വൈഗ
(രചന: അഥർവ ദക്ഷ)
അവൾ കാറിന്റെ വിൻഡോയിലൂടെ വെറുതെ പുറത്തേക്ക് നോക്കിയിരുന്നു… പുറത്ത് കത്തുന്ന വെയിലാണ്…..
പുറത്തെ കാഴ്ചകളൊന്നും അവളുടെ മനസ്സിൽ പതിഞ്ഞിരുന്നില്ല… മനസ് എവിടെയോ അലഞ്ഞു നടന്നു… വേദനയോ.. ഞെട്ടലോ ഒന്നുമെല്ല വല്ലാത്തൊരു മരവിപ്പാണ് അപ്പോൾ അവൾക്ക് അനുഭവപ്പെട്ടിരുന്നത്…..
ഒരിക്കൽ മനസ്സ് കീറിമുറിക്കപ്പെട്ട വേദനയോടെ ഇവിടേക്ക് പുറപ്പെടുമ്പോൾ തിരിച്ചു പോക്ക്…. ഈ വിധത്തിൽ ആകുമെന്ന് അവൾ കരുതിയിരുന്നില്ല…..”വൈഗ….” അനു അവളുടെ തോളിൽ മെല്ലെ തൊട്ടു…
“അറിയില്ല പെണ്ണേ ഇപ്പോൾ എന്നിൽ നിറയുന്ന വികാരം എന്താണെന്ന്….” വൈഗ തിരിഞ്ഞ് അനുവിനെ നോക്കി…
“ഈ യാത്ര അത് വേണോ… ഒഴിവാക്കികൂടെ…..” അനു താൽപ്പര്യം ഇല്ലാതെ അവളെ നോക്കി…
“വേണം അനു….കത്തി അമർന്ന സ്വപ്നങ്ങളുടെ ചാരത്തിൽ ഒരു കനൽ പോട് പോലും അവശേഷിക്കുന്നില്ല…. പിന്നെ എന്തിന് ഞാൻ മാറി നിൽക്കണം…..” അവളുടെ ശബ്ദം ശാന്തമായിരുന്നു….
“ഈ വാർത്ത കേട്ടിട്ടും നിന്നിൽ വേദനയില്ല എന്നാണോ….”അനു സംശയിച്ചു….”ഇല്ലന്ന് പറഞ്ഞാൽ അതു കള്ളമാണ്….. പക്ഷേ എന്തോ എനിക്കറിയില്ല…. ഓർമ്മ വെച്ച നാൾ മുതൽ സ്വന്തമായി കരുതിയവൻ… ജീവന്റെ പാതിയായി ചേർന്നവൻ….
അവൻ ആർക്കും സ്വന്തമായി കൊള്ളട്ടെ.. അവന്റെ മരണ വാർത്തയിൽ.. ഒന്നും എന്നിൽ ഉളവായില്ലെങ്കിൽ.. ഞാൻ അവനെ സ്നേഹിച്ചിരുന്നു എന്നത് കളവല്ലേ…..” വൈഗ നെടുവീർപ്പിട്ടു…
“മനസ്സ് പതറരുത്… അത്രയുമേ എനിക്ക് പറയാനുള്ളൂ….”അനു അവളുടെ കൈകളിൽ മുറുകെ പിടിച്ചു…”എന്നേ പതം വന്ന മനസാണ് എന്റേത് അനു….”
വൈഗ….ശ്രീനിലയത്തിൽ ശ്രീനിയുടെയും മീരയുടെയും മകൾ….ഇന്ന് രാവിലെ അവളെ തേടിയെത്തിയ ഒരു ദുരന്തവാർത്തയുടെ ഞെട്ടലിലായിരുന്നു അവൾ…..
വൈഗയുടെ അമ്മാവന്റെ മകൻ ആദിയും വൈഫ് ഗൗരിയും…ഒരു കാർ അപകടത്തിൽ മരിച്ചു എന്നതായിരുന്നു ആ വാർത്ത…..
തല പൊട്ടും പോലെ തോന്നിയപ്പോൾ വൈഗ കാറിന്റെ സീറ്റിലേക്ക് തല ചായിച്ച് കിടന്നു….. കണ്ണുകൾ ഇറുക്കെ അടച്ചു കൊണ്ട്….ഓർമ്മകൾ ഒരു കടൽ പോലെ അവളിലേക്ക് ആർത്തിരമ്പി എത്തി….
വൈഗയും…ആദിയും ഓർമ്മ വെച്ച കാലം മുതൽക്കേ പരസ്പരം സ്വന്തമെന്ന് കരുതി പ്രണയിച്ചവരായിരുന്നു…. അവരുടെ പ്രണയത്തിന് വീട്ടുകാരുടെ മൗന സമ്മതിവും ഉണ്ടായിരുന്നു…..
ബിൽഡിങ് പ്ലാനിന്റെയും …ഇന്റീരിയൽ ഡിസൈനിന്റെയും ഒക്കെയായി ….ആദി സ്വന്തമായി ഒരു ഓഫീസ് തുടങ്ങിയിട്ടുണ്ട്….
അതിപ്പോൾ നല്ല വർക്ക് ഒക്കെ കിട്ടി പച്ച പിടിച്ച് വരുന്നു …..വൈഗ പിജി കഴിഞ്ഞ് ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിക്ക് കയറി…..
അതോടെ അവരുടെ കല്യാണ കാര്യം ഇരു വീട്ടു കാരും കാര്യമായി തന്നെ ആലോചിക്കാൻ തുടങ്ങി….
“ശ്രീനി…. നാളെ തന്നെ നമുക്ക് കുട്ടികളുടെ ജാ തക പൊരുത്തം നോക്കി ഒരു ഡേറ്റ് അങ്ങ് എടുത്തതാലോ…. മോതിരം മാറ്റം അങ്ങ് നടത്താം….”ഒരു ദിവസം രാത്രിയിൽ വീട്ടിലെത്തിയ ആദിയുടെ അച്ഛൻ മാധവൻ വൈഗയുടെ അച്ഛനോടായി പറഞ്ഞു…
“അങ്ങനെയാകാം ഇതിനി ഇപ്പോൾ വെച്ച് നീട്ടേണ്ടത്തിന്റെ ആവശ്യം ഇല്ലാലോ….”അദ്ദേഹത്തിനും സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ….
