(രചന: J. K)
കുറെ നേരമായില്ലേ അരുണേട്ടാ നമ്മളിങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട് എന്തൊക്കെയോ പറയാനുണ്ട് എന്നു പറഞ്ഞല്ലേ നമ്മൾ വന്നത് ഇതുവരെയും ഒന്നും പറഞ്ഞില്ലല്ലോ?? “”
നന്ദൻ ചോദിക്കുമ്പോൾ കടലിൽ ഒന്നിനുപുറകെ ഒന്നായി വരുന്നു തിരകളിൽ നിന്ന് മിഴികൾ എടുത്തു അരുൺ..
“” എങ്ങനെയാ തുടങ്ങേണ്ടത് എന്ന് ധർമ്മസങ്കടത്തിൽ ആടോ ഞാൻ ഇപ്പോഴും എങ്ങനെ പറയണം എന്നൊന്നും എനിക്ക് ഒരു രൂപവുമില്ല പക്ഷേ പറയാതിരിക്കാൻ നിർവാഹവുമില്ല എന്റെ അവസ്ഥ അതാണ്… “”
നന്ദന് എന്തൊക്കെയോ സംശയങ്ങൾ തോന്നി.. താൻ അറിഞ്ഞതെല്ലാം അരുൺ എന്ന ഒരു നല്ല മനുഷ്യനെപ്പറ്റിയാണ് അദ്ദേഹത്തിന്റെ നന്മകളെ പറ്റിയാണ്… ജീവിതത്തിലെ തന്റെ നഷ്ടങ്ങൾക്ക് ആള് ഒരു കാരണം ആണെങ്കിലും അദ്ദേഹത്തെ ഒരിക്കൽപോലും വെറുത്തിട്ടില്ല..
“””ദീപികക്ക് ഇതുവരെയും തന്നെ മറക്കാൻ കഴിഞ്ഞിട്ടില്ലടോ… എന്നെ സ്നേഹിക്കാനും…””
അത് കേട്ടതും അവിടെ ആകെ ചുറ്റുന്നത് പോലെ തോന്നി നന്ദന്.
ഒരിക്കൽ പ്രാണൻ കൊടുത്ത് പ്രണയിച്ചവളാണ്…
തന്നിൽനിന്ന് അകന്നു പോകുമ്പോൾ ഇനിയൊരു ജീവിതം വേണ്ട ഇതങ്ങ് തീർത്തു കളയാം എന്നുവരെ തോന്നിയതാണ് പക്ഷേ അപ്പോഴും ഒരു ആശ്വാസം അരുണേട്ടൻ ആണ് അവളെ
വിവാഹം കഴിക്കുന്നത് എന്നായിരുന്നു ആ കൈകളിൽ അവൾ എന്നും സുരക്ഷിതയായിരിക്കും എന്നതായിരുന്നു…
വർഷം മൂന്ന് കഴിഞ്ഞിരിക്കുന്നു അവൾ തന്നിൽ നിന്നും അകന്നിട്ട്.. ആദ്യം ഒന്നും അവളെ ഓർക്കാത്ത ഒരു നിമിഷം പോലും തന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല ക്രമേണ മനപൂർവ്വം അവളെ മറവിയിൽ തള്ളി..
