(രചന: ജ്യോതി കൃഷ്ണകുമാര്)
ആരും കാണാതെ ചിത്ര ബാത്ത് റൂമിൽ കയറി ടാപ്പ് സ്പീഡിൽ തുറന്നു. ഒന്ന് പൊട്ടി കരയാൻ ഇതല്ലാതെ മറ്റെന്താണ് മാർഗ്ഗം.
കണ്ണാടിയിൽ സ്വന്തം മുഖം കാണുമ്പോൾ തന്നെ ഒരുതരം നിർവ്വികാരത.. പെണ്ണേ നീ തനിച്ചാണ് എന്ന് ആരോ പറയും പോലെ..കരഞ്ഞത് അറിയാതിരിക്കാൻ അവൾ മുഖം നന്നായി കഴുകി.
ആരെങ്കിലും എന്തെങ്കിലുo ചോദിച്ചു പോയാൽ തന്റെ ഉള്ളിലുള്ളതെല്ലാം ഒഴുകി പുറത്തേക്ക് വരുമോ എന്ന് അവൾ ഭയപ്പെട്ടിരുന്നു.
ആരാലും അവളെ രക്ഷപ്പെടുത്താനാവില്ല എന്ന് അവൾ സ്വയം വിശ്വസിക്കുന്നു.”ചിത്രേ, മത്സ്യം വൃത്തിയാക്കിയോ? ”
അമ്മായിഅമ്മയാണ് മകൻ വിദേശത്ത് നിന്നും എത്തിയതല്ലേ, അതായത് എന്റെ ഭർത്താവ്. അതിനാൽ…. പെൺമക്കളും അവരുടെ ഭർത്താക്കൻമാരും കുട്ടികളും അങ്ങനെ ഒരു പാട് പേരുണ്ട്… മീനും ഇറച്ചിയും എല്ലാം പാകം ചെയ്യണം.
അടുക്കയിലേക്ക് എല്ലാർക്കും അയിത്തമാണ്. അവിടെ ചിത്ര മാത്രം.. ഇതിപ്പോ കൊണ്ടുവന്ന സാധനങ്ങൾ പങ്കുവക്കുന്നവരെയേ ആളും ബഹളവും കാണൂ.
പിന്നെ എല്ലാവരും സ്ഥലം വിടും. പക്ഷെ എടുത്താൽ പൊന്താത്ത അത്രക്ക് പണിയുണ്ട്, ഞാൻ എതോ മെഷിനാണെന്നാ ഇവരുടെ ഒക്കെ വിചാരം..
സഹിക്കുമായിരുന്നു.. .. ഞാൻ ഇതെല്ലാം ക്ഷമിക്കുമായിരുന്നു പക്ഷെ……”ചിത്രേ… മൂത്ത പെങ്ങളാണ്, നിന്റെ അമ്മക്ക് കൊണ്ടുവന്ന സാരി ഞാൻ എടുക്കാട്ടോ അവിടത്തെ നാത്തൂന്ന് ഫോറിൻസാരി എന്ന് വച്ചാൽ ജീവനാ..
നിന്റെ അമ്മക്ക് നാട്ടിൽ നിന്ന് വാങ്ങിയത് പോരെ…?”ഞാൻ ചിരിച്ചു… കാരണം എന്റെ സമ്മതമെങ്കിലും ചോദിച്ചല്ലോ? സന്തോഷം..
അവർക്ക് എന്റെ മറുപടി ഒന്നും അറിയണ്ടായിരുന്നു…. അവർ അതും കൊണ്ട് പോയി ഇത് പോലെ തന്നെ എന്റെ ഭാഗത്തിൽ നിന്ന് പലതും പല ന്യായങ്ങളുടെയും പേരിൽ നഷ്ടപ്പെട്ടു.
