അവൾക്ക് വേറെ സെറ്റപ്പ് കാണും.. അല്ലതെ… ഒരു പെണ്ണ് എങ്ങനാ..”! അശ്ലീലമായ ചില നാറികൾ അയക്കുന്ന മെസ്സേജ് നോക്കി ഇരുന്നു കരഞ്ഞിട്ടുള്ള

(രചന: Rejitha Sree)

താൻ ചതിക്കപ്പെട്ടു എന്ന തോന്നലിൽ അവൾ ഹരിയ്ക്ക് തുടരെ തുടരെ മെസ്സേജ് അയച്ചു..

“ഒന്ന് ഫോൺ എടുക്ക്.. അല്ലെങ്കിൽ എന്റെ മെസ്സേജിനെങ്കിലും തിരിച്ചൊരു മറുപടി താ..”

“പ്ലീസ്.. എന്നെ ഒന്ന് മനസിലാക്കാൻ ശ്രമിക്കൂ ഹരിയേട്ടാ…”

ഫോൺ തലയിണയ്ക്കരുകിൽ എവിടെയോ ഇട്ടിട്ടു അവൾ എപ്പോഴോ ഉറക്കാമെന്ന അബോധാവസ്ഥയിലേയ്ക്ക് വഴുതിപോയി..

ഇടയ്ക്കെപ്പോഴോ ഉണർന്നപ്പോൾ ഫോണിൽ അമ്മയുടെ ലാസ്റ്റ് സീൻ രാത്രി 3 മണി കണ്ട ധനീഷ് തന്റെ ഫോൺ ബെഡ്ലമ്പിന്റെ അരികിലായി വച്ചു.

സ്ഥിരമായി അമ്മയുടെ രാത്രിയിലെ ഓൺലൈൻ വരവ് എന്തിനാകും ന്നുള്ള പല ദിവസത്തെ ചിന്ത മനസിനെ
അമ്മയുടെ മുറിയിലേയ്ക്ക് കൊണ്ടെത്തിച്ചു.

ശബ്ദമുണ്ടാക്കാതെ റൂമിന്റെ വാതിൽ പതിയെ തുറന്നു..

കട്ടിലിൽ ഒരു വശം ചേർന്നുറങ്ങുന്ന അമ്മയുടെ അരികിലായ് അവൻ ഇരുന്നു..

നിശബ്ധമായ ആ മുഖത്ത് എപ്പോഴും ഒരു തിളക്കവും ശാന്തതയുമാണ്… ധനീഷ് പതിയെ അമ്മയുടെ തലയിൽ ഒന്ന് തടവി.. ഓർമയിൽ എവിടെയോപോലെ ഹിമ മകന്റെ കയ്യിൽ പിടിച്ചു തന്റെ മുഖത്തേയ്ക്ക് ചേർത്തു വച്ചു..

കുറച്ചു നേരം കഴിഞ്ഞപ്പോൾ അമ്മയുടെ നിദ്രയുടെ ആഴം മനസിലായപ്പോൾ അവൻ അമ്മയുടെ ഫോൺ പതിയെ എടുത്തു..

അതിലെ ലാസ്റ്റ് ചാറ്റ് ഓപ്പൺ ചെയ്തു..

അമ്മയുടെ മനസ്സിൽ അയാൾ എത്രമാത്രം ആഴത്തിൽ ആണെന് ധനീഷിന് കുറച്ചു മെസ്സേജിൽ നിന്നും മനസിലായി..

ആ നമ്പർ തന്റെ ഫോണിലേക്ക് ഫോർവേഡ് ചെയ്തു..
ഫോൺ പഴയ പോലെ എടുത്തിടത് വച്ചു. റൂമിന്റെ ഡോർ തുറന്നവൻ പുറത്തേയ്ക്ക് പോയി..

പുലർച്ചെ എന്നത്തേയും പോലെ ഓടാൻ ഇറങ്ങും മുൻപ് അമ്മയുടെ വക ഒരു black കോഫി ഉള്ളതാണ്..
ഒരാഴ്ചയായി അത് കാണുന്നില്ല..

“ഇന്നും എണീറ്റില്ലേ..?

അവൻ പതിയെ ഡോർ തുറന്നപ്പോ അമ്മയെ അവിടെ കണ്ടില്ല..

ഇതെവിടെയാ ന്ന് മനസ്സിൽ പിറുപിറുത്തും കൊണ്ട് ബാൽകണിയിൽ ചെന്നപ്പോ അവിടേം കണ്ടില്ല..

അടുക്കളയിൽ വെള്ളം തിളച്ചു മറിയുന്നതും നോക്കി സ്വപ്നലോകത്തിൽ നില്കുന്നുണ്ട്..

“അമ്മേ.. ഞാൻ വിളിച്ചതൊന്നും കേട്ടില്ലേ..?

“ആ.. മോനെ.. നീ എണീറ്റോ..?അമ്മ കരുതി..,

പെട്ടെന്ന് ഗ്യാസിന്റെ തീ ഓഫ്‌ ചെയ്തു. കപ്പിലേയ്ക്ക് കോഫി പകർന്നു.

ധനീഷിന്റെ കയ്യിലേയ്ക്ക് കോഫി കൊടുക്കുമ്പോൾ വിളറിയ ഒരു ചിരി ചെറുതായൊന്നു മുഖത്ത് തെളിഞ്ഞു..

“എന്താ അമ്മേടെ മുഖം വല്ലാതെ.. ഉറങ്ങിയില്ലേ..?

“ഏയ്.. ഒന്നുമില്ല.. മോനങ്ങനെ തോന്നിയോ..?”ഒന്നൂല്ലടാ അമ്മയ്ക്ക്… ”

തന്റെ തോളിൽ കിടന്ന ടവൽ കൊണ്ട് അവൻ അമ്മയുടെ മുഖം അമർത്തി തിരുമ്മി..

“ഇന്ന് ഓഫീസിൽ പോകണ്ട. നല്ല ക്ഷീണമുണ്ട് മുഖത്ത്..”

“സാരമില്ലെടാ.. ആദ്യയാണോ ഷീണം.. നീ ഒന്ന് പോയെ….” അവന്റെ തലയ്ക്കൊരു തട്ടും കൊടുത്ത് കപ്പ്‌ വാങ്ങി കഴുകി വച്ചു..

“ആ ഇപ്പൊ ok ആയി..” അമ്മയ്ക്ക് ഒരു ഉമ്മയും കൊടുത്ത് അവൻ ജോഗിങ്ങിനായി പുറത്തേയ്ക്ക് പോയി…

15 വർഷം മുൻപ് അച്ഛൻ ഹാർട്ട് അറ്റാക്ക് വന്നു മരിക്കുമ്പോൾ എല്ലാവരും പറഞ്ഞു അമ്മയോട് വല്യ പ്രായമൊന്നും ആയില്ലല്ലോ ഹിമ നിനക്ക് വേറൊരു വിവാഹം നോക്കിക്കൂടെ ന്ന്..

അന്ന് അമ്മയ്ക്ക് ഒറ്റ മറുപടി ഉണ്ടായിരുന്നുള്ളു..

എന്റെ മോനുണ്ടല്ലോ.. അവൻ അവന്റെ അച്ഛന്റെ അല്ലെ.. എന്നെ പൊന്നുപോലെ നോക്കും..

എന്നിട്ടും ചില ആൾകാർ അമ്മയെ വെറുതെ വിട്ടില്ല ചിലർ പറഞ്ഞു അവൾക്ക് സർക്കാർ ഉദ്യോഗം ഉള്ളതിന്റെ അഹങ്കാരമാണ്..”

ചില സ്ത്രീകൾ അമ്മയുടെ ഉടയാത്ത മെയ്യഴക് കണ്ട് സഹിക്കാതെ പറഞ്ഞു “അവൾക്ക് വേറെ സെറ്റപ്പ് കാണും.. അല്ലതെ… ഒരു പെണ്ണ് എങ്ങനാ..”! അശ്ലീലമായ ചില നാറികൾ അയക്കുന്ന മെസ്സേജ് നോക്കി ഇരുന്നു കരഞ്ഞിട്ടുള്ള അമ്മയെ ഇന്നും തനിക്ക് ഓർമയുണ്ട്..

ഞാൻ വളരും തോറും അമ്മയുടെ ഒരു ഫ്രണ്ട് ആയി മാറി ഞാൻ.. കുഞ്ഞിലേ മുതൽ വയസ്സിൽ കവിഞ്ഞ പക്വത എന്ന സ്ഥാനം അതുകൊണ്ട് മറ്റുള്ളവർ തനിക് നൽകി..

അമ്മയും മകനും എന്നതിനുപരി വളർന്നു വന്നപ്പോൾ “അമ്മ എന്റെ മോളും ഞാൻ അച്ഛനുമായി..”

എന്നും രാത്രി എന്റെ മടിയിൽ കുറച്ചുനേരം കിടക്കും.. ഓഫീസിലെ വിശേഷങ്ങൾ പങ്കുവച്ച് ഒരുമിച്ചു ജോലിയും ചെയ്ത്, ഒരിക്കലും അമ്മ ഒറ്റയ്ക്കാണെന്നുള്ള ചിന്ത ആ മനസ്സിൽ ഉണ്ടാകാതിരിക്കാൻ ഞാൻ കൂടുതൽ ശ്രദ്ധിച്ചു. ഒരു മകളെപ്പോലെ എന്ന് പറഞ്ഞാൽ.. ഒരുപക്ഷെ.

ഒന്നിനും അമ്മ എന്നോട് എതിർപ്പ് പറഞ്ഞിട്ടില്ല എന്നുള്ളതാണ് അമ്മയിൽ ഞാൻ കണ്ട ഏറ്റവും നല്ല ഗുണം.. അതിന്റെ വരും വരായ്ക പറഞ്ഞു തരും. തീരുമാനം സ്വയം എടുക്കാൻ പറയും..

എന്റെ ഇഷ്ടങ്ങളെല്ലാം കൂട്ടുകാരോട് എന്നപോലെ അമ്മയോട് മനസ്സ് തുറന്നു സംസാരിക്കാനുള്ള സ്പേസ് അമ്മ എനിക്ക് തന്നിട്ടുണ്ടായിരുന്നു..

അമ്മയുടെ നിഴലായി അമ്മയ്ക്കൊപ്പം നടക്കാനും ചിന്തിക്കാനും പഠിച്ചു..

മറ്റുള്ളവരോട് അമ്മ പറഞ്ഞ
ആ വാക്കുകളിലെ ആത്മവിശ്വാസം ഇന്നും പൊന്നുപോലെ കാത്തു സൂക്ഷിക്കുന്നുണ്ട്..

“എന്നിട്ടും അമ്മ എന്തെ എന്നോട് ഈ ഹരിയുടെ കാര്യം മാത്രം മറച്ചു വച്ചു….?

മനസിലെ പല ചിന്തകളുമായി ജോഗിങ് കഴിഞ്ഞു ധനീഷ് തിരികെ എത്തി.

കുളിച്ചു ഫ്രഷ് ആയി ഓഫീസിൽ പോകാനായി റെഡി ആയി വന്നു. ഒപ്പം അമ്മയും..

“ആഹ് സുന്ദരി കുട്ടി… ആരും എന്റെ അമ്മയെ കണ്ണുവെകാത്തിരുന്നാൽ മതിയാരുന്നേ..”!

ചിരിച്ചുകൊണ്ട് ഹിമ ധനീഷിന്റെ തോളിൽ കൈ വച്ചു ബൈക്കിലേയ്ക്ക് കയറി..

പോകുന്ന വഴിയിൽ അവർ കൂട്ടുകാരെ പോലെ നിർത്താതെ സംസാരിച്ചുകൊണ്ടേയിരുന്നു..

പല വിശേഷങ്ങളിലും അമ്മയും മകനും ന്നുള്ള സ്ഥാനം പോലും മറന്നു കൂട്ടുകാരെ പോലെ അവർ സംസാരിച്ച് ഓഫീസ് എത്തിയതറിഞ്ഞില്ല.

ഹിമയുടെ കൂട്ടുകാരി അർച്ചന രണ്ടുപേരെയും കണ്ടപാടെ കളിയാക്കി പറഞ്ഞു..

“വന്നല്ലോ രണ്ട് കുഞ്ഞുവാവകൾ.”!

“ആ പിന്നെ ഇന്ന് ഹരി സർ ഇതുവരെ വന്നിട്ടില്ല. ലീവും പറഞ്ഞിട്ടില്ല. ”

പെട്ടെന്ന് അമ്മയുടെ മുഖത്തെ ഭാവമാറ്റം ഒളികണ്ണുകൊണ്ട് ധനീഷ് ശ്രദ്ധിച്ചു..

“എന്നാപിനെ രണ്ടുപേരും പോയി മര്യാദയ്ക്ക് ജോലിയൊക്കെ ചെയ്യ്..”

“പിന്നെ ബാങ്ക് ആണ് കാശിലാണ് ജോലി ന്ന് അമ്മ മറക്കണ്ട..”!

“കണക്കെങ്ങാനും തെറ്റിയാൽ പിന്നെ ഇവിടുന്നു തന്നെ ലോൺ എടുക്കേണ്ടി വരും…”

അർച്ചന അവന്റെ പുറത്തൊരു തട്ട് കൊടുത്തു.

“പോടാ ചെക്കാ. ഇത് ഇന്നും ഇന്നലേം തുടങ്ങിയതല്ല..””

“”ആാാാ… ആ..””

അവൻ ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്തു.

ഓഫീസിലെ പെട്ടെന്ന് വേണ്ട ജോലിയൊക്കെ തീർത്തിട്ട് ധനീഷ് ഹരി യുടെ നമ്പറിൽ നോക്കി..
അയാളെ വിളിക്കണോ വേണ്ടയോ ന്ന് കുറച്ചു സമയം ആലോചിച്ചു..

പിന്നീട് ധന്യയോട് പറയാമെന്നോർത്തു.. ധന്യ തന്റെ കൂടെ പഠിച്ച പെൺകുട്ടിയാണ്. അവളെ അമ്മയ്ക്കും വല്യ ഇഷ്ടമാണ്.. എനിക്കും ഇല്ലാതില്ല.. ധന്യയോട് കാര്യങ്ങൾ സംസാരിച്ചപ്പോൾ അവൾക്കും ഒരേ മറുപടി തന്നെ അമ്മയോട് തന്നെ ചോദിക്കാം..

“പിന്നെ അങ്ങനൊരിഷ്ടം അമ്മയ്ക്കുണ്ടെങ്കിൽ അയാളെ ഞാൻ കുറ്റം പറയില്ല.. അമ്മയ്ക്ക് ഒരു കൂട്ട് വേണ്ട സമയം കഴിഞ്ഞു..”

എന്തോ അവസാന വരി ഇഷ്ടപെടാഞ്ഞത് കൊണ്ടോ എന്തോ ഞാൻ പെട്ടെന്ന് ഫോൺ കട്ട്‌ ചെയ്തു.

“അച്ഛൻ മരിച്ചിട്ടു ഇത്ര വർഷം ആരും വേണ്ടന്നും പറഞ്ഞു ജീവിച്ച അമ്മ ഇയാളെ സ്നേഹിക്കണമെങ്കിൽ എന്തോ സ്പെഷ്യൽ സ്വഭാവം ഇദ്ദേഹത്തിനുണ്ടാകും..””

“ഹ്മ്മ്.. നോക്കാം.. അല്ലെങ്കിൽ ഇന്ന് കൂടി നോക്കട്ടെ.. എന്നിട്ട് നാളെ ആകാം..””

അവൻ ഓഫീസിലെ ജോലിയ്ക്കൊടുവിൽ ഇറങ്ങാറായപ്പോൾ അമ്മയോട് പറയാതെ വൈകിട്ട് നേരത്തെ അമ്മയുടെ ഓഫീസിലേയ്ക് പോയി..

അമ്മയുടെ കാഷ്യർ ക്യാബിൻ ഒഴിഞ്ഞു കിടക്കുന്ന കണ്ടപ്പോൾ സത്യത്തിൽ പെട്ടെന്ന് മുഖവും മനസും ദേഷ്യം കൊണ്ട് വിറച്ചു.

പക്ഷെ അതൊന്നും പുറത്തു കാട്ടാതെ അർച്ചന ചേച്ചിയോട് വിശേഷങ്ങൾ പറഞ്ഞിരുന്നു.. ഹരി യുടെ കാബിനിൽ നിന്നിറങ്ങി നേരെ കണ്ടത് ധനീഷിന്റെ മുഖമാണ്..

