അമ്മയോടൊപ്പം
(രചന: Aparna Nandhini Ashokan)
താൻ വീടെത്താൻ വൈകിയതു കാരണമാകും മാളൂന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്.. ശ്യാമ അകത്തേക്കു കയറിയപാടെ സോഫയിൽ മകളോട് ചേർന്നിരുന്നൂ.
“എന്തുപറ്റിയെടാ മുഖത്തൊരു വല്ലായ്ക എന്തേലും വിഷമമുണ്ടോ മാളൂന്..””Nothing അമ്മ… അച്ഛൻ വരട്ടെ എന്നിട്ടു സംസാരിക്കാം..”തന്റെ കൈകൾ തട്ടിമാറ്റി മാളൂ മുറിയിൽ കയറി വാതിലടച്ചു.
താൻ വന്നതു അറിഞ്ഞിട്ടു പോലും ഇളയവൾ മുറിയ്ക്കു പുറത്തിറങ്ങുകയോ തന്നോട് സംസാരിക്കുകയോ ചെയ്തില്ലെന്ന് ഓർത്ത് ശ്യാമയുടെ കണ്ണുകൾ നിറഞ്ഞുവന്നൂ.
‘ഇരുന്നിട്ട് കാര്യമില്ല പണികൾ ഒത്തിരിയുണ്ട്’ ആരൊടെന്നില്ലാതെ പറഞ്ഞുകൊണ്ട് ശ്യാമ എഴുന്നേറ്റു അടുക്കളയിൽ പോയിനോക്കി.
തുറന്നു വെച്ച കറി പാത്രങ്ങളും, കഴുകി വെക്കാൻ കൂട്ടിയിട്ടിരിക്കുന്ന എച്ചിൽ പാത്രങ്ങളും കണ്ട് അവർക്ക് സങ്കടം തോന്നി.
പതിനെട്ടും പതിനാറും വയസ്സുള്ള രണ്ടു മക്കളാണ് കഴിച്ച പാത്രങ്ങൾ വരെ കഴുകാതെ കൂട്ടിയിടുന്നത്.
അലക്കാനുള്ളത് മറ്റൊരിടത്തു കുന്നുകൂടി കിടപ്പുണ്ടാകും കൂട്ടത്തിൽ അവരുടെ അടിവസ്ത്രങ്ങൾ വരെ..
ഇത്തരം ശീലങ്ങൾ പറഞ്ഞു തിരുത്താൻ പോലും വർഷങ്ങളായി തന്റെ മക്കളെ അടുത്തു കിട്ടാറില്ല. അവർക്കും അവരുടെ അച്ഛനും ആവശ്യം ഒരു വീട്ടുജോലിക്കാരിയെ മാത്രമാണോ..
ഓരോന്നു ആലോചിച്ചു നിൽക്കുമ്പോൾ കാർ വന്നു നിൽക്കുന്നതിന്റെ ശബ്ദം കേട്ടു. വാതിൽ തുറക്കുന്ന ശബ്ദവും, അച്ഛന്റെയും മക്കളുടെയും കളിചിരികളും അടുക്കള വരെ കേൾക്കാം.
വളർച്ചയെത്തിയ കാലം മുതൽക്കേ അവരങ്ങനെയാണ്. അച്ഛന്റെ പൊന്നോമനകൾ..അച്ഛന്റെ ബാങ്ക് ജോലിയിലും ഓൺലൈൻ എഴുത്തുകൾക്ക് അച്ഛനു ലഭിക്കുന്ന പ്രശംസകളിലും അതിയായി അഭിമാനിക്കുന്നവർ..
അച്ഛൻ കൊടുക്കുന്ന വിലയേറിയ സമ്മാനങ്ങളിലും പോക്കറ്റ് മണിയിലും അഹങ്കരിക്കുന്നവർ.ശ്യാമ ചായകപ്പുകളെടുത്ത് അവർക്കരികിലേക്കു നടന്നൂ.
