ഞാനൊരു എടുക്കാ ചരക്കുതന്നെ. ഇതെല്ലാം ശ്യാമളയ്ക്കും അറിയാം. പലപ്പോഴുമായുള്ള സംസാരത്തിൽ

(രചന: ശ്രീജിത്ത് ഇരവിൽ)

 

ശ്യാമളയ്ക്ക് എന്നെ ഇഷ്ട്ടമാണോയെന്ന് ചോദിക്കാൻ എനിക്ക് പേടിയായിരുന്നു. എന്താണ് അകത്തെന്ന് അറിയാതെ ഒരു മാളത്തിൽ കൈ ഇടുന്നത് പോലെയാണ് അവളോടുള്ള ഇടപെടൽ.

ദേഷ്യം വന്നാൽ അവളൊരു യക്ഷിയാണ്. കാരണക്കാർ ആരായാലും ശ്യാമള പൊട്ടിത്തെറിക്കും. എന്തൊക്കെയാണ് തന്റെ നാക്കിൽ നിന്ന് വരുന്നതെന്ന് അവൾക്ക് പോലും ആ നേരങ്ങളിൽ യാതൊരു ബോധവുമുണ്ടാകില്ല…

അന്ന് കൂടെ ജോലി ചെയ്യുന്ന ഒരാളുടെ പിറന്നാൾ ആഘോഷം ഓഫീസിൽ കൊണ്ടാടുകയായിരുന്നു.. വലിപ്പമുള്ള കേക്ക് വാങ്ങിയെങ്കിലും, കഴിക്കാൻ പാതിയേ ഞങ്ങൾക്ക് കിട്ടിയുള്ളൂ… മിച്ചമെല്ലാം പിറന്നാളുകാരന്റെ മുഖത്തും ഉടുപ്പിലുമായിരുന്നു…

ശ്യാമളക്ക് അന്ന് ദേഷ്യം വന്നു. തിന്നാൻ അല്ലെങ്കിൽ എന്തിനാണ് ഇത്രേം വലിയ കേക്ക് വാങ്ങി പാഴാക്കിയതെന്ന് ചോദിച്ച് അവൾ ശബ്ദിച്ചു.

‘ഒരു സന്തോഷമല്ലേ ശ്യാമളേ…’

ഞങ്ങളുടെ ബോസ്സ് ആയിരുന്നു അത് പറഞ്ഞത്. ഭക്ഷണം നശിപ്പിച്ച് കൊണ്ടല്ലടോ സന്തോഷം ഉണ്ടാക്കേണ്ടതെന്ന് അവൾ പറഞ്ഞു. അത് കേൾക്കേണ്ടി വന്നത് ബോസ് ആയിരുന്നത് കൊണ്ട് ഞങ്ങളെല്ലാം ഞെട്ടി. ആലോചിച്ചപ്പോൾ അവൾ പറഞ്ഞതിലെ വസ്തുത ബോസിന് മനസ്സിലായി കാണണം.. അല്ലെങ്കിൽ അവൾക്ക് തുടരാൻ ആ ജോലി ഉണ്ടാകുമായിരുന്നില്ല…

ശ്യാമള അങ്ങനെയാണ്.. തനിക്ക് ശരിയല്ലെന്ന് തോന്നിയാൽ അവൾ കലഹിക്കും. തെറ്റ് തിരുത്തുന്നത് വരെ തർക്കിക്കും… ശരികേടുകളുടെ ഒരു ലോകവും തനിക്ക് വേണ്ടായെന്ന നിർബന്ധക്കാരിയാണ് ശ്യാമള. അവൾ അടുത്ത് ഇടപെടുന്ന ചുരുക്കം പേരിൽ ഒരാളാണ് ഞാൻ എന്നതും ഇഷ്‌‌ട്ടം തുറന്നുപറയാൻ എന്നെ വിലക്കുന്നുണ്ട്…

ഒരിക്കൽ ഒരു അവധി ദിവസം ഞങ്ങൾ ഒത്തുകൂടി. സംസാരത്തിന്റെ ഏതോ വഴിയിൽ വെച്ച് നിനക്ക് കെട്ടാനൊന്നും പ്ലാനില്ലേയെന്ന് മീര ശ്യാമളയോട് ചോദിച്ചു. കെട്ടിയിടാൻ താനെന്താണ് പശുവോ എന്നായിരുന്നു അവളുടെ മറുപടി. വിവാഹമാണ് ഉദ്ദേശിച്ചത് പൊന്നേയെന്ന് പറഞ്ഞ് മീര കൈകൂപ്പി നിന്നു. അതുകണ്ടപ്പോൾ എല്ലാവരും ചിരിച്ചു….