“നിനക്ക് മറിച്ചൊരു അഭിപ്രായം ഇല്ലാലോ മീരേ…”മാധവൻ അനുജത്തിയെയും നോക്കി…”ഇല്ല.. ഏട്ടാ….”മീര വിനയത്തോടെ ചിരിച്ചു…
എല്ലാം കേട്ട് അമ്മയ്ക്കൊപ്പം നിന്നിരുന്ന വൈഗയുടെ ഉള്ളിൽ എന്തോ പിടയുന്ന പോലെ തോന്നി അവൾക്ക്… സന്തോഷവും സങ്കടവും എല്ലാം കൂടി വാല്ലാത്തൊരു അവസ്ഥ….അവൾ വേഗം സ്വന്തം മുറിയിലേക്ക് നടന്നു….
റൂമിൽ ചെന്നയുടനെ അവൾ ഫോൺ കൈയ്യിൽ എടുത്ത് ആദിയെ വിളിച്ചു… ഒന്ന് രണ്ട് വട്ടം റിങ് ചെയ്തപ്പോളെ അപ്പുറത്ത് കാൾ എടുത്തു…
“പറയടാ….”ആദിയുടെ ശബ്ദം അവളുടെ കാതിലെത്തി..”ആദിയേട്ടാ ഈ ഉണ്ടല്ലോ…. ഇവിടെ അമ്മാമ്മ വന്നിട്ടുണ്ട് കല്യാണ കാര്യം സംസാരിക്കുവാ….”
“ആണോ… ഞാൻ അറിഞ്ഞില്ലല്ലോ…. അല്ല ആരുടെ കല്യാണ കാര്യമാ….” നനുത്ത ചിരിയോടെ അവൻ തിരക്കി…
“പോ… ചെക്കാ നിങ്ങൾക്ക് അറിയാം എന്നേ പറ്റിക്കുവല്ലേ….”ആ ചിരിയുടെ അർഥം മനസിലായപ്പോൾ അവൾ മുഖം വീർപ്പിച്ചു..
“ഓ… പിണങ്ങാതെ… അച്ഛൻ ഇന്നലെ എന്നോട് സംസാരിച്ചിരുന്നു…. നിനക്ക് ഒരു സസ്പ്രൈസ് ആകട്ടെ എന്ന് കരുതി… സന്തോഷമായോ പെണ്ണിന്….””ഉം….”അവളൊന്നു മൂളി…
“ആദിയേട്ടാ ജാ തകം ചേരില്ലന്നോ മറ്റോ പറഞ്ഞാലോ…”പെട്ടെന്നൊരാധി അവളിൽ നിറഞ്ഞു….
“വട്ടാണോ… നിനക്ക്…””പറഞ്ഞാലോ…”അവൾ വീണ്ടും തിരക്കി…”ചേർന്നാലും ചേർന്നില്ലേലും നി എനിക്കുള്ളത് തന്നെയാണ് അതിൽ ഒരു മാറ്റവും ഇല്ല കേട്ടോ…”അവന്റെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞു….
“ചോദിച്ചതാ….””വേണ്ടാത്തത് ചിന്തിക്കേണ്ട…””ചിന്തിക്കൂല്ല….”അവൾ ചിരിച്ചു…”ഉം ….പിന്നെന്താ ….”
“പിന്നെ കുന്തം ….നിങ്ങൾ എന്താ ആദി ഇങ്ങനെ …..എപ്പോളും ഞാൻ തന്നെ സംസാരിക്കണം എന്നാ …..”
“നിന്റെ സംസാരം കേൾക്കാനാ വാവേ എനിക്ക് ഇഷ്ട്ടം …..അതെന്റെ മനസ്സിൽ നിറയ്ക്കുന്ന പോസറ്റീവ് എനർജി എത്രത്തോളം ആണെന്ന് അറിയാമോ ….”
“ആദിയേട്ടാ ഉമ്മ …..””ഫോണിൽ കൂടെ തന്നിട്ട് എന്തിനാ …. നേരിട്ട് ചോദിച്ചാൽ ഒരെണ്ണം പോലും തരില്ലാലോ …”
“അയ്യടാ അങ്ങനെ ഇപ്പോൾ തരുന്നില്ല …””നിന്നെ എന്റെ കൈയ്യിൽ കിട്ടോലോ അപ്പോൾ പലിശ സഹിതം ഞാൻ വീട്ടിക്കോളാം കേട്ടോ …”
“ആണോ ആയിക്കോട്ടെ ….ഇപ്പോൾ ഇരുന്ന് വർക്ക് തീർക്കാൻ നോക്ക് ….ഗുഡ് nyt….””ഗുഡ് nyt…..”
കാൾ കട്ട് ചെയ്തതിന് ശേഷം അവൾ ബെഡിലേക്ക് വെറുതെ കിടന്നു…… മനസ്സിൽ എന്തോ ആധി നിറയുന്നത് അവൾ അറിഞ്ഞു എത്ര ശ്രമിച്ചിട്ടും മനസ് ശാന്തമായതേയില്ല…..
അന്നത്തെ രാതി അവൾ ഒരു വിധത്തിൽ കഴിച്ചു കൂട്ടി രാവിലെ തന്നെ അമ്പലത്തതിലേക്ക് പുറപ്പെടുമ്പോളും മനസ്സിൽ ആ അസ്വയസ്ഥത അതു പോലെയുണ്ടായിരുന്നു….
ദേവിയുടെ നടയിൽ നിന്ന് പ്രാർഥിച്ച് ഇറങ്ങുമ്പോൾ മനസ്സൊന്നു ശാന്തമായി…..തിരികെ വീട്ടിലേക്ക് വണ്ടിഎടുക്കുമ്പോൾ വൈഗയുടെ മനസ്സ് നിറയെ ആദി ആയിരുന്നു…..
പെട്ടന്ന് മുന്നിൽ ഒരു ബുള്ളറ്റ് വന്ന് വട്ടം നിന്നു…മുട്ടി മുട്ടിയില്ലെന്ന രീതിയിൽ അവൾ വണ്ടി നിറുത്തി നല്ലത് പോലെ പേടിച്ചു പോയ അവൾ കണ്ണടച്ച് കൈ നെഞ്ചിൽ വെച്ച് ആ നിൽപ്പ് നിന്നു… ഒന്ന് രണ്ട് സെക്കന്റിന് ശേഷം അവൾ മെല്ലെ കണ്ണു തുറന്ന് നോക്കി….
“വൈഷ്ണവ്….”മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവളിൽ ദേഷ്യം നുരഞ്ഞു പൊന്തി…
“അതേലോ… എന്ത് ഓർത്താണാവോ… തമ്പുരാട്ടി റോഡിലൂടെ പോകുന്നത് …..” വഷളൻ ചിരിയോടെ അവൻ ബുള്ളറ്റിൽ നിന്നും ഇറങ്ങി അതിൽ ചാരി നിന്നു കൊണ്ട് അവളെ നോക്കി….
