തിരിച്ചറിവുകൾ
(രചന: Sinana Diya Diya)
ഇന്നലെ ഉച്ചക്ക് ശേഷം ഇക്കക്കു തിരൂർക്ക് പോവേണ്ട ആവിശ്യം ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞങ്ങളും ഉണ്ടെന്നു പറഞ്ഞു പിള്ളേർ പിറകെ കൂടി…
പിന്നെ നമ്മൾ ആയിട്ട് എന്തിന് മാറിനിൽക്കണം ഞാനും പെട്ടന്ന് റെഡിയായി. അപ്പോഴാണ് പിള്ളേർക്ക് ഒരു ഡിമാൻഡ് “കാറിൽ പോവണ്ട ട്രെയിനിൽ പോവാന്ന് “.
അവർ റെയിൽവേ ഗെയ്റ്റിൽ കൂടി പോവുന്ന ട്രെയിൻ കണ്ടിട്ട് ഉണ്ടെങ്കിലും അതിൽ കയറിയിട്ട് ഇല്ല അന്നേരം ഞാനും ഓർത്തു ഞാനും നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ആദ്യമായും അവസാനമായും ട്രെയിനിൽ യാത്ര പോയത്.
കുറ്റിപ്പുറത്തു ഒരു കല്യാണത്തിന് പോവുമ്പോൾ. പിന്നീട്അതിനുള്ള അവസരം ഉണ്ടായിട്ടില്ല.
പ രു തൂർ ഹൈസ്കൂളിൽ പഠിക്കുമ്പോൾ പള്ളിപ്പുറം വഴിപോവാണെങ്കിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിനിൽ കൂടി കടന്നു വേണം അപ്പുറം കടക്കാൻ, അങ്ങനെ ഇടക്കൊക്ക അതിൽ കയറി കുറച്ചു സമയം ചിലവഴിക്കാറുണ്ട്,
പിന്നെ എപ്പോഴും ചീറി പായുന്ന മൂപ്പരെ ദൂരെ നിന്ന് കണ്ട ബന്ധം മാത്രേ ഉള്ളു, അങ്ങനെ ഇന്നത്തെ യാത്ര ട്രെയിനിൽ കൂടി എന്നു സ്വപ്നം കണ്ടു
കുറ്റിപ്പുറം സ്റ്റേഷനിൽ എത്തിയപ്പോൾ ആണ് തിരൂർക് ഈ നേരത്ത് ട്രെയിൻ ഇല്ലാന്ന് പിന്നെ ടിക്കറ്റ് മുൻ കൂട്ടി എടുക്കണം എന്നൊക്കെ.
അതോടെ ആ പ്ലാനിങ് സ്വാഹാ… അങ്ങനെ മ്മടെ ഇക്കാ കാർ തന്നെ എടുത്തു അവിടെത്തി.
തിരൂരെത്തി അഞ്ചുമണിക്കൂർ ചുറ്റി നടന്നു നടന്നു തലവേദന വന്നു കൂടാതെ നല്ല ഒന്നൊന്നര ഇടിയും മഴയും അതോടെ മാർക്കറ്റ് കാണേണ്ട പൂതിയങ്ങു തീർന്നു.
എന്നിരുന്നാലും ആവിശ്യം ഉള്ളതും ഇല്ലാത്തതും ഒക്കെ വാങ്ങി ഇക്കാടെ പോക്കറ്റ് കാലിയാക്കാൻ മറന്നില്ല.
നമ്മളും ആ കാര്യത്തിൽ ഒട്ടും മോശം അല്ല. അങ്ങനെ ഇക്കാടെ കുറച്ചു പൈസ അവിടെ പൊട്ടിച്ചു. വരുന്ന വഴി പിള്ളേർ സൈലന്റ്റ് ആയിരുന്നു, എന്താന്ന് ചോദിച്ചപ്പോ ഒന്നൂല്യാന്നും പറഞ്ഞു.
