ലിവിംഗ് ടു ഗെതർ
(രചന: Navas Amandoor)
“”വീണേ.. ഒരു ചായ.’അടുക്കള ഭാഗത്തേക്ക് തിരിഞ്ഞു ന്യൂസ് പേപ്പറെടുത്ത് ഹരി ചായക്ക് വിളിച്ചുപറഞ്ഞു. അപ്പോൾ തന്നെ വീണ ഹരിയുടെ അടുത്തേക്ക് വന്ന് തീ പാറും നോട്ടം നോക്കി.
“അവളുമായി ലി വിംഗ് ടു ഗെതറായി ജീവിക്കാൻ തന്നെയാണോ നിങ്ങളെ തീരുമാനം…?”
“ഏത് അവൾ …?””ഹോ… ഒന്നും അറിയാത്തത് പോലുള്ള അഭിനയം.. അടിപൊളി.”
ഒന്ന് ഉറങ്ങിയുണർന്നപ്പോൾ വീണക്ക് വട്ടായോ എന്നാണ് ഹരിയുടെ മനസ്സിൽ.. ഇന്നലെ ഒരു കുഴപ്പമില്ലതെ കെട്ടിപിടിച്ചു കിടന്നുറങ്ങിയ പെണ്ണാണ്.
രാവിലെ ഒരു കട്ടൻ ചായ ചോദിച്ചപ്പോൾ ചായ തന്നില്ലെന്ന് മാത്രമല്ല ഏതോ ഒരുത്തിയെ ലി വിംഗ് ടു ഗെതറാക്കാൻ പോണെന്നുള്ള ശകാരം.
കല്യാണത്തിന് മുൻപ് അങ്ങനെ ബന്ധനങ്ങൾ ഇല്ലാതെ ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന ആണുങ്ങൾ കുറവാണ്.
പക്ഷെ കല്യാണം കഴിഞ്ഞു കുറച്ചു വർഷം കഴിഞ്ഞാൽ അങ്ങനെ മതിയായിരുന്നു എന്ന് ചിന്തിക്കുന്ന ആണുങ്ങൾ കൂടുതലുമാണ്.
“ചേട്ടൻ അവളെ എന്നും വിളിക്കാറുണ്ടോ..?””ഏത് അവളെ…””അല്ലെങ്കിലും വിളി കുറവായിരിക്കും ചാറ്റ് അല്ലെ…
ഏത് സമയത്തും ഈ കുന്തത്തിൽ കുത്തിക്കൊണ്ട് ഇരിക്കുമ്പോൾ ഞാൻ ഇങ്ങനെയൊന്നും കരുതിയില്ല ന്റെ കൃഷ്ണാ..”
സിറ്റൗട്ടിൽ ഇരുന്ന് പേപ്പർ വായിക്കുന്ന ഹരിയുടെ അരികിൽ വന്ന് ഇതുപോലെ കുറച്ചെന്തെങ്കിലും പറഞ്ഞു വീണ അടുക്കളയിലേക്ക് പോകും. കുറച്ചു കഴിയുമ്പോൾ വീണ്ടും വരും അടുത്ത ഡയലോഗുമായി.
“വീണേ ചായ.. കിട്ടീല ട്ടാ.””ആ അവളോട് പറ..””നീ തന്നാൽ മതി. എനിക്ക് ഒരു അവളുമാരുടെയും ചായ വേണ്ട.”
“എല്ലാത്തിനും ഞാൻ തന്നെ വേണം.. ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിക്കില്ല.. അലക്കിയും തുടച്ചും നടു ഒടിഞ്ഞു.. കെട്ടിയോനു ചാറ്റും കോളും. ലിവിംഗ് ടുഗെതറും.. ന്റെ വിധി… ഇന്നാ ചായ.”
ഡയലോഗ് കഴിഞ്ഞു ചായ കൊടുത്ത് വീണ അടുക്കളയിലേക്ക് പോയി.ഹരി കേൾക്കുന്നില്ലെങ്കിലും അടുക്കളയിലെ പാത്രങ്ങളും ദോശക്ക് കലക്കി വെച്ച മാവ് പോലും വീണയുടെ കലികയറിയ വാക്കുകൾ കേൾക്കുന്നുണ്ട്.
