തന്റെ മടിയിൽ കിടക്കുന്ന ആ മനുഷ്യന്റെ മുഖം അവ്യക്തമാണ് പക്ഷേ അത് അച്ഛനെ പോലെ,

രചന: ശ്യാം കല്ലുകുഴിയില്‍

രാത്രി എന്തോ സ്വപ്നം കണ്ടാണ് അനു ഞെട്ടി എഴുന്നേറ്റത്. എഴുന്നേറ്റ് കട്ടിലിൽ ഇരുന്ന് അരികിൽ കിടക്കുന്ന രാഗേഷിനെ നോക്കി, ആള് നല്ല ഉറക്കത്തിലാണ്. കട്ടിലിൽ ഇരുന്നവൾ രണ്ട് കയ്യും കൊണ്ട് മുഖംപൊത്തി താൻ കണ്ട സ്വപ്നം ഓർത്തെടുക്കാൻ ശ്രമിച്ചു..

തന്റെ മടിയിൽ കിടക്കുന്ന ആ മനുഷ്യന്റെ മുഖം അവ്യക്തമാണ് പക്ഷേ അത് അച്ഛനെ പോലെ, അച്ഛൻ തന്നെ അനു വീണ്ടും വീണ്ടും ആ സ്വപ്നത്തെ കുറിച്ച് ഓർക്കുമ്പോൾ അച്ഛന്റെ മുഖം തന്നെയാണ് തെളിഞ്ഞു വരുന്നത്…

കിടക്കാൻ നേരം അഴിച്ചിട്ട മുടി വരികെട്ടിക്കൊണ്ട് അൽപ്പനേരം കൂടി കട്ടിലിൽ ഇരുന്ന ശേഷം അനു മെല്ലെയെഴുന്നറ്റ് ജന്നാലരികിലേക്ക് നടന്നു. ജന്നൽ പാളി തുറക്കുമ്പോൾ കറ്റാടിച്ച് പുറത്ത് പെയ്യുന്ന ചാറ്റൽ മഴയുടെ നേർത്ത മഴ തുള്ളികൾ അനുവിന്റെ മുഖത്തും മുടിയിലും പറ്റിപിടിച്ചിരുന്നു…

അനു ജന്നൽ കമ്പികളിൽ പിടിച്ച് മുഖം ജന്നൽ കമ്പികളിലേക്ക് ചേർത്ത് പുറത്തെ മഴയും നോക്കി നിൽക്കുമ്പോൾ അവളുടെ മനസ്സ് അപ്പോഴും അച്ഛനെ കുറിച്ചുള്ള ചിന്തയിൽ ആയിരുന്നു.അച്ഛനെ കുറിച്ച് ഓർക്കുമ്പോൾ അവളുടെ ഓർമ്മകളും പിന്നിലേക്ക് നടന്നുതുടങ്ങി….

അച്ഛന്റെ കുടുംബ വീട്ടിൽ ആയിരുന്നു അനുവും അച്ഛനും അമ്മയും ചേട്ടനും. കൂട്ടുകുടുംബം ആണെങ്കിലും എല്ലാവരും ഒത്തിരി സന്തോഷത്തിൽ തന്നെയായിരുന്നു. അച്ഛന്റെ കയ്യും പിടിച്ച് സ്കൂളിലേക്ക് പോകാൻ ഏറെ ആഗ്രഹിച്ച ആ കുഞ്ഞു മനസ്സിനെ വിഷമിപ്പിച്ച് കൊണ്ടാണ് അവളുടെ അച്ഛൻ പ്രവാസത്തിലേക്ക് കടക്കുന്നത്…

അച്ഛന്റെ കയ്യും പിടിച്ച് സ്കൂളിൽ വരുന്ന കുട്ടികളെയും, അവരുടെയൊക്കെ അച്ചന്മാർ വാങ്ങി കൊടുക്കുന്ന സമ്മാനങ്ങളുടെയും, കൂടെയുള്ള സന്തോഷ നിമിഷങ്ങൾ പങ്കു വയ്ക്കുമ്പോഴും അനുവിന്റെ മനസ്സിൽ നിറയെ അച്ഛനെ ഓർത്തുള്ള സങ്കടങ്ങൾ ആയിരുന്നു…

ജോലി തിരക്കിനിടയും വിളിക്കുന്ന അച്ഛന്റെ ശബ്ദം കേൾക്കാനും വിശേഷങ്ങൾ പറയാനും എല്ലാ വെള്ളിയാഴ്ചയും അടുത്ത വീട്ടിലെ ലാൻഡ് ഫോണിന്റെ ചുവട്ടിൽ അവൾ പ്രതീക്ഷയോടെ ഇരിക്കും. അച്ഛൻ വിളിക്കുമ്പോൾ വായ് തോരാതെ

വിശേഷങ്ങൾ പറഞ്ഞ് കഴിഞ്ഞ് അവൾ അമ്മയ്ക്ക് ഫോൻ നീട്ടുമ്പോൾ ‘ഇനി നമ്മൾ എന്ത് പറയാൻ ആണെന്ന് ‘ അമ്മയുടെ പരിഭവം കേട്ട് മറുതലയ്ക്കൽ നിന്നുയരുന്ന അച്ഛന്റെ ചിരിയെക്കാൾ വല്ല്യ സന്തോഷമൊന്നും അവൾക്ക് വേറെ ഉണ്ടായിരുന്നില്ല……

ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം അച്ഛൻ നാട്ടിലേക്ക് വരുന്നു എന്ന വാർത്ത കേട്ടപ്പോൾ ഏറെ സന്തോഷിച്ചതും അവൾ ആയിരുന്നു.. ‘ ന്റെ കുട്ടിക്ക് എന്താ കൊണ്ട് വരേണ്ടത് ‘ ന്ന് അച്ഛൻ ചോദിച്ചപ്പോൾ

‘നിക്ക് അച്ഛനെ മാത്രം മതി ‘ ന്ന് അവൾ പറഞെങ്കിലും കൈ നിറയെ സമ്മാനങ്ങളുമായി തന്നെ അച്ഛൻ വരുമെന്ന് അവൾക്ക് അറിയായിരുന്നു…

അച്ഛനെ വിളിക്കാൻ എയർപോർട്ടിൽ പോകാൻ വന്ന കാറിൽ ആദ്യം കയറിയത് അവൾ ആയിരുന്നു. പുറത്തെ കാഴ്ചകൾ കണ്ട് കാറിൽ ഇരിക്കുമ്പോൾ ആ കുഞ്ഞ് മനസ്സ് നിറയെ അച്ഛനെയും കിട്ടാൻ പോകുന്ന സമ്മാനങ്ങളെയും കുറിച്ചുള്ള ചിന്തകൾ ആയിരുന്നു…

എയർപോർട്ടിന്റെ വലിയ കവാടത്തിന് മുന്നിൽ ഉറ്റവരെ കാണാൻ കൂടി നിൽക്കുന്ന ആൾക്കാർക്ക് ഇടയിൽ അവളും ഇടിച്ചു കയറി നിന്നു. ഓരോരുത്തരും പുറത്തേക്ക് ഇറങ്ങി വരുമ്പോൾ അച്ഛനെയും പ്രതീക്ഷിച്ച് അവളും നിന്നു, അകലെ നിന്ന് രണ്ട് കയ്യിലും ബാഗുകൾ വലിച്ചുകൊണ്ട്

വരുന്ന അച്ഛനെ ദൂരെ നിന്ന് കണ്ടപ്പോൾ തന്നെ അനു തുള്ളിച്ചാടി തുടങ്ങിയിരുന്നു, അടുത്തെത്തിയ അച്ഛനെ കെട്ടിപ്പിടിച്ചു നിലിക്കുമ്പോൾ അയാൾ അവളെ ഉയർത്തി എടുത്ത് ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു തുടങ്ങി…

അച്ഛനെ ചേർന്നിരുന്ന് വീട്ടിലേക്ക് യാത്ര ചെയ്യുമ്പോൾ ആ നാലാം ക്ലാസ്സുകാരിക്ക് ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു. പിറ്റേന്ന് അച്ഛൻ കൊണ്ട് വന്ന മണമുള്ള സ്പ്രേയും അടിച്ച് സ്കൂളിലേക്ക് പോകുമ്പോൾ കൂട്ടുകരികൾക്ക് കൊടുക്കാനുള്ള മിഠായി അവൾ ബാഗിൽ കരുതിയിരുന്നു,

കൂട്ടുകരികൾക്ക് ഇടയിൽ ഇരുന്ന് അച്ഛനെ കുറിച്ചുള്ള വിശേഷങ്ങൾ പറയുമ്പോൾ അന്ന് ആദ്യമായി അവൾ കൂട്ടുകരികൾക്ക് ഇടയിൽ തല ഉയർത്തി നടന്നു…