അപ്പോഴും ഉള്ളിന്റെയുള്ളിൽ ഉണ്ടായിരുന്നത് അവൾക്ക് ഒരു നല്ല ജീവിതം കിട്ടിയല്ലോ എന്നാണ്… ഇപ്പോൾ അരുണേട്ടൻ ഇത് പറയുന്നത് വരേക്കും ധാരണ അങ്ങനെയായിരുന്നു…
“” എടോ ഞാൻ പറയുന്നതുകൊണ്ട് തനിക്ക് എന്നോട് വിരോധം ഒന്നും തോന്നരുത് തനിക്കൊരു വിവാഹം കഴിച്ചുകൂടെ ഒരു പക്ഷേ താൻ വിവാഹം കഴിക്കുകയാണെങ്കിൽ അവൾ എന്നെ ഒന്നുകൂടി മനസ്സിലാക്കാൻ ശ്രമിച്ചേക്കും…
ഒന്ന് ഞെട്ടി അരുണിനെ നോക്കി നന്ദൻ..””” അത്രയ്ക്ക് ഞാൻ അവളെ സ്നേഹിച്ചു പോയെടോ…””
അതും പറഞ്ഞ് നന്ദന്റെ തോളിൽ ഒന്ന് തട്ടി നടന്നു പോകുന്നവന്റെ മിഴികൾ നിറഞ്ഞത് നന്ദൻ കണ്ടിരുന്നു…
നന്ദനപ്പോൾ അരുണിനോട് സഹതാപമാണ് തോന്നിയത്…
അച്ഛന്റെ കൂട്ടുകാരന്റെ മകൾ എപ്പോഴാണ് തന്റെ ഉള്ളിൽ കയറി കൂടിയത് എന്നറിയില്ല ആദ്യം എന്നെ ഇഷ്ടമാണെന്ന് പറഞ്ഞത് അവൾ തന്നെയായിരുന്നു…
പിന്നങ്ങോട്ട് മത്സരമായിരുന്നു തങ്ങൾക്കിടയിൽ ആര് കൂടുതൽ സ്നേഹിക്കും എന്ന്…
ഒരിക്കലും അവൾ തോറ്റു തരില്ല അവൾക്കാണ് എന്നോട് കൂടുതൽ സ്നേഹം എന്ന് പറഞ്ഞ് വാദിക്കും…
അതിനുമുമ്പിൽ സന്തോഷത്തോടെ താൻ തോറ്റു കൊടുക്കും..
ഞങ്ങളുടെ ബന്ധം വീട്ടിൽ അറിഞ്ഞപ്പോൾ അവർക്ക് ആർക്കും എതിർപ്പില്ലായിരുന്നു ഒരുപക്ഷേ അവരും ഇത് മുൻകൂട്ടി കണ്ടിട്ടുണ്ടാവണം…
എല്ലാം തീരുമാനിച്ചുറപ്പിച്ച് ഒരു നല്ല നാള് നോക്കി നിശ്ചയം നടത്തിവയ്ക്കാം എന്ന് പറഞ്ഞിരുന്നു അങ്ങനെയാണ് രണ്ടു ജാതകവും കൊണ്ട് രണ്ടുപേരുടെയും അച്ഛന്മാർ ജ്യോത്സ്യരുടെ അടുത്തേക്ക് പോയത്..
ഈ ജാതകങ്ങൾ ഒരിക്കലും ചേരാൻ പാടില്ല രണ്ടിലൊരാളെ പിന്നെ ഉണ്ടാകു എന്ന് ജ്യോത്സ്യർ തീർത്ത് പറഞ്ഞു… യാഥാസ്ഥിതികരായ കുടുംബക്കാർക്ക് ആ പറഞ്ഞത് അങ്ങനെ അത്ര പെട്ടെന്ന് തള്ളിക്കളയാൻ പറ്റുന്ന ഒന്നായിരുന്നില്ല…
കളിയും ചിരിയും നിറഞ്ഞ വീട് പിന്നെ ശ്മശാനം പോലെയായി..”””ഞാൻ മരിച്ചോട്ടെ എന്നാലും നന്ദേട്ടന്റെ ഭാര്യയായിട്ട് മരിക്കാലോ…”””
എന്നുപറഞ്ഞ അവളോട് എന്റെ അമ്മയാണ് ചോദിച്ചത് മരിക്കുന്നത് നന്ദൻ ആണെങ്കിലോ എന്ന്..
യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു കാര്യത്തിന്റെ മുന്നിൽ ആ രണ്ട് വീട്ടുകാരും പകച്ചു പോയി ഒടുവിൽ അവൾക്കൊരു പുതിയ വിവാഹാലോചന വന്നപ്പോൾ അത് ഉറപ്പിക്കുന്നത് വരെ എത്തി കാര്യങ്ങൾ…
അവളുടെ അച്ഛൻ വന്നു എന്റെ കാല് പിടിക്കും പോലെ പറഞ്ഞിരുന്നു ഇതിന് എതിര് നിൽക്കരുത് എന്ന്.. പിന്നെ അവള് മാത്രമല്ല അവരാരും ഉണ്ടാവില്ല എന്ന് അതിന്റെ മുന്നിൽ എനിക്ക് തോൽക്കേണ്ടി വന്നു…
അവൾക്കും…അരുണേട്ടൻ ഞങ്ങൾ രണ്ടുകൂട്ടർക്കും അറിയാവുന്ന ഒരു ചെറുപ്പക്കാരനായിരുന്നു ഒരുപക്ഷേ ഞങ്ങളെപ്പറ്റി അദ്ദേഹത്തിന് നല്ല ധാരണയുണ്ടായിരുന്നു ഇപ്പോഴത്തെ ഞങ്ങളുടെ അവസ്ഥയും…
പക്ഷേ എന്നോ ദീപിക ആളുടെ ഉള്ളിലും കയറി കൂടിയിട്ടുണ്ട് എന്ന് വിവാഹാലോചന ഉറപ്പിച്ചപ്പോൾ മാത്രമാണ് ഞങ്ങൾ അറിഞ്ഞത്…
അന്ന് അവൾ കരഞ്ഞു പറഞ്ഞിരുന്നു ആളോട് എനിക്ക് നന്ദേട്ടനെ മറക്കാൻ കഴിയില്ല എന്ന്…. വിവാഹം കഴിക്കാതെ അവൾ ഇങ്ങനെ നിന്നോളാം എന്ന്..
“”” സമയം തരാം സാവകാശം എന്നെ ഉൾക്കൊള്ളാൻ കഴിയുമ്പോൾ ഈ ജീവിതത്തോട് നീതി കാണിച്ചാൽ മതി എന്ന് അദ്ദേഹവും പറഞ്ഞിരുന്നു..
അധികകാലം ഒന്നും അവൾക്ക് എതിർത്തു നിൽക്കാൻ കഴിഞ്ഞില്ല അരുൺ അവളുടെ കഴുത്തിൽ താലി കെട്ടുമ്പോൾ എനിക്കറിയാമായിരുന്നു ആ ഉള്ളിലെ പിടച്ചിൽ….
അത് കാണാൻ എനിക്കും ധൈര്യം ഉണ്ടായിരുന്നില്ല അതുകൊണ്ടാണ് വിവാഹത്തിന് പോകാതിരുന്നത്…
പിന്നീട് അവൾ വീട്ടിൽ വരുമ്പോൾ ഒന്നും അവളുടെ മുന്നിൽ പോലും പോകാതെ ശ്രദ്ധിച്ചിരുന്നു… എല്ലാം ഒരിക്കൽ ശരിയാവും എന്നാണ് കരുതിയത്..
പക്ഷേ ഈ മൂന്നു വർഷങ്ങൾക്കിപ്പുറവും അരുണേട്ടൻ ഇങ്ങനെ വന്നു പറയണമെങ്കിൽ ആകെക്കൂടെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി..
“”നന്ദേട്ടാ.. ചായ…””തുളസിയാണ്…അമ്മയുടെ ആങ്ങളയുടെ മകൾ.. എല്ലാവരെയും ധിക്കരിച്ച് ധീരനെപ്പോലെ സ്നേഹിച്ച പെണ്ണിനെ കല്യാണം കഴിച്ചു വീട്ടുകാർ എതിർത്തിട്ട് പോലും..
പക്ഷേ ആരും വീട്ടിലേക്ക് കയറ്റാൻ കൂട്ടാക്കിയില്ല ഒടുവിൽ അച്ഛനെയും അമ്മയെയും അവൾക്ക് നഷ്ടപ്പെട്ടു. ഒറ്റയ്ക്കായി അവളെ അമ്മ പോയി കൂട്ടിക്കൊണ്ടു വരികയായിരുന്നു..
പലപ്പോഴും എന്റെ നേർക്ക് നീണ്ട അവളുടെ മിഴികളിൽ എന്നോടുള്ള പ്രണയം ഞാൻ കണ്ടിരുന്നു എന്നിട്ടും കണ്ടില്ല എന്ന് നടിച്ചതാണ് എന്റെ മനസ്സിൽ ഒരുവളെ അന്നും ഇന്നും ഉണ്ടായിരുന്നുള്ളൂ….
