ഈ ഞൊണ്ടി കാലി എന്തിനാണാവോ വിളിക്കുന്നത്.”..?.ഹർഷൻ ദേഷ്യം കടിച്ചമർത്തിക്കൊണ്ട്

നൊമ്പരത്തി പെണ്ണ്

രചന: മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്.

“ഹർഷേട്ടാ…ഹർഷേട്ടാ… ഒന്നവിടെ നിന്നേ”. മാനസി പുറകിൽ നിന്നു ഉറക്കേ വിളിച്ചു.ആ ശബ്ദം കേട്ടപ്പോഴേ ഹർഷന് മനസ്സിലായി ആളാരാണെന്ന്.

“ഈ ഞൊണ്ടി കാലി എന്തിനാണാവോ വിളിക്കുന്നത്.”..?.ഹർഷൻ ദേഷ്യം കടിച്ചമർത്തിക്കൊണ്ട് തിരിഞ്ഞു നോക്കി.

മാനസി മുടന്തി മുടന്തി വേഗത്തിൽ നടന്നു വരികയാണ്.ഒരു കാൽ മുട്ടിൽ കൈ കുത്തിയാണ് അവൾ നടക്കുന്നത്. അവളുടെ മുഖത്ത് വല്ലാത്തൊരു പ്രസാദവും സന്തോഷവും..

“എന്താടി ഞൊണ്ടീ നിനക്ക് വേണ്ടത്. മനുഷ്യന് സ്വൈര്യം തരില്ലേ..? ഹർഷൻ അവളടുത്തെത്തിയപ്പോൾ ഈർഷ്യതയോടെ ചോദിച്ചു.

“ദേ… ഹർഷേട്ടാ.. ഞാൻ പറഞ്ഞിട്ടുണ്ട്. എന്നെ ഞൊണ്ടീന്ന് വിളിക്കല്ലേന്ന്. എല്ലാരും വിളിക്കണത് സഹിക്ക്യാം. ഹർഷേട്ടൻ അങ്ങനെ വിളിക്കുമ്പോ… സഹിക്ക്യാൻ പറ്റണില്ല്യ”.ഇത് പറയുമ്പോ മാനസിയുടെ മുഖം വാടി വിവർണ്ണമായി.

“പിന്നെ ഞൊണ്ടികളെ എന്താ വിളിക്ക്യാ. ഞൊണ്ടീന്നല്ലാതെ.. ആട്ടെ.. എന്തിനാ വിളിച്ചത്.?ഹർഷൻ അവളോടുള്ള ദേഷ്യം കുറക്കാതെ ചോദിച്ചു.

“ഒന്നൂല്ല്യേട്ടാ.. ഏട്ടൻ ദുബായീന്നു വന്നിട്ട് രണ്ടൂസം ആയില്ല്യേ.എന്നെ കാണാൻ വീട്ടിലേക്കൊന്നും വന്നില്ല്യ..വീടിന്റെ മുമ്പീക്കൂടി ഒന്നു നോക്ക പോലും ചെയ്യാണ്ട് തലതാഴ്ത്തി പോണത് കണ്ടപ്പോ സഹിച്ചില്ല്യാ…അതാ.. ഞാൻ”…. മാനസിക്ക് പറഞ്ഞു പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും വിതുമ്പി.

ഹർഷന് യാതൊരു വിധ ഭാവമാറ്റവും വന്നില്ല. അവളുടെ മുഖത്തേക്ക് നോക്കിയത് പോലുമില്ല.

“ഞാൻ എപ്പോഴെങ്കിലും നിന്റെ വീട്ടിൽ വന്നിട്ടുണ്ടോ നിന്നെ കാണാൻ “? ഹർഷൻ ചോദിച്ചു. അവന്റെ ശബ്ദം ദൃഢമായിരുന്നു.

“ഇല്ല്യാ”…അവൾ പതിഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞു.അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“പിന്നെന്താടി….ചട്ടുകാലീ.. ഇപ്പൊ ഒരു പ്രത്യേകത.”.? ഹർഷൻ രോഷം അടക്കാനാവാതെ പല്ല് കടിച്ചുകൊണ്ട് ഉറക്കെ അലറി.

“ദേഷ്യപ്പെടേണ്ട ഏട്ടാ…എന്നും ഒരു നോക്ക് കാണേങ്കിലും ചെയ്യാർന്നു ഏട്ടനെ.ദുബായീ പോയപ്പോ അതും ഇല്ലാണ്ടായി. മൂന്ന് കൊല്ലം കഴിഞ്ഞു വന്നതല്ലേ.. കാത്തിരുന്നു കാത്തിരുന്നു കാണാനുള്ള കൊതി കൊണ്ട് വിളിച്ചതാ ഹർഷേട്ടാ.” മാനസിക്ക് നിയന്ത്രണം വിട്ടു.അവളുടെ ചുണ്ടുകൾ വിതുമ്പി.

“നിന്നോട് ഞാൻ എന്നെ കാത്തിരിക്കാൻ പറഞ്ഞോ..? എനിക്കു നിന്നെ ഇഷ്ടാണെന്ന് ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ.? പറയെടി… പറഞ്ഞിട്ടുണ്ടോന്നു”…? ഹർഷൻ വീണ്ടും രൗദ്ര ഭാവം പൂണ്ടു..

“ഇല്ല്യാ….എന്നാലും ഹർഷേട്ടാ.. ഞാൻ”… മാനസിയുടെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.

വിതുമ്പലടക്കാൻ അവൾ ചുണ്ടുകൾ കടിച്ചു പിടിച്ചു. കണ്ണുകൾ നിറഞ്ഞു കവിഞ്ഞു.