അച്ഛൻ പുതിയ വീട് വയ്ക്കുന്നു എന്ന് പറഞ്ഞപ്പോഴും, വീട് വച്ച് താമസം മറിയപ്പോഴും അവരെ കുടുംബം സന്തോഷത്തിൽ തന്നെ ആയിരുന്നു. വീണ്ടും അച്ഛൻ ഗൾഫിലേക്ക് പോയത്

മുതൽ പിന്നെയും അച്ഛന്റെ വരവിനുള്ള കാത്തിരിപ്പ് ആയിരുന്നു. ഇതിനിടയിൽ അച്ഛൻ ഇല്ലാതെ ഓണവും വിഷുവും ഒരുപാട് കടന്ന് പൊയ്ക്കൊണ്ടേയിരുന്നു…

പിന്നെയുള്ള അച്ഛന്റെ വരവിൽ ആണ് അച്ഛനും അമ്മയും തമ്മിൽ പിണങ്ങുന്നത്. ഏറെ സന്തോഷം നിറഞ്ഞ കുടുംബത്തിന്റെ സമാധാനം നഷ്ടമായ നിമിഷങ്ങൾ അവിടെ നിന്നാണ് തുടങ്ങിയത്. ആഴ്ചതോറും അച്ഛൻ വിളിക്കുമെങ്കിലും അമ്മയോട് ഒന്നും സംസാരിക്കാതെയായി…

കാലങ്ങൾ പിന്നെയും കടന്ന് പോയി അനു ഡിഗ്രീക്ക് പഠിക്കുമ്പോൾ ആണ് മനുവിനെ ആദ്യമായി കാണുന്നത്. കോളേജ് ഡേ യിലെ നാടകത്തിൽ തകർത്ത് അഭിനയിക്കുന്ന മനുവിനെ ആദ്യം

കാണുമ്പോൾ ആരാധന ആയിരുന്നു അവളുടെ മനസ്സിൽ. അതുകൊണ്ട് തന്നെയാണ് നാടകം കഴിഞ്ഞപ്പോൾ സ്റ്റേജിന്റെ പുറകിൽ ചെന്ന് മനുവിനെ അഭിനന്ദിച്ചതും…

പിന്നെയുള്ള ദിവസങ്ങളിൽ അവർ ഇടയ്ക്ക് കണ്ടുമുട്ടിയെങ്കിലും പര്സപരം മിണ്ടിയിരുന്നില്ല, ഒരിക്കൽ മനു അവളോട് സംസാരിക്കാൻ ശ്രമിച്ചപ്പോൾ അനു ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു. മറ്റൊരു ദിവസം ബന്ധു വീട്ടിൽ

നിൽക്കുമ്പോൾ ആണ് അയൽക്കരനായ മനുവിനെ വീണ്ടും കാണുന്നത്. അന്ന് അവർ പര്സപരം വീണ്ടും സംസാരിച്ചു, ആ സംസാരം സൗഹൃദമായും, ആ സൗഹൃദം പ്രണയമായി മാറാനും അതികസമയം വേണ്ടി വന്നിരുന്നില്ല…

അനുവും മനുവും തമ്മിലുള്ള പ്രണയം പയ്യെ പയ്യെ കോളേജിലും നാട്ടിലും എല്ലാവരും അറിഞ്ഞുതുടങ്ങുമ്പോൾ ആണ് അനുവിന്റെ അച്ഛൻ പ്രവാസം നിർത്തി നാട്ടിലേക്ക് വന്നത്, മകളെ

എത്രയും പെട്ടെന്ന് നല്ലൊരു കുടുംബത്തിലേക്ക് കെട്ടിച്ചു വിടുക എന്നത് മാത്രമായിരുന്നു അയ്യാളുടെ ഉദ്ദേശം…

” പരസ്പരം പിണങ്ങി അമ്മയോട് ഒന്നും മിണ്ടാതെ ജീവിക്കുന്ന അച്ഛൻ എന്തിനാ എന്നെ ഉപദേശിക്കുന്നത്, എനിക്ക് ഇഷ്ടമുള്ള ആളിനെ തന്നെ ഞാൻ വിവാഹം ചെയ്യും…”

അന്ന് ആദ്യമായി അനു അവളുടെ അച്ഛനോട് എതിർത്ത് സംസാരിച്ചു, മകളുടെ അടുത്ത് നിന്ന് അങ്ങനെ ഒരു പ്രതികരണം ഒരിക്കലും പ്രതീക്ഷിക്കാത്തത് കൊണ്ടാകും അയാൾക്ക് അതിന് മറുപടി ഒന്നും

പറയാൻ ഉണ്ടായിരുന്നില്ല. അയാൾ തല കുനിച്ച് നടക്കുമ്പോൾ തന്റെ പ്രണയം എങ്ങനെയെങ്കിലും വീട്ടുകാർ അംഗീകരിക്കണം എന്ന ചിന്ത ആയിരുന്നു അനുവിൽ…

അവളെ അത്ഭുതപ്പെടുത്തി കൊണ്ടാണ് പിറ്റേന്ന് അച്ഛനും അമ്മയും തമ്മിലുള്ള പിണക്കം അവസാനിച്ചത്. അതുവരെ പിണങ്ങി മിണ്ടാതെ ഇരുന്നവർ ഒറ്റ ദിവസം കൊണ്ട് എല്ലാം പിണക്കങ്ങളും മാറ്റി പണ്ടതെതിൽ നിന്ന് കൂടുതൽ സന്തോഷത്തോടെ സംസാരിക്കുന്നത്

അവളെയും ചേട്ടനെയും അത്ഭുതപെടുത്തി. എന്നാലും അനു അവളുടെ പ്രണയത്തെ മറക്കാൻ വിസമ്മതിച്ചു. അവസാനം അവളുടെ വശിക്ക് മുൻപിൽ അച്ഛൻ സമ്മതം മൂളി…

പിന്നെ വളരെ പെട്ടെന്ന് തന്നെ അവരുടെ വിവാഹം കഴിഞ്ഞു, എന്നാൽ ആ സംഭവത്തോട് കൂടി അച്ഛൻ അനുവിനോട് മിണ്ടാതെയായി, ഒരുപാട് തവണ അവൾ ശ്രമിച്ചു എങ്കിലും അയാൾ അവളോട് ഒന്നും മിണ്ടിയിരുന്നില്ല. അങ്ങനെ

വർഷങ്ങൾക്ക് ശേഷം അവർ എല്ലാം ഒരുമിച്ച് വിഷു ആഘോഷിച്ചു, ആ സന്തോഷത്തിലും അനുവിന് സങ്കടമായി നിന്നത് അച്ഛന്റെ നിശബ്ദത മാത്രം ആയിരുന്നു…

രാത്രി അച്ഛന്റെ മുറിയിൽ നിന്ന് എന്തോ ശബ്ദം കേട്ടപ്പോഴാണ് അനു അവിടേക്ക് ചെല്ലുന്നത് നിലത്ത് കിടക്കുന്ന അച്ഛനെ കണ്ടപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ അവൾ അൽപ്പനേരം നിന്ന് പോയി,പിന്നെ ഒരു നിലവിളിയോട് കൂടി അച്ഛനരികിൽ ഇരുന്ന് അച്ഛന്റെ തല തന്റെ മടിയിലേക്ക് വയ്ക്കുമ്പോൾ അവൾ ആ

മുഖം ശ്രദ്ധിച്ചത്, ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന, അയാളുടെ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നിരിക്കുന്നു, മുഖമാകെ ചുവന്ന് തുടുത്തിരിക്കുന്നു, ‘ അച്ഛാ…..’ എന്ന് നീട്ടി വിളിച്ച് അയാളെ വിളിക്കുമ്പോൾ എന്തോ പറയാൻ അയാൾ ശ്രമിക്കുന്നുണ്ടായിരുന്നു.

അപ്പോഴേക്കും ആരൊക്കെയോ മുറിയിൽ വന്ന് അയാളെ എടുത്തു കൊണ്ട് ആശുപത്രിയിൽ പോകുമ്പോൾ ആ കണ്ണുകൾ തന്നെ തന്നെ നോക്കുന്നത് അവൾ കണ്ടിരുന്നു….

ആശുപത്രിയിൽ എത്തും മുൻപേ അയാൾ മരിച്ചിരുന്നു എന്ന് ഡോക്ടർ വിധിയെഴുതി. പിന്നെയുള്ള ദിവസങ്ങളിൽ അനുവിന് ഉറങ്ങനെ കഴിഞ്ഞിരുന്നില്ല കണ്ണടയ്ക്കുമ്പോൾ എല്ലാം തന്റെ മടിയിൽ കിടന്ന് തന്നെ നോക്കുന്ന അച്ഛന്റെ മുഖമാണ് ഓർമ്മ വരുക…

പിന്നെ മനുവുമൊത്ത് വാടക വീട്ടിലേക് മാറുമ്പോൾ അവൾ ഗർഭിണി ആയിരുന്നു. അച്ഛൻ മരിച്ചതോടെ മനുവിന്റെ സ്വഭാവും മാറി തുടങ്ങിയിരുന്നു. ദിവസവും വീട്ടിൽ വരാതെയായി, വന്നാൽ തന്നെ മദ്യപിച്ച് ബോധം ഇല്ലാതെയാകും കടന്ന് വരുക, അവളോട് മിണ്ടാനോ അവളുടെ

കാര്യങ്ങൾ അന്വേക്ഷിക്കനോ മനുവിന് സമയം ഇല്ലായിരുന്നു. ചേട്ടന്റെയും അമ്മയുടെയും സഹായം ഒന്ന് കൊണ്ട് മാത്രം അവൾ ഒരു പെൺകുഞ്ഞിന്‌ ജന്മം നൽകി….

ആ കുഞ്ഞിനെ കാണാൻ പോലും മനു വരാതെ ആയപ്പോൾ അതുവരെ അയാളോട്.ഉണ്ടായിരുന്ന സ്നേഹം അവളിലും കുറഞ്ഞു വന്നു. മനുവിന് മറ്റൊരു സ്ത്രീയും ആയി ബന്ധം ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞാണ് അനുവും

അറിഞ്ഞത്. പിന്നെയൊരിക്കൽ വീട്ടിൽ വന്നപ്പോൾ എതിർക്കാതെ അയാൾ അത് സമ്മതിക്കുകയും ചെയ്തപ്പോൾ എല്ലാവരുടെയും മുന്നിൽ തോറ്റ് പോയത് അനു ആയിരുന്നു…

മ്യൂച്ചൽ ഡിവോഴ്സിന് അവർ ഒപ്പ് വയ്ക്കുമ്പോൾ തന്റെ മോളെ എങ്ങനെയെങ്കിലും വളർത്തണം എന്ന ആഗ്രഹം മാത്രമേ അവൾക്ക് ഉണ്ടായിരുന്നുള്ളൂ. അന്ന് കോടതിയിൽ

നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ അപരിചിതനെപോലെ മനു കോടതി വരാന്തയിൽ നിൽക്കുന്നത് അനു ശ്രദ്ധിച്ചു. കോടതി വരാന്തയിൽ നിന്ന് മുറ്റത്തേക്ക് ഇറങ്ങുമ്പോൾ ഒഴുകി വന്ന

കണ്ണുനീർ ആരും കാണാതെ ഇരിക്കാൻ ആകും അന്ന് അപ്രതീക്ഷിതമായി മഴ പെയതത് എന്നവൾക്ക് തോന്നി….

പിന്നെ അങ്ങോട്ട് അതി ജീവനത്തിന്റെ വഴികൾ തിരയുക ആയിരുന്നു അനു. ചേട്ടന്റെ സഹായത്തോടെ ഒന്ന് രണ്ട് കോഴ്‌സ് പഠിച്ച് ജോലിക്ക് പോയി തുടങ്ങിയപ്പോൾ അവളും ഒന്ന് ആശ്വസിച്ചു തുടങ്ങി, ആരുടെ മുന്നിലും കൈ നേട്ടത്തെ ജീവക്കാമല്ലോ എന്ന ആശ്വാസം…

” അതേ നി ഒന്ന് രണ്ട് ദിവസം ഒന്ന് സഹകരിച്ചാൽ ഇടയ്ക്ക് വാടക തന്നിലേലും കുഴപ്പമില്ല…”

വീടിന്റെ വാടക വാങ്ങാൻ വന്ന വീട്ടുടമസ്ഥാൻ അത് പറഞ്ഞപ്പോൾ അന്ന് അവൾക്ക് അവളോട് താന്നെ ദേഷ്യം തോന്നി. പിന്നെ നാട്ടിൽ ഉള്ള പലരും ഇതുപോലെ അർത്ഥം വച്ച് സംസാരിച്ചു തുടങ്ങിയപ്പോൾ അവൾക്ക് തന്നെ ജീവിതം മടുത്ത് തുടങ്ങി…

” ഒരു പെണ്കുട്ടിയെയും കൊണ്ട് എത്ര നാളാണ് മോളെ ഇങ്ങനെ തനിച്ച്, അവൻ ആണേൽ വേറെ ഒന്നോ രണ്ടോ ഒക്കെ കെട്ടി നി ആർക്ക് വേണ്ടി സ്വന്തം ജീവിതം കളയണം….,”

