കുട്ടേട്ടന്റെ മകൻ
(രചന: Neeraja S)
നാട്ടുകാരുടെയെല്ലാം ‘കുട്ടേട്ടൻ’ ആയിരുന്നു ശശിധരൻ. ആ കരയിലെ ജനങ്ങളുടെയെല്ലാം അവസാനവാക്കായിരുന്നു അദ്ദേഹം. നാട്ടുകാർക്ക് എന്താവശ്യം വന്നാലും മുൻനിരയിൽ ഉണ്ടാകും.
ഭാര്യയും മകളുമൊത്തുള്ള സന്തുഷ്ടജീവിതം. മകൾ ‘ആത്മിക’ ആയിരുന്നു അദ്ദേഹത്തിന്റെ ജീവൻ. കുറച്ചു കൃഷിപ്പണിയും ഫാക്ടറിജോലിയും ഒക്കെയായി അല്ലലില്ലാതെ കഴിഞ്ഞ് പോകാം. കിട്ടുന്നതിൽ പാതി പാവങ്ങളെ സഹായിക്കും.
മകൾക്കു ഒൻപതുവയസ്സ് കഴിഞ്ഞിരിക്കുന്നു.. നോക്കി നിൽക്കുമ്പോൾ അവൾ വളരും.. അപ്പോൾ ഓടി നടന്നിട്ട് കാര്യമില്ല.. എന്തെങ്കിലും അല്പംവീതം കരുതി വയ്ക്കണമെന്ന് പറഞ്ഞ് അമ്മച്ചി ബഹളം വയ്ക്കുമ്പോൾ അച്ഛൻ ചിരിച്ചു കൊണ്ട് പറയും. എന്റെ മകളെ ഞാൻ രാജകുമാരിയായി വളർത്തും.
പഠിച്ചു ജോലിയൊക്കെ മേടിച്ചു എന്റെ മോള് നല്ലനിലയി ലെത്തും. അപ്പോൾ എന്റെ സുന്ദരിക്കുട്ടിയെ കെട്ടിക്കൊണ്ടു പോകാൻ ചെക്കന്മാർ ക്യൂ നിൽക്കും.
ആയിടയ്ക്കാണ് കവലയിലുള്ള ചായക്കടയ്ക്ക് പിന്നിലുള്ള കുടുസ്സു മുറിയിൽ ഒരു യുവതി താമസിക്കാൻ എത്തിയത്.. കൂടെ മൂന്നോ നാലോ വയസ്സുള്ള ഒരു കൊച്ചു പയ്യനും. നാട്ടുകാരുടെ ഇടയിൽ ഒരു സംസാരം അധികം താമസിയാതെ പടർന്നുകേറി..
അവരെ അവിടെ കൊണ്ടുവന്ന് താമസിപ്പിച്ചിരിക്കുന്നത് കുട്ടേട്ടൻ ആണത്രേ. പോരാത്തതിന് ആ കുട്ടി കുട്ടേട്ടനെ വിളിക്കുന്നത് അച്ഛായെന്നും..
ചായക്കടയിൽ ചെല്ലുമ്പോഴെല്ലാം അവന് വയറുനിറച്ചു ഭക്ഷണം വാങ്ങിക്കൊടുക്കും. മടിയിൽ കയറ്റിയിരുത്തി പാലുംവെള്ളം ഊതി ഊതി കുടിപ്പിക്കും. കാഴ്ചക്കാർ ഒളിഞ്ഞും തെളിഞ്ഞും നോക്കി ക്കാണും. ഒട്ടും കുറയ്ക്കാതെ അദേഹത്തിന്റെ ഭാര്യയുടെ ചെവിയിൽ എത്തിക്കാനും ആളുകൾ മടിച്ചില്ല.
ഭാര്യയുടെ കലിതുള്ളലൊന്നും വകവെയ്ക്കാതെ മുഖത്തെ ചിരി മായാതെ… ശശിധരൻ മുന്നോട്ട് പോയി. ആത്മിക എന്ന ഞാൻ വളർന്നു അറിവായപ്പോഴാണ് പ്രശ്നം കൂടുതൽ വഷളായത്..
കവലയിൽ വച്ച് ആ ചെറുക്കനെ ചൂണ്ടി നിന്റെ അനിയൻ പോകുന്നെടീന്ന് പറഞ്ഞ് കൂട്ടുകാരികൾ ആർത്തു ചിരിക്കും.. ആ ദുശ്ശകുനം എന്നും രാവിലെയും വൈകുന്നേരവും ചായക്കടയുടെ സൈഡിൽ താൻ വരുന്നത് നോക്കി നിൽക്കും.
അടുത്തു വരുമ്പോൾ ആ കണ്ണുകളിൽ സ്നേഹം തിളങ്ങുന്നത് കാണാം. എന്റെ സകല നിയന്ത്രണങ്ങളും വിട്ടുപോകും.. ‘പോടാ’ന്ന് അലറിപ്പറയുമ്പോൾ പേടിച്ചു തിരിച്ചോടും.. നാട്ടുകാർ അവനെ പറഞ്ഞ് പഠിപ്പിച്ചിരിക്കുന്നു.. താൻ അവന്റെ ചേച്ചിയാണെന്ന്.
ഞാൻ പഠിക്കുന്ന അതെ സ്കൂളിൽ ത്തന്നെ അവനെയും ചേർത്തപ്പോഴാണ് ദേഷ്യം വന്നത്.. അച്ഛനോട് വഴക്കിട്ടു ടിസി വാങ്ങി വേറെ സ്കൂളിൽ ചേർന്നു.. അരമണിക്കൂർ കൂടുതൽ നടക്കണം.. എങ്കിലും അവന്റെ മരമോന്ത കാണാതെ കഴിയാം.. ഒപ്പം കൂട്ടുകാരുടെ പരിഹാസവും.
അമ്മയും താനുംകൂടി ഒന്നിച്ചു നടന്നുവരുമ്പോൾ ചിലപ്പോൾ അവർ അമ്മയും മോനും കൂടി റോഡിന്റെ ഓരം പറ്റി നടന്ന് വരുന്നത് കാണാം.. അടുത്തുവരുമ്പോൾ അവൻ സ്നേഹത്തോടെ കണ്ണിൽ തിളക്കം നിറച്ചു ചിരിക്കും.. അമ്മ അവർ കടന്നുപോകുമ്പോൾ ‘പിഴച്ചവൾ’ എന്ന് പറഞ്ഞ് കാറിത്തുപ്പും.
എന്തൊക്കെ പറഞ്ഞാലും അവർ ഒരിക്കലും മറുത്തൊരക്ഷരം മിണ്ടിയില്ല.ഞാൻ പത്താം ക്ലാസ്സിൽ നിന്നും ജയിച്ചപ്പോൾ അവൻ അഞ്ചാം ക്ലാസ്സിലേക്ക് ജയിച്ചു. അച്ഛനോടുള്ള വാശിക്ക് പഠിക്കാതെ നന്നായി ഉഴപ്പി..
മകളെ പഠിപ്പിച്ചു ഡോക്ടർ ആക്കുന്നത് എനിക്കൊന്നു കാണണം.. പഠിപ്പും ജോലിയും ഇല്ലാത്ത തന്നെ എങ്ങനെ കെട്ടിച്ചു വിടും. എങ്ങനെയെങ്കിലും അച്ഛനോടുള്ള ദേഷ്യം തീർക്കണമെന്ന ചിന്ത മാത്രമായിരുന്നു ഉള്ളിൽ.
എന്നെങ്കിലും എന്റെ മോള് ഇപ്പോൾ കാണിക്കുന്നതിന് പശ്ചാത്തപിക്കും എന്ന് അച്ഛൻ കൂടെക്കൂടെ പറഞ്ഞ് കൊണ്ടിരുന്നു. അച്ഛനെന്താ ഞാൻ സഹിച്ചോളാം എന്ന തർക്കുത്തരത്തിൽ അച്ഛൻ നിശബ്ദനായി.
ഡിഗ്രിക്ക് ചേർന്നെങ്കിലും മുഴുവനാക്കിയില്ല.. കുറച്ചുനാൾ തയ്യൽ പഠിക്കാൻ പോയി.. അതും പൂർത്തിയാക്കിയില്ല..
മാനസിൽ അച്ഛനോടുള്ള അമർഷവും നാട്ടുകാരുടെ പരിഹാസവും കണ്മുന്നിൽ അവരുടെ ജീവിതവും എല്ലാം ജീവിതത്തെ പ്രതികാരബുദ്ധിയോടെ നോക്കിക്കാണാൻ പ്രേരിപ്പിച്ചു
കൊണ്ടിരുന്നു.. നാട്ടുകാർക്കെല്ലാം സമ്മതനായ അച്ഛൻ വീട്ടുകാർക്ക് കൊള്ളരുതാത്തവൻ ആയി. മൂന്ന് ധ്രുവങ്ങളിലായി മൂന്നു ജീവിതങ്ങൾ.
പക്ഷെ അച്ഛൻ അച്ഛന്റെ ശൈലിക്ക് ഒരു മാറ്റവും വരുത്തിയില്ല. എല്ലാവരോടും ചിരിച്ചും സഹായിച്ചും സഹകരിച്ചും മുന്നോട്ട് പോയി.. നാട്ടുകാരുടെ അപവാദം പറച്ചിലൊന്നും അച്ഛനെ ഏശിയില്ല.
പത്താംക്ലാസ് നല്ല മാർക്കോടുകൂടി അവൻ പാസ്സായപ്പോൾ പ്ലസ്ടുവിനു ദൂരെയുള്ള സ്കൂളിൽ ചേർത്തു. സ്കൂളിനടുത്തായി വീടെടുത്തു താമസിക്കാൻ സഹായം ചെയ്തത് അച്ഛനാണെന്നു നാട്ടുകാർ ഉറപ്പിച്ചിരുന്നു.
ഇനി കൂടുതൽ സൗകര്യമായല്ലോന്ന് പറഞ്ഞ് അമ്മയുടെ വഴക്ക്.. എന്റെ ഇരുണ്ടു വീർത്ത മുഖം ഒന്നും അച്ഛന്റടുത്തു ചിലവായില്ല.
ജീവിതത്തിലെ ഇടവഴികളിൽ ഇടറി വീണ് എങ്ങും എത്താനാകാതെ സ്വയം ശപിച്ചുകൊണ്ട് ജീവിതം തള്ളിനീക്കി.. ചിലപ്പോൾ ഭാവിയെക്കുറിച്ചോർത്തു വേവലാതിപ്പെട്ടു. കല്യാണാലോചനകൾ
വരാൻ തുടങ്ങിയപ്പോൾ.. വരുന്ന ആലോചനകളുടെ നിലവാരം കണ്ടപ്പോൾ.. പഠിക്കാമായിരുന്നു എന്നിടയ്ക്കൊക്കെ തോന്നിത്തുടങ്ങി.
പാരലൽ കോളേജിൽ പോയി ബിരുദത്തിനു ചേർന്നു. എല്ലാവരോടും വിരോധം ഭാവിച്ചു. ആരുമായും അധികം ചങ്ങാത്തത്തിന് പോയില്ല.
ആരോടെങ്കിലും അടുത്താൽ അച്ഛന്റെ കഥകൾ എല്ലാവരും അറിയും. പരിഹാസപാത്രമായി ഇനിയും.. പഠിക്കുന്ന കാര്യത്തിൽ മാത്രം അല്പം കൂടുതൽ ശ്രദ്ധ ചെലുത്തി.
ഒരു ദിവസം കോളേജിൽ നിന്നും വരുന്ന വഴിക്ക് ഒരാൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ആ സ്ത്രീ ആയിരുന്നു അത്. കാണാത്ത ഭാവത്തിൽ നടന്നു.
“മോളെ.. എനിക്കൊരു കാര്യം പറയാനുണ്ട്.. “”പിഴച്ച സ്ത്രീ.. എനിക്കൊന്നും കേൾക്കണ്ട.. “”ഞാൻ പറയുന്നത് കേൾക്കാതെ ഇന്ന് നീ ഇവിടെ നിന്നും പോകില്ല.. ”
ബലമായി കൈയിൽ പിടിച്ചു നിർത്തി അവർ. അവരുടെ ശക്തിയെ തോല്പിക്കാൻ എനിക്കാവുമായിരുന്നില്ല. മനസ്സിൽ ചില കണക്കു കൂട്ടലുകൾ വേഗത്തിൽ നടത്തി. എന്തായാലും ഇവർക്ക് പറയാനുള്ളത് എന്താണെന്ന് നോക്കാം.
