കുറച്ചു കൂടി മോഡേണായ ഒരു പെണ്ണിനെയാണ് അയാൾ ആഗ്രഹിച്ചത്. ആദ്യരാത്രിയിൽ പാലുമായി…

(രചന: ശാലിനി മുരളി)

പ്രായം തികയുന്നതിന് മുൻപേ ശ്രീദേവി തന്റെ സ്വപ്‌നങ്ങൾ മുഴുവനും കൂടു കൂട്ടി വെച്ചത് തന്റെ അപ്പച്ചിയുടെ മകനായ കൃഷ്ണ പ്രസാദ് എന്ന മുറച്ചെറുക്കനുമായിട്ടായിരുന്നു.

എന്നും എപ്പോഴും മുറിയിൽ കയറി വരാൻ സ്വാതന്ത്ര്യം ഉള്ള ആളായിരുന്നു കിച്ചു.

പഠിത്തം കഴിഞ്ഞു പോലീസ് ട്രെയിനിങ്ങിന് പോകുമ്പോൾ യാത്ര ചോദിക്കാൻ എത്തിയ കിച്ചു ആരും കാണാതെ മുറിയിലെത്തി അവൾക്കൊരു മുത്തം കൊടുക്കുമ്പോൾ കിലുക്കാം പെട്ടിയായിരുന്ന ദേവി അവന്റെ നെഞ്ചിൽ നൊമ്പരത്തോടെ മുഖം ചേർത്തു വെച്ചു..

ഇനിയെന്നാണ് കാണുന്നത്. ഇനിയെത്ര നാളുകൾ കഴിയണം നമ്മളൊന്നായി തീരാൻ..
അവളുടെ മനോവിചാരങ്ങൾ മുഴുവനും അതായിരുന്നു.

തന്റെ ഡിഗ്രി പഠനം കഴിഞ്ഞു റിസൾട്ട്‌ വരുന്നതും കാത്ത് ഇരിക്കുമ്പോഴാണ് അവൻ പോകാനൊരുങ്ങിയത്. ഞാൻ എപ്പോൾ വന്നാലും നീ റെഡി ആയിരുന്നോണം.

ആ ഒരു വാക്ക് മാത്രം മതിയായിരുന്നു അവൾക്ക്.
പോയിട്ടും ഫോൺ വിളികളും ചാറ്റിങ്ങും ഒക്കെ മുടങ്ങാതെ നടന്നു കൊണ്ടിരുന്നു.

പക്ഷെ വിധി കാത്തിരുന്നത് മറ്റൊന്നായിരുന്നുവല്ലോ അവരുടെ സ്നേഹത്തിൽ കരിനിഴൽ വീഴ്ത്തിയത് മാറ്റാരുമായിരുന്നില്ല. കിച്ചുവിന്റെ അച്ഛൻ തന്നെയായിരുന്നു. പെട്ടന്ന് സംഭവിച്ച അറ്റായ്ക്ക് അദ്ദേഹത്തെ ആശങ്കാകുലനാക്കി.

തനിക്ക് എന്തെങ്കിലും സംഭവിക്കുന്നതിനു മുമ്പ്
മകന്റെ വിവാഹം നടത്താൻ അയാൾ തിരക്ക് കൂട്ടി.

പക്ഷെ, കിച്ചുവിന്റെ പ്രണയത്തെ കുറിച്ച് ഏറെ അറിയാമായിരുന്ന അമ്മ ശ്രീദേവിയുമായുള്ള മകന്റെ വിവാഹം നടത്താനാണ് താല്പര്യം കാണിച്ചത്. അതേക്കുറിച്ച് സംസാരിക്കാൻ ശ്രീദേവിയുടെ വീട്ടിൽ എത്തിയെങ്കിലും അവളുടെ അച്ഛന് ആ വിവാഹത്തിന് ഒട്ടും സമ്മതം ഇല്ലായിരുന്നു.

