പൊരുത്തം
(രചന: Bindu NP)
വീട്ടിൽ നിന്നും ശ്യാമയോട് വഴക്കിട്ട് കാറും എടുത്ത് പുറത്തേക്കിറങ്ങുമ്പോ അരുണിന് പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല ..
ലക്ഷ്യമില്ലാത്ത ആ യാത്ര ചെന്നവസാനിച്ചത് പയ്യാമ്പലം ബീച്ചിൽ ആയിരുന്നു .ബീച്ചിൽ നല്ല തിരക്കുണ്ട് .
കൈകോർത്തു പിടിച്ചു കൊണ്ട് തന്റെ മുന്നിലൂടെ തമാശകൾ പറഞ്ഞും പൊട്ടിച്ചിരിച്ചും നടന്നുപോകുന്ന രണ്ട് പേരെ അവൻ വെറുതേ നോക്കി നിന്നു .
ഈ അടുത്ത നാളുകളിലെന്നോ വിവാഹിതരായവർ ആണെന്ന് അവരുടെ ചേഷ്ടകൾ വിളിച്ച് പറയുന്നുണ്ട് .വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ശ്യാമയും ഇതുപോലെ ആയിരുന്നല്ലോ..
എന്തൊരു സ്നേഹമായിരുന്നു അവൾക്ക്.. വീട്ടുകാർ കണ്ടുറപ്പിച്ച വിവാഹം.. പത്തിൽ പത്തു പൊരുത്തവും ഒത്തു വന്നപ്പോൾ മറ്റൊന്നും ആലോചിച്ചില്ല ..
അച്ഛനും അമ്മയ്ക്കും ഏക മകൾ.. കാണാനും സുന്ദരി.. ഫോട്ടോ കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടതാണ്.. പെട്ടെന്ന് തന്നെ വിവാഹവും നടന്നു ..പിന്നീട് എന്ന് മുതലാണ് പൊരുത്തക്കേടുകൾ തുടങ്ങിയത്..
സമയം സന്ധ്യയാവാറായിരിക്കുന്നു..
ബീച്ചിൽ ഇപ്പോഴും നല്ല തിരക്കുണ്ട്.
കുറേ നേരം നിതയുടെയും മോളുടെയും കൂടെ വെള്ളത്തിൽ ഇറങ്ങിയും ഫോട്ടോസ് എടുത്തും തളർന്നപ്പോൾ നവീൻ അവിടെ ഉണ്ടായിരുന്ന സിമന്റ് ബെഞ്ചിൽ പോയിരുന്നു…
അപ്പോഴാണ് അലക്ഷ്യമായി കടലിലേക്ക് നോക്കിയിരിക്കുന്ന അരുണിനെ നവീൻ കണ്ടത് .”ഡാ … അരുൺ..”എന്ന വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി ..
“അളിയാ … എത്ര നാളായെടാ തമ്മിൽ കണ്ടിട്ട്..”ഡിഗ്രി ക്ക് എസ് എൻ കോളേജിൽ ഒരുമിച്ച് പഠിച്ച ശേഷം അവർ തമ്മിൽ കാണുന്നത് ഇപ്പോഴാണ്..
“എന്തൊക്കെയാ വിശേഷങ്ങൾ.നീ ഇപ്പൊ എവിടെയാ …? എന്ത് ചെയ്യുന്നു..?”ഒരു നൂറ് കൂട്ടം കാര്യങ്ങൾ അവർക്ക് പരസ്പ്പരം പറയാനും അറിയാനും ഉണ്ടായിരുന്നു ..അവർ കടൽക്കാറ്റേറ്റ് വിശേഷങ്ങൾ പറഞ്ഞ് വെറുതേ നടന്നു ..