“ശരി.. നിങ്ങൾ പറയ്.. ഞാൻ കേൾക്കാം.. “അവർ കൈയിൽ നിന്നുള്ള പിടിവിട്ടു. അടുത്തുള്ള മരത്തിന്റെ ചുവട്ടിലേക്ക് നടന്നു. പിന്നാലെ പോകാനാണ് അപ്പോൾ തോന്നിയത്.
“എന്റെ കണ്ണന്റെ അച്ഛൻ നിങ്ങൾ കരുതുന്നതുപോലെ മോൾടെ അച്ഛൻ അല്ല..””ഇപ്പോൾ ഈ കള്ളം എന്നോട് പറയാൻ ആരാണ് പറഞ്ഞ് വിട്ടത് അച്ഛനാണോ..? ”
“ഈ കാര്യങ്ങളിൽ കള്ളം പറയാൻ മാത്രം മോശം സ്ത്രീയല്ല ഞാൻ.. “അവരുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..
“എങ്കിൽ നിങ്ങൾക്ക് അത് നേരത്തെ പറയാമായിരുന്നു. എന്തുകൊണ്ട് പറഞ്ഞില്ല.. ”
“എന്തെങ്കിലും കാരണമില്ലാതെ ആരും ഒന്നും മറച്ചു വയ്ക്കില്ലല്ലോ.. “”എന്നാൽ പറയ്.. നിങ്ങളുടെ കുമ്പസാരം കേട്ടില്ലെന്നു വേണ്ട. ”
ഞാനും വിട്ടുകൊടുത്തില്ല..”ആത്മികേ… എന്റെ ജീവിതകഥയൊന്നും നിന്നോട് വിസ്തരിക്കാൻ ഞാൻ തീരുമാനിച്ചിട്ടില്ല.. നിന്റെ തെറ്റിദ്ധാരണ മാറ്റാൻ സമയമായി എന്ന് തോന്നി.. അതുകൊണ്ട് പറയുന്നു.. ”
“ഞാനും കണ്ണനും കൂടി ആ ചായക്കടയുടെ സൈഡിൽ താമസം തുടങ്ങിയപ്പോൾ ഞങ്ങളോട് സഹതാപത്തോടെ പെരുമാറിയ ഒരേയൊരാൾ മോൾടെ അച്ഛൻ മാത്രമായിരുന്നു.. ബാക്കിയുള്ളവർ മോശപ്പെട്ട കണ്ണുകളോടെ മാത്രം നോക്കിക്കണ്ടു..”
“നിന്റെ അച്ഛൻ ചായക്കടയിൽ വരുമ്പോഴെല്ലാം കണ്ണന് ഭക്ഷണം വാങ്ങി കൊടുത്തിരുന്നു.. ”
“എല്ലാവരും അകറ്റി നിർത്തിയപ്പോൾ ചേർത്തുപിടിച്ചയാളോടുള്ള സ്നേഹം. നാലു വയസ്സുകാരന്റെ കണ്ണിൽ അയാളോടുള്ള സ്നേഹത്തിന് തിളക്കം കൂടിക്കൂടി വന്നു. ഒരു ദിവസം മോൾടെ
അച്ഛനെ ചൂണ്ടി എന്താണ് വിളിക്കേണ്ടതെന്നവൻ എന്നോട് ചോദിച്ചു… അദ്ദേഹത്തോട് തന്നെ ചോദിക്കാൻ ഞാൻ പറഞ്ഞു.. ”
“അവൻ മോൾടെ അച്ഛനോട് ചോദിച്ചപ്പോൾ… മോനിഷ്ടമുള്ള പേര് വിളിച്ചോളാൻ പറഞ്ഞു. ”
“അവനേറ്റവും ഇഷ്ടമുള്ള പേര്… അവൻ അദ്ദേഹത്തെ വിളിച്ചത് “അച്ഛാ ” എന്നായിരുന്നു.””ആ പിഞ്ചുകുഞ്ഞിന്റെ മുഖത്ത് നോക്കി വേണ്ടാന്ന് പറയാൻ അദ്ദേഹത്തിനായില്ല.. ”
“ആ വിളിക്കു പിന്നാലെ കടന്നുവരാവുന്ന പ്രശ്നങ്ങളെക്കുറിച്ചു ഓർത്തപ്പോൾ അവനെ പറഞ്ഞ് തിരുത്തണം എന്ന് തോന്നി. പക്ഷെ മോൾടെ അച്ഛൻ സമ്മതിച്ചില്ല.”
“ഇപ്പോൾ അവൻ മുതിർന്ന കുട്ടിയായി. പക്ഷെ ഇതുവരെ അവന്റെ മുഖത്ത് നോക്കി.. അവൻ ദൈവത്തെപ്പോലെ കരുതുന്ന ആൾ.. അവന്റെ അച്ഛനല്ലെന്ന് പറയാനുള്ള ശക്തി എനിക്കില്ല.. ”
“മോളെപ്പോലെ തന്നെ എന്റെ മകനും എന്തുമാത്രം പരിഹാസങ്ങൾക്ക് ഇരയായിട്ടുണ്ട്.. ‘പിഴച്ചവളുടെ മോൻ’ അവൻ അതെല്ലാം തരണം ചെയ്തത് അദേഹത്തിന്റെ മകനാണെന്നുള്ള ഒറ്റ
വിശ്വാസത്തിൽ ആയിരുന്നു.. അവൻ തലയുയർത്തിപ്പിടിച്ചു ഇതുവരെ ജീവിച്ചത് ‘കുട്ടേട്ടന്റെ മകൻ’ എന്ന നാട്ടുകാരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള വിളിയുടെ ബലത്തിലാണ്..”
“ജീവിതത്തിൽ ഒത്തിരി നിറമുള്ള സ്വപ്നങ്ങൾ കാണുന്ന അവന്റെ ജീവിതത്തിലെ നിറങ്ങൾ എങ്ങനെ മായ്ചുകളയും ഞാൻ.. ”
അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടാ
യിരുന്നു. ഞാൻ കേട്ടതൊന്നും വിശ്വസിക്കാനാവാതെ തറഞ്ഞു നിന്നു.. അച്ഛനോടുള്ള വെറുപ്പിനാൽ നിറം നഷ്ടപ്പെടുത്തിയ.. ഒരച്ഛന്റെ സ്നേഹം ബലമായി നിരസിച്ച ഇന്നലെകൾ.
ഒരു പയ്യന്റെ ബൈക്കിനു പിന്നിലിരുന്നു മകൾ വരുന്നതു കണ്ടിട്ടാകാം മുറ്റത്തുനിന്ന അമ്മ അകത്തേക്ക് ഓടി.. അച്ഛനെ ഉച്ചത്തിൽ വിളിച്ചുകൊണ്ട്.. പറഞ്ഞാൽ കേൾക്കാത്ത താന്തോന്നിയായ മകൾ ആരെയോ വിളിച്ചുകൊണ്ട് വന്നിരിക്കുന്നു.
അച്ഛനും അമ്മയും ഒന്നിച്ചാണ് മുൻ വശത്തേക്കു വന്നത്. മകളുടെ കൂടെ കയറിവരുന്ന ആളെക്കണ്ടു അച്ഛൻ അന്തിച്ചു നിൽക്കുന്നത് ചിരിയോടെ നോക്കിക്കണ്ടു.
“ആരാടീ ഇവൻ.. ” അമ്മ ഇപ്പോൾ കുഴഞ്ഞു വീഴുമെന്നു തോന്നി.”കുട്ടേട്ടന്റെ മകൻ… എന്റെ അനിയൻ ”
അച്ഛനെ നോക്കി സ്നേഹത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു. ഓർമ്മകൾ കുറെ വർഷങ്ങൾ പിന്നിലേക്ക് ഓടിയിരുന്നു.
മനസ്സൊരു ഒൻപതു വയസ്സുകാരിയിലേക്കെത്തിയിരിക്കുന്നു.
ചുറ്റിപ്പിടിച്ചു കവിളിലൊരുമ്മ കൊടുക്കുമ്പോൾ അച്ഛന്റെ മിഴികളും നിറഞ്ഞിരുന്നു.