“ഞാൻ പലതും ഓർത്ത് നടക്കും അതു ചോദിക്കാൻ താൻ ആരാ….”അവൾക്ക് വല്ലാതെ ദേഷ്യം വന്നു…
“അങ്ങനെ പലതും ഓർത്ത് നടക്കേണ്ട മോളെ… നീ ഓർക്കേണ്ടത് എന്നേ കുറിച്ച് മാത്രമാണ്….”അത് പറയവേ അവന്റെ കണ്ണുകൾ കുറുകി വന്നു….
“വട്ടാണ് തനിക്ക്… പണത്തിന്റെ അഹങ്കാരം തലയ്ക്കു പിടിച്ചത് കൊണ്ടുള്ള ഭ്രാന്ത് അത് എന്നോട് വേണ്ട….” അവൾ തെല്ല് പരിഹാസ ഭാവത്തിൽ തന്നെ പറഞ്ഞു…..
“ഡീ…. എന്നായാലും നീ എനിക്കുള്ളത് തന്നെയാടി….”അവൻ അലറി…അവന്റെ ഭാവം അവളെയൊന്നു ഞെട്ടിച്ചു…. അവൾ ചുറ്റും നോക്കി അടുത്തൊന്നും ആരും ഇല്ല…. അവളുടെ നെഞ്ചിടിപ്പ് ഉയരാൻ തുടങ്ങി….
പെട്ടന്ന് വൈഷ്ണവിന്റെ ഫോൺ ശബ്ദിച്ചു അസഹ്യതയോടെ അവൻ ഫോൺ എടുത്ത് ചെവിയോട് ചേർക്കുന്ന സമയം കൊണ്ട് വണ്ടി വെട്ടിച്ചെടുത്തവൾ മുന്നോട്ട് എടുത്തു…..
അവൻ പിറകെ വരുമെന്ന് അവൾ ഭയന്നെങ്കിലും അത് ഉണ്ടായില്ല… അമ്പലത്തിൽ ചെന്ന് പ്രാർഥിച്ചതിന്റെ കുളിർമ്മയെല്ലാം ആ നിമിഷം അവളുടെ മനസ്സിൽ നിന്നും പോയിരുന്നു …..
സ്കൂളിൽ പഠിക്കുന്ന കാലം തുടങ്ങി അവൻ അവൾക്കൊരു ശല്യമായിരുന്നു ….വിദേശത്തുള്ള പഠനവും മറ്റുമായി കുറേ നാൾ ഇവിടെ ഇല്ലാതായപ്പോൾ അവളൊന്ന് അശ്വസിച്ചതാണ് …..വൈഷ്ണവിനെ വഴിനീളെ മനസ്സിൽ ചീത്തപ്പറഞ്ഞുകൊണ്ടാണവൾ പോയത് .
വൻകിട വ്യവസായിയും പൊളിറ്റീഷ്യനുമായ ജയചന്ദ്രന്റെ … മകനാണ് വൈഷ്ണവ്…. അമ്മ രത്ന…
അന്ന് ഞായറാഴ്ച ആയത് കൊണ്ട് തന്നെ അവൾക്ക് ഓഫീസിൽ പോകേണ്ടതില്ലായിരുന്നു വീട്ടിലെത്തി….. അവൾ അക്ഷമയോടെ കാത്തിരുന്നു ജാതകം നോക്കാൻ പോയിരിക്കുന്നത് അമ്മായിയും അമ്മാവനും കൂടിയാണ്…..
പക്ഷേ നേരം ഏറെ കഴിഞ്ഞിട്ടും അമ്മയും അച്ഛനും ഫോണിൽ ഇടയ്ക്കിടെ മാറി നിന്ന് സംസാരിക്കുന്നതെല്ലാതെ ഒന്നും പറയാതെ ആയപ്പോൾ അവൾ ടെൻഷൻ ആകാൻ തുടങ്ങി…
ആദിയെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു….. സന്ധ്യയോടെ അമ്മായിയും അമ്മാവനും കൂടി അവിടേക്ക് വന്നു കൂടെ ആദിയും ഉണ്ടായിരുന്നു…..
കുറച്ചു നേരം മൗനമായിരുന്നിട്ട് അമ്മായി അവളുടെ കൈയ്യും പിടിച്ച് അകത്തേക്ക് നടന്നു…. അവർക്ക് പറയാനുള്ളത് ഏറെ കുറെ എന്താകുമെന്ന് അതിനകം ഊഹിച്ചിരുന്നു….
ഒരിക്കലും ചേരാൻ പാടില്ലാത്ത ജാതാകമാണെന്ന് ജ്യോ ൽസ്യൻ വിധിയെഴുതിയിരിക്കുന്നു.. അമ്മായി അവളെ പലതും പറഞ്ഞ് മനസിലാക്കാൻ ശ്രെമിച്ചു വെങ്കിലും അതൊന്നും അവളുടെ കാതുകളിൽ പതിഞ്ഞില്ല ഒരു പ്രതിമ കണക്കെ അവൾ ഇരുന്നു…..
പക്ഷേ ആദി ഉറച്ച തീരുമാനത്തോടെ എല്ലാവരെയും എതിർത്തു അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് തന്നെ അവൻ പറഞ്ഞു…. അവളെ ഒന്നിന്റെ പേരിലും വിട്ട് കളയില്ലന്ന്…..
ആരൊക്കെ പറഞ്ഞിട്ടും രണ്ടു പേരും അവരുടെ തീരുമാനത്തിൽ ഉറച്ചു തന്നെ നിന്നു….. അതിനിടയിൽ മറ്റൊന്ന് കൂടെയുണ്ടായി വൈഷ്ണവിന്റെ ആലോചനയുമായി അവന്റെ അമ്മാവൻ വൈഗയുടെ അച്ഛനെ വന്നു കണ്ടു….
വീട്ട്കാരുടെ സമ്മതത്തോടെ വിവാഹം നടക്കില്ലന്ന് മനസിലായത് കൊണ്ട് എത്രയും വേഗം ആരുമറിയാതെ രജിസ്റ്റർ മാര്യേജ് ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ആദി…. അതിനുള്ള ഡേറ്റ് അവർ തീരുമാനിക്കുകയും ചെയ്തു……
വിവാഹം രജിസ്റ്റർ ചെയ്യാം എന്ന് പറഞ്ഞതിന്റെ തലേന്ന്….വല്ലാത്ത ടെൻഷനോടെയാണ് അവൾ ഇരുന്നത്… അച്ഛൻ ജോലിക്കും അമ്മ മകൾക്ക് നല്ലത് തോന്നാൻ അമ്പലത്തിലേക്കും.. വിജ്വൽ കോളേജിലേക്കും പോയതോടെ വൈഗ തനിച്ചായിരുന്നു വീട്ടിൽ….
നാളത്തെ കാര്യങ്ങൾ തെല്ല് പേടിയോടെ ഓർത്തു കൊണ്ട് അവൾ സെറ്റിയിൽ കിടക്കുകയായിരുന്നു….. പെട്ടന്ന് വാതൽ വലിച്ചടയ്ക്കുന്ന ശബ്ദം കേട്ട് അവൾ ഞെട്ടി എഴുനേറ്റ് തിരിഞ്ഞു നോക്കി….
വാതലിൽ ചാരി കുഴച്ചിലോടെ നിൽക്കുന്ന വൈഷ്ണവിനെ കണ്ട് അവളൊന്നു ഞെട്ടി…. ആദിയോട് പുറത്ത് നിന്നും സംസാരിച്ചു കൊണ്ട് അകത്തേക്ക് വന്ന അവൾ വാതിൽ അടയ്ക്കാൻ മറന്നു പോയിരുന്നു….
“നീ… നി.. ന്റെ…. മുറച്ചെറുക്കൻ ആ ചെറ്റയെ കെട്ടാൻ പോകൂവാന്നു കേട്ടു….. “കുഴച്ചിലോടെ തന്നെ അവൻ അവളുടെ അടുത്തേക്ക് വന്നു….”താൻ പുറത്തേക്ക് പോയെ…. “അവൾ പേടികൊണ്ട് വിറയ്ക്കുകയായിരുന്നു….
“ശബ്ദം ഉയർത്താതെടി… ഉയർന്നാലും ആരും കേൾക്കില്ല…. നീന്നെ എനിക്ക് കിട്ടിയില്ലേലും മറ്റൊരാൾക്ക് കൊടുക്കില്ലന്ന് പണ്ടേ ഞാൻ ഉറപ്പിച്ചതാടി….” അവൻ അവളുടെ മുടിയിൽ കുത്തിപിടിച്ച് തന്നോട് ചേർത്തു…..
വൈഗ അലറി കൊണ്ട് കുതറി മാറാൻ ശ്രെമിച്ചെങ്കിലും….. അവന്റെ ബലിഷ്ട്ടമായ കൈകൾ അവളിൽ പിടി മുറുക്കിയിരുന്നു……
അവൻ നിഷ്പ്രയാസം അവളെ പൊക്കിയെടുത്ത് അടുത്തുള്ള മുറിയിലേക്ക് നടന്നു….. ബെഡിലേക്ക് അവളെ തള്ളിയിടുമ്പോളും അവിടെ നിന്നും കുതറി മാറാൻ ഒരു വിഫല ശ്രമം അവൾ നടത്തി……
പക്ഷേ എല്ലാ എതിർപ്പുകളും പരാചയപ്പെടുത്തി കൊണ്ട് അവൻ അവളിലേക്ക് അമർന്നു…..ഏറെ നിമിഷങ്ങൾക്ക് ശേഷം അവൻ അവളിൽ നിന്ന് എഴുനേറ്റ് മാറുമ്പോൾ….. തല്ലി കൊഴിച്ച പനിനീർപൂ കണക്കെ അവൾ ബെഡിൽ കിടന്നു…..
ഡ്രസ്സ് നേരെയാക്കി ചുണ്ടുകൾ അമർത്തി തുടച്ച്… ബെഡിൽ കിടക്കുന്ന അവളെ നോക്കി ക്രൂരമായി ചിരിച്ചു കൊണ്ട് അവൻ പുറത്തേക്ക് നടന്നു……
പരിസര ബോധം വന്ന് കഴിഞ്ഞപ്പോൾ…. ബെഡ് ഷീറ്റ് മാറിലേക്ക് വാരിചുറ്റി വൈഗ അലറി കരഞ്ഞു…… ശരീരം ഒടിഞ്ഞു നുറുങ്ങുന്ന വേദന അവൾ അറിഞ്ഞതേയില്ല മനസിനേറ്റ പ്രഹരം അത്ര വലുതായിരുന്നു……കണ്ണിൽ നിന്നും കണ്ണു നീർ ഒഴുകി ഇറങ്ങുന്തോറും വൈഗയുടെ മനസ്സ് കല്ലുപോലെ ഉറയ്ക്കുകയായിരുന്നു…..
അവൻ പിച്ചിയെറിഞ്ഞ വസ്ത്രങ്ങൾ തന്നെ വാരിചുറ്റി അഴിഞ്ഞുലഞ്ഞ മുടിയുമായി അവൾ വീടിന്റെ പിൻ ഭാഗത്തെ ഗെയ്റ്റ് വഴി പുറത്തേക്കിറങ്ങി വൈഷ്ണവിന്റെ വീട് തന്നെയായിരുന്നു അവളുടെ ലക്ഷ്യം……
അവിടെ ചെന്ന് അവൾ അവന്റെ പേര് വിളിച്ച് അലറി പക്ഷേ അവിടെ വൈഷ്ണവിന്റെ അച്ഛമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ…..
കാര്യങ്ങൾ മനസിലാക്കിയ അവർ അവൾക്ക് മുന്നിൽ കൈകൂപ്പി… ജയചന്ദ്രന് വൈഷ്ണവിനെ കൂടാതെ ഒരു മകൾ കൂടിയുണ്ട് വിസ്മയ… അവളുടെ അമ്മ ലളിത അവൾക്ക് 10 വയസുള്ളപ്പോൾ മരിച്ചതാണ് …
ഒരു കാർ ആക്സിഡന്റ് സയൂജ്യയ്ക്ക് അന്ന് അമ്മയ്ക്കൊപ്പം തന്റെ ഒരു കാലിന്റെ സ്വാധീനവും നഷ്ട്ടമായി പിന്നീട് ഒരുപാട് ചികിത്സയ്ക്ക് ശേഷമാണ് അവൾ വോക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ നടക്കാൻ തുടങ്ങിയത് …….
ലളിതയുടെ മരണ ശേഷം ജയചന്ദ്രൻ രണ്ടാമത് വിവാഹം ചെയ്തതായിരുന്നു വൈഷ്ണവിന്റെ അമ്മയെ ……
വിസ്മയക്ക് ഏറെ വിവാഹ ആലോചനകൾ വന്നെങ്കിലും അവളുടെ അവസ്ഥ മുതലെടുത്ത് പണ കൊതിയുമായി എത്തിയവരായിരുന്നു എല്ലാവരും….
വർഷങ്ങളായുള്ള ആലോചനയ്ക്ക് ശേഷമാണ് നല്ലൊരു ഫാമിലിയിൽ നിന്ന് ആലോചന വന്ന് ഇപ്പോൾ ഉറച്ചിരിക്കുന്നത്… നാളെ വളയിടലാണ്… അതിനിടയിൽ വൈഗയുടെ കാര്യം അറിഞ്ഞാൽ….
അവർ തൊഴു കൈയോടെ അവളുടെ കാൽക്കലേക്ക് ഇരുന്നു…..വൈഗ ഒന്ന് പിടഞ്ഞു പിറകോട്ടു മാറി പിന്നെ അവരെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് തിരിഞ്ഞു നടന്നു…..
വീട്ടിൽ തിരികെ എത്തിയ അവൾ ആദ്യം ആദിയുടെ ഫോണിലേക്ക് വിളിച്ചു പക്ഷേ പക്ഷേ അവൻ കാൾ കട്ട് ചെയ്യുകയാണ് ചെയ്തത്…
“ഡീ….. ചതിക്കുവായിരുന്നു… അല്ലേ….” വീണ്ടും വീണ്ടും കാൾ ചെയ്തപ്പോൾ ദേഷ്യത്തോടെ അവൻ കാൾ അറ്റൻഡ് ചെയ്തു…
ജീവന്റെ ജീവനായി കണ്ടവന്റെ വാക്കുകൾ കൂരമ്പു പോലെ അവളുടെ കാതുകളിൽ പതിച്ചു കൊണ്ടിരുന്നു…..
വൈഗയെ കാണാൻ അവിടേക്ക് വന്ന ആദി അവിടെ നിന്നും ഇറങ്ങി വരുന്ന വൈഷ്ണവിനെ കാണുകയും…. അവന്റെ സംസാരം കൂടി കേട്ടത്തോടെ….
ഓർമ്മ വെച്ച നാൾ മുതൽ സ്വന്തമായി കണ്ടവൾ തെറ്റ് കാരിയാണെന്നും അവൾ തന്നെ ചതിച്ചെന്നും അവൻ മനസ്സിൽ ഉറപ്പിച്ചിരുന്നു….
വൈഗ തിരിച്ചൊന്നും മിണ്ടിയില്ല…. പക്ഷേ കാൾ കട്ട് ചെയ്യുമ്പോൾ ഒരു പരിഹാസ ചിരി അവളുടെ ചുണ്ടിൽ ഉണ്ടായിരുന്നു….
വല്ലാത്തൊരു മരവിപ്പിൽ ദിവസങ്ങൾ തള്ളി നീക്കെ വൈഗയുടെ ചുറ്റും പലതും സംഭവിച്ചു….. ആദി അവന്റെ അമ്മയുടെ അനുജന്റെ മകളുടെ കഴുത്തിൽ താലി ചാർത്തുന്നത് വരെ അവൾക്ക് നിർവികാരതയോടെ നോക്കി നിൽക്കേണ്ടി വന്നു …..
അതിനിടയിൽ വൈഷ്ണവിന്റെ അച്ഛമ്മയിൽ നിന്നും കാര്യങ്ങൾ അറിഞ്ഞ്… വിവാഹ ആലോചനയുമായി അവന്റെ അമ്മ രത്ന വൈഗയുടെ വീട്ടിൽ എത്തി…..
അന്നവൾ ശക്തമായി തന്നെ പ്രതികരിച്ചു….. തന്റെ ശരീരത്തെയും…. മനസിനെയും ബഹുമാനിക്കാത്ത… തന്നെ കടിച്ചു കീറിയ ഒരുത്തനെ ഈ ജന്മം തനിക്ക് അംഗീകരിക്കാൻ ആകില്ലന്ന് അവൾ അവരുടെ മുഖത്ത് നോക്കി തന്നെ പറഞ്ഞു….
മകൾക്ക് സംഭവിച്ചത് അപ്പോൾ മാത്രമാണ് അവളുടെ അച്ഛനും അമ്മയ്ക്കും മനസിലായത്… അത് കേട്ട് കണ്ണുനീർ വാർക്കാൻ തുടങ്ങിയ അമ്മയെ അവൾ തടഞ്ഞു..
“മകളുടെ മനസ്സ് ഒരിക്കൽ പോലും കാണാൻ കഴിയാതെ പോയ അമ്മയ്ക്ക് കരയാനുള്ള അവകാശമില്ല…. ആരുടേയും കണ്ണു നീരും.. സഹതാപവവും എനിക്ക് വേണ്ട… ജീവിച്ച് കാട്ടി കൊടുക്കും ഞാൻ….”
“നിന്നെ കുറിച്ച് ബഹുമാനമേയുള്ളൂ…. നീ ഈ മാര്യേജ്ന് സമ്മതിച്ചിരുന്നെങ്കിൽ നിന്നോട് എനിക്ക് സഹതാപം മാത്രമേ തോന്നുമായിരുന്നുള്ളൂ….. ബലം കൊണ്ട് കീഴ്പ്പെടുത്താനുള്ളതല്ല ഒരു പെണ്ണിന്റെ മനസും ശരീരവും…..” വൈഷ്ണവിന്റെ അമ്മ അവളെ ചേർത്ത് നിറുത്തി….
“പക്ഷേ അവനോട് ഞാൻ ക്ഷേമിക്കില്ല ആന്റി.. ഇപ്പോൾ ഞാൻ അവനെ വെറുതെ വിട്ടത് ഒരിക്കൽ അവനുള്ളത് എന്ത് എന്ന് കണക്ക് കൂട്ടി തന്നെയാണ് ….” വൈഗ ഉറച്ച ശബ്ദത്തിൽ പറഞ്ഞു…
വൈഷ്ണവിനോടുള്ള പ്രതികാരം അവളുടെ മനസ്സിൽ ആളി കത്തുന്നുണ്ടായിരുന്നു…. പക്ഷേ അവനെ ശിക്ഷിക്കാൻ വിധി അവൾക്ക് അവസരം നെല്കിയില്ല…. അതിന് മുന്നേ തന്നെ അവനൊരു ആക്സിഡന്റിൽ പെട്ട് അരയ്ക്ക് താഴേക്ക് തളർന്നു കിടപ്പിലായി….
ജീവിതത്തിലേക്ക് മടങ്ങിവരാൻ വൈഗ കിണഞ്ഞു ശ്രെമിക്കുമ്പോളും… ആദിയുടെയും അവന്റെ ഭാര്യയുടെയും സാമിപ്യം അവളെ വല്ലാതെ ആസ്വസ്ഥയാക്കി കൊണ്ടിരുന്നു….