അതിനിടയിൽ “പപ്പാ…”എന്ന് പറഞ്ഞ് ഓടി വരുന്ന കുട്ടിയേയും “ഓടാതെ മോളേ…. വീഴും…”എന്ന് പറഞ്ഞ് പിന്നാലെ ഓടി വരുന്ന സ്ത്രീയേയും അരുൺ അത്ഭുതത്തോടെ നോക്കി …
ആ കുട്ടി ഓടി വന്ന് നവീനിനെ കെട്ടിപ്പിടിച്ചു ..അപ്പോഴാണ് അത് നവിയുടെ മോളാണ് എന്ന് അരുണിന് മനസ്സിലായത്.”ഡാ … നിനക്ക് ഇത്ര ചെറിയ മോളോ ..?”എന്ന് ചോദിച്ച അരുണിനോട് നവീൻ തന്റെ കഥ പറയാൻ തുടങ്ങി…
അച്ഛനും അമ്മയ്ക്കും ഏക മകനാണ് നവീൻ. പഠിത്തം കഴിഞ്ഞ് ബിസ്സിനസ്സും കാര്യങ്ങളും നോക്കി നടത്താൻ തുടങ്ങി..
സമ്പത്തീകമായി നല്ല ചുറ്റുപാടിൽ വളർന്ന നവീൻ വിവാഹം കഴിക്കുന്നതും അതേപോലെ ഉള്ള ചുറ്റുപാടിൽ വളർന്ന ഒരു കുട്ടിയെ ആയിരിക്കണം എന്ന് വീട്ടുകാർക്ക് നിർബന്ധമുണ്ടായിരുന്നു .
അങ്ങനെ ആലോചനകൾ തുടങ്ങി . പത്തിൽ പത്തു പൊരുത്തവും ഒത്തുവരുന്ന ഒരു കുട്ടിയെ തന്നെ തങ്ങളുടെ മകൻ കെട്ടണം എന്ന് അച്ഛനും അമ്മയും വാശി പിടിച്ചപ്പോൾ ഇഷ്ടപ്പെട്ട പല ആലോചനകളും നടക്കാതെ പോയി..
അങ്ങനെ വർഷങ്ങൾ എത്രയോ കടന്നുപോയി.. പിന്നീട് എവിടെയും പെണ്ണ് കാണാൻ പോകാതെയായി..
പത്തിൽ പത്തു പൊരുത്തവും ഒത്തു വരുന്നൊരു പെണ്ണിനെ എന്ന് അച്ഛനും അമ്മയും കണ്ടെത്തുന്നുവോ അന്ന് വിവാഹം കഴിക്കാമെന്ന് അവൻ തന്റെ മാതാപിതാക്കളോട് പറഞ്ഞു .
ബിസ്സിനസ്സ് മടുത്തു തുടങ്ങിയപ്പോൾ അവൻ സ്വന്തമായി ജോലി അന്വേഷിച്ച് തുടങ്ങി.. പല സ്ഥലത്തും ജോലിക്കായി അപ്ലൈ ചെയ്യുകയും ഇന്റർവ്യൂകളിൽ പങ്കെടുക്കുകയും ചെയ്തിരുന്ന സമയം…
അങ്ങനെ ഒരിക്കൽ ഇന്റർവ്യൂവിന് പോയ സമയത്താണ് നിതയെ കാണുന്നത്.. ഇന്റർവ്യൂവിന് ഊഴവും കാത്ത് തന്റെ മുന്നിൽ ഇരിക്കുന്ന പെൺകുട്ടിയുടെ മുഖത്ത് അറിയാതെ നോട്ടം ചെന്നു പതിച്ചപ്പോൾ അവൾ അവനെ നോക്കി ചിരിച്ചു .
ഈ കുട്ടിയെ എവിടെ വച്ചാണ് താൻ കണ്ടത് … നല്ല മുഖപരിചയം.. ഇന്റർവ്യൂ കഴിഞ്ഞ് പുറത്തുറങ്ങിയപ്പോൾ ആ കുട്ടിയും പോകാൻ തുടങ്ങുകയായിരുന്നു .. വീണ്ടും അവൾ ചിരിച്ചപ്പോൾ അവൻ പറഞ്ഞു ..