ഹർഷൻ ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കാൻ തുടങ്ങി.മാനസി ഹർഷന്റെ കൈത്തണ്ടയിൽ പിടിച്ചു.

“ഹാർഷേട്ടാ…വീട്ടിലേക്കു വാ. അമ്മയ്‌ക്കൊന്നു കാണാൻ”.. മാനസി തേങ്ങി കൊണ്ട് ദയനീയമായി പറഞ്ഞു.

“ഞാനില്ല…എന്റെ കൈ വിടെടി”.. ഹർഷൻ വീണ്ടും അലറി.”വാ.. ഹർഷേട്ടാ.. ഒന്ന് വന്നിട്ട് പൊയ്ക്കോ.. ദയവ് ചെയ്ത്”….? അവൾ നിറകണ്ണുകളോടെ ഹർഷനെ നോക്കി.ആ നോട്ടത്തിൽ ദയനീയത വിളങ്ങി. ഹർഷൻ അത് കണ്ടില്ലെന്ന് നടിച്ചു.

“കൈ വിടാനല്ലെടി പറഞ്ഞത് …. കൈവിടെടി… ഞൊണ്ടി കാലി “..ഹർഷൻ ആ കൈ ശക്തിയായി വലിച്ചു.

മാനസിയുടെ വയ്യാത്ത കാൽമുട്ട് നിലത്ത് കുത്തി കൊണ്ട് അവൾ വീണു. ആഹ്.. അമ്മേ.”അവൾ വേദനകൊണ്ട് നിലവിളിച്ചു. ഹർഷന്റെ കൈയിലെ പിടുത്തം വിട്ടു. ഹർഷൻ തിരിഞ്ഞു പോലും നോക്കാതെ നടന്നു നീങ്ങി.

അവൾ മുട്ടും കുത്തി നിന്നു കരഞ്ഞു കൊണ്ട് അവനെ നോക്കി.കരള് പിടഞ്ഞു. ഹൃദയം വിങ്ങി പൊട്ടി.അവൾ ചുറ്റുപാടും നോക്കി. ആരും കണ്ടിട്ടില്ല. മാനസി വളരെ പ്രയാസപ്പെട്ട് മറ്റേ കാലിന്റെ തുടയിൽ

കൈ കുത്തി എണീറ്റു. കാൽമുട്ട് നിലത്ത് ഉരഞ്ഞു മുറിഞ്ഞിരിക്കുന്നു. ചുട്ടു നീറുന്നുണ്ട്. അവൾ മുടന്തി മുടന്തി വീട്ടിലേക്കു പതുക്കെ നടന്നു. വീടെത്താൻ നേരം ഷാൾ കൊണ്ട് കണ്ണീർ തുടച്ചു..

” അമ്മേ…ഞാൻ ഹർഷേട്ടനെ കണ്ടു.ഏട്ടൻ എന്നോട് മിണ്ടിയമ്മേ.. അമ്മയെ കാണാൻ വരാമെന്നു പറഞ്ഞു.” മാനസി സങ്കടം ഉള്ളിലൊതുക്കി ചുണ്ടിൽ ചിരി വരുത്താൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

“ആണോ… എന്താ… നിന്റെ കാൽമുട്ടീന്ന് ചോര വരുന്നുണ്ടല്ലോ. ചുരിദാർ കീറിയിരിക്കുന്നു. എന്ത് പറ്റി”…? അവളുടെ അമ്മ ചോദിച്ചു.

“അ.. അതമ്മേ… ഞ ഞ…ഞാൻ കല്ലിൽ തട്ടി വീണതാ.”? അവൾ വിളറിയ ഒരു ചിരി ചിരിച്ചിട്ട് പറഞ്ഞു.

ഇനി അവിടെ നിന്നാൽ പൊട്ടിക്കരയും എന്ന് മാനസിക്ക് തോന്നി. അവൾ വേച്ചു വേച്ചു അകത്തേക്ക് പോയി.മുറിയിലെ കട്ടിലിൽ കയറി കിടന്നു. ഹർഷൻ എന്നെങ്കിലും തന്നെ സ്നേഹിക്കുമെന്നുള്ള പ്രതീക്ഷയിലായിരുന്നു അവൾ.

എല്ലാ പ്രതീക്ഷയും അസ്തമിച്ചതായി അവൾക്ക് തോന്നി. അവളുടെ ഉള്ളം വെന്തു നീറി. കരള് കരിഞ്ഞു വെണ്ണീറായി. ഹൃദയം ഞെരിപ്പോട് പോലെ എരിഞ്ഞു.

തിരിച്ചു കിട്ടാത്ത സ്നേഹം അവളെ കൊല്ലാകൊല ചെയ്യുകയാണ്. അവൾ തേങ്ങി തേങ്ങി കരഞ്ഞു. ചുടു കണ്ണീർ ചാലുകളായി ഒഴുകി.

കതക് തുറക്കുന്ന ശബ്ദം കേട്ടപ്പോ അവൾ കണ്ണീർ തുടച്ചുകൊണ്ട് എഴുന്നേറ്റിരുന്നു.അമ്മ കയ്യിലൊരു പാത്രവുമായി അവളുടെ അടുത്ത് വന്നിരുന്നു.

“മോളെ… മാനസീ. .. ഈ കമ്മ്യൂണിസ്റ്റ് പച്ചയുടെ നീരങ്ങൊഴിക്ക്. മുറിവ് വേഗം കരിയും.” അമ്മ പറഞ്ഞു.

