കുറ്റിക്കാട്ടിൽ ഉടുതുണി പോലും അഴിഞ്ഞുപോയി കള്ളുകുടിച്ച് ബോധമില്ലാതെ കിടക്കുന്ന തന്റെ ഭർത്താവിനെ

(രചന: ഞാൻ ഗന്ധർവ്വൻ)

“ഇക്കാ, ഒരു ഓട്ടം പോവോ”തിരിഞ്ഞു നോക്കിയപ്പോൾ ഫൈസി കണ്ടത് ഒരു മൊഞ്ചത്തിക്കുട്ടിയെ ആണ്. ഉണ്ടക്കണ്ണുള്ള, തട്ടമിട്ട ആ മൊഞ്ചത്തിയെ കുറച്ച് സമയം അറിയാതെ ഫൈസി നോക്കിനിന്നു

“ഇക്കാ, ഓട്ടം പോവോ ഇല്ലയോ”അവൾ ഒന്നൂടെ ചോദിച്ചപ്പോഴാണ് ഫൈസി പൂർണമായും അവളിൽ നിന്നും തന്റെ കണ്ണുകളെ എടുത്ത് മാറ്റിയത്

“തീർച്ചയായും, എവിടെക്കാ പോവേണ്ടെ”അവൾ ഫൈസിയെ നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു”ബസ്റ്റാന്റിന്റെ അടുത്തുള്ള ബാറിലേക്ക്”

ഫൈസി അത്ഭുതത്തോടെ അവളെ നോക്കി”ബാറിലേക്കോ…?”അവൾ ഫൈസിയെ നോക്കി വീണ്ടും ശബ്ദം താഴ്ത്തി പറഞ്ഞു

“ന്റെ പുന്നാര ഇക്കാ, ഒന്ന് പതുക്കെ പറ. എന്റെ ഭർത്താവ് ആ ബാറിന് വെളിയിൽ അടിച്ച് പൂസായി കിടക്കുന്നുണ്ട്. അങ്ങേരെ വീട്ടിൽ കൊണ്ടുപോവാനാണ്”

ഫൈസി അവളോട് ഓട്ടോയിൽ കയറാൻ പറഞ്ഞു. അവൾ കല്യാണം കഴിഞ്ഞതാണ് എന്ന് അറിഞ്ഞപ്പോൾ അവന്റെ ആവേശമൊക്കെ എങ്ങോട്ടോ പോയിമറഞ്ഞു. ബാറിന് മുന്നിൽ ഓട്ടോ നിർത്തി ഫൈസി അവളെ നോക്കി

“എവിടെ നിങ്ങളുടെ ഭർത്താവ്”അവൾ ഓട്ടോയിൽ നിന്നും ഇറങ്ങി, ബാറിന്റെ ഗെയ്റ്റിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ ഉടുതുണി പോലും അഴിഞ്ഞുപോയി കള്ളുകുടിച്ച് ബോധമില്ലാതെ കിടക്കുന്ന

തന്റെ ഭർത്താവിനെ കഷ്ടപ്പെട്ട് താങ്ങി പിടിച്ച് ഒരുവിധത്തിൽ ഓട്ടോയുടെ അടുത്തെത്തിച്ചു. ഫൈസി അവളെ കണ്ണിമ വെട്ടാതെ നോക്കി നിന്നു.

എന്തൊരു ഭംഗിയും ഐശ്വര്യവുമാണ് അവളെ കാണാൻ, എന്നിട്ടും… പാവം. അവൻ മനസ്സിൽ അവളെക്കുറിച്ച് ഓരോന്ന് ഓർത്ത് അങ്ങനെ നിൽക്കുമ്പോഴാണ് പെട്ടന്ന് ബാറിൽ നിന്നും

ഇറങ്ങി വന്ന രണ്ടുപേർ അവളെ സഹായിക്കാനെന്ന മട്ടിൽ ഒട്ടിനിന്ന് അവളുടെ വയറിൽ പതുക്കെ പിടിച്ചത്. പെട്ടന്ന് അവൾ അയാളുടെ കൈകൾ തട്ടിമാറ്റി

“താനെന്താടോ ഈ കാണിക്കുന്നത്, കയ്യെടുക്കടോ”അവൾ അവനെ നോക്കി കണ്ണുരുട്ടിയപ്പോൾ, അയാൾ വീണ്ടും അവളെ ഒട്ടിനിക്കാൻ ശ്രമിച്ചു

“ഓ പിന്നേ, ഒന്ന് തൊട്ടെന്ന് കരുതി എന്നാ സംഭവിക്കാനാ…? ഏതായാലും തൊടാനും തലോടാനും ഉള്ളവൻ ഏതുനേരവും അടിച്ച് പൂസായി പൊന്തക്കാട്ടിൽ കിടപ്പാണ്. പാവം തോന്നി ഒന്ന് തൊട്ട് തലോടാൻ വന്നപ്പോൾ കണ്ണുരുട്ടി പേടിപ്പിക്കുന്നോ”

ഇതും പറഞ്ഞ് രണ്ടുപേരും അവളെ നോക്കി ഒരു കള്ളച്ചിരി പാസ്സാക്കി ആടിയാടി നടന്നുനീങ്ങി. ഫൈസിക്ക് ശരിക്കും സഹതാപം തോന്നി അവളോട്‌. നിറഞ്ഞൊഴുകുന്ന തന്റെ കണ്ണീർ തുള്ളികൾ തുടച്ചുമാറ്റി അവൾ ഫൈസിയെ നോക്കി മുഖത്ത് പുഞ്ചിരി വിടർത്താൻ പാടുപെട്ടു.

ഫൈസി അവളുടെ ഭർത്താവിനെ താങ്ങി പിടിച്ച് ഓട്ടോയിൽ പിടിച്ചിരുത്തി. അയാൾ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. അയാളെ നീക്കി ഇരുത്തിയിട്ട് അവൾ കയറിയിരുന്നു. ഫൈസി ഓട്ടോ സ്റ്റാർട്ട്‌ ചെയ്ത് തലതിരിച്ച് അവളെ നോക്കി

“എവിടെയാ വീട്””വായനശാലയുടെ അടുത്ത് നിർത്തിയാൽ മതി. അവിടെയാണ് വീട്”ഫൈസിയൊന്ന് മൂളി. എന്നിട്ട് ഓട്ടോ പതുക്കെ മൂവ് ചെയ്തു.

അവളുടെ വീടെത്തുന്നത് വരെ അവൻ അവളോട്‌ ഒന്നും മിണ്ടിയില്ല. പക്ഷേ, കണ്ണാടിയിൽ കൂടി അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

വീടെത്തിയ ഉടൻ ഭർത്താവിനെ പിടിച്ച് എഴുന്നേൽപ്പിക്കാൻ അവൻ സഹായിച്ചു. ഫൈസി ശരിക്കും ഞെട്ടിയത് അവളുടെ വീട് കണ്ടപ്പോഴാണ്. കൊട്ടാരം പോലൊരു വീടായിരുന്നു അവളുടെ ഭർത്താവിന്റേത്. ഫൈസി അവളുടെ കണ്ണിലേക്ക് നോക്കി, പക്ഷേ അവൾ തലതാഴ്ത്തി നിന്നു

“എത്രയായി”ഫൈസി മീറ്റർ നോക്കി”അറുപത്തി രണ്ട്”അവൾ തന്റെ പേഴ്സിൽ നിന്നും കാശെടുത്ത് കൊടുത്തിട്ട് അവനോട് നന്ദിയും പറഞ്ഞ് വീട്ടിലേക്ക് നടന്നു. ഫൈസി അവളെ തന്നെ നോക്കി നിന്നു. വീട്ടിലേക്ക് കയറി വാതിലടച്ച് അവൾ കയറിപ്പോയി.

ഫാത്തിമ എന്നായിരുന്നു അവളുടെ പേര്. ചെറുപ്പത്തിലേ ഉപ്പയും ഉമ്മയും നഷ്ടപ്പെട്ട അവൾ വളർന്നതൊക്കെ ഉമ്മയുടെ കുടുംബത്തിനൊപ്പം ആയിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്നു അവൾ.

പക്ഷെ കല്യാണ പ്രായമെത്തിയപ്പോൾ അവൾ എന്ന ബാധ്യതയെ ഒഴിവാക്കാൻ എല്ലാവർക്കും തിടുക്കമായി. കുടുംബക്കാർ എല്ലാവരും ചേർന്ന് നല്ലൊരു കുടുംബത്തിലേക്ക് അവളുടെ വിവാഹം നടത്തികൊടുത്തു.

കല്യാണം കഴിക്കുന്ന സമയത്ത് അവൾക്ക് ഒരു ആവശ്യമേ ഉണ്ടായിരുന്നുള്ളു. തുടർന്ന് പഠിക്കണം എന്ന്. അവളുടെ ആവശ്യം പയ്യനും വീട്ടുകാരും അംഗീകരിച്ചു. പക്ഷേ, ആദ്യരാത്രി തന്നെ അവൾ ആ സത്യം തിരിച്ചറിഞ്ഞു.

അയാൾ മദ്യത്തിന് അടിമയാണ് എന്ന കാര്യം. നേരം വെളുക്കുമ്പോൾ തുടങ്ങും കുടിക്കാൻ. എന്തിനും ഏതിനും അയാൾക്ക് മദ്യത്തിന്റെ ലഹരി വേണം. ഉച്ചത്തിലുള്ള വഴക്ക്‌ പറച്ചിലും,

ദയയില്ലാത്ത മർദ്ദനവും. പോരാത്തതിന് സംശയ രോഗവും. ചുരുക്കി പറഞ്ഞാൽ കല്യാണം കഴിഞ്ഞ് ഒരാഴ്ച്ചക്കുള്ളിൽ അവളുടെ പഠിത്തം നിർത്തിച്ചു അയാൾ.

പക്ഷെ അവൾ ആരോടും ഒന്നും പറഞ്ഞില്ല. കാരണം, കുടുംബക്കാർ അറിഞ്ഞോണ്ട് തന്നെയാണ് തന്നെ പെടുത്തിയിരിക്കുന്നത് എന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു. ഉപ്പയും ഉമ്മയും ഇല്ലാത്ത അവൾ ഇനിയും ആർക്കും ഒരു ബാധ്യത ആവാൻ തയ്യാറല്ലായിരുന്നു.

എല്ലാം അവൾ തന്റെ മുറിയിലെ നാല് ചുവരുകൾക്കുള്ളിൽ കടിച്ചമർത്തി. അതിക്രൂരമായി മർദിക്കുന്ന രാത്രികളിൽ അവൾ ദയനീയമായി അവനോട് ചോദിക്കാറുണ്ടായിരുന്നു എന്തിനാ എന്നെ ഇങ്ങനെ തല്ലുന്നത് എന്ന്. അതിനുള്ള അവന്റെ ഉത്തരം ഇങ്ങനാണ്

” ആണാണ്ടീ ഞാൻ, ആണത്തമുള്ള ആണുങ്ങൾ ഇങ്ങനാടീ. പെണ്ണിനെ തന്റെ കാൽകീഴിൽ നിർത്തുന്നവനാണ് പുരുഷൻ. അല്ലാതെ പെണ്ണിന്റെ പിന്നാലെ ഒലിപ്പിച്ചു നടക്കുന്ന കോന്തൻ ഭർത്താവ് ആവാൻ എന്നെ കിട്ടില്ല”

മദ്യപിച്ച് മദ്യപിച്ച് ലൈംഗിക ആസക്തി പോലും ഇല്ലാതായ അയാളുടെ പോരായ്മകൾ മറക്കാനായിരുന്നു ഈ സംശയ രോഗവും ആണത്തം കളിയുമൊക്കെ.

അവൾ എല്ലാം സഹിച്ചും കേട്ടും ജീവിച്ചു. അയാളുടെ ഉമ്മയും ഉപ്പയും മോൻ ഇന്ന് ശരിയാകും നാളെ ശരിയാകും എന്ന് പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു.

ഇങ്ങനെയുള്ള പെൺകുട്ടികളുടെ കഥകൾ കേൾക്കുമ്പോൾ ചിലർ പറയും”എന്തിനാണ് അവൾ ഇങ്ങനെ സഹിച്ച് നിക്കുന്നത്, അവൾക്ക് അയാളെ ഉപേക്ഷിച്ച് ജോലി ചെയ്ത് ജീവിച്ചൂടെ”

“അവനെ തല്ലിക്കൊന്ന് ജയിലിൽ പോവാൻ ഇതിലും ബേധം””അയ്യേ ഇതൊക്കെ ഇന്നത്തെ കാലത്ത് നടക്കോ…? ഇതൊക്കെ ഏത് നൂറ്റാണ്ടിലെ കഥയാണ്…?”

“അവനോട് പോടാ പുല്ലേ എന്നും പറഞ്ഞ് അന്തസ്സായി ജീവിക്കണം”പക്ഷേ… ആരോരുമില്ലാത്തവർക്ക് ജീവിതം ഒരു പ്രതീക്ഷയാണ്… ഇന്നത്തെ ഇരുട്ട് നാളെ വെളിച്ചമാവും എന്ന പ്രതീക്ഷ… ഒരുപക്ഷേ,

ഒരായുസ്സ് മുഴുവൻ ആ നിസ്സഹായർ ആ വെളിച്ചതിന് വേണ്ടി കാത്തിരിക്കും…നാം അനുഭവിച്ചിട്ടില്ലാത്ത പല ജീവിതവും നമുക്ക് കെട്ടുകഥകൾ മാത്രമാണ്…

Leave a Reply

Your email address will not be published. Required fields are marked *