ഈ ലോകത്ത് ഡിവോഴ്സ് ആയ പെണ്ണ് രണ്ടാമത് കെട്ടുന്നത് ആദ്യത്തെ സംഭവം ഒന്നുമല്ലല്ലോ…”

(രചന: ഞാൻ ഗന്ധർവ്വൻ)

“ഈ ലോകത്ത് ഡിവോഴ്സ് ആയ പെണ്ണ് രണ്ടാമത് കെട്ടുന്നത് ആദ്യത്തെ സംഭവം ഒന്നുമല്ലല്ലോ…”

ബ്രോക്കർ മുഹ്‌സിനയെ നോക്കി പറഞ്ഞു. അവൾ തന്റെ മകളെ ചേർത്ത് പിടിച്ച് ഉപ്പയെ ദയനീയമായൊന്ന് നോക്കി

“അനക്ക് ഒരു കുട്ടി ഉള്ളതൊന്നും ചെക്കനോ ചെക്കന്റെ വീട്ടുകാർക്കോ പ്രശ്നല്ല. ഇന്ന് വൈകീട്ട് അവര് നിന്നെ കാണാൻ വരുന്നുണ്ട്. നീയീ കരഞ്ഞ് കലങ്ങിയ മുഖവും വെച്ചോണ്ട് അവരെ മുന്നിൽ പോയി നിക്കരുത്. കഴിഞ്ഞതൊക്കെ മറന്ന് ചിരിച്ച മുഖത്തോടെ നിക്ക്”

ഉപ്പ പറയുന്നത് കേട്ട് ഒന്നും മിണ്ടാതെ അവൾ റൂമിലേക്ക് പോയി. വാതിൽ അടച്ച് മെല്ലെ നടന്ന് കട്ടിലിൽ പോയിരുന്നു. നിറകണ്ണുകളോടെ അവളുടെ മനസ് കുറച്ച് വർഷം പിറകോട്ട് പോയി…

ഉച്ഛത്തിലുള്ള അലാറത്തിന്റെ ശബ്ദം കേട്ട് ഫൈസി ഞെട്ടി ഉണര്‍ന്നു, കട്ടിലില്‍ നിന്നും ചാടി എണീറ്റ് അവന്‍ കുളിമുറിയിലേക്ക് ഓടി, പല്ല് തേപ്പും, കുളിയും പെട്ടെന്ന് കഴിച്ച് അവന്‍ അടുക്കളയിലേക്ക് ഓടി.

” ഉമ്മാ, ചായ താ”ഉമ്മ കൊണ്ടു വെച്ച ദോശയും, തേങ്ങാ ചമ്മന്തിനും വേഗത്തിൽ കഴിച്ച്, തന്റെ പോക്കറ്റില്‍ നിന്നും ബൈക്കിന്റെ ചാവിയെടുത്ത്, ബൈക്കിൽ കയറിയിരുന്ന് സ്റ്റാർട്ടാക്കി വേഗത്തില്‍ കുതിച്ചു.

പള്ളിയോട് തൊട്ട് നിൽക്കുന്ന ഒരു പാടം. ഒരു ഓട്ടോറിക്ഷക്ക് കഷ്ടിച്ച് പോകാവുന്ന വഴി, അവിടെ ഫൈസിയുടെ കൂട്ടുകാര്‍ കാത്ത് നിൽപുണ്ടായിരുന്നു.

അവിടെയായിരുന്നു പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത ഫൈസിയും കൂട്ടുകാരും ഒത്തു കൂടിയിരുന്നത്. എന്നും ഈ സമയത്ത് ഫൈസി അവിടെ ഓടിയെത്തും. കാരണം മുഹ്സിന എന്നും ആ വഴിയാണ് കോളേജിൽ പോയിരുന്നത്.

ഒരു വൺ സൈഡ് പ്രണയമായിരുന്നു ഫൈസിയുടേത്. അവന്റെ അയൽവാസിയാണ് മുഹ്സിന. വളരെ ചെറുപ്പത്തിലെ ഒന്നിച്ച് കളിച്ച് വളർന്നവരാണ് അവര്‍, പത്താം ക്ലാസ്സില്‍ പഠിക്കുന്ന വരെ അവര്‍ നല്ല കൂട്ടായിരുന്നു.

അവര്‍ ഒന്നിച്ചായിരുന്നു സ്കൂളില്‍ പോയിരുന്നത്, പഠിച്ചിരുന്നത്, കളിച്ചിരുന്നത് എല്ലാം. പക്ഷെ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഫൈസി തന്റെ മനസ്സിലുള്ള പ്രണയം അവളോട് ആദ്യമായി പറയുന്നത്. അന്ന് പിണങ്ങിയതാണ് അവള്‍.

പിന്നെ അവനെ കാണുന്നതേ കലിപ്പാണ്. അതിനു ശേഷം മുഹ്‌സിനയുടെ മുഖത്ത് നോക്കാന്‍ ഫൈസിക്ക് ചെറിയ ചമ്മലായിരുന്നു. എന്നാലും അവള്‍ പോകുന്ന വഴികളിലൊക്കെ അവന്‍ ചുറ്റിപറ്റി നിക്കുമായിരുന്നു.

പത്താം ക്ലാസ്സില്‍ പഠിക്കുക്കുന്ന സമയത്ത് തന്റെ പ്രണയം പറഞ്ഞതിന് ശേഷം പിന്നീട്‌ ഇതുവരെ അവന്‍ അവളോട് പ്രണയത്തെ കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല, അതിന് കാരണം അന്ന് അവള്‍ പറഞ്ഞ തെറിയെ കുറിച്ച് ഓർത്തിട്ടായിരുന്നു.

ഒരിക്കല്‍ ഫൈസിയുടെ ആത്മാർത്ഥ സുഹൃത്ത് മുഹ്‌സിനയുടെ മനസ്സില്‍ കയറി പറ്റാനുള്ള ഒരു ഐഡിയ പറഞ്ഞു കൊടുത്തു

“ടാ ഫൈസീ, അവള് ഇപ്പോ ഇതുവഴി വരും. നീ നിന്റെ മുടിയൊക്കെ ഒന്ന് അലസമാക്കിയിട്ടേ, എന്നിട്ട് ആ മീശയൊന്ന് പിരിച്ച് വെക്ക്, മുഖത്ത് ഒരു പരുക്കന്‍ ഭാവം വരണം. അവളെ കണ്ടതും നീ പോക്കറ്റില്‍ നിന്നും ഒരു സിഗററ്റ് എടുത്ത് കത്തിച്ച് ആഞ്ഞുവലിക്കണം.

അവളെ കണ്ട ഉടനെ അപ്രതീക്ഷിതമായി കണ്ടതുപോലെ മുഖത്ത് ഭാവമാറ്റം വരുത്തണം. എന്നിട്ട് നീ സിഗരറ്റ് വലിക്കുന്നത് അവള്‍ കണ്ടത് നിനക്ക് ഭയങ്കര വിഷമമായി എന്ന രീതിയില്‍ ആ സിഗററ്റ് വലിച്ചെറിയണം”

അപ്പോള്‍ ഫൈസിക്ക് ഒരു സംശയം”എടാ, അതിന് എന്റെ പോക്കറ്റില്‍ സിഗററ്റ് ഇല്ലല്ലോ, നിനക്ക് അറിഞ്ഞൂടെ ഞാന്‍ വലിക്കില്ലാ എന്ന്”കൂട്ടുകാരന്‍ ദേഷ്യത്തോടെ ഫൈസിയെ നോക്കി

“എടാ പുല്ലേ, ഞാന്‍ പറയുന്നത് ആദ്യം നീ മുഴുവനായി ഒന്ന് കേൾക്ക്, സിഗററ്റൊക്കെ ഞാന്‍ തരാം”ഫൈസി തലയാട്ടി, കൂട്ടുകാരന്‍ തുടര്‍ന്നു

“ഒരു ദുശ്ശീലവുമില്ലാത്ത നീ സിഗററ്റ് വലിക്കുന്നത് കാണുമ്പോള്‍ എന്തായാലും അവള്‍ ഒന്ന് ഞെട്ടും, നിന്റെ ഈ മാറ്റത്തിന് കാരണം അവളാണല്ലോ എന്നോര്‍ത്ത് അവളുടെ മനസ്സ് പിടയും.

അവള്‍ തന്റെ ഉണ്ട കണ്ണുകള്‍ കൊണ്ട് നിന്റെ കണ്ണിലേക്ക് നോക്കും. പിന്നെ നീ നോക്കിക്കോ അവള് നിന്നോട് ഇങ്ങോട്ട് വന്ന് പറയും ഐ ലവ് യൂ എന്ന്”

ഫൈസി സന്തോഷം കൊണ്ട് കൂട്ടുകാരനെ കെട്ടിപ്പിടിച്ചു, അപ്പോള്‍ കൂട്ടുകാരന്‍ കുറച്ച് ഗൗരവത്തോടെ പറഞ്ഞു

“പിന്നെ, അവള് ഇങ്ങോട്ട് വന്ന് ഐ ലവ് യൂ എന്ന് പറയുമ്പോള്‍ ചാടി കയറി അങ്ങ് സമ്മതിക്കാൻ നിക്കേണ്ട. നീ കുറേ അവളുടെ പിറകെ നടന്നതല്ലേ, കുറച്ച് അവളും നടക്കട്ടെ നിന്റെ പിറകെ”

താന്‍ ആരുടെ മുന്നിലും തല കുനിക്കരുത് എന്ന് കരുതുന്ന ഇങ്ങനെയൊരു കൂട്ടുകാരനെ കിട്ടിയതിൽ ഫൈസി അഭിമാനിച്ചു.

കുറച്ച് സമയം കഴിഞ്ഞപ്പോള്‍ മുഹ്സിന അതുവഴി വന്നു. അവളെ കണ്ടതും ഫൈസി കൂട്ടുകാരന്‍ പറഞ്ഞതുപോലെ ചെയ്തു. മുഹ്സിന അടുത്തെത്തിയപ്പോൾ ഫൈസി അപ്രതീക്ഷിതമായി അവളെ കണ്ടപ്പോൾ ഉള്ള ഞെട്ടൽ മുഖത്ത് കാണിച്ച് തന്റെ കയ്യിലുള്ള സിഗററ്റ് താഴേക്കിട്ടു.

എന്നിട്ട് ദുഃഖ ഭാവത്തില്‍ തലതാഴ്ത്തി നിന്നു. അവള്‍ ഫൈസിയുടെ അടുത്തു കൂടെ നടന്നുപോയി. കൂട്ടുകാരന്‍ പറഞ്ഞതുപോലെ അവള്‍ തന്നെ തിരിഞ്ഞു നോക്കുന്നുണ്ടോ എന്ന് ഫൈസി ഇടങ്കണ്ണിട്ട് നോക്കി.

കുറച്ച് മുന്നോട്ട് നടന്ന അവള്‍ പെട്ടെന്ന് നിന്നു. ഫൈസിയുടെ ഹൃദയം വേഗത്തില്‍ ഇടിച്ചു. അവള്‍ അവനെ തിരിഞ്ഞു നോക്കി. മുഹ്‌സിനയുടെ ഉണ്ട കണ്ണുകള്‍ ഫൈസിയുടെ കണ്ണിലേക്ക് പതിഞ്ഞു. അവളുടെ ചുണ്ടുകള്‍ എന്തോ മന്ത്രിക്കുന്നുണ്ടായിരുന്നു. ഫൈസി അവളുടെ ചുണ്ടിലേക്ക് ശ്രദ്ധിച്ചു

“തെണ്ടി”എന്നായിരുന്നു അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചിരുന്നത്. അതും പറഞ്ഞ് അവള്‍ ദേഷ്യത്തോടെ നടന്നുപോയി. ഫൈസി തന്റെ കൂട്ടുകാരനെ ദയനീയമായി ഒന്നു നോക്കി. കൂട്ടുകാരന്‍ തിരിച്ച് ഫൈസിയേയും…

ആ സംഭവത്തിന് ശേഷം, കുറച്ച് ദിവസം ഫൈസി അവളുടെ മുന്നിലേക്ക് തന്നെ പോയില്ല. വീടിന്റെ ബാൽകണിയിൽ നിന്ന് കൊണ്ട് ഫൈസി അവളെ നോക്കാറുണ്ടായിരുന്നു, അപ്പോഴൊക്കെ അവള്‍ ഫൈസിയെ നോക്കി കണ്ണുരുട്ടി.

ഫൈസിയുടെ കൂട്ടുകാരന്റെ അനിയത്തിയും മുഹ്‌സിനയുടെ അടുത്ത സുഹൃത്തുമായ ഫാത്തിമയുടെ കല്യാണത്തിന്റെ തലേ ദിവസം ഫൈസിയും കൂട്ടുകാരും പാട്ടും ഡാന്‍സുമൊക്കെയായി എല്ലാവരേയും കയ്യിലെടുത്തു.

അവരുടെ പെർഫോമൻസ് കാണുന്ന കാണികളുടെ കൂട്ടത്തില്‍ മുഹ്‌സിനയും ഉണ്ടായിരുന്നു. അവൾ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസിലാക്കിയ ഫൈസി തകർത്താടി. എല്ലാവരും കയ്യടിച്ച് അവരെ പ്രോത്സാഹിപ്പിച്ചു.