“എവിടെയോ കണ്ട് നല്ല പരിചയം.. പക്ഷേ …”ബാക്കി അവളാണ് പൂരിപ്പിച്ചത്”. നവീൻ എന്നെ ഒരിക്കൽ പെണ്ണ് കാണാൻ വന്നിരുന്നു… ഓർമ്മയില്ലേ ..? ”
ശരിയാണല്ലോ എന്ന് അപ്പോഴാണ് ഓർത്തത്.. പരിചയക്കാരിൽ ഒരാൾ കൊണ്ടുവന്ന ഒരാലോചനയായിരുന്നു അത് . നല്ല കുട്ടി. എല്ലാം കൊണ്ടും യോജിച്ച ഒരു ബന്ധം..
ഇതെങ്കിലും ശരിയാവുമെന്ന് കരുതി ഇരിക്കവേയാണ് ആ കുട്ടിയുടെ ജാതകവും തന്റെ ജാതകവും തമ്മിൽ ചേരില്ല .. അതിൽ തീരേ പൊരുത്തമില്ല
എന്ന് ജോത്സ്യൻ പറഞ്ഞത്..
അതായിരുന്നു അവസാനത്തെ പെണ്ണ്കാണൽ എന്നവനോർത്തു .അവളോട് സംസാരിച്ചു തുടങ്ങിയപ്പോഴാണ് അവളുടെ വിവാഹവും ഇതുവരെ നടന്നിട്ടില്ലെന്ന് മനസ്സിലായത്..
അന്ന് അവിടെ വെച്ച് ഒരു കോഫി കഴിച്ച് അവർ പിരിയുമ്പോൾ പരസ്പരം ഫോൺ നമ്പർ കൈമാറിയിരുന്നു ..
പിന്നീട് ഫോൺ വിളികളിലൂടെയും
മെസ്സേജുകളിലൂടെയും അവർ തമ്മിൽ കൂടുതൽ അറിയുകയായിരുന്നു..
ഒരു സന്ധ്യാ വേളയിൽ അസ്തമയം നോക്കി ഇരിക്കവേ അവൻ അവളോട് ചോദിച്ചു
“നമുക്ക് ഒരുമിച്ച് ജീവിച്ചാലോ..”
അവൾക്കും നൂറുവട്ടം സമ്മതമായിരുന്നു.. ആരുടേയും അഭിപ്രായം അവർ ആരാഞ്ഞില്ല.. ജാതകം നോക്കാതെ കൊട്ടും കുറവായുമില്ലാതെ ഒരു രജിസ്റ്റർ ഓഫീസിൽ വെച്ച് അവർ വിവാഹിതരായി..
ജാതകത്തിൽ ഒട്ടും പൊരുത്തമില്ലെന്ന് ജ്യോൽസ്യർ വിധിയെഴുതിയ ജീവിതം എല്ലാ പൊരുതത്തോടെയും അവർ ജീവിച്ചു തുടങ്ങി… ആ സന്തോഷത്തിനിടയിലേക്ക് ഒരു മോള് കൂടി എത്തിയതോടെ അവരുടെ ജീവിതം ഒരു സ്വർഗ്ഗമായി..
അപ്പോഴേക്കും “വാ… പപ്പാ…. നമുക്ക് വെള്ളത്തിലേക്ക് ഇറങ്ങാം … എന്ന് പറഞ്ഞു കൊണ്ട് മോള് ഓടി വന്നു കയ്യിൽ പിടിച്ചു വലിച്ചു ..
മോളുടെ കയ്യും പിടിച്ച് കടലിലേക്ക് ഇറങ്ങിപോകുകയും തിരമാലകൾ വരുമ്പോ കോരിയെടുക്കുകയും ചെയ്യുന്ന നവീനിനെയും അവരുടെ വീഡിയോ എടുക്കുന്ന നിതയെയും മനസ്സിന്റെ ഫ്രെയ്മിൽ ചേർത്തു വെച്ച് അരുൺ കാറിനരികിലേക്ക് നടന്നു…