ശിവാനി
(രചന: Megha Mayuri)
എന്റെ ഉറ്റ സുഹൃത്തുക്കളായ ജിഷ്ണുവിനും മനുവിനും കാമുകിമാരായപ്പോഴാണ് എനിക്കൊരു പ്രണയിനിയില്ലാത്തതിന്റെ കുറവ് അനുഭവപ്പെട്ടത്.
രണ്ടു പേരും കാമുകിമാരോടൊത്ത് സല്ലപിക്കുന്നത് കാണുമ്പോൾ തന്നെ എന്റെയുള്ളിലെ അസൂയാലു സടകുടഞ്ഞെഴുന്നേൽക്കും….
ഇവളുമാര് എന്തു കണ്ടിട്ടാണ് ഈ അലവലാതികളെ പ്രേമിച്ചത്? ഇവർക്കൊന്നും കണ്ണും മൂക്കുമില്ലേ?
ഇവന്മാരെക്കാൾ സമ്പത്തിലായാലും സൗന്ദര്യത്തിലായാലും വിദ്യാഭ്യാസത്തിലായാലും ജോലിയുടെ കാര്യത്തിലായാലും ,
എന്തു കൊണ്ടും മെച്ചമായ ഞാൻ ഇങ്ങനെ നിൽക്കുമ്പോൾ അവരു രണ്ടു പേരും കള്ളക്കാമുകരായി വിലസുന്നത് എനിക്കു സഹിക്കാൻ പറ്റിയിരുന്നില്ല…. എന്താണതിന്റെ ഗുട്ടൻസ്?
ഇക്കാര്യത്തിൽ ജഗജില്ലിയായ മനു അവന്റെ അനുഭവസമ്പത്ത് പറഞ്ഞു തന്നു.
“എടാ, പെൺ പിള്ളേരെ വളയ്ക്കണമെങ്കിൽ നീയിങ്ങനെ മസ്സിലു പിടിച്ചു നിന്നാൽ വളയില്ല… കുറച്ചു ഫ്ലെക്സിബിളാവണം. ഒരു ലോഡ് പുച്ഛവും മുഖത്ത് പൂശിയിട്ടൊന്നും കാര്യമില്ല…
കുറച്ചു തൊലിക്കട്ടിയും ഉളുപ്പില്ലായ്മയും അത്യാവശ്യം വായ് നോട്ടവും ക്ഷമയും സംസാരിച്ചു വീഴ്ത്താനുള്ള കഴിവും ഒക്കെ വേണം…
നിന്നെ പോലെ ആണ്ടിലും അമാവാസിയിലും മാത്രം വായ് തുറക്കുന്ന, ചിരിച്ചാൽ ഏതോ അപരാധം ചെയ്തെന്നു കരുതുന്ന, ഏതു പെണ്ണിനെ കണ്ടാലും കുറ്റം മാത്രം കണ്ടു പിടിക്കുന്ന,
ലോകസുന്ദരിമാരെ മാത്രം തേടി നടക്കുന്ന നിനക്കൊന്നും അതൊന്നും പറഞ്ഞിട്ടില്ല… നീ നിന്റെ അച്ഛനുമമ്മയും കണ്ടു പിടിച്ചു തരുന്ന ആരെയെങ്കിലും കെട്ടിക്കോ…”
കിട്ടിയ അവസരത്തിന് എന്നെ കളിയാക്കിക്കൊണ്ടിരുന്നു കശ്മലൻ…അവർ രണ്ടു പേരും കാമുകിമാരെ കല്യാണം കഴിക്കുകയും എനിക്കു പ്രായം മുപ്പതു കഴിയുകയും ചെയ്തതോടു കൂടി എന്റെ അച്ഛനുമമ്മയും എന്നെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു കൊണ്ടിരുന്നു.
ഒരുപാട് പെൺകുട്ടികളെ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും ജീവിതത്തിലേക്കു ക്ഷണിക്കാൻ ഒരാളെയും എനിക്കിതുവരേയും കണ്ടെത്താനായില്ല.
എന്റെയുള്ളിലെ സ്ത്രീ സങ്കൽപങ്ങളുമായി അവരാരും യോജിച്ചു പോവാത്തതു കൊണ്ടായിരിക്കണം എനിക്കിതുവരെയും ഒരു കാമുകി ഉണ്ടാവാത്തത്.
പ്രണയ വിവാഹം നടക്കാൻ സാധ്യതയില്ലാത്തതു കൊണ്ട് ബ്രോക്കർമാർ കൊണ്ടുവന്ന വിവാഹാലോചനകളിൽ മെച്ചപ്പെട്ടത് തിരഞ്ഞെടുത്ത് പെണ്ണുകാണൽ ചടങ്ങിനായി ഞാൻ ഒരുങ്ങിക്കെട്ടിയിറങ്ങി.
എന്നോടു താൽപര്യം തോന്നിയ ആലോചനകളിൽ ഞാൻ എന്തെങ്കിലും കുറവ് കണ്ടു പിടിച്ചു കൊണ്ടിരുന്നു.
എനിക്കിഷ്ടം തോന്നിയ ആലോചനകളിൽ പെൺകുട്ടികൾക്ക് എന്നെ ഇഷ്ടപ്പെട്ടില്ല…ഒടുവിൽ ഞാൻ പെണ്ണു കെട്ടാതെയും കിട്ടാതെയും നിൽക്കേണ്ടി വരുമോ എന്ന ഭീതിയിലായി എന്റെ വീട്ടുകാർ….
