മനസിന്റെ ആഴങ്ങളിൽ
രചന :-മുഹമ്മദ് ഫൈസൽ ആനമങ്ങാട്
“”പെൺകുട്ടികളുടെ ടോയ്‌ലെറ്റിൽ ഒളിഞ്ഞു നോക്കുന്നോടാ””.സുഹറ ടീച്ചർ ഇങ്ങനെ ഒച്ചയിട്ടതും നദീർ പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കി.അവന്റെ ചെവിയിൽ പിടിച്ചു ടീച്ചർ ശക്തിയായി തിരുമ്മി.””ആഹ്””.
അവൻ വേദന കൊണ്ട് ഞരങ്ങി.””ടീച്ചറെ.. ഞാൻ ഒളിഞ്ഞു നോക്കിയില്ല.. ഇത് വഴി പോയതാണ്””.നദീർ വേദന കടിച്ചമർത്തി കൊണ്ട് പതുക്കെ പറഞ്ഞു. സുഹറ ടീച്ചറുടെ കണ്ണുകളിൽ ഇരയെ കിട്ടിയ ഭാവം മിന്നി മറഞ്ഞു കൊണ്ടിരുന്നു.
പെട്ടെന്ന് ടോയ്‌ലറ്റിന്റെ വാതിൽ തുറന്ന് ഷിബില പുറത്തേക്ക് വന്നു. സുഹറ ടീച്ചറെയും നദീറിനെയും ഒരുമിച്ചു കണ്ട അവൾ ഒന്ന് പരുങ്ങി. അവളെ കണ്ടതും സുഹറ ടീച്ചറുടെ ദേഷ്യം ഇരട്ടിച്ചു.നാസിക ദ്വാരങ്ങൾ വിടർന്നു വിറച്ചു. കൃഷ്ണമണികൾ വികസിച്ചു വലുതായി.
“”ഓഹോ. നീ ഉണ്ടായിരുന്നോ അകത്ത്. വല്ലതും അറിഞ്ഞോ. നിന്നെ ഈ അസ്സത്ത് ഒളിഞ്ഞു നോക്കി””.. സുഹറ ടീച്ചർ ഉറക്കെ അലറി. ഷിബില വിശ്വാസം വരാതെ
നദീറിനെ നോക്കി. അവൻ കണ്ണീരൊലിപ്പിച്ചു കൊണ്ട് ഇല്ല എന്ന് പതുക്കെ തലയാട്ടി. അവൾ അവനെ നോക്കി പുഞ്ചിരിച്ചു.
“”ഇല്ല ഉമ്മാ.. നദീർ അങ്ങനെ ചെയ്യില്ല. എനിക്കറിയാം അവനെ””.. ഷിബില ചിരിച്ചു കൊണ്ട് പറഞ്ഞു.
“”ഉമ്മയോ..ഈ മതിൽ കെട്ടിനുള്ളിൽ കയറിയാൽ ഞാൻ നിന്റെ ടീച്ചറാണ്””. സുഹറ ടീച്ചർ ഉറക്കെ പറഞ്ഞു. ബഹളം കേട്ട് കുട്ടികളും അധ്യാപകരും കൂടി. കുട്ടികൾ പിറു പിറുത്ത് ചിരിച്ചു.
നദീർ മാനം കളങ്കപ്പെട്ട കുറ്റവാളിയെ പോലെ തല കുനിച്ചു നിന്ന് വിതുമ്പി. “”ഞാൻ ഷിബിലയെ കാത്തു നിന്നതാണ് ടീച്ചർ. അല്ലാതെ””.. നദീർ പറഞ്ഞു മുഴുമിപ്പിച്ചില്ല. സുഹറ ടീച്ചറുടെ ഓങ്ങിയുള്ള അടി അവന്റെ മുഖത്ത് വീണു.
“”കാത്തു നിന്നതോ.. കാത്തു നിൽക്കാൻ അവൾ നിന്റെ ആരാടാ””.. ടീച്ചർ നിന്ന് വിറച്ചു. കുട്ടികളും അധ്യാപകരും നടുങ്ങി. ചിലർ അവനെ സഹതാപത്തോടെ നോക്കി. നദീർ കവിളിൽ ഉഴിഞ്ഞു കൊണ്ട് ആദ്യം നോക്കിയത് ഷിബിലയെയാണ്.
അവളുടെ മുഖം വാടിയിരുന്നു. കണ്ണുകളിൽ നനവ് പടർന്നു. സുഹറ ടീച്ചറുടെ ധ്വനികൾ വീണ്ടും അന്തരീക്ഷത്തിൽ മുഴങ്ങിയപ്പോൾ കുട്ടികൾ ക്ലാസ്സുകളിലേക്ക് പേടിയോടെ നടന്നു..
“”സംസ്കാരം പഠിപ്പിക്കാൻ വീട്ടിൽ ഉമ്മ വേണം. നിന്റെ തല വെട്ടം കണ്ടതോടെയാണോടാ അവർ മരിച്ചത്””.
“”ഹേയ്””…നദീറിന്റെ റോയൽ എൻഫീൽഡ് ബുള്ളറ്റ് റോഡരികിലേക്ക് തെന്നി മാറിയപ്പോൾ അവൻ ഓർമ്മകളിൽ നിന്നും ഞെട്ടി ഉണർന്നു.
വണ്ടി മറിയാൻ പോയതും അവൻ കാലുകൾ കുത്തി ബ്രേക്കിട്ട് നിർത്തി. നിരാശയും രോഷവും പകയും തികട്ടി വന്ന അവൻ പെട്രോൾ ടാങ്കിൽ മുഷ്ടി ചുരുട്ടിയിടിച്ചു…”ഹേ…ഈ നശിച്ച ഓർമ്മകൾ എന്റെ ജീവനെടുക്കുമോ.
കൊല്ലം പതിനഞ്ചായി. എന്നിട്ടും ഇതിങ്ങനെ വിടാതെ പിന്തുടരുന്നു. മറക്കാൻ ശ്രമിക്കുന്തോറും കൂടുതൽ രൂക്ഷമായി ഇങ്ങനെ പിന്തുടരുന്നു.
ഇന്നെങ്കിലും ഇതിനൊരു മോചനം വേണം. ഈ കനലെരിയുന്ന ഓർമ്മകൾക്ക് മുകളിൽ തണുത്ത വെള്ളം തെളിക്കണം. അത് എന്നെന്നേക്കുമായി കെട്ടടങ്ങണം”.
നദീർ കിതച്ചു കൊണ്ട് ഓർത്തു. അവൻ വണ്ടി ഒരു പെട്ടി കടക്കരികിൽ മരത്തണലിൽ നിർത്തി.
“”ഇവിടൊരു സുഹറ ടീച്ചറുടെ വീട് അറിയുമോ?.. പണ്ട് ഞങ്ങളുടെ ഹൈസ്കൂളിൽ പഠിപ്പിച്ചിരുന്ന സുഹറ ടീച്ചർ.. അവരുടെ നാട് ഇതല്ലേ?””..
നദീറിന്റെ തൊണ്ട ദാഹിച്ചു വരണ്ടു ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിച്ചു. “”ഒരു സർബത്ത് തരൂ ആദ്യം””.. നദീർ ആ പെട്ടിക്കടക്ക് മുന്നിൽ ഇട്ടിരുന്ന ബെഞ്ചിൽ
ഇരുന്നു കൊണ്ട് പറഞ്ഞു. കടക്കാരൻ നദീറിനെ ഒന്ന് ചുഴിഞ്ഞു നോക്കി കൊണ്ട് സർബത്തിൽ തണുത്ത വെള്ളമൊഴിച്ചു അവന് നേരെ നീട്ടി.
“”അസ്സൽ നന്നാരിയാണോ. നല്ല സ്വാദ്””..നദീർ നാവിൽ തൂവിയ രുചി നൊട്ടി നുണഞ്ഞു കൊണ്ട് ചോദിച്ചു.
