ഞാൻ ജീവിച്ചിരിക്കേ അവളുമായുള്ള നിന്റെ ഈ വിവാഹം നടക്കില്ലാന്ന് ” അച്ഛൻ അവനോടും പറഞ്ഞു,

(രചന: Pratheesh)

 

അവളുമായുള്ള അവന്റെ റെജിസ്റ്റർ വിവാഹം അന്നായിരുന്നു അതാണവൻ അന്നു പതിവിലും നേരത്തേ ഉറക്കമുണർന്നത്,

എന്നാൽ പുറത്തിറങ്ങാനായി വാതിൽ തുറന്നതും സ്വന്തം അച്ഛൻ തൂങ്ങി മരിച്ചു നിൽക്കുന്ന കാഴ്ച്ചയാണ് അവൻ കാണുന്നത്,

അതു കണ്ടതും പെട്ടന്നവൻ ഭയപ്പെട്ട് അമ്മേനു” അലറി വിളിച്ച് പിറകോട്ടു തന്നെ വീണു, അവന്റെ നോട്ടം അപ്പോഴും തൂങ്ങി നിൽക്കുന്ന അച്ഛനിലെക്കു തന്നെയായിരുന്നു,

അവന്റെ നിലവിളി കേട്ട് ഒാടി വന്ന അമ്മ ആ ദൃശ്യം കണ്ട് നെഞ്ചത്തടിയും നിലവിളിയും തുടങ്ങി, അതോടെ അയൽവാസികളെല്ലാം അതു കേട്ട് അങ്ങോട്ട് ഒാടിയെത്തി,

” ആരൊക്കെ എതിർത്താലും നാളെ ഞാനവളെ കെട്ടുമെന്നും എനിക്കൊരു ജീവിതമുണ്ടെങ്കിൽ അത് അവളോടൊത്തായിരിക്കും ”

എന്നവൻ അച്ഛനോട് വാശി പറഞ്ഞപ്പോൾ,”ഞാൻ ജീവിച്ചിരിക്കേ അവളുമായുള്ള നിന്റെ ഈ വിവാഹം നടക്കില്ലാന്ന് ” അച്ഛൻ അവനോടും പറഞ്ഞു,

എന്നാൽ അച്ഛൻ ഒരിക്കലും ഇങ്ങനെ ഒരു കടുംക്കൈ ചെയ്യുമെന്നവൻ കരുതിയില്ല,ഒാടി കൂടിയവരെല്ലാം അവനെ തന്നെയാണു കുറ്റം പറഞ്ഞത്, അച്ഛനല്ലെ ? ക്ഷമിക്കായിരുന്നില്ലെ ? വാശിയും വൈരാഗ്യവും എല്ലാം അച്ഛനോടു തീർക്കണമായിരുന്നോ ?

അന്നേരം ഇത്തരം ചോദ്യങ്ങൾ കൊണ്ടെല്ലാവരും അവനെ കൊല്ലാക്കൊല ചെയ്തു കൊണ്ടിരുന്നു,അതിനിടയിൽ അമ്മയും വിളിച്ചു പറഞ്ഞു,

“സ്വന്തം അമ്മയുടെ കെട്ടുതാലി അറുത്തു മാറ്റി തന്നെ വേണമായിരുന്നോടാ മഹാപാപി നിനക്കു വേറെ ഒരുത്തിക്കു താലി കെട്ടാൻ ?

നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ലടാ സാമദ്രോഹി “ഈ അസുരവിത്ത് എന്റെ വയറ്റിൽ തന്നെ വന്നു പിറന്നല്ലൊ എന്റെ ഭഗവാനെ ? അമ്മയുടെ നാവിൽ നിന്നു പിറന്നു വീണ ആ വാക്കുകൾ വെടിയുണ്ട കണക്കെ അവനുള്ളിലൂടെ കടന്നു പോയി,

എല്ലാം അവസാനിക്കുകയായിരുന്നു അവിടെ,മരണം കൊണ്ടു തീർപ്പാക്കേണ്ട അത്ര വലിയ പ്രശ്നങ്ങളൊന്നും അവർക്കിടയിൽ ഉണ്ടായിരുന്നില്ല,

എന്നാൽ അവന്റെയുള്ളിൽ എന്തു കൊണ്ടാണു അവളോടിത്ര സ്നേഹമെന്നു അച്ഛനെ ബോധ്യപ്പെടുത്തുന്നതിൽ അവനും,

മകൻ ഇഷ്ടപ്പെടുന്ന പെണ്ണുമായുള്ള വിവാഹത്തിന്റെ പോരായ്മ എന്താണെന്നു മകനെ ബോധ്യപ്പെടുത്തുന്നതിൽ അച്ഛനും പരസ്പരം പരാജയപ്പെട്ടു, അതാണിവിടെ സംഭവിച്ചത് !

