പുഞ്ചിരി മായുമ്പോൾ
രചന: Jolly Shaji
ഗൗതമി രാവിലെ തന്നെ എണീറ്റ് അടുക്കളയിലേ ജോലികൾ ഒതുക്കി വെച്ചിട്ട് ശ്രീനിയെ വിളിച്ചു…”ശ്രീയേട്ടാ എഴുന്നേൽക്കു സമയം ദേ എട്ടാകാൻ പോകുന്നു…”
അയാൾ പുതപ്പു ഒന്നുകൂടി തലയിലേക്ക് വലിച്ചിട്ടു തിരിഞ്ഞു കിടന്നു പിറു പിറുത്തു..
“ആമി എന്താ ഇത് സൺഡേ ആയിട്ടും നീ ഉറങ്ങാൻ സമ്മതിക്കില്ലേ…””ഞാൻ പറഞ്ഞതല്ലേ ശ്രീയേട്ടാ ഒരിടം വരേ പോകണമെന്ന്…”
അയാൾ വേഗം തിരിഞ്ഞു കിടന്ന് അവളോട് ചോദിച്ചു..”അപ്പൊ നീയത് സീരിയസ് ആയി പറഞ്ഞതാണോ..”
“അതിപ്പോ കൊള്ളാം.. എവിടെ എന്ന് പോലും പറയാതെ ഒരിടത്ത് പോണമെന്ന് വട്ടു പറഞ്ഞതാണോ ഞാൻ..”അവൾ അല്പം ശുണ്ഠിയോടെ ചോദിച്ചു…
“ആമി നീയാദ്യം സസ്പെൻസ് കളഞ്ഞിട്ട് എവിടേക്കാണെന്ന് എങ്കിലും ഒന്ന് പറയു..””ആദ്യം എന്റെ കുട്ടി എഴുന്നേറ്റ് കുളിച്ചു റെഡിയായിക്കേ…”
ഗൗതമി ശ്രീ പുതച്ചിരുന്ന പുതപ്പു വലിച്ചെടുത്തു മടക്കി വെച്ചു..”ഈ പെണ്ണ്… ദേ ആമി നിനക്ക് കുറുമ്പ് ഇത്തിരി കൂടുന്നുണ്ട് കേട്ടോ… കുട്ടികൾ മുതിർന്നു തുടങ്ങിയപ്പോൾ പെണ്ണിന് കുട്ടിത്തം കൂടുന്നു…”
ശ്രീനി ചിരിയോടെ ചാടി എഴുന്നേറ്റ് അവളുടെ കൈയിൽ പിടിച്ചു ബെഡിലേക്ക് വലിച്ചിട്ടു…
“ആ ഇതാ ഇപ്പൊ നന്നായെ… ഒന്ന് പോയേ മനുഷ്യ…”അവൾ ശ്രീനിയെ തള്ളിമാറ്റി വേഗം മുറിക്കു പുറത്തേക്ക് ഓടി…
ശ്രീനി കുളിച്ചു വന്നപ്പോളേക്കും ചൂട് ദോശയും ചട്നിയും സാമ്പാറും മേശയിൽ റെഡിയായിരുന്നു… അവിപറക്കുന്ന ചായക്കപ്പിൽ നിന്നും ചായപ്പൊടിയുടെയും എലക്കയുടെയും മണം പരന്നൊഴുകുന്നുണ്ട്…
നന്ദുമോനും, നന്ദനമോളും ഭക്ഷണം കഴിക്കാൻ തുടങ്ങിയിരുന്നു…”ആഹാ അപ്പൊ നിങ്ങൾ റെഡിയായില്ലേ…”ശ്രീനി അവരോടായി ചോദിച്ചു…”ഇല്ലച്ഛാ ഞങ്ങൾ വരുന്നില്ല…””ങ്ങെ അതെന്താ… ആമി… എടി…”
വിളി കേട്ടു കൊണ്ട് അവിടേക്കു വന്ന ഗൗതമിയുടെ കയ്യിലിരുന്ന പാത്രത്തിൽ മുട്ട ബുൾസൈ ആയിരുന്നു..”എടി പിള്ളേരെ കൊണ്ടുപോകുന്നില്ലേ..”