പരസ്പരം സഹിക്കാൻ പറ്റുന്ന ഏതെങ്കിലും ഒരുത്തനെ കണ്ടാൽ ആലോചിക്കാമെന്ന് ചിരിക്കുന്നതിന് ഇടയിൽ ശ്യാമള പറഞ്ഞു. പ്രതീക്ഷകളുടെ പർവ്വതങ്ങൾ എന്റെ ഉള്ളിൽ ഉയർന്നെന്ന് പറഞ്ഞാൽ മതിയല്ലോ..

അന്നുരാത്രിയിൽ രണ്ടും കല്പിച്ച് എന്റെ ഇഷ്ട്ടം തുറന്ന് പറയാൻ ഞാൻ തീരുമാനിച്ചു. അതിനായി ശ്യാമളയെ ഫോണിൽ വിളിച്ചപ്പോൾ അവൾ എടുത്തില്ല. എടുക്കാ ചരക്കായ എന്റെ സ്നേഹത്തേയും മുറുക്കെ പിടിച്ച് ഞാൻ എപ്പോഴോ ഉറങ്ങുകയും ചെയ്തു.

പണ്ട് കോളേജ് പഠന കാലത്ത് ഒരുവളുമായി എനിക്ക് സ്നേഹ ബന്ധമുണ്ടായിരുന്നു. പേര് നിമിഷ. ഹോസ്റ്റൽ ഭക്ഷണത്തിൽ വയറുമടുത്തിരിക്കുന്ന എനിക്ക്, എത്രയോ വട്ടം അവൾ തന്റെ വീട്ടിൽ നിന്നും പല പല വിഭവങ്ങൾ കൊണ്ടുവന്ന് തന്നിട്ടുണ്ട്. എന്നിട്ടും, പഠനം കഴിഞ്ഞപ്പോൾ എന്നെ വേണ്ടെന്ന് അവൾ പറഞ്ഞു. നിമിഷ നേരത്തിലായിരുന്നു നിമിഷ അടർന്നുപോയത്. ഞാൻ അതീവ ദുഃഖിതനായി.

സ്നേഹത്തിൽ സ്ഥിരതയുണ്ടാകണമെന്ന് വാശിപിടിക്കുന്നതിൽ യാതൊരു അർത്ഥവുമില്ലെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് മാത്രം ആ വിഷമഘട്ടം മറികടക്കാൻ എനിക്ക് സാധിച്ചു.

അവസാന വർഷ പരീക്ഷ കഴിഞ്ഞിട്ടും ഞാൻ വീട്ടിലേക്ക് പോയില്ല. അച്ഛനും അമ്മയും പിരിഞ്ഞുതാമസിക്കുന്ന ആ വീട് ഒരു നാടക വേദിയാണ്. ഞാൻ പോകുമ്പോൾ മാത്രം പരസ്പരം സംസാരിക്കുന്ന ആ രണ്ടുപേർക്കിടയിൽ ഞാൻ വേണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

രണ്ടുപേർക്കും എന്നെ അറിയിക്കാത്ത മറ്റൊരു ജീവിതമുണ്ട്. അതിൽ ഞാൻ അറിയാത്ത മനുഷ്യരുമുണ്ട്. ഞാൻ പോകുമ്പോഴെല്ലാം അവർ അവിടെ നിന്നാണ് തങ്ങൾ ഒന്നാണെന്ന് കാണിക്കാനായി ഇറങ്ങി വരുന്നത്..

നിങ്ങളുടെ ഇഷ്ടത്തിന് ജീവിക്കുന്നതിൽ എനിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് അവസാന വട്ടം പോരുമ്പോൾ രണ്ടുപേരോടും ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു. ഒരു ജോലി തരപ്പെടുത്തി ഞാൻ എന്റെ പാട്ടിന് പോയാൽ അവർക്ക് അതൊരു ആശ്വാസമാണ്.

തമ്മിൽ വേർപിരിഞ്ഞുപോയ എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ കാരണം ജീവിതത്തിലൊരു തടസ്സം വരരുത്. അവർ യാതൊരു തെറ്റും ചെയ്യുന്നില്ല. തനിച്ചാണെന്ന് തോന്നുമ്പോൾ മനുഷ്യർ തീർച്ചയായിട്ടും ഒരു തുണയുടെ തണലുമായി കൂട്ടുകൂടും.

ആദ്യമായി ജോലിയിൽ പ്രവേശിച്ച കമ്പനിയിൽ നിന്നും എനിക്കൊരു ബന്ധം ഉണ്ടായിരുന്നു. പേര് മോഹിനി. പേരുപോലെ തന്നെ അവളൊരു മായാമോഹിനിയായിരുന്നു. ആരേയും മയക്കുന്ന സൗന്ദര്യം. ഞാൻ മലർന്നടിച്ച് വീണുപോയി. പരസപരം ശരീരം പങ്കിടുന്ന വിധത്തിൽ അടുത്തിട്ടും അവൾ എന്നെ ജീവിതത്തിലേക്ക് എടുത്തില്ല. മറ്റൊരു ഇടം കിട്ടിയപ്പോൾ മോഹിനി പൊടിയും തട്ടി പോയി.

ഞാനൊരു എടുക്കാ ചരക്കുതന്നെ. ഇതെല്ലാം ശ്യാമളയ്ക്കും അറിയാം. പലപ്പോഴുമായുള്ള സംസാരത്തിൽ എന്റെ ജീവിതം ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്. നിന്റെ ഈ പാവത്താൻ സ്നേഹമൊന്നും ആർക്കും വേണ്ടടോയെന്ന് പറഞ്ഞ് അവൾ എന്നെ കളിയാക്കിയിട്ടുമുണ്ട്. അച്ഛനും അമ്മയ്ക്കും വഴിമാറി കൊടുത്തതിൽ അവൾ എന്നെ വല്ലാതെ അഭിനന്ദിച്ചിരുന്നു…

പിറ്റേന്ന് ഓഫീസിൽ എത്തിയപ്പോൾ എന്തിനാടാ ഇന്നലെ നീ വിളിച്ചതെന്ന് ശ്യാമള എന്നോട് ചോദിച്ചു. ഉള്ളിൽ ഭയന്നിട്ടും വിറക്കാതെ ഞാൻ സംസാരിച്ചു.

‘എടുത്തില്ലല്ലോ… പിന്നെ എന്തിനാണ് പറയുന്നത്..?’

“അത് ന്യായം…!”

അവൾ എന്റെ തോളിൽ തട്ടിക്കൊണ്ടാണ് അതുപറഞ്ഞത്. അതീവ രഹസ്സ്യമായി മറ്റൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞുകൊണ്ട് ശ്യാമള എന്നെ കാന്റീനിലേക്ക് കൊണ്ടുപോയി. രഹസ്യവുമായി ശ്വസിക്കുന്ന എന്റെ നെഞ്ച് പിടച്ചു. എന്തായിരിക്കും അവൾക്ക് എന്നോട് പറയാനുള്ളത്..!

‘മധുവേട്ടാ… രണ്ടുരണ്ട് ഉണ്ടൻ പൊരിയും ചായയും..’

കാന്റീൻ ജീവനക്കാരനോട് വേണ്ടത് പറഞ്ഞുകൊണ്ട് അവൾ എന്നോട് ഇരിക്കാൻ പറഞ്ഞു. അഭിമുഖമായി ഇരിക്കുന്ന മേശയൊരു മറയെന്ന വിധം പെണ്ണിലൊരു ഒളിക്കണ്ണ് തെളിയുന്നുണ്ട്. ശ്യാമള എന്തിനോയുള്ള പുറപ്പാടാണെന്ന് ഞാൻ ഊഹിച്ചു.

‘സത്യം പറയെടാ…. നിനക്ക് എന്നെ ഇഷ്ട്ടമല്ലേ..!?’

അവൾക്ക് ചേരാത്ത ആ നാണവും മറയും പൊട്ടിച്ച് പുരികം ചുളിച്ചുകൊണ്ടാണ് ശ്യാമള അത് ചോദിച്ചത്. അതുകേട്ട് ഞാനൊരു അശ്ചര്യം ചിഹ്നം പോലെ തല വിട്ടുനിന്നു. വിട്ടുപോയ തലയുടെ ചലനത്തിൽ ഇതെന്തൊരു മാറിമായമെന്ന ചിന്ത മാത്രം ആയിരുന്നു…!

‘അല്ലെന്ന് പറയെല്ലടാ…. നമുക്ക് പരസ്പരം സഹിക്കാനൊക്കെ പറ്റുമെന്നേ… നിനക്ക് അറിയുന്ന പോലെ എന്നെ ആർക്കാ അറിയാ…’

മധുവേട്ടൻ വന്നപ്പോൾ ശ്യാമള സംസാരം നിർത്തി. കണ്ടുമുട്ടിയിട്ട് മൂന്നുവർഷങ്ങൾ ആയിട്ടും അതുപോലൊരു ഭാവം അവളിൽ ഞാൻ കണ്ടിരുന്നില്ല.

എന്തുപറയണമെന്ന് അറിയാതെ അവളുടെ പിടക്കുന്ന കണ്ണുകളിലേക്ക് ഞാൻ നോക്കിയിരുന്നു. അല്ലെങ്കിലും എന്തുപറയാനാണ്..! പറയേണ്ടതൊക്കെ ഒരു ഉണ്ടൻ പൊരിയും ചായയും വാങ്ങിത്തന്ന് ശ്യാമള തന്നെ പറഞ്ഞില്ലേ…!!!

Leave a Reply

Your email address will not be published. Required fields are marked *