നിന്റെ സൂക്കേട് വേറെയാ. കെട്ടിയോൻ ഗൾഫിൽ ഉള്ള ഭാര്യമാരെ വല വീശാൻ ഒത്തിരി നാ യിന്റെ മക്കൾ ഉണ്ട് ചുറ്റിലും

മോചനം

(രചന: Seena Joby)

 

“” രാജീവ്, എനിക്ക് ഇന്ന് നിങ്ങളോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.. എന്നുവെച്ചാൽ നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം എടുക്കാൻ ഉള്ള ദിവസം.

എന്നത്തേയും പോലെ അഞ്ചു മിനിറ്റ് കൊണ്ട് നിർത്തി പോകാൻ നിൽക്കരുത്. കേൾക്കാൻ സമയം തന്നില്ലെങ്കിൽ നഷ്ടം നിങ്ങൾക്ക് മാത്രം ആയിരിക്കും.. ”

ഹരിതയുടെ മെസ്സേജ് വാട്സാപ്പിൽ കണ്ടപ്പോൾ ആദ്യം രാജീവിന് ഒരു പുശ്ചമാണ് തോന്നിയത്. ഒരു തീരുമാനക്കാരി… എനിക്ക് സൗകര്യം ഇല്ല അവളുടെ തീരുമാനം കേൾക്കാൻ.

എന്റെ കുടുംബത്തിൽ ഇന്നേവരെ പെണ്ണിന്റ വാക്കുകൾ കെട്ട് ജീവിക്കുകയോ തീരുമാനം എടുക്കുകയോ ഉണ്ടായിട്ടില്ല. പിന്നെയാ ഇനി ഇവളുടെ തീരുമാനം..

ഷാർജയിൽ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിലാണ് രാജീവിന് ജോലി . ഇവിടെ വന്നിട്ട് ഇപ്പോൾ മൂന്നു വർഷം ആയി..

ഭാര്യ ഹരിത ഫെഡറൽ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ ആണ്.. ഒരു മോൻ ആണ് അവർക്ക്.. അഞ്ചു വയസുള്ള രുദ്രാക്ഷ്. രാജീവിന്റെ മാതാപിതാക്കൾക്ക് ഒപ്പമാണ് ഹരിതയും മോനും താമസം..

ജോലി തിരക്കുകൾ കഴിഞ്ഞു ഫ്രീ ആയതും അവൻ ഒരിക്കൽ കൂടി വാട്സാപ്പ് എടുത്തു ആ മെസ്സേജ് മൂന്നാലവർത്തി വായിച്ചു..

പിന്നെ സമയം നോക്കുമ്പോൾ നാട്ടിൽ ഏകദേശം പതിനൊന്നര ആയിട്ടുണ്ട്.. ഫോൺ എടുത്തു ഹരിതയ്ക്ക് ഡയൽ ചെയ്തു.

“ഹലോ “എന്താടി നിനക്ക് അതിനുമാത്രം തീരുമാനം എടുക്കാൻ ഉള്ളത്..നീ മെസ്സേജ് അയച്ചു ഭീഷണിപെടുത്താൻ നോക്കുവാണോ എന്നേ.. നിനക്ക് എന്നേ ശരിക്കും അറിയാലോ.. ഓലപ്പാമ്പ് കണ്ടു പേടിക്കുന്നവനല്ല ഈ രാജീവ്..”

“” ഞാൻ രാജീവിനോട് വിളിക്കാൻ പറഞ്ഞത് എനിക്ക് സംസാരിക്കാൻ ആണ്. അല്ലാതെ ഇങ്ങോട്ട് പറയുന്നത് മുഴുവൻ കേട്ടു ഫോൺ വെക്കാൻ അല്ല..'””

“”പറഞ്ഞു തൊലയ്ക്കെടി പുല്ലേ.. എന്നിട്ട് ഞാൻ ബാക്കി പറയാം..”ഒരു നിമിഷം ശ്വാസം വലിച്ചു വിട്ട് അവൾ പതിഞ്ഞതെങ്കിലും ഉറച്ച സ്വരത്തിൽ പറഞ്ഞു..