അവളെ വേദനിപ്പിക്കാനുള്ള എല്ലാ അവസരവും ആദി നഷ്ട്ടപ്പെടുത്തിയില്ല എന്ന് വേണം പറയാൻ… മകളോടുള്ള വൈരാഗ്യം നിറഞ്ഞ പെരുമാറ്റം കണ്ട് ആദിയോട് പലവട്ടം സത്യം തുറന്നു പറയാൻ വൈഗയുടെ അച്ഛൻ മുതിർന്നെങ്കിലും അവൾ തന്നെ അദ്ദേഹത്തെ തടഞ്ഞു…..
തന്നെ മനസിലാക്കാനും…. തന്റെ സ്നേഹത്തിന്റെ ആഴം മനസിലാക്കാനും കഴിയാത്ത… ഒരാൾ അയാളെ ഇനി ഒന്നും പറഞ്ഞു തിരുത്തേണ്ടതില്ലന്ന് അവൾ അച്ഛനോട് പറഞ്ഞു…
പലതിൽ നിന്നുമെല്ലാം ഒരു മോചനം എന്ന പോലെയാണ് വൈഗ തന്റെ കൂട്ടുകാരിയായ അനുവിന്റെ അടുത്തേക്ക് പോരുന്നത്…..
അനുവും കുടുംബവും ഒരു താങ്ങായി തന്നെ അവൾക്കൊപ്പം നിന്നു…. അവളുടെ പപ്പ വഴി വൈഗയ്ക്ക് ഒരു IT കമ്പനിയിൽ ജോലി ശരിയായി…. പതിയെ പതിയെ അവൾ പലതും മറന്നു……
മനസൊന്നു പാകപെട്ടപ്പോൾ അനുവിന്റെ പപ്പ കൊണ്ട് വന്ന ഒരു പ്രെപ്പോസൽന് അവൾ പാതി സമ്മതം മൂളുകയും ചെയ്തതാണ് അപ്പോളാണ് ഈ ദുരന്ത വാർത്ത അവളെ തേടി വരുന്നത്…..
അത് അവളെ പഴയ ഓർമ്മകളിലേക്ക് തിരിക്കെ കൊണ്ട് പോകുമെന്ന് അവരെ സ്നേഹിക്കുന്നവർ വല്ലാതെ ഭയപ്പെടുന്നുണ്ടായിരുന്നു……
“ഡി… എത്തി…..”അനു അവളെ വിളിച്ചപ്പോൾ ആണ് അവൾ ഓർമ്മകളിൽ നിന്നും ഉണർന്നത്…
വൈഗ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് കാറിൽ നിന്ന് ഇറങ്ങി…. വർഷങ്ങൾക്ക് ശേഷം ഒരു തിരിച്ചു വരവ്..അമ്മാവന്റെ മരണത്തിന് അവൾ ഇവിടേക്ക്…എത്തിയിരുന്നില്ല….
വൈഗയെ കണ്ടതും അമ്മായിയും… അമ്മയും എല്ലാം പതം പറഞ്ഞു കരയാൻ തുടങ്ങി…. ഹാളിൽ വെള്ള പുതച്ചു കിടക്കുന്ന… ആദിയേയും… അവന്റെ പാതിയെയും ഒരു നോക്കവൾ നോക്കി……
താൻ ഒരുപാട് കൊതിച്ചത് കൈ വിട്ട് പോയപ്പോൾ…. ഒത്തിരി വേദനിച്ചെങ്കിലും ഒരിക്കലും ആരെയും ശപിച്ചിരുന്നില്ല… എന്നിട്ടും എന്തൊരു വിധിയാണിത് മനസ്സിൽ ന്തോ കാളും പോലെ തോന്നി അവൾക്ക്…..
അപ്പോളാണ് ഒരു കുഞ്ഞിന്റെ ഉറക്കെയുള്ള കരച്ചിൽ അവളുടെ കാതിൽ പതിഞ്ഞത് അവൾ അവിടേക്ക് നോക്കി… ആദിയുടെ മകനാണ്.. ഒരു വയസുകാരൻ യാദവ്….
അച്ഛനെയും അമ്മയേയും നോക്കി അലറി കരയുകയാണവൻ….. വൈഗയുടെ കണ്ണുകൾ അവന്റെ പിറകെ തന്നെ ആയിരുന്നു…. കരഞ്ഞു കരഞ്ഞ് അവൻ തളർന്നുറങ്ങുന്നതും… പരിചയമില്ലാത്തവരുടെ കൈയ്യിൽ ഇരുന്ന് അവൻ വിതുമ്പുന്നതും എല്ലാം അവൾ വേദനയോടെ നോക്കി നിന്നു…..
ദേഹനം ഒക്കെ കഴിഞ്ഞ് രാത്രിയോടെ എല്ലാവരും മെല്ലെ ഒഴിഞ്ഞു പോയി കിണ്ടിരുന്നു…അമ്മായി കരഞ്ഞു തളർന്നു കിടക്കുകയായിരുന്നു… വീട്ടിലേക്ക് പോകുന്നു എന്ന് പറയാനായി അവരുടെ അടുത്തേക്ക് വൈഗ ചെന്നപ്പോൾ അവർ അവളെ ഇറുക്കെ കെട്ടി പിടിച്ചു….
“ന്റെ മോളോട്… ഞങ്ങൾ ചെയ്ത ചതിയുടെ ഫലമാ ഇത്…. ഗൗരിയുടെ ജാതകുമായി ചേർന്നാൽ മോന് രാജയോഗമാകും എന്ന് പറഞ്ഞപ്പോൾ… നിന്റെ മനസിന്റെ നീറ്റൽ ഞങ്ങൾ ഓർത്തില്ല മോളെ…..”
അമ്മായിയുടെ വാക്കുകൾ അവളിൽ ഞെട്ടൽ ഉളവാക്കിയെങ്കിലും അവൾക്ക് അതിൽ വേദനയോ.. ദേഷ്യമോ തോന്നിയില്ല…
അമ്മായിയുടെ കൈകൾ അവളൊന്നു മുറുകെ പിടിച്ചു… പിന്നെ തിരിഞ്ഞു നടന്നു അവരുടെ കുറ്റ സമ്മതം അവളുടെ മനസ്സിനെ തൊട്ടതെയില്ല അപ്പോളൊക്കെ മനസ്സിൽ ആ കുഞ്ഞായിരുന്നു…. തളർന്നുറങ്ങുന്ന ആ കുഞ്ഞി മുഖം….