കടക്കാരൻ മെല്ലെ ചിരിച്ചു…””അല്ല..നിറവും മണവുമൊക്കെ അസ്സല് തോറ്റു പോവും. എല്ലാം മായമാ””.. അയാൾ പറഞ്ഞു വീണ്ടും ചിരിച്ചു.
നദീറും ചിരിച്ചു..”എല്ലാം വെറും കെട്ടു കാഴ്ച്ചകൾ. ചിലരുടെ പുറം മോടിയുടെ ഭംഗിയിൽ ഇയ്യാം പാറ്റകളെ പോലെ ചെന്നു വീഴുന്നു. ചില മനുഷ്യരും ഇങ്ങനെയാണ്.
തേൻ പുരട്ടിയ ചട്ടക്കൂടിൽ തൊട്ട് രുചിക്കുമ്പോൾ അകത്തുള്ള കാഞ്ഞിര കുരുവിന്റെ കയ്പ്പ് കാണില്ല. സുഹറ ടീച്ചറെ പോലെ”.നദീർ ഓർത്തു.
ടീച്ചറുടെ മുഖം ഉള്ളിൽ തെളിഞ്ഞു വരുന്തോറും നദീറിന്റെ മുഖം വിവർണ്ണമായി. വെറുപ്പ് മുഖത്ത് കറുപ്പിനെ തെളിയിച്ചു.
“”നീ പറഞ്ഞ ടീച്ചർ ആ കാണുന്ന കുന്നിന്റെ താഴെയാണ് താമസം. ആ ഒരൊറ്റ വീടേ അവിടുള്ളൂ””.. കടക്കാരൻ ദൂരെയുള്ള ഒരു മലയിലേക്ക് ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.
നദീർ ചിന്തകളിൽ നിന്നുണർന്ന് അങ്ങോട്ട് നോക്കി. ഉച്ച വെയിലിന്റെ തീക്ഷ്‌ണതയിൽ തിളക്കമേറിയ സൂര്യ രശ്മികൾ പെട്ടെന്ന് തന്നെ നദീറിന്റെ നയനങ്ങളെ അടച്ചു നോട്ടം പിൻവലിപ്പിച്ചു.
“”മാതൃകാധ്യാപികക്കുള്ള പുരസ്‌കാരം വാങ്ങിയാണ് അവർ വിരമിച്ചത്””.. കടക്കാരൻ സർബത്ത് ഗ്ലാസ് കഴുകുന്നതിനിടെ പറഞ്ഞു.
നദീർ ഉറക്കെ ചിരിച്ചു. അതിലൊരു പരിഹാസം നിറഞ്ഞതായി കടക്കാരന് തോന്നി. “”എന്താ?””..ചെറിയൊരു അലോസരത്തോടെ അയാൾ ചോദിച്ചു. ഒന്നുമില്ല എന്ന അർത്ഥത്തിൽ അവൻ തല കുലുക്കി.
മനസ്സിൽ എന്നോ വീണുടഞ്ഞ വിഗ്രഹത്തിന്റെ അലങ്കാരങ്ങൾ കേട്ടപ്പോൾ കേട്ട ഭാവം അവൻ നടിച്ചില്ല.. “”ഒരു സിഗരറ്റ്.. വിൽസ്””.. അവൻ വളരേ ഉദാസീനമായി ചോദിച്ചു.
സിഗരറ്റ് വാങ്ങി കത്തിച്ചു കൊണ്ട് അവൻ പുറത്തേക്കിറങ്ങി. കുറച്ചകലെ മര തണലിൽ പാർക്ക് ചെയ്തു വെച്ച തന്റെ കറുത്ത റോയൽ എൻഫീൽഡ് ബുള്ളറ്റിൽ
ചെന്നിരുന്നു. രണ്ട് മൂന്ന് പുക ഒന്നിച്ചു വലിച്ചു ഊതി വിട്ടു. ഒരു ആശ്വാസം അവന്റെ മുഖത്ത് വിരിഞ്ഞു.
സർബത്ത് കടക്കാരൻ അവനെ ഇടക്ക് പാളി നോക്കി. അവന്റെ നീണ്ട താടിയും, ചെറുതായി ചുരുട്ടി വെച്ച മീശയും, ചെറുകെ ചെമ്പിച്ച നീളൻ മുടിയും,
വെളുത്തതെങ്കിലും വെയിൽ കൊണ്ട് ഇരു നിറമാർന്ന മുഖവും അലസവും ഉദാസീനവുമായ മുഖ ഭാവവും ചലനങ്ങളും. മൺ പൊടിയേറ്റ് ചെമ്പൻ കളറായ ചുവന്ന ടി ഷർട്ടും.
ചുറ്റും പോകറ്റുകളുള്ള അരക്കെട്ടിനു വളരെ താഴെ ഇറങ്ങി കിടക്കുന്ന അയഞ്ഞ കോട്ടൺ പാന്റും എല്ലാം അയാളിൽ സംശയം ജനിപ്പിച്ചു.
“”സുഹറ ടീച്ചറെ കാണാൻ എന്നും അവർ പഠിപ്പിച്ച കുട്ടികൾ പോവുന്നത് കാണാറുണ്ട്. അത്ര നല്ല അധ്യാപികയാവും അല്ലേ. നീ വെറും കയ്യോടെയാണോ പോവുന്നത്.
സമ്മാനങ്ങൾ ഒന്നും കൊണ്ടു വന്നില്ലേ. ഇങ്ങനെ ആരും പോവുന്നത് ഞാൻ കണ്ടിട്ടില്ല””. കടക്കാരൻ ശകലം ആശങ്കയോടെ ചോദിച്ചു..
നദീർ വീണ്ടും ഉറക്കെ ചിരിച്ചു. ചിരിച്ചു കൊണ്ടവൻ കുഴങ്ങി കുനിഞ്ഞു നിന്നു. കടക്കാരൻ ചുണ്ടുകൾ കൂർപ്പിച്ചും
പുരികങ്ങൾ വളച്ചും കുറച്ചു ഭയത്തോടെ അവനെ നോക്കി.. “ഇവന് തലക്ക് എന്തെങ്കിലും”.. അയാൾ മനസ്സിൽ ചോദിച്ചു.
“”അവർ എവിടെയായാലും ഞാൻ അന്വേഷിച്ചു ചെല്ലുമ്പോഴേക്കും അവർ വീട് മാറിയിട്ടുണ്ടാവും. ഇന്ന് ഞാൻ അവരെ കാണും .. എന്നെ അവരും കാണും.. ഈ അലച്ചിൽ ഇന്നത്തോടെ
എനിക്ക് തീർക്കണം….അത്…അത് തന്നെയാണ് എനിക്ക് അവർക്ക് നൽകാനുള്ള ഏറ്റവും വലിയ സമ്മാനം””.. നദീർ തുറന്ന കണ്ണുകളോടെ ഒരേ ദിശയിൽ നോക്കി കൊണ്ട് പറഞ്ഞു.
കോട്ടു പല്ലുകൾ കടിച്ചു ഞെരിക്കുന്നതിനൊപ്പം കവിളിലെ എല്ലുകൾ പൊങ്ങിയും താഴ്ന്നുമിരുന്നു. സുഹറ ടീച്ചർ വീണ്ടും ഉള്ളിൽ തെളിഞ്ഞതും അവൻ മുഖം ചുളിച്ചു തല ഉറക്കെ കുടഞ്ഞു.
കൊടുത്ത പൈസയുടെ ബാക്കി പോലും വാങ്ങാൻ നിൽക്കാതെ നദീർ തന്റെ വണ്ടി സ്റ്റാർട്ട് ചെയ്തു ഓടിച്ചു പോയി. “ഹും.. സുഹറ ടീച്ചറുടെ ശിഷ്യ ഗണങ്ങളിൽ ഇങ്ങനെയൊരു കിറുക്കനും
ഉണ്ടായിരുന്നോ. എന്തോ ഒരു ചേർച്ചയില്ലായ്മയുണ്ടല്ലോ ആളുടെ ഭാവത്തിൽ”.. കടക്കാരൻ അവനെ നോക്കി ശങ്കയോടെ പിറു പിറുത്തു.
