(രചന: Latheesh Kaitheri)
അനിയന്റെ കല്യാണത്തിന് നോക്കുകുത്തിയെപോലെ പോലെ നിൽക്കണ്ടിവരുന്ന ഒരു ഏട്ടന്റെ അവസ്ഥ അത് വളരെ വേദനിപ്പിക്കുന്നതായിരുന്നു ,
എന്നിട്ടും എല്ലാവർക്കും വേണ്ടി അവരുടെ സന്തോഷങ്ങൾക്കുവേണ്ടി താനും ഓടി നടന്നു കാര്യങ്ങൾ ചെയ്തു ,
ഡൽഹിയിൽ ഉന്നത ജോലി ഉള്ള അനിയൻ അവിടെത്തന്നെയുള്ള സഹപ്രവർത്തകയെ വിവാഹം കഴിച്ചതിൽ തനിക്കു വെറുപ്പൊന്നും ഇല്ല, എങ്കിലും അവന്റെ അഞ്ചുവയസ്സിന്മൂത്ത തന്റെ കാര്യങ്ങൾ വീട്ടിൽ ആരും ഓർത്തില്ല അതിലാണ് തനിക്കു വിഷമം.
എല്ലാം അറിഞ്ഞു വരുന്ന ചിലരുടെയൊക്കെ പരിഹാസവാക്കുകൾ മനസ്സു പൊള്ളിക്കുന്നുണ്ടുവെങ്കിലും നല്ലൊരു ദിവസമായതുകൊണ്ടു രാവിലെ തന്നെ ചുണ്ടിൽ പിടിപ്പിച്ച പുഞ്ചിരി അങ്ങനെ തന്നെ ചേർത്തുനിർത്തി ,
നാട്ടിൽ മുനിസിപ്പാലിറ്റിയിൽ ക്ളീനിങ് ജോലി ചെയ്യുന്ന തന്നോടുള്ള പുച്ഛം ബന്ധുക്കളിൽ ചിലക്കു മുൻപേ ഉള്ളതാണ്
ഏട്ടാ ഈ ഉടുപ്പൊക്കെ മാറ്റി ഈ പുതിയത് ഇട്ടു വാ ,,അനിയനാണ് പിറകിൽ തട്ടിക്കൊണ്ടു പറഞ്ഞത് ,
എനിക്ക് എന്തിനാടാ ഇതൊക്കെ ,ഇപ്പൊ ഇട്ടതൊക്കെ മതി ,നീ നന്നായി തിളങ്ങിയിരിക്കണ് ,അതുകണ്ടാമതി ഈ ഏട്ടന് ,
അതുപറഞ്ഞാൽ പറ്റില്ല ,ഏട്ടനിന്നു ഇതു ഇടണം ,ഇന്ന് എന്റെ കല്യാണമാ ,ഏട്ടൻ ഇന്ന് ഞാൻ പറയുന്നത് അനുസരിച്ചേ പറ്റൂ
വേണ്ട കുട്ടാ ഞാൻ ഭക്ഷണഹാളിലേക്കുപോകുവാ ,അവിടെ ഈ മിന്നുന്ന കസവുമുണ്ടും ജുബ്ബയുമൊക്കെ ഇട്ടുപോയാൽ അപ്പടി അഴുക്കാകും ,അതുകൂടാതെ ഇതൊക്കെ ഉടുത്തു ഭക്ഷണം വിളമ്പാനും ബുദ്ധിമുട്ടാ
വിളമ്പാനൊക്കെ വേറെ ആൾക്കാരെ ഞാൻ ഏർപ്പാടക്കിയിട്ടുണ്ട് ,ഇന്നുമുഴുവൻ ഏട്ടൻ എന്റെ കൂടെ ഉണ്ടാകണം ,എന്റെ നിഴലായി ,ചുമ്മാ സമയം കളയാതെ ഏട്ടൻ ഈ ഡ്രസ്സൊക്കെ ഇട്ടു വാ ,
അല്ല കുട്ടാ ഇതൊക്കെ ഉടുത്തു ഞാൻ വന്നാൽ ആൾക്കാർക്ക് ചെക്കൻ മാറിപോകുമല്ലോ ,അതുവേണോ ?