മരണനന്തര ചടങ്ങുകൾക്ക് ശേഷമേ ഇനി തിരികെ പോകുന്നുള്ളൂ എന്ന് അവൾ ഉറപ്പിച്ചിരുന്നു…. ചില ദിവസങ്ങളിൽ കുറച്ചുനേരം അവിടെ ചെന്ന് അമ്മായ്ക്കൊപ്പം സമയം ചില വഴിക്കുക പതിവായിരുന്നു….
അപ്പോളെല്ലാം യാഥു ഒറ്റയടി വെച്ച് വന്ന് അവളുടെ മുഖത്ത് നോക്കി ചിരിക്കും….. വൈഗ അവനെഎടുത്ത് മടിയിൽ വെയ്ക്കുമ്പോൾ അവൻ തന്റെ കുഞ്ഞി കൈ കൊണ്ട് അവളുടെ മുഖത്തൊക്കെ തൊട്ട് നോക്കുമായിരുന്നു…….
ദിവസങ്ങൾ ഓടി മറഞ്ഞു…. വൈഗയുടെ ലീവ് തീർന്നു തിരിച്ചു പോകുന്നതിന് കുറച്ചു ദിവസം മുന്നേ എല്ലാവരോടും യാത്ര പറയാനായി അവൾ ആദിയുടെ വീട്ടിലേക്ക് ചെന്നു….
ഗെയ്റ്റ് കടക്കുമ്പോൾ തന്നെ അവൾ കേട്ടു അവിടെ ആരൊക്കെയോ ഉച്ചത്തിൽ സംസാരിക്കുന്നത്…. വൈഗ ഒരു നിമിഷം ശ്രദ്ധിച്ചു
ആദിയുടെ കുഞ്ഞിനെ ആര് ഇനി കൂടെ നിർത്തും എന്നതായിരുന്നു തർക്ക വിഷയം…. അമ്മായിക്ക് ആ കുഞ്ഞിന്റെ ഒരു കാര്യവും നോക്കാൻ ഉള്ള ആരോഗ്യമില്ലന്ന് ഇതിനകം അവൾക്ക് മനസിലായിരുന്നു …..
ഗൗരിയുടെ അച്ഛനും അമ്മയും തികച്ചും നിസഹായരായിരുന്നു…. മകന്റെ തണലിൽ കഴിയുന്ന അവർക്കും… ആ കുഞ്ഞിനെ സംരക്ഷിക്കാൻ ആകുമായിരുന്നില്ല…..
ആർക്കും ആർക്കും ആ കുഞ്ഞിനെ വേണ്ട… വൈഗ അകത്തേക്ക് ചെന്നു…ഹാളിൽ ഒരു അനാഥനെ പോലെ ഇരുന്നു കളിക്കുന്ന ആ കുഞ്ഞിനെ അവൾ നോക്കി…….
അവളെ കണ്ടപ്പോൾ അവൻ ഇളകി ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ഒറ്റയടിക്ക് വെച്ച് നടന്നു വന്നു…..അവൾ അവനെ കൈ നീട്ടി എടുത്തു..
ആ കുഞ്ഞ് കുളിച്ചിട്ട് ദിവസങ്ങൾ ആയി എന്ന് അവൾക്ക് തോന്നി… പാലിന്റെയും ബേബി ഫുഡിന്റെയും വല്ലാത്തൊരു മണം അവനിൽ നിന്നും വന്നിരുന്നു…..
വൈഗ ആ കുഞ്ഞിനെ മാറോട് ചേർത്ത് ഒരുപാട് മുത്തങ്ങൾ നെൽകി….. അവനെ ചേർത്ത് പിടിച്ച് നിറകണ്ണുകളോടെ എല്ലാവരെയും നോക്കി……
“എനിക്ക് തരാവോ ഇവനെ…..” വിറയ്ക്കുന്ന ശബ്ദത്തോടെ അവൾ തിരക്കി….
അവൾ ചെയ്തതിൽ വലിയൊരു ശരിയുണ്ടെന്ന അറിവിലും മകളുടെ ഭാവി ഓർത്ത് അവളുടെ അച്ഛനും അമ്മയും വ്യാകുലരായിരുന്നു…..
ഇപ്പോൾ വന്നിരിക്കുന്ന വിവാഹ ആലോചന ഈ ഒരു കാര്യം കൊണ്ട് മുടങ്ങുമോ എന്ന് അവർ പേടിച്ചിരുന്നു…..
വൈഗയ്ക്ക് സംഭവിച്ചത് എല്ലാം അറിഞ്ഞിട്ടും ഇങ്ങോട്ടേക്കു വന്നൊരു ആലോചന… പയ്യൻ ഷിപ്പിലാണ് അടുത്ത് നാട്ടിൽ എത്തുമെന്നും അവർ അറിയിച്ചിരുന്നു…..
വൈഗ കുഞ്ഞിന്റെ കാര്യത്തിൽ ഉറച്ച തീരുമാനം എടുത്തിരുന്നു അത് അവൾ ആ പയ്യന്റെ അമ്മയെ വിളിച്ചു പറയുകയും ചെയ്തു….
“അവൻ വന്നിട്ടുണ്ട് നാളെ തന്നെ അവൻ വൈഗയെ കാണാൻ എത്തും നിങ്ങൾ നേരിൽ സംസാരിക്കൂ….”എന്ന് മാത്രമാണ് അപ്പോൾ ആ അമ്മ പറഞ്ഞുള്ളൂ …
പിറ്റേന്ന് തന്നെ അവർ അവളെ കാണാൻ എത്തുകയും ചെയ്തു…. ഫോട്ടോ കണ്ടപ്പോൾ മുതൽ തോന്നിയ പരിചയം… അവനെ നേരിൽ കാണെ അവൾക്ക് കൂടി കൂടി വന്നു….
തനിയെ സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ വൈഗ അവനൊപ്പം മുറ്റത്തെ ഇലഞ്ഞി മരത്തിനടുത്തേക്ക് നടന്നു…
“ഡോ താനെന്താ ഇങ്ങനെ നോക്കുന്നെ…..”തന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്ന വൈഗയെ നോക്കി മിഥുൻ ചിരിച്ചു…
“ഏയ്…. എവിടെയോ കണ്ട പോലെ….”ജാള്യതയോടെ അവൾ കണ്ണുകൾ പിൻ വലിച്ചു…..
“Mmm…. അപ്പോൾ പരിചയം തോന്നുന്നുണ്ട് അല്ലേ…. അല്ലേലും ഈ രൂപം എന്റെ മനസിലല്ലേ അന്ന് മുതൽ ആഴത്തിൽ പതിഞ്ഞത്.. “അവൻ കൈയിലിരുന്ന സൺ ഗ്ലാസ് റൗണ്ട് നെക്ക് ബനിയനിൽ ഹാങ്ങ് ചെയ്തു കൊണ്ട് അവളെ നോക്കി….
“മനസിലായില്ല…””ഇത് ഞാനാടോ മിഥുൻ….. അല്ല നിങ്ങൾ എന്നേ അങ്ങനെയെല്ലാലോ വിളിച്ചിരുന്നേ… പുസ്തക പുഴു എന്നല്ലേ…”അവൻ ചിരിച്ചു..അവളുടെ ഓർമ്മയിലേക്ക് ഓടിയെത്തി മിഥുൻ ക്ലാസ്സിലെ പഠിപ്പിസ്റ്റ് ആയിരുന്നു ……
5th സ്റ്റാന്റേഡ് മുതൽ 10th വരെ അവർ ഒന്നിച്ച് ഉണ്ടായിരുന്നു .. അതികം പൊക്കമില്ലാത്തെ മെലിഞ്ഞിരുന്ന കണ്ണട വെച്ച ആ പയ്യൻ …..ഇപ്പോൾ നല്ല ഒത്തമനുഷ്യനായി മൊഞ്ചനായി മുന്നിൽ ..
“എന്താടോ ഇപ്പോളും ഓർമ്മ വരുന്നില്ലേ …..” അവൻ വീണ്ടും ചിരിച്ചു ….”പിന്നെ ഓർക്കാതെ ആദ്യം മനസ്സിലായില്ല സത്യം താൻ ഒരുപാട് മാറിപോയല്ലോടോ …..”
“പക്ഷേ തനിക്ക് ചെറിയ മാറ്റങ്ങളെ ഉള്ളൂ ….അല്ലെങ്കിൽ അന്ന് മുതൽ ഒരകലം പാലിച്ച് എന്നും തന്റെ പിറകെയുള്ളത് കൊണ്ട് തന്നിലെ മാറ്റം എനിക്ക് അറിയാത്തതാകാം….”അവൻ പറയുന്നത് മിഴികൾ വിടർത്തി അവൾ കേട്ട് നിന്നു…
തികച്ചും ഒരു സാധാരണ കുടുംബത്തിൽ നിന്നുമുള്ള കുട്ടി ആയിരുന്നു അവൻ …അമ്മാവൻ മാരുടെയും മറ്റും സഹായം കൊണ്ട് മാത്രമാണ് അവൾ പഠിച്ച സ്കൂളിൽ അവന് പഠിക്കാൻ തന്നെ പറ്റിയത് ….
അവന്റെ ഫസ്റ്റ് ക്രഷ്… പ്രണയം അന്നും ഇന്നും അവളായിരുന്നു… ആദിയുമായുള്ള പ്രണയം മനസിലാക്കിയതോടെ മെല്ലെ അവൻ പിന്മാറിയെങ്കിലും….. വൈഗയുടെ കാര്യങ്ങൾ എല്ലാം അനു വഴി അവൻ അറിയുന്നുണ്ടായിരുന്നു……
“നെഞ്ചിലിട്ട് കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് ആയി… ഇനി വന്നു കൂടെ ന്റെ പെണ്ണായി… എന്റെ മാത്രമായി…..”അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി
വൈഗയുടെ കണ്ണുകൾ നിറഞ്ഞ് കാഴചകൾ മങ്ങി നിൽക്കുകയായിരുന്നു…..”അ.. മ്മേ….” മീരയുടെ കൈയ്യിൽ ഇരുന്ന് കരഞ്ഞു കൊണ്ട് യാഥു അവിടേക്ക് വന്നു….
വൈഗ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അവനെ കൈകളിൽ വാങ്ങി ചേർത്ത് പിടിച്ചു…. എന്നിട്ട് മിഥുനെ നോക്കി….
“നമ്മുടെ മകനാണ്…. നമ്മുടെ കുഞ്ഞുങ്ങൾക്കൊപ്പം… നമ്മുടെ മാത്രമായി ഇവൻ വളരും…..”കുഞ്ഞിന്റെ കുഞ്ഞി കൈയ്യിൽ മുത്തം നെൽകി കൊണ്ട് അവൻ പറഞ്ഞു..
യാഥു അവനെ നോക്കി കൊച്ചരി പല്ലുകൾ കാട്ടി പുഞ്ചിരിച്ചു… മിഥുൻ കൈ നീട്ടേണ്ട താമസം കുഞ്ഞ് അവന്റെ കൈയ്യിലേക്ക് ചാടി….
കുറച്ചു നേരം അവനെ താലോലിച്ച ശേഷം കുഞ്ഞിനെ അവളുടെ കൈകളിൽ തിരികെ ഏൽപ്പിച്ച് അവൻ തിരിഞ്ഞു നടന്നു….ഒന്ന് രണ്ടടി വെച്ചതിനു ശേഷം അവൻ തിരിഞ്ഞു നിന്ന് അവളെ നോക്കി..
“വേദനയോടെ നിന്നെ മറക്കാൻ ശ്രെമിച്ചതാണ് ഒരിക്കൽ… എന്റെ തെല്ലാ എന്ന് വിശ്വസിക്കാൻ അന്നും എനിക്ക് കഴിയില്ലായിരുന്നു…..
അങ്ങനെയുള്ളപ്പോൾ ന്റെ പെണ്ണിന്റെ ദേഹത്ത് അവളുടെ അനുവാദം കൂടാതെ ഒരുത്തൻ തൊട്ടാൽ അവൻ എത്ര കൊമ്പനാണേലും വെറുതെ വിടില്ല…. വിട്ടും ഇല്ല…..
അതിന്റെ പേരിൽ ജീവിതം നശിപ്പിക്കാനും കഴിയില്ലായിരുന്നു…. ഒതുക്കത്തിൽ തന്നെ കിട്ടി…..”പെട്ടന്ന് വലിഞ്ഞു മുറുകിയ അവന്റെ മുഖം പതിയെ ശാന്തമാക്കുകയും ചെയ്തു അവളെ നോക്കി കണ്ണിറുക്കി ചിരിച്ചു കൊണ്ട് അവൻ തിരിഞ്ഞു നടന്നു….
വൈഗ കുഞ്ഞിനേയും ചേർത്ത് പിടിച്ചു കൊണ്ട് അവനെ തന്നെ നോക്കി നിന്നു…. മനസ്സിലെ അവസാന തരി കനലും തണുത്ത് മനസ്സ് ശാന്തമാകുന്നത് അവൾ അറിഞ്ഞു…