അവൾ എന്നെവിട്ടു എവിടെ പോകാനാ?? തലചുറ്റി വീണതാവും. ഒന്നും കഴിക്കത്തോണ്ട് അതുയെപ്പോഴും ഉള്ളതല്ലേ.

നിൻപാതി
(രചന: മിഴി വർണ്ണ)

പതിവിലും നേരുത്തേ ഉറക്കം വിട്ടുണരുമ്പോൾ എന്തെന്നില്ലാതെ മനസ്സ് പിടയ്ക്കുന്നുണ്ടായിരുന്നു. പ്രിയപ്പെട്ടവർക്ക് ആർക്കോ എന്തോ ആപത്തു സംഭവിക്കാൻ പോകുന്നെന്നപോൽ.

പ്രിയപ്പെട്ടവരെ കുറിച്ചോർത്തപ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തിയത് അവളുടെ മുഖമാണ് എന്റെ വായാടിപ്പെണ്ണിന്റെ മുഖം.

ഇണങ്ങിയും പിണങ്ങിയും വഴക്കിട്ടും അതിലേക്കാളേറെ എന്നെ സ്നേഹിച്ചും കഴിഞ്ഞ അഞ്ചു വർഷങ്ങളായ് എന്റെ ഒപ്പമുള്ള എന്റെ ഗീതൂസ്സിന്റെ മുഖം. അവളെക്കുറിച്ചോർത്തപ്പോൾ തന്നെ അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു.

“രണ്ടു മൂന്നു ദിവസമായി വിളിക്കാത്തത്തിന്റെ പിണക്കത്തിലായിരിക്കും കക്ഷി. എന്തു ചെയ്യനാടി പെണ്ണേ…കൂട്ടുകാരന്റെ ചേട്ടന്റെ കല്യാണം ആയിപോയോണ്ട് അല്ലേ.

ഒരു വീടു പോലെ കഴിഞ്ഞിട്ട് ദ്രുവേട്ടന്റെ കല്യാണത്തിനു കൂടെ നിന്നില്ലേൽ മോശമല്ലേ. സോറിടി മുത്തേ.. ഇന്നലെ വിളിക്കണമെന്നു കരുതിയാതാടി. പക്ഷേ സന്ധ്യയ്ക്കു വന്നു കിടന്നതേ ഓർമയുള്ളൂ…ദാ ഇപ്പോഴാ ഈ കണ്ണൊന്നു തുറന്നത്.

ഇപ്പോൾ തന്നെ വിളിക്കാന്നു വെച്ചാൽ എന്റെ വാവയിപ്പോ പില്ലോമോനേ കെട്ടിപ്പിടിച്ചു ഉറങ്ങുന്ന സമയം അല്ലേ. എന്റെ ഉറക്കപ്രാന്തി എണീക്കുന്ന സമയം ആകുമ്പോൾ വിളിക്കവേ. എന്നിട്ടു ഒത്തിരി നേരം സംസാരിക്കവേ. എന്റെ പൊന്നിന്റെ എല്ലാ പിണക്കവും മാറ്റിയിട്ടേ ഞാൻ ഫോൺ കട്ട്‌ ചെയൂ.

ഫോണിന്റെ കാര്യം പറഞ്ഞപ്പോഴാ… ഇന്നലെ ഉച്ചയ്ക്ക് എപ്പോഴോ ഓഫായ ആ സാധനം ഞാൻ എവിടെ കൊണ്ടു വയ്ച്ചോ എന്തോ. കാണാതെ തന്നെ അറിയാം അതിൽ നിന്റെ ഒരു നൂറു മെസ്സേജ് കാണുമെന്നു… ഓൺ ചെയുമ്പോൾ ഫോൺ ഹാങ്ങ്‌ ആവോടി പെണ്ണേ??”