“അമ്മ അതവിടെ വെച്ചിട്ട് പൊയ്ക്കോ.ഞാൻ ഒഴിച്ചോളാം.”അവൾ ഇടറിയ സ്വരത്തിൽ പറഞ്ഞു.ആ സ്വരപതർച്ച ആ മാതൃഹൃദയം തിരിച്ചറിഞ്ഞു.

“എന്താ മോളെ.. എന്തിനാ കരയുന്നേ. മുറിവ് നല്ല വേദനയുണ്ടോ..?”മ്മ്. മ്മ്.”അവൾ മൂളി.

“നീ കരയുന്നത് അതിനൊന്നുമല്ലെന്നെനിക്കറിയാം. ഇതിലും വലിയ വേദന നീ സഹിച്ചിട്ടില്ലേ. അന്നൊന്നും എന്റെ കുട്ടി കരയുന്നത് ഞാൻ കണ്ടിട്ടില്ലല്ലോ.. പറ.. എന്റെ മോൾക്ക് എന്താ പറ്റിയെ..”?

“അമ്മേ…വയ്യ.. എനിക്കിത് സഹിക്ക്യാൻ വയ്യമ്മേ”.അവൾ കരഞ്ഞു കൊണ്ട്അമ്മയുടെ മടിത്തട്ടിലേക്കു വീണു.

“അമ്മേ….ഞാൻ വീണതൊന്നുമല്ല. ഹർഷേട്ടൻ എന്നെ തള്ളിയിട്ടതാ.എന്നെ ആദ്യായിട്ടാ ഏട്ടൻ ഉപദ്രവിക്കണേ. അതൊക്കെ സഹിക്കാം… ഇത്രകാലമായിട്ടും ഏട്ടന്റെ മനസ്സിന്റെ ഒരു കോണിൽ പോലും ഞാനില്ല

എന്നോർക്കുമ്പോൾ… സഹിക്കണില്ല്യമ്മേ എനിക്ക്. ഒരു തരിമ്പ് സ്നേഹം പോലും എന്നോടില്ല.ഗൾഫിൽ പോയി വന്നാൽ ഏട്ടൻ മാറും എന്ന് കരുതിയ ഞാനല്ലേ

അമ്മേ വിഡ്ഢി…. മനസ്സും ചങ്കും കിടന്നു പിടക്ക്യാ.നെഞ്ചിൽ എന്തോ വന്നു തിങ്ങിയ പോലെ.. ഇങ്ങനെ പോയാൽ ഞാൻ മരിച്ചു പോകും അമ്മേ”…അവൾ പൊട്ടി പൊട്ടി കരഞ്ഞു.

“എന്തിനാ അമ്മേ.. എനിക്ക് നിങ്ങൾ ആശ തന്നത്. എന്നെ മോഹിപ്പിച്ചത്. ഈ വേദന സഹിക്കാനോ. ഹർഷേട്ടന്റെ മനസ്സ് കൂടി നോക്കിയിട്ട് പോരായിരുന്നോ…

ഇങ്ങനെ വേദന സഹിക്കാനായിട്ട്…..മനസ്സിൽ പതിഞ്ഞും പോയല്ലോ.. ഈശ്വരാ.. എനിക്ക് വയ്യ…. മറക്കാനും പറ്റുന്നില്ല.” അവൾ ഏങ്ങലടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു.

ആ അമ്മക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. മകൾക്ക് വെറുതേ ആശ കൊടുത്തതിൽ മരിച്ചു പോയ മാനസിയുടെ അച്ഛനെ ഉള്ളിൽ പ്രാകി. കുറ്റബോധം കൊണ്ട് ആ അമ്മമനം തേങ്ങി.

ആ മടിത്തട്ട് മകളുടെ കണ്ണീരിനാൽ കുതിർന്നു. അമ്മ അവളുടെ മുടിയിഴകളിൽ തലോടി. സാന്ത്വനത്തിന്റെ സുഖം അവളറിഞ്ഞു.ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടത്തിൽ അവൾ തലവെച്ചു കിടക്കുമ്പോൾ ഒരു ആശ്വാസക്കാറ്റ് ജനലിൽ കൂടി വന്നു അവളെ തഴുകി.

അമ്മ അവളുടെ കവിളിൽ തലോടി. കണ്ണീർ ചാലുകൾ തുടച്ചു . അഴിഞ്ഞ മുടിയിഴകൾ കോതിയൊതുക്കി.മാനസിയുടെ മനസ്സ് പുറകിലോട്ട് പോയി…ഓർമകളിലേക്ക് ഊളിയിട്ടു.

ഒന്നിച്ചു കളിച്ചു വളർന്നവരാണ് ഹർഷന്റെ അച്ഛൻ വേണുവും മാനസിയുടെ അച്ഛൻ ഗോപിയും. രണ്ട് ശരീരവും ഒരു മനസ്സുമായി നടന്നവർ.

ഒന്നിച്ചു ഒരു കല്യാണപന്തലിൽ വെച്ച് താലി കെട്ടിയവർ…വേണുവിനാണ് ആദ്യം കുഞ്ഞുണ്ടായത്. “ഹർഷൻ”. ഹർഷന്റെ പേരിടൽ ചടങ്ങിന്റെ അന്ന് വേണു ഗോപിയോട് പറഞ്ഞു.

” ഗോപി.. നിനക്ക് ആദ്യമുണ്ടാകുന്ന കുഞ്ഞ് പെണ്ണാണെങ്കിൽ എന്റെ ഹർഷനെ കൊണ്ട് ഞാൻ അവളെ കെട്ടിക്കും. നമ്മളെ കാലശേഷവും ഈ ബന്ധം തുടരേണ്ടെടാ.. നിനക്ക് സമ്മതമല്ലേ ഗോപീ”.വേണു അവിടെ കൂടി നിന്ന എല്ലാവരെയും സാക്ഷി നിർത്തിക്കൊണ്ട് പറഞ്ഞു.

“എന്താ.. വേണൂ ഇത്. നീ തീരുമാനിച്ച എന്തെങ്കിലും കാര്യത്തിന് ഞാൻ മുടക്കം പറഞ്ഞിട്ടുണ്ടോ. നമുക്ക് നടത്താമെടാ.” ഗോപി സന്തോഷത്തോടെ പറഞ്ഞു.

കാലം കടന്നു പോയി. പിന്നെയും അഞ്ചു വർഷം കഴിഞ്ഞിട്ടാണ് ഗോപിക്ക് മാനസി ജനിച്ചത്. അവരുടെ ആഗ്രഹം പോലെ പെൺകുഞ്ഞ്. എല്ലാരും അതിയായി സന്തോഷിച്ചു. മാനസി ഹർഷനുള്ളതാണ്.

ഹർഷൻ മാനസിക്കുള്ളതും.ഇതിങ്ങനെ എല്ലാരും പാടി പറഞ്ഞു നടന്നു. ഹർഷൻ ആഴത്തിൽ മാനസിയുടെ ഉള്ളിൽ പതിഞ്ഞെകിലും ഹർഷന്റെ ഉള്ളിൽ മാനസി പതിഞ്ഞില്ല. മാനസി ഹർഷനെ ഒരു കെടാവിളക്കായി, ഒരു ആരാധനാ മൂർത്തിയായി മനസ്സിൽ പ്രതിഷ്ഠിച്ചു.

പക്ഷെ ഹർഷൻ അവളെ വെറും കളിക്കൂട്ടുകാരിയായി മാത്രം കണ്ടു. അച്ഛന്റെ സുഹൃത്തിന്റെ മകൾ എന്നതിൽ കവിഞ്ഞ ഒരു പ്രാധാന്യവും ഹർഷൻ മാനസിക്ക് കൊടുത്തില്ല.

മാനസിക്ക് ഇരുപത് വയസ്സുള്ളപ്പോളാണ് അവളുടെ ഒരു കാലിന് തളർച്ച കണ്ടത്.കാൽ മുട്ടിനു താഴേക്ക് ശോഷിച്ചു വന്നു. ക്രമേണ ആ കാലിന് ജീവൻ കുറഞ്ഞു. അവൾ വികലാംഗയായി.

ഹർഷൻ അതീവ സുന്ദരനായി വളർന്നു.ആരും കണ്ടാൽ കൊതിക്കുന്ന ഒരഴക്. അതിൽ അവൻ മതിമറന്നു അഹങ്കരിച്ചു. ഒരു പാട് പെൺ സുഹൃത്തുക്കളും കാമുകിമാരും അവനുണ്ടായി.. മാനസിയേ മാത്രം അവൻ

അകറ്റി നിർത്തി. മാനസി അവനെ മാത്രം സ്നേഹിച്ചു. അവനിൽ ലോകം കണ്ടു. അവളുടെ ലോകം അവനിലേക്ക് ചുരുങ്ങി.അവളുടെ കാലിന് സ്വാധീനം പോയതോടെ ഹർഷൻ അവളെ കണ്ട

ഭാവം പോലും നടിച്ചില്ല. എന്നാലും എന്നും മാനസി അവനെ കാണാൻ പോകും.ഹർഷന്റെ അച്ഛനും അമ്മയ്ക്കും മാനസിയെ വലിയ കാര്യമാണ്. ഹർഷന്റെ ഈ സ്വഭാവത്തിൽ അവർക്കും വലിയ വിഷമവും സങ്കടവും തോന്നി.

“മോനെ.. നീ എന്താടാ മാനസിയോട് ഇങ്ങനെ പെരുമാറുന്നത്. അവൾ നിന്നെ മാത്രം മനസ്സിലിട്ട് കൊണ്ടാടാ നടക്കുന്നത്. അവൾക്ക് ആശകൊടുത്തത് നിന്റെ അച്ഛനാണ്.മരിച്ചു പോയ അച്ഛന്റെ വാക്ക് പാലിക്കില്ലേ നീ”..? ഒരു ദിവസം ഹർഷന്റെ അമ്മ ഹർഷനോട് പറഞ്ഞു.

“അമ്മേ.. എന്നെ കൊണ്ട് പറ്റില്ല.നിങ്ങളോട് ആര് പറഞ്ഞു എന്നോട് ചോദിക്കാതെ എന്റെ കല്യാണം ഉറപ്പിക്കാൻ. അവൾ ജനിക്കുന്നതിനു മുമ്പേ ഞാൻ അവളെ കെട്ടും എന്നങ്ങു വാക്ക് കൊടുക്കുക. എന്നിട്ടത് നാട് മൊത്തം ഏറ്റു പാടുക.അതൊന്നും നടക്കില്ല അമ്മേ.” ഹർഷൻ പറഞ്ഞു.

“മോനെ.. അവൾക്കെന്താടാ ഒരു കുറവ്. അത് പാവം.. അതിന് വേറൊരു ലോകവുമില്ലെടാ നീയല്ലാതെ.എന്നെങ്കിലും നീ അവളെ സ്നേഹിക്കുമെന്ന് കരുതി കാത്തിരിക്കാണ് പാവം.നീ സമ്മതിച്ചാൽ നമുക്ക് ഉടൻ തന്നെ കല്യാണം നടത്താം” അമ്മ വ്യസനത്തോടെ പറഞ്ഞു.

“ഹഹഹഹ. അവൾക്കെന്താ കുറവ്. ഒരു കാലില്ലന്നല്ലേ ഉളളൂ.ഞാൻ അവളോട് പലവട്ടം പറഞ്ഞതാണല്ലോ. വെറുതെ കാത്തിരിക്കേണ്ടാന്ന്. ഒരിക്കലും എന്റെ മനസ്സ് മാറില്ലാന്ന്..അമ്മേ..അവളെ പോലെ ഒരു പെണ്ണൊന്നുമല്ല എന്റെ മനസ്സിലുള്ളത്.

അമ്മ അവൾ വരുമ്പോ പറഞ്ഞേക്ക്. എനിക്കു വേണ്ടി കാത്തിരിക്കണ്ടാന്ന്.അവളോട് എനിക്കൊരു വെറുപ്പുമില്ല.പക്ഷെ.. എനിക്കവളെ സ്നേഹിക്കാൻ കഴിയില്ല”.ഹർഷൻ പറഞ്ഞു.

ഹർഷൻ ബൈക്കുമെടുത്തു പുറത്തേക്ക് പോയി. ഹർഷന്റെ അമ്മ അടുക്കളയിലേക്കും പോയി. അടുക്കളയിൽ നിന്നൊരു തേങ്ങി കരച്ചിൽ ഹർഷന്റെ അമ്മ കേട്ടു.. മാനസി.. അവൾ എല്ലാം കേട്ടിരിക്കുന്നു. അമ്മയുടെ കണ്ണുകൾ നിറഞ്ഞു. അവളെ ഇറുകെ പുണർന്നു.

“അമ്മേ. ഞാൻ എല്ലാം കേട്ടു. കേട്ടപ്പോൾ ചങ്ക് പിടയണ പോലെ തോന്നി. കരച്ചിൽ അടക്കി വെക്കാൻ പറ്റിയില്ല.. അമ്മ വിഷമിക്കേണ്ട.. ഹർഷേട്ടൻ എന്നെങ്കിലും എന്നെ മനസ്സിലാക്കും. അമ്മ നോക്കിക്കോ.. ഞാൻ കാത്തിരിക്കും. എത്ര വേണമെങ്കിലും”.അവൾ കണ്ണ് തുടച്ചു കൊണ്ട് ചിരിക്കാൻ ശ്രമിച്ചു.

“മോളേ.. ഞങ്ങളോട് ക്ഷമിക്കണം..എല്ലാം ഞങ്ങടെ തെറ്റാണ്. അവന്റെ മനസ്സ് മനസ്സിലാക്കാതെ ഞങ്ങൾ… ഞങ്ങൾ പറഞ്ഞാൽ അവൻ കേൾക്കും എന്ന് കരുതിയത് ഞങ്ങടെ തെറ്റ്.

മോൾ ഈ പാവം അമ്മയെയും മരിച്ചു പോയ അവന്റെ അച്ഛനെയും ശപിക്കരുത്.. മോൾ അവനെ മറന്നേക്ക്.. അവൻ ഒരിക്കലും നിന്നെ സ്നേഹിക്കില്ല “ഹർഷന്റെ അമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു.

“സാരല്ല.. അമ്മ വിഷമിക്കണ്ട. ഹർഷേട്ടന്റെ മനസ്സ് മാറും. ഇനി എന്നെ വേണ്ടെങ്കിൽ ഏട്ടൻ വേറെ പെണ്ണിനെ കെട്ടിക്കോട്ടെ. എന്നാലും എന്റെ മനസ്സിൽ ഹർഷേട്ടൻ മാത്രേ ഉണ്ടാകൂ..

അതില്ലാതായാൽ ഞാനും”…. മാനസി പറഞ്ഞു പൂർത്തിയാക്കാതെ മുടന്തി മുടന്തി നടന്നു പോയി. അമ്മ നിറക്കണ്ണുകളോടെ അവളെ നോക്കി നിന്നു.

വീട്ടിലെ കടുത്ത സാമ്പത്തിക പരാദീനത മൂലം ഹർഷൻ ഗൾഫിൽ പോയി. മാനസി നീണ്ട മൂന്ന് വർഷം വഴിക്കണ്ണുമായി കാത്തിരുന്നു. അങ്ങനെ കാത്തിരിപ്പിനൊടുവിൽ ഹർഷൻ വന്നു… പക്ഷെ.. മാനസിയെ കാണാനോ അവളുടെ വീട്ടിലോ ഹർഷൻ വന്നില്ല…

“ചേച്ചീ… ചേച്ചീ… ഇവിടാരുമില്ലേ”..വൈകീട്ട് പാല് കൊണ്ട് വരുന്ന ദേവന്റെ ഉറക്കെയുള്ള വിളി കേട്ടാണ് മാനസി ഓർമകളിൽ നിന്ന് ഞെട്ടിയുണർന്നത് .

അവൾക്ക് കാല് നിലത്ത് കുത്താൻ വയ്യ. കാൽമുട്ടിലെ മുറിവ് വിങ്ങുന്നു.”ചേച്ചി….പാല്… ചേച്ചീ “…ദേവൻ വീണ്ടും നീട്ടി വിളിച്ചു.

“ഈ അമ്മയിത് എവിടേ പോയിരിക്ക്യ”.മാനസി സ്വയം പിറുപിറുത്തു കൊണ്ട് വളരെ പ്രയാസപ്പെട്ട് എണീറ്റു.

അവൾ എണീറ്റ് വേച്ചു വേച്ചു അടുക്കളയിലേക്ക് നടന്നു. “ഹാവൂ.. അമ്മേ.. എന്തൊരു വേദനയാ”.അവൾ സ്വയം പറഞ്ഞു.

അടുക്കളയിൽ പോയി പത്രവുമായി വന്നു അവൾ വാതിൽ തുറന്നു.”അമ്മയെവിടെ മാനസി കുട്ടി.”.? ദേവൻ പാല് അളക്കുന്നതിനിടെ ചോദിച്ചു. അവൻ അവളെ ഇടങ്കണ്ണിട്ടു നോക്കി.

“”അറിയില്ല..ഇവിടെ ഉണ്ടായിരുന്നു. പുറത്തെങ്ങാൻ പോയിട്ടുണ്ടാവും.””അവൾ മറുപടി പറഞ്ഞു.

ദേവൻ അവൾ എന്തെങ്കിലും പറയുന്നുണ്ടോ എന്നറിയാൻ വീണ്ടും അവളെ ഇടങ്കണ്ണിട്ടു നോക്കി. അവൾ അവനെ നോക്കുക പോലും ചെയ്യാതെ പാൽ പാത്രവും എടുത്ത് അകത്തേക്ക് കാലെടുത്തു വെച്ചു.

“മാനസി…. ഒന്നും പറഞ്ഞില്ല….ഞാൻ ഇന്നലെ പറഞ്ഞ കാര്യം..? ദേവൻ വിക്കി വിക്കി ചോദിച്ചു.

മാനസി അകത്തേക്ക് വെച്ച കാല് പുറത്തെടുക്കാതെ തന്നെ തിരിഞ്ഞു നോക്കി.”ദേവേട്ടാ…എന്നും പറയുന്നത് തന്നെയാ എനിക്കിന്നും പറയാനുള്ളൂ. എന്റെ മനസ്സിൽ എന്റെ ഹർഷേട്ടൻ മാത്രേ ഉളളൂ.

അദ്ദേഹം എന്നെങ്കിലും എന്നെ സ്നേഹിച്ചോളും. അത് വരെ ഞാൻ കാത്തിരിക്കും. ദേവേട്ടൻ ഇനി ദയവു ചെയ്ത് എന്നോട് ഇഷ്ടാണെന്ന് പറയരുത്.”മാനസി ആ ശോഷിച്ച കാലും അകത്തേക്കെടുത്തു വെച്ചു.

“ഹഹഹഹ… ഹഹഹഹ”.ഇത് കേട്ട ദേവൻ ഉറക്കെ ചിരിച്ചു.മാനസി ആശങ്കയോടെ തിരിഞ്ഞു നോക്കി.

“മോളെ.. മാനസി.. ഹർഷനെ എനിക്കറിയാം. അവൻ ഒരിക്കലും നിന്നെ സ്‌നേഹിക്കില്ല. കല്യാണം കഴിക്കില്ല. നിനക്കറിയോ… അവൻ ഇന്നലെ എന്നോട്

പറഞ്ഞത് എന്താണെന്ന്… കേട്ടാൽ നീ”….ദേവൻ പാൽപാത്രം കൈപ്പത്തിയില്ലാത്ത അവന്റെ ഇടത് കൈതണ്ടയിൽ തൂക്കിയിട്ടു

കൊണ്ട് പറഞ്ഞു.മാനസി ജിജ്ഞാസപ്പെട്ടു. അവൾ അവനു നേരെ തിരിഞ്ഞു നിന്നു.

“എന്താ പറഞ്ഞത് ദേവേട്ടാ. എന്റെ ഹർഷേട്ടൻ എന്താ എന്നെ കുറിച്ച് പറഞ്ഞത്”.? അവളുടെ സ്വരത്തിൽ സന്തോഷവും ദുഃഖവും നിഴലിച്ചു.

“അത്.. മാനസി… ഞാനല്ലേ നിങ്ങൾക്ക് പാല് കൊണ്ട് തരുന്നത്. ആരും അറിയാതെ പാലിൽ കുറച്ചു വിഷം കലക്കി നിനക്കും നിന്റെ അമ്മയ്ക്കും തരാൻ… എന്നാലേ അവനു സുഖായി ജീവിക്കാൻ

പറ്റൂ എന്ന്. നീ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവനു പെണ്ണ് കെട്ടാനോ സമാധാനമായി ജീവിക്കാനോ പറ്റില്ലാന്നു.വരുന്ന ആലോചനകൾ മുഴുവൻ നിന്റെ പേരും പറഞ്ഞു

മുടങ്ങുകയാണെന്ന്. അതിന് എത്ര കാശ് വേണമെങ്കിലും തരാമെന്നു.” ദേവൻ പതറിയ സ്വരത്തിൽ പറഞ്ഞു നിർത്തി. അവന്റെ കൺകോണുകളിൽ കണ്ണീർ പൊടിഞ്ഞു.

മാനസിക്ക് കണ്ണിൽ ഇരുട്ട് കയറി. തല കറങ്ങുന്നത് പോലെ തോന്നി. അവൾ വീഴാതിരിക്കാൻ വാതിൽ പടിയിൽ പിടിച്ചു നിന്നു.ദേവൻ പിന്നെ ഒന്നും പറയാൻ നിന്നില്ല. അവൻ പതുക്കെ നടന്നു നീങ്ങി.

“എന്റെ ഹർഷേട്ടൻ…. എന്നെ കൊല്ലാൻ… ഈശ്വരാ”… മാനസി വാടിയ ചേമ്പിൻ തണ്ടു പോലെ കട്ടിലിലേക്ക് വീണു. കിടന്നു തേങ്ങി തേങ്ങി കരഞ്ഞു.. തലയിണ കണ്ണീരിൽ കുതിർന്നു.

ഈ ദുഷ്ട്ടനെയാണോ ഞാൻ മനസ്സിലിട്ട് പൂജിച്ചത്.ഇത്രക്ക് ക്രൂരമായി ചിന്തിക്കാൻ അവനു എങ്ങനെ കഴിഞ്ഞു.

ഓർമ്മവെച്ച നാൾ മുതൽ ഹർഷനെയല്ലാതെ വേറൊരു ആണിന് ഞാൻ മനസ്സിൽ സ്ഥാനം നൽകിയിട്ടില്ല. എന്നിട്ടും എന്നോടീ ക്രൂരത…ഇനി ഇല്ല.. എല്ലാം ഈ കണ്ണീരിൽ ഒഴുകി പോട്ടെ…

ദുഷ്ട്ടാ… നീ.. പുഴുത്തു ചാവും. തൊണ്ടയിലൂടെ വെള്ളമിറങ്ങാതെ നീ പിടഞ്ഞു മരിക്കും.ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത എന്നെ നീ….. തൂ… മാനസി

മനംനൊന്ത് ശപിച്ചു. മാനസിയുടെ മനസ്സിൽ ഹർഷൻ എന്ന വിഗ്രഹം തല കുത്തനെ വീണുടഞ്ഞു. ആ കറകളഞ്ഞ സ്നേഹമെല്ലാം കരിപുരണ്ട വെറുപ്പായി മാറി.

ദേവൻ… പാൽക്കാരൻ സുരേന്ദ്രന്റെ മകൻ. നല്ല ശമ്പളമുള്ള ഒരു ജോലിയുണ്ട്.എന്നാലും വൈകീട്ട് മാനസിയെ കാണാൻ വേണ്ടി മാത്രം

അവൻ പാലും കൊണ്ട് വരും. ജന്മനാ ഒരു കയ്യിന്റെ കൈപ്പത്തിയില്ല. അത് കൊണ്ട് തന്നെയാവും വികലാംഗയായ മാനസിയോട് ഇത്ര സ്നേഹവും..

മാനസി അന്ന് പകൽ മുഴുവൻ കരഞ്ഞു തീർത്തു. ഹർഷനോടുള്ള എല്ലാ സ്നേഹവും ആ കണ്ണീരിൽ ഒഴുകി പോയി.

മനസ്സിൽ നിന്ന് എന്തോ ഒരു ഭാരം ഒഴിഞ്ഞു പോയ പോലെ തോന്നി അവൾക്ക്. ഇത്രയും കാലം ഈ ഭാരം ചുമന്നതിൽ അവൾക്ക് കുറേശ്ശ കുറ്റബോധം തോന്നി.

രാത്രി കിടക്കുമ്പോൾ അവൾ ദേവനെ കുറിച്ചോർത്തു. ദേവൻ സുന്ദരനാണ്. പാവം എന്നെ ഒരു പാട് സ്നേഹിക്കുന്നുണ്ട്. അവനെ ഞാൻ തിരിച്ചു സ്നേഹിക്കണമോ..?.

ഞാനിപ്പോൾ അനുഭവിക്കുന്ന വേദന തന്നെയല്ലേ ദേവനും അനുഭവിക്കുന്നത്. തിരിച്ചു കിട്ടാത്ത പ്രണയനൊമ്പരം..? അവളുടെ മനസ്സ് അവളോട്‌ ചോദിച്ചു..

അവൾക്ക് വ്യക്തമായൊരു ഉത്തരം കിട്ടിയില്ല…എന്നാലും ദേവനോട് ഒരു സഹതാപസ്നേഹം അവളിൽ നിറഞ്ഞു. കുറേ നാളുകൾക്ക് ശേഷം മാനസി അന്ന് രാത്രി നന്നായൊന്നു മനം വിട്ടുറങ്ങി.

“എന്താടി. ഇന്ന് ഹർഷന്റെ വീട്ടിൽ പോവുന്നില്ലേ.” രാവിലെ അവൾ അടുക്കളയിൽ ഇരിക്കുന്നത് കണ്ട് അവളുടെ അമ്മ ചോദിച്ചു.

“ഇല്ലമ്മേ.. ഇനി പോകുന്നില്ല”.ആ സ്വരം ദൃഡ്ഢമായിരുന്നു. അവൾ അമ്മയുടെ മുഖത്ത് നോക്കി ചിരിച്ചു. ഒരിത്തിരി കണ്ണീർ പോലും അവളുടെ കണ്ണിൽ നിന്നും പൊടിഞ്ഞില്ല. അത് കണ്ട് ആ അമ്മമനം നിറഞ്ഞു തുളുമ്പി.

“നന്നായി മോളെ.. എന്റെ കുട്ടിക്ക് നല്ലൊരു ജീവിതം കിട്ടും.” അമ്മ അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.

വൈകീട്ട് ദേവൻ പാലും കൊണ്ട് വന്നു. മാനസി നിറഞ്ഞ ചിരിയുമായി പാത്രവുമായി വന്നു. ദേവൻ അത്ഭുതം കൂറി. ഇത് വരെ മാനസി അവനെ നോക്കി ചിരിച്ചിട്ടില്ല.

അവൻ പാല് അളക്കുന്നതിനിടെ അവളെ വീണ്ടും നോക്കി. അവൾ അവന്റെ മുഖത്ത് തന്നെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്നു.അവൻ ഒന്നും മിണ്ടിയില്ല.

അവളുടെ മുഖത്ത് നിരാശ പടർന്നു. അവൾ പാൽപാത്രവുമായി അകത്തേക്ക് പോകാൻ നേരം അവൻ വിളിച്ചു.

“മാനസീ”….”മ്മ് ” അവൾ മൂളി. അവൾ നാണിച്ചു കൊണ്ട് അവനു നേരെ തിരിഞ്ഞു നിന്നു. അവളുടെ മുഖത്ത് അവൻ എന്ത് പറയാൻ പോകുന്നു എന്നുള്ള ആകാംഷ നിറഞ്ഞിരുന്നു.

“ഹർഷനെ മറന്നേക്ക് മാനസീ നീ. അവനെ നിനക്കറിയില്ല.ക്രൂരനാണ് അവൻ. ഒരിക്കലും നിന്നെ അവൻ സ്നേഹിക്കില്ല.

നിന്നെ കൊല്ലുമവൻ. നീ എന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലും വേണ്ടില്ല. അവനെ മറന്നേക്ക് “. ദേവൻ ഇതും പറഞ്ഞു പാൽ പാത്രവും കയ്യിൽ തൂക്കി പോകാനൊരുങ്ങി.

“ദേവേട്ടാ”… അവൾ വിളിച്ചു. അവൻ തിരിഞ്ഞു നിന്നു.”എനിക്ക് ദേവേട്ടനെ ഇഷ്ടല്ല്യാന്ന് ആരാ പറഞ്ഞേ.”അവളുടെ മുഖം നാണത്താൽ ചുവന്നു.

ദേവന്റെ കണ്ണുകൾ വിടർന്നു. മുഖത്ത് പല പല ഭാവങ്ങൾ മാറിമറിഞ്ഞു. ദേവന് എന്ത് പറയണം എന്നറിയാതെ കുഴങ്ങി. വാക്കുകൾക്കായി അവൻ പരതി.

“മാനസീ.. സന്തോഷായി എനിക്ക്. കണ്ടോ എനിക്കൊരു കയ്യില്ല. നിനക്കൊരു കാലും ഇല്ല. നമ്മൾ ഒന്നിച്ചാൽ പരസ്പരം ചതിക്കില്ല.താങ്ങായും തണലായും നമ്മൾ

കൂടെയുണ്ടാകും. അതുറപ്പാണ് മാനസീ. കാരണം നമുക്ക് പരിമിതികൾ ഉള്ളത് കൊണ്ട് കൂടുതൽ ആഗ്രഹിക്കാനില്ല.”ദേവൻ

സന്തോഷം വഴിഞ്ഞൊഴുകി കൊണ്ട് പറഞ്ഞു.അവൻ ആദ്യമായി അവളെ നേരെ ഒന്നു നോക്കി.ഭംഗിയുണ്ട് കാണാൻ.

ഒരു പെണ്ണഴകിന്റെ എല്ലാം അവൾക്കുണ്ട്. അവൾ വിടർന്ന കണ്ണുകളോടെ അവനെ നോക്കി നിന്നു. കണ്ണുകൾ തിളങ്ങി. കവിളിൽ ചുവപ്പ് രാശി പടർന്നു .

“ദേവന്റെ അച്ഛനും അമ്മക്കുമൊക്കെ എന്നെ….ഇഷ്ടാവുമോ..? അവൾ സ്വല്പം പേടിയോടെ ചോദിച്ചു.

“ഹഹഹഹ.. ഹഹഹഹ”.. അവൻ ചിരിച്ചു. അവരെന്താ.. നിന്നെ കാണാത്തവരാണോ. നിന്നെ ഇഷ്ടവുമാണ്. അവർക്കൊക്കെ നൂറുവട്ടം സമ്മതവുമാണ് “.

അവളുടെ മുഖം വീണ്ടും വിടർന്നു. നാണത്താൽ തല കുനിഞ്ഞു. അവൾ ചിരിച്ചു കൊണ്ട് പാൽ വാങ്ങിയ പാത്രവുമായി അകത്തേക്ക് കയറി..

മുന്നിൽ അമ്മ നിൽക്കുന്നു ചിരിച്ചു കൊണ്ട്.. അമ്മ എല്ലാം കേട്ടുവെന്ന് അവൾക്ക് മനസ്സിലായി.

അവൾ നാണത്താൽ വിരൽ കടിച്ചു കൊണ്ട് മുടന്തി മുടന്തി അകത്തേക്ക് പോയി. അമ്മ അവളെ നോക്കി ചിരിച്ചു. അമ്മ പുറത്തിറങ്ങി ദേവനെ നോക്കി.

“ചേച്ചീ…അല്ല… അമ്മേ..രണ്ടീസം കഴിഞ്ഞു അച്ഛനേയും അമ്മയേയും ഇങ്ങോട്ട് വിടാം. തിയതി ഉറപ്പിക്കാൻ.. ആ പിന്നെ.. ഇനി ഞാനല്ല പാലുമായി വരിക. പെങ്ങടെ മോനാകും.. മാനസിയെ കാണാനായിട്ട് വരുന്നതാ ഞാൻ.

ഇനി അതിന്റെ ആവശ്യമില്ല.. പോട്ടെ… അമ്മേ”…ദേവൻ നടന്നു നീങ്ങി. ആ അമ്മ നിറഞ്ഞ മനസ്സും നിറഞ്ഞ കണ്ണുകളുമായി ദേവനെ നോക്കി നിന്നു…..

ദേവൻ ഒന്നു കൂടി തിരിഞ്ഞു നോക്കി. അവൾ ജനലിൽ കൂടി അവനെ നോക്കുന്നത് അവൻ കണ്ടു. അവൻ ചിരിച്ചു.. അവൾ അപ്പോഴും കരയുകയായിരുന്നു.ഇത്രയും കാലം ഈ സ്നേഹനിധിയെ മനസ്സിലാക്കാതെ പോയല്ലോ എന്നോർത്തിട്ട്….

 

 

Leave a Reply

Your email address will not be published. Required fields are marked *