അതൊന്നും ഒരു നഷ്ടമായി തോന്നിയില്ല അതിലും വലിയ നഷ്ടങ്ങൾക് മുന്നിൽ…
രാത്രിയായി…. നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി ഇന്ന് അയാൾ.
മുറിയിൽ എത്തിയപ്പോൾ അയാൾ എത്തിയിട്ടില്ല. അളിയൻമാരുമായി വർത്തമാനം പറയുകയാവാം. എന്തായാലും ഒന്നു നിശ്വസിക്കാൻ സമയം കിട്ടീലോ.. നെഞ്ചിടിപ്പ് വർദ്ധിക്കുകയാണ്.
ഒരുതരം ഭയം തന്നെ വന്നു മൂടിയത് അവൾ അറിഞ്ഞു, കെെയ്യിനും കാലിനും കുഴച്ചിൽ അനുഭവപ്പെടുന്ന പോലെ.. പെട്ടെന്ന് വാതിൽ തുറക്കപ്പെട്ടു… അവൾ പിടഞ്ഞെണീറ്റു..
അമ്മയാണ്, നീയെന്താ പെണ്ണേ കുടിക്കാനുള്ള വെള്ളം പോലും എടുക്കാതെ അറയടച്ചിരിക്കുന്നത്? അതെ, നീ കെടന്നോ വല്യേട്ടന് എന്തോ വയ്യായ്മ , ഗോപൻ പോയി..
അവരിനി എപ്പഴാ എത്താണാവോ…? പാവം ഗോപൻ വന്നിട്ട്. ഒന്ന് ഉറങ്ങീട്ട് കൂടി ഇല്യ ന്റെ കുട്ടി… നീ കെടന്നോ..
ഹാവൂ! ഒരു കുളിർക്കാറ്റ് വീശിയ സുഖം, അയാൾ വരുന്നു എന്ന് അറിഞ്ഞത് മുതൽ ആധിപിടിച്ച് നടക്കാ ഞാൻ… ആർക്കും അറിയില്ല ആരോടും പറഞ്ഞിട്ടില്ല..
പറയാൻ ധൈര്യമുണ്ടായില്ല .. പക്വതയില്ലാത്ത പ്രായത്തിൽ എല്ലാരും കൂടി കണ്ട് പിടിച്ച് തന്നത് ഒരു മാനസിക രോഗിയെ ആണെന്ന്, മൂന്ന് വർഷം കഴിഞ്ഞിട്ടും ഞാനിപ്പോഴും കന്യകയാണെന്ന്….
ഏറെ പ്രതീക്ഷയോടെ കാലെടുത്തു വച്ചതാ പക്ഷെ ആദ്യരാത്രിയിൽ തന്നെ അയാൾ ….അയാൾ ഞാൻ പാലുമായി വന്നപ്പോ തന്നെ അസ്വസ്ഥത കാണിച്ച് അങ്ങോട്ടും ഇങ്ങോട് നടക്കാൻ തുടങ്ങി. പാല് കൊടുത്തപ്പോ ഗ്ലാസ് നിലത്തെറിഞ്ഞ് പൊട്ടിച്ചു.
പേടിച്ച് പുറകിലേക്ക് പോയ എന്റെ മുഖത്തെ പൊട്ടും കുറിയും എല്ലാം മായ്ച്ചു … ഞാൻ ഭയത്താൽ കരയാൻ തുടങ്ങിയപ്പോ മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു…
അയാൾ ഉറങ്ങാൻ പോവാണെന്നും ഞാൻ ഉറങ്ങാതെ അയാൾക്ക് കാവൽ ഇരിക്കണം എന്നും പറഞ്ഞു. അറിയാതെ എങ്ങാൻ ഉറങ്ങിപ്പോയാൽ അയാൾ മുടി പിടിച്ച് വലിക്കുകയോ ചവിട്ടുകയോ ചെയ്യും.
പേടിച്ച് രാത്രി മുഴുവൻ അയാൾക്ക് ഞാൻ കാവലിരിക്കാറാണ് പതിവ്, പോരാത്തതിന് സംശയവും. ആരായും മിണ്ടരുത്…
കഴിഞ്ഞ രണ്ട് തവണ ലീവിന് വന്നപ്പോഴും ഇത് തന്നെ ആയിരുന്നു സ്ഥിതി..പ്രായത്തിന്റെ കുറവ് എന്റെ പക്വതയിലും ഉണ്ടായിരുന്നു. ഇതെല്ലാം അതുകൊണ്ട് തന്നെ ആരെയും അറിയിച്ചില്ല.. പുറത്തിറങ്ങിയാൽ ചോദ്യങ്ങളാ വിശേഷായില്ലേ എന്ന്…
സത്യം ആരോടെങ്കിലും പറയാൻ പറ്റ്വോ… ഒക്കെ സഹിച്ചു…. അല്ലെങ്കിലും പുറമെ മാന്യനായ അയാളെ കുറിച്ച് ഞാൻ എന്തു പറഞ്ഞാലും ആരും വിശ്വസിക്കില്ല..
എന്താ ചെയ്യേണ്ടതെന്ന് പോലും ഇപ്പഴും ഒരു രൂപമില്ല…. അയാൾ എപ്പാഴാ വന്നതെന്ന് അറിയില്ല എന്നെ വിളിച്ചപ്പോ ഞാൻ എണീറ്റില്ല എന്ന് പറഞ്ഞ് എന്റെ മുഖത്തേക്ക് അടിച്ചു…. പുളഞ്ഞു പോയി ഞാൻ.
പിറ്റേ ദിവസം എല്ലാവരും എന്റെ കവിളത്തേക്ക് നോക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ എന്റെ അമ്മയും അനിയത്തിയും കൂടി ഇവിടേക്ക് വന്നു കവിളത്തെ പാടിനെ കുറിച്ച് ചോദിച്ചപ്പോൾ ഞാൻ ഒഴിഞ്ഞ് മാറി..
മോളേ പറ എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചപ്പോ എന്റെ ഉള്ളിൽ തടഞ്ഞിട്ടതെല്ലാം അണപൊട്ടി ഒഴുകി അമ്മ സ്വന്തം കാതുകളെ വിശ്വസിക്കാനാവാതെ നിന്നു.
“എന്താ ചേച്ചീ ഈ കേക്കണത്” അമ്മ അയാൾടെ അമ്മയോട് ചോദിച്ചു.
എനിക്കൊന്നും അറിയില്ല എന്ന് പറഞ്ഞ് അവർ തടിതപ്പി ..
അമ്മ അച്ഛനെയും അമ്മാവൻമാരെയും വിവരം അറിയച്ചു…അയാൾക്ക് മാനസിക രോഗം ഉള്ളതുo മാറാൻ വേണ്ടിയുള്ള പരീക്ഷണ വസ്തുക്കളായിരുന്നു ഞാനും എന്റെ ജീവിതവും…. അമ്മയും അച്ഛനും എന്നെയും കൂട്ടി പടിയിറങ്ങി…
എന്നെ ഒരു മനുഷ്യ ജീവി ആയി കൂടി പരിഗണിക്കാത്ത അയാളെയും ആ വീടും ഉപേക്ഷിച്ച് ഞാൻ പോവാണ്… തിരിച്ച് വരാൻ വേണ്ടിയല്ലാത്ത ഒരു പടിയിറക്കം…
ഇനിയൊന്ന് കിടക്കണം പൊട്ടിക്കരയണം.. ആരോടും മിണ്ടാതെ ഒറ്റയ്ക്ക് അനുഭവിച്ചത് പ്രായത്തിന്റെ പക്വതയില്ലായ്മ… ഇനി ഒന്നിൽ നിന്ന് തുടങ്ങണം…… ഒരു നല്ല തുടക്കം….