“അവരെ കൊണ്ടുപോകേണ്ട ശ്രീയേട്ടാ… മറ്റന്നാൾ പരീക്ഷ തുടങ്ങുവാ അവര് പഠിക്കട്ടെ…””അത് പറ്റില്ലെടോ.. കുട്ടികളെ ഒറ്റക്കാക്കി എങ്ങോടും പോണ്ട നമുക്ക്…”
ശ്രീനി ദേഷ്യത്തോടെ പറഞ്ഞു…”അതിന് അവരെ എങ്ങനെ ഒറ്റക്കാക്കും.. അമ്മ വരും ഇപ്പൊ തന്നെ… അവിടെ ലക്ഷ്മിയെ അടുക്കളയിൽ ഒന്ന് സഹായിച്ചിട്ട് ഇങ്ങുവന്നേക്കാമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്..”
“അതേ അച്ഛാ… അച്ഛമ്മ വരും ഞങ്ങൾക്ക് കൂട്ടിയിട്ട്… അച്ഛനും അമ്മയും പോയി വാ…”
നന്ദന മോളുടെ സന്തോഷം ആ വാക്കുകളിൽ ഉണ്ടാരുന്നു… അച്ഛമ്മ എന്നാൽ രണ്ടാൾക്കും ജീവനാണ്…
ഗൗതമിയും ശ്രീനിയും റെഡിയായപ്പോളേക്കും
ശരദാമ്മ എത്തി…
“റെഡിയായോ മോളെ… ഞാൻ ഇത്തിരി വൈകി അല്ലെ. അപ്പുക്കുട്ടൻ ഒരേ വാശി… ലക്ഷ്മി എടുത്തു നടക്കണം എന്ന്… അതോണ്ട് അടുക്കള ഒതുക്കാൻ വൈകി…”
“ഞങ്ങൾ ദേ ഇപ്പൊ റെഡിയായിട്ടേ ഉള്ളു അമ്മേ… അമ്മേ ചോറും കറികളുമൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്.. മഴ എങ്ങാനും പെയ്താൽ ആ തുണി ഒന്ന് എടുത്തേക്കണേ..”
“നിങ്ങള് പോയിട്ട് വാ മക്കളെ…”ശ്രീനിയും ഗൗതമിയും യാത്ര പറഞ്ഞ് ഇറങ്ങി..”കാർ ഞാൻ എടുക്കാം ശ്രീയേട്ടാ…”
ഡ്രൈവിംഗ് പൊതുവെ മടിയുള്ള ഗൗതമിയുടെ ഉത്സാഹം കണ്ടപ്പോൾ ശ്രീനിക്ക് സന്തോഷം ആയി…
“ആഹാ.. അപ്പൊ ഇനിയും ഉറങ്ങാം..'”ഉവ്വ് ഉറക്കാം ഞാൻ..”ഓരോ കാര്യങ്ങൾ സംസാരിച്ച് വളരെ ശ്രദ്ധയോടെയാണ് ഗൗതമി വണ്ടി ഓടിക്കുന്നത്….
ടൌൺ വിട്ടു കാർ നീലഗിരി കുന്നുകളുടെ സമീപത്തേക്ക് പോകുന്നു എന്നറിഞ്ഞ ശ്രീനി അവളോടായ് ചോദിച്ചു…”ആമി… എന്താ ഈ വഴി… നീയിത് എവിടേക്കാണ്…”
“ശ്രീയേട്ടൻ കുറച്ചുനാൾ ജീവിച്ച ആ മലനിരകളിലേക്ക് നമുക്കൊന്ന് പോവാം..”ഗൗതമി ചിരിയോടെയാണ് പറഞ്ഞതെങ്കിലും ശ്രീനിയുടെ മുഖത്ത് ഒരു വിഷാദ ഭാവം രൂപപ്പെട്ടു…
“വേണ്ട ആമി… ഞാൻ ഇഷ്ടപെടാത്ത ഒരു സ്ഥലം ആണത് നമുക്ക് വേറെ എവിടേക്ക് എങ്കിലും പോവാം…””ഏട്ടൻ ടെൻഷൻ ആവേണ്ട… പോണം നമുക്ക് അവിടെ വരേ..”
അത്രയും പറഞ്ഞ ഗൗതമി ചെറിയൊരു മൗനത്തിലേക്കു വഴുതി മാറി… ശ്രീനി പതിനഞ്ചു വർഷം മുന്നത്തെ തന്റെ എഞ്ജിനീയറിംങ് പഠനകാലത്തേക്കും ഓർമ്മകളിലൂടെ സഞ്ചരിച്ചു…
മല കയറുമ്പോൾ ദൂരെ തലയുയർത്തി നിൽക്കുന്ന അക്ഷയ എൻജിനീയറിങ് കോളേജ് ശ്രീനിയെ ചെറിയ നിരാശയിലേക്ക് തള്ളിയിട്ടു…
കുറച്ചുകൂടി മുന്നോട്ട് പോയ കാർ ഇടത്തോട്ട് ഉള്ള വഴിയിലേക്ക് തിരിഞ്ഞപ്പോൾ കണ്ട ബോർഡ് കണ്ട ശ്രീനി അവളോടായി ചോദിച്ചു..
“ആചാര്യ ആയുർവേദ റിസോട്ട്… എന്തിനാ ആമി ഇങ്ങോട് ഒരു യാത്ര…നിനക്കെന്തെങ്കിലും വയ്യായ്ക ഉണ്ടോ…”
“അസുഖം ഉള്ളവർക്കേ ഹോസ്പിറ്റലിൽ പോകാൻ പാടുള്ളു എന്ന് നിയമം വല്ലതുമുണ്ടോ ശ്രീയേട്ടാ ..”
ഗൗതമി ചിരിയോടെ ചോദിച്ചു… കാർ പാർക്ക് ചെയ്ത ഗൗതമി ആണ് റിസപ്ഷനിലേക്ക് മുൻപേ നടന്നത്… അവിടെ ഇരിക്കുന്ന പെൺകുട്ടിയോടായി അവൾ എന്തോ ചോദിച്ചു… സുന്ദരിയായ അവൾ ആമിയോട് എന്തൊക്കെയോ പറയുന്നുണ്ട്…
അവിടുന്ന് തിരിഞ്ഞ ഗൗതമി ശ്രീനിയെ കൈനീട്ടി വിളിച്ചു കൊണ്ട് ലിഫ്റ്റിനു സമീപത്തേക്ക് നടന്നു.. ലിഫ്റ്റിൽ കയറിയിട്ടും അവൾ ഒന്നും മിണ്ടുന്നേ ഇല്ല…
മൂന്നാം നിലയിൽ നൂറ്റി മുപ്പത്തൊന്നാം മുറിയുടെ വാതിലിൽ മുട്ടിയ ഗൗതമി അല്പം മാറി നിന്നു…
ഏതാണ്ട് പതിനേഴോ പതിനെട്ടോ പ്രായം തോന്നുന്ന ഒരു കുട്ടിയാണ് വാതിൽ തുറന്നത്…
“മാളവിക…”ആമിയാണ് ചോദിച്ചത് പക്ഷേ ആ പേര് കേട്ട ശ്രീനി ഞെട്ടലോടെ അവളെ നോക്കി…
“അതെ കയറി വരൂ..”
അങ്ങനെ പറഞ്ഞ കുട്ടി സൈഡിലേക്ക് ഒതുങ്ങി നിന്നു..”ശ്രീയേട്ടാ ചെല്ല്.. ഞാൻ ഇവിടെ ഉണ്ടാവും…”അവൾ നേർത്ത ചിരിയോടെയാണ് പറഞ്ഞത്..
മുറിക്കുള്ളിലേക്ക് കടന്ന ശ്രീനി കണ്ടത് ബെഡിൽ അനക്കമില്ലാതെ കിടക്കുന്ന ഷീണിച്ചു അവശയായ മാളവികയെ ആണ്… കൈകളിലും മൂന്നിലും വായിലുമൊക്കെ റ്റ്യുബും സൂചിയും കുത്തിയിട്ടിരിക്കുന്ന രൂപം…
ശ്രീനിയെ കണ്ട് ബെഡിനരികിലെ കസേരയിൽ ഇരുന്ന ആൾ എഴുന്നേറ്റു…അയാൾ ശ്രീനിക്ക് നേരെ കൈനീട്ടി..
“ശ്രീനി അല്ലെ… ഞാൻ സുരേഷ്… മാളവികയുടെ ഭർത്താവ്… ഇത് ഞങ്ങളുടെ മോൻ ശ്രീഹരി…”
ശ്രീനിക്ക് എന്ത് പറയണം എന്നറിയാത്ത ഒരവസ്ഥ ആയിരുന്നു.. അവൻ ബെഡിൽ കിടക്കുന്ന രൂപത്തെ മിഴിച്ചു നോക്കി… കണ്ണുകൾ തുറന്നിട്ടുണ്ടെന്നു തോന്നുന്നു…
സുരേഷ് മുഖം മാളവികക്ക് അടുത്തേക്ക് നീക്കി..”മാളു, മാളു… കണ്ണ് തുറന്നെ… ദേ ആരാണെന്നു നോക്കിക്കേ… മാളൂ ദേ ശ്രീനി വന്നു..”
പെട്ടന്ന് ആ ദേഹം ഒന്ന് പിടഞ്ഞതായി ശ്രീനിക്ക് തോന്നി.. അവൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി… കണ്ണുനീർ ഒഴുകുന്നു…
“ശ്രീനി ഒന്ന് വിളിച്ചേ..”സുരേഷ് അവനോടായി പറഞ്ഞു..”മാളവിക… എടോ ഇത് ഞാനാണ് ശ്രീനി..”
അയാൾ അവളുടെ കണ്ണുകളിൽ ഒഴുകി വന്ന കണ്ണുനീർ മെല്ലെ തുടച്ചു.. പക്ഷേ അവളിൽ വേറെ ഭാവമാറ്റം ഒന്നും ഉണ്ടായില്ല…
“ബ്ലഡ് ക്യാൻസർ ആണ്… അറിഞ്ഞിട്ടു ആറുമാസം ആയുള്ളൂ.. അപ്പോളേക്കും വൈകിപോയി… ചികിത്സ ഒന്നും ഇനി ഇല്ലെന്നാണ് ഡോക്ട്ടേഴ്‌സ് പറയുന്നത്… താത്കാലിക ആശ്വാസത്തിനാണ് ഇവിടെ എത്തിച്ചത്…”
ശ്രീനിയിൽ വല്ലാത്തൊരു നോമ്പരം ഉടലെടുത്തു…”അസുഖം കലശൽ ആയ സമയത്താണ് ശ്രീനിയെക്കുറിച്ച് പറഞ്ഞത്… ഇയാളെ ഒരിക്കൽ കൂടി കാണണം എന്ന് പറഞ്ഞതും…
അങ്ങനെയാണ് ഒരു സുഹൃത്തു മുഖേന ഗൗതമിയെ കണ്ടതും അവൾ ഇവിടെ വന്നു മാളവികയെ കണ്ടതുമൊക്കെ… ഗൗതമി മാളുവിന് കൊടുത്ത വാക്കാണ് ശ്രീനിയെ ഇവിടെ എത്തിച്ചത്…”
ശ്രീനിക്ക് ഇതെല്ലാം പുതിയ അറിവുകൾ ആയിരുന്നു… അപ്പൊ ആമി കഴിഞ്ഞദിവസം കോളേജ് ഫെയർവെൽ എന്ന് പറഞ്ഞ് പോന്നത് ഇങ്ങോട് ആണല്ലേ…