പെട്ടെന്ന് പരിഭ്രമിച്ച ഹിമ സാരി തലപ്പുകൊണ്ട് മുഖമൊന്നു ഒപ്പി. ധനീഷിന്റെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു..

അമ്മയുടെ മുഖം ബൈക്കിന്റെ ഗ്ലാസിലൂടെ ഇടയ്ക്കിടയ്ക്ക് നോക്കിയപ്പോൾ എന്തോ ചിന്തയിൽ ആളിവിടെ എങ്ങുമല്ല ന്ന് തോന്നി.

വൈകിട്ടു വന്നുള്ള കുളി കഴിഞ്ഞാൽ പിന്നെ രണ്ടുപേരും ബാൽകാണിയിൽ കയറി വിശേഷങ്ങൾ പറഞ്ഞിരിക്കും.. യാത്രയുടെ ഷീണം പോലെ ഹിമ കുളിച്ചിട്ട് നേരത്തെ ആഹാരം കഴിച്ചു തനിക്കും നൽകി കിടന്നുറങ്ങാൻ റൂമിലേയ്ക്ക് പോയി..

രാത്രി വളരെ വൈകി വീണ്ടും അമ്മയെ ഓൺലൈനിൽ കണ്ടു ധനീഷ് ഹരിയെയും നോക്കി.. അയാളും ഓൺലൈനിൽ തന്നെ ഉണ്ടായിരുന്നു..

മനസിൽ സ്വയം പറഞ്ഞു.. സംസാരിക്കട്ടെ.. പരസ്പരം പറഞ്ഞു തീരട്ടെ. മനസിലെ പ്രശ്നങ്ങൾ… അല്ലെങ്കിൽ തന്നെ തന്റെ ചിന്താ രീതിയല്ലേ തെറ്റ്..

ഒരു പെണ്ണ് എന്ന നിലയിൽ താൻ അമ്മയെ മനസിലാക്കൻ ശ്രമിച്ചില്ല എന്നുള്ളത്..

അമ്മയുടെ മനസ്സ് മനസിലാകുന്നവൻ എന്ന് സ്വയം അഹങ്കരിച്ചിട്ട്.. തന്റെ ചിന്ത ഇത്ര ചെറുതായിരുന്നോ..

എല്ലാ ആണുങ്ങളും സ്വന്തം കാര്യം വരുമ്പോൾ യുക്തി വാദം മാറ്റി വയ്ക്കും.. അത് വരെ ചിന്തകളെ അഴിച്ചു വിടും.. പ്രതി സ്വന്തം അമ്മയോ പെങ്ങളോ ആണെന്നറിഞ്ഞാൽ.. അവർ വീണ്ടും ആ തല വളരാത്ത ആണുങ്ങൾ തന്നെ.. അവൻ സ്വയം തന്റെ ശോഷിച്ച ചിന്താഗതിയെ കുറ്റപ്പെടുത്തി..

കുറച്ചു സമയത്തിന് ശേഷം അവർ ഇരുവരും ഓൺലൈനിൽ നിന്നു പോയെന്നു മനസിലായി. അമ്മയുടെ റൂമിലെ ലൈറ്റ് തെളിഞ്ഞു.. നോക്കിയപ്പോൾ അടുത്ത് നില്കുന്നു..
ബെഡ്ഷീറ്റും തലയിണയുമായി..

“എനിക്കൊന്നു കിടക്കാൻ സ്ഥലം തരുവോ നീ..?

കുറച്ചു സ്ഥലം നീങ്ങി കിടന്നു….
ഹിമ തന്റെ മകന്റെ കൈ പിടിച്ചു കെട്ടിപിടിച്ചു ഉമ്മ വച്ചു..

“എന്തുപറ്റി ഒരു സമാധാനകൂടുതൽ..
ഇന്നലെത്തെക്കാളും..”

ഒരു തമാശ രൂപേണ അവൻ ചോദിച്ചു..

“അത് മോനെ അമ്മയുടെ ഓഫീസിൽ പുതിയതായി വന്ന ഒരു സർ. ഹരി..”

