അവള് ശരിയല്ല “, ഗോവിന്ദൻ പ്രസ്താവന മുന്നോട്ട് വച്ചു.”ആര് “, വേലപ്പൻ ചോദിച്ചു.”അവളില്ലേ… ആ സരള… അവള്… ശരിയേയല്ല!!”

സരള
(രചന: Vaisakh Baiju)

“അവള് ശരിയല്ല “, ഗോവിന്ദൻ പ്രസ്താവന മുന്നോട്ട് വച്ചു.”ആര് “, വേലപ്പൻ ചോദിച്ചു.”അവളില്ലേ… ആ സരള… അവള്… ശരിയേയല്ല!!”, ഗോവിന്ദൻ തന്റെ പ്രസ്താവനയ്ക്ക് വ്യക്തത വരുത്തി.വേലപ്പന് തൃപ്തി വരുന്നില്ല…

” എടോ വേലപ്പാ… അവളുടെ കെട്ട്യോൻ ചത്തിട്ട് മൂന്ന് കൊല്ലമായി…. എന്നിട്ടും അവളുടെ ചന്തിക്ക് വല്ല കുറവുമുണ്ടോ..!!??

വായനശാലയുടെ മുന്നിലെ ചർച്ചയ്ക്ക് ചൂട് പിടിക്കുകയാണ്…. ആശാരി മോഹനൻ വെണ്ടർ പരമു എന്നീ നാട്ടിലെ സാംസ്കാരിക നായകന്മാർ കൂടി ചേർന്ന് ചർച്ചയ്ക്ക് തീപിടിപ്പിക്കുകയാണ്….വിഷയം… ഈ അടുത്തിടെ വിധവയായ സരളയുടെ ചന്തി!!

” സ്കൂട്ടറും പറപ്പിച്ചു കൊണ്ടുള്ള അവളുടെ ദിവസവുമുള്ള ആ പോക്കിൽ തന്നെ എന്തൊക്കെയോ…. ചില വശപിശകുണ്ട്…. “, ആശാരി മോഹനൻ തന്റെ വാദഗതി മുന്നോട്ട് വച്ചു….

” അതെ… ഇനി പണിക്കാരനാരാണെന്ന് മാത്രം അറിഞ്ഞാൽ മതി, ഇനിയിപ്പോ അവള് പണിയെടുക്കുന്ന വീട്ടിലെ ആ കിളവൻ ഡോക്ടർ ആണോ…ഡോക്ടർ നാണു!!!??? അയാളുടെ പെണ്ണുംപിള്ള ചത്തിട്ടും കൊല്ലം കുറേ ആയില്ലേ….”, വെണ്ടർ പരമു തന്റെ ഊഴവും ഉപയോഗിച്ചു

” ഞാൻ ഈ അടുത്തിടെ ആ വഴി വരുമ്പോൾ, ഒരു പത്തുമണിയൊക്കെ കഴിഞ്ഞു കാണും….അവളുടെ വീടിന്റെ പിന്നിലെ വെട്ടം പെട്ടന്നങ്ങു അണഞ്ഞാരുന്നു… എന്താ അതിന്റെ അർഥം “,വേലപ്പൻ തെളിവ് സമർപ്പണത്തിലേക്ക് കടക്കുകയാണ്

“താൻ ആളെ കണ്ടോ…”,
” കാണാനെങ്ങനെയാ…”
മറ്റുള്ളവർ ഒരേപോലെ ആകാംക്ഷയോടെ തിരക്കി…ചർച്ച മൂക്കുകയാണ്…ഒപ്പം സന്ധ്യയും… നേരം വൈകിയതോർത്ത് കൂടെത്താനായി വേഗം പറന്ന ഏതോ ഒരു പറവയുടെ കരച്ചിൽ അവിടെ ഉയർന്നു കേട്ടു…

ചർച്ചയിൽ ഉരുതിരിഞ്ഞ ആശയങ്ങളും വാദഗതികളും പ്രഖ്യാപനങ്ങളും പതിയെ വായകളിൽ നിന്നും കാതുകളിലേക്കും കാതുകളിൽ നിന്നും എപ്പോഴത്തെയും പോലെ ചുവരുകളിലേക്കും പടർന്നു പിടിക്കുകയാണ്…ആ നാട്ടിലെ ഒരു ആഗോള പ്രശ്നമായി സരളയുടെ സ്തൂലനിതംബം വളരുകയാണ്….

