കണ്ണിമാങ്ങകൾ
(രചന: രഘു കുന്നുമ്മക്കര പുതുക്കാട്)
മണ്ണളന്നു കാലുകൾ നാട്ടി പിന്തിരിയുമ്പോഴാണ്, രഘുവിൻ്റെ ശ്രദ്ധയിലേക്ക് ആ വൃദ്ധ കടന്നുവന്നത്.
സ്ഥലമുടമ ലോഹിതാക്ഷൻ്റെ അതേ പകർപ്പ്.
മൂത്ത സഹോദരിയാകാം, തീർച്ച.
“മോനേ,
ഞാൻ ലോഹീടെ മൂത്ത ചേച്ചിയാണ്.
ലോഹിക്കൊപ്പം തൊട്ടയൽവക്കത്തു തന്നെയാണ് താമസിക്കുന്നത്.
മോൻ്റെ നാടെവിടെയാണ്?
വീടു വയ്ക്കാനാണോ ഈ സ്ഥലം വാങ്ങീത്?”
രഘു, അവരേ നോക്കി പുഞ്ചിരിച്ചു.
കാലം തീർത്ത ചുളിവുകൾക്ക്, അവരുടെ മുഖത്തിൻ്റെ പ്രൗഢിയിൽ അധിനിവേശം നടത്താൻ സാധിച്ചിട്ടില്ലെന്ന് അയാൾ അതിശയത്തോടെ ഓർത്തു.
“അതേ വലിയമ്മേ,
വീടു പണിയാനാണ്.
എൻ്റെ വീട് കുറച്ചു ദൂരെയാണ്.
ബ്രോക്കർ മുഖേനയാണ് ഞാനീ സ്ഥലമെടുത്തത്”
വൃദ്ധയുടെ ശ്യാമം കുടിയേറിയ മിഴിത്തടങ്ങൾ ഒന്നു പിടഞ്ഞു.
ആ കണ്ണുകളിൽ കഴിഞ്ഞകാലത്തിൻ്റെ സംഭവവിഗതികളുടെ സാഗരമലയടിക്കുന്നതായി തോന്നി.
അകലേക്കു കണ്ണും നട്ട്,
അവർ പിറുപിറുത്തു.
“ഏക്കറുകളുണ്ടായ പുരയിടത്തിലെ അവസാന ആറു സെൻ്റും അന്യാധീനപ്പെട്ടിരിക്കുന്നു.
ഇനി പുരയിരിക്കുന്ന പത്തു സെൻ്റു മാത്രം ബാക്കി.
കുലം മുടിക്കാൻ, ഇങ്ങനെയൊരാങ്ങള മതി.
അവനു വിറ്റല്ലേ ശീലം,
വിത്തു കുത്തിയാണ് അവനും കുടുംബവും കഴിഞ്ഞുകൂടണത്.
ഇനിയില്ലല്ലോ ബാക്കി,
അത്രയുമാശ്വാസം.
മോൻ, വെഷമിക്കണ്ടാ ട്ടാ,
പറഞ്ഞ പണം കൊടുത്താ വാങ്ങിച്ചേന്നറിയാം.
ഉള്ളിലെ സങ്കടം, അറിയാതെ പറഞ്ഞുപോയതാണ്”
രഘുവിൻ്റെ ഉള്ളിലൊരു വിമ്മിട്ടമുണ്ടായി.
അതു മൗനത്തിലൊതുക്കി, പതിയേ കാറിന്നരികത്തേക്കു നടക്കുമ്പോൾ,
വൃദ്ധ പിൻവിളി വിളിച്ചു.
“മോനേ, പുര പണിയുമ്പോ ഈ മാവു മുറിക്കുമോ?
നൂറ്റാണ്ടു പഴക്കമുള്ള മാവാണ്.
നിറയെ കടുമാങ്ങയുണ്ടാകും.
ഒന്നരാടം വർഷമേ കായ്ക്കൂ.
ഇത്തവണ നിറയേ കണ്ണിമാങ്ങയുണ്ടായിട്ടുണ്ട്.
കോടൻ ഭരണിയിലുപ്പിലിട്ടു വയ്ക്കാറാ പതിവ്,
നല്ല രുചിയാണ്,
വിരൽ കടിക്കാൻ തോന്നണ രുചി.
പഴുത്താലോ;
എന്തു സുഗന്ധമാണെന്നോ, മാങ്ങയ്ക്ക്.
എത്ര ആസ്വദിച്ചാലും കൊതി തീരില്ല.
മോനിതു മുറിക്കുമോ?
ഇതിൻ്റെ താഴത്തെ ശിഖരത്തിലാണ്, എൻ്റെ അനുജത്തി……”
വൃദ്ധ, സംസാരം പൊടുന്നനേ നിർത്തി.
ഒന്നു വീർപ്പെടുത്തു.
വീണ്ടും പറയാൻ തുടങ്ങി.
“അവൾക്കൊരിഷ്ടമുണ്ടായിരുന്നു.
അവൻ ഇല്ലായ്മക്കാരനായിരുന്നു.
അന്ന് ഞങ്ങള് ഭൂപ്രഭുക്കളല്ലേ,
ആരും സമ്മതിച്ചില്ല.
അവള് പക്ഷേ, എല്ലാരേയും തോൽപ്പിച്ചു
കളഞ്ഞു.
മരിച്ചത് നന്നായി.
അല്ലെങ്കിൽ, എന്നേപ്പോലേ അവളും മോനോടു കിഞ്ചന പറയാൻ വന്നേനേ”
അയാൾ ആ മാവിലേക്കു നോക്കി.
ഒരുപാടു ഋതുക്കളേയറിഞ്ഞ മരം.
നിറയെ കണ്ണിമാങ്ങകൾ.
പൂക്കുലകൾ.
പക്ഷേ, താൻ നിസ്സഹായനാണ്.
ഒരു വീട് എന്നത്, തൻ്റെ ഏറ്റവും വലിയ ആവശ്യമാണ്.
അയാൾ കാറിലേക്കു കയറി, പതിയേ ഓടിച്ചു പോയി.
കാറിൻ്റെ കണ്ണാടിയിൽ വൃദ്ധയുടെ രൂപം തെല്ലുനേരം തങ്ങിനിന്നു.
കാഴ്ച്ചകൾ മറഞ്ഞു.
രണ്ടാഴ്ച്ചക്കു ശേഷം, രഘു വീണ്ടും അതേ തൊടിയിലേക്കെത്തി.
കാതലിച്ച ശീമക്കൊന്നവേലിയ്ക്കപ്പുറത്തേ ചെറിയ വീട്ടിലെ തുറന്നിട്ട ജാലകത്തിലൂടെ,
വൃദ്ധ അവനേ നോക്കി പുഞ്ചിരിച്ചു.
തെല്ലുനേരം കഴിഞ്ഞ്,
ഒരു പെട്ടിഓട്ടോയിൽ കുറേയാളുകൾ തൊടിയിൽ വന്നിറങ്ങി.
അവരുടെ കയ്യിൽ,
വൈദ്യുത വാളുകളും, കോടാലിയും കയറുമെല്ലാമുണ്ടായിരുന്നു.
അവർ മുത്തശ്ശിമാവിനെ അടിമുടി വീക്ഷിച്ചു.
ഇലക്ട്രിക് കട്ടറിൻ്റെ ശബ്ദം എങ്ങും മുഖരിതമായി.
ശാഖകൾ ഓരോന്നായി നിലം പറ്റി.
പൂക്കുലകളും കണ്ണിമാങ്ങകളും ചിതറി.
പക്ഷിക്കൂടും, പറക്കമുറ്റാകുഞ്ഞുങ്ങളും ചതഞ്ഞരഞ്ഞു.
വൻമരം കടയറ്റുവീണപ്പോൾ ഭൂമിയൊന്നുലഞ്ഞ പോലെ തോന്നി.
പച്ചിലകളുടെ ദുർഗ്ഗം തകർന്നപ്പോൾ, വേനൽവെയിൽ പറമ്പിലാകെ
തീ വിതച്ചു.
രഘു, കയ്യിൽ കരുതിയ വലിയ പ്ലാസ്റ്റിക് കവറിലേക്കു കണ്ണിമാങ്ങകൾ ആവുന്നത്ര പെറുക്കിയിട്ടു.
കവർ നിറഞ്ഞപ്പോൾ, അതുമായി അങ്ങേ വീട്ടിലേക്കു നടന്നു.
ജാലകം തുറന്നുകിടപ്പുണ്ടായിരുന്നു.
അവിടേയ്ക്കു ചെന്ന്, അയാൾ നീട്ടിവിളിച്ചു.
“ഇന്നാ വലിയമ്മേ, നിറയെ കണ്ണിമാങ്ങകൾ.
ഉപ്പിലിട്ടു വച്ചോളൂ”അകമുറിയിൽ നിന്നും, തേങ്ങലിൽ ചിലമ്പിച്ച ശബ്ദം ചിതറി വന്നു.
“വേണ്ടാ മോനേ,
അതു മോനെടുത്തോളൂ.
ഭാര്യയോട്, ഉപ്പിലിട്ടു വയ്ക്കാൻ പറയണം.
കുട്ടികൾക്കും കൊടുക്കണം.
അവരോട് ഈ മുത്തശ്ശിമാവിനെക്കുറിച്ചു പറയണം.
അതിൻ്റെ താഴേച്ചില്ലയിൽ പിടഞ്ഞാടിയ ജീവനേക്കുറിച്ചോർക്കണം.
മാവിനൊപ്പം, അവളുടെ ഓർമ്മകൾക്കും എന്നിൽ നിന്നും മോക്ഷം ലഭിക്കട്ടേ”
വിളറിച്ചുളിഞ്ഞ കൈത്തണ്ടകൾ നീണ്ടു വന്നു, ജാലകക്കതകടച്ചു.
രഘു തെല്ലിട നിശബ്ദനായി നിന്നു.
മെല്ലെ പിന്തിരിഞ്ഞു നടന്നു.
കയ്യിലെ കണ്ണിമാങ്ങാക്കവറിനിപ്പോൾ എടുത്താൽ പൊന്താന്ത ഭാരം തോന്നുന്നു.
കരിങ്കല്ലിനേക്കാൾ കനം.
അയാൾ നടന്നുനീങ്ങി.
മാവിലകളേയും, മാമ്പൂക്കളേയും ചവുട്ടി ഞെരിച്ചുകൊണ്ട്.
ജീവിതത്തിൻ്റെ പുതിയ വഴിത്തിരിവിലേക്ക്,അപ്പോളും,തീവെയിലാളുന്നുണ്ടായിരുന്നു.