(രചന: J. K)
“”ടീച്ചറമ്മച്ചി.. “”അവളുടെ വീളിയിൽ വല്ലാത്ത പരിഭ്രമം ഉണ്ടായിരുന്നു താൻ ഫോണിൽ വിളിച്ച് പറഞ്ഞതൊക്കെ അവൾ കേട്ടിട്ടുണ്ട് എന്നുള്ള കാര്യം ഗ്രേസിക്ക് ഉറപ്പായി..
സത്യം പറഞ്ഞാൽ മക്കൾ ഫോൺ വിളിച്ച് തന്നോട് അവരുടെ അടുത്തേക്ക് ചെല്ലാൻ പറയുമ്പോഴും മനസ്സിൽ ഓടി വന്നത് അവളുടെ മുഖമായിരുന്നു തന്റെ പ്രിയപ്പെട്ട താമരയുടെ..
അവൾ തന്റേ ആരാണെന്ന് ചോദിച്ചാൽ ഉത്തരമില്ല തന്റെ ആരുമല്ല രക്തബന്ധമോ സുഹൃദ്ബന്ധമോ അങ്ങനെ ഒന്നുമല്ല പക്ഷേ ഇപ്പോൾ അവൾ തന്റെ എല്ലാമാണ്…
“” എല്ലാം തീരുമാനിച്ചോ?? “എന്ന് ചോദിച്ചപ്പോൾ ഗ്രേസിക്ക് ഉത്തരമില്ലായിരുന്നു എന്തുപറയും അവളോട്??
ഒരിക്കൽ വീടിന്റെ നടയിൽ തലചുറ്റി വീണു എന്ന് കേട്ട മക്കൾ ആൾക്കാരുടെ ചോദ്യം പേടിച്ച് തന്നെ ഇനി അങ്ങോട്ടു കൊണ്ടു പോകാൻ തയ്യാറായി ഇരിക്കുകയാണ്
എന്നോ അതോ ഇനിമുതൽ തനിക്ക് പേരറിയാത്ത നാട്ടിൽ കൂട്ടിലിട്ടടച്ച കിളിയുടെ അവസ്ഥയാവാൻ പോവുകയാണ് എന്നോ….
ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടത് കൊണ്ടാവണം അവൾ വീണ്ടും അരികിലേക്ക് എത്തിയത്…
“” ടീച്ചർ അമ്മച്ചി പോവോ ഈ താമരയെ വിട്ട് പോവോ??ചെറിയൊരു കുഞ്ഞിനെ പോലെ അവൾ എന്റെ മടിയിൽ തല വെച്ച് കരഞ്ഞു അവളുടെ മിഴിനീർ എന്റെ മടിത്തട്ടിനെ നനയ്ക്കുന്നുണ്ടായിരുന്നു… എന്തോ അവളുടെ മിഴികൾ നിറഞ്ഞപ്പോൾ എന്റെ ഉള്ളിലും ഒരു നോവ് പടരുന്നത് അറിഞ്ഞു…
“” പോയല്ലേ പറ്റൂ.. വരില്ല എന്ന് പറഞ്ഞ് ഇവിടെ തനിയെ നിൽക്കാൻ ഞാനിപ്പോൾ അശക്തയാണ് കുഞ്ഞേ ആഗ്രഹം അതാണെങ്കിൽ കൂടി .. പ്രായം ഒരുപാടായി ഇനി എനിക്കൊറ്റയ്ക്ക് ഒന്നും ഒരു തീരുമാനമെടുക്കാൻ പറ്റില്ല… “”
അവർ പറയുന്നത് മനസ്സിലാകാതെ അപ്പോഴും ഗ്രേസിയുടെ മുഖത്തേക്ക് നോക്കിയിരിക്കുകയായിരുന്നു താമര..