ഏതൊക്കെയൊ പാത്രങ്ങൾ എറിഞ്ഞു കൊണ്ട് പിറുപിറുക്കുന്നുമുണ്ട് ഹരി കേൾക്കാൻ.
“ഹരിയേട്ടാ കെട്ടിയോൾക്ക് ഇന്ന് എന്താ പറ്റിയത്…?””എനിക്ക് അറിയില്ല മോളെ.. രാവിലെ തൊട്ട് തുടങ്ങിയതാ..””വീണേച്ചി … ഇങ്ങ് വാ..എന്താ പ്രശ്നം..വേഗം പറ.?”
“നിന്നോട് പറയാൻ പറ്റിയ കാര്യമല്ല മോളെ ..””സാരമില്ല… കാര്യം എന്തായാലും പറ നമുക്ക് വഴിയുണ്ടാക്കാമെന്നെ..”
“നിന്റെ ചേട്ടൻ ആള് ശരിയല്ല മോളെ.. അങ്ങേര് വേറെ ഒരുത്തിക്ക് മെസ്സേജ് അയച്ചു.. ആ മെസ്സേജിൽ ലിവിംഗ് ടുഗെതറായി ഒരുമിച്ചു ജീവിക്കാമെന്നൊക്കെ പറയുന്നുണ്ട്.. ഞാൻ കണ്ടതാ.. ആ മെസ്സേജ്.”
“എന്താ ഏട്ടാ ഇങ്ങനെയൊക്കെ..?””കല്യാണം കഴിക്കുന്നതിന് മുൻപ് ആഗ്രഹിച്ചിട്ടില്ല.. ഏതെങ്കിലും ഒരുത്തിയുടെ ഒപ്പം അങ്ങനെ ഒരു രാത്രി പോലും കൂടെ കഴിയാൻ..എന്നിട്ടാ ഇപ്പൊ..”
ഇത്രയും നേരം തമാശ പോലെയാണ് വീണയുടെ സംസാരം ഹരി കണ്ടത്. പക്ഷെ ഇപ്പൊ മനസ്സിലായി അവൾ കോമഡിയല്ല സീരിയസ് ആണെന്ന്.
ഇതുവരെ അങ്ങനെ ഒരാൾക്കും മെസ്സേജ് അയച്ചിട്ടില്ല. വീണയെ അല്ലാതെ വേറെയൊരു പെണ്ണിനെ ആശിച്ചിട്ടില്ല.
എന്നിട്ടും വീണ ഇങ്ങനെയൊക്കെ പറയുന്നത് കേട്ടപ്പോൾ തമാശയായി കണ്ടെങ്കിലും ചില വാക്കുകൾ മനസ്സിന് വിഷമം ഉണ്ടാക്കി. പക്ഷെ ഹരി ആ വിഷമം പുറത്ത് കാണിക്കാതെ ചിരിക്കാൻ ശ്രമിച്ചു.
“ഇല്ല.. മാളു.. ഞാൻ അങ്ങനെ ചെയ്യോ..?””അപ്പൊ ചേച്ചി പറയുന്നത്.. എന്താ..?””എനിക്കറിയില്ല.. നീ തന്നെ ചോദിക്ക്.. മെസ്സേജ് എവിടെ കണ്ടെന്ന്..”
“എവിടെയാ വീണേച്ചി മെസ്സേജ് കണ്ടത്..?””ആ മെസ്സേജ് കാഴ്ചയിൽ നിന്നും അപ്പോൾ തന്നെ മാഞ്ഞു പോയി.”
“ങ്ങേ…!”ഹരിയും മാളുവും വീണയെ ഇതെന്ത് മറിമായം എന്ന മട്ടിൽ കണ്ണ് തുറിച്ചു നോക്കി.
“രണ്ടാളും കേട്ടോ.. ഞാൻ ആ മെസ്സേജ് കണ്ട് കണ്ണ് തുറന്നപ്പോൾ സമയം നാല് മണി. ആ സമയത്തു കാണുന്ന സ്വപ്നങ്ങൾ സത്യമാകുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ‘
“ഈ ചേച്ചിക്ക് വട്ടാണ്..”അതും പറഞ്ഞു മാളു പോയി. ഹരി ഒന്നും മിണ്ടിയില്ല. ഒന്നും മിണ്ടാതെ വീണയെ തന്നെ നോക്കി നിന്ന ഹരിയുടെ കണ്ണുകളിൽ പ്രണയത്തിളക്കം.
ഇത്രെയൊക്കെ പറഞ്ഞിട്ടും ദേഷ്യം തോന്നിയില്ല ഹരിക്ക്.”ഇത്ര വർഷം ആയിട്ടും നിനക്കൊരു മാറ്റവും ഇല്ലല്ലോ മോളെ..?”
“മാറുകയില്ലല്ലോ.. മാറ്റാനും പറ്റില്ലല്ലോ ഏട്ടനോടുള്ള പ്രണയം. ഓരോ നിമിഷത്തിലും ഏട്ടനോട് ഇഷ്ടം കൂടുകയല്ലേ.. സ്വപ്നത്തിൽ പോലും സഹിക്കാൻ പറ്റുന്നില്ല ഏട്ടനെ നഷ്ടപ്പെടുന്ന ഒന്നും.”
വീണയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. നിറഞ്ഞ് തുളുമ്പിയ കണ്ണുകളിൽ നിന്നും അടർന്നു വീണ കണ്ണീർ തുള്ളിയെ ഹരി തുടച്ചു മാറ്റിയിട്ട് വീണയെ ചേർത്ത് പിടിച്ചു കവിളിൽ ഒരു കുഞ്ഞി കടി കൊടുത്തു.
“തെമ്മാടി.. എനിക്ക് വേദനയായിട്ടാ..””ആഹാ.. കുറച്ചു വേദന നല്ലതാ.. രാവിലെ മുതൽ എന്നെ ലിവിംഗ് ടു ടുഗെതറും പറഞ്ഞു ക്രൂശിച്ചതല്ലേ.,”
“സത്യം പറഞ്ഞാൽ ആ സ്വപ്നം കണ്ട് ഉറക്കത്തിൽ നിന്നും ഉണർന്നുപോയ ഞാൻ പിന്നെ ഉറങ്ങിയിട്ടില്ല.. വല്ലാത്ത സങ്കടവും ടെൻഷനും… ഈ ഏട്ടൻ എന്റെയല്ലേ.. എന്റേത് മാത്രം…’
“എന്നാലും വീണേച്ചീ ഒരു സ്വപ്നം കണ്ടതിന് എന്തൊക്കെയാ ഈ പാവത്തിനെ പറഞ്ഞത് ..””സോറിട്ടാ…”
ചേർത്ത് പിടിച്ചു ചിരിച്ചു സന്തോഷത്തോടെ നിൽക്കുന്ന ഹരിയുടെയും വീണയുടെയും അടുത്തേക്ക് പുഞ്ചിരിയോടെ വീണ്ടും മാളു വന്നു.
“ആഹാ… രണ്ടും സെറ്റായല്ലോ.. “മാളു അവരുടെ രണ്ട് പേരുടെയും കൈ പിടിച്ചു.”എനിക്ക് ഒരു ലൈഫ് ഉണ്ടങ്കിൽ അന്ന് ഹരിയേട്ടനെ പോലെ ഒരു ഭർത്താവിനെ കിട്ടണം.. അപ്പൊ വീണേച്ചിയേ പോലെ ഒരു ഭാര്യയാകും ഞാൻ..”
“തതാസ്തു!.”മാളുവും വീണയും അടുക്കളയിലേക്ക് പോയപ്പോൾ ഹരി വീണ്ടും ന്യൂസ്പേപ്പർ കൈയിൽ എടുത്തു.”വീണേ… ഒരു ചായ.””ഇപ്പൊ തരാട്ടോ..”
സെക്കന്റുകൾ മാത്രമുള്ള സ്വപ്നത്തിൽ പോലും വേറെയൊരു പെണ്ണിനു പങ്കുവെക്കുന്നത് സഹിക്കാൻ കഴിയാത്ത വേദനയായി
മനസ്സിനെ നീറ്റുന്ന ഭാര്യ ഭർത്താവിനെ ജീവനെപോലെ സ്നേഹിക്കുന്നുണ്ട്. അങ്ങനെയുള്ള ഭാര്യയെ കിട്ടുന്നത് ഒരാണിന്റെ വലിയ ഭാഗ്യമാണ്.