(രചന: ദേവൻ)
ഒന്ന് പ്രതികരിക്കാൻ കഴിയുമുന്നേ അവൻ അടിനാഭി നോക്കി കാലുയർത്തിയതേ അവൾക്ക് ഓർമ്മയുള്ളു.
വേദന കൊണ്ട് പുളഞ് ചുവർ ചാരി നിലത്തേക്ക് ഇരിക്കുമ്പോൾ അവൾ ശ്വാസം വിലങ്ങിയിരുന്നു. ആയാസപ്പെട്ട് ശ്വാസമെടുക്കാൻ ശ്രമിക്കുബോൾ വേദന സഹിക്കാൻ കഴിയാതെ അവൾ നിലത്തേക്ക് കാലുമടക്കി കിടന്നു.
” നിന്നെ ഞാൻ കൊല്ലുമെടി ” എന്നും പറഞ്ഞവൻ അവളെ പിന്നെയും നിലത്തിട്ട് ചവിട്ടി. ഒന്ന് പ്രതികരിക്കാനോ അരുതെന്ന് പറയാനോ അവൾക്ക് നാവ് പൊങ്ങുന്നില്ലായിരുന്നു.
ഒരിറ്റ് വെള്ളം കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു. കുഴഞ്ഞ നാവ് കൊണ്ട് വെള്ളം എന്ന് പാതി മുറിഞ്ഞ വാക്കാൽ അവൾ
പറഞ്ഞൊപ്പിക്കുമ്പോൾ അവൻ ദേഷ്യത്തോടെ അകത്തേക്ക് ക്ക് പോയി തിരികെ വന്നത് ഒരു പാത്രവുമായിട്ടായിരുന്നു.
നിലത്തു കിടക്കുന്ന അവളുടെ മുടിക്കുത്തിൽ പിടിച്ച് വായിലേക്ക് ആ പാത്രം കമിഴ്ത്തിയതും അവൾ ആ വെള്ളം നീട്ടിത്തുപ്പിക്കൊണ്ട് ഓക്കാനിക്കാൻ തുടങ്ങി.
” എന്റെ മൂത്രം കുടിച്ചാൽ നിനക്ക് ന്താടി… കുടിക്കടി ” എന്നവൻ ആക്രോശിച്ചുകൊണ്ട് പാത്രത്തിൽ ബാക്കി ഉണ്ടായിരുന്ന മൂത്രം കൂടി അവളുടെ വാ ബലമായി തുറന്ന് ഒഴിച്ചു.
ശരീരം പാടെ തളർന്ന അവളുടെ പ്രതികരണം അവന്റെ കൈകളിൽ ഒതുങ്ങുമ്പോൾ അവളുടെ വായിലൂടെ അവന്റെ മൂത്രം ഒഴുകിയിറങ്ങിയിരുന്നു.
കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു ബസ്സ് ഡ്രൈവറോട് തോന്നിയ പ്രണയം. മുന്നിൽ നിൽക്കുമ്പോൾ, അയാളോട് സംസാരിക്കുമ്പോൾ വേറെ ലോകത്തായിരുന്നു അവൾ.
പതിയെ ആ പ്രണയം ഒളിച്ചോട്ടത്തിലെത്തുമ്പോൾ വീട്ടുകാരെ മറന്നു. സ്നേഹിച്ചവന്റെ കൈ പിടിച്ചിറങ്ങുമ്പോൾ എന്തോ നേടിയെടുത്തു വിജയിച്ച ഭാവമായിരുന്നു.
പക്ഷേ, എല്ലാം വെറും മായകാഴ്ചകൾ ആയിരുന്നെന്ന് അറിയുമ്പോൾ അവൾ ഗർഭിണി ആയിരുന്നു.
” ഇപ്പോൾ കുട്ടിയൊന്നും വേണ്ട, ഓരോ ബാധ്യതകൾ… ” എന്നും പറഞ്ഞ് പുച്ഛിച്ചവനോട് അവൾ ആദ്യമായി എതിർത്തത് അന്നായിരുന്നു “എനിക്കീ കുട്ടിയെ വേണം ” എന്ന് പറഞ്ഞ്.
പക്ഷേ, ആ മോഹം മുളയിലേ നുള്ളിക്കൊണ്ട് അവന്റെ ചവിട്ട് അടിവയറ്റിൽ പതിഞ്ഞതോർമ്മയുണ്ട്. ബോധം വരുമ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നു. ഉണ്ടായ കുഞ്ഞിനെ ഉണ്ടാക്കിയവൻ തന്നെ ഇല്ലാതാക്കി.
ഡോക്ടർക്ക് മുന്നിൽ തെന്നിവീണെന്ന് കള്ളം പറഞ്ഞ് അയാൾ സ്നേഹമുള്ള ഭർത്താവായി ആ നിമിഷം. മറുത്തൊരു വാക്ക് പറയാൻ കഴിയാതെ അവളും സ്വയം ഒതുങ്ങി.
പലപ്പോഴും രാത്രി കേറിവരുമ്പോൾ കൂടെ ആരെങ്കിലും ഉണ്ടാകും അവനൊപ്പം ഇരുന്നു മദ്യപിക്കാൻ. അവർക്ക് വേണ്ടതെല്ലാം സമയാ സമയം
മുന്നിലെത്തിച്ചില്ലെങ്കിൽ അവരുടെ മുന്നിലിട്ട് വിളിക്കുന്ന തെറിക്കും കൊള്ളുന്ന അടിക്കും കണക്കില്ലായിരുന്നു.
ഒരു മുളം കയറിൽ ജീവിതം അവസാനിപ്പിച്ചാലോ എന്ന് ചിന്തിച്ചതാണ് പലവട്ടം. പക്ഷേ, സ്വയം ഒടുങ്ങാൻ വയ്യെന്ന് തോന്നി. സ്നേഹിച്ചവരെ മറന്ന് എല്ലാം ഇട്ടെറിഞ്ഞു പോന്നതിനുള്ള ശിക്ഷയായിരിക്കും എന്ന് കരുതി സ്വയം സമാധാനിച്ചു.
വീട്ടുകാരെ ഒന്ന് കാണണം എന്നുണ്ടായിരുന്നു, ചെയ്ത തെറ്റിന് മാപ്പ് പറയണമെന്ന് ഉണ്ടായിരുന്നു. പക്ഷേ, പത്തു രൂപ പോലും കയ്യിലില്ലാത്ത താൻ എങ്ങനെ അവിടെ എത്തിപ്പെടും എന്നോർത്തപ്പോൾ അവളുടെ മനസ്സ് വിങ്ങി.
വീട്ടിലേക്ക് ഒരു കത്തയക്കാൻ ഇല്ലന്റെ വാങ്ങാൻ പോലും കാശില്ലാത്ത ഒരു ഗതികെട്ട പെണ്ണായിരുന്നു അവൾ.
എങ്ങനെ എങ്കിലും ഒന്ന് വീട്ടിലെത്താൻ മനസ്സ് പറയുന്നുണ്ട്. കവലയിലുള്ള രണ്ട് നില വീട്ടിൽ മാത്രമാണ് ആകെ ഒരു ലാൻഡ്ഫോൺ ഉളളൂ.
അതിൽ നിന്ന് വിളിക്കണമെങ്കിൽ പോലും വീടിനടുത് ആരുടേയും വീട്ടിൽ ലാൻഡ്ഫോൺ ഇല്ലെന്നതും അവളുടെ പ്രതീക്ഷകൾ ഇല്ലാതാക്കി.
അന്ന് നിലത്തു കിടന്ന് പുളയുന്ന അവളെ മൂത്രം കുടിപ്പിച്ചവൻ ആസ്വദിച്ചു പൊട്ടിച്ചിരിക്കുമ്പോൾ ” ഒന്ന് കൊന്നു തരാമോ ” എന്നവൾ കേണു.
“അങ്ങനെ നീ ചാവാൻ പാടില്ലെടി. നിന്റ നീരൂറ്റി വിറ്റ് പത്തു കാശുണ്ടാക്കണം എനിക്കിനി. എന്നിട്ടേ നിന്നെ ഞാൻ കൊല്ലു ” എന്നും പറഞ്ഞവൻ ചുണ്ടുകൾ നുണഞ്ഞു.
ഇതുവരെ അത് മാത്രം ഇല്ലായിരുന്നു. ഇനി അയാൾ പറയുന്നവർക്ക് മുന്നിൽ തുണി ഉരിയേണ്ട അവസ്ഥ കൂടി വരുമെന്ന് ഓർത്തപ്പോൾ അവളാ അവശതയിലും ഒരു തീരുമാനം എടുത്തിരുന്നു. ആർക്കും ഉപകാരമില്ലാത്ത ജീവനെ ഇല്ലാതാക്കാൻ.
പിറ്റേന്ന് എലിക്ക് വെക്കാൻ വാങ്ങിയ കൊടിയ വിഷം അവൾ കയ്യിൽ കരുതി.ശരീരത്തിന്റെയും മനസ്സിന്റെയും
വേദന മറന്നവൾ അന്ന് കൂടുതൽ സന്തോഷവതിയായി. മനസ്സിന്റെ എല്ലാ വിഷമവും മറന്ന് അവൾ പേപ്പറിൽ കുറിച്ചിട്ടു.
” ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്. എന്റെ ജീവിതം ഒരു തെറ്റായിരുന്നു. സ്നേഹത്തെ തിരിച്ചറിഞ്ഞില്ല,
സ്നേഹിച്ചവരെയും. ഇനി വയ്യ. അതുകൊണ്ട് ഞാൻ പോകുന്നു. എന്റെ മരണത്തിന് ആരും ഉത്തരവാദികൾ അല്ല. “ആ പേപ്പർ അവൾ ബ്ലൗസിനിടയിലേക്ക് തിരുകി വെച്ചു.
പിന്നെ അവസാനത്തെ രാത്രി കൂടുതൽ മനോഹരമാക്കാൻ അവൾ പുഞ്ചിരിച്ചു.
രാത്രി കേറി വന്ന അവന് മുന്നിൽ എല്ലാം മറന്നവൾ ചിരിച്ചു.
“കിണിക്കാതെ ഗ്ലാസ്സും വെള്ളവും എടുത്ത് എടുത്ത് വന്നു ഒഴിക്കെടി ” എന്ന് ആക്രോശിച്ച അവന് മുന്നിൽ അവൾ അനുസരണയുള്ള ഭാര്യയായി. അവൻ ബാത്റൂമിൽ പോയി വന്നപ്പോഴേക്കും അവനുള്ള മദ്യം ഗ്ലാസ്സിൽ ഒഴിച്ചു വെച്ചിരുന്നു.
അവനത് വാങ്ങി കുടിക്കുമ്പോൾ അവൾ അവനുള്ള ഭക്ഷണം എടുത്തു വെക്കാൻ അകത്തേക്ക് പോയിരുന്നു.
മരണംവാർത്ത കേട്ടായിരുന്നു ആ രാത്രി വെളുത്തത്. അറിഞ്ഞവർ അറിഞ്ഞവർ ആ വീട്ടിലേക്ക് ഓടിയെത്തുമ്പോൾ ആരൊക്കെയോ പറയുന്നുണ്ടായിരുന്നു ”
ഇങ്ങനെ ചാവാൻ ആയിരിക്കും യോഗം ” എന്ന്.” എന്നാലും എങ്ങനെ ആണാവോ മറിച്ചത് ”
ആ സംശയം തീർന്നത് പോലീസ് വന്നപ്പോൾ ആയിരുന്നു. ആത്മഹത്യയാണ്. കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
കുറെ പേര് മൂക്കത്തു വിരൽ വെച്ചു. ഒരാൾ മാത്രം പ്രതീക്ഷകൾ തെറ്റാത്ത പോലെ മുഖം താഴ്ത്തി ചുവർ ചാരി ഇരിപ്പുണ്ടായിരുന്നു.
“അവൾ.. “പാവം പെണ്ണ്. ഇനി ആരുണ്ട് എന്ന് ചിലർ.അവൻ പോയത് നന്നായി, ആ പെണ്ണിന് ഇച്ചിരി സമാധാനം കിട്ടുമല്ലോ എന്ന് മറ്റു ചിലർ.
എല്ലാം കേട്ടവൾ കലങ്ങിയ കണ്ണുമായി ഇരികുമ്പോൾ അവന്റെ കൈപ്പടയിൽ അവൾ എഴുതിയ ആ ആത്മഹത്യാകുറിപ്പ് പോലീസ് ഒന്നുകൂടി വായിക്കുക ആയിരുന്നു.
” ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്. എന്റെ ജീവിതം ഒരു തെറ്റായിരുന്നു. സ്നേഹത്തെ തിരിച്ചറിഞ്ഞില്ല, സ്നേഹിച്ചവരെയും. ഇനി വയ്യ. അതുകൊണ്ട് ഞാൻ പോകുന്നു. എന്റെ മരണത്തിന് ആരും ഉത്തരവാദികൾ അല്ല. ”
ആരൊക്കെയോ പരിതപിച്ചു. കുറെ പേർ ആശ്വസിപ്പിച്ചു. ആരും അറിഞ്ഞില്ല അവൾക്കിപ്പോൾ ശരിക്കും ആശ്വാസം
ഉണ്ടെന്ന്. ആ സന്തോഷം അവളുടെ ഉള്ളിൽ ഉണ്ടെന്ന്.ചിരിക്കാൻ കഴിയില്ലല്ലോ… ചത്ത വീടല്ലേ… അതും സ്വന്തം കെട്യോൻ….