അങ്ങനെയാണ് ശിവാനിയുടെ ആലോചനയെത്തുന്നത്… രണ്ട് പെൺമക്കളിൽ മൂത്തവൾ…
സാമാന്യം സൗന്ദര്യവും വിദ്യാഭ്യാസവും ഉള്ള പെൺകുട്ടി… എനിക്ക് ശിവാനിയെയും ശിവാനിക്ക് എന്നെയും ഇഷ്ടമായി..
ആ വിവാഹം ഉറപ്പിച്ചു. പരസ്പരം സംസാരിക്കുന്ന സമയത്ത് ശിവാനിയോട് ഞാൻ നിബന്ധന വച്ചു.
“എന്നെയും എന്റെ അച്ഛനമ്മമാരെയും നേരാം വണ്ണം നോക്കുന്ന ഒരു പെൺകുട്ടിയെയാണ് എനിക്കിഷ്ടം… ഭാര്യയെ ജോലിക്കു വിടുന്നതിനോട് എനിക്ക് താല്പര്യമില്ല..
സോ ഷ്യ ൽ മീ ഡി യ കളിൽ അധികം ആക്റ്റീവാകാത്ത വീട്ടിൽ അടങ്ങിയൊതുങ്ങി കഴിയുന്ന ഒരു പാവം പെൺകുട്ടിയാണ് എന്റെ സങ്കൽപത്തിലുള്ളത്… ”
“അങ്ങനെയെങ്കിൽ ഈ വിവാഹാലോചനയിൽ നിന്നും പിന്മാറുന്നതാണ് നല്ലത്…””അതെന്താ?”
“ഞാൻ സോ ഷ്യ ൽ മീ ഡി യയിൽ ആക്റ്റീവാണ്…. ജോലിക്കു പോകാനും ആഗ്രഹിക്കുന്നു….നിങ്ങൾക്ക് വിദ്യാഭ്യാസമുള്ള പെൺകുട്ടിയെ ആവശ്യമാണ്. പക്ഷേ ജോലിക്കു വിടാൻ മനസില്ല…
ഈ വിദ്യാഭ്യാസം നേടാൻ ഞാൻ ഒരു പാട് വർഷങ്ങൾ കഷ്ടപ്പെട്ടിട്ടുണ്ട്. എന്റെ അച്ഛനമ്മമാർ ഒരുപാട് ബുദ്ധിമുട്ടിയാണ് എന്നെ പഠിപ്പിച്ചത്. അത് കേവലം അലങ്കാരത്തിനു വേണ്ടിയല്ല.
ഒരു ജോലി നേടാൻ വേണ്ടി തന്നെയാണ്. അതു കൊണ്ട് ആ ആഗ്രഹം വേണ്ടെന്നു വച്ച് എനിക്കൊരു വിവാഹം വേണ്ട..
പിന്നെ എന്റെ അച്ഛന്റെ കച്ചവടം ഡള്ളായ സമയത്തൊക്കെ കുടുംബ ബഡ്ജറ്റ് തകരാതെ നോക്കിയത് ചെറുതാണെങ്കിലും അമ്മയുടെ ജോലിയിൽ നിന്നും കിട്ടുന്ന വരുമാനമാണ്…
ആൺ മക്കളില്ലാത്ത എന്റെ അച്ഛനെയും അമ്മയെയും അത്യാവശ്യ സാഹചര്യത്തിൽ സഹായിക്കാൻ ഭർത്താവിന്റെ കരുണയ്ക്കു വേണ്ടി കാലു പിടിക്കാതെ എനിക്കൊരു ജോലിയുണ്ടെങ്കിൽ സാധിക്കും….. പിന്നെ .
സോ ഷ്യ ൽ മീ ഡി യ യിൽ ആക്റ്റീവായവരൊക്കെ മോശമാണെന്നൊരു ധാരണ നിങ്ങൾക്കുണ്ട്. ശരിയായ രീതിയിൽ ഉപയോഗിക്കാനറിയാമെങ്കിൽ സോ ഷ്യ ൽ മീ ഡിയ എത്രയോ ഉപകാരപ്രദമാണ്….. ”
അന്നത്തെ അവളുടെ പറച്ചിൽ എന്നെ ഒരു പാട് മുഷിപ്പിച്ചെങ്കിലും ഇപ്പോൾ സ്ത്രീകളെക്കുറിച്ചുള്ള എന്റെ ഓർത്തഡോക്സ് ചിന്താഗതി മുഴുവൻ മാറ്റി അവൾ…
ശിവാനി ഇപ്പോൾ എന്റെ അച്ഛനുമമ്മയ്ക്കും പ്രിയപ്പെട്ട മരുമകൾ ആണ്… എന്റെ നന്ദൂട്ടന്റെ അമ്മ…
എന്റെ എല്ലാ കാര്യവും ഓർത്തു വച്ചു ചെയ്യുന്ന, മോന്റെ സംരക്ഷണത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത,
എന്റെ അച്ഛനമ്മമാർക്ക് ഒരു കുറവും വരുത്താത്ത, അവളുടെ അച്ഛനമ്മമാരുടെ ക്ഷേമം അന്വേഷിക്കുന്ന, ജോലിക്കു പോകുന്ന, സോ ഷ്യ ൽ മീ ഡി യയിൽ ആക്റ്റീവായ ശിവാനി…..
കാമുകിയില്ലാതിരുന്നതിന്റെ സങ്കടം ഞാനിപ്പോൾ ശിവാനിയെ പ്രണയിച്ചു തീർക്കുന്നു…