മകൾ പഠിക്കുകയാണെന്നും, ഇനിയും കൂടുതൽ പഠിപ്പിക്കാനാണ് തീരുമാനം എന്നും അയാൾ സഹോദരിയെ അറിയിച്ചു.

എത്ര വേണമെങ്കിലും അവളെ പഠിപ്പിക്കാൻ കിച്ചു ഒരുക്കമാണല്ലോ എന്ന ചോദ്യത്തിന് വ്യക്തമായൊരു മറുപടി കൊടുക്കാൻ അയാൾ ഒട്ട് തയ്യാറായതുമില്ല.

“ഏട്ടന് എല്ലാം അറിയാവുന്നതല്ലേ.. അവരുടെ കുട്ടിക്കാലം മുതലുള്ള ആഗ്രഹം നമുക്ക് എല്ലാവർക്കും അറിയാവുന്നതല്ലേ, എന്നിട്ടും ഏട്ടനിങ്ങനെ തടസ്സം പറയാൻ എങ്ങനെ തോന്നി.. ഞാൻ എന്റെ കിച്ചൂനോട് എന്ത് പറയും.”

പെങ്ങൾ കരയുന്നത് കണ്ടിട്ടും അയാൾ അനങ്ങിയില്ല. അച്ഛന്റെ പെട്ടെന്നുള്ള മനം മാറ്റത്തിൽ അമ്പരന്നു പോയിരുന്നു ശ്രീദേവി.
ഇങ്ങനെ ഒരു വിലങ്ങു തടിയായി അച്ഛൻ തങ്ങൾക്കിടയിൽ നിൽക്കുമെന്ന് സ്വപ്നത്തിൽ പോലും അവൾ വിചാരിച്ചിരുന്നില്ല.

കിച്ചുവിനെ വിളിച്ചു സംസാരിച്ചു. പക്ഷെ, അയാൾ ആകെ ദേഷ്യത്തിലും വാശിയിലും ആയിരുന്നു. അച്ഛന്റെ മനം മാറ്റത്തിനു താൻ എന്ത്‌ പിഴച്ചു.

കിച്ചുവേട്ടൻ വന്ന് വിളിച്ചാൽ മാത്രം മതി എങ്ങോട്ടാണെങ്കിലും താനും കൂടെ വരാൻ തയ്യാറാണെന്ന് അവൾ വിളിച്ചു പറഞ്ഞു.
എങ്കിലും തന്റെ അച്ഛനെയും അമ്മയെയും അപമാനിച്ചതിലുള്ള വാശിയിൽ അയാൾ
ഒന്നും മിണ്ടാതെ ഫോൺ വെയ്ക്കുകയാണ് ചെയ്തത്.

പിന്നീട് അറിയുന്നത് ഒരു വലിയ പണക്കാരിയെ കിച്ചു കല്യാണം കഴിക്കാൻ പോകുന്നു എന്ന വാർത്തയാണ്.

അതോടെ അവളുടെ ആജന്മ ശത്രുവായി മാറിയത് സ്വന്തം അച്ഛൻ തന്നെ ആയിരുന്നു.
അച്ഛനോടുള്ള വാശി തീർത്തത് ആരോടും മിണ്ടാതെയും, മുറിയിൽ നിന്ന് പുറത്തിറങ്ങാതെയും ആയിരുന്നു.

എന്നാൽ മകളുടെ ഏറ്റവും വലിയ ഇഷ്ടം സ്വന്തം അച്ഛൻ മനസ്സിലാക്കിയിട്ടും അയാൾക്ക് പെട്ടെന്നുണ്ടായ മാറ്റത്തിന്റെ കാരണം പിന്നീടാണ് അവൾക്ക് വ്യക്തമായത്.

