ഈ രണ്ട് ജാതകക്കാരെ തമ്മിൽ വിവാഹം കഴിപ്പിച്ചാൽ ആറുമാസം പോലും അവരുടെ വിവാഹജീവിതം എത്തില്ല എന്ന്…

(രചന: J. K)

 

ദേ പെണ്ണെ ഇരിക്കുമ്പോ കാലാട്ടാൻ പാടില്ല എന്ന് എത്ര തവണ പറഞ്ഞേക്കുന്നു..

മാളവികക്ക് ആകെ ദേഷ്യം പിടിച്ചു ജനിച്ച അന്ന് മുതൽ കേൾക്കുന്നതാണ് ഓരോരോ അന്ധവിശ്വാസങ്ങൾ….

കാൽ ആട്ടിയാൽ പ്രശ്നം, ഒറ്റ മൈനയെ കണ്ടാൽ പ്രശ്നം പൂച്ച വട്ടം ചാടിയാൽ പ്രശ്നം പുറകീന്ന് വിളിച്ചാൽ പ്രശ്നം…..

അവൾക്ക് ഇതിലൊന്നും വിശ്വാസം ഉണ്ടായിരുന്നില്ല.. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ പുച്ഛിച്ച് വിട്ടുകളയാറ് ആണ് പതിവ്…

ചെറുപ്പം മുതൽ ഇങ്ങനെയുള്ള കേൾക്കുന്നത് കൊണ്ട് അവൾക്ക് ഇത്തരം ആചാരങ്ങളോട് വല്ലാത്ത വെറുപ്പായിരുന്നു അതുകൊണ്ടുതന്നെ അങ്ങനെയുള്ള വർത്തമാനങ്ങൾ എതിർക്കാനുള്ള ഒരു ത്വര ആദ്യമേ ഉണ്ടായിരുന്നു….

നോക്കിക്കോ ഇതിലൊന്നും യാതൊരു വിശ്വാസവും ഇല്ലാത്ത ഒരാളെ മാത്രമേ ഞാൻ കല്യാണം കഴിക്കൂ എന്നവൾ വാശിയോടെ അപ്പോൾ അവരോടെല്ലാം പറഞ്ഞിരുന്നു….

ഒരു പക്ഷിയായി പറക്കാൻ ആഗ്രഹിച്ചു അവൾ.. ഈ കെട്ടുപാടിൽ നിന്നും ഒക്കെ രക്ഷ നേടി മേലെ പറക്കാൻ… അവളുടെ ലോകത്ത് വിഹരിക്കാൻ….

കോളേജിൽ പഠിക്കുന്ന കാലത്താണ് മഹേഷിനെ പരിചയപ്പെട്ടത്… കോളേജിൽ ആയാൾ അവളുടെ സീനിയർ ആയിരുന്നു രണ്ടു വർഷം…

ഒരിക്കൽ തന്റെ ഏതോ അകന്ന ബന്ധുവിന്റെ കല്യാണത്തിന് മഹേഷിനെ കണ്ടിട്ടുണ്ട്…..

അങ്ങനെയാണ് കോളേജിൽ വച്ചു കണ്ടപ്പോൾ ആ പരിചയം അയാൾ പുതുക്കാൻ വന്നത് പിന്നീട് അത് നല്ലൊരു സൗഹൃദം ആയി മാറുകയായിരുന്നു സൗഹൃദത്തിന്റെ നിറംമാറി ഇപ്പോഴത് പ്രണയത്തിൽ എത്തി നിന്നു….

കോളേജിലെ പഠനം കഴിഞ്ഞ് മഹേഷ് പോകുമ്പോൾ മാളവികക്ക് ഉറപ്പുനൽകിയിരുന്നു എത്രയും പെട്ടെന്ന് ഒരു ജോലി കണ്ടുപിടിച്ച് അവളുടെ വീട്ടിൽ, വീട്ടുകാരുമായി വന്ന് അന്വേഷിച്ചു കൊള്ളാമെന്ന്…..

അത് വിശ്വസിച്ച് മാളവികയും ഇരുന്നു ഏറെ താമസിക്കാതെ മഹേഷിന് വിദേശത്ത് നല്ലൊരു ജോലി ശരിയായി….. അപ്പോഴൊക്കെയും അവർ അവരുടെ മനോഹരമായ പ്രണയം മുന്നോട്ടുകൊണ്ടുപോയി…….

അത്യാവശ്യം നല്ല ജോലിയായിരുന്നു മഹേഷിന് തരപ്പെട്ടത് അതുകൊണ്ടുതന്നെ വീട്ടുകാർക്ക് വേറെ എതിർപ്പ് ഒന്നും കാണില്ല എന്ന് മാളവികയും കരുതി….

