അവളുടെ കൂലി
(രചന: പുത്തന്‍ വീട്ടില്‍ ഹരി)
ശരീരവടിവുകള്‍ തെളിഞ്ഞ് കാണുന്ന വിധത്തില്‍ ഇറുകിയ ചുരിദാറുമണിഞ്ഞ് അലമാരയില്‍ തറപ്പിച്ച കണ്ണാടിയുടെ മുന്നില്‍ നിന്നും സ്വന്തം സൗന്ദര്യം ഒന്നുകൂടി മോടിപിടിപ്പിക്കുന്ന തിരക്കിലായിരുന്നു മുപ്പത്തഞ്ച് പിന്നിട്ട അലീന.
“എന്നാലുമെന്റെ അലീനേ എനിക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ല, അരവിന്ദന് നിന്നോട് പഴയതൊക്കെ ക്ഷമിച്ചെന്ന് പറഞ്ഞത് നേരാണോ ”
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വേഷം അഴിച്ച് മാറ്റാതെ റൂമിലേക്കെത്തിയ രേവതി ക്ഷീണത്തോടെ കസേരയിലേക്കിരുന്നു കൊണ്ട് അലീനയെ ആകമാനം വീക്ഷിച്ചുകൊണ്ട് വിശ്വാസം വരാത്ത മട്ടില്‍ ചോദിച്ചു.
അലീനയും രേവതിയും പഠിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഉറ്റ സുഹൃത്തുക്കളാണ്,
ഇടയ്ക്ക് വെച്ച് നാലുവര്‍ഷത്തോളം അലീനയും രേവതിയും വലിയ ബന്ധമില്ലാതിരുന്നെന്നതൊഴിച്ചാല് ഇപ്പോഴും പൂനയിലെ സ്വകാര്യ ആശുപത്രിയില്‍ ഇരുവരും ഒരുമിച്ചാണ് ജോലി ചെയ്യുന്നത്.
“അരവിന്ദന് ആളൊരു പാവമാണെടീ , എനിക്ക് പറ്റിപ്പോയ വലിയ തെറ്റായിരുന്നു അരവിന്ദന് , പണത്തിന് മാത്രം മൂല്യം കല്പിച്ച് കാല്‍ക്കാശിന് കൊള്ളാത്തൊരുത്തനെ കെട്ടി ജീവിതം തുടങ്ങിയതിന് ശേഷമാണ് ശരിക്കും അരവിന്ദന്റെ വില മനസ്സിലായത് ”
നഷ്ടബോധത്തിന്റെ വിങ്ങല്‍ മറച്ച് വെക്കാതെ നെടുവീര്‍പ്പോടെ അലീന പറഞ്ഞു.
” എന്താണേലും ശരി നിന്റെ ഇപ്പോഴത്തെ രീതികളൊന്നും എനിക്ക് ദഹിക്കുന്നില്ല , അരവിന്ദനുമായി പലയിടത്തും ചുറ്റിയടിച്ചും ശ, രീ,രം, പ ,ങ്കി,ട്ടും നടന്ന നീ അവസാനം അരവിന്ദനെ ഉപേക്ഷിച്ച് ലോറന്‍സിനെ കെട്ടി ,
എന്നിട്ടിപ്പോള്‍ ലോറന്‍സ് പോരെന്നും പറഞ്ഞ് വീണ്ടും അരവിന്ദന്റെ പുറകെ പോകുന്നു , നീയും അരവിന്ദനും വീണ്ടും തെറ്റിലേക്കാ പോകുന്നത് “രേവതി നീരസം മറച്ചുവയ്ക്കാതെ ഏഞ്ചലിനെ നോക്കിക്കൊണ്ട് പറഞ്ഞു.