“അച്ഛാ എനിക്ക് സംസാരിക്കാനുണ്ട്””Yes പറയ് മാളൂ..””അച്ഛൻ എന്തിനാ അമ്മയെ ജോലിക്ക് പോകാൻ അനുവധിച്ചത്. നാണക്കേട് കാരണം ഇനിയെനിക്ക് നാളെമുതൽ കോളേജിൽ പോകാനാവുമെന്ന് തോന്നില്ല..”
“അമ്മ കാരണം അതിനുമാത്രം എന്തുണ്ടായി മാളൂന്..”ശ്യാമ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചൂ..
“please stop it അമ്മാ.. എനിക്ക് അച്ഛനോടാണ് പറയാനുള്ളത്””ശ്യാമേ.. നീ മിണ്ടാതിരിക്ക് മാളൂ പറയട്ടെ..”
“അമ്മയ്ക്ക് ഒരു ജോലിയുടെ ആവശ്യകത ഉണ്ടോ, അതും ടൗണിലെ ഒരു ചെറിയ ടെക്സ്റ്റെയിൽസ് ഷോപ്പിലെ ബില്ലിംങ്ങ് സ്റ്റാഫായീട്ട്.
അച്ഛനു ആവശ്യത്തിനേറെ സാലറിയുണ്ട്. എന്നിട്ടെന്തിനാ അമ്മ ജോലിക്കു പോകുന്നതെന്ന് അന്നേ ഞാൻ ചോദിച്ചതാണ്.
അപ്പോ ആർക്കും മനസിലാകാത്ത വിധം കുറേ വർത്താനം പറഞ്ഞൊഴിഞ്ഞു അമ്മ.. ഭർത്താവിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന സ്ത്രീകൾക്കു ഉണ്ടാകുന്ന ആത്മാഭിമാന പ്രശ്നങ്ങളെ പറ്റി ഞങ്ങൾക്ക് ക്ലാസെടുത്തു തന്നൂ.
എനിക്ക് മനസിലാകുന്നില്ല ഞങ്ങൾക്കിങ്ങനെ നാണക്കേടുണ്ടാക്കുന്നതിനായി മാത്രം അമ്മയെന്തിനാണെന്ന്..”
“മാളൂ.. ഇന്നെന്താ പ്രശ്നമുണ്ടായതെന്നു പറയെടാ””എന്റെ ഫ്രണ്ട്സ് അമ്മയെ ഇന്നു കടയിൽ വെച്ചു കണ്ടു. അതും ഇന്നർവെയേർസ് സെക്ഷനിൽ നിൽക്കുന്നത്.
അമ്മ ബില്ലിങ് സ്റ്റാഫായി വർക്ക് ചെയ്യുന്നുണ്ടെന്നു തന്നെ നാണക്കേട് കാരണം ഫ്രണ്ട്സിനോട് പറയാതിരുന്നതാണ്. എന്നെ ഇക്കാര്യം പറഞ്ഞ് അവരെല്ലാവരും ഇപ്പോ കളിയാക്കാണ് അച്ഛാ.. അമ്മയ്ക്ക് ഇതിന്റെ ആവശ്യമുണ്ടായിരുന്നോ..”
അയാൾ നിറഞ്ഞ പുച്ഛത്തോടെ ഭാര്യയെ നോക്കി ചിരിച്ചു.”ഓണസീസൺ ആയതു കാരണം കടയിൽ നല്ല തിരക്കായിരുന്നു. ഇന്നർവെയേർസ് സെക്ഷനിലെ കുട്ടി ഭക്ഷണം കഴിക്കാൻ പോയി.
പകരം ആളില്ലാത്ത കാരണമാണ് കസ്റ്റമേർസ് വന്നപ്പോൾ അമ്മ അവിടെക്ക് എടുത്തുകൊടുക്കാനായി പോയത്.
മാളൂന്റെ കൂട്ടുക്കാരികളെയൊന്നും അമ്മ കണ്ടില്ലായിരുന്നൂടാ.. മോൾക്ക് വിഷമമായെങ്കിൽ അമ്മയോട് ക്ഷമിക്ക്. ഇനി ഇങ്ങനെയുണ്ടാവാതെ അമ്മ ശ്രദ്ധിച്ചോളാം”
ശ്യാമ മകളെ അനുനയിപ്പിക്കാൻ ശ്രമം നടത്തി.”എന്തു ചെയ്താലും അതിന് നൂറ് ന്യായീകരണങ്ങളുണ്ടാകുമല്ലോ. ശ്യാമയോട് പലതവണ ഞാൻ പറഞ്ഞതാണ് ഈ ജോലി വേണ്ടെന്ന്.
എനിക്കുണ്ടായ നാണക്കേടുകൾ ഇത്രകാലം ഞാൻ ക്ഷമിച്ചു.. ഇപ്പോ നീ കാരണം എന്റെ മക്കൾക്കും വിഷമതകൾ ഉണ്ടായി തുടങ്ങി.ആ ജോലി നിർത്തുന്നതാണ് നിനക്കും ഈ കുടുംബത്തിനും നല്ലത്..”
“പറ്റില്ല ജയേട്ടാ… വൈകീട്ടു വന്നാൽ മക്കൾക്കു കുടിക്കാനുള്ള ചായ വരെ ഫ്ലാസ്കിലാക്കി മേശപ്പുറത്ത് ഒരുക്കി വെച്ചിട്ടാണ് ഞാൻ ജോലിക്ക് പോകുന്നത്.
നിങ്ങളുടെ കാര്യങ്ങൾക്കൊരു കുറവും ഇതുവരെ വരുത്തീട്ടില്ലാലോ..എന്റെ വിദ്യഭ്യാസത്തിനനുസരിച്ച് കിട്ടിയ ജോലിയെ എനിക്ക് ചെയ്യാനാവൂ.
ഏതു ജോലിക്കും അതിന്റെതായ മാന്യതയുണ്ടെന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. അതുകൊണ്ട് തുടർന്നും ജോലിക്കു പോകാനാണ് തീരുമാനം..”
മറുപടിക്കു കാക്കാതെ ശ്യാമ അടുക്കളയിലേക്ക് പോയി.ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു. ചെറിയ ചില വഴക്കുകളിലും പ്രശ്നങ്ങളിലും ആ കുടുംബം തുടർന്നു പോയെങ്കിലും മക്കൾക്ക് അമ്മയോടുള്ള അകൽച്ച ദിനംപ്രതി കൂടി വന്നു.
“ചേച്ചീ…അച്ഛന് ഈയിടെയായി നമ്മളോട് അകൽച്ചയുണ്ടോ..??”അനിയത്തിയുടെ ചോദ്യം ശരിയാണെന്ന് അറിയാമെങ്കിലും അച്ഛനെതിരെ പറയാൻ മനസ്സനുവധിക്കാത്തതിനാൽ മാളു അവളെ പറഞ്ഞു തിരുത്താൻ ശ്രമിച്ചൂ.
“ഏയ്.. അങ്ങനെയുന്നുമില്ലെടാ. നിനക്ക് തോന്നുന്നതായിരിക്കും..അച്ഛന് ജോലിതിരക്കുകൾ കാണില്ലേ അതിനിടയിൽ അച്ഛന്റെ എഴുത്തുകൾ പബ്ലിഷ് ചെയ്യാൻ പോകുന്നതിന്റെ കാര്യങ്ങളുമായി
തിരക്കായിരിക്കും..”അനിയത്തിയെ സമാധാനിപ്പിച്ചെങ്കിലും അച്ഛന്റെ അകാരണമായ അകൽചയിൽ മാളൂനും സങ്കടം തോന്നിതുടങ്ങിയിരുന്നൂ.