അമ്മയുടെ ആ ചോദ്യം അന്ന് രാത്രി അവളുടെ ഉറക്കം കെടുത്തി. ഒരിക്കലും ഒരു പെണ്ണിനെ തനിച്ച് താമസിക്കാൻ നമ്മുടെ സമൂഹം അനുവദിക്കില്ല, അവളുടെ ശരീരത്തിൽ കണ്ണ് വയ്ക്കുന്നവർ കഴുകന്മാരെ പോലെ

അവളുടെ ശരീരത്തെ കണ്ണുകൾ കൊണ്ട് കൊത്തി വലിക്കും, ഒന്നും നടന്നില്ലേൽ കള്ള കഥകൾ പറഞ്ഞു പരത്തി അവളെ മോശക്കാരി ആക്കി ചിത്രീകരിക്കും, അതാണ് നമ്മുടെ സമൂഹം ഒറ്റയ്ക്ക്

താമസിക്കുന്ന സ്ത്രീകൾ പല പുരുഷൻമാരുടെയും ചൂട് കൊതിക്കുന്നവർ ആണെന്ന് സ്വയം വിധി എഴുതുന്ന കുറേ നാട്ടുകാർ….,

ചേട്ടൻ തന്നെയാണ് രാഗേഷിന്റെ ആലോചന കൊണ്ട് വന്നത്. അയാൾക്കും ഒരു കുട്ടിയുണ്ട് ഭാര്യ മരിച്ചു പോയി. രാഗേഷുമായി നേരിട്ട് കണ്ട് അനു കാര്യങ്ങൾ സംസാരിക്കുമ്പോൾ രണ്ടാൾക്കും പ്രത്യേകിച്ച് ഇഷ്ടകുറവ് ഒന്നും

ഇല്ലായിരുന്നു. പിന്നെ വൈകാതെ തന്നെ അവരുടെ വിവാഹവും നടന്നു. തന്നെ മനുവിനെക്കാൾ കൂടുതൽ രാഗേഷ് മനസ്സിലാക്കുന്നുണ്ടെന്നും സ്നേഹിക്കുന്നുണ്ടെന്നും അനു തിരിച്ചറിഞ്ഞത് അവൾ വീണ്ടും ഗർഭിണി

ആയിരിക്കുമ്പോൾ ആയിരുന്നു. അവൾ ആഗ്രഹിച്ചത് പോലുള്ള സ്നേഹവും സംരക്ഷണവും രാഗേഷ് നൽകിയപ്പോൾ മുകളിൽ നിന്ന് എവിടെയോ അച്ഛന്റെ അനുഗ്രഹം തനിക്കൊപ്പം ഉണ്ടെന്ന് അവൾക്ക് തോന്നി…

” താൻ ഉറങ്ങാതെ ഇവിടെ എന്തെടുക്കുവാ…”പിന്നിൽ നിന്ന് തന്നെ ചേർത്ത് പിടിച്ചുകൊണ്ട് രാഗേഷിന്റെ ശബ്ദം ചെവിയിൽ പതിഞ്ഞപ്പോൾ ആണ് അനു ചിന്തകളിൽ നിന്ന് ഉണർന്നത്. അനു അവനിലേക്ക് ചേർന്ന് നിന്ന് കൊണ്ട് അറിയാതെ ഒഴുകി വന്ന കണ്ണുനീർ അവൾ തുടച്ചു..

” എന്തിനാ ഇപ്പോൾ കരയുന്നെ ഇന്നും അച്ഛനെ സ്വപ്നം കണ്ടോ…”അനു ഒന്നും മിണ്ടാതെ തലയാട്ടി നിന്നു…

” ജീവിച്ചിരിക്കുമ്പോൾ സന്തോഷം കൊടുക്കാതെ മരിച്ച് കഴിഞ്ഞിട്ട് അവരെ കുറിച്ച് ആലോചിച്ച് ദുഃഖിച്ചിട്ട് കാര്യമില്ലലോ, അതൊക്കെ മറക്ക്, മറ്റൊരു ലോകത്തിരുന്ന് ചിലപ്പോൾ അച്ഛൻ ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും…..,”

അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചുകൊണ്ട് രാഗേഷ് പറയുമ്പോൾ ആകാശത്ത് തെളിഞ്ഞ് വരുന്ന നക്ഷത്രങ്ങളെ നോക്കി അവന്റെ നെഞ്ചിലേക്ക് ചേർന്നവൾ നിന്നു…..

 

Leave a Reply

Your email address will not be published. Required fields are marked *