വേണം ,അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ഞാൻ സഹിച്ചു ,, ഏട്ടനിതിട്ടെ
മുറിയിലേക്ക് കയറി പഴയതുമാറ്റി പുതിയത് എടുത്തു അണിയുമ്പോൾ ഒരു നിമിഷം കുട്ടനെക്കുറിച്ചു മോശമായി ചിന്തിച്ചതിൽ മനസ്സൊന്നു നൊന്തു ,
അവനുതന്നോടു സ്നേഹവും താല്പര്യവും ഒക്കെയുണ്ട് ,അത് ഇല്ലാ എന്ന് തെറ്റിദ്ധരിച്ചത് തന്റെ തെറ്റ് ,കുടുംബക്കാരെ എതിർത്ത് അവനെമാത്രം കാത്തിരിക്കുന്ന പെണ്ണിനെ അവനു എത്രനാൾ കണ്ടില്ലെന്നടിക്കാൻ കഴിയും ,
അല്ലെങ്കിലും ഈ കച്ചറവാരുന്നവനുവേണ്ടി അവനെന്തിനു അവന്റെ ജീവിതം കളയണം ,അവനെങ്കിലും സന്തോഷിക്കട്ടെ ,നല്ലൊരുജീവിതം കിട്ടട്ടെ ,
ഏട്ടാ എത്ര സമയമായി ഇതുവരെ ഉടുത്തു കഴിഞ്ഞില്ലേ ?,ദൂരത്തുനിന്നും അടുത്തേക്കുവരുന്ന അനിയന്റെ ശബ്ദം തൊട്ടടുത്ത് എത്തി
എന്തായലും നീ നല്ല മുണ്ടും ജുബ്ബയും ഒക്കെ വാങ്ങിത്തന്നു ,എന്നാപ്പിന്നെ കുറച്ചു പൗഡറും കൂടി വാരിപ്പൂശാമെന്നു വെച്ചു ,ഗമയൊട്ടും കുറക്കേണ്ടല്ലോ ?
അല്ലെങ്കിലും എന്റെ ഏട്ടൻ അടിപൊളിയാ ,ഏതുപെണ്ണുകണ്ടാലും ഒന്നുകൊതിക്കും അതുകൊണ്ടായിരിക്കും കച്ചറ മണം അടിക്കുമെന്നുപറഞ്ഞു ഒരുത്തി എന്നെയും തേച്ചുപോയതു അല്ലെ
അത് അവൾക്കു ഭാഗ്യമില്ലാഞ്ഞിട്ടു ,അതെ ,അതെ ,അവളുടെ ഭാഗ്യങ്ങളാ ഉമ്മറത്തുഓടിക്കളിക്കുന്ന ആ രണ്ടു കൊച്ചുങ്ങൾ ,,നീ ഒന്നുപോയെ കുട്ടാ ,
ഏട്ടൻ വാ ഞാൻ ഒരാളെ പരിചയപ്പെടുത്തി തരാം ,ഇപ്പോ വേണ്ട പിന്നീട് ആകാം ,ഈ തിരക്കൊക്കെ ഒന്നു കഴിയട്ടെ ,
അത് പറഞ്ഞാൽ പറ്റില്ല ഇതു ഇപ്പൊ കാണേണ്ട ആളാണ് ,കുട്ടൻ തന്റെ കയ്യും പിടിച്ചു ചമയമുറിയിലേക്കു നടന്നപ്പോൾ ,തനിക്കു അവനെ അനുഗമിക്കാനെ നിവർത്തി ഉണ്ടായിരുന്നുള്ളു ,
മുട്ടോളം മുടിയുമായി ,ആഭരണങ്ങളൊക്കെ അണിഞ്ഞു നിൽക്കുന്ന മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ കണ്ണെടുക്കാൻ തോന്നിയില്ല ,അനിയന്റെ ഭാര്യയാവാൻ പോകുന്ന കുട്ടി എന്ന തിരിച്ചറിവ് പെട്ടന്ന് മുഖം പിന്നോട്ട് വലിപ്പിച്ചു ,
അശ്വതി ഇതാണ് എന്റെ ഏട്ടൻ ,ആൾക്ക് ഇവിടെ മുനിസിപ്പാലിറ്റിയിൽ ക്ളീനിങ് ജോലിയാണ് ഞാൻ പറഞ്ഞിരുന്നില്ലേ ?,രണ്ടുകൊല്ലം മുൻപ് എനിക്കൊരു ജോലികിട്ടുന്നതുവരെ ഏട്ടന്റെ ഈ ഒരു ജോലിയിൽ നിന്നുള്ള വരുമാനം കൊണ്ടാ നമ്മളെല്ലാവരും ജീവിച്ചത് ,,
ഞാൻ ആദ്യമായി ഇഷ്ട്പെട്ട ഡ്രസ്സും വാച്ചും ഒക്കെ വാങ്ങിയത് ഏട്ടൻ തന്ന കാശുകൊണ്ടാ ,ഞാൻ ചോദിച്ച ഒന്നിനും ഇതുവരെ ഇല്ലാ എന്ന് എന്റെ ഈ ഏട്ടൻ പറഞ്ഞിട്ടില്ല
എന്തിനാടാ ഇതൊക്കെ ആ കുട്ടിയോട് ,,പാവം കുട്ടിവേണം ഏട്ടാ അവളും ഈ വീട്ടിൽ ജീവിക്കേണ്ടവൾ ആണ് ,എന്നെക്കുറിച്ചു അറിയുന്നതിലും കൂടുതൽ അവൾ ഈ വീട്ടിൽ ഏട്ടനെക്കുറിച്ചു അറിയണം ,
ഈ കാണുന്ന വീട് ഞാൻ വെച്ചതാണെങ്കിലും ഇതു ഏട്ടന്റെ പേരിലാണ് രജിസ്റ്റർ ചെയ്തത് ,ഇനിയും എന്നൊക്കൊണ്ടു ആകുന്നതൊക്കെ ഞാൻ ഈ ഏട്ടനുവേണ്ടി ചെയ്യും ,അതുകഴിഞ്ഞുള്ള ആർഭാടങ്ങളും സന്തോഷങ്ങളും ഒക്കെ മതിഎനിക്കു ,
മതി കുട്ടാ ,നിർത്തു എന്തൊക്കെയാ നീയീ പറയുന്നത് ,മറ്റൊരുകുടുംബത്തിൽനിന്നും വന്നൊരുകുട്ടി അതിന്റെ മനസ്സു എന്തോരം വേദനിച്ചുകാണും ,ഏട്ടനും ഒന്നും വേണ്ട കുട്ടന്റെ മനസ്സിൽ ഏട്ടനോടുള്ള ഈ ഒരു സ്നേഹം മരിക്കുന്നതുവരെ ഇങ്ങനെതന്നെ ഉണ്ടായാൽ മാത്രം മതി ,
അടർന്നുവീഴാൻ തുടങ്ങിയ കണ്ണുനീര്തുള്ളികളേ കൈകൊണ്ടുശക്തമായിത്തുടച്ചു നടന്നു നീങ്ങാനൊരുങ്ങിയ വേണുവിന്റെ ചുമലിൽ മനു കൈവെച്ചു
ഏട്ടാ ,ഏട്ടാ ,എന്റെ ഏട്ടൻ കരയുകയോ കുട്ടികളെപ്പോലെ എന്തായിത് ?ഞാൻ പോവ്വാ കുട്ടാ ,ഏട്ടനിവിടെ നിലക്കാൻ വയ്യ