സൈഡ് ടേബിളിൽ ഇരിക്കുന്ന ഗീതുവിന്റെ ഫോട്ടോ നോക്കി വരുൺ ചിരിയോടെ പറഞ്ഞു നിർത്തി. ശേഷം തന്റെ ഫോൺ തിരഞ്ഞെടുത്തു ചാർജിൽ ഇട്ടശേഷം ഫ്രഷാകാനായി പോയ്‌. തിരിച്ചു റൂമിൽ എത്തുമ്പോൾ അവനെക്കാത്ത് പ്രിയപ്പെട്ട കൂട്ടുകാരൻ സന്ദീപ് ഇരിക്കുന്നുണ്ടായിരുന്നു.

എപ്പോൾ വീട്ടിൽ വന്നാലും തന്നെ തിരക്കി മുറിയിലേക്ക് അവൻ വരുന്നതുകൊണ്ട് വരുണിനു അത്ഭുതം ഒന്നും തോന്നിയില്ല.

പക്ഷേ ഇന്നവന്റെ മുഖത്തെന്തോ സങ്കടം നിഴലിക്കുന്നതുപോലെ വരുണിനു തോന്നി. തന്റെ തോന്നൽ മാത്രാമാകുമെന്നു കരുതിയവനത് കാര്യമാക്കിയില്ല.

“നീ എന്താടാ അളിയാ ഇത്രയും രാവിലെ?? മണി ആറര ആയതല്ലേ ഉള്ളൂ. എന്താ എവിടേലും പോണോ??”

“നിന്റെ ഫോണിനു എന്തു പറ്റി വരുൺ?? “”വരുണോ… നിന്റെ വായിന്നു എന്റെ ഒർജിനൽ പേര് കേട്ടിട്ടെന്റെ ജീവിതം ധന്യമായളിയ…ധന്യമായി. ”

വരുൺ തമാശപോലെയത് പറയുമ്പോഴും സന്ദീപിന്റെ മുഖം തെളിഞ്ഞില്ല.”നീ ചോദിച്ചതിന് ആൻസർ പറ… നിന്റെ ഫോൺ എവിടെ??”

“ചാർജ് ചെയ്യാൻ ഇട്ടേക്കുവാടാ… ഓഫ്‌ ആയിരുന്നു.”അതും പറഞ്ഞുകൊണ്ടു വരുൺ ഫോൺ ഓൺ ചെയ്തു. മൊബൈൽ ഡാറ്റാ ഓൺ ചെയ്തതും ഫോണിലേക്ക് തുരുതുരാ മെസ്സേജ് വന്നു നിറയാൻ തുടങ്ങി.

“അളിയാ… ലവൾ എന്നെ ഫോൺ വഴി പറയാനുള്ളത് മൊത്തം പറഞ്ഞു തീർത്തുന്നാ തോന്നുന്നത്. കണ്ടില്ലേ പത്തിരുന്നൂറ് മെസ്സേജ്. മൊത്തം അവളുടെ ആയിരിക്കും. ലാസ്റ്റ് ബോൾഡ് ലെറ്റെറിൽ ഒരു ഗുഡ് ബൈയും കാണും. ”

അതും പറഞ്ഞു കൊണ്ട വരുൺ വാട്സ്ആപ്പ് തുറന്നു. പക്ഷേ അതിൽ “My wife” എന്നപേരിൽ പിൻ ചെയ്ത നമ്പറിൽ നിന്നു ഒരു മെസ്സേജ് പോലും വന്നിട്ടില്ലയെന്ന് കണ്ടവനൊന്നു ഞെട്ടി.

അതിനേക്കാളേറെ അവനെ ഞെട്ടിച്ചത് ഓണത്തിനും വിഷുനുമൊക്കെ മാത്രം മെസ്സേജ് അയക്കാറുള്ള പഴയ കൂട്ടുകാർ വരെ തനിക്കു മെസ്സേജ് അയച്ചേക്കുന്നത് കണ്ടാണ്. അതിൽ ഒരു മെസ്സേജ്

തുറന്നതും തന്റെ ദേഹം തളരും പോലെ തോന്നിയവന്. തന്റെ പെണ്ണിന്റെ ചിരിക്കുന്ന ഫോട്ടോ അതിനുതാഴെ ഇപ്രകാരമെഴുതിയിരുന്നു.

