ശ്രീജ
(രചന: Vaisakh Baiju)
” ചുണ്ടുകൾ കൊണ്ട് കടിക്കാൻ അറിയാമോ ശ്രീജാ നിനക്ക്…?? ”
അവനിൽ നിന്ന് അങ്ങനെയൊരു ചോദ്യം.. സത്യം പറഞ്ഞാൽ പ്രതീക്ഷിച്ചിരുന്നില്ല… ഞാൻ അവന്റെ വിയർത്ത് നനഞ്ഞ രോമാവൃതമായ നെഞ്ചിൽ മുഖം
അമർത്തി കിടക്കുമ്പോഴാണ് അവനത് ചോദിച്ചത്… അത് ചോദിക്കുമ്പോൾ അവന്റെ വിരലുകൾ എന്റെ കാതിന് പിന്നിലെ ചെറുരോമങ്ങളിൽ എന്തോ തിരയുംപോലെ ചലിക്കുന്നുണ്ടായിരുന്നു..
ആ മുറിയിലെ കണ്ണാടിയുടെ മുന്നിൽ ഞാൻ എന്നെ നോക്കി നിൽക്കുമ്പോൾ എന്നെ പിന്നിൽ നിന്നും കെട്ടിപിടിച്ചു കൊണ്ട്… പതിയെ എന്റെ കാതിൽ ചുണ്ടുകൾ കൊണ്ട് അവൻ പതിയെ…
വളരെ പതിയെ… കടിച്ചു… അനുഭൂതികൾക്കപ്പുറം… ആ ഒരൊറ്റ നിമിഷത്തിൽ എന്റെ കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞിരുന്നു…
ഒരു സന്ധ്യ കഴിഞ്ഞ നേരം…
” പത്തുവയസ്സിന് ഇളയ ഒരുത്തൻ… അതും ഒരു മരയ്ക്കാ ചെറുക്കൻ…. അവനെയേ കിട്ടിയുള്ളോഡീ പെഴച്ചവളേ നിനക്ക് കൂടെ കിടത്താൻ…???
മൂത്തചേട്ടന്റെ ആക്രോശവും… കാലുയർത്തി ആഞ്ഞുള്ള ആ ചവിട്ടും…. നിലത്ത് നിന്നും വേദനയോടെ പിടഞ്ഞെഴുന്നേൽക്കുമ്പോഴേക്കും… മുഖമടച്ചുള്ള അടിയും വീണിരുന്നു… ശ്വാസം നിലച്ചതുപോലെയും കാഴ്ച മങ്ങിയതുപോലെയും എനിക്ക് തോന്നി…
” കെട്ടിയോനെയും കളഞ്ഞിട്ട് വന്ന് കയറി നിന്നപ്പോഴേ ഞാൻ നിങ്ങളോട് പറഞ്ഞതാ…. ഇതിങ്ങനേ വരൂ…. “, ചേട്ടത്തിയമ്മയുടെ എരിതീയിൽ എണ്ണയായ വർത്തമാനം ആണ് പിന്നീട് ഞാൻ കേട്ടത്….
ഞാൻ ആ ചെറിയ മുറിയുടെ മൂലയിൽ വീണു കിടക്കുമ്പോൾ അവരെല്ലാം അവിടെ നിന്നും പോയിരുന്നു…
എന്നെയും വിനുവിനെയും ചേട്ടന്റെ കൂട്ടുകാരൻ മാധവൻ ടൗണിൽ വച്ചു കണ്ടെന്ന്…. അയാളത് കവലയിൽ വച്ച് ജോലി കഴിഞ്ഞു വന്ന ചേട്ടനോട് നാലാള് കേൾക്കെ തന്നെ വിളിച്ച് പറഞ്ഞെന്ന്…
മാധവൻ ഒരു അഴുക്കാണ്…. അയാളെക്കുറിച്ചോർക്കുമ്പോൾ ചവച്ചു തുപ്പിയ മുറുക്കാൻ തുപ്പലിന്റെ മണമാണ് ഓർമ്മ വരുന്നത്… കുറച്ച് നാൾ മുൻപ് ആരുമില്ലാത്തപ്പോൾ അയാൾ ഇവിടെ
കയറി വന്നത്… എന്റെ തല്ലും തെറിയും തുപ്പും കിട്ടി അടുക്കളവശത്തുകൂടി ഇറങ്ങിയോടുമ്പോൾ അയാളുടെ മുണ്ടഴിഞ്ഞു പോയിരുന്നു…
മാധവനും എന്റെ ഭർത്താവിനും ഒരേ മുഖമാണ്…. അവർക്കിഷ്ടം വേട്ടയാണ്…. മതിയാവോളം ഉഴുതുമറിക്കാൻ ആവശ്യാനുസരണം തുളകളും മുഴകളും ഉള്ള ഒരു മാംസകഷ്ണം… അതാണ് അവർക്ക് പെണ്ണ്…
എപ്പോഴാണ് വിനുവിനെ താൻ സ്നേഹിച്ചു തുടങ്ങിയത്…. അവന്റെ പാട്ടുകൾ…. വർത്തമാനങ്ങൾ… കഥ പറച്ചിലുകൾ… അതിലെല്ലാം എനിക്കെന്തോ ഒരു സുരക്ഷിതത്വം തോന്നിയിരുന്നു….
ഓരോ തവണ എന്റെ ദേഹത്ത് നിന്നും കിതപ്പോടെ അവൻ മുഖമുയർത്തി നോക്കുമ്പോൾ രതിമൂർച്ചയ്ക്കപ്പുറം മറ്റെന്തോ ദീപ്തമായ ഒന്ന് എന്റെ നിറഞ്ഞ
കണ്ണുകളിലേക്ക് പകരാൻ അവന് കഴിഞ്ഞിരുന്നു… അതിനപ്പുറം എനിക്കെന്തായിരുന്നു വേണ്ടത്… ചേർത്തുപിടിക്കലിനപ്പുറം… ഹൃദയത്തോട് ചേർക്കലിനപ്പുറം… നനവാർന്ന നൂറ് നൂറ് ചുംബനങ്ങൾക്കപ്പുറം….
വാക്ക് കൊണ്ടും ചെയ്തികൾ കൊണ്ടും ചുറ്റുമുള്ളവർ എന്നെ കീറിമുറിച്ച ആ രാത്രി എന്നെ ഇപ്പോഴും പേടിപ്പെടുത്തുന്നു… അന്നാണ് അവനിലേക്ക് ഓടിയെത്താൻ ഞാൻ ആഗ്രഹിച്ചത്…. കയ്യിൽ കിട്ടിയതും വാരിയെടുത്ത് ഞാനന്ന് ഓടി….
പലപ്പോഴും നിലത്ത് വീണു.. വേലിപടർപ്പിലെ മുള്ളുകൾ കൊണ്ട് ദേഹം പലയിടത്തായി മുറിവുകൾ വീണു… ചേട്ടൻ ചെയ്ത ഭേദ്യങ്ങൾ തന്നെ ദേഹത്തെ ഒടിച്ചു നുറുക്കിയിരുന്നു…. നിന്നെ കണ്ടാൽ മതി… നിന്നെ ഒന്ന് കെട്ടിപിടിച്ചാൽ മതിയാരുന്നു എനിക്ക്…
നീ വരാമെന്നേറ്റ ആ കവലയിലെ ഏറുമാടകടയുടെ പിന്നിൽ ഞാൻ ഏറെ ഭയപ്പാടോടെയാണ് ഒളിച്ചിരുന്നത്… തെരുവ്നായകളുടെ മുരൾച്ചയും കൂമന്റെ കൂവലും എന്നെ വീണ്ടും വീണ്ടും
ഭയപ്പെടുത്തി…
പുലരുമ്പോഴും നീ വന്നില്ല…. പുലർന്നു പകൽ അതിന്റെ നിറമെല്ലാം പടർത്തിയിട്ടും നീ വന്നില്ല….
ശ്രീജ നിറഞ്ഞ കണ്ണുകൾ തുറന്നു….നരവീണു തുടങ്ങിയ തന്റെ മുടിയൊന്നു മാടിയൊതുക്കി…കണ്ണുകൾ പതിയെ തുടച്ച് അവൾ തിരികെ നടന്നു….അകലുന്നു…
” ആണ്ട് പൂജ കുറേകൂടി കഴിയുമല്ലേ… എന്തായാലും… കാട് അധികം കയറിയിട്ടില്ല…. പണി വേഗം തീരും ” മാണിക്കുഞ്ഞു പറഞ്ഞു നിർത്തി
” ഹാ…നമ്മുടെ പള്ളീലച്ചന്റെ സ്വന്തം മോനെ പോലെയാരുന്നു ഈ ചെറുക്കൻ… വലിയ കാര്യമായിരുന്നു എന്നോട്… ചിരിക്കാതെ ഞാൻ ഇവനെ കണ്ടിട്ടില്ല….
കൊച്ചിയിൽ നിന്ന് വരുന്ന വഴിക്ക്… വണ്ടി ഇടിച്ചതാ… ശവമെന്ന് പറയാൻ പോലും വലുതായിട്ട് ഒന്നും കിട്ടിയില്ല…പാവം “, ഇത്രയും പറഞ്ഞു കൊണ്ട് കല്ലറ യുടെ പേരെഴുതിയ പത്രോസ് ഭാഗം തുടച്ച് വൃത്തിയാക്കി….
വിനു ഇമ്മാനുവൽ
ജനനം 06.08.1992 മരണം 13.06.2022
മേരിമാതാ ചിൽഡ്രൻസ് ഹോം
മുണ്ടയ്ക്കൽ, കൊല്ലം
സെമ്മിത്തേരി പറമ്പിൽ നിന്നും വഴിയിലേക്കിറങ്ങുമ്പോൾ ശ്രീജയെ തഴുകി കൊണ്ടൊരു കാറ്റ് വീശി… ആ കാറ്റ് അവളോട് പതിയെ ചോദിച്ചു.,
” നിനക്ക് ചുണ്ടുകൾ കൊണ്ട് കടിക്കാൻ പറ്റുമോ ശ്രീജാ നിനക്ക് ”