അതിനു പോണം എന്നാണ് കരുതുന്നത്. “അവൾ പറയുന്നത് കേട്ട് സിദ്ധു തറഞ്ഞു നിന്നു.

” അവിടെ ജോയിൻ ചെയ്യുമ്പോൾ ഞാൻ അവിടെയൊരു ഹോസ്റ്റലിലേക്ക് മാറും. പിന്നെ സിദ്ധുവേട്ടന്റെ ജീവിതത്തിൽ ഒരു ബാധ്യതയായി കടിച്ചു തൂങ്ങില്ല.. പിന്നെ സിദ്ദുവേട്ടൻ പറയുന്ന പോലെ എന്ത് വേണമെങ്കിലും ആവാം.. എന്തിനും എനിക്ക് സമ്മതമാണ്.. അതിപ്പോ ഡിവോഴ്സ് ആണെങ്കിലും.. ”

പറഞ്ഞു വന്നപ്പോൾ ജാനകിയുടെ കണ്ണുകൾ നിറഞ്ഞു. സ്വരമിടറി. സിദ്ധു അപ്പോളും മരവിപ്പിൽ ആയിരുന്നു. അത്രയും നാളത്തെ ഒന്നിച്ചുള്ള ജീവിതം കൊണ്ട് തന്നെ ജാനകി അവന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞിരുന്നു എന്നവന് തോന്നി.

അവളില്ലാത്ത ദിവസങ്ങളെ കുറിച്ചോർത്തപ്പോൾ അവന് ആകെ നെഞ്ച് വിങ്ങി . തന്റെ പതറിയ മുഖം അവളിൽ നിന്ന് മറയ്ക്കാൻ അവൻ തിരിഞ്ഞു നടന്നു.

” പിന്നേയ്.. ഈ പണ്ട് വന്ന ഡിപ്രെഷനും അന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതുമൊക്കെ എനിക്കൊരു പ്രശ്നമില്ല ട്ടോ.. ഇനി അതൊക്കെ ഭ്രാന്തായിട്ടാണ് തോന്നുന്നത് എങ്കിൽ ഞാനും ചെറുതല്ലാത്ത ഒരു ഭ്രാന്തിയാ.. തമ്മിൽ ചേരും ”

പിന്നിൽ നിന്നും ജാനകി വിളിച്ചു പറഞ്ഞത് കേട്ട് സിദ്ധു അവിശ്വസനീയതയോടെ തിരിഞ്ഞു നോക്കി. നിറഞ്ഞ കണ്ണുകളിൽ നിറയെ കുറുമ്പുമായി അവൾ.. അവൻ അവളുടെ അരികിലേയ്ക്ക് അറിയാതെ നടന്നു.

” വേറൊരാളിന്റെ ഡയറിയും പേർസണൽ ഫയലുമൊക്കെ നോക്കുന്നത് തെറ്റാണ് എന്നറിയാം. എങ്കിലും, ഈ കല്യാണമാണോ എന്നെയാണോ സിദ്ധുവേട്ടന് പറ്റാത്തത് എന്നറിയാനുള്ള ആകാംഷ കൊണ്ട് നോക്കിയതാണ്. അപ്പോളാണ് എല്ലാം കണ്ടത്. ”

അവൾ അവളുടെ കയ്യിലിരുന്ന സിദ്ധുവിന്റെ പേർസണൽ ഫയൽ അവനെ തിരികെ ഏൽപ്പിച്ചു. സിദ്ധുവിന്റെ ഡയറിയും. അതിൽ ഉണ്ടായിരുന്നു. പെട്ടെന്ന് സ്വന്തം അച്ഛൻ മരിച്ച ഷോക്കിൽ ഡിപ്രെഷനിലേക്ക് പോയ സിദ്ധുവിന്റെ

കഴിഞ്ഞ കാലവും, തുടർന്നു ഭ്രാന്തനെന്ന് അവൻ കേട്ട അപഹാസവും അവന്റെ വേദനകളും എല്ലാം.. ഒപ്പം ജാനകിയോട് തോന്നിയ പ്രണയവും എന്നാൽ അത് വേദനയോടെ ഉള്ളിലൊതുക്കാൻ തീരുമാനിച്ചതും ഒക്കെ..

” എനിക്കിഷ്ടമാണ്.. സിദ്ധുവേട്ടനെയും സിദ്ധുവേട്ടന്റെതായ എല്ലാത്തിന്റെയും എനിക്കിഷ്ടമാണ്.. ഞാൻ സ്വപ്നം കണ്ട ജീവിതം.. സിദ്ധുവേട്ടൻ ആഗ്രഹിച്ച ജീവിതം.. നമ്മുടെ ജീവിതം.. അത് നമുക്കൊന്നിച്ചു ജീവിച്ചൂടെ?? നമ്മുടെ എല്ലാ കുറവുകളും വേദനകളും ഭ്രാന്തുകളും എല്ലാം നമുക്ക് ഒന്നിച്ചു പങ്കിട്ടുകൂടെ? ”

ജാനകിയുടെ ചോദ്യത്തിന് മറുപടിയായി സിദ്ധു അവളെ വാരിപ്പുണർന്നു. ഇരുവരുടെയും എല്ലാ സങ്കടങ്ങളും ഒന്നിച്ചു പെയ്തൊഴിഞ്ഞു. സന്തോഷത്തിന്റെ മാരിവില്ല് അവരുടെ ജീവിതത്തിൽ വിരിഞ്ഞു. പ്രണയത്തിന്റെ ചായം അണിഞ്ഞുകൊണ്ട്… ഒരു നറുസ്വപ്നം പോലെ..

Leave a Reply

Your email address will not be published. Required fields are marked *