നിന്നെ വെറുമൊരു ഭർത്താവായല്ല അവളെ എല്ലാവിധത്തിലും സഹായിക്കാൻ കഴിവുള്ള ഒരാളായി വേണം അവൾക്കു ലഭിക്കാൻ !

രചന: Pratheesh

തനിവ് എന്നെ പെണ്ണു കാണാൻ വന്നപ്പോൾ അച്ഛനും അമ്മയും ചേട്ടനും അടക്കം ആർക്കും അവനെ ഇഷ്ടമായതേയില്ല,

ഞാനാണെങ്കിൽ സ്ഥിരം പെണ്ണുകാണലുകൾക്കു പ്രകടിപ്പിക്കാറുള്ള അതെ റെഡിമെയ്ഡ് ഭാവങ്ങളുമായി മുഖത്തു ചിരി വരുത്തി പാവ കണക്കേ നിന്നു കൊടുക്കുക മാത്രമാണു ചെയ്തത് !

അവൻ വന്നു പെണ്ണു കണ്ടു ഇറങ്ങിയതും തനിവിന് സ്വന്തക്കാരോ ബന്ധുക്കളോ ആരും തന്നെ ഇല്ലെന്നു മനസിലായതും വീട്ടുകാർ എല്ലാവരും ചേർന്ന് അപ്പോൾ തന്നെ ആ ബന്ധം വേണ്ടന്നു തീരുമാനിച്ചു,

അവനു സ്വന്തമായൊരു വീടും, കൊള്ളാവുന്നൊരു ജോലിയും, കാണാൻ അത്ര മോശമല്ലാത്തൊരു ശരീരപ്രകൃതവും, നല്ലൊരു ജീവിതസാഹചര്യവും ഉണ്ടെന്നുള്ളതൊന്നും ആയിരുന്നില്ല അപ്പോൾ അവർക്കുള്ളിലെ ചിന്ത,

ആരും ഇല്ലാത്ത ഒരു വീട്ടിലേക്ക് ഒരു പെൺകുട്ടിയേ കെട്ടിച്ചു വിട്ടാൽ പിന്നെ അവിടത്തെ കാര്യങ്ങളെല്ലാം വിട്ട് സ്വന്തം വീട്ടിലെ ഒരാവശ്യത്തിനും ഒന്നു വന്നു നിൽക്കാൻ പോലും അവൾക്കു സാധിക്കില്ല എന്നതായിരുന്നു അവരുടെയെല്ലാം കണ്ടെത്തൽ !

ഭർത്താവ് ഒറ്റക്കേ വീട്ടിലുണ്ടാവു എന്നുള്ളതു കൊണ്ട് ആ വീടുവിട്ടു നിൽക്കുക എന്നത് എപ്പോഴും മകൾക്കു ബുദ്ധിമുട്ടാവുമെന്നും,
എവിടെ പോയാലും എത്ര വൈകിയാലും അന്നേക്കു തന്നെ തിരിച്ചും വരണം എന്നതും,

അതും പോരാതെ ഭർത്താവു ജോലിക്കു പോയാൽ ആ വീട്ടിൽ ഒന്നു മിണ്ടാനോ പറയാനോ ആരും കൂട്ടും ഉണ്ടാവില്ലാ എന്നതുമൊക്കെയാരുന്നു വളരെ വേഗം തന്നെ അങ്ങനൊരു തീരുമാനത്തിലേക്ക് എത്തിച്ചേരുന്നതിന് അവർ കണ്ടെത്തിയ കാരണങ്ങൾ !

അവൻ എന്നെ വന്നു പെണ്ണു കണ്ടിറങ്ങി പോയ ആ സമയം തന്നെയായിരുന്നു അവരിതെല്ലാം സംസാരിച്ചത്, വീട്ടിലെ ഹാളിലിരുന്ന് അവർ സംസാരിക്കുന്ന കാര്യങ്ങളെല്ലാം എനിക്കു മുറിയിലിരുന്നു കൊണ്ടു തന്നെ കേൾക്കാമായിരുന്നു,

എന്നാൽ അവനെ ഒഴിവാക്കാനുള്ള വീട്ടുകാരുടെ കാരണങ്ങൾ എന്തോ എനിക്കത്രക്കങ്ങു ഇഷ്ടായില്ല,
അവർ അവനെ വേണ്ടാന്നു തീർത്തും തീരുമാനിച്ചപ്പോഴാണ് എന്റെ ഒാർമ്മകളിൽ അവന്റെ രൂപം ഞാൻ തിരഞ്ഞു ചെല്ലാൻ തുടങ്ങിയത് !