അത്, കിച്ചുവിന്റെ വിവാഹം കഴിഞ്ഞ് ഏറെ താമസിയാതെ അവൾക്ക് അച്ഛൻ കൊണ്ട്
വന്ന ഒരു വലിയ വിവാഹ ആലോചന എല്ലാ രഹസ്യങ്ങളും മറ നീക്കി കൊടുത്തു.

അമേരിക്കകാരനായ പയ്യന്റെ വിവാഹം മകളുമായി നടത്താനുള്ള അച്ഛന്റെ തിടുക്കം കണ്ട് അവൾ ഉള്ളിൽ പുച്ഛിച്ചു ചിരിച്ചു.
ഒരറവു മാടിനെ പോലെ അവൾ ആരുടെയൊക്കെയോ മുന്നിൽ നിർജ്ജീവമായി നിന്നു കൊടുത്തു.

വലിയ ആർഭാടത്തോടെവിവാഹം നടന്നു. പക്ഷെ, മനസ്സ് കല്ലാക്കി വെച്ച അവൾ ശൂന്യമായ കണ്ണുകളോടെ എല്ലാവരുടെയും മുന്നിൽ വധൂ വേഷത്തിൽ നിന്നു.

എന്നാൽ, ശ്രീദേവിയെ സംബന്ധിച്ച് വിവാഹം അവൾക്ക് സമ്മാനിച്ചത് ഒരു വലിയ പ്രതിസന്ധി തന്നെയായിരുന്നു .

അമേരിക്കക്കാരനായ പ്രവീണിന് വീട്ടുകാർ അയച്ചു കൊടുത്ത ശ്രീദേവിയുടെ ഫോട്ടോ കണ്ടാണ് ഈ വിവാഹത്തിന് അയാൾ സമ്മതിച്ചത് തന്നെ . വർഷങ്ങളായി, നാടുമായി യാതൊരു ബന്ധവുമില്ലാത്ത ജീവിതമായിരുന്നു അയാളുടേത്..

ശ്രീദേവി ഒരേയൊരു മകളായിരുന്നു..
അവൾക്ക് അമേരിക്കക്കാരന്റെ ആലോചന വന്നത് അവളുടെ ഭാഗ്യമാണെന്ന് വരെ അവർ കരുതി. അതിന് വേണ്ടിയായിരുന്നല്ലോ മകൾക്ക് സ്വന്തം പെങ്ങളുടെ മകനുമായുമുള്ള വിവാഹം പോലും വേണ്ടെന്ന് വെച്ചത്!

എങ്കിലും ഒരു തനി നാട്ടിൻ പുറത്തുകാരിയുടെ ഭാവത്തിൽ തനിക്കൊപ്പം ഒരുങ്ങി നിൽക്കുന്ന കല്യാണപെണ്ണിനെ കണ്ട് കല്യാണ ചെറുക്കന് നിരാശയാണ് തോന്നിയത്..

ഫോട്ടോ കണ്ടപ്പോൾ ഇങ്ങനെ ആയിരുന്നില്ല പ്രതീക്ഷിച്ചത് . കുറച്ചു കൂടി മോഡേണായ ഒരു പെണ്ണിനെയാണ് അയാൾ ആഗ്രഹിച്ചത്.

ആദ്യരാത്രിയിൽ പാലുമായി ചത്ത ശവം പോലെ നിൽക്കുന്ന മണവാട്ടിയെ കണ്ട് അയാൾക്ക് ഓക്കാനം വന്നു. മുറി നിറയെ മുല്ലപ്പൂവിന്റെ മടുപ്പിക്കുന്ന ഗന്ധവും !

ഈയൊരു ഗന്ധം അയാൾക്ക് പണ്ടേ ആരോചകമായിരുന്നു. ഇവൾക്ക് കുറച്ചു ഷാംപൂ യൂസ് ചെയ്തുകൂടെ. വൃത്തികെട്ട ശവം!

വണ്ടിയുടെ ചാവിയും കയ്യിലെടുത്തു കൊണ്ട് അയാൾ മുറിയിൽ നിന്നിറങ്ങി പോയി.
ഒന്നും മനസ്സിലാകാതെ ദേവി ഒറ്റയ്ക്ക് അലങ്കരിച്ച ആ മുറിയിൽ നിന്നു.
എന്തെ… തന്നോട് എന്തെങ്കിലും ഇഷ്ടകുറവുണ്ടാകുമോ..?

പക്ഷെ, ഈ ആലോചന വന്നത് മുതൽ അങ്ങനെ ഒന്നും വീട്ടിലുള്ള ആർക്കും തോന്നിയിട്ടില്ലല്ലോ.

എന്തൊക്കെയോ ആശങ്കകൾ അവളെ ഞെളിപിരി കൊള്ളിച്ചു. ഇതുപോലെ ഒരു അമേരിക്കക്കാരനോടൊപ്പം എങ്ങനെ ജീവിക്കും എന്നൊരു ചിന്ത അവൾക്കും തോന്നിത്തുടങ്ങി.

നേരം പുലരാറായിട്ടും അയാൾ മടങ്ങിയെത്തിയില്ല. അയാളെ കാത്തു കാത്തിരുന്നു എപ്പോഴോ അവളുറങ്ങിപ്പോയി. പിനീടുള്ള ഓരോ രാത്രികളിലും അയാൾ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു.

അത്രയും ആശ്വാസം എന്നാണ് അവൾ ചിന്തിച്ചത്! ഒന്ന് നേരെ മുഖത്ത് നോക്കി സംസാരിക്കാൻ മടിയുള്ള ആൾ, അയാൾക്ക് തന്നെ വെറുപ്പാണത്രെ ! തൊടാൻ അറപ്പാണത്രെ!

എത്ര നേരം സംസാരിച്ചാലും തൊട്ടാലും മതി വരാത്ത കിച്ചുവിനെയാണ് അപ്പോഴൊക്കെ അവളോർത്തത്.

അവൾക്ക് വല്ലാത്ത നിന്ദ തോന്നി. അതേ, ഇങ്ങനെ തന്നെ വരണം. ആർത്തി മുഴുത്ത ഒരച്ഛന്റെ മകൾക്ക് ഇങ്ങനെ തന്നെ വരണം.. ഈ കാഴ്ച കണ്ട് അച്ഛൻ നീറണം. നീറി നീറി ഉരുകണം.

വിരുന്നിനു പോയ നേരത്ത് പുതുപ്പെണ്ണിന്റെ മുഖത്തെ വാട്ടം കണ്ട് പ്രവീണിന്റെ ഒരേയൊരു പെങ്ങൾ അവളെ കളിയാക്കി.

“ദേവിയെ അവൻ ഉറക്കാറില്ലെന്ന് തോന്നുന്നു.. എന്തോ ഒരു ക്ഷീണം ഉണ്ടല്ലോ മുഖത്ത്.”
അവൾ ഒരു വിളറിയ ചിരി ചിരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു.

കണ്ണ് നീർ ആരും കാണാതെ സാരി തുമ്പിൽ തുടച്ചു കളഞ്ഞു. പക്ഷെ ഒഴിഞ്ഞു മാറാൻ അവൾക്ക് ഇടമില്ലാതായത് അവളുടെ സ്വന്തം അമ്മയുടെ അടുത്ത് മാത്രമായിരുന്നു.

മകളുടെ മുഖത്തെ കെട്ട് പോയ തെളിച്ചത്തിന്റെ കാരണം തിരക്കിയ അവർക്ക് മുന്നിൽ അവൾ പിടിച്ചു നിൽക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞു. തന്നിൽ നിന്ന് ഒഴിഞ്ഞു മാറുന്ന ഭർത്താവിന്റെ സ്വഭാവത്തേക്കുറിച്ച് അവൾക്ക് നിവൃത്തിയില്ലാതെ അമ്മയോട് പറയേണ്ടി വന്നു.

