അമ്മ
(രചന: രഘു കുന്നുമ്മക്കര പുതുക്കാട്)
അവൾ, അന്നും പുലർച്ചേ അഞ്ചുമണിക്കുണർന്നു.
കട്ടിലിൽ നിന്നെഴുന്നേറ്റ്, ചുവരലമാരയിയിലെ കണ്ണാടിയിൽ തെളിഞ്ഞ പ്രതിബിംബത്തിലേക്ക് കണ്ണുംനട്ടു നിന്നു.
ബാഹ്യരൂപത്തിൽ നാൽപ്പത്തിയഞ്ചിൻ്റെ അവസ്ഥാഭേദങ്ങൾ ഏറെയുണ്ട്.
എങ്കിലും,
സമൃദ്ധമായ മാറിടങ്ങളും, അഴകളവുകളും കഴിഞ്ഞ കാലത്തിൻ്റെ ചൊല്ലാക്കഥകളാകുന്നു.
ചെന്നിയിൽ, ഒന്നുരണ്ടു മുടിയിഴകളിൽ നര വീണിരിക്കുന്നു.
അധരങ്ങളും കപോലങ്ങളും വല്ലാതെ നിറം കെട്ടിരിക്കുന്നു.
മിഴികളിൽ കലക്കം ബാക്കിയാവുന്നു.
ഉറക്കച്ചടവിൻ്റെ അരുണിമയും.
അവൾ, വാതിൽ തുറന്ന് പൂമുഖത്തേക്കു വന്നു.
മുറ്റത്ത് വർത്തമാനപ്പത്രം കാത്തുകിടപ്പുണ്ടായിരുന്നു.
വെണ്ടക്കാ തലക്കെട്ടുകൾക്കും, ഇടത്തരം തലക്കെട്ടുകൾക്കുമപ്പുറം,
പ്രാദേശിക വാർത്താകോളത്തിലെ ഇത്തിരിച്ചതുരത്തിൽ ആ വാർത്ത വേറിട്ടു നിന്നു.
“കരിമ്പുലി വിനു പിടിയിൽ.
കഞ്ചാവു കേസിൽ പ്രതിയായി അറസ്റ്റു ചെയ്തു കൊണ്ടുപോകുന്നതിനിടെ പോലീസിനെ കബളിപ്പിച്ചു രക്ഷപ്പെട്ട, കരിമ്പുലി വിനുവെന്ന വിനീതിനെ (19) പോലീസ് അറസ്റ്റു ചെയ്തു.”
വാർത്തകൾ തുടരുകയാണ്.
അവൾ, ആ ചിത്രത്തിലേക്കും പ്രായത്തിലേക്കും ഒരിക്കൽ കൂടി മിഴിയോടിച്ചു.
പിറുപിറുത്തു.”പത്തൊമ്പത് വയസ്സ് ആയിട്ടില്ല, മൂന്നുമാസം കൂടി ബാക്കിയുണ്ട്”
ഓർമ്മയുടെ പിൻവഴികളിൽ ഒരു ധീരജവാൻ്റെ വീരമൃത്യുവും, ഗർഭിണിയായ വിധവയുടെ കാറിക്കരച്ചിലുകളും, മിഴിനീരും കടന്നുവന്നു.
ജീവത്യാഗത്തിനു പകരം, ജോലി ലഭിച്ചതു വളരേ സഹായകരമായി.
പിന്നേയും ഓർമ്മകളിൽ, നിഴൽച്ചിത്രങ്ങൾ തെളിഞ്ഞു.
കാറിക്കരയുന്ന പിഞ്ചുകുഞ്ഞ്,
അവൻ്റെ വളർച്ചയുടെ പല ഘട്ടങ്ങൾ.
കത്തുന്ന യൗവ്വനം, കുത്തിനോവിച്ച രാവുകൾ.
ഇണയായി മാറിയ തലയിണകൾ.
മകൻ്റെ വളർച്ചയും, ഉന്നതിയും മാത്രമായിരുന്നു ജീവിത വ്രതം.
എന്നിട്ടും,
പത്താം ക്ലാസ് കഴിയുമ്പോഴേക്കും അവൻ ചെന്നെത്തിയ ഇരുണ്ട ബന്ധങ്ങൾ.
സദാ ചുവന്നു കലങ്ങിയ അവൻ്റെ കണ്ണുകൾ,
കാളിമ പടർന്ന ചുണ്ടുകൾ.
നിഷേധങ്ങൾ, കയ്യേറ്റങ്ങൾ.
അവൾ, പത്രം മടക്കി ടീപ്പോയിൽ വച്ചു.
അകത്തളത്തിലേക്കു തിരികേ നടന്നു.
ഇന്ന്, ജോലിയുള്ള ദിവസമാണ്.
കൃത്യനിഷ്ഠയുടെ പര്യായമായൊരു ജവാൻ്റെ പത്നി, അവധിയെടുക്കാൻ പാടില്ല.
അവൾ പിറുപിറുത്തു.
“ഞാൻ കരിമ്പുലി വിനുവിൻ്റെ അമ്മ മാത്രമല്ല,
ഒരു ദേശസ്നേഹിയുടെ പത്നി കൂടിയാണ്.
എൻ്റെ ഉത്തരവാദിത്വങ്ങൾ എനിക്കു നിറവേറ്റിയേ തീരൂ”
അവൾ ഉണർന്നു.
ഇന്നിൻ്റെ യാഥാർത്ഥ്യങ്ങളിലേക്ക്,
സധൈര്യം…