“” ടീച്ചർ അമ്മച്ചിയുടെ കയ്യിൽ പൈസ ഉണ്ടല്ലോ പെൻഷൻ കിട്ടുന്നുണ്ടല്ലോ പിന്നെ ഇവിടെ നിന്നാൽ എന്താ അവർ അവിടെ നിന്നോട്ടെ…””
നിഷ്കളങ്കതയുടെ അവൾ പറഞ്ഞപ്പോൾ അവളുടെ മുടിയിഴ മെല്ലെ തലോടി…”” അതെ പൈസയുണ്ട് പക്ഷേ അമ്മച്ചിക്ക് ഇവിടെവെച്ചെന്തെങ്കിലും സംഭവിച്ചു പോയാൽ എല്ലാവരും അവരെ കുറ്റം പറയും അത് അവർക്ക് കുറച്ചിലല്ലേ എന്റെ മക്കൾ മറ്റുള്ളവരുടെ മുന്നിൽ ചെറുതാകാതിരിക്കാൻ ഞാനും പരിശ്രമിക്കേണ്ടേ?? “”
അവളുടെ യുക്തിക്കു നിരക്കാത്ത കാര്യങ്ങളാണ് ടീച്ചർ അമ്മച്ചി പറയുന്നത് എങ്കിലും അവൾ ഒന്നും മിണ്ടാതെ അത് കേട്ട് തലകുലുക്കി എല്ലാം മനസ്സിലായത് പോലെ…
അവരെ വിളിച്ചപ്പോൾ താമരയുടെ കാര്യം ഒന്നുകൂടി പറഞ്ഞു നോക്കി ഗ്രേസി..
ഒരു വർഷമെങ്കിൽ ഒരു വർഷം തന്റെ പോക്ക് നീട്ടാം എന്ന് പ്രതീക്ഷിച്ചു..
എന്തെങ്കിലും പൈസ കൊടുത്ത് ഒഴിവാക്കുക അല്ലെങ്കിൽ ആരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്ക് ഇതായിരുന്നു കിട്ടിയ മറുപടി…
അവർ ആലോചിച്ചു പണ്ട് തോമസിച്ചായൻ ഉള്ള കാലത്ത് ഇവിടെയൊരു തമിഴൻ ജോലിക്ക് വന്നിരുന്നു ചന്ദ്രകാന്തൻ!! അയാളുടെ മകളാണ് താമര…
അയാളുടെ ഭാര്യ താമരയേ, പെറ്റിട്ടപ്പോൾ തന്നെ രക്തസ്രാവം വന്ന് മരിച്ചിരുന്നു അതുകൊണ്ടുതന്നെ അവർ രണ്ടുപേരും ഒറ്റയ്ക്കായി…
മകൾക്ക് അച്ഛനും അച്ഛനു മകളും ഒരുപക്ഷേ ഇനി ഒരു വിവാഹം കഴിച്ചാൽ തന്റെ മകളെ ആ സ്ത്രീ സ്വന്തം കുഞ്ഞിനെപ്പോലെ നോക്കില്ല എന്ന് ഭയപ്പെട്ടിട്ടാവാം അയാൾ മറ്റൊരു വിവാഹം കഴിക്കാതിരുന്നത്…
തന്റെ കുഞ്ഞിനെയും കൊണ്ട് കേരളത്തിലേക്ക് വന്നു ഇവിടെ ഈ തറവാട്ടിലെ വിശ്വസ്തനായ ജോലിക്കാരൻ ആയി തീർന്നു…
തോമസ് ഇച്ചായന് അയാളെ ഭയങ്കര വിശ്വാസമായിരുന്നു. ആ വിശ്വാസം അയാൾ നിലനിർത്തുകയും ചെയ്തിരുന്നു..
ഒരു തുലാമാസത്തിൽ കാലം തെറ്റി പെയ്ത മഴയിൽ ഇടിമിന്നൽ ഭൂമിയിലേക്ക് ഇറങ്ങി വന്നിരുന്നു..