“ഈ വിവാഹം എനിക്ക് വേണ്ടിയിരുന്നില്ല അമ്മേ..അച്ഛൻ അച്ഛന്റെ ഇഷ്ടം മാത്രം നോക്കി. എല്ലാവരുടെയും മുന്നിൽ അയാൾ തകർത്തഭിനയിക്കുകയാണ്..

എന്നോട് ഒരു വാക്ക് പോലും മിണ്ടാറില്ല. പ്രവീണേട്ടന് എന്നെ ഇഷ്ടമല്ല അമ്മേ.
ഞങ്ങൾ രണ്ട് മുറിയിൽ ആണ് ഉറങ്ങുന്നത് പോലും..”

മകളുടെ മുഖത്തെ ഇരുളിമ കണ്ട അമ്മ വാക്കുകൾ നഷ്ടപ്പെട്ടത് പോലെ നിന്നു പോയി.
അവന് ഇഷ്ടപ്പെട്ടിട്ടാണല്ലോ ഈ കല്യാണം നടത്തിയത്. പിന്നെ എന്ത്പറ്റി?

മകളോടൊപ്പം ചുറ്റിപറ്റി നിന്ന് സെൽഫി എടുക്കുന്നതും, അടുത്ത വീടുകളിൽ രണ്ട് പേരും കൂടി സന്ദർശനം നടത്തുകയും ഒക്കെ ചെയ്യുമ്പോൾ അവർക്ക് സംശയം കൂടി.

ഇനി ഇത് അവന്റെ അഭിനയം തന്നെ ആണോ അതോ മകൾ വെറുതെ പറയുന്നതോ.
വൈകിട്ടു മകളെ അടുത്ത് കിട്ടിയതും അവർ അടക്കിയ സ്വരത്തിൽ ആണ് ചോദിച്ചത്.

“ഞാൻ കാണുന്നത് നീ എന്നോട് പറഞ്ഞതിന് എല്ലാം വിപരീതമാണല്ലോ.. ഏതാണ് ഞാൻ വിചാരിക്കേണ്ടത്..?”

അവൾ ചുറ്റുപാടും ഒന്ന് നോക്കി.

“അമ്മേ ഇതൊക്കെ വെറും അഭിനയം മാത്രമാണ്.. ഇന്നലെ ഇങ്ങോട്ട് വരുന്നതിന് മുൻപ് എന്നോട് പറഞ്ഞത് എന്താണെന്ന് അറിയാമോ. ഞാൻ തിരിച്ചു പോകുന്നത് വരെ ആരും ഒന്നും അറിയരുത് എന്ന്.
അല്ലെങ്കിൽ തിരിച്ചു പോകാൻ ലേറ്റ് ആകുമത്രേ !”

“എന്തിനു വേണ്ടിയാണ് നിങ്ങൾ ഇങ്ങനെ പെരുമാറുന്നത്.ഇതിനാണോ രണ്ട് പേരും തമ്മിലുള്ള കല്യാണം നടത്തിയത്.കല്യാണം എന്ന് പറയുന്നത് എന്താ കുട്ടിക്കളി ആണെന്ന് കരുതിയോ.. പറ.”

“എനിക്ക് അറിയില്ല അമ്മേ.. ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്തിനാണെന്ന് ഞാൻ ഒരുപാട് വട്ടം ചോദിച്ചതാണ്. പ്രവീണേട്ടന് എന്നെ ഭാര്യയായി കാണാൻ പറ്റുന്നില്ലെന്നും ഇങ്ങനെ ഒരു പെണ്ണിനെ അല്ല പ്രതീക്ഷിച്ചത് എന്നുമാണ് ഇപ്പൊ പറയുന്നത്.

അച്ഛൻ ഒറ്റയൊരാളാണ് എന്റെ ജീവിതം നശിപ്പിച്ചു കളഞ്ഞത്..”

പറഞ്ഞു തീരും മുൻപ് അവൾ തേങ്ങിപ്പോയി.
അവർ അവൾ പറഞ്ഞത് കേട്ട് ഞെട്ടിപ്പോയി.
അതേ..

അവൾ പറഞ്ഞതിൽ ഒരു തെറ്റുമില്ല.
ഒരു അമേരിക്കക്കാരൻറെ ആലോചന വന്നപ്പോൾ സ്വന്തം അനന്തിരവനെ പുല്ലു പോലെ വലിച്ചെറിഞ്ഞു.അതിന്റെ ശാപമാണ് സ്വന്തം മകളിപ്പോൾ അനുഭവിക്കുന്നത്.

“അമ്മേ.. എന്നെയിനി അവിടെക്ക് പോകാൻ നിർബന്ധിക്കരുത്. അച്ഛനും അമ്മയും വിഷമിക്കുമെന്ന് കരുതിയാണ് ഞാൻ ഇതുവരെയും ഒന്നും പറയാതിരുന്നത്.

ഉള്ളിൽ കരയുമ്പോഴും പുറമെ ചിരിക്കാൻ എനിക്ക് കഴിയുന്നില്ല അമ്മേ.. ഞാൻ ഇവിടെ എവിടെയെങ്കിലും കഴിഞ്ഞോളാം.
എന്നെ നിർബന്ധിക്കരുതേ..”

“അങ്ങനെ വെട്ടൊന്ന് മുറി രണ്ടെന്ന് പറയുമ്പോലെ വേർപെടുത്താൻ പറ്റുന്നതാണോ ഇന്നലെ കഴിഞ്ഞ ഈ കല്യാണം. ആളുകളുടെ മുന്നിൽ ഞാൻ എന്ത് സമാധാനം പറയും. അച്ഛൻ ഇതറിഞ്ഞാൽ താങ്ങാൻ കഴിയുമോ.

അമേരിക്കക്കാരന്റെ ആലോചന വന്നപ്പോൾ മുതൽ അച്ഛൻ വല്ലാത്ത സന്തോഷത്തിലാണ്. അവൾക്ക് നല്ലത് മാത്രമേ വരൂ. എന്നാണ് ഏതു നേരവും പറയുന്നത്. ഞാൻ ഇതെങ്ങനെ അച്ഛനോട് പറയും..”

അവൾ മുഖം തുടച്ചിട്ട് അമ്മയെ അശ്വസിപ്പിച്ചു.

” ഇതൊന്നും നമ്മുടെ കുറ്റം കൊണ്ടല്ലല്ലോ. അയാൾക്ക് പരിഷ്ക്കാരിയായ പെണ്ണിനോടാണ് താല്പ്പര്യം. എന്നെപ്പോലെ ഒരു സിമ്പിളായ പെണ്ണിനെ അയാൾക്ക് സങ്കൽപ്പിക്കാൻ
പോലും വയ്യെന്ന്.

ഫോട്ടോ കണ്ടപ്പോൾ ഇങ്ങനെ ഒന്നും ആയിരുന്നില്ല കരുതിയതെന്ന്.. ഞാൻ പറഞ്ഞോളാം അച്ഛനോട്.

അച്ഛനല്ലേ ഈ വിവാഹത്തിന്റെ പൂർണ ഉത്തരവാദി. ഞാൻ ഇപ്പോഴും പരിശുദ്ധയാണ്.
എന്നെ വേണ്ടാത്ത ഒരാളിനെ ഞാനെന്തിനാണ് ഇനിയും സഹിക്കുന്നത്.. ”

അവർക്ക് അത് കേട്ടപ്പോൾ ഒരു സമാധാനം തോന്നി. അവൾ പറയുന്നതാണ് ശരി. തന്റെ മോൾക്ക് ഇനിയും നല്ലൊരു ബന്ധം ഉണ്ടാകും.
അവൻ തിരിച്ചു പോകുന്നതിനു മുൻപ് വേണ്ടപ്പെട്ടവരെക്കൊണ്ട് ഈ ബന്ധം വേർപെടുത്താൻ വേണ്ടത് ചെയ്യണം.