” എന്തോന്ന് തെറ്റ് ? എന്റെ ജീവിതം എങ്ങനെയാവണമെന്ന് ഞാനല്ലേടീ തീരുമാനിക്കേണ്ടത് , ഈ പോക്ക് പോയാല്‍ ലോറന്‍സിനെ കളഞ്ഞോണ്ട് ഞാന്‍ അരവിന്ദനോടൊപ്പം പോകും ,
കല്യാണം കഴിഞ്ഞ് എട്ട് വര്‍ഷമായിട്ടും ഒരു കുഞ്ഞിനെ തരാന്‍ കഴിയാത്തവനോടൊപ്പം എന്തിന് വേണ്ടിയാ ഞാന്‍ ജീവിക്കുന്നതെന്ന് നീയൊന്ന് പറ ”
ഭര്‍ത്തായ ലോറന്‍സിനോടുള്ള അനിഷ്ടവും പകയും വെളിപ്പെടുത്തുന്നത് പോലെയായിരുന്നു അലീനയുടെ സ്വരം .
“അരവിന്ദന്റെ കൂടെപ്പോകാന്‍ അയാളുടെ ഭാര്യയും സമ്മതിക്കണ്ടേ ? നീ ദിവാസ്വപ്നം കണ്ട് നടക്കാതെ ഒരു പാവം കുഞ്ഞിനെ അഡോപ്റ്റ് ചെയ്ത് മര്യാദയ്ക്ക് ജീവിക്കാന്‍ നോക്ക് ”
രേവതി ഉപദേശമെന്നോണം പറഞ്ഞിട്ട് കസേരയില്‍ നിന്നും എഴുന്നേറ്റു .”അരവിന്ദന് വേറെ വിവാഹം ചെയ്തിട്ടില്ലെടീ , യാദൃശ്ചികമായാണ് ഫേസ്ബുക്കില്‍ അരവിന്ദനെ കാണുന്നത് , പ്രൊഫൈല്‍ മുഴുവന്‍ അരിച്ച് പെറുക്കിയിട്ടാ റിക്വസ്റ്റ് അയച്ചത് ,
ചെയ്ത തെറ്റിന് ഞാന്‍ ക്ഷമ ചോദിച്ചതോടെ അരവിന്ദന് എന്റെ പഴയ അരവിന്ദനായി ,
അങ്ങനെയാ അരവിന്ദന് എന്നോട് മനസ്സ് തുറക്കുന്നത് , പാവമാ എന്നെയോര്‍ത്ത് ജീവിതം നശിപ്പിച്ചു..
പിന്നെ നല്ല കട്ടത്താടിയും കട്ടി മീശയും നീട്ടിവളര്‍ത്തി പിന്നില്‍ കെട്ടിയ തലമുടിയുമായി ആള് നല്ല ചുള്ളനായിട്ടുണ്ട് ”
അരവിന്ദന്റെ മുഖം മനസ്സിലേക്കാവഹിച്ചുകൊണ്ട് അലീന തുടുത്ത മുഖത്തോടെ പറഞ്ഞു.
അലീന പറഞ്ഞത് കേട്ട് പുച്ഛത്തോടെ മുഖം തിരിച്ചതല്ലാതെ രേവതി തിരിച്ചൊന്നും ചോദിക്കാന്‍ പോയില്ല.
“വേറൊരു കാര്യം കൂടി , സ്വന്തം വയറില്‍ താലോലിച്ച് ഒരു ഭ്രൂ,ണ,ത്തെ വളര്‍ത്തി പ്രസവിച്ച് കാണാനും ഒരു പെണ്ണായ എനിക്കാഗ്രഹിക്കാന്‍ പറ്റില്ലേടീ ? മാത്രമല്ല നീയെന്നെ എന്തൊക്കെ ഉപദേശിച്ചു? പക്ഷേ നീ നിന്റെ ഭര്ത്താവിനോടെങ്ങനാ , അയാളുടെ പേര് കേള്‍ക്കുന്നത് പോലും കലിയല്ലേ നിനക്ക് ,
യ്യോ സംസാരിച്ച് വൈകി , അരവിന്ദന് കൃത്യം പത്ത് മണിക്ക് സഫാരി ഹോട്ടലിലെത്താമെന്നാ പറഞ്ഞത് അപ്പോള്‍ രണ്ട് ദിവസം കഴിഞ്ഞ് കാണാന്‍ മോളേ , ഞാനിറങ്ങാ ”
രേവതിയുടെ മറുപടിക്ക് കാത്ത് നില്കാതെ ബാഗും തോളില്‍ തൂക്കി അലീന വേഗത്തില്‍ പുറത്തേക്ക് നടന്നു.
“ഇവളൊരിക്കലും നേരെയാകില്ല ” പിറുപിറുത്തുകൊണ്ട് രേവതി തന്റെ മുറിയിലേക്ക് കയറി.
ഹോട്ടല്‍ സഫാരിയില്‍ ഒന്‍പതര കഴിഞ്ഞപ്പോള്‍ തന്നെ അലീന എത്തിയിരുന്നു . പത്തരയായിട്ടും അരവിന്ദനെ കാണാതെ മുഷിഞ്ഞ മട്ടിലായ അവള് ഫോണെടുത്ത് അരവിന്ദന്റെ നമ്പരില്‍ ഡയല് ചെയ്തു.കൃത്യം നാലാം സെക്കന്റില്‍ തന്നെ കോള്‍ അറ്റന്റ് ചെയ്യപ്പെട്ടു.
“സോറി മോളെ , ഞാനിറങ്ങാന്‍ തുടങ്ങിയപ്പോഴേക്കും തന്നെ സ്റ്റുഡിയോയില്‍ ഒരു കെണി വന്ന് കയറി , ഫോട്ടോ എടുത്താല്‍ മാത്രം പോരായിരുന്നു , എഡിറ്റ് ചെയ്ത് വെളുപ്പിച്ച രൂപം പോലും മാറ്റിക്കൊടുക്കണമെന്നായിരുന്നു ആവശ്യം , ഞാനാകെ പെട്ടുപോയി ,
അരമണിക്കൂര്‍ കാത്തില്ലേ ഇനിയൊരു അരമണിക്കൂര്‍ കൂടി എനിക്ക് വേണ്ടി പ്ലീസ് “അരവിന്ദന് ക്ഷമാപണത്തോടെ തുടങ്ങി.
” സാരമില്ല അരവിന്ദാ , സ്റ്റുഡിയോയിലെ തിരക്കിനെക്കുറിച്ചൊക്കെ എനിക്കറിയാം , കാലങ്ങള്‍ക്ക് ശേഷം വീണ്ടും കാണാന്‍ പോകുന്നതല്ലേ , അതിന്റൊരു “അവസാന വാക്ക് കിട്ടാതെ തപ്പിതടഞ്ഞുകൊണ്ട് അലീന പറഞ്ഞു.
” കൃത്യം പതിനൊന്ന് മണിക്ക് ഞാനെത്തും മോളെ , സഫാരിയിലെ ഫിഷ് കറി പ്രശസ്തമാണ് , നീയൊരു രണ്ടപ്പവും ഫിഷ് കറിയുമൊക്കെ കഴിച്ച് ഊര്‍ജ്ജസ്വലയായി ഇരിക്ക് ”
ദ്വയാര്‍ത്ഥത്തോടെ അലീനയ്ക്ക് മറുപടി നല്‍കിക്കൊണ്ട് അരവിന്ദന് ചിരിച്ചു.”പോ അവിടുന്ന് ” നാണത്താല്‍ പൂത്തുലഞ്ഞ അലീന കോള്‍ കട്ട് ചെയ്തു.
ഹോട്ടലിന്റെ രണ്ടാം നിലയിലുള്ള ഫാമിലി മുറിയില്‍ അരവിന്ദനെയും കാത്തിരുന്ന അലീനയുടെ മുന്നിലേക്ക് കൃത്യം പതിനൊന്ന് മണിക്ക് തന്നെ അരവിന്ദനെത്തി.” അരവിന്ദാ ”
അരവിന്ദനെ കണ്ടതിന്റെ സന്തോഷത്തില്‍ മതിമറന്നുകൊണ്ട് അലീന ഇരിപ്പിടത്തില്‍ നിന്നും അറിയാതെ എഴുന്നേറ്റുപോയി .” ഇരുന്നോ ഇരുന്നോ , മോള്‍ക്കൊരു കിടിലന്‍ സര്പ്രൈസുമായാ ഞാന്‍ വന്നത്
ചിരിയോടെ അലീനയെ തന്നെ ആകമാനമൊന്ന് നോക്കിയിട്ട് അലീനയ്ക്കഭിമുഖമായുള്ള കസേരയില്‍ അരവിന്ദനിരുന്നു.” എന്ത് സര്‍പ്രൈസ് ”
അലീന അരവിന്ദന്റെ കൈയ്യിലേക്ക് സൂക്ഷിച്ച് നോക്കിയിട്ട് ആകാംഷയോടെ തിരക്കി.”കൈയ്യിലൊന്നുമല്ല മോളെ സര്‍പ്രൈസ്”
അലീനയുടെ ഭാവം ശ്രദ്ധിച്ച് കണ്ണിറുക്കി കാണിച്ചുകൊണ്ട് അരവിന്ദന് പറഞ്ഞു.അരവിന്ദന് പറഞ്ഞ് നിറുത്തിയതും ഫാമിലി മുറിയിലേ വാതില്‍ തള്ളിത്തുറന്നുകൊണ്ട് ചുവന്ന് വെട്ടിത്തിളങ്ങുന്ന സാരിയില്‍ പൂര്‍വ്വാധികം സുന്ദരിയായി രേവതി എത്തി.
” നീ , നീയെന്താ ഇവിടെ “രേവതിയെ കണ്ട് ഇഷ്ടപ്പെടാത്ത മട്ടില്‍ തുറിച്ച് നോക്കിക്കൊണ്ട് അലീന വിക്കി.
” ഞാനോ ? നീ ഇങ്ങോട്ട് വരുന്നതിന് മുമ്പ് പറഞ്ഞില്ലേ പേര് പോലും പറയാന്‍ ഞാനിഷ്ടപ്പെടാത്ത എന്റെ ഭര്‍ത്താവിനെക്കുറിച്ച് “അലീനയെ നോക്കി ചിരിയടക്കിക്കൊണ്ട് രേവതി അരവിന്ദന്റെയരികിലിരുന്നു.
” ആ പേര് നിന്നോട് പറയാനാണ് ഞാനിഷ്ടപ്പെടാത്തത് , കാരണം ആ പേര് നിന്റെ നാവില്‍ നിന്നും വീഴുന്നത് തന്നെ എനിക്കിഷ്ടമല്ലാത്തതുകൊണ്ട് , എന്തുകൊണ്ടാണ് ഇഷ്ടപ്പെടാത്തതെന്നല്ലേ ?ദാ ഇതാണ് ഞാന്‍ ജീവനേക്കാളേറെ സ്നേഹിക്കുന്ന എന്റെ ഭര്‍ത്താവ് ”
അരവിന്ദന്റെ വലംകൈക്കിടയിലൂടെ തന്റെ കൈയ്യിട്ട് മുറുകെ പിടിച്ചുകൊണ്ട് പ്രണയം നിറഞ്ഞ ശബ്ദത്തോടെ രേവതി പറഞ്ഞു.
” നിറുത്തെടീ നാടകം , രണ്ടും കൂടെ എന്നെ പറ്റിക്കാന്‍ നോക്കുവാണോ ? നിന്റെ കെട്ട്യോന്റെയും നിന്റെയും നൂറ് കണക്കിന് ഫോട്ടോസ് കണ്ടിട്ടുള്ള എന്നോടാണോ ”
അരവിന്ദനോടുള്ള രേവതിയുടെ സമീപനം ഇഷ്ടപ്പെടാതെ അലീന കടുത്ത ശബ്ദത്തില്‍ പറഞ്ഞു.
” മോളേ ഞാനൊരു ഗ്രാഫിക് ഡിസൈനറും , ഫോട്ടോഗ്രാഫറും എഡിറ്ററുമാണെന്ന കാര്യം മറന്നോണ്ടാണോ നീ രേവതിയോട് ചൂടാകുന്നത് , ദാ പിടിച്ചോ ഞങ്ങളുടെ വെഡ്ഢിംഗ് ആല്‍ബം ”
രേവതിയുടെ ബാഗില്‍ നിന്നും വലിയൊരു ആല്‍ബം പുറത്തെടുത്ത് മേശപ്പുറത്തേക്ക് വെച്ചുകൊണ്ട് പുച്ഛ സ്വരത്തില്‍ അരവിന്ദന് പറഞ്ഞു.” രണ്ടുപേരും കൂടി എന്നെ ചതിക്കുകയായിരുന്നല്ലേ ”
ആല്‍ബം മറിച്ച് നോക്കിയതിന് ശേഷം താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലായ അലീന തകര്‍ന്ന മട്ടില്‍ ഇരുവരെയും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു.
” ച,തി,യൊക്കെ ഏറ്റവും കൂടുതല്‍ അറിയുന്നത് നിനക്കല്ലേ അലീനേ ? കൂടുതല്‍ എന്നെക്കൊണ്ട് പറയിക്കരുത് “അരവിന്ദന്റെ ശബ്ദത്തിന് ചൂടുപിടിച്ചു.
“ഞങ്ങള്‍ തമ്മില്‍ ചെറിയൊരു കടമുണ്ടായിരുന്നു അലീനാ , അരവിന്ദേട്ടനെ എനിക്ക് കിട്ടാന്‍ കാരണം നീയല്ലേ ? അതുകൊണ്ട് തന്നെ നിന്നോട് അരവിന്ദേട്ടന് വീട്ടണമെന്നാഗ്രഹിച്ച കടം എനിക്കൊരു ബാധ്യതയായി ,ദാ ഇത് നിനക്കുള്ളതാണ് ,
എന്റെ രണ്ടുമാസത്തെ ശമ്പളവും ഒരാഴ്ച ഈ ഹോട്ടലില്‍ റൂം ബുക്ക് ചെയ്ത് പേ ചെയ്തതിന്റെ ബില്ലുമാണ് ,
അരവിന്ദേട്ടന് പറഞ്ഞിട്ടുണ്ട് എന്റെ കൂടെ ശ,രീ,രം പ,ങ്കി,ട്ട,തി,ന്റെ കൂലി അലീനയ്ക്ക് നല്‍കേണ്ടതായിരുന്നുവെന്ന് , ആ ബാധ്യത ഞാനേറ്റെടുത്തുവെന്ന് മാത്രം..
പിന്നെ നിനക്ക് വേണ്ടി ബുക്ക് ചെയ്ത മുറിയില്‍ ലോറന്‍സും ഉണ്ട് കേട്ടോ , നിങ്ങള്‍ ശരിക്കൊന്നാഘോഷിക്ക് ,
മാത്രമല്ല തൊട്ടടുത്ത മുറിയില്‍ ഞങ്ങളും നിങ്ങളുടെ ആഘോഷത്തിന് കൂട്ടായിട്ടുണ്ടാകും.. വാ അരവിന്ദേട്ടാ പോകാം ”
തന്റെ പേഴ്സില്‍ നിന്നും ഇരുപതിനായിരം രൂപയും ഹോട്ടല്‍ മുറിയുടെ വാടക കൊടുത്തതിന്റെ റെസീപ്റ്റും അലീനയുടെ മുന്നിലേക്കിട്ടുകൊണ്ട് മുഖത്തടിച്ചത് പോലെ പറഞ്ഞതിന് ശേഷം അരവിന്ദന്റെ കൈയ്യും പിടിച്ചുകൊണ്ട് രേവതി എഴുന്നേറ്റു ..
വാതില്‍ തുറന്ന് പുറത്തേക്ക് പോകുന്ന രേവതിയെയും അരവിന്ദനെയും നോക്കിയിരുന്ന അലീനയുടെ കണ്ണുകളിലേക്ക് പതിയെ ഇരുട്ട് കയറുന്നുണ്ടായിരുന്നു…Nb : കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം..