അമ്മയുമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ പിന്നെ ഭർത്താവിന്റെ മുഖം കുടം കമിഴ്ത്തിയത് പോലെ ഇരിക്കുന്നത് സ്ഥിരമായ സംഭവമായത് കൊണ്ട് ഒന്നും തോന്നിയില്ല. മുറിയിലേക്ക് കയറി പോന്നുവെങ്കിലും ആകെപ്പാടെ ഒരു വിഷമം തോന്നുണ്ടായിരുന്നു.

(രചന: ശ്രേയ)

 

” പെൺമക്കളെ വളർത്തുമ്പോൾ മര്യാദയ്ക്ക് വളർത്തണം.. ഏതെങ്കിലും വീട്ടിൽ ചെന്ന് കയറാനുള്ളതാണ് എന്നൊരു ചിന്തയോടെ വളർത്തി വിട്ടാൽ അല്ലേ പറ്റൂ..

ഇത് ഓരോന്നിനെ എന്തെങ്കിലുമൊക്കെ പഠിപ്പിച്ചു മറ്റുള്ളവരുടെ തലയിൽ കെട്ടിവെച്ചോളും..”

അമ്മായിയമ്മ കേട്ടിട്ടും കേട്ടില്ലെന്ന് നടിച്ചു. കാരണം ഇതിന് താൻ എന്തെങ്കിലും മറുപടി പറഞ്ഞാൽ ഇതൊന്നും ആകില്ല ഇനി സംഭവിക്കാൻ പോകുന്നത്.

കഴിയുന്നതും ബഹളങ്ങൾ ഉണ്ടാക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.

ചെയ്തു കൊണ്ടിരുന്ന ജോലി പൂർത്തിയാക്കിയിട്ട് ഹാളിലേക്ക് എത്തിയതും മുഖവും വീർപ്പിച്ച് ഇരിപ്പുണ്ട് ഭർത്താവ്.

അമ്മയുമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ പിന്നെ ഭർത്താവിന്റെ മുഖം കുടം കമിഴ്ത്തിയത് പോലെ ഇരിക്കുന്നത് സ്ഥിരമായ സംഭവമായത് കൊണ്ട് ഒന്നും തോന്നിയില്ല.

മുറിയിലേക്ക് കയറി പോന്നുവെങ്കിലും ആകെപ്പാടെ ഒരു വിഷമം തോന്നുണ്ടായിരുന്നു.

ഇവരൊക്കെ ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടാക്കാനും മാത്രം ഒന്നും ഇവിടെ സംഭവിച്ചിട്ടില്ല. എന്നിട്ടും എല്ലാവരുടെയും മുഖം വീർപ്പിക്കലും കാണുമ്പോൾ ഞാൻ എന്തോ മഹാപരാധം ചെയ്ത പോലെയാണ്.

അവളുടെ ഓർമ്മകൾ കുറച്ചു മണിക്കൂറുകൾ മുന്നിലുള്ള ചില സംഭവങ്ങളിലേക്ക് പോയി.

ആര്യയ്ക്ക് വില്ലേജ് ഓഫീസിൽ ജോലിയുണ്ട്. വീട്ടിൽ നിന്നും കുറച്ചു ദൂരത്താണ് ഓഫീസ്. അതുകൊണ്ട് രാവിലെ നേരത്തെ പോവുകയും രാത്രിയിൽ വൈകി മാത്രം വരാൻ കഴിയുകയും ചെയ്യുന്ന രീതിയിലാണ് അവളുടെ യാത്ര.

അവൾക്ക് ജോലി കിട്ടി എന്ന് പറഞ്ഞപ്പോൾ തന്നെ അമ്മായിയമ്മ പറഞ്ഞത് ആ ഒരു കാരണവും പറഞ്ഞുകൊണ്ട് ജോലി ചെയ്യാതിരിക്കാം എന്ന് കരുതണ്ട എന്നാണ്.

അതുകൊണ്ടു തന്നെ രാവിലെ അവൾ ജോലിക്ക് പോകുന്നതിനു മുൻപ് ഉച്ചയ്ക്ക് വെറുതെ വീട്ടിൽ ഇരിക്കുന്നവർക്ക് വേണ്ടിയുള്ള ആഹാരം വരെ ഉണ്ടാക്കി വെച്ചിട്ട് വേണം പോകാൻ.

പോയിട്ട് തിരിച്ചു വന്നാലോ രാവിലെ മുതൽ വൈകുന്നേരം വരെയുള്ള പാത്രങ്ങൾ ഉൾപ്പെടെ അവർ കൂട്ടിയിട്ടിട്ടുണ്ടാകും.

