വല്ലോന്റെ പെണ്ണിനേം കൊണ്ട് നാടു വിടണം അല്ലേടാ….. രണ്ടു ദിവസം നീ എവിടെയാടാ കഴപ്പു തീർത്തത്…..?ഇന്ന് നിന്റെ

സുമി

(രചന: രഘു കുന്നുമ്മക്കര പുതുക്കാട്)

 

അജിത്ത്, ആ ശബ്ദത്തിൽ നടുങ്ങിപ്പോയി.മുഖമടച്ചു കിട്ടിയ അടിയേറ്റ് കിഷോർ പുറകിലേക്കു വേച്ചു പോയി.

അവനോടു ചേർന്നു നിന്ന സുമിയുടെ മിഴികളിൽ, അപമാനവും ഭീതിയും വ്യഥയും മുറ്റി നിന്നു.സബ്ബ് ഇൻസ്പെക്ടർ വീണ്ടും കയ്യാഞ്ഞു വീശി …..

കിഷോറിന്റെ കവിളിൽ പടക്കം പൊട്ടി.”നായിന്റെ മോനെ…..പെണ്ണും കെട്ടി, അതില് രണ്ട് ക്ടാങ്ങളുള്ള നിനക്ക്, വല്ലോന്റെ പെണ്ണിനേം കൊണ്ട് നാടു വിടണം അല്ലേടാ…..

രണ്ടു ദിവസം നീ എവിടെയാടാ കഴപ്പു തീർത്തത്…..?ഇന്ന് നിന്റെ അവസാനമാണ്…..ഇനി നിന്റെ കൊടിയുയരില്ല…..”

സബ്ബ് ഇൻസ്പെക്ടർ പുലഭ്യം തുടർന്നു.മേഘമോൾ അജിത്തിനോടു ചേർന്നു നിന്നു.അച്ഛനെയും തന്നേയും കൂട്ടാതെ,

അമ്മ, കിഷോർ മാമന്റെ കൂടെയെന്തിനാണു പോയത്…..?ടൂർ പോയതാണോ…..?അച്ഛനല്ലേ, അമ്മയേയും ഈ മേഘമോളേയും കടലു കാണിക്കാൻ കൊണ്ടുപോകാറ്…..

പിന്നെന്തിനാണമ്മ കിഷോർ മാമന്റെ കൂടെ പോയത്…?പുറത്തേ മുറിയിൽ കിഷോർ മാമന്റെ ഭാര്യ സബിതാന്റിയും, അച്ചുവും കിച്ചുവും നിന്നു കരയണുണ്ട്…..

അച്ചൂം കിച്ചൂം എത്ര നല്ല കൂട്ടായിരുന്നു…..അവരെന്തിനാണ് കരയണത്….?

അമ്മേടെ വീടിന്റെ രണ്ടു വീടപ്പുറമാണ് കിഷോർ മാമന്റെ വീട്.അമ്മയോടൊപ്പം ഇവിടെ നിൽക്കാൻ വരുമ്പോഴെല്ലാം,

കിഷോർ മാമൻ അമ്മയോടു രഹസ്യമായി എന്തൊക്കെയോ സംസാരിക്കുന്നതു കാണാം…..ഒരുവേള അവരിരുവരും കൈവിരലുകൾ കൊരുത്തായിരുന്നു സംസാരിക്കുന്നുണ്ടായിരുന്നത്.

എസ് ഐ, അജിത്തിനോടു ചോദിച്ചു.”മിസ്റ്റർ അജിത്ത്,നിങ്ങൾക്ക് നിങ്ങളുടെ ഭാര്യയേ സ്വീകരിക്കാൻ പ്രയാസമില്ലല്ലോ…..?ഒളിച്ചോടിപ്പോയ ഭാര്യയെ,വീട്ടിലെത്തീട്ടു പീഢിപ്പിക്കാനാണെങ്കിൽ അതു നടക്കില്ല.നിങ്ങൾക്ക് ഇവളെ സ്വീകരിക്കാൻ പൂർണ്ണസമ്മതമാണോ…..?

അജിത്ത്, മേഘമോളെ ചേർത്തുപിടിച്ചു.എന്നിട്ട് പതിയേ പറഞ്ഞു.”സർ,എനിക്ക് സുമിയോടു പിണക്കമില്ല.എന്റെ മകളുടെ അമ്മയാണവൾ…..

അവളെ ഞാൻ കൊണ്ടുപോകാം.കഴിഞ്ഞ രണ്ടുദിവസങ്ങളേ ഞാൻ ഹൃദയത്തിലെ കനലായി സൂക്ഷിക്കാം….മറ്റാർക്കും പൊള്ളാതെ…..എനിക്ക് എന്റെ ഭാര്യയേ, മകളുടെ അമ്മയേ തീർച്ചയായും വേണം…..

ഞങ്ങൾ പോകാൻ തയ്യാറാണ് സർ….”സുമി, അജിത്തിനും മേഘമോൾക്കുമൊപ്പം കാബിനിൽ നിന്നിറങ്ങി.അപ്പുറത്തേ മുറിയുടെ കോണിൽ ഒതുങ്ങിനിന്ന സബിതയുടെ മിഴികളിൽ അഗ്നിയെരിയുന്നത് അവൾ കണ്ടു.

അച്ചുവും കിച്ചുവും സുമിയാന്റിയെ കണ്ടു നിറഞ്ഞു ചിരിച്ചു…..വീണ്ടും, കരണം പുകയുന്ന ശബ്ദമുണ്ടായി.കിഷോറിനുള്ള അവസാന താക്കീത്.

മാതാപിതാക്കളോടും, രണ്ടു മക്കളോടും ചേർന്നു നിന്ന സബിതയേ ഒരു നോക്കു നോക്കാതെ, കിഷോർ പോലീസ് സ്റ്റേഷനിൽ നിന്നുമിറങ്ങി നഗരത്തിരക്കിൽ മറഞ്ഞു.

രാത്രി…..മേഘമോളുറങ്ങിയപ്പോൾ പാതിരാവായി.ചുവരരികു ചേർന്നു മയങ്ങിയ മകളേ പുതപ്പിച്ച്, അജിത്ത് സുമിയുടെയരികിലേക്കു തിരിഞ്ഞു കിടന്നു.

അവൾ മച്ചിലേക്കു മിഴി പായിച്ച്, അനങ്ങാതങ്ങനെ കിടപ്പാണ്.

അരണ്ട വെട്ടത്തിൽ അവളുടെ കൺകോണുകളിലെ ഈർപ്പം കാണാമായിരുന്നു.

അജിത്ത് പതിയേ മന്ത്രിച്ചു…..”സുമീ……സാരമില്ല……എനിക്കു നിന്നോടു ദേഷ്യമില്ല……വിവാഹം വരേ, ഒരു പ്രണയവും ഉണ്ടാക്കാൻ കഴിയാഞ്ഞത് എന്റെ കുറവായിരിക്കാം…..

ജീവിത പ്രാരാബ്ധങ്ങൾ അതിനനുവദിച്ചില്ല എന്നതാണ് പകുതി വാസ്തവം.സമ്പന്നനായപ്പോഴേക്കും എനിക്കു വിവാഹപ്രായമായി.

നമ്മുടെ കല്യാണം നടന്നു.നീയും കിഷോറും തമ്മിലുള്ള ബാല്യകാലം മുതൽക്കുള്ള പ്രണയം എനിക്കറിയില്ലായിരുന്നു.

നീയും അവനും വിവാഹശേഷവും അതു തുടരുന്നതും…..”അജിത്ത് ഒന്നു നെടുവീർപ്പിട്ടു.പിന്നേ വാക്കുകൾക്കായി പരതി.അവന്റെ തൊണ്ടയിടറി.

“ഞാൻ ആദ്യമായറിയുന്ന പെണ്ണ്,നീ തന്നെയാണ് സുമീ…..ഒരു പെണ്ണുടലിന്റെ നഗ്നത.വേർപ്പു ഗന്ധം…..

പുളപ്പും, പുളിപ്പും….എല്ലാം ഞാൻ നിന്നിൽ നിന്നാണറിഞ്ഞത്.എനിക്കു നിന്നോടു പിണക്കമില്ല.ഇനി നീയൊരിക്കലും എന്നെ പിരിയരുത്…..എന്നും എന്നോടൊപ്പം വേണം…..

മേഘമോൾക്ക് അമ്മയില്ലാതെ എങ്ങനെ മുന്നോട്ടു പോകാനാകും……സാരല്യാ….. കഴിഞ്ഞതെല്ലാം മറക്കാം…..”

അജിത്ത്, സുമിയെ ഗാഢം പുണർന്നു.ഏങ്ങലുകളിൽ അവളുടെ ഉടൽ നടുങ്ങിക്കൊണ്ടിരുന്നു.

അവൾ, അയാളെ ഇറുകേ പുണർന്നു.രാവു നീണ്ടു.പുലരിയിൽ അജിത്ത് ഉണർന്നപ്പോൾ,

സുമി അരികിലുണ്ടായിരുന്നില്ല.ഇത്ര പുലർച്ചേ സുമിയെന്തിനാണ് അടുക്കളയിൽ കയറിയത്…..

മേഘമോൾ എന്തോ പിറുപിറുത്തുകൊണ്ട് തിരിഞ്ഞു കിടന്നുറക്കമായി.അജിത്ത് എഴുന്നേറ്റ് അടുക്കളയിലേക്കു നടന്നു.അടുക്കളയിൽ വെട്ടമുണ്ട്…..

അടുക്കളവാതിൽ ചാരിയിട്ടുമുണ്ട്.അജിത്ത്, ചാരിയ വാതിൽ തുറന്ന് അടുക്കളയിലേക്കു പ്രവേശിച്ചു.

ചരിഞ്ഞു വീണു കിടക്കുന്ന ഫൈബർ കസേരയാണ് ആദ്യം കണ്ണിലുടക്കിയത്.പിന്നെ,ഫാനിൽ തൂങ്ങിയാടുന്ന സുമിയുടെ ഉടലും……

അവളുടെ രാവുടുപ്പിന്റെ പോക്കറ്റിൽ അജിത്തിനെ കാത്ത്,ഒരു കടലാസുതുണ്ടിരുപ്പുണ്ടായിരുന്നു.അതിൽ ഇപ്രകാരം എഴുതിയിരുന്നു.

“സോറി, അജിത്…..ഞാൻ അജിത്തിന്റെ സ്നേഹം അർഹിക്കുന്നില്ല.എനിക്കുള്ള ശിക്ഷ, മരണം തന്നെയാണ്.

അജിത്തിന്റെയും മേഘമോളുടെയും ജീവിതത്തിലേക്ക് കളങ്കമില്ലാത്തൊരുവൾ കടന്നുവരട്ടേ…”

കടലാസുതുണ്ടു കാത്തിരിക്കുന്നുണ്ടാകാം…..അക്ഷമയോടെ…..അജിത്തിലേക്കെത്തുന്ന നിമിഷത്തിലേക്കായി…..പുലരി ചുവന്നു തുടുത്തു……നിലവിളികളിലേക്ക്…..

Leave a Reply

Your email address will not be published. Required fields are marked *