ഓരോ ദിവസം കഴിയുമ്പോളും അവരോടുള്ള അച്ഛന്റെ അകൽച കൂടി വന്നൂ. എന്നിരുന്നാൽ പോലും അമ്മയെ ഗൗനിക്കാൻ രണ്ടുമക്കളും ശ്രമിച്ചില്ല.
ദിവസങ്ങൾക്കു ശേഷം ബന്ധുവീട്ടിൽ വിവാഹത്തിനു പോകാനൊരുങ്ങുമ്പോഴാണ് അച്ഛൻ പലപ്പോഴായി സമ്മാനിച്ച ആഭരണങ്ങളെല്ലാം ഒന്നിച്ചു വെച്ചിരുന്ന പെട്ടി അലമാരയിലില്ലെന്നു മാളുന് മനസിലായത്..
“അച്ഛാ ഞങ്ങളുടെ ഗോൾഡ് അവിടെ കാണാനില്ല””സോറി..അച്ഛനതു പറയാൻ മറന്നതാ മാളൂ. ക്യാഷിന് കുറച്ചധികം അത്യാവശ്യം വന്നപ്പോൾ അച്ഛനത് ബാങ്കിൽ പണയം വെച്ചേക്കാണ്. കുറച്ചു നാൾ കഴിഞ്ഞാൻ നമുക്കതെടുക്കാട്ടോ.
അച്ഛന്റെ കുട്ടിഫാൻസി കമ്മലോ മറ്റും ഇട്ടിട്ട് കല്യാണത്തിന് പോയിവരൂ..”തന്നോട് ചോദിക്കാതെ അച്ഛനങ്ങനെ ചെയ്തതിൽ വിഷമം തോന്നിയെങ്കിലും അവളതു പ്രകടിപ്പിച്ചില്ല.
അലമാര തുറന്ന് ഡ്രസ്സിനു ചേരുന്ന കമ്മൽ തിരയുന്നതിനിടയിലാണ് അമ്മ കഴിഞ്ഞവർഷം തന്ന പിറന്നാൾ സമ്മാനം അവളുടെ കണ്ണിലുടക്കിയത്.
ഒരുജോടി കമ്മലാണ്. ചെറുതാണെന്നു പറഞ്ഞ് താൻ ഉപയോഗിക്കാതെ വെച്ചതാണത്. അമ്മയ്ക്ക് കിട്ടുന്ന തുച്ഛമായ ശബളം കൊണ്ട് രണ്ടുംമൂന്നും ഗ്രാമിന്റെയൊക്കെ മോതിരവും മറ്റും ഞങ്ങൾക്കു വാങ്ങി തന്നിട്ടുണ്ട്.
പക്ഷേ അച്ഛൻ സമ്മാനിച്ചിരുന്ന വിലകൂടിയവയ്ക്കു മുൻപിൽ അമ്മയുടെ കൊച്ചുകൊച്ചു സമ്മാനങ്ങൾക്ക് വിലയില്ലാതെ പോയി..
അച്ഛനു തങ്ങളോടുള്ള സമീപനത്തിൽ മാറ്റം വന്നതിനാലാവാം പിന്നീടുള്ള ദിവസങ്ങളിൽ അവളാദ്യമായി ഇടയ്ക്കെല്ലാം അമ്മയെ ശ്രദ്ധിക്കാൻ തുടങ്ങി. എത്ര വെടിപ്പോടെയാണ് അമ്മ ഓരോ പണികളും ചെയ്യുന്നത്.
അച്ഛനും ഞങ്ങൾക്കും ഇഷ്ടമുള്ള പലതരം കറികളൊരുക്കി വെച്ച് വീട്ടിലെ സകല പണികളും തീർത്ത് ജോലിക്ക് പോകുന്നു. തിരികെ വരുമ്പോഴും മുഖത്തൊരു ക്ഷീണമില്ല.
