ബെഡ്റൂമിലും അവന്റെ ജീവിതത്തിലും പരാജയം മാത്രമായ ഞാനെന്ന ഭാര്യയുടെ ഓരോ കുറ്റങ്ങളും കുറവുകളുമായിരുന്നു.

നിഴലുകൾ കഥ പറയുമ്പോൾ

(രചന: Seena Joby)

 

“ഇന്നുമുതൽ എനിക്ക് നീ മാത്രമാണ് കൂട്ട്… ഇനി മുൻപോട്ടുള്ള ജീവിതം എനിക്ക് നിന്റെയൊപ്പം നടന്നു തീർത്താൽ മതി… മറ്റാരെയും എനിക്കിനി വിശ്വാസമില്ല… മറ്റാരെയും…””

“ആരാണ് നീ…”””ഞാൻ.. ചതിക്കപ്പെട്ടവൾ… പ്രണയം കൊണ്ടു കബളിപ്പിക്കപ്പെട്ടവൾ… താലി ബന്ധം കൊണ്ടു വഞ്ചിക്കപ്പെട്ടവൾ. സ്നേഹം കൊണ്ടു മുറിവേറ്റവൾ.. പാതിവഴിയിൽ ഒറ്റയ്ക്കായിപ്പോയവൾ .””

“”ഞാൻ നിന്റെ നിഴൽ ആണ്.. പക്ഷെ നിന്നിലെ നോവറിയാൻ എനിക്ക് ആവതില്ല.. നീ ആരോടും പറഞ്ഞിട്ടുമില്ല… ഇന്ന്… നിന്റെ ഈ ഭ്രാന്ത്‌ പൂക്കുന്ന ഏകാന്തതയിൽ നിന്റെ മനസ് എന്നോടെങ്കിലും തുറന്നൂടെ…

ഉള്ളിൽ തിളച്ച കണ്ണുനീർ തട കെട്ടി നിർത്താതെ പുറത്തേയ്ക് ഒഴുക്കിക്കൂടെ…ഇനിയും എന്തിനു നീ അഭിനയിക്കണം….ഇന്ന് കോടതിയിൽ വാദം കേൾക്കാൻ നിന്റെ കൂടെ ഞാനും ഉണ്ടായിരുന്നല്ലോ..

നീ സംശയരോഗിയും മന്ത്രതന്ത്രങ്ങൾ അനുഷ്ഠിക്കുന്നവളും ഭ്രാന്തിയും ആവുന്നത് കണ്ടു ഞാൻ നിന്റെ തൊട്ടടുത്ത് ഉണ്ടായിരുന്നല്ലോ..

അപ്പോളും തകരാത്ത നീ.. ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിവില്ലാത്തവൾ എന്ന് മുദ്ര കുത്തപ്പെട്ടപ്പോൾ കണ്ണുകളിൽ നിന്ന് ഹൃദയം മുറിഞ്ഞ ര ക്തം ഒഴുകി ഇറങ്ങുന്നത് ഞാൻ കണ്ടു…

അല്ല.. അങ്ങനെയല്ല… അത് ഞാൻ മാത്രമേ കണ്ടുള്ളു..”””പറയാം ഞാൻ… നിഴലിനോട് നിഴൽ കഥ പറയുന്ന പോലെ എനിക്ക് തോന്നുന്നു.. ആരോടെങ്കിലും എനിക്ക് എല്ലാം തുറന്നു പറയണം..

എന്നെ കുറ്റപ്പെടുത്താത്ത… എന്നെ കേൾക്കാൻ മനസുള്ള, ഉള്ളിൽ എന്നോട് പരിഹാസമില്ലാത്ത ആരോടെങ്കിലും…””..

അവൾ ഒരുനിമിഷം വിദൂരതയിലേയ്ക്ക് മിഴികൾ നട്ടിരുന്നു.. പിന്നെ പറഞ്ഞു തുടങ്ങി” ഡിഗ്രി കാലഘട്ടത്തിൽ ആദ്യമായി അവൻ എന്നിലേക്ക് പ്രണയദൂതുമായി കടന്നു വന്നു…

എന്നെക്കുറിച്ച് എനിക്ക് നല്ല ബോധമുള്ളത് കൊണ്ടും അവനെ കാഴ്ചയിൽ ഭംഗിയുള്ളതായി തോന്നിച്ചത് കൊണ്ടും ആ പ്രണയത്തെ ഞാൻ തുടക്കത്തിലേ തട്ടിയകറ്റി..

പക്ഷെ വീണ്ടും വീണ്ടും വാശിയോടെ അവൻ എന്നോട് അടുത്തുകൊണ്ടിരുന്നു…ഏതോ ഒരു നിമിഷം എന്റെ മനസിന്റെ നിയന്ത്രണം അവൻ തട്ടിയെടുത്തു.. പിന്നെ നീണ്ട അഞ്ചു വർഷം പ്രണയിച്ചു…

ആ പ്രണയം വീട്ടിൽ അറിയുന്ന സാഹചര്യം വന്നപ്പോൾ എനിക്ക് വേദനയോടെ അവനിൽ നിന്ന് തിരിഞ്ഞ് നടക്കേണ്ടി വന്നു..

കാരണം ചെറുപ്പത്തിൽ എനിക്ക് നഷ്ടമായ അച്ഛന്റെ സ്നേഹം വീണ്ടും തിരികെ വീടണഞ്ഞു.. അതോടെ പ്രണയം നഷ്ടം ആയി.. പക്ഷെ അവൻ വലിയ വാശിക്കാരനായിരുന്നു..

ആ ത്മ ഹത്യാ ഭീഷണിയും മ ദ്യ പാനവും കൊണ്ട് മാതാപിതാക്കളുടെയും എന്റെയും മനസ് മാറി… അങ്ങനെ ഞങ്ങൾ ഒത്തിരി ആഗ്രഹിച്ച കൊതിച്ച ആ ദിവസം വന്നെത്തി.. ഞങ്ങളുടെ വിവാഹം…

മധുവിധു ദിവസങ്ങൾ ഏറെ നിറമുള്ളത് തന്നെയായിരുന്നു… ആ മധുരം നുണഞ്ഞു മതി വരും മുൻപേ മറ്റുള്ളവരുടെ മുൻപിൽ വെച്ചു എന്നെ പരിഹസിക്കാൻ തുടങ്ങി…

ഉള്ളിൽ പോറി വരയുന്ന നീറ്റൽ ഉണ്ടായിട്ടും ഞാൻ പുറമെ ചിരിച്ചു.അപ്പൊ എനിക്ക് പൊട്ടി എന്ന പേര് വീണു… ലീവ് തീർന്നു ഞാൻ ജോലി സ്ഥലത്തേക്ക് മടങ്ങി.. ഫോണിൽ കൂടെ ജീവിച്ചു… ഇടയ്ക്ക് ലീവിന് വീട്ടിൽ എത്തും.. അങ്ങനെയൊരു വർഷം കഴിഞ്ഞു…

കുട്ടികൾ ഇപ്പോൾ വേണ്ട എന്നത് അവന്റെ മാത്രം തീരുമാനം ആയിരുന്നു..അതിനായ് ഏറ്റവും ശ്രദ്ധിച്ചതും അവൻ തന്നെ… എന്റെയുള്ളിൽ ഉയരുന്ന അമ്മ എന്ന വികാരത്തെ അവൻ സ്വാർത്ഥത നിറഞ്ഞ സ്നേഹം കൊണ്ട് കരിച്ചു കളഞ്ഞു…

അങ്ങനെയൊരു അവധി ദിവസം ആണ് അബദ്ധവശാൽ അവന്റെ ഫോൺ ഞാൻ നോക്കുന്നതും അവിടെ നിന്ന് എന്റെ ജീവിതം കീഴ്മേൽ മറിഞ്ഞതും..

വാ ട്സാപ്പ് ചാറ്റിൽ രേഷ്മ എന്ന പേര് വെറും കൗതുകം കൊണ്ടു നോക്കിയ ഞാൻ കണ്ടത് എന്റെ ഭർത്താവിന്റെ ജ്വലിച്ചു നിൽക്കുന്ന പൌരുഷവും മറുപുറത്തുള്ള സ്ത്രീയുടെ ന ഗ്ന ത യുമായിരുന്നു…

കാഴ്ചയ്ക്ക് അവൾ എന്നേക്കാൾ താഴെ ആയിരുന്നു…പിന്നെ.. എന്താണ്… എന്തിനാണ്… അറിയില്ല.. അന്നും ഇന്നും… ആ ചാറ്റ് വായിച്ചു മുഴുവനാക്കിയതും എനിക്ക് മുൻപിൽ തെളിഞ്ഞത് എന്റെ സ്വന്തം എന്ന് വിശ്വസിച്ചവന്റെ മറ്റൊരു മുഖം ആയിരുന്നു…

ആ ചാറ്റിൽ നിറഞ്ഞത് ബെഡ്റൂമിലും അവന്റെ ജീവിതത്തിലും പരാജയം മാത്രമായ ഞാനെന്ന ഭാര്യയുടെ ഓരോ കുറ്റങ്ങളും കുറവുകളുമായിരുന്നു…

അത് ചോദ്യം ചെയ്ത ഞാൻ അന്ന് ഏൽക്കേണ്ടി വന്നത് ക്രൂരമായ ശാ രീരിക പീ ഡനവും അതിലും ക്രൂരമായ വാക്കുകള്‍ കൊണ്ടുള്ള പി ഡനവുമായിരുന്നു…

അന്നുമുതൽ ഞാൻ മറ്റുള്ളവരുടെ മുൻപിൽ വെറും സംശയ രോഗിയായ ഭാര്യയായി… കഴിവുകെട്ടവൾ ആയി.. ഇല്ലാത്ത കുറ്റങ്ങൾ ഒന്നും ഇല്ല… ഒടുവിൽ ഒരുദിവസം നിഷ്കരുണം എന്നെ വഴിയിൽ ഉപേക്ഷിച്ചു….

എന്നെ ഉപേക്ഷിച്ചെങ്കിലും എനിക്ക് ഉപേക്ഷിച്ചു പോവാൻ കഴിയില്ലായിരുന്നു.. കാരണം ഞാൻ… ഞാനവനെ സ്നേഹിച്ചത് എന്റെ മനസും ശരീരവും ആത്മാവും കൊണ്ടായിരുന്നു…

പക്ഷെ ഒടുവിൽ.. ഒടുവിൽ ഞാൻ തോറ്റു.. ദയനീയമായി… പരസ്യമായി അപമാനിക്കപ്പെട്ടു…. എന്നെ ചേർത്തു പിടിക്കാൻ ഒരു കരവും എന്റെ നേരെ നീണ്ടു വന്നില്ല…

മാതാപിതാക്കൾ സ്വന്തമായി കണ്ടു പിടിച്ചതിന്റെ ശിക്ഷയായി എന്നെത്തന്നെ കൈയൊഴിഞ്ഞ് കൊണ്ട് നടപ്പാക്കി… ഇന്നീ ഇരുൾ മുറിയിൽ ഞാൻ… ഞാൻ മാത്രം ബാക്കിയായി…

ഇന്ന് ഉച്ചയ്ക്ക് എനിക്ക് അവന്റെ മെസ്സേജ് വന്നിരുന്നു… അവൻ രേഷ്മയേ വിവാഹം കഴിക്കാൻ പോകുന്നു എന്ന്… എല്ലാം മറന്നേരെ എന്ന്…കഴിഞ്ഞു.. അതോടെ എല്ലാം കഴിഞ്ഞു.. ”

“”ഞാൻ നിന്റെ നിഴലാണ്.. നീ എവിടെ പോയാലും കൂടെ വരേണ്ടവൾ.. നീ മരണത്തിലേക്കാണ് പോകുന്നത് എങ്കിൽ നിന്റെ മരണത്തിലും കൂടെ വരേണ്ടവൾ.. നിഴൽ.. ആ ഞാൻ പറയുന്നത് നിനക്ക് അനുസരിക്കാൻ കഴിയുമോ.”

അവൾ പ്രതീക്ഷയോടെ തന്റെ നിഴലിനെ നോക്കി… പിന്നെ മെല്ലെ തലയാട്ടി…”ഇന്നുവരെ നീ അനുഭവിച്ച നിരാശ, അപമാനം, വഞ്ചന എല്ലാം നീ നിന്റെ കണ്ണുനീരിൽ കൂടെ ഒഴുക്കി കളയണം.. ഇന്നൊരു രാത്രി മുഴുവൻ കരയണം.. പക്ഷെ നാളെ നേരം പുലർന്നാൽ നീ പുതിയ ഒരാളാവണം…

ഏറ്റ അപമാനം ഉള്ളിൽ കിടന്നു തിളച്ചാലും ഇനിയൊരിക്കലും നിന്റെ തല കുനിയാൻ നീ അനുവദിക്കറുത്… നമ്മൾ മനസുവേക്കാതെ ആർക്കും നമ്മളെ തകർക്കാൻ ആവില്ല…

ഇനി നിന്റെ ദിവസങ്ങൾ ആണ്… നിന്റെ നേട്ടങ്ങളുടെ.. വിജയങ്ങളുടെ ദിവസങ്ങൾ… വിജയത്തിന്റെ പടികൾ ഓരോന്നായി നീ ചവിട്ടി കയറുമ്പോൾ പിന്നിൽ നിനക്ക് നഷ്ടമായ ബന്ധങ്ങളും നിന്നെ തേടി വരും…

ഒരിക്കൽ നിന്നെ ക്രൂരമായി ചതിച്ചവൻ കയ്യിലിരുന്ന മാണിക്യം നഷ്ടമാക്കിയത് ഓർത്ത് നെഞ്ചു പൊട്ടി കരയണം.. ഇന്ന് നീ കരഞ്ഞതു പോലെ… അതിന് നിനക്ക് കഴിയണം.. നിനക്കെ കഴിയൂ…

നീ തയ്യാറാണെങ്കിൽ ഞാനുണ്ടാവും നിന്റെ കൂടെ ഏത് നിമിഷവും.. ഏത് പ്രതിസന്ധിയും ഒന്നിച്ച് നേരിടാം… പക്ഷെ ഒന്നുണ്ട്.. നിനക്ക് ജീവിയ്ക്കാൻ.. നിനക്ക് വിജയിക്കാൻ..

നിന്നെ കാണുമ്പോൾ മറ്റുള്ളവരുടെ കണ്ണിൽ ഇന്ന് കാണുന്ന പരിഹാസം മാറി അവിടെ ബഹുമാനം നിറയ്ക്കാൻ.. അതിന് നിനക്ക് മാത്രമേ കഴിയൂ… എന്താ പറ്റുമോ…””

നിഴൽ അവളുടെ കണ്ണുകളിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കി…ആ മിഴികൾ പതിയെ ഇളകുന്നത് കണ്ടു.. ഒരു പൊട്ടിക്കരച്ചിലോടെ അവൾ കാൽമുട്ടിലേക്ക് തല ചായ്ച്ചു…… കരഞ്ഞു കരഞ്ഞു ഉള്ളിലെ സങ്കടം ഒഴുക്കി മെല്ലെ തല ഉയർത്തി…

പിന്നെ തന്റെ നിഴലിനെ നോക്കി പുഞ്ചിരിച്ചു…അപ്പോഴേക്കും നേരമേറെ കഴിഞ്ഞു പോയിരുന്നു. ഇപ്പോൾ ആ കണ്ണുകളിൽ നിറഞ്ഞ ആത്മവിശ്വാസം നിഴലിൽ പുഞ്ചിരി ഉണർതി..

അവൾ തന്റെ കണ്ണുനീർ കൈകളാൽ തുടച്ചു… പിന്നെ മെല്ലെ പറഞ്ഞു.. ഉറച്ച ശബ്ദത്തിൽ..

“” ഇനി ഞാൻ കരയില്ല… എന്നെ ചതിച്ചുകൊണ്ട് ഇന്ന് ചിരിച്ചവർ നാളെ എന്റെ മുഖത്തെ ചിരി കണ്ടു ഞെട്ടണം.. ഇനി മുതൽ ഞാൻ ഒറ്റയ്ക്കാണ്..

അത് വിജയം ആയാലും പരാജയം ആയാലും ജീവിതമായാലും മരണം ആയാലും… ഒറ്റയ്ക്ക് നേരിടും..

ഇനി എന്റെ കണ്ണുനീരിൽ ആനന്ദിക്കാനോ എന്റെ തോൽവി ആഘോഷമാക്കാനോ ഇനി ഞാൻ മറ്റൊരാളെ അനുവദിക്കില്ല… എനിക്കും ജയിക്കണം.. എനിക്കും ജീവിക്കണം…

എന്റെ മോഹങ്ങളും സ്വപ്നങ്ങളും കൈയെത്തി പിടിക്കണം… അതിനു ഞാൻ മുൻപോട്ട് ജീവിച്ചേ മതിയാകൂ… ഞാൻ ഞാനായി തന്നെ ജീവിച്ചേ മതിയാകൂ…””

തല ഉയർത്തി മുൻപോട്ടു നടന്നവളെ അനുഗമിച്ച് കൊണ്ട് അവളുടെ നിഴലും ഒപ്പമുണ്ടായിരുന്നു.. ഒരു തണലെന്നപോലെ….

Leave a Reply

Your email address will not be published. Required fields are marked *