അവൾക്കും അതറിയാമായിരുന്നു അതുകൊണ്ടുതന്നെ അവൾ ഒരിക്കൽ പോലും അവളുടെ മനസ്സ് എന്റെ മുന്നിൽ തുറന്നു കാണിച്ചില്ല… പക്ഷേ എനിക്ക് മനസ്സിലാക്കുന്നുണ്ടായിരുന്നു എന്ന് മാത്രം…
“”” ഞാൻ വിവാഹം കഴിക്കുന്നതിന് തുളസിക്ക് എതിർപ്പ് ഉണ്ടോ?? “”എന്ന് എനിക്ക് ചായയുമായി വന്നവളോട് ചോദിച്ചു വിശ്വാസം വരാതെ എന്റെ മുഖത്തേക്ക് തന്നെ അല്പനേരം നോക്കി നിന്നു ആ മിഴികളിൽ നീർത്തുള്ളികൾ ഉരുണ്ടുകൂടുന്നതും അവ താഴേക്ക് പതിക്കുന്നതും അറിഞ്ഞു…
“””സ്വപ്നാണോ നന്ദേട്ടാ ഇത്…?””എന്ന് ചോദിച്ചപ്പോൾ ഒരു ചിരി കൊണ്ട് മറുപടി നൽകി.. പെണ്ണ് പിന്നെ നിലത്തൊന്നുമല്ലായിരുന്നു അവിടെനിന്ന് ഓടിപ്പോയി.. അറിയാം മുറിയിൽ മേശമേൽ ഉറപ്പിച്ചു വെച്ചിട്ടുള്ള അവളുടെ കൃഷ്ണനോട് നന്ദി പറയാനാവും എന്ന്..
“”” സ്നേഹിച്ച് നഷ്ടപ്പെടുന്നതിന്റെ വേദന നന്ദേട്ടനെക്കാൾ മറ്റാർക്ക് അറിയാൻ ആകും എന്ന് മനസ്സിൽ പറഞ്ഞു….
നിന്റെയെങ്കിലും മോഹം സഫലമാകട്ടെ എന്നും…
വിവാഹത്തിന് അവളെയും കൂട്ടി അരുണേട്ടൻ വന്നിരുന്നു…
ആരും കേൾക്കാതെ താങ്ക്സ് എന്ന് എന്റെ ചെവിയിൽ പറഞ്ഞപ്പോൾ ആസ്വരം ഒന്ന് ഇടറിയിരുന്നു…
നിറഞ്ഞൊരു ചിരി അതിനു പകരമായി കൊടുത്ത് ആളെ ചേർത്തുപിടിച്ചു…
അപ്പുറത്തൊരുത്തി ആകെ തകർന്നു നിൽക്കുന്നുണ്ട് എന്നത് മനപ്പൂർവ്വം നോക്കാതിരുന്നു…
അവളെ ചേർത്ത് പിടിക്കാൻ ആവതുള്ള രണ്ട് കൈകൾ ഉണ്ട് അത് മതി…രാത്രിയിൽ തുളസി കുട്ടിയെ ചേർത്തുപിടിക്കുമ്പോൾ മനസ്സിൽ നിറഞ്ഞതു മുഴുവൻ ദീപികയായിരുന്നു.. മനപ്പൂർവം അവളെ മനസ്സിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചു.
ഇനി ഇതാണ് തന്റെ ജീവിതം..നല്ലതായാലും ചീത്തയായാലും ഇതുമായി മുന്നോട്ടു പോകുകയെ നിവൃത്തിയുള്ളൂ ആശിച്ചതൊന്നും കിട്ടില്ല ജീവിതത്തിൽ ചിലപ്പോൾ…
ഉള്ളതുകൊണ്ട് മുന്നോട്ടുപോവുക അത്രയേ നിവൃത്തിയുള്ളൂ..ദീപികയുടെ ജീവിതം ഇനി എന്തുതന്നെയായാലും അത് അവളുടെ വിധി അതിൽ ഇനി ഒന്നും ചെയ്യാനില്ല…
“” ശരിക്കും മനസ്സുണ്ടായിട്ട് തന്നെയാണോ എന്നെ വിവാഹം കഴിച്ചത്”””
എന്ന് തുളസിയുടെ ചോദ്യം കേട്ടാണ് ഓർമ്മകളിൽ നിന്നും തിരികെ വന്നത്…”””മ്മ്മ് “”
എന്ന് അത്ര ബലമില്ലാത്ത ഒരു മൂളൽ പകരമായി കൊടുത്തു…. അത് മതിയായിരുന്നു അവളുടെ മനസ്സ് നിറയാൻ… അപ്പോഴേക്കും തുളസി എന്റെ കവിളിൽ ചുണ്ട് ചേർത്തിരുന്നു പ്രണയപൂർവ്വം….