ഒരുത്തിയുടെ തൊലിവെളുപ്പിൽ എന്നെ ഉപേക്ഷിച്ചുപോയ ഒരു ഭർത്താവ് എനിക്കുമുണ്ടായിരുന്നു. അവളേയും അങ്ങേര് ഉപേക്ഷിച്ചുവെന്നാണ് കേൾക്കുന്നത്..

(രചന: ശ്രീജിത്ത് ഇരവിൽ)

 

ഓമന കുഞ്ഞുമായി ഓടിപ്പോയത് ഒരു ബീഹാറിയുടെ കൂടെയായിരുന്നു. അതുകൊണ്ട് അന്വേഷിച്ചവർക്ക് ആർക്കും അവളുടെ പൊടിപോലും കിട്ടിയില്ല.

ആ നിരാശയിൽ ആയിരിക്കണം ഭാര്യയും കുഞ്ഞും പോയപ്പോൾ തനിച്ചായിപ്പോയ ഒരു മനുഷ്യന്റെ ചങ്കുപൊട്ടിയ വേദന ആരൊക്കെയോ പകർത്തി സമൂഹ മാധ്യമത്തിൽ ഇട്ടത്. അതുകണ്ടവരെല്ലാം ഓമനയെ വെറുത്തു. മതിയാവോളം കുറ്റപ്പെടുത്തി.

സഹതാപം നിറഞ്ഞയൊരു നെടുവീർപ്പുമായി ആ വീഡിയോ തൊട്ടുമാറ്റി അടുത്തതിലേക്ക് പോകാൻ എനിക്ക് തോന്നിയില്ല. ഞാനത് വീണ്ടും വീണ്ടും കണ്ടു. അയാളുടെ ശബ്ദം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു..

ഞാനുമൊരു പെണ്ണാണ്. ഈ പാവത്തിനെ വിട്ട് പോകാൻ അവൾക്ക് എങ്ങനെ തോന്നി. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവർക്കേ അത്തരക്കാരുടെ വിഷമം അറിയുകയുള്ളൂ…

എന്തെങ്കിലും കാരണമില്ലാതെ ഭർത്താവിനെ വിട്ട് ആർക്കെങ്കിലും പോകാൻ പറ്റുമോ..! അതിൽ കുറിച്ച ഒരു അഭിപ്രായം ഞാൻ കണ്ടു. മറ്റൊരാളോടുള്ള താൽക്കാലിക ആവേശം മാത്രം മതി ഒരാൾക്ക് തന്റെ കൂട്ടിനെ ഒഴിവാക്കാൻ.

അതിന്റെ ജീവിക്കുന്ന തെളിവാണ് ഞാൻ. കൂടെ ജോലി ചെയ്യുന്ന ഒരുത്തിയുടെ തൊലിവെളുപ്പിൽ എന്നെ ഉപേക്ഷിച്ചുപോയ ഒരു ഭർത്താവ് എനിക്കുമുണ്ടായിരുന്നു. അവളേയും അങ്ങേര് ഉപേക്ഷിച്ചുവെന്നാണ് കേൾക്കുന്നത്..

മറ്റൊരു അഭിപ്രായത്തിൽ ഓമനയ്ക്ക് തന്റെ ഭർത്താവിന്റെ പക്കൽ നിന്ന് ശാരീരീക സുഖം കിട്ടുന്നുണ്ടാകില്ലെന്ന തരത്തിലായിരുന്നു. കാമസുഖം തേടി പോകുന്ന ഇവളുമാരെയൊക്കെ ന്യായീകരിക്കാനും ആളുകൾ. എന്നിരുന്നാലും ബഹുഭൂരിഭാഗം പേരും എന്നെ പോലെ തന്നെ ഭാര്യയും കുഞ്ഞും പോയ അയാളുടെ വിഷമത്തിൽ പങ്കുകൊണ്ടു.

അന്ന് രാത്രിയിൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഓമനയുടെ ഭർത്താവൊരു ഓട്ടോ ഡ്രൈവറാണ്. നാട്ടുകാർക്കൊക്കെ എന്തൊരു മതിപ്പാണ് അയാളോട്.