“എണ്ണപ്പെട്ട നിമിഷങ്ങൾ മാത്രേ എന്റെ മാളുവിന് ഇനി ഒള്ളു… ശ്രീനി അവളെ വെറുക്കരുത്…”
സുരേഷ് ശ്രീനിക്ക് നേരെ കരം കൂപ്പി പൊട്ടിക്കരഞ്ഞു… ശ്രീനി അയാളെ എങ്ങനെ അശ്വസിപ്പിക്കും എന്നോർത്ത് നിർവികാരനായി നിന്നു… അപ്പോളാണ് പുഞ്ചിരിയോടെ ഗൗതമി അകത്തേക്ക് വന്നത്…
“എന്തായിത് രണ്ടാളും കൂടി മാളുവിനെ അശ്വസിപ്പിക്കുന്നതിനു പകരം…”അവൾ രണ്ടാളെയും അശ്വസിപ്പിച്ചു.. മാളുവിന്റെ മുടികളിൽ തഴുകി ഗൗതമി അടുത്തിരുന്നു.. സമയം വൈകുന്നു എന്ന് മനസ്സിലാക്കി അവർ സുരേഷിനോടും മോനോടും യാത്ര പറഞ്ഞ് പോരാൻ ഇറങ്ങി… അപ്പോളും മാളവിക അതെ നിലയിൽ തന്നെയായിരുന്നു…
“ശ്രീനി… ദാ ഈ കത്തിൽ എന്തെന്ന് എനിക്കറിയില്ല… മാളൂ എഴുതി എന്നേ ഏല്പിച്ചതാണ് എന്നെങ്കിലും താങ്കളെ കണ്ടുമുട്ടിയാൽ ഏല്പിക്കാൻ പറഞ്ഞ്…”
വിറക്കുന്ന കരങ്ങളോടെ ശ്രീനി അത് വാങ്ങി… കാറിൽ കയറിയ ശ്രീനി മെല്ലെ ആ കത്ത് പൊട്ടിച്ചു..
“ശ്രീനിക്ക്… എന്നേ വിളിച്ചിറക്കി കൊണ്ടുപോകാൻ ശ്രീനി വരുമ്പോൾ കഴുത്തിൽ കയർ കുരുക്കി അമ്മ നിൽക്കുകയായിരുന്നു ഞാൻ പടിയിറങ്ങിയാൽ കുരുക്ക് മുറുക്കാൻ… ഞാൻ നിസ്സഹായ ആയ നിമിഷം…
തള്ളി പറയേണ്ടി വന്നു… ഇയാളെ എന്റെ വീട്ടുകാർ തല്ലി കൊല്ലാതിരിക്കാൻ… ഞാൻ സ്വാർത്ഥ ആയി പോയി ശ്രീനി… ക്ഷമിക്കുക ഈ പാപിയോട്… എന്റെ സുരേഷേട്ടൻ എനിക്ക് ദൈവം തന്ന നിധിയാണ്… എന്നേ ശപിക്കരുത്…”
ആ കത്ത് അയാളുടെ കൈകളിൽ ഇരുന്നു വിറച്ചു… ലോകത്തിൽ ഏറ്റവും കൂടുതൽ അവളെ വെറുത്ത ശ്രീനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
“അയ്യേ എന്താ ശ്രീയേട്ടാ ഇത്… കൊച്ചു കുട്ടികളെ പോലെ… വിട്ടേക്ക് എല്ലാം… എല്ലാത്തിനും പരിഹാരം ആയി…”
“നിനക്കെന്നോട് വെറുപ്പ് തോന്നിയില്ലേ ആമി…”അവൾ ചെറിയ പുഞ്ചിരിയോടെ അവനെനോക്കി കണ്ണിറുക്കി കാണിച്ചു… അവന്റെ കൈ പിടിച്ചു മെല്ലെ തഴുകി അവൾ കാർ മുന്നോട്ട് എടുത്തു….