“എനിക്ക് ഒരാളെ ഇഷ്ടമാണ്… ഇഷ്ടം എന്നുവെച്ചാൽ പ്രാണനാണ്.. ഒന്നിച്ചു ജീവിക്കാൻ ഉള്ള അത്രയും ഇഷ്ടം “”

രാജീവ് തരിച്ചു നിന്നുപോയി കുറച്ചു നേരം.. കേട്ട വാക്കുകൾ അത്രയും ആഴത്തിൽ ഉള്ളിലേക്ക് കടന്നു പ്രകമ്പനം കള്ളിച്ചുകൊണ്ടിരുന്നു…

ബോധത്തിലേക്ക് തിരികെ വന്നതും ഫോണിലൂടെ അലറുകയായിരുന്നു അയാൾ.

“” എന്താ നീ പറഞ്ഞെ.. നിനക്ക് ഇഷ്ടമൊ. ആരോട്.. ഏതാവനോടാഡീ …. ….. ….. മോളെ നിനക്ക് ഇപ്പോൾ പ്രേമം.. നിന്റെ സൂക്കേട് വേറെയാ. കെട്ടിയോൻ ഗൾഫിൽ ഉള്ള ഭാര്യമാരെ വല വീശാൻ ഒത്തിരി നാ യിന്റെ മക്കൾ ഉണ്ട് ചുറ്റിലും.

അത് മനസിലാക്കാതെ ഇഷ്ടം കൊണ്ട് ഇറങ്ങിയേക്കുന്നു.. നിനക്ക് കൂടി വേണ്ടി ഇവിടെക്കിടന്നു പണി എടുക്കുന്ന എന്നോട് നിനക്ക് എങ്ങനെ പറയാൻ തോന്നിയെടി.. “”

“”ഞാൻ പറഞ്ഞിരുന്നോ രാജീവ്?? എനിക്ക് വേണ്ടി ഗൾഫിൽ പോയി ജോലി ചെയ്യാൻ.. ഉള്ളതുകൊണ്ട് നമുക്ക് ഒരുമിച്ചു കഴിയാന്നു ഞാൻ കാല് പിടിച്ചു പറഞ്ഞതല്ലേ.

അപ്പൊ അസിസ്റ്റന്റ് മാനേജർക്ക് കിട്ടുന്ന അത്രയും സാലറി സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് ഇല്ലെന്ന് പറഞ്ഞു ഈഗോ മൂത്ത് പോയതാരാണ്?””

“”അത് എന്തുതന്നെ ആയാലും ഞാൻ ജോലി ചെയ്യുന്ന പൈസ കൊണ്ടല്ലേടി നീയും കഴിയുന്നെ..””

“”ഞാൻ എന്റെ സാലറി കൊണ്ടാണ് ജീവിക്കുന്നത്. നിങ്ങൾ കൂടെ ഉള്ളപ്പോൾ നിങ്ങളുടെ അമ്മ എന്നോട് കാണിക്കുന്ന പോരു കണ്ടു മിണ്ടാതെ നിൽക്കുന്ന നിങ്ങൾക്ക് ഊഹിക്കാലോ നിങ്ങൾ ഇവിടെ ഇല്ലാത്ത അവസരത്തിൽ എന്ത് നടക്കുമെന്ന്..

ജോലി തിരക്കെന്ന് പറഞ്ഞു ദിവസം അഞ്ചു മിനിറ്റ് തികച്ചും എന്നോട് സംസാരിക്കാൻ നിങ്ങൾക്കും നേരമില്ല.

ജോലി, വീട്, മോന്റെ പഠനം മറ്റു കാര്യങ്ങൾ ഒക്കെയായി ഭ്രാന്ത് പിടിച്ചു നടക്കുന്ന ഏതോ നിമിഷത്തിലാണ് എന്റെ മനസ് മറ്റൊരാളിലേക്ക് ചാഞ്ഞത്..

ഇനി, ഇനിയെനിക്ക് മറ്റൊന്നും ചിന്തിക്കാനില്ല.. രാജീവിനോടൊപ്പം ഒന്നിച്ചു ജീവിക്കാൻ എനിക്ക് സാധ്യമല്ല.”!