എല്ലാം വൃത്തിയാക്കി കഴിഞ്ഞ് വീടും അടിച്ചുവാരി തുടച്ച് രാത്രിയിലേക്കുള്ള അത്താഴവും ഉണ്ടാക്കി കഴിഞ്ഞാൽ അവൾ അന്നത്തെ ദിവസം ഫ്രീ ആകൂ.

അതിനിടയിൽ യാത്രാ ക്ഷീണം കൊണ്ട് ഒരല്പനേരം എവിടെയെങ്കിലും ഇരിക്കാനോ സ്വസ്ഥമായി ഒരു ഗ്ലാസ് വെള്ളം കുടിക്കാനോ പോലും അവൾക്ക് കഴിയാറില്ല.

അതിനെക്കുറിച്ച് ആരോടും പരാതി പറഞ്ഞിട്ടും കാര്യമൊന്നുമില്ല എന്ന് അവൾക്കറിയാം.

കാരണം തന്റെ ഭർത്താവ് എല്ലായിപ്പോഴും അമ്മയുടെ സുഖസൗകര്യങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരാളാണ്. അതിനിടയിൽ താൻ എന്നൊരു വ്യക്തിയെ അയാൾ പരിഗണിക്കുന്നത് വളരെ ചുരുക്കമാണ്.

ഒരിക്കൽ ജോലി കഴിഞ്ഞു വന്നിട്ട് ഈ പണികളും എല്ലാം കൂടിയായപ്പോൾ ആകെ ക്ഷീണിച്ചു. അന്ന് ക്ഷീണത്തോടെ ബെഡിൽ കിടന്ന തന്റെ അടുത്തേക്ക് അയാൾ പ്രണയപൂർവ്വം സമീപിച്ചപ്പോൾ പറ്റില്ല എന്ന് തന്നെ പറഞ്ഞു.

“അതെന്താ നിനക്ക് പറ്റാത്തത്..?”അയാൾ ഈർഷ്യയോടെ അന്വേഷിച്ചു.

” ഇവിടെ നിന്ന് എന്റെ ഓഫീസിലേക്ക് ഒന്നര മണിക്കൂർ ഞാൻ യാത്ര ചെയ്യേണ്ടി വരും.അങ്ങോട്ടുമിങ്ങോട്ടും ഉള്ള യാത്രയും അതിനിടയിൽ പോയി വന്നാലുടനെ ഇവിടെയുള്ള ഈ അടിമ പണിയും എല്ലാം കൊണ്ടും എനിക്ക് വയ്യ.

എത്രയൊക്കെ ചെയ്തു കൊടുത്താലും ഒരു നല്ല വാക്ക് പോലും പറയാത്ത ആളുകളാണ് ഇവിടെയുള്ളത്.എനിക്കിനി നിങ്ങളുടെ പരാക്രമം കൂടി സഹിക്കാൻ വയ്യ.. ”

ദേഷ്യവും സങ്കടവും ഒക്കെ നിറഞ്ഞു നിന്ന സ്വരത്തിലാണ് അവൾ അത് പറഞ്ഞത്.”ഇതൊക്കെ സാധാരണ എല്ലാവരും ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ്. ജോലിക്ക് പോകുന്ന സ്ത്രീകൾ ഒരേസമയം വീട്ടിലെ കാര്യങ്ങളും ഓഫീസിലെ കാര്യങ്ങളും ഒക്കെ നോക്കണം.

പിന്നെ ഭർത്താവിന്റെ കാര്യം നോക്കാൻ പുറത്തു നിന്ന് ആളുകളെ വേറെ വിളിക്കില്ലല്ലോ.. നീ ജോലിക്ക് പോകുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ പറഞ്ഞതല്ലേ എന്റെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ കൂടി നീ സമയം കണ്ടെത്തണമെന്ന്..?”

അവൻ അത് ചോദിച്ചപ്പോൾ അവൾ മറുപടി പറഞ്ഞില്ല.അവൻ അത് പ്രതീക്ഷിച്ചതുമില്ല.

അവളുടെ സമ്മതവും അവനു ആവശ്യമായിരുന്നില്ല..അവൾ നിസ്സഹായതയോടെ കിടക്കുമ്പോൾ വസ്ത്രങ്ങൾ ഒന്നൊന്നായി അഴിഞ്ഞു മാറുന്നതും അവൻ തന്നിൽ ആധിപത്യം സ്ഥാപിക്കുന്നതും ഒക്കെ അവൾ അറിയുന്നുണ്ടായിരുന്നു.

അതിനുശേഷം പിന്നീട് ഒരിക്കലും അവൾ ഒന്നിനെക്കുറിച്ചും പരാതികൾ പറഞ്ഞിട്ടില്ല. തന്നെക്കൊണ്ട് കഴിയുന്നതു പോലെ എല്ലാം തൃപ്തികരമായ ചെയ്തു തീർക്കാൻ മാത്രമേ അവൾ ശ്രമിച്ചിട്ടുള്ളൂ.

പക്ഷേ പലപ്പോഴും രാത്രിയിൽ അയാളെ തൃപ്തിപ്പെടുത്താൻ അവൾക്ക് കഴിയാറില്ല.

ഇന്ന് വൈകുന്നേരം ജോലി കഴിഞ്ഞു വന്നപ്പോൾ അയാളുടെ ചില അടുത്ത ബന്ധുക്കൾ വീട്ടിലുണ്ടായിരുന്നു. വന്നപ്പോൾ തന്നെ തലവേദനയും ആകെ ഒരു ക്ഷീണവും ആയിട്ടാണ് വീട്ടിൽ വന്നത്.

എങ്കിലും വീട്ടിൽ വന്നു കയറിയവരെ മുഷിപ്പിക്കാൻ പാടില്ലല്ലോ..

തന്നെ കണ്ടപ്പോൾ തന്നെ അവർക്ക് ചായ വയ്ക്കാനും പലഹാരങ്ങൾ ഉണ്ടാക്കാനും അമ്മ നിർദ്ദേശിച്ചു കഴിഞ്ഞു.

അതിഥികൾക്ക് ഒരു ചിരിയും സമ്മാനിച്ചു കൊണ്ട് അടുക്കളയിലേക്ക് കയറിയതാണ്. ജോലികളെല്ലാം തീർത്തു വന്നപ്പോഴേക്കും എല്ലാവരും ചായയും കുടിച്ച് പിരിയാനുള്ള സമയമായി.

ആ നേരത്തിന് ഇടയ്ക്ക് താൻ കുളിച്ചിട്ടു പോലുമില്ല എന്നുള്ള അമ്മായിയമ്മയുടെയും ഭർത്താവിന്റെയും പിറുപിറുക്കൽ കേട്ടു കൊണ്ട് വേഗത്തിൽ മുറിയിലേക്ക് നടന്നു.

കുളി കഴിഞ്ഞ് വന്നപ്പോഴേക്കും അതിഥികളെല്ലാം മടങ്ങിപ്പോയി കഴിഞ്ഞിരുന്നു. അവർ ഇവിടെ ഇരുന്നു സമയത്ത് താൻ മുറിയിലേക്ക് പോയത് ശരിയായില്ല എന്നു പറഞ്ഞ് ആ സമയം മുതൽ തുടങ്ങിയതാണ് അമ്മയും മകനും കൂടി.

ഓർത്തപ്പോൾ തന്നെ അവളുടെ തല പെരുക്കുന്നുണ്ടായിരുന്നു.ക്ഷീണം തോന്നിയെങ്കിലും അത്താഴത്തിനുള്ള സമയമായപ്പോൾ അവൾ ഡൈനിങ് ഏരിയയിലേക്ക് നടന്നു. ആഹാരം എടുത്തു കൊടുത്തില്ലെങ്കിൽ പിന്നെ അതുമതി..

” ഇവിടെ ഒരു ജോലിക്ക് പോയി തുടങ്ങിയപ്പോൾ മുതൽ ക്ഷീണമാണ്. വീട്ടിലെ ഒരു പണിയും ചെയ്യേണ്ട ഒരു കാര്യങ്ങളും നോക്കണ്ട. എപ്പോഴും ക്ഷീണം മാത്രം..

ഇവിടെ ഇതൊക്കെ ചെയ്യാൻ പിന്നെ ജോലിക്കാർ നിൽപ്പുണ്ടോ..? വീട്ടിൽ ആരെങ്കിലും കയറി വന്നാൽ അവരെ ബഹുമാനിക്കാൻ കൂടി അറിയില്ല.. വളർത്തുദോഷം എന്നല്ലാതെ എന്തു പറയാനാണ്..? ”

അവളെ കണ്ടപ്പോൾ തന്നെ അമ്മായിയമ്മ തുടങ്ങി.പക്ഷേ ഇത്തവണ അവൾക്ക് ദേഷ്യം നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞില്ല.