ഏട്ടാ ,ഏട്ടൻ ആ മുറിയുടെ ആ വശത്തേക്ക് ഒന്ന് നോക്കിയേ ,അവിടെ ചെറിയ ഒരുപൊട്ടിത്തെറിച്ചപെണ്ണു ഒരുങ്ങുന്നത് കാണുന്നില്ലേ ?,മലപ്പുറം ഭാഷയിൽ പറഞ്ഞാൽ അതാണ് എന്റെ മൊഞ്ചത്തി,, ഇതു അവളുടെ ചേച്ചിയാ ,
നാഴികയ്ക്ക് നാല്പതുവട്ടം ഏട്ടന്റെ കാര്യങ്ങൾ ഞാൻ പറയുന്നതുകൊണ്ട് ആൾക്ക് ഏട്ടനെ നന്നായി അറിയാം ,ഒരു ദിവസം മൊബൈലിൽ ഏട്ടന്റെ ഫോട്ടോകാണിച്ചു രണ്ടും കൽപ്പിച്ചു ചോദിച്ചതാണ് എന്റെ ഏട്ടനെ കെട്ടാവോ എന്ന് ,,,,
എന്റെ കയ്യിൽ നിന്നും മൊബൈലുവാങ്ങി ആള് കുറെ സമയം അതിൽ തന്നെ നോക്കി നിന്നു ,ആ മുഖത്ത് വാരിവിതറിയ ആയിരം മഴവില്ലുകളിൽ നിന്നും എനിക്ക് മനസ്സിലായി ഏട്ടനെ ആൾക്ക് ശരിക്കും ബോധിച്ചുവെന്നു ,,
എന്താ മനു ,ഇവിടെ എന്താ നടക്കുന്നത് എനിക്ക് ഒന്നും മനസ്സിലാകുന്നില്ല കുട്ടാ ,?കൂടുതലൊന്നും മനസ്സിലാക്കാനില്ല ,,,ഇന്ന് എന്റെയും ഏട്ടന്റെയും കല്യാണമാ അതുമാത്രം ഇപ്പൊ മനസ്സിലാക്കിയാൽ മതി ,,,,,,,,അപ്പൊ ഞാൻ പോകുവാ രണ്ടാളും മനസുതുറന്നു ഒന്ന് സംസരിക്കൂ
മനു നടന്നുനീങ്ങുന്നതു നോക്കിനിൽക്കാനല്ലാതെ അശ്വതിയുടെ മുഖത്തേക്കുനോക്കാൻ കഴിഞ്ഞില്ല ,നാണമോ ഭയമോ എന്താണെന്നറിയാതെ എന്തൊക്കെയോ വേവലാതികൾ ആയിരുന്നു മനസ്സിൽ
തന്റെ പെരുമാറ്റം കണ്ടിട്ടിട്ടാവണം അശ്വതിതന്നെ തുടങ്ങിയത് ,മനുവിന്റെ ഏട്ടന് എന്നെ ഇഷ്ടായില്ലേ ?
അത് കുട്ടീ ഞാൻ ,,കുട്ടിക്ക് എന്നിലും നല്ലൊരു ആളെ കിട്ടും ,എന്നെപ്പോലുള്ള ഒരാളെ കുട്ടിക്ക് ചേരില്ല ,കുട്ടിയുടെ അന്തസ്സിനും സൗന്ദര്യത്തിനും ഒന്നും ഞാൻ ചേർന്നതല്ല കുട്ടി ,എന്റെ ജോലി അറിയാലോ ?
ജോലികഴിഞ്ഞു ഞാൻ വരുമ്പോൾ എന്റെ മണം പോലും കുട്ടിയിൽ വെറുപ്പും മടുപ്പും ഉണ്ടാക്കും എന്തിനാ കുട്ടിയുടെ നല്ലൊരു ജീവിതം കളയുന്നത് ?