ഉള്ള കൂരയുടെ മുറ്റത്ത് വെള്ളം നിറഞ്ഞത് ചെറിയ ഓട കീറി അതിലേക്ക് ഒഴുക്കി വിടുകയായിരുന്ന ചന്ദ്രകാന്തന്റെ മേൽ പതിച്ചതും ഏക മകളെ തനിച്ചാക്കി അയാൾ ഈ ഭൂമിയിൽ നിന്ന് യാത്രയായി..
വെറും അഞ്ചു ആറോ വയസ്സുള്ള കുഞ്ഞിനെ തോമസ് ഇച്ചായൻ എന്റെ കയ്യിൽ ഏൽപ്പിച്ചു ഇവളെ ഇവിടെ നമുക്ക് വളർത്താം എന്ന് പറഞ്ഞു..
അന്നുമുതൽ ഇവൾ ഇവിടെയാണ് ഇത്തിരി വലുതായപ്പോഴേക്കും സ്വന്തം കാര്യം നോക്കി ഓരോ നാട്ടിലേക്ക് പറിച്ചു നടപ്പെട്ട തന്റെ മക്കൾക്ക് പകരം അവളായിരുന്നു ഇവിടെ തനിക്ക് താങ്ങും തണലുമായി ഒന്ന് തളർന്നാൽ പിടിക്കാൻ…
ഈയിടെയായി വല്ലാത്ത ക്ഷീണം അങ്ങനെയാണ് ഒന്ന് തളർന്നു വീണത് അതറിഞ്ഞപ്പോൾ ആരൊക്കെയോ അവരെ കുറ്റം പറഞ്ഞിരുന്നു സ്വന്തം അമ്മച്ചിയെ അപ്പച്ചൻ മരിച്ചതോടുകൂടി നാട്ടിലിട്ട് മക്കളൊക്കെ വേറെ രാജ്യത്ത് സൂഖിക്കുകയാണ് എന്ന്…
ആ കുറ്റപ്പെടുത്തൽ തുടരാൻ താല്പര്യം ഇല്ലാത്തതുകൊണ്ടാവണം എന്നെ അങ്ങോട്ട് കൊണ്ടുപോകാം എന്നൊരു തീരുമാനത്തിൽ അവർ എത്തിയത് എനിക്ക് പോകാൻ സമ്മതക്കുറിപ്പ് ഒന്നുമില്ല ആയിരുന്നു.
അങ്ങനെയാണ് കാലം എനിക്ക് വേണ്ടി കാത്ത് വച്ച വിധിയെങ്കിൽ അനുഭവിക്കാതെ തരമില്ലല്ലോ… പക്ഷേ അപ്പോഴും എന്നെ അലോസരപ്പെടുത്തിയത് താമര ഇനി എന്ത് ചെയ്യും എന്നായിരുന്നു…
വെറും പതിനേഴു വയസ്സായ ഒരു കുട്ടി..
എല്ലാവരും പറയുന്നത് ഏതെങ്കിലും ഒരു ജോലിക്കാരനെ കണ്ടുപിടിച്ച അവളെ വിവാഹം കഴിപ്പിച്ചു കൊടുക്കണം എന്നാണ്…
ഞാനും ചിന്തിച്ചു അവളെ മറ്റൊരു കരങ്ങളിൽ ഏൽപ്പിക്കുകയല്ലേ വേണ്ടത് എന്ന്..
ഒരു രാത്രി മുഴുവൻ ഇരുന്ന് ചിന്തിച്ചെടുത്ത തീരുമാനമായിരുന്നു അവളെയും കൊണ്ട് അവിടെ നിന്നും രാവിലെ തന്നെ ഒരിടം വരെ പോയത്..
എങ്ങോട്ടാണ് ഇന്ന് അവൾ ചോദിക്കുന്നുണ്ടായിരുന്നു അവളോട് ഉത്തരം ഒന്നും പറയാതെ അവളെയും കൊണ്ട് പോയി…
അവളെ കൊണ്ടുപോയി ഡിഗ്രിക്ക് ചേർത്തു അവിടെ തന്നെയുള്ള ഹോസ്റ്റലിൽ താമസവും ശരിയാക്കി..
അവൾക്ക് വേണ്ട പൈസ മാസാ മാസം അവളുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കാം എന്ന് പറഞ്ഞു..
അപ്പോഴും അവൾ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു അവളോട് പറഞ്ഞു എനിക്ക് നിന്നെ വേണമെങ്കിൽ വിവാഹം എന്ന് പേര് മറ്റൊരാളുടെ കൈകളിൽ ഏൽപ്പിക്കാം…
പക്ഷേ അത് വെറുമൊരു ഭാഗ്യ പരീക്ഷണമാണ് ആരുമില്ലാത്ത നിന്നെ അയാൾക്ക് എന്തുവേണമെങ്കിലും ചെയ്യാം
പക്ഷേ വിദ്യാഭ്യാസം നിനക്ക് നേടിത്തന്നാൽ നിനക്ക് നിന്റെ സ്വന്തം കാലിൽ നിൽക്കാൻ ആകും അന്ന് നിനക്ക് ആരെയും ഭയപ്പെടേണ്ടി വരില്ല മുന്നോട്ട് ജീവിക്കാൻ അത് മതിയാകും..
അവൾ എന്റെ മുന്നിൽ നിന്ന് മിഴികൾ വാർത്തു.. ഡിഗ്രി കഴിഞ്ഞു പഠിത്തം നിർത്തരുത് ഒന്നുകിൽ ബി എഡോ അല്ലെങ്കിൽ പി ജി പാഠനമോ നീ ചെയ്യണം..
ഒരു ജോലി നേടിയെടുക്കും വരെ ടീച്ചർ അമ്മച്ചി കൂടെയുണ്ടാകും അതിപ്പോൾ നിന്റെ കൂടെ കാണണമെന്നില്ല എങ്കിലും അങ്ങ് ദൂരെ ഇരുന്നാലും നിന്റെ കാര്യങ്ങൾക്ക് ഒരു മുടക്കവും വരരുത് എന്ന് ഞാൻ എന്റെ മക്കളെ പറഞ്ഞു ഏൽപ്പിച്ചിട്ടുണ്ട്…
ഈ സഹായം കൈപ്പറ്റുന്നത് നിനക്ക് യാതൊരു സങ്കോചവും വേണ്ട ഇത്രയും കാലം എന്നെ ആരുമില്ലാത്തവർ എന്ന് തോന്നിപ്പിച്ചില്ലല്ലോ എനിക്ക് എല്ലാവരും ഉണ്ട് എന്ന് നീ ഒരാൾ മാത്രം കൂടെയുള്ളപ്പോൾ എനിക്ക് തോന്നിയിരുന്നു..
ഇനി എല്ലാരും ഉണ്ടെങ്കിലും ഞാൻ തനിച്ചാകും അതറിയാം..പക്ഷേ എനിക്ക് നീ തന്ന ഈ കുറച്ചുകാലത്തെ വല്ലാത്ത അനുഭവത്തിന് നിനക്ക് എന്ത് പകരം തന്നാലും മതിയാവില്ല..
അതും പറഞ്ഞ് അവളുടെ കയ്യിലേക്ക് ഒരുക്കിട്ട് പുസ്തകവും കൊടുത്തു അവർ നടന്നകന്നു..
മിഴിനീർ അവർ പോകുന്ന കാഴ്ച മങ്ങിച്ചുവെങ്കിലും കയ്യിലുള്ള പുസ്തകം അവൾ മുറുക്കിപ്പിടിച്ചിരുന്നു ഇനി തനിക്ക് ആകെയുള്ള കൂട്ട് അതാണ് എന്നുള്ള തിരിച്ചറിവിൽ…