” ക്ഷീണം കൊണ്ടാവും അവർ ഉറങ്ങിക്കോട്ടെ സീനു ” പിന്നെ ഞാനും ഒന്നും പറയാൻ പോയില്ല..
ഇടക്ക് വെച്ച് ഭക്ഷണം കഴിച്ചാണ് വീട്ടിൽ എത്തിയത് അപ്പോഴേക്കും 10 മണി ആയിരുന്നു.
വീട്ടിൽ എത്തിയിട്ടും മൂത്താളുടെ മുഖത്തിന് തെളിച്ചക്കുറവ് എന്താണെന്ന് കുറെ ചോദിച്ചപ്പോളാണ് പറയുന്നത് പെയിന്റ്റ് വാങ്ങിതന്നില്ലല്ലോന്ന്.
എന്നോട് പറഞ്ഞിരുന്നു വാങ്ങാൻ നേരം വൈകിയതിനാലും ചെറിയാൾ വാശിപിടിച്ചു കരഞ്ഞതിനാലും വയ്യാത്തൊണ്ടും അന്നേരം എങ്ങനെയെങ്കിലും വീട്ടിൽ എത്തിയാൽ മതിയെന്നായിരുന്നു .
ന്നാലും ഇക്കാ പറഞ്ഞു ഇനി നമ്മുടെ അവിടുത്തെ കടയിൽ നിന്നും വാങ്ങാന്ന് അങ്ങനെ ആണ് അവിടുന്ന് പോന്നത് വീട്ടിൽ എത്തിയിട്ടും ഇതിന്റെ പേരിൽ കരച്ചിലും മുഖം വീർപ്പിക്കലും കണ്ടപ്പോ എനിക്ക് കലികയറി..
കുറെ ചീത്ത പറഞ്ഞു അപ്പോൾത്തെ ദ്ദേഷ്യത്തിന്, പിന്നെ ഒരു ഡയലോഗും നിനക്ക് അപ്പോൾത്തെ സാഹചര്യം മനസ്സിലാക്കികൂടെ എന്നിട്ട് പെരുമാറിക്കൂടെ വയസ്സ് 12ആയില്ലേ…
എന്നൊക്കെഇതും കൂടി ആയപ്പോൾ അവൾക് എന്നോടുള്ള വാശിയും ദ്ദേഷ്യവും ഒന്നൂടി കൂടി എന്നു പറയാം, സത്യം പറഞ്ഞാൽ എനിക്കും തോന്നി അത്രക്ക് വേണ്ടായിരുന്നു എന്നു.
അവർ പറഞ്ഞതൊക്കെയും വാങ്ങി കൊടുത്ത് ഒരൊറ്റ സാധനം വാങ്ങാത്തതിനാണ് ഈ കാട്ടിക്കൂട്ടൽ എന്നൊക്കെ പറഞ്ഞു മ്മടെ സങ്കടം പുറത്തു കാണിക്കാതെ ഞാൻ റൂമിൽ കയറി വാതിൽ അടച്ചു. ഫോണിൽ തോണ്ടാൻപോലും നിന്നില്ല.,മൂടൊക്കെ പോയിരുന്നു….
അന്നേരം എനിക്ക് തോന്നിയത് എന്തെല്ലാം വാങ്ങികൊടുത്തു എന്നിട്ട് ഒരു ദയയും ഇല്ല എന്താ ഇവളൊക്കെ ഇങ്ങനെ എന്നാ..