രാജീവ് തരിച്ചിരുന്നു പോയി..ഒരിക്കലും ഇങ്ങനെയൊരു കാര്യമായിരിക്കും അവൾ പറയാൻ പോകുന്നതെന്ന് അവൻ ഓർത്തിരുന്നില്ല.. പുറമെ പ്രകടിപ്പിക്കാറില്ലെങ്കിലും അവൾ ഇല്ലാത്ത ജീവിതം ചിന്തിക്കാൻ പോലും പറ്റില്ല..

“”എന്റെ മോനേ ഞാൻ തരില്ല നീ പോയാലും എനിക്ക് ഒന്നൂല്ല..””സ്വരം ഇടാറാതെ വാശിയോട് അവൻ അവളോട് പറഞ്ഞു.

“”വേണ്ട. ഞാൻ കുഞ്ഞിനെ ആയിട്ടല്ല വന്നത്.. എനിക്ക് എപ്പോ കാണണം എന്ന് തോന്നിയാലും ഞാൻ വരും മോനേ കാണും, തിരിച്ചു പോകും. ഞാൻ പോയാലും രാജീവിന് ഒന്നുമില്ലെന്ന് എനിക്ക് നന്നായി അറിയാം.”

“‘ഉപേക്ഷിച്ചു പോകുന്നവൾക്ക് പിന്നെ എന്റെ മോനേ കാണാൻ വരാൻ ഞാൻ സമ്മതിക്കില്ല..””

“‘ അതിന് നിങ്ങളുടെ സമ്മതം ആർക്കുവേണം രാജീവ്.. ഞാൻ അവന്റെ അമ്മയാണ്.. ആ എനിക്ക് എന്റെ മകനെ കാണാൻ ആരുടേയും അനുവാദം ആവശ്യമില്ല.'”

അതോടെ അവന്റെ വാദങ്ങൾ എല്ലാം കഴിഞ്ഞു..””ഹരീ.. നീ ശരിക്കും ആലോചിച്ചു തന്നെയാണോ.. നിന്റെ ശരീരത്തോടുള്ള ആകർഷണം തീർന്നാൽ നീ പുറത്താകും..

അന്ന് ആരും ഉണ്ടാവില്ല. ഒന്ന് ആലോചിച്ചു നോക്കിക്കെ നീ നമ്മുടെ മോന്റെ അവസ്ഥ, ഞാൻ എങ്ങനെ വീട്ടുകാരുടെയും നാട്ടുകാരുടെയും മുൻപിൽ തല ഉയർത്തി ജീവിക്കും..””

“”ലോകത്തു ആദ്യമായി ഡിവോഴ്സ് ആകുന്നവരല്ല നമ്മൾ. ഒന്നിച്ചു പോകാൻ പറ്റാതെ വരുന്നവർ അവസാനം എടുക്കുന്ന തീരുമാനം ഇതാണ്.

പിന്നെ ശരീരത്തിനോടുള്ള ആകർഷണം തീർന്നപ്പോൾ രാജീവ് ചെയ്തതും ഇതൊക്കെ തന്നെയല്ലേ. ഇപ്പോൾ വായിൽ നിന്ന് വീണ പേര്..

“ഹരി ” അങ്ങനെ വിളിച്ചിട്ട് വർഷം എത്ര കഴിഞ്ഞു എന്ന് നിങ്ങൾക്കറിയാമോ.?ഇനി എനിക്ക് കൂടുതൽ ഒന്നും പറയാനില്ല. രാജീവ് ഉടനെ നാട്ടിൽ എത്തി നമുക്ക് മ്യുചൽ ഡിവോഴ്സിനു ആപ്ലിക്കേഷൻ കൊടുക്കണം..

ഇനിയും ഈ നരക ജീവിതം തുടരാൻ എനിക്ക് താല്പര്യമില്ല. ഇത്രയും കാലം ഭർത്താവിന്റെ ഈഗോ, മുൻകോപം, അമ്മായിഅമ്മയുടെ ഉപദ്രവം ഓക്കേ സഹിച്ചു. ഇനി വയ്യ..

ഞാൻ സ്വന്തമായി ജോലി ചെയ്തു ജീവിക്കുന്ന വ്യക്തി ആണ്.. ആ എനിക്ക് ഇത്രയും ബുദ്ധിമുട്ട് സഹിച്ചു ജീവിക്കേണ്ട കാര്യമില്ല.. സ്നേഹം പിടിച്ചു വാങ്ങാൻ ഉള്ള സാധനം അല്ലെന്ന് ഞാൻ മനസിലാക്കി..