“അമ്മ കുറെ നേരമായല്ലോ തുടങ്ങിയിട്ട് വളർത്തു ദോഷമാണ് എന്ന് പറഞ്ഞിട്ട്..? എന്നെ എന്റെ വീട്ടുകാർ നല്ല രീതിയിൽ തന്നെയാണ് വളർത്തിയിരിക്കുന്നത്.

എന്റെ പ്രവർത്തികളിലോ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് എന്റെ മാത്രമാണ്. അതിന് മേലാൽ എന്റെ വീട്ടുകാരെ കുറ്റം പറയരുത്.”

ദേഷ്യത്തോടെ അവൾ അത് പറഞ്ഞപ്പോൾ അമ്മായിയമ്മ ഒന്ന് പകച്ചു.” നീ എന്റെ അമ്മയുടെ നേരെ സംസാരിക്കാറായോ..? “ഭർത്താവ് ചാടി എഴുന്നേൽക്കുന്നത് കണ്ടപ്പോൾ അവൾക്ക് പുച്ഛം തോന്നി.

“ഞാനൊന്നു ചോദിച്ചോട്ടെ ഇടുന്ന അടിവസ്ത്രം വരെ ഭാര്യയെ കൊണ്ട് അലക്കിപ്പിക്കുന്ന അമ്മയുടെ മകന് അത് വളർത്തു ഗുണമാണോ..? എന്റെ വീട്ടിൽ അവനവന്റെ വസ്ത്രങ്ങൾ അവനവൻ കഴുകി ഇടണം എന്നാണ് പഠിപ്പിച്ചിരിക്കുന്നത്.

അത് വളർത്തു ദോഷമാണോ..അതുപോട്ടെ അമ്മയുടെ മോള് ഇവിടെ ഈ വീട്ടിലേക്ക് വന്നാൽ ഇവിടെ പിന്നെ ആര് വന്നാലും പോയാലും അറിയാതെ 24 മണിക്കൂറും ആ മുറിയുടെ വാതിൽ അടച്ച് അവിടെ ഇരിക്കുന്നത് വളർത്തു ഗുണമായിരിക്കും അല്ലേ..?

ആഹാരം കഴിക്കാൻ വേണ്ടി മാത്രം പുറത്തേക്ക് ഇറങ്ങിവരുന്ന ഒരുതരം ജീവിതം ആണല്ലോ ചേച്ചിയുടെത്..?ഇവിടെ വന്നു നിൽക്കുന്ന ദിവസങ്ങളിൽ അവരുടെ അടിവസ്ത്രം വരെ എന്നെക്കൊണ്ട് അലക്കിപ്പിക്കുന്നത് വളർത്തു ഗുണം ആയിരിക്കും..? ഇങ്ങനെ ഞാൻ പറഞ്ഞു തുടങ്ങിയാൽ അത് അമ്മയ്ക്ക് ഇഷ്ടപ്പെടുമോ..?

അതുപോലെ തന്നെയാണ് എന്റെയും കാര്യം. മേലിൽ എന്റെ കാര്യങ്ങൾക്ക് എന്റെ വീട്ടുകാരെ കുറ്റം പറയരുത്. അതെനിക്ക് സഹിക്കുന്ന കാര്യമല്ല..”

അത്രയും പറഞ്ഞുകൊണ്ട് അവൾ സ്വന്തം ആഹാരം മാത്രം വിളമ്പി കഴിക്കാൻ തുടങ്ങുമ്പോൾ ഭർത്താവും അമ്മായിയമ്മയും രൂക്ഷമായി നോക്കി.

” വളർത്തു ഗുണം കൂടുതലുള്ള ആൾക്കാർ സ്വന്തമായി വിളമ്പി കഴിച്ചാൽ മതി. അതൊക്കെ സാമൂഹ്യ മര്യാദയുടെ ഭാഗങ്ങളാണ്. വളർത്തു ഗുണം എന്താണെന്ന് ഇനി മുതൽ നിങ്ങളൊക്കെ അറിയാനിരിക്കുന്നതേയുള്ളൂ.”

പറഞ്ഞുകൊണ്ട് അവൾ ആഹാരം ആസ്വദിച്ചു കഴിക്കുമ്പോൾ ഒരു യുദ്ധത്തിനുള്ള ആരംഭമാണ് അത് എന്ന് അമ്മയ്ക്കും മകനും തോന്നാതിരുന്നില്ല..!

Leave a Reply

Your email address will not be published. Required fields are marked *