അച്ഛന്റെ മരണത്തോടെ എല്ലാ ബന്ധങ്ങളും അറ്റു, അവളെയും അവനിൽ നിന്നു തുടച്ചു മാറ്റപ്പെട്ടു, ഇഷ്ടവും സ്നേഹവും വാശിയും വൈരാഗ്യവും എല്ലാം അവനിൽ ആറി തണുത്തു,

പിന്നീട് അവനോ അവളോ പരസ്പരം വിളിച്ചില്ല,കാണാൻ ശ്രമിച്ചില്ല, ഒരക്ഷരം പോലും പറയാതെഅവർ വഴി മാറി പരസ്പരം അകന്നു പോയി,

മൂന്നു നാലു മാസങ്ങൾക്കു ശേഷം ഒരു ദിവസം അവനറിഞ്ഞു അവൾ എന്തോ ജോലിക്കായി ഗൾഫിൽ പോകുകയാണെന്ന്, എന്നിട്ടും അവനവളെ കാണാൻ ശ്രമിച്ചില്ല, അച്ഛൻ ആ മരണം ഇരുവരേയും അത്രയേറെ അകൽച്ചയിൽ കൊണ്ടെത്തിച്ചിരുന്നു

അവൾ തുടർന്നൊരു മാസത്തിനകം ഗൾഫിൽ പോവുകയും ചെയ്തു, ഒരു മരണം അവരെ വേർപ്പെടുത്തിയതിന്റെ ആഴം അത്ര വലുതായിരുന്നു,

അതിലും പരിതാപകരമായിരുന്നു അമ്മയും അവനും തമ്മിലുള്ള വീട്ടിലെ അവസ്ഥ,ആ സംഭവത്തിനു ശേഷം അമ്മയും മകനും അവർ പരസ്പരം മിണ്ടിയിട്ടെയില്ല,

അമ്മ ഉണ്ടാക്കി വെക്കുന്ന ഭക്ഷണം ഒന്നും മിണ്ടാതെ അവൻ കഴിക്കുകയും,അമ്മക്കു ആവശ്യമായ പണം അമ്മക്ക് എടുക്കാൻ എളുപ്പത്തിൽ ഒരു ഡപ്പിയിലാക്കി മേശപ്പുറത്തു വെക്കുകയും ചെയ്യും,

അമ്മ കുറിയുടെയും ചിട്ടിയുടെയും പാസ്ബുക്ക് അതെ ഡപ്പിയുടെ അടുത്തു വെക്കുകയും അവനതിൽ പണം വെച്ച് അതവിടെ തന്നെ തിരിച്ചു വെക്കുകയും ചെയ്യും,

മൂന്നു വർഷങ്ങൾ കടന്നു പോയി,പക്ഷെ അവരുടെ ജീവിതരീതി മാറിയില്ല,ഒരേ വീട്ടിൽ രണ്ടു അന്യരേ പോലെ അവർ ജീവിച്ചു, ഒരു ദിവസം പണം വെക്കുന്ന ഡപ്പിക്കടുത്ത് അമ്മ വെച്ച ഒരു കല്യാണക്കത്തുണ്ടായിരുന്നു,

അതു കണ്ടപ്പോഴാണ് അവൾ നാട്ടിൽ വന്നിട്ടുണ്ടെന്നും അവളുടെ കല്യാണമാണെന്നും അതിന്റെ ക്ഷണക്കത്താണെന്നും അവനു മനസിലാകുന്നത്,

അതറിഞ്ഞപ്പോൾ പിന്നെയും നെഞ്ചിലെവിടയോ ഒരു വേദന, പിന്നെയും അവൻ സമാധിനിച്ചു അവളെങ്കിലും രക്ഷപ്പെട്ടോട്ടെയെന്ന് ”

എന്നിട്ടും അവളുടെ കല്യാണത്തിന്റെ തലേനാൾ പഴയ വേദനകൾ പിന്നെയും അവനെ തിരഞ്ഞെത്തി,

അച്ഛൻ മരണം കൊണ്ടത് തടഞ്ഞില്ലായിരുന്നെങ്കിൽ എന്നോ അവൾ തന്റെതാകുമായിരുന്നു എന്നോർത്തപ്പോൾ,

അവന്റെ മനസു വിങ്ങിപ്പൊട്ടാൻ തുടങ്ങി, ഹൃദയം നുറുങ്ങാൻ തുടങ്ങി, ഒാർമ്മകൾ അവനെ അന്നേരം കാരമുള്ളുകളായി കുത്തി നോവിക്കാൻ തുടങ്ങി,

എങ്കിലും സ്വയം വേദനിക്കാനല്ലാതെ അവളെ വേദനിപ്പിക്കാൻ അവൻ ഇഷ്ടപ്പെട്ടില്ല,

തന്റെ വേദനകളെ സ്വയം കണ്ണീരിൽ അവസാനിപ്പിച്ച് ഒരോന്നോർത്ത് വേദനയിൽ മുങ്ങി കിടന്ന് എപ്പഴോ അന്നവനുറങ്ങിപ്പോയി,

വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ടാണ് ഉറക്കത്തിൽ നിന്നവൻ ഞെട്ടിയുണർന്നത്, ഫോൺ എടുത്തു നോക്കിയതും സമയം പുലർച്ചെ അഞ്ചുമണി,

ആരായിരിക്കും ഈ നേരത്ത് ?അവനെണിറ്റു വാതിൽ തുറന്നപ്പോൾ അമ്മയും വാതിലിലെ തട്ടു കേട്ട് എണീറ്റിരുന്നു,അവൻ പോയി വാതിൽ തുറന്നതും,

മുന്നിൽ അവൾ….!”പെട്ടന്നവർ ഇരുവർക്കും അതൊരു ഷോക്കായിരുന്നു ഇങ്ങനെ ഒരു ദിവസം അവരവളെ പ്രതീക്ഷിച്ചില്ല,

അവൾ അവനു നേരെ ഒരു ചെറിയ കടലാസ് തുണ്ട് നീട്ടി കൊണ്ടു പറഞ്ഞു, ഇത് എന്നെ കെട്ടാൻ വരുന്ന ആളിന്റെ നമ്പർ ആണ് ഈ സമയം വരെ ഞാനവരോട് സാവകാശം വാങ്ങിയിട്ടുണ്ട് ” വിളിച്ചു പറഞ്ഞാൽ അവർ വരില്ല…!

അതുകേട്ട് അവളോടെന്തു പറയണം എന്നറിയാതെ നിൽക്കുന്ന അവനെ മറി കടന്ന് അമ്മ പറഞ്ഞു,മോള് അകത്തേക്കു കേറിവാ..!

അവൾ അകത്തു കയറിയതും അവളുടെ കൈയ്യിലെ ആ കടലാസ് വാങ്ങി അമ്മ അത് അവന്റെ കൈയ്യിൽ വെച്ചു കൊടുത്തു കൊണ്ട് പറഞ്ഞു,

പോയവർ പോയി, മരണപ്പെട്ടവർ മൂലം ജീവിച്ചിരിക്കുന്നവർ ശിക്ഷിക്കപ്പെടുന്നത് ശരിയല്ല, ജീവനോടെ ഇരിക്കുന്നവർക്ക് മരണപ്പെട്ടവരെ പോലെ ജീവിക്കാനും സാധ്യമല്ല,

ജീവിച്ചിരിക്കുന്നവർക്ക് മരണപ്പെട്ടവരോടു ഇഷ്ടങ്ങളുണ്ടാവും എന്നാൽ ആ ഇഷ്ടങ്ങൾ ജീവിച്ചിരിക്കുന്നവർക്ക് ബാധ്യതയാവാൻ പാടില്ല കാരണം അവർ മനസ്സു കൊണ്ടും ശരീരം കൊണ്ടും ഇനിയും വളരെ കാലം ജീവിക്കേണ്ടതുണ്ട് !!

നമ്മളെ പോലെ ഇക്കാലമത്രയും നിന്നോടു പോലും ഒരക്ഷരം ഉരിയാടാതെ ഇവളും ക്ഷമയോടെ കാത്തിരുന്നില്ലെ ? മനസാക്ഷിയോടു കള്ളം പറയാൻ കഴിയാതെ, ഇപ്പോഴും അവൾ നിനക്കു വേണ്ടിയല്ലെ സ്വന്തം മനസാക്ഷിയോടു പോലും പൊരുതുന്നത് ?

ഇപ്പോൾ നിനക്കവളെ വേണ്ടാനു പറഞ്ഞാൽ അവൾ എല്ലാം തന്റെ വിധിയാണെന്നു കരുതി ജീവിക്കും,

എന്റെ ഭർത്താവിന്റെ മരണത്തിനു ഉത്തരവാദിയായവരിൽ ഒരാൾ അവളാണെന്ന ബോധം അവൾക്കുള്ളിൽ ഉള്ളയിടത്തോള്ളം ഞാൻ അവളുടെ പ്രതിയോഗി ആയിരിക്കുമെന്നവൾക്കറിയാം,

എന്നിട്ടും അവൾ വന്നത് നിന്റെയുള്ളിൽ അവളോടുള്ള സ്നേഹത്തിന്റെ ഒരു കണികയെങ്കിലും ബാക്കിയുണ്ടോ എന്നറിയാനും അവൾ നിന്നെ മറന്നിട്ടില്ല എന്നറിയിക്കാനുമാണ്,

അതിന് ഈ നേരത്തോള്ളം അനുയോജ്യമായ മറ്റൊരു നേരമില്ല, അവൾ ഈ വീടിന്റെ മുന്നിൽ ഇപ്പോൾ ഇങ്ങനെ വന്നു നിൽക്കണമെങ്കിൽ അന്നവൾ ഇവിടം വിട്ടു പോയത് ഒന്നും മറക്കാനല്ല,

എല്ലാം കലങ്ങി തെളിയാനുള്ള സാവകാശം തേടിയാണെന്ന് നിനക്കു മനസിലായിലെങ്കിലും ഒരു പെണ്ണെന്ന നിലക്ക് എനിക്കു മനസിലാവും,

അതെങ്ങനാടാ ഞാൻ കണ്ടില്ലെന്നു നടിക്കുക ?മരിച്ചു പോയവരുടെ അദൃശ്യതയേക്കാൾ ജീവിച്ചിരിക്കുന്നവരുടെ നിശബ്ദതയാണ് ഏറ്റവും വലിയ വേദന അതറിഞ്ഞവർക്ക് എളുപ്പം മനസിലാവും മറ്റൊരാളുടെ ഹൃദയത്തിനകത്തെ ശബ്ദം !

അവളുടെ സ്ഥാനത്ത് മറ്റൊരു പെണ്ണായിരുന്നെങ്കിൽ ഈ കാലം കൊണ്ട് മറ്റൊരുവന്റെ ഭാര്യയായി അവന്റെ കുഞ്ഞുങ്ങളെയും പ്രസവിച്ച് ഒതുങ്ങി കൂടിയേനെ,

പ്രതിസന്ധികളിൽ തളരാതെ തന്റെ ഇഷ്ടങ്ങൾക്കു വേണ്ടി എല്ലാം സഹിച്ച് ഇഷ്ടപ്പെട്ട ജീവിതത്തിനായി കാത്തിരിക്കാൻ എല്ലാവർക്കും സാധിക്കില്ല,

ഒന്നിൽ പിഴച്ചാൽ മറ്റൊന്ന്.., അല്ലെങ്കിൽ വിവാഹത്തിനു മുന്നേ ഫോണിലൂടെ ഇഷ്ടം പോലെ സംസാരത്തിനു സാധ്യതയുള്ളതു കൊണ്ട് മറ്റൊരു ബന്ധം വളരെ എളുപ്പമാണെന്ന ധരിക്കുന്നവരാണ് ഇന്ന് കൂടുതലും,

എന്നാൽ അവളുടെ ഹൃദയത്തിനുനിന്റെ ആകൃതിയാണ് “ഒരു പുലർക്കാലത്ത് അവൾ കാരണം അണഞ്ഞു പോയ ഈ വീട്ടിലെ വെളിച്ചം മറ്റൊരു പുലർക്കാലത്ത് അവളെ കൊണ്ടു തന്നെ വീണ്ടെടുപ്പിക്കുക എന്നതാവും ദൈവ നിശ്ചയം ”

അതു പോലെ ഇനിയും ഈ വീടിൽ ഒന്നും മിണ്ടാനാവാതെ കഴിയാൻ എനിക്കും വയ്യാ…

അതൊടെ എല്ലാം പിന്നെയും തളിരിടാൻ തുടങ്ങി, ചില പ്രതിസന്ധികൾ വരുമ്പോൾ നമ്മുക്ക് തോന്നും എല്ലാം അവിടെ അവസാനിക്കുകയാണെന്ന്,

എന്നാൽ നിങ്ങൾക്കുള്ളിലെ ആഗ്രഹങ്ങൾക്കും മോഹങ്ങൾക്കും കരുത്തുണ്ടെങ്കിൽ

അവക്കായി കാത്തിരിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ, അവ നിങ്ങളുടെതായി മാറുക തന്നെ ചെയ്യും…

Leave a Reply

Your email address will not be published. Required fields are marked *