നിന്റെ പെണ്ണിന് എന്തേ നിന്നെ ഇഷ്ടമല്ല..?” എല്ലാ കറക്കവും കഴിഞ്ഞു ബെഡ് റൂമിൽ എത്തിയനേരം അബി അവൾ അങ്ങനെ

മൗനരാഗം
രചന: Navas Amandoor

ഈ ലോകത്തിൽ സീനാക്ക് ആരോടെങ്കിലും വെറുപ്പുണ്ടെങ്കിൽ അത് ഭർത്താവായ അബിയോട് മാത്രമാണെന്ന് ചില സമയങ്ങളിൽ അവന് തോന്നാറുണ്ട്.

“പറച്ചിൽ കേട്ടാൽ എന്റെ കെട്ടിയോനെപ്പോലെ സ്‌നേഹമുള്ള ഒരാൾ ഈ ദുനിയാവിൽ ഇല്ലെന്ന് തോന്നും.. പക്ഷെ സത്യം എനിക്കല്ലേ അറിയൂ … എല്ലാം വെറും അഭിനയമാണ്.. സ്‌നേഹം എന്താണെന്ന് പോലും അറിയില്ല.”

എല്ലാവരുമുണ്ട് ഹാളിൽ. ഓരോ കളിതമാശകൾ പറഞ്ഞ് ഇടക്കൊക്കെ കുടുംബാംഗങ്ങൾ ഒരുമിക്കുന്ന ഞായറാഴ്ച ദിവസം. അവൾ അവനെ പറ്റി പറഞ്ഞത് കേട്ടവർ ഒരു പുഞ്ചിരിയോടെ ഒഴിവാക്കി വിട്ടിട്ടും അവന്റെ മനസ്സിൽ അവളുടെ വാക്കുകൾ പുകയാൻ തുടങ്ങി.

ഉച്ചഭക്ഷണത്തിനിരിക്കുമ്പോൾ അബിയുടെ മുഖം മാത്രം ഇരുൾ മൂടി. ആരോടും ഒന്നും മിണ്ടാതെ അവൻ ഭക്ഷണം കഴിച്ച് എണീറ്റുപോയി. കടുപ്പുറം കാണാൻ പോകാൻ വിളിച്ചിട്ടും ആദ്യം അവൻ ഇല്ലെന്ന് പറഞ്ഞു.. പിന്നെ സമ്മതിച്ചു.

കടപ്പുറത്ത് ഞായറാഴ്ച ദിവസം ആഘോഷം പോലെയാണ്. കുട്ടികളും മുതിർന്നവരും, കടലിന്റെ ഭംഗിയും തിരമാലകളുടെ തലോടലും ഐസ്ക്രീമിന്റെ തണുപ്പും ആസ്വദിച്ചുകൊണ്ടങ്ങനെ….
പക്ഷെ മക്കൾ ഒപ്പമുണ്ടായിട്ടും കടൽ കാണുന്നത് ഇഷ്ടമായിരുന്നിട്ടും അബിയുടെ മുഖത്ത് മാത്രം സന്തോഷമില്ല. ഇടക്കിടെ അവളുടെ വാക്കുകൾ ഓർത്ത് പോകുന്നു.. ഇടക്കിടെ മനസ് ചോദിക്കുന്നു.

“നിന്റെ പെണ്ണിന് എന്തേ നിന്നെ ഇഷ്ടമല്ല..?”
എല്ലാ കറക്കവും കഴിഞ്ഞു ബെഡ് റൂമിൽ എത്തിയനേരം അബി അവൾ അങ്ങനെ പറഞ്ഞത് ശരിയായില്ലെന്ന് ചോദിക്കാൻ തീരുമാനിച്ചെങ്കിലും അവളിൽ നിന്നും മൗനം കൊണ്ട് മുഖം തിരിച്ചുകിടന്നു.

എപ്പോഴത്തെയും പോലെ അവന് ഉറപ്പുണ്ട് അവൾ പറഞ്ഞത് തെറ്റായിയെന്ന് അവൾ സമ്മക്കില്ല എന്ന്… അബി ചോദിച്ചാൽ അവൾ അവനെയും ചോദ്യം ചെയ്യും. അങ്ങനെയാണ് പതിവ്.ആ സമയം അവനെ പറയുന്നതിന് ഒരിക്കൽ പോലും അവളിൽ കുറ്റബോധം കാണില്ല…തോന്നുന്നത് പറയും.. ആ പറച്ചിലിൽ അബിയുടെ മനസ്സിലെ ചിന്തകളിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടാവും.

“അവളിൽ നിന്ന് ഞാൻ എന്നോ ഇല്ലാതായിരിക്കുന്നു.”
അവൾ വന്ന് അടുത്തിരുന്നപ്പോൾ അവൻ ഉറക്കം നടിച്ചു. മിണ്ടാതെ കിടന്നു.
“ഇക്ക ഉറങ്ങിയോ…?”

അബി അവളുടെ ചോദ്യം കേട്ടിട്ടും മിണ്ടിയില്ല.. മിണ്ടിയാൽ കുറേ നാളുകളായി മനസ്സിൽ അടക്കിപ്പിടിച്ചതൊക്കെ പുറത്തേക്ക് വരും.

വഴക്കിന്റെ നേരത്തൊക്കെ അവന് തോന്നും അവൾ തന്നെ അവഗണിക്കുകയാണെന്ന്. വേറെ ആരെയെങ്കിലും അവൾ സ്‌നേഹിക്കുന്നുണ്ടോയെന്നും ചിന്തിക്കും. എന്തായാലും അവൾക്ക് താൻ വെറുക്കപ്പെട്ട ഭർത്താവാണ്.

ഉറങ്ങിയോയെന്ന് ചോദിച്ചിട്ട് മറുപടി കിട്ടാതായപ്പോൾ സീന അവനെ കെട്ടിപ്പിടിച്ച് അരികിൽ കിടന്നു.
“ഇക്കാ…”
“സീനാ… എനിക്ക് ഉറങ്ങണം.”
“കുറച്ചു കഴിഞ്ഞു ഉറങ്ങാ… എനിക്കൊരു കിസ്സ് താ .”

“നീ എന്നെ തൊടരുത്.. സീനാ.ഞാൻ ഏറ്റവും മോശം ഭർത്താവാണ്. അങ്ങനെയുള്ള എനിക്ക് ഇനി നിന്റെ ശരീരം ദഹിക്കില്ല.”

“അത് ഞാൻ വെറുതെ പറഞ്ഞതല്ലേ..”
“ഇക്കമാരുടെയും പെങ്ങന്മാരുടെയും ഒക്കെ ഇടയിൽ എന്നെ കൊച്ചാക്കി പറഞ്ഞിട്ട്.. വെറുതെയാണെന്നോ..”

“ഞാൻ തമാശക്കാണ് പറഞ്ഞതെങ്കിലും അതൊന്നും സത്യം അല്ലെന്ന് നിങ്ങക്ക് തോന്നുന്നുണ്ടോ… ഒരൽപ്പം സ്‌നേഹം എന്നോട് ഉണ്ടോ…ഏതു സമയവും മൈബൈലിലാണ്.. എന്തെങ്കിലും അസുഖം വന്നാൽ പോലും ചോദിക്കില്ല.”

“എന്തെങ്കിലും ഉണ്ടെങ്കി ഇവിടെ പറയണം.. അല്ലാതെ..”
“എനിക്ക് ശരിയെന്നു തോന്നുന്നത് ഞാൻ എവിടെയും പറയും.. അതിനു ഇങ്ങനെ ചാടിയിട്ട് കാര്യമില്ല.”

“ഇപ്പൊ ഞാനായി കുറ്റക്കാരൻ… അ
ല്ലെ..?”
അബിക്ക് ദേഷ്യം വന്നു. അവൻ വിരൽലുകൾ കൊണ്ട് കവിളിൽ കുത്തി അമർത്തി പിടിച്ച് അവളെ ചുമരിലേക്ക് ചാരി.

“മിണ്ടാതെ നീങ്ങിക്കിടന്നോ.. എന്നെ ബഹുമാനിക്കാത്ത ഒരുത്തിയെ എനിക്ക് വേണ്ട. കുറേയായി ഞാൻ സഹിക്കുന്നത്.. എല്ലാത്തിനും ഉണ്ട് ഒരു പരിധി.

അവൾ കരയുന്നുണ്ട്. കവിളിലുള്ള അബിയുടെ പിടുത്തം വേദന ഉണ്ടാക്കിയിട്ടുണ്ട്.
“ബഹുമാനം.. ഇങ്ങോട്ടും വേണം… എന്നാലേ തിരിച്ചും കിട്ടൂ ..നിങ്ങൾ എന്താ സഹിച്ചത്… എല്ലാം സഹിക്കുന്നത് ഞാനാണ്.. എന്തൊരു നാശം പിടിച്ച ജീവിതമാണ് എന്റേത്.”

“നീ പോയിക്കോ.. ബഹുമാനം കിട്ടുന്നവന്റെ ഒപ്പം..സന്തോഷവും കിട്ടട്ടെ.”
“നിങ്ങക്ക് അതിനു ആണല്ലോ.. എന്നെ ഒഴിവാക്കി വേറെ കെട്ടാൻ…”
അവൾ പറഞ്ഞു തീർക്കും മുൻപേ അബി അവളുടെ മുഖത്തടിച്ചു.

“എന്ത് പറഞ്ഞാലും ഉണ്ട്… ഈ വേറെ കെട്ടുന്ന കാര്യം.. എനിക്ക് വേറെ കെട്ടാൻ നിന്റെയൊന്നും സമ്മതവും ആശീർവാദവും വേണ്ട.”

അവൾ ചെരിഞ്ഞു മാറിക്കിടന്ന് കരഞ്ഞു.അബി പിന്നെയും എന്തൊക്കെയൊ പറഞ്ഞുകൊണ്ടിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ അത് വരെ മനസ്സിനെ അലട്ടിയ വിഷമവും ടെൻഷനും മാറി. കുറേ ചീത്ത പറഞ്ഞപ്പോൾ അവളുടെ സംസാരം കൊണ്ട് മനസ്സിൽ കയറിക്കൂടിയ ചിന്തകൾ പോയി.

എന്നിട്ടും തോൽക്കാൻ കഴിയാത്ത
മൗനം. ആ മൗനത്തിന്റെ ഇടയിൽ അവൾ അവന്റെ അരികിലേക്ക് നീങ്ങിക്കിടന്നു. ഒരു മടിയും കൂടാതെ അവനെ കെട്ടിപ്പിടിച്ചു.

ഇപ്പൊൾ കണ്ണ് നിറഞ്ഞത് അബിയുടേതാണ്. ഉള്ളിലെ ഒരു തേങ്ങൽ പോലെ കണ്ണിൽ നിന്നും കണ്ണീർ തുള്ളികൾ അടർന്നു.

“ഈ പെണ്ണിനെ എനിക്ക് മനസ്സിലാക്കാൻ പറ്റുന്നില്ലല്ലോ.ചീത്ത പറഞ്ഞിട്ടും തല്ലിയിട്ടും വീണ്ടും വന്നു കെട്ടിപ്പിടിക്കുന്നു. ചേർന്ന് കിടക്കുന്നു.’

അബി അവളുടെ ഭാഗത്തേക്ക് ചെരിഞ്ഞുകിടന്ന് അവളെ ചേർത്ത് പിടിച്ചു ചുംബിച്ചു.
“സോറി… മോളെ.”

ആ സമയം അബിയും അവളും കരഞ്ഞു.അതുവരെ അവളിൽ അവൻ കണ്ട കുറ്റങ്ങൾ ഇല്ലാതെയായി. എല്ലാ വഴക്കിന്റെയും തുടക്കത്തിൽ രണ്ട് പേരും പരസ്പരം കുറ്റങ്ങൾ കണ്ടുപിടിക്കും.. എല്ലാം കഴിഞ്ഞു ശാന്തമാകുമ്പോൾ പറയാൻ കുറ്റങ്ങൾ ഒന്നും മനസ്സിൽ ഉണ്ടാവില്ല.