അവളുടെ കെട്ട്യോന്റെ ചാവിന് കൂടാത്ത പല തലകളും സരളയുടെ വേലിക്കലും അടുത്തുള്ള പൊന്തകാട്ടിലും ഇടയ്ക്കിടെ പൊന്തിതുടങ്ങി…

കൗമാര യൗവ്വന കുമാരന്മാരുടെ ഇക്കിളി ചർച്ചകളിലും അയൽക്കൂട്ടങ്ങളിലെ അടക്കം പറച്ചിലുകളിലും സരളാനിതംബം ഒരു തീപാറുന്ന ഏടായി മാറുകയാണ്….

നാണു ഡോക്ടർ ക്ലിനിക്ക് നിർത്തി നാട് വിട്ടു…. സരളയെയും പെട്ടെന്ന് കാണാതായി.. നാട്ടുകാർ ഉറപ്പിച്ചു…

“സരള ഒളിച്ചോടി…!!!
കഴപ്പ് മൂത്തവൾ പിള്ളേരെയും കളഞ്ഞ് ഒളിച്ചോടി…” നാടൊന്നടങ്കം പറഞ്ഞു നിർത്തി…നാലഞ്ചു നാൾ കഴിഞ്ഞു…

അവളുടെ പിള്ളേർ തെരുവിൽ ചോറിന് തെണ്ടി…തമ്മിൽ തല്ലി…കിട്ടുന്നിടത്ത് നിന്നെല്ലാം കട്ട് തിന്നാൻ തുടങ്ങി…..

അന്നൊരു സന്ധ്യയ്ക്ക് തീവണ്ടി പാളത്തിനടുത്ത് കുറ്റിക്കാട്ടിൽ ഏതോ തെരുവ്പട്ടി ഒരു മാംസതുണ്ട് കടിച്ച് പറിക്കുന്നത് കണ്ട, ആരോ പോലീസിനെ അറിയിച്ചു…
പലയിടത്തായി കിടന്ന മാംസ കഷ്ണങ്ങൾ പോലീസുകാർ ഒന്നിച്ചു വാരിക്കൂട്ടിയിട്ടു… ആളുകൾ കൂടി…

” കുറച്ച് ദിവസമായെന്ന്
തോന്നുന്നു… പുഴുത്തിട്ടുണ്ട്… “, ആളുകൾ മൂക്കത്ത് വിരൽ വച്ചു

ഗോവിന്ദനും വേലപ്പനും ആശാരി മോഹനനും വെണ്ടർ പരമുവും… എത്തിയിട്ടുണ്ട്…. അവർ മാംസക്കൂട്ടത്തിലേക്ക് ജിജ്ഞാസയോടെ നോക്കി, കണ്ണുകളാൽ പരതുന്നു….

“ഹെയ്… ഇതവളൊന്നുമല്ല….!!!”, നിഗമനം പരസ്പരം ശരിവച്ച് ചർച്ചയ്ക്കുള്ള പുതിയ വിഷയവും തേടി
അവർ മടങ്ങി…..
നാടിനെ ഒന്നടങ്കം ചർച്ചയിലും ആകാംക്ഷയിലുമാഴ്ത്തിയ സരളയുടെ ചന്തി എന്തുകൊണ്ടോ അവരതിൽ കണ്ടില്ല…കാണാൻ കഴിഞ്ഞില്ല…

Leave a Reply

Your email address will not be published. Required fields are marked *