അമ്മയുടെതായ കാര്യങ്ങൾക്കൊന്നും അച്ഛനോട് കൈനീട്ടാറില്ല. ആരോടും പരാതികളില്ല പരിഭവങ്ങളില്ല.. പക്ഷേ അമ്മയെ അംഗീകരിക്കാനും അടുക്കാനും അവളിലെ ഈഗോ സമ്മതിച്ചിരുന്നില്ല.
ഏതാനും മാസങ്ങൾ കൂടി കഴിഞ്ഞപ്പോഴെക്കും അച്ഛൻ പൂർണമായും അവരിൽ നിന്നും അകന്നു കഴിഞ്ഞിരുന്നു.
സ്നേഹസംഭാഷണങ്ങൾ തീരെയില്ലാതായി. അച്ഛൻ ഒരുപാട് വൈകി വീട്ടിലെത്തുന്നത് പതിവുകാഴ്ചയായി. വിലയേറിയ സമ്മാനങ്ങളില്ല.
പോക്കറ്റ് മണിയില്ല. എന്തിനേറെ ഇളയമകളുടെ പരീക്ഷഫലം വന്നതോ മകൾ ഉയർന്ന മാർക്കോടെ വിജയിച്ചതോ അച്ഛനറിഞ്ഞില്ല.
അച്ഛൻ തന്നിരുന്ന പോക്കറ്റ് മണിയെല്ലാം തീർന്നൂ. കൈയിൽ കാശില്ല.
സെമസ്റ്റർ ഫീസ് അടക്കാനെന്തു ചെയ്യുമെന്നറിയാതെ വിഷമിച്ച് മാളു ക്ലാസ്റൂമിന് പുറത്തിറങ്ങി. ഇത്രകാലം തീർത്തും അവഗണിച്ചിട്ട് അമ്മയോട് ഇപ്പോഴെങ്ങനെയാണ് തന്റെ ആവശ്യമറിയിക്കുന്നതെന്ന് അവളോർത്തൂ.
ഫീസ് അടക്കാൻ കുറച്ചു ദിവസത്തേക്കു കൂടി സമയം തരാൻ ടീച്ചറോടു പറയാനായി ഓഫീസിലേക്കു നടക്കുന്നതിനിടയിലാണ് അമ്മയെ പോലെ ഒരു സ്ത്രീ ഗൈറ്റ് കടന്നു പോകുന്നതു കണ്ടത്.
അമ്മയാകുമോ അത്..അല്ലെങ്കിലും അമ്മയെ താനിതുവരെയും കോളേജിലേക്കു വരാൻ അനുവധിച്ചിട്ടില്ലാലോ..
അന്നൊക്കെ ബാങ്കു ജീവനക്കാരനും അറിയപ്പെടുന്ന ഓൺലൈൻ എഴുത്തുക്കാരനുമായ അച്ഛന്റെ കൈകളിൽ തൂങ്ങി ഫ്രണ്ട്സിനിടയിലൂടെ നടക്കുന്നതായിരുന്നു തനിക്ക് അഭിമാനം.
ഓർക്കും തോറും അവൾക്ക് തന്നോട് പുച്ഛം തോന്നി. എന്തിനായിരുന്നു അമ്മയോട് ഇത്ര അകൽച വന്നുപോയത്. ഓരോന്നു ആലോചിച്ച് ഫീസ് കൗണ്ടറിലെത്തി.
“മാളവികയുടെ സെമസ്റ്റർ ഫീസ് അടച്ചിട്ട് അമ്മ പോയല്ലോ.. കുട്ടി അമ്മയെ കണ്ടില്ലായിരുന്നോ”
“സോറി മാഡം..അമ്മ വരുന്ന കാര്യം പറഞ്ഞിരുന്നു ഞാനതു മറന്നു പോയതാണ്”
പെട്ടന്നു തോന്നിയ കള്ളം പറഞ്ഞ് അവൾ തിരിഞ്ഞു നടന്നൂ. കണ്ണുകൾ നിറയുന്നുണ്ട്. പറയാതെ തന്നെ അമ്മ ഞങ്ങളുടെ കാര്യങ്ങൾ അറിഞ്ഞു പ്രവൃത്തിക്കുന്നു. അവഗണനയല്ലാതെ മറ്റൊന്നും തിരികെ കിട്ടില്ലെന്നു അറിഞ്ഞിട്ടും.
വീട്ടിലെത്തിയപ്പോൾ മാളു ആദ്യമായി അടുക്കളയിൽ കയറി പണികൾ ചെയ്യാനാരംഭിച്ചൂ. പാത്രങ്ങൾ കഴുകി വെച്ചു, തുണികൾ കഴുകിയിട്ടു.
അമ്മ ജോലി കഴിഞ്ഞു വന്ന് പണികൾ തീർന്ന അടുക്കള കണ്ടിട്ടും ആ മുഖത്ത് ഒട്ടുംതന്നെ സന്തോഷമോ അതിശയമോ ഉണ്ടാവാത്തതിൽ അവൾക്കതിശയം തോന്നി.
ഫീസ് അടച്ചതറിഞ്ഞപ്പോൾ താനതിന്റെ പ്രത്യുപകാരം ചെയ്യുന്നതായിട്ടാവും അമ്മയ്ക്ക് തോന്നിയത്..സാരല്യ..
മക്കളുടെ സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യം നിഷേധിക്കപ്പെട്ട അമ്മയാണ്.മക്കളുടെ അവഗണനകളാൽ ഹൃദയത്തിനു മുറിവേറ്റവർ. കുറച്ചു സമയമെടുക്കും അമ്മയുടെ മനസ്സ് അലിയാൻ..
ദിവസങ്ങൾ വീണ്ടും കഴിഞ്ഞൂ..അച്ഛൻ വീട്ടിലേക്കുള്ള വരവ് തീരെ കുറഞ്ഞു വന്നു. സോഷ്യൽമീഡിയകളിൽ ഒരു സ്ത്രീയുടെ ഒപ്പം നിൽക്കുന്ന അച്ഛന്റെ ധാരാളം ചിത്രങ്ങൾ കാണാൻ ഇടയായി തുടങ്ങി.
അവർ അച്ഛന്റെ എഴുത്തുകളുടെ ആരാധികയാണെന്നും ഇപ്പോൾ കാമുകിയാണെന്നും മനസിലാക്കാൻ അധികം സമയമെടുത്തില്ല.
ഞങ്ങളെ തകർത്തത് അച്ഛന്റെ വഴിവിട്ട ബന്ധങ്ങളെ പറ്റി അമ്മയ്ക്ക് ഏറെ മുൻപേ അറിയാമായിരുന്നൂ എന്നതാണ്.
പരസ്ത്രീ ബന്ധങ്ങൾ നിലനിർത്തുന്ന ഭർത്താവിനു മുൻപിൽ തന്റെ ആവശ്യങ്ങൾ പറഞ്ഞ് കൈനീട്ടാൻ നിൽക്കാത ജോലിക്കു പോയി തുടങ്ങാൻ അമ്മയെടുത്ത തീരുമാനമാണ് അന്ന് അമ്മ പറഞ്ഞ ആത്മാഭിമാനത്തിന്റെ കഥകളെന്ന് തനിക്ക് മനസിലായി.
വിവാഹമോചനത്തിനായി അച്ഛൻ ശ്രമിക്കുന്നതിനെ പറ്റിയോ അച്ഛന്റെ ദുർനടപ്പുകളെ പറ്റിയോ മക്കളായ ഞങ്ങളോട് അമ്മയൊന്നും തന്നെ പറഞ്ഞില്ല..അച്ഛനെ വെറുക്കാൻ ഞങ്ങളെ പഠിപ്പിച്ചില്ല.
ഒടുവിൽ വിവാഹമോചനത്തിനായി കോടതിയിലെത്തിയപ്പോൾ അച്ഛനെ കണ്ടൂ. കൂടെ അച്ഛന്റെ കാമുകിയുമുണ്ടായിരുന്നൂ.
ഇരുവരും അടുത്തെത്തിയപ്പോഴാണ് അവരുടെ കഴുത്തിൽ കിടക്കുന്ന വജ്രക്കൽപതിച്ച മാല അച്ഛൻ തനിക്ക് സമ്മാനിച്ചിരുന്നതാണെന്ന് ഓർമ്മ വന്നത്.
കാമുകിയുടെ കാൽക്കൽ സമർപ്പിക്കാനാണ് അന്ന് കള്ളം പറഞ്ഞ് സർവ്വ ആഭരണങ്ങളും കൊണ്ടുപോയത്. അയാളോട് പുച്ഛം തോന്നിപോയി..
“അച്ഛന്റെ കൂടെ വരുന്നോ ?..നിത്യയും ഞാനും ഉടനെ വിവാഹിതരാകും. അവൾക്ക് നിങ്ങൾ രണ്ടാളെയും കൊണ്ടുപോകാൻ താൽപര്യമില്ല. അതുകൊണ്ട് രണ്ടാളുംകൂടി തീരുമാനിച്ചിട്ട് ഒരാൾക്ക് അച്ഛനൊപ്പം വരാം.”
“വേണമെന്നില്ല അച്ഛാ.. ഞങ്ങൾക്ക് അമ്മയ്ക്കൊപ്പം നിൽക്കാനാണ് ഇഷ്ടം. അച്ഛനെ പോലെ സാലറിയുള്ള ജോലിയില്ലെങ്കിലും അമ്മയുടെ തുച്ഛമായ വരുമാനത്തിൽ സന്തോഷത്തോടയാണ് ഞങ്ങൾ ഇപ്പോൾ ജീവിക്കുന്നത്.
അച്ഛന്റെ ഭാഗത്ത് ഇത്രയെറെ തെറ്റുകളുണ്ടായീട്ടും അച്ഛനൊരിക്കലും അമ്മയോടടുക്കാൻ ഞങ്ങളെ അനുവധിച്ചിട്ടില്ല. ഞങ്ങളുടെ തെറ്റുകൾ തിരുത്തി തന്നിട്ടില്ല. ഇനിയും പറ്റിക്കപ്പെടാനായി അച്ഛനൊപ്പം ജീവിക്കാൻ വയ്യ. ഞങ്ങളുടെ മുന്നിലൊരിക്കലും ഇനി വരരുത്..”
മാളു അനിയത്തിയുടെ കൈകൾ പിടിച്ച് അച്ഛനിൽ നിന്നു നടന്നകന്നൂ.കോടതി വരാന്തയിലെ ബഞ്ചിൽ അമ്മയ്ക്കു ഇരുവശത്തായി മക്കൾ ചേർന്നിരിക്കുമ്പോൾ ഒരുപാടു കാലങ്ങൾക്കു ശേഷം ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നതു കണ്ട് മാളു അമ്മയുടെ കൈകളിൽ മുറുകെ പിടിച്ചൂ..
ഇനിയൊരിക്കലും തളരാതെ ആത്മാഭിമാനത്തോടെ ജീവിക്കാൻ കൂട്ടായി തന്റെ മക്കളുണ്ടെന്ന സന്തോഷമുണ്ട്.ഇനി തുടർന്നുള്ള വഴികളിലും ഇടറാതെ മുന്നോട്ടു നീങ്ങാൻ തനിക്ക് സാധിക്കട്ടെ.. ശ്യാമ കണ്ണുകൾ തുടച്ചൂ..