കുത്തനെയുള്ള റോഡിലൂടെ നദീർ തന്റെ റോയൽ എൻഫീൽഡ് ബുള്ളറ്റ് ഓടിച്ചു കയറ്റി കൊണ്ടിരുന്നു. ബൈക്കിന്റെ “ഘട്ട് ഘട്ട് ഘട്ട്” ശബ്ദങ്ങൾ പ്രതിധ്വനിച്ചു.
റോഡിനു ഒരു വശം പാറകൂട്ടങ്ങൾ കറുത്തിരുണ്ടും ചില സ്ഥലങ്ങളിൽ വെയിലിൽ തിളങ്ങിയും കണ്ടു. “”ഇവരെന്താണ് ഇടയ്ക്കിടെ വീട്
മാറുന്നത്. ഈ തീയാളുന്ന ചൂടുള്ള ദേശത്ത് വന്നു താമസിക്കുന്നതെന്തിന്””.. നദീർ ഓർത്തു. ആക്സിലേറ്ററിൽ ഒന്നു കൂടി ബലം കൊട””നദീർ.. നീ
ഷിബിലയുടെ വല്ലതും കണ്ടോടാ. ഒളിഞ്ഞു നോക്കിയിട്ട്””..തിരികെ കരഞ്ഞു കൊണ്ട് ക്ലാസ്സിൽ വന്നിരുന്ന അവനു ചുറ്റും സഹപാഠികൾ കൂടി നിന്നു ചോദിച്ചു.
പെൺ കുട്ടികൾ അവനെ നോക്കി ഊറി ചിരിച്ചു. ഉള്ളു നുറുങ്ങി പൊടിഞ്ഞ അവൻ ഒന്നും മിണ്ടാതെ ഡെസ്കിൽ തല വെച്ചു കിടന്നു.
“”പറയെടാ.. കേൾക്കട്ടെ നീ കണ്ടോ. എങ്ങനെയുണ്ട്. അവളൊരു സുന്ദരിയല്ലേടാ”” ഒരുത്തൻ ചോദിച്ചു.
നദീർ ചുവന്ന കണ്ണുകളോടെ അവനെ തല പൊക്കി നോക്കി. കണ്ണിൽ നിന്നും അഗ്നി ചിതറി. കുട്ടികൾ ആർത്തു ചിരിച്ചു. ചെകുത്തന്മാർ കൂടി നിന്ന് പല്ലിളിക്കുന്നത് പോലെ അവന് തോന്നി.
മുഷ്ടി ചുരുട്ടി ശക്തിയിൽ ചോദിച്ചവന്റെ മൂക്കിനിടിച്ചു. അവൻ പുറകിലേക്ക് മറിഞ്ഞു വീണു. മൂക്കിൽ നിന്നും രക്തം ചീറ്റിയൊഴുകി. “”ഞാൻ ഒളിഞ്ഞു നോക്കിയില്ലെടാ നായേ””.. നദീർ ചീറി
കൊണ്ട് അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. ഷിബില ഓടി വന്നു അവനെ പിടിച്ചു വലിച്ചു. “”വേണ്ടടാ…നിന്നെ സ്കൂളിൽ നിന്ന് പുറത്താക്കും.
ഒരു കാരണം കിട്ടാൻ കാത്തു നിൽക്കുകയാണ് എല്ലാരും. പിന്നെ നമ്മൾ കാണുമോ””.. അവൾ പറഞ്ഞു. നദീർ അവളെ തട്ടി മാറ്റി ബെഞ്ചിൽ ഇരുന്നു കിതച്ചു.
സുഹറ ടീച്ചറും ബാക്കി അധ്യാപകരും ഓടി വന്നു. അവനെ വലിച്ചിഴച്ചു ഓഫീസ് മുറിയിലേക്ക് കൊണ്ടു പോയി.
“”ഇതാ നിന്റെ ടിസി.. പോ.. പോയി തുലയ് ശവമേ.. എന്റെയും എന്റെ മകളുടെയും കണ്മുന്നിൽ ഇനി നിന്നെ കാണാൻ പാടില്ല. ഈ സ്കൂളിൽ ഇനി നീ പഠിക്കാനും പോവുന്നില്ല””.. ടീച്ചർ വിറച്ചു കൊണ്ട്
പറഞ്ഞു. നദീർ ഒന്നും മിണ്ടാതെ ഇറങ്ങി നടന്നു. അവൻ നടന്നു നീങ്ങുന്നത് ഷിബില ജനാലയിലൂടെ കണ്ടു. അവളുടെ ഹൃദയം നുറുങ്ങി. തന്റെ പ്രണയം ചിന്നി ചിതറുന്നത് അവൾ അറിഞ്ഞു.
“”തന്തക്ക് പിറക്കാത്തവനെ.. നീ ആ ടീച്ചറുടെ മകളെ ഒളിഞ്ഞു നോക്കി അല്ലേ.. നാണമില്ലാത്തവനെ.. ആ ചെക്കൻ മൂക്കിന്റെ പാലം പൊട്ടി ആശുപത്രിയിലാണ്.
ഇറങ്ങി പോടാ നായേ ഈ വീട്ടീന്ന്. ഇനി എന്റെ കണ്മുന്നിൽ കണ്ടു പോകരുത്””. നദീറിന്റെ വാപ്പ മുഖത്ത് ആഞ്ഞടിച്ചു കൊണ്ട് പറഞ്ഞു.””വാപ്പാ ഞാൻ ഒന്നും ചെയ്തിട്ടില്ല””…
””ഇറങ്ങെടാ.. നീ ഒന്നും പറയണ്ട. എനിക്കീ നാട്ടിൽ ഇറങ്ങി നടക്കണം. നാട്ടുകാരുടെ മുഖത്ത് നോക്കണം””..
നദീർ ഇറങ്ങി. കൂരാ കൂരിരുട്ടിൽ കരഞ്ഞു കണ്ണീരൊലിപ്പിച്ചു അവൻ നടന്നു. സുഹറ ടീച്ചറോടുള്ള പക ഉള്ളിൽ ആഞ്ഞടിക്കുന്ന തിരമാലകളിലെ നുരകളെ പോലെ
പതഞ്ഞു പൊന്തി. അവൻ ടീച്ചറുടെ വീട് ലക്ഷ്യമാക്കി നടന്നു. ഗേറ്റ് ചാടി കടന്ന അവൻ ഉറക്കെ വിളിച്ചു..””ടീച്ചറേ””..മറുപടിയില്ല..””സുഹറ ടീച്ചറേ””.. അവൻ വീണ്ടും അലറി.
“”നിങ്ങൾ എവിടെയായാലും ഇനി സമാധാനത്തോടെ ജീവിക്കില്ല. എന്റെ ഭാവി നശിപ്പിച്ച നിങ്ങളെ കൊല്ലും ഞാൻ””..നദീർ തൊണ്ടയിടറി വിളിച്ചു പറഞ്ഞു. പിന്നെ വീണ്ടും ഗേറ്റ് എടുത്തു
ചാടി നടന്നു. ടീച്ചർ ഒന്നു നടുങ്ങി. എങ്കിലും എഴുന്നേറ്റില്ല. ഷിബില ഉറങ്ങിയിരുന്നില്ല. മുറിയിലെ ലൈറ്റ് തെളിച്ചു ജനലഴികൾക്കിടയിലൂടെ നദീർ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ നടന്നു പോകുന്നത് നോക്കി നിന്നു. “ഒന്നു
തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ.. ഞാനെന്ത് പിഴച്ചു. എന്ത് തെറ്റ് ചെയ്തു. എന്നെയും വേണ്ടേ അവന്”.. അവൻ നടന്നു മറഞ്ഞു. അപ്പോഴേക്കും അവളുടെ മനവും മുഖവും പ്രണയവും കറുത്തിരുണ്ട് ഇരുളടഞ്ഞിരുന
ഓർമ്മകളുടെ പേമാരിക്കൊടുവിൽ ഒരു തേങ്ങൽ ഉള്ളിൽ നിന്ന് അറിയാതെ വന്നപ്പോൾ നദീർ വീണ്ടും വണ്ടി വശത്തേക്ക് ഒതുക്കി നിർത്തി. അവൻ കണ്ണാടിയിൽ നോക്കി.മുഖം വല്ലാതെ കനത്തിരിക്കുന്നു.
കല്ല് പോലെ ഉറച്ചിരിക്കുന്നു. ദീർഘമായൊരു നിശ്വാസമെടുത്തു കണ്ണുകളൊന്ന് അടച്ചു തുറന്ന് അവൻ ഓർമ്മകളെ ആട്ടി പായിക്കാൻ ശ്രമിച്ചു. അവൻ വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്തു
മുന്നോട്ടെടുത്തു. അല്പ ദൂരം കൂടി ചെന്നപ്പോൾ ചെങ്കുത്തായ കയറ്റമിറങ്ങി അവൻ ആ കുന്നിന്റെ താഴ്‌വാരത്തേക്കെത്തി. റോഡിന്റെ വലത് വശത്ത് മുഷിഞ്ഞു പെയിന്റുകൾ ഇളകിയ സുഹറ ടീച്ചറുടെ വീട് അവൻ കണ്ടു.
നദീർ പതുക്കെ ആ വീടിന്റെ മതിൽ ചാരി വണ്ടി നിർത്തിയിറങ്ങി. ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു അവൻ ഗേറ്റ് തുറന്നു അകത്തു കടന്നു. കാളിങ് ബെല്ലിൽ വിരലമർത്തി.
അല്പ സമയം കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് ഒരു വൃദ്ധ പുറത്ത് വന്നു. “ടീച്ചർ.. സുഹറ ടീച്ചർ തന്നെ .. അവസാനം ഞാൻ കണ്ടെത്തി”.. അവന്റെ ഉള്ളം മന്ത്രിച്ചു. അവനെ സൂക്ഷിച്ചു നോക്കേണ്ടി വന്നില്ല
ടീച്ചർക്ക് തിരിച്ചറിയാൻ. നദീറിന്റെ മുഖത്ത് നിന്നും പകയുടെ കറുത്ത പക്ഷികൾ ചിറകടിച്ചു കൊക്കുകൾ കൂർപ്പിച്ചു തന്റെ നേരെ പറന്നു വരുമോ. അത്രത്രോളം മുഖത്ത് കറുപ്പ് ഉരുണ്ടു കൂടിയിരിക്കുന്നു. അകതാരിൽ പതഞ്ഞ പേടി ഉള്ളിൽ തന്നെ അടക്കി വെച്ചു.
“”വരൂ നദീർ.. ഞാൻ കാത്തിരിക്കുകയായിരുന്നു””.. അവർ കൃതിമമായൊരു മന്ദഹാസം ചുണ്ടിൽ തൂവി കൊണ്ട് പറഞ്ഞു. നദീർ ചിരിച്ചില്ല. പകരം മുഖത്ത് അത്ഭുതം വിരിഞ്ഞു.”എന്നെ കാത്തിരിക്കുന്നുവത്രെ.. എന്തിന്?”..
സുഹറ ടീച്ചർ അകത്തേക്ക് നടന്നു. “ചവിട്ടി വീഴ്ത്തിയാലോ. എന്നിട്ട് നെഞ്ചിൽ കാല് മുട്ടുകൾ അമർത്തി ശ്വാസം മുട്ടിച്ചു കൊന്നാലോ”. നദീറിന്റെ ഹൃത്തിൽ കട്ട
പിടിച്ച വാശിയുടെ ചോര അണപ്പൊട്ടി. എങ്കിലും എന്തോ അവനതിനു കഴിഞ്ഞില്ല. കാലുകൾ കുഴയുന്നുവോ. ഒരു ഭാരം..
ടീച്ചർ തിരിഞ്ഞു നിന്നു. “”നദീർ വരൂ.. ഇരിക്കൂ.. നിന്റെ നെഞ്ചിലെ പകയുടെ ഉമിത്തീ ഇനിയും കെട്ടടങ്ങിയിട്ടില്ല എന്നെനിക്കറിയാം. എങ്കിലും ഒന്ന് ഇരിക്കുന്നതിനോട് വിരോധമുണ്ടോ””. സുഹറ ടീച്ചർ പറഞ്ഞു.
നദീർ നിർവികാരതയോടെ കസേരയിൽ ഇരുന്നു. ടീച്ചർ അവന് അഭിമുഖമായി ഇരുന്നു. അവനെ നോക്കി ചിരിച്ചു. അവൻ ചിരിച്ചില്ല. പെട്ടെന്ന് മുഖം കറുത്തിരുണ്ടു. മനസ്സ് സംഘർഷ മുഖരിതമായി സ്വന്തത്തോട് പടവെട്ടാൻ തുടങ്ങി.
“ഇങ്ങനെയൊരു സ്വീകരണമോ. പ്രതീക്ഷിച്ചിതല്ല. മനസ്സ് മറന്നു പോയോ വന്ന കാര്യം. ഏതോ ഒരു കോണിൽ ക്ഷമയും ദയവും മുളക്കുന്നുണ്ടോ.പാടില്ല. കൊല്ലണം”.
സുഹറ ടീച്ചറുടെ പുറകിലെ ഷോ കേസിൽ മാതൃകാധ്യാപികക്ക് ലഭിച്ച ഫലകത്തിൽ ടീച്ചർ ചിരിച്ചു നിൽക്കുന്നു. നദീറിന്റെ ചുണ്ടിന്റെ കോണിൽ പുച്ഛം വിരിഞ്ഞു. “”നിന്റെ മുന്നിൽ ഈ ഫലകത്തിനു വിലയില്ല എന്നെനിക്കറിയാം.
അതാണ് ഞാൻ അത് മറഞ്ഞിരുന്നത്. അടിച്ചേൽപ്പിച്ച പോലെ തോന്നുന്നു ഈ യോഗ്യത””. ടീച്ചറുടെ മുഖത്ത് സ്വയം പരിഹാസം നിറഞ്ഞു. നദീറിൽ പരിഹാസത്തിനൊപ്പം അല്പം ആത്മ വിശ്വാസവും മുഴച്ചു. അവൻ ചുണ്ടുകൾ കോട്ടി.
“”എന്നെ കാത്തിരിക്കാൻ കാര്യമെന്താണ് ടീച്ചർ. വെറുക്കപ്പെട്ടവനല്ലായിരുന്നോ ഞാൻ?””.. നദീർ ചോദിച്ചു.
ടീച്ചർ ചിരിച്ചു. “”ഭാവി ഇരുളിൽ തള്ളിയ ഒരു അധ്യാപികയെ എങ്ങനെ മറക്കും. എനിക്കൊരു ഭ്രാന്തായിരുന്നു അന്ന്. മകളുടെ ഭാവി ഓർത്തുള്ള ഉത്കണ്ഠയിൽ വിരിഞ്ഞ ഒരു തരം അസ്സൂയ.
ഒരു അമ്മ എന്ന രീതിയിൽ ന്യായീകരിക്കാമെങ്കിലും അധ്യാപിക എന്ന രീതിയിൽ വലിയ തെറ്റാണ് ഞാൻ ചെയ്തത്. ക്ഷമിക്കുമെങ്കിൽ നന്നായിരുന്നു. ഇനിയുള്ള ജീവിതമെങ്കിലും ജീവിച്ചു തീർക്കാമല്ലോ. പക്ഷേ.. ഞാൻ
നിർബന്ധിക്കില്ല കെട്ടോ””.. ടീച്ചറുടെ മുഖം വാടി. കണ്ണുകൾ തുളുമ്പി. നദീർ നിർവികാരതയോടെ ടീച്ചറെ നോക്കി കൊണ്ടിരുന്നു.
നരകൾ വീണിരിക്കുന്നു. കഴുത്തിൽ ചുളിവുകൾ വന്നു തൂങ്ങിയിരുക്കുന്നു. അന്നത്തെ നാല്പതുകളിലെ സുന്ദരിയിൽ നിന്നും ടീച്ചർ വളരേ അകന്നു പോയിരിക്കുന്നു. മെല്ലിച്ച വിറക് കൊള്ളികൾ പോലെ കൈകൾ. കവിളുകൾ ചുളിഞ്ഞ ഇടിഞ്ഞിരിക്കുന്നു.
“”അവസാനമായി നിന്നെ കണ്ട ആ രാത്രി. എവിടെയായാലും കൊല്ലുമെന്നുള്ള ആ ഭീഷണിയിൽ അടങ്ങിയ ധൈര്യവും സ്ഥയ്ര്യവും പകയും. സമാധാനത്തോടെ എന്നെ ജീവിക്കാൻ വിടില്ല എന്നുള്ള വാക്കുകളിൽ അടങ്ങിയ ശക്തി.
എല്ലാം എന്നിലുണ്ടാക്കിയത് ഒരു തരം ഭീതിയായിരുന്നു. അന്ന് രാത്രി മുതൽ നഷ്ടപ്പെട്ടതാണ് എന്റെ സമാധാനം. ആ വാക്ക് നീ നിറവേറ്റി. പിന്നെ സമാധാനമായി ഒരു പോള കണ്ണ് ചിമ്മിയിട്ടില്ല””.. സുഹറ ടീച്ചറുടെ ശബ്ദം വിറച്ചു.
നദീർ ഉള്ളിൽ ക്രൂരമായി ചിരിച്ചു. “”പിറ്റേ വർഷം ആരും കാണാതെ ഒരു രാത്രി നിങ്ങളുടെ വീട് അന്വേഷിച്ചു ഞാൻ വന്നു. കൊല്ലാൻ തന്നെ. കണ്ടില്ല. വീട് പൂട്ടിയിരിന്നു””.
“”ഹാ.. ഞാൻ ആ വർഷം തന്നെ ആ സ്കൂളിൽ നിന്ന് വിടുതൽ വാങ്ങി ദൂരേക്ക് പോയി””..
“”അവിടെയും ഞാൻ വന്നിരുന്നു ടീച്ചർ. അതും കൊല്ലാൻ തന്നെ. പക അടങ്ങാൻ അപ്പോഴും കാരണമില്ല. ആ രാത്രി മുതൽ അലച്ചിലായിരുന്നു ടീച്ചർ എന്റെ തൊഴിൽ. എന്തൊക്കെയോ ജോലികൾ ചെയ്തു. മയക്കു മരുന്നു കച്ചവടം വരെ ചെയ്തു.
എല്ലാത്തിനും കാരണം നിങ്ങളാണ്.. നിങ്ങൾ ഒരൊറ്റരാൾ””. നദീറിന്റെ കണ്ണുകളിലെ തിരയിളക്കം സുഹറ ടീച്ചർ ഭയത്തോടെ നോക്കി.
“”കയ്യിൽ പണം കുമിഞ്ഞു കൂടുമ്പോൾ ഞാൻ തത്കാലം നിങ്ങളെ മറക്കും. പക്ഷേ.. കൂടെ പഠിച്ചവരെ വല്ലപ്പോഴും കാണുമ്പോൾ അതും എന്നേക്കാൾ പഠിക്കാൻ പുറകിലായിരുന്നവരടക്കം
ഉന്നത പദവിയിൽ എത്തിയതായി അറിയുമ്പോൾ വീണ്ടും പക നുരഞ്ഞു പൊന്തും. എനിക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസത്തിന്റെ വില അറിയുമ്പോൾ
ഞാൻ അരച്ചു കുടിക്കാനുള്ള പ്രതികാരം ഉള്ളിൽ നിറച്ചു നിങ്ങളെ തേടിയിറങ്ങും””. നദീർ പല്ലുകൾ ഞെരിച്ചു കണ്ണുകൾ തുറുപ്പിച്ചു ടീച്ചറെ നോക്കി.
സുഹറ ടീച്ചറുടെ ശിരസ്സ് അറിയാതെ കുനിഞ്ഞു. ഒപ്പം രണ്ട് തുള്ളി കണ്ണു നീരും മടിയിലേക്ക് വീണു.
നദീർ ക്രൂരമായി ചിരിച്ചു. “”ഈ കണ്ണുനീരൊന്നും മതിയാവില്ല ടീച്ചർ എന്റെ ഉള്ള് തണുപ്പിക്കാൻ.ചില അപമാനങ്ങൾ കാലപ്പഴക്കമേറുന്തോറും മാനം മുട്ടേ വളരും. കുത്തി നോവിക്കും.
ഉള്ളിൽ കിടന്ന് ഉമിത്തീ പോലെ നീറും. ആ നോവുകൾ മാറ്റാൻ പ്രതികാരം തന്നെയാണ് പരിഹാരം. മധുര പ്രതികാരം ചെയ്യാൻ മാത്രം ഞാൻ ഒന്നും ആയില്ല.
ഈ പ്രതികാരം ക്രൂരമാണെന്ന് എനിക്കറിയാം ടീച്ചർ. എനിക്ക് വേറെ വഴിയില്ല””. നദീർ എഴുന്നേറ്റു തുളുമ്പുന്ന കവിളുകളോട്ടെ ടീച്ചറുടെ അടുത്തേക്ക് നടന്നു. ടീച്ചർ ദയനീയമായി അവനെ നോക്കി.
“”നദീർ…. വേണ്ടടാ””ഒരു ഇടറിയ പെൺ ശബ്ദം. “കേട്ട് പരിചയം ഉണ്ടോ എനിക്ക് ഈ ശബ്ദം.. ആരാണ്”.. അവൻ തിരിഞ്ഞു നോക്കി.””ഷിബില””.. അവന്റെ ചുണ്ടുകൾ മന്ത്രിച്ചു. കണ്ണുകൾ വിടർന്നു. “ഇവൾ?”..
അവൾ ഭീതിയൊളിപ്പിച്ചു വെച്ചു മനോഹരമായി ചിരിച്ചു..””ഞാൻ തന്നെ.. ഷിബില.. എങ്ങും പോയിട്ടില്ല..ഉമ്മയെ ഒന്നും ചെയ്യരുത്. എന്നെ മറന്നില്ലെങ്കിൽ. ആ പഴയ സ്നേഹത്തിന്റെ പേരിൽ””. ഷിബില പതുക്കെ പറഞ്ഞു.
നദീറിന്റെ ഉള്ളിൽ എവിടെയൊക്കെയോ മറഞ്ഞിരുന്ന ആ പഴയ അനുരാഗം കൂടി ചേർന്ന് ഹൃദയത്തിലെത്തി തുടി കൊട്ടി. അവൻ അവളെ നോക്കി.
അവൾ വീണ്ടും ചിരിച്ചു. നദീർ ചിരിച്ചില്ല. കണ്ണുകൾ വിടർന്നു വികസിച്ചു. ചുണ്ടുകൾ അറിയാതെ കൂർത്തു വന്നു. പതുക്കെ അവന്റെ ഉള്ളം അവൻ ആഗ്രഹിച്ചില്ലെങ്കിലും തണുത്തു തുടങ്ങി.
“”ഓർത്തിരുന്നോ എന്നെ. അതോ കൗമാര പ്രണയത്തിന്റെ നേരമ്പോക്ക് മുറിഞ്ഞപ്പോൾ മറന്നിരുന്നോ. കണ്ണകന്നപ്പോൾ മനസ്സും അകന്നോ.
അതോ പ്രതികാരവും പകയും എന്നോടുള്ള പ്രണയത്തെ കീഴടക്കിയോ. പറ..പക്ഷേ ഞാൻ മറന്നിട്ടില്ല കെട്ടോ””.. ഷിബില ഒരു പാട് ചോദ്യങ്ങൾ പ്രണയത്തിൽ ചാലിച്ചു അവന്റെ നേരെ എറിഞ്ഞു.
നദീർ അപ്പോഴും ഒന്നും മിണ്ടിയില്ല. വാതിൽ പൊളിയിൽ ചാരി നിന്നിരുന്ന ഷിബിലയെ അവൻ ഒന്നു കൂടി നോക്കി. കറുപ്പിൽ ചെറിയ വെള്ള പുളികളുള്ള കോട്ടൺ ചുരിദാറും വെളുത്ത അയഞ്ഞ
ബോട്ടവും. അതിന്റെ തന്നെ ഷാൾ അലസമായി തലയും മാറും മൂടിയിരിക്കുന്നു. അല്പം തടിച്ച ശരീരം. മേൽ കവിളുകൾ തുടുത്ത് താഴേക്ക് കൂർത്ത താടി. വിടർന്ന കണ്ണുകളിൽ ഒളിഞ്ഞിരിക്കുന്ന വേവലാതിയുടെയും
ഒപ്പം തന്നെ സ്നേഹത്തിന്റെയും തിരയിളക്കങ്ങൾ. “ഇവൾക്ക് എന്താ ഒരു മാറ്റവും ഇല്ലാത്തത്. ഇത്രയും കാലമേറിയിട്ടും”..അവൻ ഓർത്തു.
“”നിനക്ക് വിശക്കുന്നില്ലെടാ. ഞാൻ ചോറ് വിളമ്പട്ടെ. കഴിക്കുമോ?””. ഷിബില ഒരു നേർത്ത പുഞ്ചിരിയോടെ ചോദിച്ചു. നദീർ അപ്പോഴും ഒന്നും മിണ്ടിയില്ല. സുഹറ ടീച്ചറോടുള്ള അടങ്ങാത്ത പക ഒന്നു കൂടി വീണ്ടെടുക്കാൻ ശ്രമിച്ചു. പക്ഷേ..
പക മൂടി ഇരുണ്ട ഹൃത്തടത്തിലെ ഉള്ളറകളിൽ ഏതോ ഒന്നിൽ അല്പം വെളിച്ചം മിന്നി തിളങ്ങി. “”ഛെ””.. എന്നൊരു ശബ്ദത്തോടെ അവൻ കസേരയിൽ ഇരുന്നു. ഷിബില ശബ്ദമുണ്ടാക്കാതെ ചിരിച്ചു. അവളുടെ മുഖം ആശ്വാസത്തിൽ ശാന്തമായി.
ഷിബില അടുക്കളയിലേക്ക് പോയി. നദീർ തല കുനിച്ചിരുന്നു എന്തൊക്കെയോ പിറുപിറുത്തു. സുഹ്‌റ ടീച്ചർ അവനെ ഒന്നു കൂടി നോക്കി വെറുതെ ചിരിച്ചു. അവൻ വെറുപ്പിൽ മുഖം തിരിച്ചു.
“”നദീർ.. വാ.. ഭക്ഷണം കഴിക്കാം””.. ഷിബിലയുടെ സ്വരത്തിൽ പ്രണയം മുറ്റി നിന്നു. “”വാടാ””.. അവൾ വീണ്ടും വിളിച്ചു. നദീർ മടിച്ചു മടിച്ചു എഴുന്നേറ്റു. ഷിബില ചിരിച്ചു. അവന്റെ ചുണ്ടിൻ കോണുകൾ അറിയാതെ ചിരിയുടെ ലാഞ്ചന കാണിച്ചു.
“”എന്നെ ഓർത്തിരുന്നോ.. കൊല്ലം പതിനഞ്ചായില്ലേ നമ്മൾ കണ്ടിട്ട്. അതായത് എനിക്കും നിനക്കും ഇപ്പോൾ മുപ്പത്തിരണ്ട് വയസ്സ് അല്ലേ””.. അവൾ ചോദിച്ചു. സ്വരം പ്രണയർദ്രമായിരുന്നു.
“”ഓർക്കാൻ സമയമില്ലായിരുന്നു. പക്ഷേ…വീണ്ടും കാണുമെന്നു കരുതിയില്ല. നിന്റെ ഭർത്താവും കുട്ടികളുമൊക്കെ?””..ഷിബില ചിരിച്ചു.””കല്യാണം കഴിഞ്ഞില്ല””..
നദീർ ഞെട്ടി. വിശ്വാസം വരാതെ അവളെ തന്നെ നോക്കി. വാരിയ ചോറ് തിരികെ പാത്രത്തിൽ വീണു.
“”സത്യമാ നദീറെ””.. ഷിബില ചിരിച്ചു കൊണ്ട് പറഞ്ഞു.””എന്തേ.. പറ്റിയ ആളുകൾ വന്നില്ലേ. അതോ ഞാൻ കാരണമോ?””. നദീർ ചോദിച്ചു.
“”ആരെയും കാണാൻ സമ്മതിച്ചില്ല. വിവാഹം എന്നത് ഒരു ആഗ്രഹമേ അല്ലാതായി. നീ കാരണമാണോ എന്ന് ചോദിച്ചാൽ…ആ…അതിന് ഉത്തരമില്ല.. ചില ചോദ്യങ്ങൾക്ക് എങ്ങനെയാ ഉത്തരം
പറയാ.. എന്റെ മനസ്സ് ഇപ്പോഴും ആ പ്ലസ് ട്ടൂ കാരിയുടെ പ്രണയത്തിൽ കുടുങ്ങി കിടക്കുവാ.. ഒന്നും മിണ്ടാതെ എന്നോടൊരു വാക്ക് പറയാതെ ഇറങ്ങി പോയാൽ എങ്ങനെ മറക്കാനാ. പോവുമ്പോൾ ഒന്നു വന്നു കണ്ട് മറക്കണം
എന്നെങ്കിലും പറയാമായിരുന്നു. പ്രണയത്തിന് അർദ്ധ വിരാമം എന്നൊന്നില്ല നദീർ. ഉണ്ടെങ്കിൽ അതിൽ പരം ക്രൂരതയെന്താണ്. ഞാൻ ഒരു തെറ്റും ചെയ്തില്ലല്ലോ. എനിക്ക് വാശിയോ പ്രതികാരമോ ഇല്ലല്ലോ എന്റെ പ്രണയം
മറന്നു കളയാൻ. അപ്പൊ പിന്നെ നിന്നെ മനസ്സീന്ന് പറിച്ചു കളയേണ്ട ആവശ്യമെന്ത്””.. ഷിബിലയുടെ മിഴി കോണുകൾ കുതിർന്നു.
നദീർ ഒന്നും മിണ്ടിയില്ല. ഭക്ഷണം മുഴുമിപ്പിക്കാതെ അവൻ എഴുന്നേറ്റ് പോയി കൈ കഴുകി. പിന്നെ മുറ്റത്തേക്കിറങ്ങി. ഷിബില പുറകേ ചെന്നു.
“”കഴിഞ്ഞ കൊല്ലം പത്രത്തിൽ നിന്റെ ഫോട്ടോ കണ്ടു. ഹിമാലയത്തിൽ പോയി ബുള്ളറ്റിൽ ചിരിച്ചു ഇരിക്കുന്നത്. കേരളത്തീന്ന് ആദ്യമായി ബുള്ളറ്റിൽ ഹിമാലയത്തിൽ പോയി നദീർ എന്നൊരു
വാർത്തയും. സ്ഥലപ്പേര് കണ്ടില്ല. കണ്ടെങ്കിൽ ഉറപ്പായും ഞാനും ഉമ്മയും തേടി വന്നേനെ””.. ഷിബില പറഞ്ഞു.
“”അലച്ചിൽ തന്നെയായിരുന്നു തൊഴിൽ. അതിനിടെ ചെയ്യുന്ന നല്ലതും ചീത്തയുമായ ജോലികൾ. വാശി. പഠിക്കാത്തവന്റെ വെറും വാശി.
ആരെങ്കിലുമൊക്കെ ആയി തീരണം എന്ന വാശി.. പക്ഷേ.. ഒന്നും ആയില്ല ഞാൻ””.. നദീറിന്റെ തൊണ്ട ഇടറി. കണ്ണുകൾ ആർദ്രമായി.
“”അങ്ങനെ പറയാമോ.. പഠിക്കാത്തവന്റെ മുന്നിൽ ലോകം എത്ര വിശാലമാണ്. അവന് കാണാത്ത കാഴ്ച്ചകൾ ഉണ്ടോ. പരിധികളുണ്ടോ. എന്തും ചെയ്യാം. മുന്നിൽ
ഒരുപാട് വഴികൾ. പഠിച്ചവർക്കോ. ഒരൊറ്റ ലക്ഷ്യം മാത്രം. ഒരു ജോലി. അതിൽ കിടന്ന് തിരിഞ്ഞും മറിഞ്ഞും കാലം തീർക്കും. ശരിയല്ലേ””.. ഷിബില പറഞ്ഞു.
“”ഹും.. വിദ്യാഭ്യാസമുള്ളവർ പറയുന്ന സ്ഥിരം ന്യായം. പുതുമയില്ല””..””ഞാനും കൂടുതൽ ഒന്നുമായില്ല നദീർ. ഉമ്മ തല്ലി പഴുപ്പിച്ചു പല്ല് ഡോക്ടറാക്കി. ടൗണിൽ സ്വന്തമായി ഒരു ക്ലിനിക്കുണ്ട്””.നദീർ ചിരിച്ചെന്ന് വരുത്തി.
“”നിനക്ക് വലിയ മാറ്റമൊന്നുമില്ല. കുറച്ചു തടിച്ചു. താടിയും മീശയും വന്നു എന്നല്ലാതെ..ഇപ്പോഴും സുന്ദരൻ. മുടിയുടെ സ്റ്റൈലും മുഖവും എല്ലാം അന്നത്തെ പോലെ തന്നെ””.. ഷിബില പറഞ്ഞു.
“”നീയും മാറിയില്ല. സാധാരണ സ്ത്രീകൾ ഈ പ്രായത്തിൽ ഇങ്ങനെ ഉടയാതെ കാണാറില്ല. അത്ഭുതമായിരിക്കുന്നു””. നദീർ ചിരിച്ചു.
“”അതോ.. അത് പിന്നെ കല്യാണം കഴിഞ്ഞിട്ടുമില്ല. പ്രസവിച്ചിട്ടുമില്ല. അത് കൊണ്ടാവും””..നദീറിന്റെ പുകഴ്ത്തൽ കേട്ടത് കൊണ്ടാവും ഷിബില ചുണ്ടുകൾ ഒന്ന് നനച്ചു. തട്ടം ഒന്നു കൂടി നേരെ ഒതുക്കിയിട്ടു.
അവൾ ഒന്ന് കൂടി അവന്റെ ചാരേക്ക് നീങ്ങി നിന്നു. അവൻ അകന്നു നിൽക്കുമെന്ന് അവൾ ഭയന്നെങ്കിലും അതുണ്ടായില്ല. അവന്റെ ഉള്ളം തണുത്തുറയുന്നത് അവൾ അറിഞ്ഞു. അവളുടെ അകതാരിൽ നഷ്ടപ്പെട്ടു എന്ന് ഭയന്ന പ്രണയം വീണ്ടും മൊട്ടിട്ടു.
നദീർ ദൂരേക്ക് നോക്കി. വെയിൽ തീക്ഷ്‌ണമെങ്കിലും അവിടെ ഒരു കുളിര് ഒഴുകി നടക്കുന്നതായി അവന് തോന്നി. പ്രണയവും പകയും കൂടി കലർന്ന ആത്മ സംഘർഷത്തിൽ മനസ്സ് വീണ്ടും വീർപ്പു മുട്ടി.
“”ഇന്ന് ക്ലിനിക് ഇല്ലേ. പോയില്ലേ?””.. നദീർ കണ്ണുകൾ താഴ്ത്താതെ ചോദിച്ചു.””മണ്ടാ.. ഇന്ന് ഞായറാഴ്ച്ചയാണ്. ദിവസങ്ങൾ പോലും മറക്കുന്നോ അലച്ചിലിൽ””.. ഷിബില പൊട്ടി ചിരിച്ചു. അവൻ അവളെ
നോക്കി പുഞ്ചിരിച്ചു. ആ നോട്ടം പണ്ട് നോക്കിയിരുന്ന പോലെ പ്രണയപൂർവ്വം എന്നൊരു മുദ്ര കൊത്തി വെച്ചത് പോലെ അവൾക്ക് തോന്നി.
മനസ്സിൽ വിസ്‌മൃതിയിലാണ്ട എന്തൊക്കെയോ ഇഷ്ടങ്ങൾ തിരിച്ചു കിട്ടിയ പോലെ അവൾ ഒന്നു കുണുങ്ങി കണ്ണടച്ചു.
ഷിബില പെട്ടെന്ന് അവന്റെ കരങ്ങൾ കവർന്നു. “”ഇനി എനിക്ക് വയ്യ നദീർ. പറ. എന്നെ ഓർത്തിരുന്നോ?. ഓർക്കാത്ത ദിവസങ്ങളായിരുന്നോ ഈ പതിനഞ്ചു വർഷവും. എത്ര ആഴത്തിൽ പ്രണയിച്ചതായിരുന്നു നമ്മൾ.
കൗമാരക്കാരിയുടെ ചാപല്യങ്ങൾ ആയിരുന്നെങ്കിൽ ഞാൻ മറക്കുമായിരിന്നല്ലോ എല്ലാം. ഞാൻ മറന്നില്ലല്ലോ. ഉമ്മ പേടിയോടെയാണ് നിന്നെ കാത്തിരുന്നതെങ്കിലും ഞാൻ പ്രതീക്ഷയോടെയായിരുന്നു കാത്തിരുന്നത്. പറ.
എന്നോടുള്ള ഇഷ്ടത്തിന്റെ ഒരു നുള്ള് ഹൃദയത്തിന്റെ ഉള്ളിൽ എവിടെയെങ്കിലും ബാക്കി കിടക്കുന്നുണ്ടാകും. ഇല്ലെന്ന് പറഞ്ഞാൽ നീ കള്ളം പറയുകയാണ്.
അഭിനയിക്കുകയാണ്. വെറുതെ നടിക്കുകയാണ്””.. ഷിബില വിതുമ്പി. ചുണ്ടുകൾ വിറച്ചു. കവിളുകൾ തുളുമ്പി. കണ്ണീർ ഇറ്റിറ്റു വീണു.
നദീർ നിശബ്ദനായി കുറച്ചു നിമിഷങ്ങൾ അവളെ നോക്കി. പിന്നെ അവളുടെ കൈകളിൽ പിടിച്ചു വലിച്ചു. അവൾ അവന്റെ നെഞ്ചിലേക്ക് വീണു.
ഇറുകെ പുണർന്നു. അവളുടെ ലോകം അവന്റെ നെഞ്ചിലേക്ക് ചുരുങ്ങി. ആശകൾ നശിച്ച ഹൃദയത്തിൽ വീണ്ടും പ്രതീക്ഷകൾ. മഞ്ഞു തുള്ളികൾ പോലെ നനുത്ത അനുരാഗത്തിന്റെ സുഖങ്ങൾ. തനിമയാർന്ന അനുഭൂതികൾ.
വിരഹ തീയിൽ എരിഞ്ഞു വെന്തുള്ള കാത്തിരിപ്പിനൊടുവിൽ അവന്റെ ഹൃദയത്തിൽ നിന്നും വീശിയ കുളിർ തെന്നലിൽ ആ തീ കെട്ടിരിക്കുന്നു. കനൽ മൂടി കുമിഞ്ഞു കൂടിയ വെണ്ണീർ ആറി തണുത്തു കെട്ടടിയിരിക്കുന്നു.
“”ഓർത്തിട്ടില്ല എന്ന് പറയാനാവില്ല. പലപ്പോഴും ടീച്ചറോടുള്ള പക ശമിപ്പിച്ചിരുന്നത് ആ ഓർമ്മകളായിരുന്നു. നിന്റെ മുഖമായിരുന്നു. ആ അനുരാഗത്തിന്റെ നാളുകളിലെ ഓർമ്മകളായിരുന്നു.
ആ ഓർമ്മകളിൽ എന്റെ എല്ലാ ആവേശവും കെട്ടടങ്ങി കുറച്ചു നേരം എന്നെ മൗനിയാക്കുമായിരുന്നു. അപ്പൊ അത് പ്രണയമാണോ?..അറിയില്ല എനിക്ക്. ആണെങ്കിൽ ഞാൻ നിന്നെ ഞാൻ പോലും അറിയാതെ സ്നേഹിച്ചിരുന്നു””.
നദീർ പതുക്കെ അവളുടെ കാതിൽ മന്ത്രിച്ചു. പിന്നെ അവളെ വേർപ്പെടുത്തി ചുമലിൽ പിടിച്ചു കണ്ണുകളിലേക്ക് നോക്കി. എത്തി നോക്കിയ നാണം അവളുടെ മിഴികളെ താഴ്ത്തി. “”അലച്ചിലിനിടയിൽ
പരിചയപ്പെട്ട പെണ്ണുങ്ങളെയൊന്നും പ്രണയപൂർവ്വം നോക്കാതിരുന്നതും മനസ്സിൽ മറഞ്ഞിരുന്ന പ്രണയം കാരണമാവാം. അപ്പൊ ഇത് പ്രണയം തന്നെ. നിന്റെയൊരു നുറുങ്ങു വെട്ടം
മതിയായിരുന്നു എന്നിലെ പ്രണയം ആളി കത്താൻ. എന്തൊരു സുന്ദര വികാരമാണിത്.. അല്ലേ””. നദീർ പറഞ്ഞു. കടുത്ത നാണം നിറഞ്ഞവൾ ചിരിച്ചു.
“”എന്താ ഈ പ്രായത്തിൽ ഇങ്ങനെ നാണിച്ചു പൂത്തുലയാൻ?””..നദീർ ചിരിയോടെ ചോദിച്ചു.
“”ആ കൗമാരക്കാരിയിൽ നിന്നും പ്രണയം പിന്നെ മുന്നോട്ട് പോയില്ലല്ലോ. പ്രണയിച്ചു പക്വത വന്നില്ലെങ്കിൽ ഇങ്ങനാ””. ഷിബില താഴേക്ക് നോക്കി പറഞ്ഞു. നദീർ ചിരിച്ചു
“”അപ്പൊ ഓർത്തിട്ടില്ല എന്ന് നേരത്തേ പറഞ്ഞത്?””.ഷിബില വളരേ താഴ്ന്ന സ്വരത്തിൽ ചോദിച്ചു.
“”പെരും നുണ.. നീ പറഞ്ഞത് പോലെ പക ഒരുക്കിയ നാടകം. പക്ഷേ.. നിന്നെ ഇവിടെ പ്രതീക്ഷിച്ചതല്ല. നീ ഇല്ലെങ്കിൽ ഉറപ്പായും ഞാൻ ടീച്ചറേ””.. നദീർ മുഴുമിപ്പിച്ചില്ല.
ഷിബില ചിരിച്ചു. “”നിനക്കതിനൊന്നും കഴിയില്ല നദീർ.കഴിയുമോ?. മനസ്സിൽ സ്നേഹമുള്ളവർക്ക് എങ്ങനെ കഴിയും ഇത്രമേൽ ക്രൂരത ചെയ്യാൻ?””
“”ആ.. ആവോ.. ആർക്കറിയാം””. നദീർ ചിരിച്ചു.””വീട്ടിൽ പോയിരുന്നോ പിന്നെ?””””ഇല്ല.. അന്നിറങ്ങി പോന്നതാ. ആരും എന്നെ അന്വേഷിച്ചു വന്നില്ല. ഞാനും””..
“”ഞാനും ഉമ്മയും ഇടക്കൊക്കെ പോയിരുന്നു. കാര്യം ഉമ്മ തുറന്ന് പറഞ്ഞപ്പോൾ ഉപ്പാക്ക് സങ്കടവും കുറ്റബോധവുമുണ്ട്. നിന്നെ കാണാൻ കൊതിയുണ്ട് എന്ന് അദ്ദേഹം കണ്ണീരോടെ
പറഞ്ഞത് നോവായി കാതിൽ ഇടയ്ക്കിടെ മുഴങ്ങാറുണ്ട്””…””നദീർ””… “”നമുക്ക് ഇപ്പൊ പോയാലോ വീട്ടിലേക്ക്.ഉപ്പയെ കാണാൻ””. ഷിബില വിടർന്ന കണ്ണുകളോടെ അവനെ നോക്കി.
നിറഞ്ഞ മിഴികളോടെ അവൻ എന്തൊക്കെയോ ആലോചിച്ചു നിന്നു. “”ടീച്ചറോട് പറഞ്ഞിട്ട് വാ””..
അവൾ പൊട്ടി ചിരിച്ചു.””ഉമ്മ എല്ലാം കാണുന്നുണ്ട്.. ദാ.. ആ ജനലിന്റെ അവിടേക്ക് നോക്ക്””.. ഷിബില കൈ ചൂണ്ടി. നദീർ തിരിഞ്ഞു നോക്കി.
സുഹറ ടീച്ചർ ജനാലഴികൾക്ക് പിന്നിൽ നിന്ന് പോയിട്ട് വാ എന്ന് ആംഗ്യം കാട്ടി. കണ്ണ് തുടച്ചു കൊണ്ട് മറഞ്ഞു.
ബുള്ളറ്റിൽ നദീറിനെ പുണർന്നു കൊണ്ട് അവൾ ഇരുന്നു. നിറഞ്ഞ മനസ്സും നിറയേ സ്വപ്നങ്ങളുമായി അവൾ പുഞ്ചിരിച്ചു. പ്രണയം ഇത്രയും കാല്പനികമോ?. ഇത്രക്ക് മന്ത്രികതയോ?. അവൾ ഓർത്തു.
“”ഡാ.. നമുക്ക് ഒരിക്കൽ കൂടി ഹിമാലയത്തിൽ പോയാലോ ഈ ബുള്ളറ്റിൽ. കൊതിയുണ്ടെടാ എനിക്ക് നിന്റെ കൂടെ പോവാൻ””.. അവൾ കാതരയായി അവന്റെ ചെവിയിൽ മൊഴിഞ്ഞു.
“”ആ.. പോവാം””.. അവൻ പ്രണയാർദ്രമായി ചിരിച്ചു.. ഘട്ട്.. ഘട്ട്.. ഘട്ട്.. ബുള്ളറ്റ് പതുക്കെ മലയിറങ്ങുമ്പോൾ സുഹറ ടീച്ചർ കുറേ വർഷങ്ങൾക്ക് ശേഷം ആദ്യമായി ഉച്ച മയക്കത്തിലേക്ക് വഴുതി വീണു. സമാധാനത്തോടെ…