മുറി വിട്ടു ഞാൻ പുറത്തു വന്നതും എന്നെ കണ്ട അച്ഛൻ എന്നോടു പറഞ്ഞു ” ഇതു നമുക്ക് ശരിയാവുമെന്നു തോന്നുന്നില്ല മോളെ ” എന്നു പറഞ്ഞതും ഞാൻ അവരേ നോക്കി പറഞ്ഞു,

” എനിക്ക് അയാളെ ഇഷ്ടമായി എനിക്കയാളെ മതി ! “അതുകേട്ടതും അവരെല്ലാം ഒന്നു ഞെട്ടിയോ എന്നൊരു സംശയം,

അതേ തുടർന്ന് അവരെല്ലാം പരസ്പരം നോക്കുകയും അത്ഭുതപ്പെടുകയും അതേ തുടർന്നെന്നെ അതിന്റെ പല ദോഷവശങ്ങളും പറഞ്ഞു പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഞാനതൊന്നും ചെവി കൊണ്ടില്ല !

ഒരാൾക്ക് ആരും ഇല്ലാ എന്നതു കൊണ്ട് അയാളെ ഒറ്റപ്പെടുത്തുന്നതിനോട് എനിക്കെന്തോ വിയോജിപ്പായിരുന്നു,
ഇരുപതു വർഷം മുന്നേ മരിച്ച അച്ഛനും ഒന്നര വർഷം മുന്നേ മരിച്ച അമ്മയും വഴി ഒരാൾ ഒറ്റക്കായി പോയത് അയാളുടെ കുറ്റമല്ലല്ലോ ? എന്നാണു ഞാൻ ചിന്തിച്ചത് !

അമ്മ പലതും പറഞ്ഞ് എന്നെ അതിൽ നിന്നു വല്ലാതെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതും ഞാനമ്മയോടു പറഞ്ഞു,

അമ്മയുടെ കാഴ്ച്ചപാട് ആണ് തെറ്റ് !
കല്യാണശേഷം എനിക്ക് അവിടം വിട്ട് ഇവിടെ വന്നു നിൽക്കണമെങ്കിൽ മറ്റുള്ളവരെ പോലെ ഒരു വീട്ടുകാരുടെ മൊത്തം സമ്മതം ഒന്നും വേണ്ട ഭർത്താവിന്റെ മാത്രം മതി !

പിന്നെ ഒരത്യാവശ്യത്തിന് സ്വന്തം വീട്ടിൽ രണ്ടു ദിവസം കൂടുതൽ നിൽക്കണമെങ്കിൽ ആ വീടും പൂട്ടി കെട്ട്യോനെയും കൂടെ കൂട്ടി ഇവിടെ വന്നു നിൽക്കാൻ അങ്ങേരോടല്ലാതെ മറ്റാരോടും ചോദിക്കേണ്ടതുമില്ല,

ഇനി മിണ്ടാനും പറയാനും ആണെങ്കിൽ കല്യാണശേഷം ഞാനെന്തായാലും ജോലിക്കു പോകും പിന്നെ രാത്രി മിണ്ടാൻ കെട്ട്യോനുണ്ടാവുമല്ലോ ?

ഞാനതെല്ലാം പറഞ്ഞതും അമ്മക്കു മനസിലായി ഞാനെന്റെ തീരുമാനത്തിൽ ഉറച്ചു തന്നെയാണുള്ളതെന്ന് !
വീണ്ടും ഞാനമ്മയേ നോക്കി ഒന്നു കൂടി ചോദിച്ചു,

അമ്മ ഈ ഇല്ലായെന്നു പറയുന്നതെല്ലാം അച്ഛന്റെ വീട്ടിലുണ്ടായിട്ടും അമ്മ ഈ കാലമത്രയും എത്ര ദിവസം സ്വന്തം വീട്ടിൽ പോയി നിന്നിട്ടുണ്ടെന്ന് ?
അതും കൂടി കേട്ടതോടെ അമ്മ ഒന്നഴഞ്ഞു,

പിന്നെ എല്ലാം വളരെ വേഗത്തിലായിരുന്നു വളരെ ഗംഭീരമായി തന്നെ തനിവ് കവിതയെന്ന ഞാനുമായുള്ള വിവാഹം നടന്നു,

എന്നാൽ വിവാഹശേഷം ആദ്യമായി വീട്ടിലെക്കുള്ള സാധനങ്ങൾ വാങ്ങാൻ സൂപ്പർ മാർക്കറ്റിൽ പോയപ്പോൾ തന്നെ തനിവ് ഒട്ടും ആവശ്യമില്ലാത്ത പാക്കറ്റിലുള്ള അത്തിപ്പഴവും എന്തിന്റെയൊക്കയോ ചില

എസൻസുകളും പിന്നെ അതുപോലെ എന്തൊക്കയോ സാധനങ്ങൾ വാങ്ങാൻ തുടങ്ങയതോടെ ഞാനതിനെ എതിർത്തു എന്നാൽ അതിവൻ “ചിലപ്പോൾ ഇതെല്ലാം നമുക്ക് ആവശ്യം വന്നാലോ” എന്നു പറഞ്ഞപ്പോൾ എനിക്ക് കൂടുതൽ ദേഷ്യം വരുകയാണു ചെയ്തത്,

ആവശ്യം വന്നാൽ വീട്ടിൽ കാറും തൊട്ടടുത്തായി സൂപ്പർ മാർക്കറ്റും ഉള്ളപ്പോൾ വീട് സൂപ്പർ മാർക്കറ്റ് ആക്കേണ്ട കാര്യമില്ലാല്ലോ എന്നാണു എനിക്കു തോന്നിയത് !

എന്നാലും അങ്ങേരതൊന്നും മടക്കി കൊടുത്തില്ല പിന്നെ തുടക്കം തന്നെ തല്ലി പിരിയണ്ടല്ലോ എന്നു കരുതി അന്നു ഞാനും അതങ്ങു ക്ഷമിച്ചു,

അവിടുന്ന് ഒന്നു രണ്ടു ദിവസത്തിനു ശേഷം ഒാഫീസു വിട്ടു വരുമ്പോൾ വിളിക്കാൻ വരാൻ ലേറ്റായതിന്റെ പേരിൽ ഞാൻ തനിവുമായി പിണങ്ങി അന്ന് ഇനി ഒന്നും ഉണ്ടാക്കുന്നില്ലെന്നും വേണമെങ്കിൽ അങ്ങേര് ഹോട്ടലിൽ നിന്നു വാങ്ങി

കഴിക്കട്ടെ എന്നു കരുതി ഞാൻ മുറിയിൽ തന്നെ പിണങ്ങി കുത്തിയിരുന്നു ലേറ്റായാൽ ഇങ്ങനെയും ചില കുഴപ്പങ്ങളുണ്ടാവും എന്നു അങ്ങര് മനസിലാക്കട്ടെന്നു വിചാരിച്ച്,

വന്ന് ഒന്നും കഴിക്കാത്തതു കൊണ്ടു തന്നെ അന്നു ആദ്യമായി ഒരമ്മായിയമ്മ വീട്ടിലുണ്ടായിരുന്നേൽ അവർ എന്തെങ്കിലും ഒക്കെ ഉണ്ടാക്കി വെക്കുമായിരുന്നു എന്നു ഞാൻ മനസിലോർത്തു ആ ഒരു കുറവിലേക്ക് വെറുതെയെങ്കിലും എന്റെ മനസു കടന്നു ചെന്നു,

ആ സമയം ഭർത്താവൊരു ഗ്ലാസ്സിൽ എന്തോ കൊണ്ട് എന്റെ അടുത്തു വന്നു എന്റെ നേരെ അതു നീട്ടി കൊണ്ട് എന്നോടു ചോദിച്ചു,

പിണക്കം ഇതുവരെ മാറിയില്ലെ ?
എതായാലും ഈ ജൂസ്സ് കഴിക്ക് എന്നു പറഞ്ഞു ആ ഗ്ലാസ്സ് എന്റെ നേരേ നീട്ടിയതും വാങ്ങണമോ വേണ്ടയോ എന്നു ഞാൻ ഒന്നാലോചിച്ചെങ്കിലും ജൂസ്സായതു കൊണ്ടും വിശക്കുന്നതു കൊണ്ടും ഞാനത് വാങ്ങി പതിയെ കുടിക്കാനാരംഭിച്ചു,

ഞാനങ്ങിനൊരു ജൂസ്സ് അന്നാദ്യമായി കഴിക്കുകയായിരുന്നു അതെന്താണെന്നു പോലും മനസിലായില്ല എന്നാൽ അതീവ രുചിയുള്ളതായിരുന്നു അത് പിണക്കം ഉള്ളിലുണ്ടായിരുന്നിട്ടും അതിന്റെ രുചി

കാരണം അതു മുഴുവൻ കുടിച്ചു അതു കഴഞ്ഞതും അതെന്തു ജൂസ്സാണെന്നു ചോദിച്ചതും അങ്ങേരു പറഞ്ഞു,

അന്നു നമ്മൾ വാങ്ങിയില്ലെ അത്തിപ്പഴം അതു കൊണ്ടുണ്ടാക്കിയതാണെന്ന് !
എനിക്കു ശരിക്കും അത്ഭുതമായി ഇങ്ങേർക്കിതെല്ലാം ഉണ്ടാക്കാൻ അറിയുമോ എന്നതരത്തിൽ,

തുടർന്ന് തനിവ് ചോദിച്ചു നമുക്ക് ഡിന്നർ ഉണ്ടാക്കേണ്ടേയെന്ന് ?
അപ്പോൾ എനിക്കു മനസിലായി അങ്ങേര് ജൂസ്സ് ഉണ്ടാക്കി തന്നു മയക്കി എന്നെ കൊണ്ട് ഡിന്നർ ഉണ്ടാക്കിക്കാനുള്ള പരിപാടിയാണെന്ന് അതൊടെ ഞാൻ

വീണ്ടും പഴയ പിണക്കത്തെ കൂട്ടു പിടിച്ചു കൊണ്ട് എനിക്കു ഭയങ്കര ക്ഷീണം ഒരു മൂഡില്ലാന്നു പറഞ്ഞു,
വേണമെങ്കിൽ ഹോട്ടലിൽ നിന്നു വാങ്ങിക്കോട്ടെയെന്നു കരുതിയാണ് ഞാനത് പറഞ്ഞത് എന്നാലവിടെയും എന്നെ ഞെട്ടിച്ചു കൊണ്ട് തനിവ് ചോദിച്ചു,

എന്നാൽ ഇന്നത്തെ ഡിന്നർ ഞാനുണ്ടാക്കട്ടെന്നു ?
ഞാനതൊരവസരമായി കണ്ട് വേഗം അങ്ങേരേ നോക്കി തലയാട്ടിയതും ജൂസ്സിന്റെ ഒഴിഞ്ഞ ഗ്ലാസ്സും എടുത്തു കൊണ്ട് തനിവ് മുറി വിട്ടിറങ്ങി പോയി,

ബ്രഡ് ചൂടാക്കി ഒാംലറ്റ് ഉണ്ടാക്കാനുള്ള പരിപാടിയായിരിക്കാം എന്നു പ്രതീക്ഷിച്ചിരിക്കേ കുറച്ചു കഴിഞ്ഞതും അടുക്കളയിൽ നിന്നു നല്ല രുചിയൂറും മണം കടന്നു വരാൻ തുടങ്ങി എന്റെയുള്ളിൽ വീണ്ടും അത്ഭുതത്തിന്റെ തിരയിളക്കം തുടങ്ങി,

കുറച്ചു കഴിഞ്ഞതും തനിവ് വന്നെന്നെ ഡിന്നർ കഴിക്കാൻ വിളിച്ചു ഡൈനിങ്ങ് ടേബിളിൽ എല്ലാം ഒരുക്കി വെച്ചാണ് വിളിച്ചത് ഞാൻ അങ്ങോട്ടു ചെന്നതും എന്നെ പിടിച്ച് കസേരയിലിരുത്തി തനിവ് തന്നെയാണ് എല്ലാം വിളമ്പി തന്നതും ചപ്പാത്തിയും എന്തോ കറിയും !

അതു കഴിച്ചു നോക്കിയതും എന്റെ കിളി പോയി ചെറിയൊരു മധുരം തോന്നുന്ന നല്ല ഒന്നാന്തരം കറി, തുടർന്ന് മുഖം കൊണ്ട് ഇതെന്തു കറിയാണെന്നു ചോദിച്ചതും എന്നോടു പറഞ്ഞു,

ഇതാണ് ” നവരത്ന കുറുമ ” !അങ്ങിനെയും ഒരു കറിയോ ഞാൻ അത്ഭുതപ്പെട്ടു പിന്നെ തോന്നി

അമ്മയില്ലാതെ ഒറ്റക്ക് ജീവിക്കാൻ തുടങ്ങിയപ്പോൾ പഠിച്ചാതാവും എങ്കിലും ഉണ്ടാക്കാനറിയുന്നത് നല്ല രുചിയോടെ ഉണ്ടാക്കാനുള്ള കഴിവുണ്ടെന്ന് അന്നെനക്കു മനസിലായി,

പിന്നെ എന്തെങ്കിലും ഒക്കെ പറഞ്ഞു അങ്ങേരുമായി ഇടക്കിടെ പിണങ്ങുന്നത് എനിക്കൊരു ഹോബിയായി എന്റെ പിണക്കം മാറ്റാൻ എപ്പോഴും ഒരോതരം ജൂസ്സുമായി തനിവ് വന്നു കൊണ്ടെയിരുന്നു,
എന്നാൽ തനിവ് ഇതെല്ലാം എവിടുന്നാണ് പഠിച്ചതെന്നു മാത്രം മനസിലായില്ല,

പാവം തനിവ് ഒരിക്കൽ പോലും എന്നോടു വഴക്കിടുകയോ ദേഷ്യം പിടിക്കുകയോ ഒന്നും ചെയ്തില്ല, എന്നെ തനിവിന് ജീവനായിരുന്നു എന്നതും, ഞാൻ കൂടി അവനെ വിട്ടു പോയാലോ എന്ന തനിവിന്റെ പേടിയേയും ഞാൻ ശരിക്കും മുതലെടുത്തു

ഇതിനൊക്കെയിടയിലും പലപ്പോഴും പല തരം വിഭവങ്ങൾ ഉണ്ടാക്കി അവനെന്നെ അത്ഭുതപ്പെടുത്താറുണ്ടായിരുന്നു,

ഒരിക്കൽ ഒരു ഞായറാഴ്ച്ച ദിവസം അയൽവാസിയായ ഒരു സ്ത്രീ വന്ന് തനിവിനോട് അവരുടെ മകന് മുന്നേ എപ്പഴോ തനിവ് ഉണ്ടാക്കി കൊടുത്ത ഒരു പായസം ഒന്നു കൂടി ഉണ്ടാക്കി തരാമോ എന്നു ചോദിച്ചതും തനിവ് ഉടനെ അതിനു സമ്മതിച്ചു,

തുടർന്ന് തനിവ് വേഗം പോയി അതിനുള്ള സാധനങ്ങളെല്ലാം വാങ്ങി വന്ന് പായസം ഉണ്ടാക്കാൻ തുടങ്ങി, ഞാൻ ചുമ്മാ നോക്കി നിന്നു എനിക്കു പോലും പായസം ഉണ്ടാക്കാൻ അറിയില്ലായിരുന്നു, ഉണ്ടാക്കി കഴിഞ്ഞപ്പോഴാണ് ഞാൻ പോലും അത് പൈനാപ്പിൾ പ്രഥമനാണെന്ന് അറിയുന്നത്

അവർക്കു കൊടുത്ത ശേഷം അന്നു വീട്ടിൽ പോകുമ്പോൾ അതിൽ നിന്നു കുറച്ചധികം എടുത്ത് ഞാൻ വീട്ടിലും കൊണ്ടു പോയി എല്ലാവർക്കും കൊടുത്തു അതു കുടിച്ച അവർക്കെല്ലാം തന്നെ അതിശയം അതവൻ തന്നെ ഉണ്ടാക്കിയതാണോന്ന് ?
അവർക്കെല്ലാം തന്നെ അത് അത്രക്ക് ഇഷ്ടപ്പെട്ടിരുന്നു,

അത്ഭുതത്തിന്റെ കൊടുമുടി കയറിയ ഞാൻ അന്നു രാത്രി അവനോടൊത്തിരിക്കുമ്പോൾ അവനോടു ചോദിച്ചു ഇതൊക്കെ എങ്ങിനാ പഠിച്ചതെന്ന് ?

ഒന്നു ചിരിച്ചു കൊണ്ട് എന്നെ നോക്കി ഒറ്റ വാക്കിൽ അവൻ അതിനൊരുത്തരം പറഞ്ഞു,അമ്മ !

അതു കേട്ട് വീണ്ടും അത്ഭുതത്തോടെ ഞാനവനെ നോക്കവേ അവൻ വീണ്ടും എന്നോടു പറഞ്ഞു,

കവിതാ,
ചെറുപ്പം മുതലേ എന്റമ്മ ഒരോ വിഭവമുണ്ടാക്കുമ്പോഴും എന്നെയും അമ്മക്കൊപ്പം അടുക്കളയിൽ കൊണ്ടിരുത്തും തുടർന്ന് അതെല്ലാം ഒരോന്നായി അമ്മ എന്നേയും പഠിപ്പിച്ചു കൊണ്ടെയിരുന്നു,

അന്നമ്മ എന്നോടു പറഞ്ഞു,
നീ വലുതായി കല്യാണം കഴിക്കുമ്പോൾ ആ പെണ്ണിനുള്ള എന്റെ സമ്മാനമാണിത് !
എന്റെ മോനെ കല്യാണം കഴിക്കുന്നവൾ അവളെ അടുക്കളക്കാരിയാക്കി

മാറ്റിയെന്നോ, അവളുടെ ജീവിതത്തിന്റെ നല്ലൊരു ശതമാനം അടുക്കളയിലായി പോയെന്നോ പറയാൻ പാടില്ലെന്നുള്ളത് !അവൾക്ക് നിന്നെ കിട്ടിയത് എല്ലാം കൊണ്ടും ഭാഗ്യമായി തോന്നണം,

ഒരു കുടുംബത്തിൽ ഒരേ കാര്യം രണ്ടാൾക്കും അറിഞ്ഞിരിക്കുന്നത് അതാ കുടുംബ ബന്ധത്തിന് കൂടുതൽ ദൃഢത നൽകും !

നിന്നെ വെറുമൊരു ഭർത്താവായല്ല അവളെ എല്ലാവിധത്തിലും സഹായിക്കാൻ കഴിവുള്ള ഒരാളായി വേണം അവൾക്കു ലഭിക്കാൻ !

ഭാര്യയേ സ്നേഹിക്കാനുള്ള എറ്റവും നല്ല എളുപ്പവഴി അവളെ എല്ലാ വിധത്തിലും അറിയാനും മനസിലാക്കാനും സഹായിക്കാനും കഴിയുന്ന ഒരാളാവുക എന്നതാണ്, നിന്നെ ഞാൻ പഠിപ്പിക്കുന്നത് പാചകം എന്നതിനോടൊപ്പം ഈ കാര്യം കൂടിയാണ് !

നിങ്ങളിലെ ചില സൗന്ദര്യപിണക്കങ്ങൾക്ക് ഇണക്കത്തിലേക്കുള്ള ഒറ്റമൂലിയാവാനും ഇത്തരം രുചികൂട്ടുകൾക്കു കഴിയും !

അവൾക്കും നിനക്കും നിനക്കുണ്ടാവുന്ന കുടുംബത്തിനും വേണ്ടിയാണ് നിന്നെ ഞാനിതെല്ലാം പഠിപ്പിക്കുന്നത്
എന്റെ മകനു വേണ്ടി ആരും അവരുടെ സമയം നഷ്ടപ്പെടുത്താൻ പാടില്ലെന്നതും എനിക്ക് നിർബന്ധമുണ്ട് !

മാത്രമല്ല ഇങ്ങനെയൊരു ഭർത്താവിനെ കൊടുത്തതിൽ അവൾക്ക് എന്നോടും കൂടുതൽ ഇഷ്ടമുണ്ടാവും !

അവനതു പറഞ്ഞു നിർത്തിയപ്പോൾ ആ നിമിഷം ആ അമ്മയേ കാണാൻ കഴിയാതെ പോയതിൽ എനിക്കും വളരെ വിഷമം തോന്നി, ഒപ്പം അവനെ ഭർത്താവായി ലഭിച്ചതിലും തിരഞ്ഞെടുത്തതിലും

എനിക്ക് അഭിമാനവും സന്തോഷവും ഒന്നിച്ച് തോന്നി തുടർന്ന് അവന്റമ്മയോടുള്ള സ്നേഹവും ചേർത്ത് ഞാൻ തിനിവിനെ ചേർത്ത് കെട്ടിപ്പിടിച്ചു !

ഇന്ന് എന്റെ അടുക്കളയിൽ എനിക്കൊപ്പം എന്റെ അഞ്ചു വയസ്സുകാരൻ മകൻ ദേവിക് കൂടെയുണ്ട് പാചകം അടക്കം എനിക്കറിയാവുന്നതെല്ലാം ഞാനും ഇന്നവനെ പഠിപ്പിക്കുന്നുണ്ട്,

എനിക്കു വേണ്ടി ഒരമ്മ സ്നേഹപ്പൂർവ്വം സൃഷ്ടിച്ച അറിവിനെ മറ്റൊരുത്തിക്കു വേണ്ടി ഇന്നു ഞാനും അവനിലൂടെ പുനർസൃഷ്ടിക്കുന്നുണ്ട് !

 

Leave a Reply

Your email address will not be published. Required fields are marked *