എന്റെ വഴി ഞാൻ കണ്ടെത്തി.. പണ്ട്.. അതായത് നമ്മൾ ജീവിതം തുടങ്ങിയ അന്നുമുതൽ ഞാൻ ഇടയ്ക്കിടെ രാജീവിനോട് പറയാറുണ്ടായിരുന്നത് ഓർക്കുന്നോ..

സ്നേഹം ഉള്ളിൽ ഒളിപ്പിച്ചു വെക്കേണ്ട കാര്യം അല്ല. അത് പ്രകടിപ്പിക്കുക തന്നെ വേണമെന്ന്.. അന്ന് നിങ്ങൾ പറയുന്നത് ഓർക്കുന്നോ.. ഞാൻ ഇങ്ങനെയാണ്. എനിക്ക് മാറാൻ പറ്റില്ലെന്ന്..

ഇനി ഞാൻ മാറാൻ പോകുന്നു. എനിക്ക് ഞാൻ ആയി എന്റെ ഇഷ്ടങ്ങളോടൊപ്പം ജീവിക്കണം.. ഒരു വാശിക്കാണ് മോനേ തരില്ലെന്ന് പറഞ്ഞത് എന്ന് എനിക്ക് അറിയാം.

നിങ്ങളെ എന്നേക്കാൾ നന്നായി മറ്റാർക്കും അറിയില്ലല്ലോ.. എന്തായാലും കുഴപ്പമില്ല. പക്ഷെ എന്റെ മോനെന്തെങ്കിലും ഒരു ബുദ്ധിമുട്ട് ഉണ്ടായാൽ ഞാൻ ആരെന്ന് നിങ്ങൾ അറിയും..

അപ്പൊ ശരി. നന്നായി ആലോചിച്ചു എത്രയും വേഗം നാട്ടിലേക് വന്നാൽ വളരെ ഉപകാരം.. “”””ആരാണ് നിന്റെ പുതിയ ആള് “”അവൻ ഒരു പുച്ഛസ്വരത്തിൽ ചോദിച്ചു..””ഇട്സ് നൺ ഓഫ് യുവർ ബിസിനസ്‌.””

അവളുടെ സ്വരം കാതിൽ ഒരു മുരൾച്ച പോലെയാണ് അവനനുഭവപ്പെട്ടത്.കാൾ കട്ട്‌ ആയതും ശരീരം തളർന്നു താഴേക്ക് ഇരിക്കുമ്പോൾ കുറച്ചു മുൻപ് കേട്ട കാര്യങ്ങൾ മനസിലൂടെ പിന്നെയും പിന്നെയും കടന്നുപോയി.

ഒരിക്കലും ഹരിത ഇങ്ങനെയൊരു തെറ്റായ വഴി തിരഞ്ഞെടുക്കില്ല എന്ന് തനിക്കു നൂറു ശതമാനം ഉറപ്പാണ്. പിന്നെ എന്തിനായിരിക്കും തന്നോട് അവൾ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്…

ആലോചിക്കുംതോറും ഭ്രാന്ത് പിടിക്കന്നത് പോലെ തോന്നിയ അവൻ പരിഹാരം കണ്ടെത്തിയത് മുറിയിൽ സൂക്ഷിച്ചിരുന്ന മ ദ്യകുപ്പിയിൽ ആണ്..

പിറ്റേന്ന് ഓഫിസിൽ ചെന്ന് ആദ്യം തന്നെ എമർജൻസി ലീവിന് അപ്ലൈ ചെയ്യുമ്പോൾ മനസ് നിയന്ത്രണത്തിൽ ആക്കാൻ അവൻ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു..

ലീവ് അനുവദിച്ചു കിട്ടിയതോടെ അവൻ നാട്ടിലേക്ക് പറന്നു..പെട്ടന്നൊരു നാൾ മുന്നറിയിപ്പില്ലാതെ വീടിന്റെ പടി കടന്നു ചെല്ലുമ്പോൾ ഉള്ളിൽ നിന്ന് കേൾക്കുന്ന ചീത്തവാക്കുകൾ തന്റെ അമ്മയുടെ നാവിൽ നിന്ന് തന്നെ ആണെന്ന് അവനു വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു..

കുറച്ചു നേരം കാത്തു നിന്നെങ്കിലും ഹരിതയുടെ സ്വരം ഒരിക്കൽ പോലും പരിധി ലംഘിച്ചില്ല.. കാളിംഗ് ബെൽ കേട്ട് വാതിൽ തുറന്നവൾ മുഖത്തു യാതൊരു ഭാവവ്യത്യസവുമില്ലാതെ ഉള്ളിലേക്ക് പോയി..

ഒരു പരിചയഭാവം പോലും ആ മുഖത്തുണ്ടായിരുന്നില്ല. ഉള്ളിൽ വല്ലാത്തൊരു വിങ്ങൽ വന്നു നിറയുന്നത് അവൻ അറിയുന്നുണ്ടായിരുന്നു…

“”ആരാടി രാവിലെ നിന്റെ രഹസ്യക്കാർ വീടുവരെ എത്തിയോടീ … …. …. മോളെ “” എന്നും ചോദിച്ചു പൂമുഖത്തേയ്ക്ക് വന്ന രാജീവിന്റെ അമ്മ ഒരു നിമിഷം മകനെ മുൻപിൽ കണ്ടതും വിളറി വെളുത്തുപോയി.

“‘മോ… മോൻ.. എപ്പോ.. എന്താ പെട്ടന്ന് ഒരു മുന്നറിയിപ്പില്ലാതെ..”മ്മയുടെ ചോദ്യം കേട്ട് ആ മുഖത്തേയ്ക്ക് അവൻ തറപ്പിച്ചു നോക്കി.

“” അറിയിച്ചിട്ടു വന്നാൽ ഇങ്ങനെ ഓരോന്ന് കാണാനും കേൾക്കാനും പറ്റില്ലല്ലോ.. ഞാൻ വന്നിട്ട് കുറച്ചു നേരമായി. എല്ലാം കേട്ടു. ഇനി നാടകമൊന്നും എന്റെ മുൻപിൽ വേണ്ട.. ജീവിതം കൈവിട്ട് നിൽക്കുവാ ഞാൻ. വല്ലതും പറഞ്ഞാൽ അത് കൂടിപ്പോകും.””

ഇത്രയും പറഞ്ഞു തന്റെ റൂമിലേക്ക് കയറുമ്പോൾ ഹരിത ഓഫിസിൽ പോകാൻ റെഡിയായി പുറത്തേക്ക് ഉറങ്ങുകയായിരുന്നു.

“”ഹരീ.. ഇന്ന് ഞാൻ വന്ന ദിവസമല്ലേ. ഇന്നൊരു ദിവസം ലീവെടുത്തു കൂടെ.. എനിക്ക് നിന്നോട് സംസാരിക്കാൻ ഉണ്ട്.””

“”ഞാൻ വൈകുന്നേരം ഇങ്ങോട്ട് തന്നെയാണ് വരുന്നത്. പിന്നെ പെട്ടന്ന് ചോദിച്ചു ലീവെടുക്കാൻ മാത്രം പ്രധാന്യമൊന്നും ഇപ്പോൾ നിങ്ങൾക്ക് എന്റെ ജീവിതത്തിൽ ഇല്ല. മാറി നിൽക്കു. എനിക്ക് പോകാൻ സമയമായി.”

അവൻ ഒതുങ്ങി നിന്നതും അവൾ മുഖത്തേയ്ക്ക് പോലും നോക്കാതെ നടന്നകന്നു.വസ്ത്രം മാറി ആഹാരം കഴിക്കുമ്പോൾ രാജീവ് അമ്മയോട് കാര്യമായി ഒന്നും സംസാരിച്ചില്ല. അമ്മയും മകന്റെ മുഖത്ത് നോക്കാൻ കഴിയാത്തത് കൊണ്ട് അധികം സംസാരം ഉണ്ടായില്ല.

ജോലി കഴിഞ്ഞു ഹരിത എത്തുമ്പോൾ സമയം ഏഴു മണിയായി. അമ്മയുടെ മുഖം കണ്ടപ്പോൾ മനസിലായി അവൾ മിക്കവാറും വരുന്ന സമയം ഇതാണെന്ന്.