ഇക്ക അവളെ സമാധാനിപ്പിച്ചു ഉറങ്ങിയതിനു ശേഷമേ അവരടെ അടുക്കൽന്നു പോന്നൊള്ളു എന്നിട്ട് എനിക്കിട്ട് നല്ലൊരു ഡയലോഗും സംഭവം തമാശ ആണെങ്കിലും ഞാനും ഒരുപാട് കാര്യങ്ങൾ ചിന്തിച്ചു എന്നെ ചിന്തിപ്പിച്ചു എന്നു പറയാം…
ഇന്ന് നിന്നോട് നിന്റെ മോൾ അങ്ങനെ പെരുമാറിയപ്പോ നിനക്ക് വേദനിച്ചു. ഈ പ്രായത്തിൽ നീയും ഇങ്ങനെ തന്നെ ആവില്ലേ,
കുട്ടികൾ അല്ലേ അവർക്ക് ശെരിയും തെറ്റും നല്ലരീതിയിൽ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം അല്ലാതെ ഇങ്ങനെ അല്ല പെരുമാറുക എന്നൊക്കെ…. മൂപ്പർ കാര്യം പറഞ്ഞതാണെങ്കിലും ഞാനും കുറെ കാലം പിറകോട്ടു പോയി..
എന്റെ സ്വഭാവം എന്തായിരുന്നുന്ന് ആലോചിച്ചു നോക്കി ഉമ്മാനോട്. ഉപ്പ വരുമ്പോൾ ഡീസെന്റ് ആയിരുന്നു.
പക്ഷെ ഉമ്മാനെ നല്ലോണം വെറുപ്പിച്ചിട്ട് ഉണ്ട്, ദേഷ്യപ്പെട്ടിട്ടുണ്ട്, പറഞ്ഞത് കേൾക്കാതിരിന്നിട്ട് ഉണ്ട്, സങ്കടപ്പെടുത്തിട്ടുണ്ട്,
അങ്ങനെ എന്നെ ഇത്രേം കാലം സഹിച്ചു എന്റെ പെരുമാറ്റം കണ്ടു എന്തോരം ആ മനസ്സ് വേദനിച്ചിട്ടുണ്ടാവും എനിക്കപ്പോൾ ഓർമ വന്നത് എന്റെ ഇൻട്രോ കണ്ടിട്ട് മ്മടെ നാട്ടുകാരും നല്ലൊരു സുഹൃത്തും ആയ
മനേഷ് മാഷിന്റെ കമന്റ്റിലെ ആ വാക്കുകൾ ആണ് നല്ല രക്ഷിതാക്കൾ വളർത്തിയ നല്ലൊരു മോൾ ശരിയാണ് രക്ഷിതാക്കൾ നല്ലത് ആയിരുന്നു ഞാനും പുറത്തൊക്കെ പക്കാ ഡീസന്റ് വീടിനുള്ളിൽ മഹാ കച്ചറയും.
ഇങ്ങട് വിളിച്ചാൽ അങ്ങട് പോവും എന്തെങ്കിലും ഹെല്പ് ചെയ്യാൻ പറഞ്ഞാൽ പഠിക്കാൻ ഉണ്ടെന്നു പറയും ഉമ്മാടെ എല്ലാ പണിയും കഴിഞ്ഞത് അറിഞ്ഞാൽ ബുക്സ് എടുത്ത് വെച്ച് ടിവി കാണാൻ ഇരിക്കും
പിന്നെ ആ ഭാഗത്തേക് പോവൂല കഴിക്കാൻ നേരം നൂറായിരം കുറ്റങ്ങൾ ഒരു കാര്യം വേണമെന്നു വിചാരിച്ചാൽ അപ്പൊ കിട്ടണം അത് എങ്ങനെയെങ്കിലും നടത്തിയിരിക്കും,
എല്ലാടത്തും എനിക്ക് ഫസ്റ്റ് വേണം, എന്താല്ലേ ഇങ്ങനെയും ഉണ്ടോ പെണ്ണുങ്ങൾ, ഉമ്മ ചീത്ത പറയും എന്നല്ലാതെ ഒരിക്കൽ പോലും അടിച്ചിട്ടില്ല ഒരിക്കൽ +2ക്ലാസ്സിൽ ബാബു മാഷ് ഇല്ലാത്തപ്പോൾ ഞങ്ങൾ ഫ്രണ്ട്സ് എല്ലാരും കത്തിയടിച്ചു ഇരിക്കുമ്പോൾ
എന്റെ കയ്യിൽ തൊട്ടിട്ട് പ്രജി പറഞ്ഞു നിന്റെ കൈ എന്തൊരു സോഫ്റ്റ് ആണെടി നീ വീട്ടിൽ തീറ്റ മാത്രേ ഉള്ളൂ ഉമ്മാനെ ഒന്നും സഹായിക്കൂലല്ലെന്നു
എന്റെ കൈ നോക്ക് ഞാൻ ഒക്കെ എന്തൊക്കെ കഴിഞ്ഞിട്ടാണ് ക്ലാസ്സിൽ വരുന്നത് എന്നു ഞാനും കാച്ചി വിട്ടു ഒട്ടും കുറക്കാതെ തന്നെ ഞാനും കുറച്ചൊക്കെ ചെയ്തു കൊടുക്കും.
വർഷങ്ങൾ കഴിഞ്ഞു ഞാനും ഉമ്മച്ചി ആവേണ്ടി വന്നു ഞാൻ ചെയ്തതൊക്കെ തെറ്റായിരുന്നു അന്ന് എന്നു തിരിച്ചറിയാൻ.
കാലം എനിക്കും അവസരം തന്നു ഇക്കാടെ വീട്ടിൽക്കല്യാണം കഴിഞ്ഞു ആദ്യമായി കൊണ്ടന്നാക്കി എന്റെ കൂടപ്പിറപ്പുകൾ തിരിച്ചു പോവുമ്പോൾ ന്റെ ഉമ്മയും അമ്മായിയും പറയുകയുണ്ടായി
ഇക്കാനോടും വീട്ടുകാരോടും കുറച്ചു വാശിയും കുറുമ്പും ഒക്കെയുണ്ട് ന്നാലും ആൾ പാവാട്ടോ ഒന്നും അറിയില്ലാട്ടോ, കുറച്ചു ബുക്സ് കൊടുത്താൽ പെട്ടന്ന് വായിച്ചു തീർത്തു തരും അതിന് മാത്രേ അറിയുള്ളു.
തെറ്റുകണ്ടാൽ പറഞ്ഞു മനസ്സിലാക്കി കൊടുക്കണേ അങ്ങനെ ഒരുപാട് കാര്യങ്ങൾ അന്നേരം അവരടെ കണ്ണുനിറഞായിരുന്നു വാക്കുകൾ ഇടറിയിരുന്നു.
എനിക്കും അപ്പൊ വല്ലാത്തൊരു ഫീലിംഗ് ആയിരുന്നു എന്തൊക്കെയോ ചങ്കിൽ കുത്തുന്ന പോലെയുള്ള അവസ്ഥ അന്നാവും ഞാൻ ആദ്യമായി എന്റെ ഉമ്മാനെ ഓർത്തു ഉള്ളുപിടഞ്ഞത് ….
പിന്നെ ഇപ്പോഴും…ഉമ്മാ ന്റെ കാലടിപ്പാടിലാണ് സ്വർഗ്ഗം എന്നു പഠിച്ചിട്ടും പ്രവർത്തിയിൽ ഉൾപെടുത്താൻ എന്തിയെ ഞാൻ മറന്നു പക്ക്വത കുറവായിരിക്കാം വിവരമില്ലായ്മ…
അന്ന് വഴക്ക് പറഞ്ഞിരുന്നതും ഉപദേശിച്ചിരുന്നതുമെല്ലാം നല്ലതിന് വേണ്ടിയായിരുന്നു എന്നും,നമ്മളോടുള്ള ഇഷ്ടം കൂടിയതിനാൽ ആണ് കുറഞ്ഞതിനാൽ അല്ലാന്നു വൈകിയാണ് മനസ്സിലായത്….
മാതാപിതാക്കൾ ഇല്ലാത്ത ലോകം എന്തിനാല്ലേ അവർ ഉള്ളപ്പോൾ അവരുടെ വില അറിയില്ലാന്നു പറയുന്നത് എത്ര ശെരിയാ അവർ ഇല്ലാത്തിടം ശൂന്യമാണ് നമ്മളെ നമ്മളായിട്ട് കാണാനും,
മനസ്സിലാക്കാനും, കളങ്കമില്ലാതെ സ്നേഹിക്കാനും അവർക്ക് മാത്രേ കഴിയു,നമ്മുടെ ഒരു മൗനം പോലും അത്രപെട്ടന്നാണ് അവർ മനസ്സിലാകുക,
അവർക്ക് തുല്യം അവർ മാത്രേ ഉള്ളൂ… ഇങ്ങനേ ഓരോന്ന് ചിന്തിച്ചു കുറെ കാട് കയറി, മ്മടെ കിളിപോയ ഇരുത്തം കണ്ടു ഇക്ക ചോദിച്ചു..
“നിയ്യ് ഇവിടൊന്നും അല്ലേ മുടപ്പാക്കാട് ആണെന്ന് തോന്നുന്നു, ”
“മ്മ് ശെരിയാ ഞാൻ ഓരോട്ടാം പോയ് ഇപ്പൊ വന്നേ ഉള്ളൂ എന്താ എന്നാല് പോയികിടന്നുറങ്ങാൻ നോക്ക്…. ”
അന്നേരം എനിക്ക് അപ്പോൾ തന്നെ വീട്ടിൽ പോവാനാ തോന്നിയത് അത് എന്തായാലും ഇപ്പൊ നടക്കൂല എന്നറിയുന്നത് കൊണ്ട് മനസ്സിൽ നിന്നും പുറത്തേക്ക് വിട്ടില്ല
എന്നാ പിന്നെ കാൾ ചെയ്താലൊന്നു വെച്ച് ഫോൺ എടുത്തപ്പോൾ സമയം 12ആയിരിക്കുന്നു ന്നാലും വേണ്ടില്ലെന്നു വെച്ച് വിളിച്ചപ്പോൾ ഉമ്മ ബേജാറോടെ
എന്താടീ ഈ നേരത്ത് എന്നു നീ ഉറങ്ങീലെന്നു ഈ കാര്യം ഒന്നും പറഞ്ഞില്ല കളിയാക്കിയാലൊന്നു വെച്ചിട്ട് നിങ്ങളെ സ്വപ്നം കണ്ടു അതാ വിളിച്ചത് എന്ന് പറഞ്ഞു ,
അപ്പോൾ ഉപ്പ ചോദിക്കുന്നുണ്ടായിരുന്നു ആരാന്ന്ഈ നേരത്ത് എന്നു അത് നിങ്ങടെ പൊന്നാര മോൾ സ്വപ്നം കണ്ടു വിളിച്ചതാണെന്ന് ഉമ്മാടെ മറുപടിയും ഇപ്പോഴും ഉമ്മ ആ ഡയലോഗ് മാറ്റിയിട്ടില്ല…
എപ്പോഴുംഎന്നും പരിഭവത്തോടെ ഉപ്പാനോട് പറയാറുണ്ടായിരുന്നു പറഞതൊക്കെ വാങ്ങിക്കൊടുത്തു പെണ്ണിന്റെ ശീലം ഒക്കെ കേടു വരുത്തിക്കുന്നു ഒരു വാപ്പയും പുന്നാര മോളുംവേറെ എവിടേം കാണില്ല ഇങ്ങനത്തെ പൊന്നാരമോൾ എന്നു…
എന്തായാലും ഉപ്പക്കും ഉമ്മക്കും എന്നും നല്ലത് മാത്രം വരുത്തണെ എന്നാ ദുആ ചെയ്തു അന്നേരം…..