മഹേഷ്‌ മാളവികയുടെ ഉപരിപഠനം കൂടി കഴിയാൻ വേണ്ടി കാത്തു നിന്നു കഴിഞ്ഞപ്പോൾ അയാൾ ലീവിന് നാട്ടിൽ വന്നു… തന്റെ വീട്ടുകാരും ഒന്നിച്ച് മാളവികയുടെ വീട്ടിൽ പെണ്ണ് അന്വേഷിച്ചു അവർക്കും സമ്മതമായിരുന്നു…

പക്ഷേ ഒരു കാര്യം അവർ മുന്നോട്ട് വച്ചു, ജാതകം നോക്കണം, അതിന്റെ പൊരുത്തം ഇല്ലാതെ ഈ വിവാഹം നടത്താൻ പാടില്ല എന്ന് അവർ പറഞ്ഞു… അതുകൊണ്ട് മാത്രമാണ് പൊരുത്തം നോക്കിയത്…..

ജാതകങ്ങൾ തമ്മിൽ ഒരിക്കലും ചേരരുത് എന്നും കൂട്ട് ദശാസന്ധി ഉണ്ട് എന്നും… ഈ പെണ്ണിന് വൈധവ്യ ദോഷം ഉണ്ടെന്നും ഒക്കെ ജോത്സ്യർ വിധിയെഴുതി…..

ഈ രണ്ട് ജാതകക്കാരെ തമ്മിൽ വിവാഹം കഴിപ്പിച്ചാൽ ആറുമാസം പോലും അവരുടെ വിവാഹജീവിതം എത്തില്ല എന്ന്… ജോത്സ്യർ ഉറച്ചു പറഞ്ഞു.. കേട്ടവർക്ക് ഒക്കെ ഭയമായി…

ക്രമേണ മഹേഷിന്റെ വീട്ടുകാർ വിവാഹത്തിൽ നിന്നും പിൻവാങ്ങി…

അപ്പോഴും എന്തുചെയ്യണമെന്നറിയാതെ മഹേഷും മാളവികയും നിന്നു… അവളോട് ഇറങ്ങിവരാൻ മഹേഷ് പറഞ്ഞു.. അവൾ വരാം, ഇതിൽ ഒന്നും വിശ്വാസമില്ല… എന്നിട്ട് ഒരുമിച്ച് പോയി ജീവിക്കാം എന്ന് ഉറപ്പു കൊടുത്തതായിരുന്നു…

പക്ഷേ അത് മഹേഷിന്റെ വീട്ടിൽ ആരോ അറിഞ്ഞു… അവർ മാളവികയെ വിളിച്ച് സംസാരിച്ചു…

അവരുടെ മകന്റെ ജീവിതം തകർക്കാൻ വേണ്ടിയാണോ ഇങ്ങനെ ഒളിച്ചോടിപ്പോയി കല്യാണം കഴിക്കുന്നത് എന്ന് ചോദിച്ചു??? നിനക്ക് കുഴപ്പം ഒന്നും ഉണ്ടാവില്ല നിനക്ക് വേറെ കല്യാണം കഴിക്കാം, അവനെ നഷ്ടപ്പെട്ടാൽ….

ഞങ്ങൾക്ക് മാത്രമല്ലെ പോകുന്നത് എന്നൊക്കെ പറഞ്ഞപ്പോൾ അവൾ ആകെ തളർന്നിരുന്നു……

പിന്നീട് അവളും തീരുമാനിക്കുകയായിരുന്നു അവന്റെ നല്ലതിനുവേണ്ടി ഈ ബന്ധം വേണ്ട എന്ന്…

ഒന്നുമറിയാതെ മഹേഷ് അവളെ കൂടെ ജീവിക്കാനായി വിളിച്ചു ഇറങ്ങിവരാൻ പറഞ്ഞു…..

പക്ഷേ അവൾ എതിർത്തു… ഇത്ര ഒക്കെ എല്ലാരും പറഞ്ഞിട്ട് പിന്നെ അവന്റെ ജീവിതം വച്ച് ഒരു പരീക്ഷണത്തിന് മാളവികയും തയ്യാറല്ലായിരുന്നു….

അതുകൊണ്ടുതന്നെ അവൾ അവനോട് തന്നെ മറക്കാൻ വേണ്ടി പറഞ്ഞു.. അത് മഹേഷിനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു…

അയാളുടെ വീട്ടുകാർ ഇതിൽ ഇടപെട്ടതൊന്നും അയാൾക്ക് അറിയില്ലായിരുന്നു…

അയാൾ അവളോട് ഇറങ്ങിവരാൻ പറഞ്ഞ് വാശി പിടിച്ചു പക്ഷേ മാളവിക തയ്യാറല്ലായിരുന്നു…. വീട്ടുകാർ നിർദ്ദേശിച്ച മറ്റൊരു വിവാഹത്തിന് അവൾ സമ്മതം മൂളി… ജാതകം ചേർച്ച ഉള്ള മറ്റൊരു വിവാഹം….

മാളവികയുടെ മഹേഷിന്നോടുള്ള പ്രണയവും അടുപ്പവും ഒക്കെ അറിഞ്ഞ ഒരാളായിരുന്നു വിവാഹംകഴിച്ചത്….