“അയാളുടെ അടുത്ത് ചെല്ലുമ്പോൾ മാത്രം അമ്മയ്ക്ക് മനസിൽ എന്തോ അടുപ്പം.. അയാളുടെ സംസാരം, ആ ചിരി, എനിക്കെന്തോ മാനസികമായി ഒരു വല്ലാത്ത അടുപ്പം തോന്നി.. നിന്നോട് പലപ്പോഴും പറയണം ന്ന് കരുതി പക്ഷെ നിന്റെ സ്നേഹം കുറയുമോ ന്ന് അമ്മ പേടിച്ചു..””

“”ഒരിക്കൽ ഓഫീസിൽ കാബിനിൽ വച്ച് ഹരി എന്നോട് അടുത്തപോലെ പെരുമാറി..””

“എന്റെ മനസ്സിൽ എന്തോ..” ഹിമയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..

വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് അമ്മയുടെ കണ്ണുകൾ നിറഞ്ഞു കാണുന്നത്..

“ആഹ് ബാക്കി അമ്മ പറയണ്ട.. പോട്ടെ.. സാരമില്ല.. ”

“അയാൾക്ക് ഇപ്പൊ എങ്ങനെയാ..”?

ഹിമയുടെ കണ്ണുകൾ നിറഞ്ഞു..

അമ്മയുടെ തലയിൽ ഒരു മകളോട് ന്നപോലെ തഴുകി..

“പോട്ടെ.. സാരമില്ല..,”

“ചിലർ അങ്ങനെയാ.. ഭർത്താവ് ഇല്ലാത്ത അല്ലെ എന്തിനും കിട്ടും ന്നൊരു തോന്നൽ ആകാം..

അമ്മയുടെ പ്രണയത്തെ അയാൾ കണ്ടത് മറ്റൊരു കണ്ണിലാകും..” അതാ ആവിശ്യം കഴിഞ്ഞാൽ പിന്നെ ശല്യമാകുന്നത്.. ”

“നാളെ മുതൽ അമ്മ പഴയ അമ്മയാകണം.. ആ പഴയ ചുന്ദരി പെണ്ണ്.. ”

“ആഹ്.. പോട്ടെ.. അമ്മയ്ക്ക് ഞാനില്ലേ.. എന്തിനും.. കിടന്നുറങ്.. നാളെ പോകേണ്ടതല്ലേ..”

ഹിമ അവന്റെ വാക്കുകളിലെ സ്നേഹത്തിലും ആ കയ്യുടെ ചൂടിലും ഉറങ്ങിപ്പോയി.

പിറ്റേന്ന് ഓഫീസിൽ പോകാൻ ഒരുങ്ങി ഇറങ്ങിയ അമ്മയെ കണ്ടപ്പോൾ വീണ്ടും പത്ത് വയസ്സ് കുറഞ്ഞപോലെ..

“ആഹ് ഇതാണ്.. ഇതാണ് മിടുക്കി..”!

“പ്രശ്നങ്ങളെ നോക്കി ദേ.,
ഇതുപോലെ സ്ട്രോങ്ങ്‌ ആയി പോകണം.. വേണ്ടാത്തവർ പോട്ടെ അവർ നമ്മളെ മനസിലാക്കാനും മാത്രം വളർന്നില്ലെന്നേ..””!

സത്യം പറയെടാ ഇതാരോ പറഞ്ഞ വാക്കുകൾ അല്ലെ..

“ആ മതി.. മതി.. ആലോചിച്ചത്.. വാ പോകാം..”!

“ചില ചിന്തകൾ മനുഷ്യന് ദൈവം നൽകും എന്തിനെന്നോ… ഉള്ള ജീവിതത്തിലെ നന്മയെ മറന്നുപോയിട്ടുണ്ടേൽ വീണ്ടും ഓർമിപ്പിക്കാൻ…
ദൈവം നിന്റെ ജീവിതത്തിൽ പ്രവർത്തിച്ചത് ശരിയാണെന്നു നിന്റെ പരാതികളെ പറഞ്ഞു ബോധിപ്പിക്കാൻ…”!!

അഭിപ്രായം അറിയിക്കാൻ മറക്കരുതേ..

Leave a Reply

Your email address will not be published. Required fields are marked *