വീടെത്തിയ ഹരിത മോനുള്ള ചോക്ലേറ്റ് കയ്യിൽ കൊടുത്ത ശേഷം റൂമിലേക്ക് പോയി.

ഫ്രഷായി അടുക്കളയിൽ എത്തി തനിക്കും മോനുമുള്ള ചായ ഗ്ലാസിൽ ആക്കി മോനുള്ള ബിസ്‌ക്കറ് എടുത്തു അവനെ മടിയിൽ ഇരുത്തി ഓരോ സ്കൂൾ വിശേഷം ചോദിച്ചറിഞ്ഞു അവനു ബിസ്‌ക്കറ് കൊടുക്കുന്നത് രാജീവ്‌ നോക്കി നിന്നു..

ഈ സൗഭാഗ്യം തന്റെ മോനു നഷ്ടമാവുമോ എന്നൊരു ഭയം ഉള്ളിലെ ഈഗോയെ തട്ടിത്തെറിപ്പിച്ചു പുറത്തേക്ക് തള്ളിവരുന്നുണ്ട്.

അതിന്റെ പ്രതിഫലനമെന്നോണം നിറയുന്ന മിഴികൾ ടി ഷർട്ടിന്റെ കൈയിൽ മറഞ്ഞു കൊണ്ടിരുന്നു. ഈ നേരം വരെ മകനും മരുമകളും പരസ്പരം സംസാരിച്ചിട്ടില്ല എന്നത് അമ്മയും ശ്രദ്ധിച്ചു തുടങ്ങി.

പക്ഷെ രാവിലെ താൻ പറഞ്ഞു കൂട്ടിയത് മുഴുവൻ കേട്ടു എന്നോർക്കുമ്പോൾ മകനോട് നേരെ ചോദിക്കാനും പറ്റുന്നില്ല. രാജീവ് ഹരിതയെ തന്നെ ശ്രെദ്ധിച്ചു കൊണ്ടിരുന്നു.

ചായ കുടിച്ച ശേഷം മോനേ രാജീവിനെ ഏല്പിച്ചു അടുക്കളയിലേക്ക് പോയി.. ആഹാരം ആയപ്പോൾ എല്ലാവരും ഒന്നിച്ചിരുന്നു കഴിച്ചു..

അപ്പോഴും അവിടെ നിശബ്ദത കളിയാടി.ബെഡ്‌റൂമിൽ ഹരിതയ്ക്ക് വേണ്ടി കാത്തിരിക്കുമ്പോൾ രാജീവ് മനസ് കൊണ്ട് ഒരു തിരിച്ചു പോക്കിൽ ആയിരുന്നു..

ജീവിതം തുടങ്ങിയ അന്നുമുതൽ ഇന്നുവരെയുള്ള തങ്ങളുടെ ജീവിതത്തിലേക്ക്.. ആദ്യമാദ്യം ഒരു കിലുക്കാംപെട്ടി ആയിരുന്നു ഹരി..

തീവ്രമായി പ്രണയിക്കുന്നവൾ, പ്രണയിക്കപ്പെടാൻ കൊതിക്കുന്നവൾ… വിവാഹം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞാണ് മോൻ ജീവിതത്തിലേക്ക് വരുന്നത്..

ഒരിക്കൽ ജോലി കഴിഞ്ഞു മടുത്തു വന്നിരിക്കുമ്പോൾ കൊഞ്ചിക്കൊണ്ട് വന്നവളെ കാ മഭ്രാന്തി എന്ന് വിളിച്ചു ചീത്ത പറയുമ്പോൾ ഞെട്ടി തരിച്ചു നിൽക്കുന്നവൾ ഇപ്പോൾ കണ്മുൻപിൽ തെളിയുന്നുണ്ട്..

ശരിയാണ്. അന്നാണ്, അന്നുമുതലാണ് എന്റെ ഹരി മാറിയത്. പിന്നീട് അവൾ ഒരിക്കലും സ്നേഹം യാചിച്ചു തനിക്കു അരികിൽ വന്നിട്ടില്ല.

മോന്റെ കാര്യം മാത്രം നോക്കി മറ്റൊരു ലോകം സൃഷ്ടിച്ചു. തന്നെ ശല്യം ചെയ്യാത്തത് കൊണ്ട് അതൊരു നല്ല കാര്യമായി താനും കണ്ടു.

ഡോർ തുറക്കുന്ന ശബ്ദം കേട്ട് നോക്കുമ്പോൾ ഹരി റൂമിലേക്ക് വന്നു. മോനേ ഒന്ന് കൂടെ പുതപ്പിച്ചു കിടത്തി. അവളും കിടക്കാൻ തയ്യാറായി.. രാജീവ് അവളുടെ കൈയിൽ പിടിച്ചു.. എന്താണെന്ന ഭാവത്തിൽ അവൾ അവനെ നോക്കി.

“”ഹരീ.. നീ ഒരിക്കലും മറ്റൊരു ബന്ധം തേടി പോവില്ലെന്ന് എനിക്ക് അറിയാം. പിന്നെ എന്തിനാ ഇത്രയും വല്യ കള്ളം പറയുന്നത്..

വന്നിട്ട് ഈ നേരം വരെ എന്നെയൊന്നു നോക്കിയിട്ടില്ല നീ.. എന്താ നിന്റെ മനസ്സിൽ.. ഇനിയെങ്കിലും ഒന്ന് പറഞ്ഞു താ എനിക്ക്.. നീയില്ലാതെ എനിക്ക് പറ്റില്ല ഹരീ..””

ദയനീയമായി കണ്ണ് നിറച്ചു നിന്ന് പറയുന്നവനെ അവളൊന്നു ആകമാനം നോക്കി.. ചുണ്ടിന്റെ കോണിൽ ഒരു പുച്ഛചിരി തെളിഞ്ഞു..

‘”ഹരി… ഇങ്ങനെ ഓക്കേ വിളിക്കാൻ അറിയോ രാജീവിന്.. ഓർക്കുന്നുണ്ടല്ലേ ഇതൊക്കെ.. വിവാഹത്തിന്റെ പുതുമോടി മാറിയപ്പോൾ മാഞ്ഞ പേരാണത്.

സ്നേഹം എന്നത് ഒരിക്കലും കാ മം അല്ല രാജീവ്.. ഉള്ളിലെ സ്നേഹം മറ്റേ ആൾക്ക് അനുഭവിക്കാൻ പറ്റിയില്ലെങ്കിൽ രാജീവിന്റെ ഉള്ളിൽ നിറയെ സ്നേഹം ആണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം..

ആര് വിശ്വസിക്കും.. എനിക്ക് വേണ്ടി രാജീവ് ഇനി ഒന്നും മാറ്റണ്ട. താങ്കളുടെ സ്വഭാവമോ ജോലിയോ ചിന്തകളോ ഒന്നും.. ഞാൻ മാറാൻ പോകുന്നു..

എന്റെ കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങൾ നേടിയെടുത്തു, കുറേ ആഗ്രഹിച്ച യാതൃകൾ പോയി എനിക്ക് ഞാനായി തന്നെ ജീവിക്കണം. അടിമയായി ജീവിക്കാൻ ഇനി എനിക്ക് താല്പര്യമില്ല. ഇനി എനിക്കൊരു പുനർചിന്തനമില്ല.

ഇതൊക്കെ മാറ്റിയാൽ ചിലപ്പോൾ ഇനിയൊരു ജീവിതത്തിൽ എങ്കിലും നല്ലൊരു ഭർത്താവ് ആകാൻ കഴിഞ്ഞേക്കും. നാളെ ഞാൻ ലീവാണ്. നാളെ ഞാൻ ഇവിടെ നിന്നിറങ്ങും.

എന്റെ വീട്ടിൽ എനിക്കായ് എന്നും ഒരു മുറിയും ഒരു പ്ലേറ്റും ഉണ്ട്.. അവിടെ ഞാൻ സുരക്ഷിതയായിരിക്കും.. മോനെ തന്നാൽ ഞാൻ നാളെ കൊണ്ട് പോകും. ഇല്ലെങ്കിൽ ഞാൻ ഒറ്റയ്ക്ക് ഇറങ്ങും.

പിന്നെ മറ്റൊരാളെ ഇഷ്ടമെന്നു പറഞ്ഞത്, നിങ്ങളുടെ ജീവിതം എന്തെന്ന് ഇപ്പോൾ എനിക്ക് നന്നായി അറിയാം. മറ്റൊരു പെൺകുട്ടി കുറച്ചു നാളായി ജീവിതത്തിൽ ഉണ്ടെന്ന് ഞാൻ അറിഞ്ഞു.

അന്ന് ഞാൻ അനുഭവിച്ച വേദന ഒരു ചെറിയ അളവിൽ തിരികെ തരണം എന്ന് തോന്നി. അല്ലാതെ ചൂട് വെള്ളത്തിൽ വീണു വലഞ്ഞ പൂച്ച പച്ചവെള്ളം കണ്ടാൽ പോലും പേടിക്കൂലേ..

ഇനി ഒരു വിവാഹമോ മറ്റെന്തെങ്കിലുമോ വേണ്ട എനിക്ക്.. ശ്വാസം മുട്ടലില്ലാതെ അന്തസായി ജോലി ചെയ്തു എന്റെ കുഞ്ഞു കുഞ്ഞു സ്വപ്നങ്ങൾ നടത്തി, എന്റെ ഇഷ്ടങ്ങൾക്കൊപ്പം സഞ്ചരിച്ചു കുറച്ചു കാലം ജീവിക്കണം.. എന്റെ പിന്നാലെ ദയവ് ചെയ്തു വരരുത്…

രാവിലെ രാജീവിന്റെ അമ്മ പറഞ്ഞത് മുഴുവൻ കേട്ടിരിക്കുമെന്നാണ് എന്റെ വിശ്വാസം. അങ്ങനെയെങ്കിൽ മോന്റെ കാര്യം ഒരു തീരുമാനം പറഞ്ഞാൽ ഞാൻ നാളെ ഇറങ്ങുമ്പോൾ കൂടെ കൂട്ടിക്കോളാം..

നല്ലൊരു വ്യക്തിയായി അവൻ ഈ സമൂഹത്തിൽ വളരണം എന്ന് എനിക്ക് നല്ല ആഗ്രഹമുണ്ട്.. അപ്പൊ ഇനിയൊന്നും എനിക്ക് പറയാനില്ല. രാവിലെ ഞാൻ ഇറങ്ങും, മോനെ കൂടെ വിടുമെങ്കിൽ ഒപ്പം അവനും ഉണ്ടാവും..””

ഇത്രയും പറഞ്ഞു മോനേ നടുക്ക് കിടത്തി ഹരിത അവനോട് ചേർന്നു കിടന്നു.. ഇതുവരെയുള്ള ഭാരം ഇറക്കി വെച്ചതുപോലെ കിടന്നയുടനെ അവൾ ഉറങ്ങി.

ശാന്തമായി ഉറങ്ങുന്നവളെ നോക്കി ഇരിക്കുമ്പോൾ നിറഞ്ഞ മിഴികൾ തടയാൻ രാജീവ് ശ്രമിച്ചില്ല. ഇന്നുവരെയുള്ള ജീവിതം തന്റെ അശ്രദ്ധ കൊണ്ട് കൈക്കുമ്പിളിൽ നിന്ന് ഊർന്നു പോകുന്നത് മാത്രം അവൻ അറിഞ്ഞു..

രാവിലെ തന്റെ കുഞ്ഞിനെ ചേർത്തു പിടിച്ചുകൊണ്ട് അവൾ ആ പടികൾ ഇറങ്ങുമ്പോൾ ഒരു നിശ്വാസം കൊണ്ട് പോലും അവരെ തടയാൻ ആർക്കും കഴിഞ്ഞില്ല..

ഇനി അവൾ ജീവിക്കട്ടെ.. അവളായി , അവളുടെ സ്വപ്‌നങ്ങൾ, ഇഷ്ടങ്ങൾ, ഓക്കേ നേടിയെടുത്തു കൊണ്ട്..

ഒരു പക്ഷെ എന്നെങ്കിലും രാജീവും തെറ്റുകൾ തിരുത്തി അമ്മയുടെയും മകന്റെയും ലോകത്തിലേക്ക് എത്തിയേക്കാം. അത് കാലം തീരുമാനിക്കട്ടെ..

Leave a Reply

Your email address will not be published. Required fields are marked *