അതുകൊണ്ടുതന്നെ അവരുടെ ജീവിതം അത്ര മനോഹരം ആയിരുന്നില്ല കല്ലുകടി പോലെ ഇടയ്ക്കിടയ്ക്ക് ഇക്കാര്യം പറഞ്ഞു വഴക്ക് കൂടി അയാൾ….

മാളവികയുടെ വിവാഹം കഴിഞ്ഞതും മഹേഷ് ആകെ തളർന്നു അയാൾ ലീവ് ക്യാൻസൽ ചെയ്ത് വീണ്ടും വിദേശത്തേക്ക് പറന്നു….

അവളുടെ യാതൊരു ഓർമ്മകളും ഇനി തന്നില് അവശേഷിക്കരുതെന്ന് അവന് നിർബന്ധമായിരുന്നു… താൻ ഇത്രയൊക്കെ ചെയ്തിട്ടും കൂടെ വരാത്ത അവളോട് ദേഷ്യമായിരുന്നു…..

മാളവികയും അവന്റെ ഓർമ്മകൾ മനസ്സിൽ നിന്നും മായ്ച്ചു ഒരു നല്ല ഭാര്യയാവാൻ ഉള്ള ശ്രമത്തിലായിരുന്നു…എന്നിട്ടും അയാളുടെ അടുത്ത് നിന്നും അവൾക്ക് പഴി മാത്രം കേട്ടു…. ഇതിനിടയിൽ മാളവിക ഗർഭിണിയായി…

പക്ഷേ ഭർത്താവ്, വഴക്കിനിടയിൽ ഇത് മഹേഷിന്റെ കുഞ്ഞ് ആണോ എന്ന് ചോദിച്ചത് അവൾക്ക് താങ്ങാൻ ആയില്ല… മറ്റേന്തൊക്കെ പറഞ്ഞാലും ഇതു മാത്രം അവൾക്ക് സഹിക്കാൻ ആവില്ലായിരുന്നു…

ഒരു മുഴം കയറിൽ ആ രണ്ടു ജീവനുകൾ പൊലിഞ്ഞു പോയി…. എല്ലാം അറിഞ്ഞു മഹേഷ് നാട്ടിൽ വന്നിരുന്നു.. അയാൾ മാളവികയുടെ ജീവനില്ലാത്ത ശരീരം കാണാൻ വേണ്ടി പോയി…. അവസാനമായി…

അയാൾക്ക് അത് കാണാനുള്ള ശക്തി ഇല്ലെങ്കിൽ കൂടി… അവളുടെ യും അവന്റെയും വീട്ടുകാർ കരഞ്ഞുകൊണ്ട് അതിനരികെ ഇരിക്കുന്നുണ്ടായിരുന്നു അയാൾക്ക് അത് കണ്ട് ദേഷ്യം വന്നു…

ഇപ്പോൾ നിങ്ങളുടെ ജാതകദോഷം മാറിക്കിട്ടിയോ.. എന്ന് ചോദിച്ച അവൻ പൊട്ടിക്കരഞ്ഞു അവളെ എനിക്ക് തന്നിരുന്നെങ്കിൽ…

അതിനു സമ്മതിച്ചിരുന്നു എങ്കിൽ ഞാൻ പൊന്നു പോലെ നോക്കില്ലായിരുന്നോ…..??എന്ന് ചോദിച്ചു ഉത്തരമില്ലാതെ അവർ നിന്നു…..

“”വിളിച്ചതല്ലെടീ.. എന്റെ കൂടെ.. വന്നോ. എന്നിട്ട് ഇപ്പോ തന്നിഷ്ടം കാട്ടി കിടക്കുന്നു അവൾ.. ദേഷ്യമാടീ നിന്നോട്.. നിന്റെ മഹിയേട്ടന് ദേഷ്യാ…”””

എന്ന് പറഞ്ഞവൻ ഇറങ്ങുമ്പോ, കുറ്റബോധത്തോടെ അമ്മ പറഞ്ഞിരുന്നു അവളല്ല എല്ലാത്തിനും കാരണം താനാ എന്ന്..

എല്ലാം അറിഞ്ഞപ്പോ തകർന്നിരുന്നു മഹേഷ്‌..ഒരു കുഞ്ഞിനെ പോലെ കരഞ്ഞു…. പിന്നെ ആരോടും മിണ്ടാതെയായി… ഒരു മുറിയിൽ, ചങ്ങല കിലുക്കത്തിൽ അങ്ങനെ…

ചിലപ്പോൾ അവൾ വരും.. കൊഞ്ചി വിളിക്കും,മഹിയേട്ടാ എന്ന്… അന്നേരം അയാൾ ചിരിക്കും..

പൊട്ടി പൊട്ടി ചിരിക്കും…. അപ്പോഴും തറവാട്ടിൽ, ആരുടെയോ ജാതകം ചേർച്ച നോക്കാൻ കൊണ്ടു പോകുന്ന തിരക്കിൽ ആയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *