വളർത്തി വലുതാക്കിയവരെ വിട്ട് ഇറങ്ങിപ്പോകുന്നവർ ഉണ്ടാവും പക്ഷെ ഞാനങ്ങനെ ഒരാളല്ല …. സ്വന്തം സുഖ ദു:ഖങ്ങൾ വേണ്ടാ

ഏട്ടൻ
രചന: സുനിൽ പാണാട്ട്

പെങ്ങടെ കല്ല്യാണം കഴിഞ്ഞിട്ട് ഒരു മാസം ആയില്ല അത് കൊണ്ടാ അല്ലെങ്കിൽ വീട്ടിൽ സമ്മതിക്കുമായിരുന്നു
ഒരു താലി കെട്ടി വീട്ടിലേക്ക് പോയാ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കും അമ്മയും അച്ഛനും നീ ഇറങ്ങി വരണം സുജേ ഇതല്ലാതെ വേറെ വഴിയില്ല ……

ഒരു വർഷത്തെ പ്രണയത്തിന് വേണ്ടി വർഷങ്ങളോളം വളർത്തി വലുതാക്കിയവരെ വിട്ട് ഇറങ്ങിപ്പോകുന്നവർ ഉണ്ടാവും പക്ഷെ ഞാനങ്ങനെ ഒരാളല്ല ….

സ്വന്തം സുഖ ദു:ഖങ്ങൾ വേണ്ടാ എന്ന് വച്ച് മരുഭൂമിയിലെ കൊടുംചൂടിൽ ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന ഒരു ജന്മമുണ്ട് എന്റെ അച്ഛൻ…

അയൽകൂട്ടങ്ങളിലും ബന്ധുജനങ്ങളോടും സ്വന്തം മക്കളെകുറിച്ച് വാതോരാതെ അഭിമാനത്തോടെ പറയുന്ന ഒരു ജന്മമുണ്ട് എന്റെ അമ്മ….

കൂട്ടുകാരുടെയും നാട്ടുകാരുടെയും മുൻപിൽ തലയുയർത്തി അഭിമാനത്തോടെ നടക്കുന്ന ഒരു ജന്മമുണ്ട് എന്റെ ഏട്ടൻ ….

സ്വന്തം സുഖംനോക്കി ഇറങ്ങിപ്പോകുമ്പോൾ മറ്റുള്ളവരുടെ മുൻപിൽ തല താഴ്ത്തി നടക്കേണ്ടി വരുന്നജന്മങ്ങൾ …..

അവർ ചെയ്യ്തതെറ്റെന്ത്
എന്നെ ജീവന് തുല്ല്യം സ്നേഹിച്ചതോ ??ഞാനിപ്പഴും പറയുവാ അഭി നീ വീട്ടിൽ വന്ന് ആലോചിക്കു എന്റെ വീട്ടുകാർ സമ്മതിക്കും ….

പെണ്ണ് കാണാൻ ഏട്ടന്റെ കൂട്ടുകാരൻ വന്നെന്നറിഞ്ഞപ്പോൾ തന്നോട് ഇറങ്ങി വരാൻ പറഞ്ഞ് ഫോൺ ചെയ്തഅഭിയോട് അന്ന് ഇതും പറഞ്ഞ് പിണങ്ങിയതാ പിന്നീട് ഫോൺ ചെയ്തിട്ടില്ല രണ്ടു പേരും

സുജേ നീ എഴുന്നേറ്റ് വരണുണ്ടാ ഇങ്ങട് അതോ ഞാൻ അങ്ങട് വരണാ …ജനൽചില്ലിനിടയിലൂടെ വിളിക്കാതെ കടന്ന് വന്ന സൂര്യകിരണങ്ങൾക്കൊപ്പംഅടുക്കളയിൽ നിന്ന് അമ്മയുടെ ശബ്ദവും

നാളെ മറ്റൊരുകുടുബത്തിലേക്ക് പോണ്ട പെണ്ണാ ഉച്ചിയിൽ സൂര്യനുദികും വരെയാ ഉറക്കം ….

ഇനിയും എഴുന്നേറ്റ് ചെന്നില്ലെങ്കിൽ അടുപ്പിൽ വയ്ക്കുന്ന വിറകോ മുറ്റമടിക്കുന്ന ചൂലോ ആയിരിക്കും എന്നെ വന്ന് തലോടുന്നത്…..

പോത്തുപോലെ വളർന്നെന്ന് പറഞ്ഞിട്ട് കാര്യമില്ല പോത്തിനെതല്ലണ പോലെ തല്ലും അമ്മ….മുറ്റത്തിരിക്കുന്ന ബൈക്കും തുടച്ച് മിനുക്കി ഇരിപ്പുണ്ട് ഏട്ടൻ…

കുട്ടികാലം മുതൽക്കെ മമ്മുക്കാടെയും ലാലേട്ടന്റെയും സിനിമകളിലെ സ്റ്റണ്ട് സീൻ കണ്ട് എന്റെ ഏട്ടനും അത് പോലെ നാട്ടുകാരെ ഛന്നം പിന്നംഇടിക്കുന്നതും സ്വപ്നം കണ്ട് നടന്നിട്ടുണ്ട് …

എല്ലാവരും വീട്ടിലുള്ളവർക്കൊന്നും വരുത്തല്ലെ എന്ന് പ്രാർത്ഥിക്കുമ്പോൾ ഞാൻ മാത്രം പ്രാർത്ഥിച്ചു എന്റെ ഏട്ടന് വരുത്തണെ എന്ന്…

ആപത്തല്ല നല്ല കട്ട മീശയും താടിയും….എന്റെ പ്രാർത്ഥനയുടെ ഫലമായി 16 കഴിഞ്ഞപ്പഴേ വന്നു തുടങ്ങി പൊടിമീശ….ഏട്ടനെക്കാൾ അതിനെ താലോലിച്ചത് ഞാനായിരുന്നു…

രണ്ടു വർഷം കഴിഞ്ഞപ്പോൾ വന്നു നല്ല കട്ടമീശ…അത് പിരിച്ച് നാട്ടുകാരെ പേടിപ്പിക്കുന്നത് സ്വപ്നം കണ്ട എനിക്ക് അതൊരിക്കലും നടക്കാത്ത സ്വപ്നമായി .

നമ്മടെ ഏട്ടൻ എല്ലാവരോടും ചിരിച്ച് കൊണ്ട് മാത്രം സംസാരിക്കുന്നഒരു സമാധാനപ്രിയനായിരുന്നു…..

ഒടുവിൽ ലാലേട്ടനോട് മനസ്സുരുകി പ്രാർത്ഥിച്ചു ലാലേട്ടനെ പോലെ തല്ലാനുള്ള ധൈര്യം ഏട്ടനുണ്ടാവണെ എന്ന്…..

ചൈനീസ് പട്ടാളം ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞ് കയറും പോലെ
തങ്ങളില്ലാത്ത ദിവസ്സങ്ങളിൽ ജീവൻ വച്ച്

പറമ്പിലേക്ക് നീങ്ങി വരുന്ന അയൽവാസിയുടെ അതിർത്തി പോസ്റ്റുകൾ ശ്രദ്ധയിൽ പെട്ട അമ്മ രണ്ടുവട്ടം പറഞ്ഞു….

അതിന് അമ്മയെ തല്ലാൻ കയ്യോങ്ങിച്ചെന്ന അയ്യാളെ എടുത്ത് തൊടിയിലേക്കെറിഞ്ഞ് ഏട്ടൻ ആദ്യമായിഎന്നെ ഞെട്ടിച്ചു …ലാലേട്ടൻ എന്റെപ്രാർത്ഥന കേട്ടോ..

പിന്നീട് ബസ്സ് സ്റ്റോപ്പിൽ സ്ഥരമായി ഞാനുൾപ്പടെ ഉള്ളപെൺകുട്ടികളെശല്ല്യം ചെയ്തിരുന്ന രണ്ടുപേരെ പഞ്ഞിക്കിട്ട് എന്നെയും കൂട്ടുകാരികളെയും ഞെട്ടിച്ചു …

അന്നത്തോടെ ശരിക്കും ഹീറോ ആയി ഏട്ടൻ കൂട്ടുകാരികളുടെ മുൻപിലും നാട്ടുകാരുടെ മുൻപിലും…..

ഏട്ടന്റെ കൂട്ടുകാരൻ ജിത്തുന്റെ കല്യാണ കാര്യം വന്നപ്പോൾ അമ്മ ചോദിച്ചു നിനക്കാരോടെങ്കിലും ഇഷ്ടമുണ്ടോടീ എന്ന്

അഭീയോടുള്ള ഇഷ്ടം തുറന്ന് പറയുന്നതിന് മുൻപെ തന്നെചേർത്ത് പിടിച്ച് ഏട്ടൻ പറഞ്ഞു ഇവൾ എന്റെ കുട്ടിയാ ഈ നെഞ്ചിലെ ചൂട് തട്ടി വളർന്നവൾ എന്റെ കുട്ടിക്കങ്ങനൊന്നും ഉണ്ടാവില്ല…..

ഒടുവിൽ ആദിവസ്സവും വന്നെത്തി കല്യാണ നിശ്ചയമെന്ന ദിവസ്സം …മണ്ഡപത്തിലേക്ക് കയറി ചെറുക്കന്റെ സീറ്റിലേ ആളേകണ്ട് തന്റെ കണ്ണുകളെ വിശ്വസ്സിക്കാനായില്ല …

കണ്ണ് ഒന്നൂടെ അടച്ചും തുറന്നുംനോക്കി….അഭി അവനെങ്ങനെ ഇവിടെ…?അരികത്തെ ചെയറിൽ തന്നെ പിടിച്ചിരുത്തി അഭിപറഞ്ഞു …

നീ അവസാനമായി ഫോണിൽ സംസാരിച്ച അന്ന് ഞാൻ വിഷമിച്ച് ഇരിക്കുന്നത് കണ്ട അച്ഛനും അമ്മയും കാര്യം തിരക്കി …

നീ പറഞ്ഞത് അവരോട് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു അവളെയല്ലാതെ നീ ഒരു പെണ്ണിനെയും കെട്ടരുതെന്ന്

വീട്ടുകാരെ ഇട്ടെറിഞ്ഞ് വരില്ല എന്ന് പറയുന്ന അവളാണ് പെണ്ണ്….അന്ന് തന്നെ ഞാനും അച്ഛനും കൂടെ വന്ന് നിന്റെ ഏട്ടനെ കണ്ടിരുന്നു..

നീ പറഞ്ഞ വോയ്സ് ഫോണിൽ ഉണ്ടായിരുന്നു അത് ഏട്ടനെ കേൾപ്പിച്ചു….പിന്നെ ഏട്ടനും ഞങ്ങളും നേരെഏട്ടന്റെ കൂട്ടുകാരനെ കണ്ട് കാര്യം പറഞ്ഞു …

ഏട്ടനാ പറഞ്ഞത് ഇത് നിന്നെ അറിയിക്കണ്ടാന്നും ഇനി ഫോൺ ചെയ്യണ്ടാന്നും….

ഇതൊന്നും വിശ്വസിക്കാൻ പറ്റാതെ നിൽക്കുബോഴും ഞാനൊന്നുമറിഞ്ഞില്ല രാമനാരായണാ എന്ന മട്ടിൽ കള്ളച്ചിരിയുമായി നിൽപ്പുണ്ടായിരുന്നു
ആ കള്ളതാന്തോന്നി ഏട്ടൻ…

 

Leave a Reply

Your email address will not be published. Required fields are marked *