ഇങ്ങനെയൊരു പാവം മനുഷ്യനെ വിട്ടുപോയ ഓമന ജീവിതകാലം മുഴുവൻ അനുഭവിക്കുമെന്ന് നാടുമുഴുവൻ ഒരേ സ്വരത്തിൽ പ്രാകുന്നു. ആ നാട്ടിലേക്ക് പോയി ആ മനുഷ്യനെ ഒന്ന് കണ്ടാലോയെന്ന ചിന്തയുമായി ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി.

പിറ്റേന്ന് കാലത്ത് തന്നെ ഞാൻ പുറപ്പെട്ടു. ബസ്സ് ഇറങ്ങി അന്വേഷിച്ചപ്പോൾ ഓട്ടോയിൽ പോകേണ്ട ദൂരമേയുള്ളൂ. ഓട്ടോ ഇറങ്ങി ഓമന ഓടിപ്പോയ ആ വീട്ടിലേക്ക് ഞാൻ നടന്നു. രണ്ടുവട്ടം കാളിംഗ് ബെല്ലടിച്ചപ്പോൾ കുഴിഞ്ഞ കണ്ണുകളുമായി അയാൾ കതക് തുറന്നു. അനുവാദം ചോദിച്ച് ഞാൻ അകത്തേക്ക് കയറുന്നത് പുറത്ത് നിന്ന് ആരൊക്കെയോ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

‘ഞാൻ നിങ്ങളുടെ വീഡിയോ കണ്ടിരുന്നു.’അയാൾ ഒന്നും പറയാതെ തലകുനിച്ചു. ആ കുനിഞ്ഞ തലയാണ് നിങ്ങൾ എന്തിനാണ് വന്നതെന്ന് എന്നോട് ചോദിച്ചത്.

‘വിഷമിക്കരുതെന്ന് പറയാൻ.’അതുകേട്ടപ്പോൾ ആ മനുഷ്യൻ ഉള്ളുപൊട്ടി കരഞ്ഞു. ഞാനൊരു കുഞ്ഞിനോടെന്ന പോലെ ആശ്വസിപ്പിച്ചു. കൂടുതലൊന്നും പറയാൻ പറ്റാതെ വന്ന രംഗമായതുകൊണ്ട് ഉടനെ ഞാൻ അവിടെ നിന്ന് പോകുകയായിരുന്നു.

പിന്നീടും രണ്ടുവട്ടം ഞാൻ അവിടേക്ക് ചെന്നു. അയാളോട് വല്ലാത്തയൊരു അടുപ്പം എനിക്ക് തോന്നിത്തുടങ്ങുകയായിരുന്നു. ജീവിതത്തിലെ ഏകാന്തവാസം അവസാനിപ്പിക്കാൻ നേരമായെന്ന് ആരോ പറയുന്നത് പോലെ…

ആദ്യ ഭർത്താവിന് മറ്റൊരാളോട് ഇഷ്ടമുണ്ടായിരുന്നത് കൊണ്ടുമാത്രമായിരുന്നില്ല ആ ബന്ധം വേർപെട്ടുപോയത്. തന്നിലും പ്രാധാന്യം അവൾക്കാണെന്ന് പറഞ്ഞപ്പോൾ പിന്നീട് അവിടെയെനിക്ക് നിൽക്കാൻ തോന്നിയില്ല.

രണ്ടുവർഷം കഴിഞ്ഞ് മതി കുഞ്ഞുങ്ങളെന്ന് തീരുമാനിച്ചത് ഒരുകണക്കിന് നന്നായി. ഞങ്ങളുടെ ബന്ധം അതുവരെയൊന്നും പോയില്ല. അതുകൊണ്ട് തന്നെ ഒരു ഓട്ടോക്കാരന്റെ ജീവിതത്തിലേക്ക് ചേക്കേറാൻ എനിക്ക് എളുപ്പമായിരുന്നു..

മൂന്നാമത്തെ തവണ ആ വീട്ടിലേക്ക് കയറുമ്പോൾ എന്റെ കൈയ്യിലൊരു നിലവിളക്കുണ്ടായിരുന്നു. ആ നാട്ടുകാരെല്ലാം സാക്ഷിയായി ഞാൻ അയാളുടെ ഭാര്യയായി. വന്നവരെല്ലാം എന്റെ തീരുമാനത്തെ അന്ന് അഭിനന്ദിച്ചു.

അത്രയ്ക്കും പാവമാണ് അയാളെന്ന് ആവർത്തിച്ചു . നിനക്കാണ് അവന്റെ സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യമെന്ന് വരെ വന്നവരിൽ ചിലർ അയാളെ പുകഴ്ത്തി.

ആദ്യ കുറച്ചുനാളുകൾ വലിയ കുഴപ്പമുണ്ടായിരുന്നില്ല. ഭർത്താവ് ഓട്ടോയുമായി രാവിലെ ഇറങ്ങി പോയാൽ ഉച്ചക്ക് വരും. ഊണ് കഴിഞ്ഞുള്ള അൽപ്പനേരത്തെ വിശ്രമത്തിന് ശേഷം വീണ്ടും പോകും. പിന്നീട് തിരിച്ചുവരുന്നത് രാത്രിയിൽ ആയിരിക്കും..

അയാളുമായി ജീവിക്കാൻ ആരംഭിച്ചതിന്റെ പതിമൂന്നാമത്തെ നാൾ. ഇരുട്ടിയിട്ടും എന്റെ ഭർത്താവ് വന്നില്ല. ആപത്തൊന്നും വരുത്തല്ലേ ദൈവമേയെന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ കാത്തിരുന്നു. എന്റെ പ്രാർത്ഥന ഞാൻ ഇതുവരെ കാണാത്ത ഏതോ ദൈവം കേട്ടൂ..

പതിവില്ലാത്ത വേഗതയിൽ മുറ്റത്തേക്ക് ഓട്ടോ വന്ന് നിൽക്കുകയായിരുന്നു. അതിൽ നിന്ന് ഇറങ്ങിയ എന്റെ ആളുടെ കാലുകൾ കുഴയുന്നുണ്ടായിരുന്നു.

ഭർത്താവ് മദ്യപിച്ചെത്തിയാൽ തെയ്യം തുള്ളുന്നയൊരു ഭാര്യയല്ല ഞാൻ. അയാൾ കുളിയൊക്കെ കഴിഞ്ഞ് വന്നപ്പോൾ പരിഭവമൊന്നും കാട്ടാതെ ഞാൻ ഭക്ഷണം വിളമ്പി കൊടുത്തു. എന്നോട് ചിരിച്ചും സംസാരിച്ചും വിളമ്പിയതെല്ലാം കഴിച്ചു. പാത്രങ്ങളൊക്കെ കഴുകി, കുളിയൊക്കെ കഴിഞ്ഞെത്തുമ്പോഴേക്കും അയാൾ ഉറങ്ങിയിരുന്നു. ഞാനും കിടന്നു. പതിയേ മയങ്ങി.

ഒരു തൂവൽ സ്പർശം പോലെ എന്തോ എന്നിൽ ഇഴയുന്നു. എന്റെ മാറിടങ്ങളിലും വയറിലുമൊക്കെ സുഖമുള്ളയൊരു സ്പർശനം അറിഞ്ഞപ്പോൾ ഞാൻ ഉണർന്നു. ഭർത്താവാണ്. പൂർണ്ണമായും എന്നിലേക്ക് ഇഴയാൻ ഞാൻ വഴങ്ങി. വളരേ ആവേശത്തോടെ അയാൾ എന്റെ ദേഹത്തിൽ കിതച്ചു.

സുഖാനുഭൂതിയുടെ അറ്റം കഴിഞ്ഞപ്പോൾ പതിയേ എനിക്ക് വേദനിക്കാൻ തുടങ്ങി. എന്നിട്ടും ഭർത്താവിന്റെ ആസ്വാദനത്തിന് മുടക്കം വരുത്തേണ്ടായെന്ന് എനിക്ക് തോന്നി. ആ വേദനയിലുമൊരു സുഖം കണ്ടെത്തി ഞാൻ കിടന്നു. അയാൾ എന്നെ വിടുന്ന മട്ടില്ല. കൂടുതൽ ശക്തിയോടെ എന്നിലേക്ക് തന്നെ ആ പുരുഷൻ വീണുകൊണ്ടേയിരുന്നു…!

‘പതിയേ…’മാറിടങ്ങൾ അമർത്തി പിടിക്കപ്പെട്ടപ്പോൾ ഞാൻ പറഞ്ഞു. അയാൾ കേട്ടില്ല. അറവുശാലയിൽ തൂക്കിയിട്ട മാംസത്തിനോടെന്ന പോലെ അയാൾ അവകളെ ബലമായി കശക്കി. ഞാൻ കരഞ്ഞുപോയി.

‘വേദനിക്കുന്നു…!’

കേണുപറഞ്ഞിട്ടും എന്റെ ഭർത്താവ് എന്നെ വിട്ടില്ല. തള്ളിമാറ്റാൻ അയാളോളം ആരോഗ്യം എനിക്കില്ലെന്ന് ശ്രമിച്ചപ്പോൾ മനസ്സിലായി. ഞാൻ കാറിക്കരഞ്ഞു. അതുകേട്ടപ്പോൾ അയാൾ കൂടുതൽ ആവേശപ്പെട്ടു. ആ മനുഷ്യൻ എന്റെ വേദനകളെയാണ് ആസ്വദിക്കുന്നതെന്ന് മനസിലാകുമ്പോഴേക്കും അയാൾ നിർത്തി. എന്നിട്ട് കിടക്കയിലേക്ക് മറിഞ്ഞുവീണ് ഉറങ്ങി.

ഒരു ദുഃസ്വപ്നത്തിൽ നിന്ന് എന്നപോലെ ഞാൻ എഴുന്നേറ്റു. പറ്റുന്നില്ല. നടക്കാൻ പോലും തുടയിടുക്കിലെ വേദന അനുവദിക്കുന്നില്ല. തൊട്ടുനോക്കിയപ്പോൾ രക്തം പൊടിഞ്ഞിട്ടുണ്ട്. കഴുകിയപ്പോൾ എവിടെയൊക്കെയോ മുറിഞ്ഞ വേദനയിൽ ഞാൻ എങ്ങിയേങ്ങി കരഞ്ഞു.

അയാൾ ഉണരും മുമ്പേ ഇവിടെ നിന്ന് ഇറങ്ങണമെന്ന് തീരുമാനിക്കാൻ എനിക്ക് അധിക നേരം വേണ്ടിവന്നില്ല. തുണികളെല്ലാം എടുത്ത് ബാഗ് നിറക്കുമ്പോഴാണ് ഞാൻ ഓമനയെ ഓർത്തത്. പ്രതികരിക്കാൻ നാവും, ഇറങ്ങിപ്പോകാൻ ഇടവും ഉണ്ടായിരുന്നിരിക്കില്ല ആ പാവം പെണ്ണിന്..!

വിഷയം ഇതായതുകൊണ്ട് അകത്ത് നടക്കുന്നതൊന്നും പുറത്ത് പറയാനുള്ള ധൈര്യം മിക്കവർക്കുമില്ല. അങ്ങനെ എത്രയെത്ര നിസ്സഹായരായ പെണ്ണുങ്ങൾ കിടപ്പറയിലെ അടിമകളായി ജീവിതം നയിക്കുന്നുണ്ടാകും… ആലോചിക്കുമ്പോൾ തന്നെ പേടി തോന്നുന്നു…

നാട്ടിൽ നല്ലവനാണെന്ന അയാളുടെ മുഖം മൂടി വലിച്ചു കീറിയേ പറ്റൂ.. അതിനുള്ള ധൈര്യം സ്വയമുണ്ടോയെന്ന് ചിന്തിച്ചപ്പോൾ നൊന്തുനീറിയ എന്റെ ശരീരം വിറച്ചുപോയി. എന്നിട്ടും ഞാനത് തീരുമാനിച്ചു. ഇനിയൊരു പെണ്ണിനേയും അയാൾ വേട്ടയാടില്ല.

അതിനുവേണ്ടി എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു. എല്ലാത്തിനും അപ്പുറം പകൽ മാന്യനായ ഇങ്ങനെയൊരു മനുഷ്യനെ അഞ്ചാറുവർഷം സഹിച്ച ഓമനയെ ഞാൻ മനസ്സിൽ തൊഴുതുപോയി …

Leave a Reply

Your email address will not be published. Required fields are marked *