ശ്രീദേവി മുറിയിലേയ്ക്ക് ചെല്ലുമ്പോൾ
പ്രവീൺ അവിടെ ഉണ്ടായിരുന്നില്ല. താൻ അമ്മയോട് പറഞ്ഞത് വല്ലതും കേട്ടുവോ?
കേട്ടെങ്കിൽ വളരെ നന്നായി.

അമ്മയോടെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ഒരാശ്വാസം തോന്നുന്നു. എങ്കിലും തന്റെ ആദ്യത്തെ ജീവിതാനുഭവം ഇങ്ങനെ ആയിപ്പോയതിൽ അവൾക്ക് വലിയ വേദന തോന്നി.

എന്തെല്ലാം പ്രതീക്ഷകളായിരുന്നു. എല്ലാം തകർന്നു തരിപ്പണമായിരിക്കുന്നു .
എത്ര പരിശുദ്ധയായാലും ഒന്ന് വിവാഹം കഴിഞ്ഞതിന്റെ പേരുദോഷം ഒരിക്കലും വിട്ട് മാറില്ല.

എല്ലാ പഴി ദോഷങ്ങളും പെണ്ണിന്റെ മേലേയ്ക്ക് ചാരാനാണ് സ്വന്തക്കാർ ഉൾപ്പെടെയുള്ളവർ മത്സരിക്കുന്നതും. തുടക്കത്തിലേ പാളിപ്പോയ തന്റെ ജീവിതത്തേക്കുറിച്ചോർത്ത് തലയിണയിലേയ്ക്ക് മുഖം ചേർത്ത് വെച്ചവൾ വിങ്ങിക്കരഞ്ഞു.

കിച്ചുവിനെ ഒന്ന് വിളിക്കാൻ മനസ്സ് വല്ലാതെ കൊതിച്ചു. ആ സ്വരം ഒന്ന് കേട്ടിട്ട് എത്ര നാളായി. എല്ലാം തുലച്ചു കളഞ്ഞില്ലേ, അച്ഛൻ ഒറ്റയൊരുത്തൻ!

തന്നെ ഒരിക്കലെങ്കിലും ഓർക്കാൻ കഴിയുമോ ഇനി കിച്ചുവേട്ടന്. നിന്നെപ്പോലെ ഒരു ശാലീന സുന്ദരിയെയാണ് എനിക്കിഷ്ടം എന്ന് പറഞ്ഞ ആളാണ് ഇന്ന് വേറൊരു പെണ്ണിനോപ്പം ജീവിക്കുന്നത്.

അത് പക്ഷെ, അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ടല്ലല്ലോ ഇങ്ങനെ ഒന്നും സംഭവിച്ചത്!

കിച്ചുവേട്ടനോടൊപ്പമുള്ള ഒരു ജീവിതം സ്വപ്നം കണ്ട തനിക്ക് വന്ന് ചേർന്ന ബന്ധമോർത്തു പൊട്ടിച്ചിരിക്കാനാണ് തോന്നിയത്.

മുറിയിലെ വലിയ പൊട്ടിച്ചിരി കേട്ട് എത്തി നോക്കിയ അവളുടെ അച്ഛനും അമ്മയും ആ കാഴ്ച്ച കണ്ട് ഞെട്ടിത്തരിച്ചു നിന്നു.
മനോനില തെറ്റിയ ഒരുവളെപ്പോലെ മകൾ അപ്പോൾ ഉറക്കെയുറക്കെ ആർത്തു ചിരിച്ചു കൊണ്ടേയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *