ബന്ധനങ്ങൾ.
രചന: Navas Amandoor
ഇക്കാക്ക് സെക്സ് ഉറക്കഗുളികപോലെയാണെന്ന് എനിക്ക് തോന്നി തുടങ്ങിയത് രണ്ട് മക്കൾ ഉണ്ടായതിന് ശേഷമാണ്. സഹകരിച്ചില്ലെങ്കിൽ പൊട്ടി തെറിക്കുന്ന ഇക്കയുടെ വാക്കുകളിലേ രോഷവും കോപവും എന്നെ ഏറെ സങ്കടപ്പെടുത്തി.
മൃഗങ്ങളെ പോലെ മനുഷ്യന് പറ്റില്ലല്ലൊ. ശരീരം അനുസരിക്കാൻ മനസ്സു പാകപ്പെടണം. ആദ്യം മനസ്സിനെ ഉണർത്തണം. എങ്കിലേ ശരീരം ഉണരു.
അതല്ലെങ്കിൽ തെറിവിളിയും രോഷപ്രകടനവും, കാണാതിരിക്കാൻ ഒരു പാവയെ പോലെ ചുണ്ടിൽ പുഞ്ചിരിയൊ, വികാരത്തിന്റെ അലകളോ ഇല്ലാതെ കീഴ്പ്പെട്ട് കൊടുക്കണം.
“സുറുമി… ഡി… സുറുമി. “തോണ്ടി വിളി തുടങ്ങി. ഇനി അനുസരണയുള്ള അടിമയെ പോലെ അവൾ അയാളുടെ ഇഷ്ടങ്ങൾക്ക് വഴങ്ങണം.
“ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് ഇക്കാക്ക് ഞാൻ വീട്ടിലെ പണികൾ എടുക്കാനും, കുട്ടികളെ നോക്കാനും, പിന്നെ രാത്രിയിലെ ഈ ആക്രമണത്തിനും വേണ്ടി മാത്രമായിട്ടുള്ള ഉപകരണമാണോ…? ”
ഉറങ്ങിപോയാൽ ,അല്ലെങ്കിൽ വേറെ എന്തെങ്കിലും കാരണം കൊണ്ട് ഇക്കാക്ക് എന്നെ കിട്ടിയില്ലെങ്കിൽ, പിറ്റേന്ന് രാവിലെ എത്ര പാത്രങ്ങളാണ് എറിഞ്ഞു പൊട്ടിച്ചത്.
മുഖം വീർപ്പിച്ചു എന്നോട് സംസാരിക്കാതെ, ചിലപ്പോൾ ഭക്ഷണം പോലും കഴിക്കാതെ, എത്ര കഠിനമാണ് ഇങ്ങനെയൊക്കെ അല്ലെ…?
“പോത്ത്.. ഒരു കാര്യവുമില്ല.. നിന്നെ കൊണ്ട്.. നാശം. “ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ ആദ്യമൊക്കെ കണ്ണ് നിറഞ്ഞിരുന്നു. ഇപ്പൊ കേട്ടു കേട്ടു ശീലമയത് കൊണ്ടായിരിക്കും കണ്ണ് നിറയാത്തത് .
“എനിക്കും ഒരു മനസ്സുണ്ട്. ഞാനും ആഗ്രഹിക്കുന്നുണ്ട് ഇതൊക്ക. പക്ഷെ അത് ഇങ്ങനെയൊന്നുമല്ല. ”
എന്റെ ഇഷ്ടങ്ങളെ അറിഞ്ഞ് ആഗ്രഹങ്ങളെ ചോദിച്ചറിഞ്ഞ്.. വെറുമൊരു ജീവിയായി കാണാതെ സ്‌നേഹിച്ചു കൂടെ നിർത്തി.. നല്ല വാക്കുകൾ പറഞ്ഞു സന്തോഷത്തോടെ എന്നെ തൊടുമ്പോൾ, ഒരു സ്പർശനത്താൽ എന്റെ മനസ്സ് ഉണരുമെന്ന് ഇക്ക എന്നായിരിക്കും മനസ്സിലാക്കുക.
ഇതൊക്കെ ഇങ്ങനെയൊക്കെ എഴുതാമോ എന്നൊന്നും എനിക്ക് അറിയില്ല. ചിലപ്പോൾ എന്നെപോലെ ഒത്തിരി ഭാര്യമാർ ഉണ്ടാവും. അവർക്കും പറയാനുണ്ടാകും ഇതുപോലെ. എന്റെ ഇക്കയെ പോലെ ഭർത്തക്കന്മാരും ഉണ്ടാവും.അവർക്ക് വേണ്ടിയാ ഈ എഴുത്ത്.
ഭാര്യയെ കാമുകിയെ പോലെ പ്രണയിച്ചാൽ എന്ത് രസമായിരിക്കും ജീവിതം. സെക്സ് ഉറക്കഗുളികയല്ല. രണ്ട് ശരീരവും മനസ്സും ഒന്നായി ഒരിക്കലും പിരിയാത്ത ഇണകളായി ബന്ധം ശക്തിപ്പെടുത്താൻ.. സ്‌നേഹം കൂട്ടാൻ.. പ്രണയത്തെ ജ്വലിപ്പിക്കാൻ.. കഴിവുള്ള അത്ഭുതമാണ് സെക്സ്.
എല്ലാത്തിനും ആദ്യം അവൾക്ക് വേണ്ടി ചുണ്ടിൽ എപ്പോഴും മാറ്റി വെക്കണം പ്രണയത്തോടെ, സ്‌നേഹത്തോടെയുള്ളയൊരു പുഞ്ചിരി. ആ പുഞ്ചിരി ഒരു പൂവിൽ നിന്നും വലിയ പൂന്തോട്ടം ഉണ്ടാവുന്ന പോലെ ജീവിതം എന്നും വസന്തമായി മാറും..
“പടച്ചോനെ.. ഇതൊക്കെ വായിച്ചാൽ എന്നെയിന്ന്.. കൊല്ലും….ഇക്കാ. .ഇല്ലാട്ടോ.. ഇങ്ങനെയൊക്കെ ആണെങ്കിലും പുള്ളിക്ക് എന്നെ ഇഷ്ടമാണ്.. ഉള്ളിലുള്ള ഇഷ്ടം പ്രകടപ്പിക്കാൻ അറിയാത്തത് കൊണ്ടോയിരിക്കും ഇങ്ങനെയൊക്കെ… ”
എന്നാ പിന്നെ എല്ലാവരും വായിക്ക്.. ഇക്കാക്കുള്ള ഭക്ഷണം ഉണ്ടാക്കണം. മക്കളെ ഉറക്കണം. അലക്കിയതൊക്കെ കട്ടിലിൽ കിടക്കുകയാണ് അതൊക്ക മടക്കി വെക്കണം.. ഇതും എഴുതി ഇരുന്നാൽ പണികൾ അവിടെ കിടക്കും… എന്നാ പിന്നേ ഞാൻ പോയി..ട്ടോ.