ഈ ഭൂമിയിൽ അവളെ പോലെ ഇങ്ങനെ ഒരു നിമിഷം കൊണ്ട് എല്ലാം മറക്കാനും സന്തോഷം തിരിച്ചു കൊണ്ട് വരാനും അവൾക്കേ കഴിയൂ .എല്ലാ പെണ്ണുങ്ങളും അങ്ങനെയാണോന്ന് അറിയില്ല.. ഇവൾ ഇങ്ങനെയാണ്.

“സമാധാനത്തോടെ ചിന്തിച്ചാൽ ഞാൻ തന്നെയാണ് തെറ്റ്. ഭാര്യയോട് സംസാരിക്കാൻ സമയം ഉണ്ടാക്കാത്തത് തെറ്റ്.. എന്തെങ്കിലും പറയുമ്പോൾ തന്നെ ദേഷ്യം വരുന്നത് തെറ്റ്.. അവളെ ചേർത്ത് പിടിച്ച് അവൾക്ക് സമാധാനം കൊടുക്കാൻ കഴിയാത്തത് തെറ്റ്… ഞാൻ സ്‌നേഹം പകരാതെ എങ്ങനെയാണ് നിന്റെ സ്‌നേഹം എന്നെ സ്പർശിക്കുന്നത്…? നീ പറഞ്ഞതാണ് ശരി… കൊടുത്തു തന്നെ വാങ്ങണം.. ”

“പോട്ടേ സാരമില്ല.. നമ്മളല്ലെ… നമ്മൾ ഇങ്ങനെയൊക്കെയല്ലേ മോനെ…”
“നിസാ… ഈ നിമിഷം മുതൽ ഞാൻ നിന്നെ പ്രണയിക്കാൻ തുടങ്ങുകയാണ്..”

“ഞാൻ പിന്നെയും എന്തെങ്കിലും പറഞ്ഞാൽ.. ഇക്കാക്ക് വിഷമം ആവണ്ടാട്ടോ.. എനിക്ക് അതിനുള്ള ബുദ്ധിയേ ഉള്ളൂ…ഞാൻ ഇക്കാനെക്കാളും ചെറുതല്ലെ.. അപ്പൊ എന്നോട് ക്ഷമിച്ചാൽ മതി.”

‘എന്താണെന്നറിയില്ല.. നീ എന്തെങ്കിലും പറഞ്ഞാൽ എനിക്ക് പെട്ടന്ന് ദേഷ്യം വരും.. വല്ലാത്ത ടെൻഷനും.. അപ്പോൾ ഓരോന്ന് ചിന്തിച്ചുകൂട്ടി തോന്നുന്നത് പറഞ്ഞുപോകും… സോറി. ”

ഈ രാത്രിക്ക് ശേഷം അബി അവളോട് പിണങ്ങില്ലെന്ന് അവന് ഉറപ്പില്ല. പിണക്കങ്ങൾ ഉണ്ടായാലല്ലെ ഇഷ്ടത്തിന്റെ ആഴം അറിയൂ.. അപ്പോഴല്ലേ അവളെ കൂടുതൽ ചേർത്ത് പിടിക്കൂ..

അവരുടെ പിണക്കങ്ങൾക്ക് ഒരു രാത്രിക്കപ്പുറത്തേക്ക് പോകാൻ അവൾ സമ്മതിക്കില്ലെന്ന് ഉറപ്പുള്ളപ്പോൾ ഇടക്കൊക്കെ ഇതുപോലെ പിണങ്ങാൻ അബിക്ക് ഇഷ്ടമാണ്..

“സീനാ സത്യത്തിൽ ഇപ്പോഴല്ല…. നിന്നെ കണ്ടപ്പോൾ മുതൽ ഞാൻ നിന്നെ പ്രണയിക്കുന്നുണ്ട്.അതുകൊണ്ടല്ലേ നീ എന്തെങ്കിലും പറയുമ്പോൾ എനിക്ക് സങ്കടമാകുന്നത്.”

പിണക്കങ്ങളും ഇണക്കങ്ങളുമായി ജീവിതമങ്ങനെ ഒഴുകട്ടെ… കൂടുതൽ കൂടുതൽ ഇഷ്ടത്തോടെ ഒരു പുഴയായി.

Leave a Reply

Your email address will not be published. Required fields are marked *