‘അകാലത്തിൽ പൊളിഞ്ഞു പോയ ചെമ്പനീർപ്പൂവിനു ആദരാഞ്ജലികൾ’കൈയിൽ നിന്നു വഴുതിവീണ ഫോണിനൊപ്പം താഴേക്ക് വീണ അവനെ സന്ദീപ് ചേർത്തു പിടിച്ചു.

“ഇന്നലെ കോളേജിലെ പണിനടക്കുന്ന കെട്ടിടത്തിൽ കൂട്ടുകാരികളുടെ കൂടെ കേറിയതാ….എന്തിലോ കാലുതട്ടി മൂന്നു നിലയുടെ മേളീന്നു താഴേക്ക് വീണു…

കൂടെ ഉള്ളവർ പിടിക്കാൻ നോക്കി. പക്ഷേ അതിനും മുന്നേ…. നിലത്തു പാറയിൽ തലയിടിച്ചാ വീണത്. ഹോസ്പിറ്റലിൽ കൊണ്ടുപോയി… പക്ഷേ രാത്രി കഴിഞ്ഞപ്പോഴേക്കും… പോ… പോ… പോയി. ”

സന്ദീപ് വിറയാർന്ന ശബ്ദത്തിൽ അതു പറയുമ്പോഴും വരുൺ ഒന്നും കേൾക്കുന്നുടായിരുന്നില്ല… കേൾക്കുന്നതൊന്നും ഉൾക്കൊള്ളാനും കഴിയുന്നുണ്ടായിരുന്നില്ല. അവൻ മെല്ലെ പറഞ്ഞു.

“ഡാ….അവൾ എന്നെവിട്ടു എവിടെ പോകാനാ?? തലചുറ്റി വീണതാവും. ഒന്നും കഴിക്കത്തോണ്ട് അതുയെപ്പോഴും ഉള്ളതല്ലേ. പോയി ഒരു ഡ്രിപ്പ് ഒക്കെ ഇട്ടിട്ടു അവളിങ്ങു വരുമെടാ. എനിക്ക് അറിയില്ലേ എന്റെ പെണ്ണിനെ”

അവനെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അറിയാതെയവനെ ചേർത്തുപിടിക്കുമ്പോൾ സന്ദീപിന്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

അപ്പോഴേക്കും അവരുടെ ബാക്കി രണ്ടു കൂട്ടുകാരൻമാരും അങ്ങോട്ടേക്കെത്തി. അവരോടൊപ്പം ഒരു ജീവശവം കണക്കെ വണ്ടിയിൽ കയറിയതും തന്റെ പെണ്ണിന്റെ വീട്ടിൽ എത്തിയതുമൊന്നും വരുൺ അറിയുന്നുണ്ടായിരുന്നില്ല.

വെള്ളപ്പുതപ്പിച്ചു കിടത്തിയ തന്റെ പെണ്ണിന്റെ അരികിൽ കൂട്ടുകാരൻമാർ കൊണ്ടിരുത്തുമ്പോഴും അവൻ നിശബ്ദനായിരുന്നു. അവൻ മറ്റൊരു ലോകത്തായിരുന്നു. താനും തന്റെ പെണ്ണും മാത്രമുള്ളൊരു ലോകത്ത് അവന്റെയവസ്ഥ കൂട്ടുകാരൻമാരിൽ പോലും പേടിയുണ്ടാക്കി.

വരുൺ ചുറ്റും കണ്ണോടിച്ചു…അമ്മയവളെ ചുറ്റിപിടിച്ചു ആർത്തലച്ചു കരയുന്നുണ്ട്.. അരികിലായിൽ അമ്മുമ്മ എന്തൊക്കെയോ കണ്ണീരോടെ പുലമ്പുന്നുണ്ട്.. പല വട്ടം അവളവനോട് പറഞ്ഞതവന്റെ ഓർമയിൽ തെളിഞ്ഞു..

“എന്റെ അമ്മ കരയുന്നതും നീ അകലുന്നതുമാണെടാ എനിക്കീ ലോകത്ത് ഒട്ടും സഹിക്കാൻ പറ്റാത്തെ..”

അവളുടെയാ വാക്കുകൾ ഓർമയിൽ തെളിഞ്ഞപ്പോൾ അവന്റെ മനസ്സ് അമ്മയോട് ഉറക്കെ വിളിച്ചു പറഞ്ഞു

“കരയല്ലേയമ്മേ…. എന്റെ പെണ്ണിനു സങ്കടം വരും.”മനസ്സിന്റെ ആ ശബ്ദം എന്തുകൊണ്ടോ പുറത്തു വന്നില്ല. ആരൊക്കെയോ അമ്മയെ പിടിച്ചു മാറ്റുന്നു. ആരാ അതു…

അവൾ എപ്പോഴും വാതോരാതെ പറയുന്ന അവളുടെ കിങ്ങിണിയേച്ചി ആണെന്നു തോന്നുന്നു. ദൂരെമാറി തന്റെയമ്മയും അനിയനും ഒക്കെ നിറ കണ്ണുകളോടെ നിൽക്കുന്നു. അവളുടെ കൂട്ടുകാരികളും ആർത്തലച്ചു കരയുന്നുണ്ട്. എല്ലാരും അവളുടെ പേര് വിളിച്ചു കരയുന്നുണ്ട്.

എന്നിട്ടും അവരെ കരയിക്കാൻ വേണ്ടി ഉണരാതെ കിടക്കുവാണ് കുറുമ്പി. ഇവളുടെ എല്ലാ കുറുമ്പും അറിയുന്ന ഈ ഹരി എന്തിനാ കരയുന്നത്. അവൾ എല്ലാരേയും കരയിപ്പിക്കാൻ വേണ്ടി മനപ്പൂർവം കുറുമ്പ് കാണിക്കുവാണെന്ന് അവനു അറിയില്ലേ.

നിശബ്ദയായി…ഒരു കുസൃതിച്ചിരി ചുണ്ടിൽ ഒളിപ്പിച്ചു ശാന്തമായി ഉറങ്ങുന്ന തന്റെ പെണ്ണ്. എത്ര വട്ടം ആഗ്രഹിച്ചതാ അവൾ ഉറങ്ങുന്നതു അവളറിയാതെ കണ്ണിമചിമ്മാതെ നോക്കിയിരിക്കാൻ…

അവളെ നെഞ്ചോട് ചേർത്തു പിടിച്ചുറങ്ങാൻ. ചുമ്പനങ്ങൾ കൊണ്ടവളെ മൂടാൻ. ഇപ്പോൾ ദാ ഒന്നും അറിയാത്ത പോലെ കിടക്കുവാ കള്ളിപെണ്ണു.അവന്റെ മനസ്സിൽ അവളോടൊപ്പമുള്ള ഓർമകൾ മിഴിവോടെ തെളിഞ്ഞു വന്നു.

അന്നു +1 അഡ്മിഷനു നീലച്ചുരിദാറുമിട്ടു കുഞ്ഞുങ്ങളെപോൽ വന്നതും ആദ്യകാഴ്ച്ചയിൽ അവൾ മനസ്സിൽ കേറിയതും സ്കൂൾ തുറന്നു വന്നപ്പോൾ

അവളെ തേടി എല്ലായിടത്തും നടന്നതും വിറയ്ക്കുന്ന ശബ്ദത്തിൽ അവളോട്‌ തന്റെ പ്രണയം പറഞ്ഞതും അവൾ താല്പര്യമില്ലയെന്ന് പറഞ്ഞു തിരിഞ്ഞു നടന്നതുമെല്ലാം.

ഒടുവിൽ ആ ഓണക്കാലത്തു ആശുപത്രിക്കിടയിൽ വെച്ചു ഫേസ്ബുക്കിൽ അവളുടെ ഒരു മെസ്സേജ് വന്നതും… മെല്ലെ മെല്ലെ എപ്പോഴോ അവളുടെ മനസ്സിൽ സ്ഥാനം നേടിയതുമൊക്കെ.

അന്നു ആ ന്യൂഇയർ പുലരിയിൽ എന്നോട് ഇഷ്ടം തുറന്നു സമ്മതിച്ചപ്പോൾ അവളോന്നെ പറഞ്ഞുള്ളൂ എന്നോടു..”ഒരിക്കൽ പ്രണയം മനസ്സിൽ മുറിവ് സമ്മാനിച്ചതാണ്.. വീണ്ടും മായാത്തൊരു മുറിവ് സമ്മാനിക്കരുതേയെന്ന്. ”

പക്ഷേ നിന്നോട് എനിക്കുള്ള പ്രണയത്തിന്റെ ആഴം ഞാൻ പോലും തിരിച്ചറിഞ്ഞത് പ്രായത്തിന്റെ പക്വതക്കുറവിൽ ഞാൻ ചെയ്ത തെറ്റുകൾ അറിഞ്ഞു എന്നെവിട്ടു നീ പോകാൻ ഒരുങ്ങിയപ്പോഴായിരുന്നു.

അന്നാദ്യമായി ഒരു പെണ്ണിനു വേണ്ടി നിറഞ്ഞ ഈ കണ്ണുകൾ എന്നോട് പറഞ്ഞു നീ ഇല്ലാതെ എനിക്ക് ജീവിക്കാനാകില്ലന്നു. പിന്നീട് അങ്ങോട്ട്

നിനക്കായിരുന്നു എന്റെ ജീവിതത്തിൽ ഏറ്റവും വലിയ സ്ഥാനം. നിന്റെ മടിയിൽ കിടക്കുമ്പോൾ നിന്നെ ഞെഞ്ചോട് ചേർക്കുമ്പോൾ ആയിരുന്നു ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ചത്.

തിരക്കുകൾ വരുമ്പോൾ ആദ്യം നിന്നെയൊഴിവാക്കിയത് എന്റെ ജീവിതത്തിൽ നിനക്ക് സ്ഥാനമില്ലാഞ്ഞിട്ടല്ല പെണ്ണേ.. മറിച്ചു നീ എന്റെ മാത്രം സ്വന്തമായത് കൊണ്ടാണ്.

രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ നിന്നെ എന്റെ മാത്രം പെണ്ണായ് ഉറപ്പിച്ചത് കൊണ്ടാണ്. നിന്റെ കുറുമ്പും വാശിയും ദേഷ്യവുമെല്ലാം എനിക്ക് മാത്രം

അവകാശപ്പെട്ടതായതുകൊണ്ടാണ്. അതിനു പ്രതികാരം ചെയുവാണോ നീ?? നിന്റെ വരുണിനെ വിട്ടു നിനക്ക് പോകാൻ പറ്റോടി നിനക്ക്??

ഇനിയെടുക്കാം… അധികം വൈകിപ്പിക്കണ്ടയെന്നാരോ പറഞ്ഞത് കേട്ടു അലറിക്കരഞ്ഞ അമ്മയുടെയും കൂട്ടുകാരികളുടെയും ശബ്ദമാണ് വരുണിനെ ബോധമണ്ഡലത്തിലേക്ക് കൊണ്ടു വന്നത്.

ആരൊക്കെയോ എന്റെ പെണ്ണിനെ ഉമ്മകൾ കൊണ്ടു മൂടുന്നുണ്ട്. കെട്ടിപ്പിടിച്ചു കരയുന്നുണ്ട്. ആരോ നാലുപേരവളെ എടുത്തുകൊണ്ടു പോകാൻ തുടങ്ങുന്നു. അതിൽ ഒന്നു ഹരിയല്ലേ…

എന്റെ പെണ്ണിനു കൂടുതൽ ഇഷ്ടം ഉള്ള അവളുടെ കൂട്ടുകാരനും ആങ്ങളയുമായ ഹരി. അവൻ എന്നോട് ചോദിക്കാതെ എന്റെ പെണ്ണിനെ എവിടേക്ക് കൊണ്ടുപോകുവാ?? എന്നെ വിട്ടിട്ട് അവൾ എവിടെ പോകുവാ??

തന്റെ പെണ്ണു ഇനിയില്ലയെന്ന സത്യം അവന്റെ മനസ്സ് മെല്ലെ മനസ്സിലാക്കിയിരിക്കുന്നു… അലറിക്കരഞ്ഞു കൊണ്ടു തന്റെ

പെണ്ണിനെ നെഞ്ചോടു ചേർത്ത അവനെയാരും തടഞ്ഞില്ല. ഭ്രാന്തനെപ്പോലെയവളെ നെഞ്ചിൽ ചേർത്തു ഉമ്മകൾ കൊണ്ടുമൂടുന്ന അവനെ തടയാൻ ആർക്കും കഴിഞ്ഞില്ല.

എന്നെ തന്റെ ജീവനേക്കാളേറെ സ്നേഹിച്ച എന്റെ പെണ്ണു ഇനിയില്ലെന്ന സത്യം അവനെ ഭ്രാന്തനാക്കി മാറ്റിയിരുന്നു. തന്റെ പെണ്ണിന്റെ ശരീരം ആർക്കും വിട്ടുകൊടുക്കാതെ നെഞ്ചോടു

ചേർത്തുനിന്നയവനെ അവളിൽ നിന്നടർത്തി മാറ്റുമ്പോൾ കൂട്ടുകാരൻമാരുടെ കണ്ണുകളും നിറഞ്ഞു തുളുമ്പിയിരുന്നു.

കിഴക്കേത്തൊടിയിൽ അവളുടെ വല്യമ്മയ്ക്കരികിൽ അവസാന നിദ്രയ്ക്കായി തയാറാക്കിയ ചിതയിൽ കിടത്തുമ്പോഴും വരുൺ പ്രതീക്ഷിച്ചു…

ഓടിവന്നവൾ തന്റെ നെഞ്ചിലേക്ക് ചായുമെന്നു. പക്ഷേ ആ കുഞ്ഞു ശരീരത്തിനു മുകളിൽ വിറകു കഷ്ണങ്ങൾ അടുക്കുമ്പോഴും അവൾ ഉണർന്നില്ല..ചുണ്ടിലെ മായപുഞ്ചിരിയോടെയവൾ തന്റെ അമ്മയ്ക്കരികിലായി മയങ്ങി.

ബന്ധുക്കളിൽ ആരോ പകർന്ന തീയവളിൽ പടർന്നു കയറുമ്പോൾ പൊള്ളുന്നതു തന്റെ മെയ്യും മനവുമാണെന്ന് അവൻ പതിയെ തിരിച്ചറിയുന്നുണ്ടായിരുന്നു. അവൾ എപ്പോഴും പിണങ്ങുമ്പോൾ പറയാറുള്ള…താൻ എന്നും കളിയയെടുത്ത ആ വാക്കുകൾ അവന്റെ കാതുകളിൽ മുഴങ്ങി.

“എല്ലാർക്കും വേണ്ടി നീ എന്നെ വേദനിപ്പിക്കുന്നില്ലേ… എന്നെ തനിച്ചാക്കുന്നില്ലേ. ഒരിക്കൽ ഗീതു എല്ലാത്തിനും പകരം വീട്ടും. നീ വന്നു കൊഞ്ചിയാലും മിണ്ടാൻ പറ്റാത്തത്ര ദൂരെ പോകും ഞാൻ. വാവ നിനക്ക് ഒരിക്കലും വരാൻ പറ്റാത്ത… കാണാൻ പറ്റാത്തത്ര ദൂരത്തു പോകും. നോക്കിക്കോ. ”

അഞ്ചു വർഷങ്ങൾ കൊണ്ടു ഒരു ജന്മം മുഴുവൻ ഓർക്കാൻ ഓർമ്മകൾ തന്നവൾ… സ്നേഹം കൊണ്ടു വീർപ്പുമുട്ടിച്ചവൾ…ഞാനൊന്ന് അകന്നാൽ പൊട്ടിക്കരഞ്ഞവൾ എന്നന്നേക്കുമായി ചിതയിലെരിയുന്നു.

ഇനി എന്നോട് വഴക്കിടാൻ പിണങ്ങാൻ അതിനേക്കാളേറെ സ്നേഹം കൊണ്ടു തോൽപ്പിക്കാൻ അവളില്ല… എന്റെ പെണ്ണില്ല..എന്റെ ഗീതു ഇല്ല. എന്റെ പതിയാണെന്ന് പലവട്ടം കാതോരം

ചൊല്ലിയവൾ എന്നെക്കൂടെ കൂട്ടാതെ മടങ്ങുന്നെന്നോ?? ഇല്ല… തനിച്ചു പോകാൻ കഴിയില്ല നിനക്ക്. എന്നെ എന്നത്തേക്കുമായി ഇവിടെ തനിച്ചാക്കി പോകാനാകില്ല നിനക്ക്.

അവന്റെ കാതുകളിൽ വീണ്ടും ആ വാക്കുകൾ മുഴങ്ങി.”ഒരിക്കൽ ഞാൻ നിന്നോട് പിണങ്ങി പോകും… ഒരിക്കലും തിരിച്ചു വരാൻ പറ്റാത്ത ദൂരത്തേക്ക് പോകും. അന്നു നീ എന്റെ സ്നേഹം മനസിലാക്കും. ഞാൻ ഇല്ലാണ്ടാകുമ്പോൾ മനസിലാകും നിനക്കെന്റെ വില. ”

അതിനു മറുപടിയെന്നോണം ആ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു.”ഒരിക്കലും തിരിച്ചു വരാത്ത ദൂരത്തേക്ക് നീ പൊയ്ക്കോ പെണ്ണേ…. പക്ഷേ ആ

ദൂരത്തിലും നിനക്കൊപ്പം കൈകോർത്തു ഞാൻ ഉണ്ടാകും കൂടെ…എന്നും ഞാൻ ഉണ്ടാകും കൂടെ..നിന്റെ പതിയായി മരണത്തിലും കൂടെയുണ്ടാകും.. നിന്റെ മാത്രം പാതിയായി..”

അതും പറഞ്ഞു കൊണ്ടു അവൻ മുന്നോട്ടു നടക്കുമ്പോൾ..തന്റെ പെണ്ണിനരികിലേക്ക് നടക്കുമ്പോൾ ആരും അവനെ തടഞ്ഞില്ല. കാരണം എല്ലാവരുടെയും കണ്ണുകൾ കുഴഞ്ഞു

വീണ അവന്റെ ജീവനറ്റ ശരീരത്തിൽ ആയിരുന്നു. ആത്മാവായി ദൂരെക്കവൻ അകലുമ്പോൾ അങ്ങകലെ അവനെ കാത്ത് അവൾ പുഞ്ചിരിയോടെ നിൽക്കുന്നുണ്ടായിരുന്നു…

അവന്റെ കൈകളിൽ കൈകോർത്തു…ഞെഞ്ചിൽ തല ചായ്ച്ചു പുതിയൊരു യാത്രയ്ക്കായി അവളവനെ കാത്തു നിൽക്കുന്നുണ്ടായിരുന്നു… തന്റെ പാതിയ്ക്കായി മായപ്പുഞ്ചിരിയോടെ ആ നക്ഷത്രങ്ങളുടെ ലോകത്തവൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *