ആ ചിത്രങ്ങൾ ഇന്ന് കൊടുക്കാമെന്ന് വാക്ക് പറഞ്ഞതാണ്..ഇല്ലെങ്കിൽ അവൻ പിണങ്ങും.. ഇനി ആ കാര്യം അമ്മ അറിഞ്ഞിരിക്കുമോ?

മടക്കം
(രചന: Vandana M Jithesh)

” കീർത്തീ.. ഊണുമുറിയിലേയ്ക്ക് വരൂ .. എല്ലാവരോടുമായി അല്പം സംസാരിക്കാനുണ്ട്.. ”

” ഞാനില്ലമ്മാ. എനിക്ക് പഠിക്കാനുണ്ട്.. അമ്മ പൊയ്ക്കോ “” നീ വരുമോ എന്ന് ചോദിച്ചതല്ല.. വരണം എന്ന് പറഞ്ഞതാണ്.. പെട്ടെന്നാവട്ടെ ”

അമ്മ വന്ന് പറഞ്ഞപ്പോൾ കീർത്തി പകച്ചു പോയി. ആകാശ് ചോദിച്ച ആ ചിത്രങ്ങൾ ഇന്ന് കൊടുക്കാമെന്ന് വാക്ക് പറഞ്ഞതാണ്..ഇല്ലെങ്കിൽ അവൻ പിണങ്ങും.. ഇനി ആ കാര്യം അമ്മ അറിഞ്ഞിരിക്കുമോ?

ആശങ്കയോടെ കീർത്തി ചെല്ലുമ്പോൾ ഊണുമുറിയിൽ എല്ലാവരും ഉണ്ട്. എല്ലാവരും അവളെപ്പോലെ ചിന്തയിലാണ്..

തലേന്ന് രാത്രി കുടിച്ചു വന്നത് വിസ്തരിക്കാനാണോ എന്ന് കീർത്തിയുടെ ചേട്ടൻ കിരണും , ഫേസ്ബുക്കിലെ പതിവ് ചർച്ചകൾ മുടങ്ങിയല്ലോ എന്ന് അവരുടെ അച്ഛൻ മുരളിയും ഭയപ്പെട്ടു.

ഏതാനും നിമിഷങ്ങൾക്ക് ശേഷം നിർമ്മല മുറിയിൽ നിന്നും വന്നു. പതിവുപോലെ നരച്ച കോട്ടൻസാരിയും പിന്നിയ മുടിയും വട്ടപ്പൊട്ടും പരന്ന കുങ്കുമവും ..

എന്നാൽ പതിവിന് വിപരീതമായി മുഖത്ത് നിറഞ്ഞ ചിരിയാണ്. കയ്യിലുള്ള ഫയൽ മേശപ്പുറത്ത് വച്ച് അവർ ഒരു കസേര വലിച്ചിട്ടിരുന്നു

” നിങ്ങളെ വിളിച്ചത് എന്താണെന്നാൽ ഒരു പ്രധാന വിവരം പറയാനാണ്. “മൂവരും ആകാംഷയോടെ നോക്കി..

” എനിക്ക് ഇടയ്ക്കിടെ തലവേദന വന്നിരുന്നത് നിങ്ങൾക്ക് ഓർമ്മയുണ്ടോ എന്നറിയില്ല… എന്തായാലും കലശലായപ്പോൾ ഞാൻ ഡോക്ടറെ കണ്ടിരുന്നു..

ബ്രെയിൻ ട്യൂമർ ആണ്.. ഇനി ചികിത്സ കൊണ്ടൊന്നും ഫലമില്ല .. പിന്നെ കൂടിപ്പോയാൽ ഒരു രണ്ടു മാസം… അതിലപ്പുറം വൈകില്ല”

രണ്ട് മൂന്ന് നിമിഷങ്ങൾ നിശ്ശബ്ദമായി കടന്നു പോയി.. അവൾ പറഞ്ഞതിൻ്റെ പൊരുൾ അവർക്ക് മനസ്സിലായെന്ന് കണ്ണുകളിൽ ഊറിക്കൂടിയ കണ്ണീർ തെളിയിച്ചു..

എന്ത് പറയണമെന്നോ എങ്ങനെ പറയണമെന്നോ അറിയാത്ത .. മനുഷ്യനെ തീർത്തും നിസ്സഹായനാക്കുന്ന മൗനം..

” മുരളിയേട്ടാ.. തല വെട്ടിപ്പൊളിയുന്നു.. ആ ലൈറ്റ് അണയ്ക്കാമോ? “” കണ്ണാ.. ശബ്ദം കുറയ്ക്ക് .. തല വേദനിക്കുന്നു .. ”

” കീർത്തീ.. അമ്മയ്ക്ക് തലവേദനിയ്ക്കുന്നു.. ഒരു ചായ ഇട്ട് തരുമോ?”

മൂവരുടേയും മനസിൽ പല ഓർമ്മകളും അലയടിച്ചു.. എന്നാൽ ഒരു വാക്ക് ഉരിയാടാൻ പോലും അവർ അശക്തരായിരുന്നു.നിർമ്മല തുടർന്നു..

” സാധാരണ കഥകളിൽ ഇത്തരം സന്ദർഭങ്ങളിൽ വേർപാടിൻ്റെ വേദന കുറയ്ക്കാൻ മനപ്പൂർവ്വം അകലുകയും വെറുപ്പിക്കുകയും ഒക്കെയാണ് പതിവ്.’ ഇവിടെ ഇപ്പൊ അതിൻ്റെ ആവശ്യമില്ലല്ലോ.

പാതി കളിയായിട്ടാണെങ്കിലും അവളുടെ നെഞ്ച് നീറിയിരുന്നു.. ശബ്ദം ഇടറിയിരുന്നു..

” പിന്നെ ഞാൻ നാളെ നാട്ടിൽ എൻ്റെ വീട്ടിലേക്ക് പോകും. അമ്മയുടേയും അമ്മാവൻ്റെയും കൂടെ ഇനിയുള്ള കാലം നിൽക്കാനാണ് എൻ്റെ തീരുമാനം.. “” നിമ്മീ … ” മുരളി വേദനയോടെ വിളിച്ചു

” വേണ്ട മുരളിയേട്ടാ.. ഇത്രയും നാൾ നിങ്ങൾ തരാത്ത സ്നേഹവും പരിഗണനയും നാളെ മുതൽ നൽകിയാൽ എനിക്കത് സഹിക്കാനാവില്ല..

വിട്ടു പോകും എന്നറിഞ്ഞതിനു ശേഷം ചേർത്ത് പിടിക്കുന്നതില് എന്തർഥം മരണം മുന്നിൽ കണ്ട് കൊണ്ടുള്ള ആ സഹതാപത്തിൽ എനിക്ക് താൽപര്യമില്ല”

അയാൾക്ക് മറുപടി ഉണ്ടായില്ല. ശരിയാണ്.. നീണ്ട ജീവിതത്തിൻ കഴിഞ്ഞ കാലങ്ങളിലൊന്നും അവളെ ചേർത്തു നിർത്തിയില്ല..

അവളെ അറിഞ്ഞില്ല… ഒരു പക്ഷേ.. അവളെ കരുതലോടെ സ്നേഹിച്ചിരുന്നെങ്കിൽ.. ഇങ്ങനെ വരുമായിരുന്നില്ലേ? അയാളുടെ തൊണ്ടക്കുഴിയിൽ ഒരു തേങ്ങൽ പുറത്തേയ്ക്ക് വരാൻ മടിച്ചു കുരുങ്ങി ..കീർത്തിയും കിരണും തല ഉയർത്താൻ പോലുമാവാത്ത വണ്ണം നടുങ്ങിയിരുന്നു. ..

നേരിടാൻ പോകുന്ന അമ്മയില്ലാത്ത ദിനങ്ങളുടെ ചിന്ത പോലും മുറിവേൽപ്പിക്കുന്നു.. അമ്മയെ ഇതിലും സ്നേഹിക്കണമായിരുന്നു.. ഇതിലും അറിയണമായിരുന്നു… രണ്ട് ഹൃദയങ്ങൾ നിശ്ശബ്ദം മുറവിളി കൂട്ടി..

” പിന്നെ ഞാനിതൊക്കെ പറഞ്ഞത് .. ഞാനില്ലാതെ എങ്ങനെ ജീവിക്കും എന്ന് നിങ്ങൾ മൂന്നു പേരും പൊരുത്തപ്പെടണം..

പെട്ടെന്നൊരു നാൾ ഞാൻ പോയാൽ നിങ്ങളുടെ ജീവിതം എവിടെ വെച്ചു എന്ന് നിങ്ങൾ ചോദിക്കും.. “നിർമ്മല എണീറ്റു..

” പിന്നെ ഈ കാര്യങ്ങൾ വീട്ടിലറിയിക്കണ്ട.. ഇനിയുള്ള ദിവസങ്ങളിൽ കണ്ണീരുപ്പ് കലരുന്നത് എനിക്കിഷ്ടമല്ല.. ”

അവൾ മുറിയിലേക്ക് കയറിപ്പോകുന്നതും നോക്കി മൂവരും നിർവികാരരായി ഇരുന്നു. പരസ്പരം ആശ്വാസമാവാൻ കഴിയാതെ ..
ആ രാത്രി പല പല ചിന്തകളോടെ നാല് ഹൃദയങ്ങൾ ഉറങ്ങാതിരുന്നു..

രാവിലെ നിർമ്മല പോകാനിറങ്ങി.. മകനെയും മകളെയും ചേർത്തു പിടിച്ചു..” ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ വികാരത്തേക്കാൾ വിവേകത്തിന് പ്രാധാന്യമുണ്ട്. തെറ്റാണെന്ന് നമുക്ക് ബോധ്യമുള്ളത് മറ്റുള്ളവർക്ക് വേണ്ടി ചെയ്യരുത്… ”

അവൾ അവരുടെ കവിളുകളിൽ കൈ ചേർത്തു .. ഇരുവരേയും ചുംബിച്ചു ..ഇരുവരും അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു.. ഇനിയൊരിക്കലും ഒരു തെറ്റും ചെയ്യില്ലെന്നും ഈ അമ്മച്ചൂട് മാത്രം മതിയെന്നും ഇരുവരുടേയും ഹൃദയങ്ങൾ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.

നിർവികാരനായി നിൽക്കുന്ന ഭർത്താവിൻ്റെ കരങ്ങളിൽ മുറുക്കിപ്പിടിച്ച് അവൾ മന്ത്രിച്ചു.”വിഷമിക്കരുത്.. മക്കളെ ശ്രദ്ധിക്കണം..”

തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങി വണ്ടിയിൽ കയറുമ്പേൾ കണ്ണീരിൽ നനഞ്ഞ ഒരു പശ്ചാത്തല ചിത്രമായി മൂന്നു പേർ നിന്നു..

അവർ തിരിച്ചറിഞ്ഞിരുന്നു.. തങ്ങളുടെ ജീവിതത്തിൻ്റെ താക്കോൽക്കൂട്ടം തിരിച്ചേൽപ്പിച്ചാണ് അവൾ പോകുന്നതെന്ന്..

രണ്ട് ദിവസങ്ങൾക്ക് ശേഷം മുറ്റത്ത് വന്ന് നിന്ന കാറിൽ നിന്ന് മുരളി ഇറങ്ങുന്നത് കണ്ട് നിർമ്മല നോക്കി നിന്നു..

അയാളുടെ കണ്ണുകളിലെ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു .. അപ്പോൾ ആ ജീവൻ താനായിരുന്നുവോ?അയാൾ ഓടി വന്ന് അവളുടെ കൈ പിടിച്ചു.

” ആരു പറഞ്ഞു ചികിത്സ കൊണ്ട് കാര്യമില്ല എന്ന് .. ചെന്നെയിൽ ഒരു ഡോക്ടർ ഉണ്ട് .. അവിടെ കാണിച്ചാൽ തീർച്ചയായും പ്രതീക്ഷയ്ക്ക് വകയുണ്ട്. മക്കളെ ഹോസ്റ്റലിലാക്കി.. നമുക്ക് ഇന്ന് തന്നെ പുറപ്പെടണം.. ”

അയാൾ അവളെ നോക്കിക്കൊണ്ട് പറഞ്ഞു കൊണ്ടേയിരുന്നു.” വേണ്ട മുരളിയേട്ടാ… വെറുതെ പൈസ .. ”

” മിണ്ടരുത് നീ .. നിന്നിലും വലുതാണോ വേറെ എന്തെങ്കിലും എനിക്ക്.. ശരിയാണ് .. പാളിച്ചകൾ പറ്റി.. അതിന് ഇനീം ശിക്ഷിക്കല്ലേ മോളേ.. ഞാൻ കാലു പിടിക്കാം .. എൻ്റെ കൂടെ വാ നിമ്മീ .. ”

അയാൾ നിലത്തൂർന്നിരുന്ന് പൊട്ടിപൊട്ടിക്കരഞ്ഞു.. അത്രയും നാൾ അയാൾ പറയാതിരുന്ന അവൾ അറിയാതിരുന്ന സ്നേഹം അവളുടെ പാദങ്ങളെ പൊള്ളിച്ചു.

വൈകീട്ട് മുരളിയോടൊപ്പം പുറപ്പെടുമ്പോൾ അമ്മയും അമ്മാവനും സന്തോഷത്തോടെ അവളെ യാത്രയാക്കി..

മടക്കയാത്രയിൽ അയാൾ അവളുടെ കൈ കരുതലോടെ ചേർത്തു പിടിച്ചിരുന്നു. ആർക്കും വിട്ടുകൊടുക്കില്ലെന്ന പോലെ
ഇനിയൊരിക്കലും തനിച്ചാക്കില്ലെന്ന പോലെ കൂടെയുണ്ടെന്ന പോലെ…

Leave a Reply

Your email address will not be published. Required fields are marked *