മുഖംമൂടികൾ
(രചന: നിഷ പിള്ള)
ആമസോണിന്റെ ഡോർ ഡെലിവറി ബോയ് കൊണ്ട് വന്ന പാക്കറ്റ് കയ്യിൽ പിടിച്ചു കൊണ്ട് അവൾ ബാൽക്കണിയിൽ പോയി നിന്നു.
അതിലെന്താണെന്നവൾക്കറിയാം.ഒരു മുഖമൂടി . അതവളുടെ നാലാമത്തെ മുഖമൂടിയാണ്.
അവൾ ആ പാക്കറ്റ് പൊട്ടിച്ചു നോക്കി.നല്ല നീണ്ടമൂക്കും പരന്ന ചുണ്ടുകളും വിശാലമായ നെറ്റിയും ഉള്ള മുഖം മൂടി.
ഇതിനു മാച്ച് ചെയ്യാൻ തന്റെ ചുരുണ്ട മുടി ഒന്ന് സ്ട്രൈറ്റ് ചെയ്താൽ അടിപൊളി ആയിരിക്കും. മുൻപ് വാങ്ങിയ മുഖംമൂടിയിൽ നിന്ന് വ്യത്യസ്തം.
മൂന്നാമത്തെതിന്റെ കവിളുകൾക്കു കുറച്ചും കൂടെ മുഴുപ്പും തുടിപ്പും ഉണ്ടായിരുന്നു. വാങ്ങുന്ന മുഖമൂടികൾ ശരീരവുമായി പൊരുത്തമുള്ളതാണോയെന്നു ശ്രദ്ധിക്കണം. അതിൽ പിഴച്ചാൽ പലപ്പോഴും സ്വയം അപഹാസ്യരാകും.
ആദ്യമായി മുഖം ഒളിപ്പിക്കണമെന്നു തോന്നിയത് അച്ഛനും അമ്മയുടെയും മരണ സമയത്താണ്.
സ്കൂളിൽ ഉച്ചഭക്ഷണത്തിനു ഇരുന്ന സമയത്താണ് ,ടീച്ചർ വന്നു അവർ രണ്ടുപേരും സഞ്ചരിച്ച സ്കൂട്ടർ ഒരു കെ എസ് ആർ ടി സി ബസുമായി കൂട്ടിയിടിച്ചു ,ഗുരുതരമായി പരിക്കേറ്റു ഹോസ്പിറ്റലിൽ ആണെന്ന് അറിയിക്കുന്നത്.
വളരെ അധികം വിഷമത്തോടെ ഐ സി യൂ വിന്റെ മുന്നിൽ നിൽകുമ്പോൾ ബന്ധുക്കളിൽ പലരും ദുഃഖം തന്റെ മുന്നിൽ മാത്രം അഭിനയിക്കുകയാണെന്നും ,
അവരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ തനിക്കും ഒരു പൊയ്മുഖം വേണമെന്നു അവളിലെ പതിനാലുകാരിക്ക് തോന്നിയത്.
അനാഥയായ അവൾക്ക് സംരക്ഷകരായി ചെറിയച്ഛൻ എത്തിയപ്പോൾ ക്രുദ്ധയായ ചെറിയമ്മ ചിരിയുടെ പൊയ്മുഖം അണിഞ്ഞു.
രാത്രികാലങ്ങളിൽ ഉറക്കം വരാതെ ഉണർന്നിരുന്നപ്പോൾ അവളുടെ അച്ഛൻ്റെ സ്വത്തിന്റെ ഭാഗം വയ്പ്പിൻ്റെ തീരുമാനങ്ങൾ ചെറിയമ്മയോടും മക്കളോടും പങ്ക് വയ്ക്കുന്ന ചെറിയച്ഛൻ്റെ യഥാർത്ഥ മുഖം കണ്ടു.
ഇഷ്ടമല്ലാതിരുന്നിട്ടും എഞ്ചിനീയറിംഗ് പ്രവേശനം കിട്ടിയപ്പോൾ ചേരാൻ നിർബന്ധം പിടിച്ചത് വീട്ടിലെ മുഖംമൂടികളിൽ നിന്ന് രക്ഷപ്പെടാനായിരുന്നു.
അവിടെ വച്ചാണ് അവളും മുഖംമൂടി അണിയാൻ തുടങ്ങിയത്. തൻ്റെയുള്ളിലെ നിസഹായതയും സങ്കടവും പുറലോകം അറിയാതിരിക്കാൻ ഒരു തൻ്റേടിയുടെ മുഖംമൂടി അണിഞ്ഞു.
ആദ്യമായി മുഖംമൂടിയില്ലാത്തൊരാളെ പരിചയപ്പെടുന്നത്, ക്ളാസ്സിലെ പഠിപ്പിസ്സ്റ്റ് ജയേഷിലൂടെയാണ്. കപടതകളില്ലാത്ത മുഖം. രണ്ട് വർഷം അങ്ങോട്ട് പ്രണയം അഭിനയിച്ചു.
കോളേജിലെ ഫെയർ ഡേയ്ക്ക് അനാഥയായ അവളെ അമ്മയ്ക്ക് ഇഷ്ടപ്പെടില്ലായെന്നും,
IIM കഴിഞ്ഞുള്ള ഒരു ഇൻ്റർനാഷണൽ കരിയറാണ് ലക്ഷ്യമെന്നും നമുക്ക് പിരിയാമെന്നും അവൻ പറഞ്ഞപ്പോൾ അതിലെ ആത്മാർത്ഥത ഉൾകൊണ്ട് പരസ്യമായി അവളവനെ ചും,ബി,ച്ചു.
ക്യാമ്പസ് പ്ലേയ്സ്മെൻ്റ് വഴി ബാംഗ്ലൂരിൽ ജോലി നേടിയപ്പോൾ ജീവിതത്തിന് ഒരു അർത്ഥമുണ്ടായെന്നും മുഖംമൂടികളിൽ നിന്നും രക്ഷപ്പെട്ടെന്നും കരുതിയതാണ്.
സ്വാതന്ത്ര്യമെന്തെന്ന് അറിഞ്ഞ നാളുകൾ. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങിയപ്പോൾ കയറിയ ടാക്സി കാബ്. ഡ്രൈവറും കൂട്ടാളികളും പിച്ചി ചീന്തിയത്.
പെൻഡിങ്ങ് വർക്ക് തീർക്കാനായി നേരത്തെ ഇറങ്ങിയതിനാലാണ് പരിചയമില്ലാത്ത വണ്ടിയിൽ കയറിയത്.
പ്രതികളെ പിടിക്കുകയും ശിക്ഷിക്കപ്പെടുകയും ചെയ്തപ്പോഴും തുടയിടുക്കിലെ മാലിന്യം കഴുകി കളയാനാവാതെ സ്വയമൊരു അഴുക്കുകൂനയായി ഒതുങ്ങി കൂടിയതും
മാനസികാരാഗ്യകേന്ദ്രത്തിൻ്റെ മുറിയിൽ ചികിൽസയ്ക്കായി കഴിഞ്ഞതും നോവായി മനസ്സിൽ പതിഞ്ഞു.
പത്രത്തിൽ അച്ചടിച്ചു വന്നപ്പോൾ പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയായി.പുറമേ സഹതപിച്ച പലരും സ്വകാര്യതയിൽ “സുഖം വേണോ” എന്നന്വേഷിച്ചു തുടങ്ങി.
നൈമിഷിക സുഖത്തിന് വേണ്ടി ഒരു കൂട്ടം ക്രിമിനൽസിൻ്റെ ചെയ്തികൾ, പെണ്ണിൻ്റെ ജീവിതത്തെ അപ്പാടെ നശിപ്പിച്ചു.
ഓഫീസിൽ പോലും “ഒന്നു മുട്ടി നോക്കടാ.” എന്ന് അവൾ കേൾക്കാതെ പരസ്പരം പറഞ്ഞു തുടങ്ങി.പത്രത്തിലൂടെ സുപരിചിതമായ തൻ്റെ മുഖം മറയ്ക്കാൻ അപരിചിതമായ നാട്ടിലേക്ക് ഒരു ഒളിച്ചോട്ടം ആഗ്രഹിച്ചു.
ഓഫീസിലെ HR മാനേജറുടെ കരുണയാൽ കൊൽക്കത്തയിലേയ്ക്ക് ഒരു ട്രാൻസ്ഫർ തരപ്പെട്ടു. “എൻ്റെ അനിയത്തിക്കും ഇങ്ങനെ സംഭവിച്ചതാണ്. അന്നു പുറംലോകം അറിയാതെ ഗോപ്യമായി വച്ചവളെ വിവാഹം കഴിപ്പിച്ചു .
മാനസിക വ്യഥയാൽ അവൾ പിന്നീട് ആത്മഹത്യ ചെയ്തു.പ്രതികൾ നാട്ടിൽ വിലസി നടക്കുന്നത് കാണുമ്പോൾ കുറ്റബോധം കൊണ്ട് മനസ്സു വിലപിക്കാറുണ്ട്.
അവിടെ അവളെ സ്വീകരിക്കാൻ മാനേജറുടെ സുഹൃത്ത് അഭിഷേക് ചക്രവർത്തി ഉണ്ടായിരുന്നു. മാനേജരുടെ വംഗദേശ സുഹൃത്ത്. ഇപ്പോൾ അവളുടെയും.അയാളുടെ ഫ്ളാറ്റിലെ ഒഴിഞ്ഞമുറി അവൾക്കായി നൽകി.
അവളുടെ ദുഖങ്ങൾക്ക് പ്രതിവിധിയായി അവൾക്കാദ്യമായി ഒരു മുഖംമൂടി നൽകിയത് അവനാണ്. അന്നുമുതൽ അവൾ സന്തോഷവതിയായ മുഖംമൂടി ധരിച്ചു.
ഓരോരോ നാട്ടിലും പുതിയ മുഖംമൂടി ധരിച്ചു. പുതിയ മുഖവുമായി ആളുകളുമായി ഇടപഴകി. ഒടുവിൽ സ്വയം കണ്ടെത്താനായി മുഖംമൂടികൾ ഓരോന്നായി വലിച്ചെറിഞ്ഞു നോക്കി. അവളെ അവളാക്കിയത് ആ മുഖംമൂടികളായിരുന്നു.
വലിച്ചെറിഞ്ഞ മുഖംമൂടികൾക്ക് പകരം വാങ്ങിയ നാലാമത്തെ മുഖംമൂടിയണിഞ്ഞ് ബാൽക്കണിയിൽ നിന്നവൾ പുറംലോകത്തെ അഭിമുഖീകരിക്കാൻ തയാറെടുത്തു.