മനുപറഞ്ഞറിഞ്ഞ നിങ്ങളോടു ഒരു ചെറിയ ഇഷടമൊക്കെ മുന്നേ മനസ്സിൽ മൊട്ടിട്ടിരുന്നു ,പിന്നീട് ഈ മുഖം കൂടി കണ്ടപ്പോൾ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നിമറഞ്ഞതാ ,അന്നേ ഞാൻ മനസ്സിൽ ഉറപ്പിച്ചതാ എന്റെ ജീവിതം നിങ്ങളുടെകൂടെ ആയിരിക്കുമെന്ന് ,
പക്ഷെ ഇപ്പോൾ ഈ ഒരു നിമിഷം കുട്ടികളെ പോലെ നിങ്ങളുടെ നിഷ്കളങ്കമായ പെരുമാറ്റം കൂടി കണ്ടപ്പോൾ എന്റെ മനസ്സിൽ എനിയ്ക്കുപോലും സ്ഥാനമില്ലാതായി ,ഇപ്പോൾ എന്റെ മനസ്സുമുഴുവൻ നിങ്ങളുമാത്രമാ ,
പുറമെ പുഞ്ചിരിതൂകി അകമേവഞ്ചിക്കുന്നവരുടെ ഇടയിൽ നിങ്ങൾ തീർച്ചയായും വ്യത്യസ്തൻ ആയിരിക്കുമെന്ന് എനിക്കുറപ്പുണ്ട് ,പിന്നെ ജോലിയുടെ കാര്യം ,കട്ടും പിടിച്ചുപറിക്കാതെയും നാടിനുവേണ്ടി സേവനം ചെയ്യന്നതാണ് മുന്സിപ്പാലിറ്റിയിലെ നിങ്ങളുടെ ജോലി ,
എന്റെ ഭർത്താവ് അങ്ങനെ ഒരാളാകുന്നതിൽ എനിക്കഭിമാനവും ഉണ്ട് ,അതില് ഇത്തിരി നാറ്റം കൂടിയാലും ഞാനങ്ങു സഹിക്കും ,,പക്ഷെ ആ നാറ്റത്തിന്റെ പേരിൽ ഈ കുഞ്ഞു മനസ്സിലേക്കും ഈ വിരിഞ്ഞ നെഞ്ചിലേക്കും എന്നെ ചേർത്തുപിടിച്ചില്ലെങ്കിൽ ഞാൻ പിണങ്ങും
അത് അശ്വതി ഞാൻ ,ഒന്നും പറയേണ്ട ,പൂർണ്ണമനസ്സോടെയും ഇഷ്ടത്തോടെയും തന്നെയാ ഞാൻ പറയുന്നത് ,എനിക്ക് നിങ്ങളുടെ കൂടെ ജീവിച്ചാമതി ,,
ഏട്ടാ രണ്ടാളും സംസാരിച്ചു തീർന്നില്ലേ ? മതി മതി ബാക്കി പിന്നെ നിങ്ങളുടെ മണിയറയിൽ മനസ്സുതുറന്നോ ,,മുഹൂർത്തത്തിന് ഉള്ള സമയമായി ,,
അശ്വതിയെ ഒന്നുകൂടെ നോക്കി മുന്നോട്ടു നടന്നുനീങ്ങുമ്പോൾ ഈ ലോകം വെട്ടിപ്പിടിച്ച സന്തോഷം ആയിരുന്നു മനസ്സു നിറയെ ,,,
ഒന്നും പറയാതെ അനിയനെ ഒരു ഓരത്തുവിളിച്ചു അവന്റെ ദേഹത്തേക്ക് ചാഞ്ഞു കണ്ണീരുപൊഴിക്കുമ്പോൾ അവനും സങ്കടങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല
ഏട്ടനൊന്നുപോയെ എന്നെക്കൂടി കരയിക്കാതെ ,ഏട്ടനൊരു പെണ്ണുകെട്ടാതെ ഞാനൊരു പെണ്ണുകെട്ടുമെന്നുകരുതിയ ഏട്ടനെന്തു ഏട്ടനാണ് ഏട്ടാ ,,
അശ്വതിയെ താലികെട്ടി മൂന്നുപ്രാവശ്യം വലം വെക്കുമ്പോഴും ,നേരത്തെ പുച്ഛത്തോടെ സംസാരിച്ച ബന്ധുക്കളുടെ കണ്ണിലേക്കായിരുന്നു തന്റെ ശ്രദ്ധ മുഴുവൻ ,അപ്പോൾ താൻ കണ്ടു തന്റെ മാലാഖയെ കണ്ണെടുക്കാതെ അന്തംവിട്ടുനോക്കിനിൽക്കുന്ന അവരെ ,
തന്റെ പെണ്ണിലാണ് അവരുടെ ദൃഷ്ടിദോഷം വന്നു വീണത് ,ചടങ്ങു കഴിഞ്ഞു വീട്ടിലെത്തിയാലുടൻ മൂന്നുമുളകെടുത്തു അവളെ ഉഴിഞ്ഞു അടുപ്പിലിട്ടു പുകയ്ക്കണം ,,
അങ്ങനെ ചവറുപിറുക്കുന്നവന് കിട്ടിയ മാണിക്യത്തിൽ ആരും കണ്ണുവെക്കേണ്ട ,,ഇതു എന്റെ ആണ് ,എന്റ മാത്രം.