നല്ല രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയി കൊണ്ടിരിക്കുമ്പോഴാണ് പെട്ടന്ന് അടിച്ചു പൂസായ ഫൈസിയുടെ ഒരു കൂട്ടുകാരന്‍ വാളുവെച്ചത്. അപ്പോള്‍ തന്നെ വേറെ രണ്ട് പേരും കൂടെ വാള് വെച്ചു. അതുവരെ കയ്യടിച്ചവർ അവരെ വഴക്കു പറയാന്‍ തുടങ്ങി. പരിപാടി ആകെ കുളമായി.

ഒരു തുള്ളി പോലും മദ്യപിക്കാത്ത ഫൈസിയും പ്രതിസ്ഥാനത്തായി. മുഹ്സിന അവനെ തുറിച്ചു നോക്കി അവിടെ നിന്നും പോയി. അവൾ ദേഷ്യത്തോടെ പോകുന്നത്

നിസ്സഹായനായി നോക്കി നിൽക്കാനേ ഫൈസിക്കായുള്ളൂ . ചെയ്യാത്ത കാര്യത്തിന് വീണ്ടും ഫൈസി അവളുടെ മുന്നില്‍ പ്രതിയായി.

അവളുടെ മുന്നില്‍ പോലും പോവാന്‍ പറ്റാത്ത അവസ്ഥയായി ഫൈസിക്ക്. എങ്ങനെ അവളുടെ മനസ്സില്‍ കയറി പറ്റാം എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് കൂട്ടുകാരന്റെ ഫോണ്‍ വരുന്നത്

“ഫൈസീ, നീ അറിഞ്ഞില്ലേടാ നിന്റെ മുഹ്‌സിനയെ പെണ്ണ് കാണാന്‍ ഒരു കൂട്ടര് പോയിട്ടുണ്ട്. അവര്‍ എന്നോടാ അവളുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചേ. കണ്ടിട്ട് നല്ല കൊമ്പത്തെ ടീമാണെന്നാ തോന്നുന്നേ”

ഫൈസി തിരിച്ച് ഒന്നും പറയാതെ ഫോണ്‍ കട്ട് ചെയ്തു. അവന്റെ മനസ്സ് പിടഞ്ഞു, കണ്ണുകള്‍ നിറഞ്ഞു. അവന്‍ മനസ്സ് കൊണ്ട് എന്നോ ഉറപ്പിച്ചതാണ് മുഹ്സിന തന്റെ പെണ്ണാണ് എന്ന്. അവളെ കുറിച്ച് ഓർക്കാതെ, കാണാതെ ഒരു ദിവസം പോലും തള്ളി നീക്കാൻ ഫൈസിക്ക് സാധിക്കില്ലായിരുന്നു.

മുഹ്സിന തനിക്ക് സ്വന്തമാകും എന്ന് അവന് പ്രതീക്ഷ ഉണ്ടായിരുന്നു, പക്ഷെ കാര്യങ്ങള്‍ കൈവിട്ട് പോയികൊണ്ടിരിക്കുകയാണ്. അവള്‍ തനിക്ക് നഷ്ടമാകും എന്ന് ഫൈസി ഉറപ്പിച്ചു. അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

മരവിച്ച മനസ്സോടെ ഫൈസി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് അതിവേഗത്തില്‍ എങ്ങോട്ടെന്നില്ലാതെ കുതിച്ചു. സങ്കടവും, ദേഷ്യവും എല്ലാം അവന്‍ ആക്സിലേറ്ററിൽ കാണിച്ചു. അവന്റെ മനസ്സിലൂടെ അവരുടെ

കുട്ടിക്കാല ഓര്‍മകള്‍ ഓരോന്നായി കടന്നു പോയി. പെട്ടന്നായിരുന്നു അത് സംഭവിച്ചത്. ഒരു കാറുമായി ബൈക്ക് കൂട്ടിയിടിച്ചു. ഫൈസി ദൂരേക്ക് തെറിച്ചു വീണു, ബോധം നഷ്ടമായി.

ബോധം വന്നപ്പോള്‍ അവന്‍ വീട്ടിലായിരുന്നു. തലക്കും മുട്ടു കാലിനും പരിക്ക് പറ്റിയിട്ടുണ്ട്. ഡോക്ടര്‍ കുറച്ച് ദിവസം വിശ്രമം പറഞ്ഞിട്ടുണ്ട്. അവനെ കാണാന്‍ കൂട്ടുകാരും ബന്ധുക്കളും അയൽവാസികളും വന്നു. ആ കൂട്ടത്തില്‍ ഉമ്മയുടെ കൂടെ മുഹ്സിനയും വന്നു.

അവൾ വന്ന സമയത്ത് ഫൈസിയുടെ ഉപ്പ അവനെ വഴക്ക് പറഞ്ഞിട്ട് ബൈക്കിന്റെ ചക്രങ്ങൾ ഊരി മാറ്റുകയായിരുന്നു. മുഹ്‌സിനയുടെ ഉമ്മ ഫൈസിയുടെ മുറിയില്‍ കയറി കുറച്ചു സമയം നിന്നിട്ട് അവന്റെ ഉമ്മയുടെ അടുത്തേക്ക് പോയി.

മുഹ്സിന അവന്റെ മുറിയില്‍ തന്നെ നിന്നു. ഫൈസി അവളോട് ഒന്നും മിണ്ടാതെ തല താഴ്ത്തി കിടന്നു. കുറച്ച് സമയം കഴിഞ്ഞ് മുഹ്സിന അവനെ നോക്കി”എന്താ, എന്നോടൊന്നും മിണ്ടാത്തെ”

ഫൈസി അത്ഭുതത്തോടെ അവളെ നോക്കി. കാരണം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുഹ്സിന അവനോട് സംസാരിക്കുന്നത്. അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് ഫൈസി ശ്രദ്ധിച്ചു. അവന്‍ എന്തോ പറയാനൊരുങ്ങിയപ്പോൾ മുഹ്സിന തടഞ്ഞു

“വേണ്ട , ഒന്നും പറയേണ്ട. ആ കൂട്ടര് വന്നത് എന്നെ പെണ്ണ് കാണാനൊന്നും അല്ല. ബാംഗ്ലൂരിൽ ഉള്ള മാമന്റെ മോളെ കാണാനാ അവർ വന്നേ. അവള്‍ വന്നിട്ടുണ്ട് വീട്ടിലേക്ക്, ചെറുക്കന്റെ വീട്ടുകാർക്ക് സൗകര്യം നാട്ടിലാണ് എന്ന് പറഞ്ഞോണ്ട് അത് എന്റെ വീട്ടില്‍ വെച്ചാക്കി അത്രേ ഒള്ളൂ.”

ഒന്ന് നിറുത്തിയിട്ട് അവൾ തുടര്‍ന്നു”എടാ മണ്ടൂസേ, ഒരുപാട് പയ്യൻമാർ എന്റെ പിറകെ നടന്നിട്ടും ഞാന്‍ ആരേയും പ്രേമിക്കാത്തത് എന്തുകൊണ്ടാണ് എന്ന് നിനക്കറിയോ…?

കോളേജിൽ പോവാന്‍ വേറെയും വഴികൾ ഉണ്ടായിട്ടും നീ ഇരിക്കുന്ന വഴിയേ മാത്രം ഞാന്‍ എന്തിനാ വരുന്നേ എന്ന് നിനക്കറിയോ…? അറിയില്ല… കാരണം നീ ശരിക്കും മണ്ടൂസാണ്.

പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കാണിച്ച ധൈര്യം ഈ പോത്ത് പോലെ വളർന്നിട്ടും നിനക്ക് ഇല്ലാതായി പോയല്ലോടാ പോത്തേ. എത്ര കാലായീന്നറിയോ ആ വായിൽ നിന്നും എന്നെ ഇഷ്ടാണ് എന്ന് പറയുന്നത് കേൾക്കാൻ കാത്തിരിക്കുന്നു. ഇനി നീ പറയും എന്ന് തോന്നുന്നില്ല, ഞാന്‍ തന്നെ പറയാം.”

ഫൈസി അവളുടെ കണ്ണിലേക്ക് നോക്കി”എന്നാ പറ എന്നോട്, ഇഷ്ടാണ് എന്ന്”മുഹ്സിന ഫൈസിയെ ദയനീയമായി ഒന്നു നോക്കി

“മണ്ടൂസേ, ഇതില്‍ കൂടുതല്‍ ഞാന്‍ ഇനി എന്ത് പറയാനാ”ആരോ വാതിലിൽ തട്ടുന്ന ശബ്ദം കേട്ടപ്പോൾ മുഹ്സിന തന്റെ ഓർമ്മകളിൽ നിന്നും ഞെട്ടി ഉണർന്നു…

തന്റെ ഫോണിലെ ഗാലറിയിൽ ഉള്ള ഫൈസിയും ഒന്നിച്ചുള്ള കല്യാണ ഫോട്ടോ നോക്കി അവൾ തന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണീർ തുള്ളികൾ ഷാളുകൊണ്ട് തുടച്ചുമാറ്റി വാതിൽ തുറന്നു. ഇക്കയുടെ ഭാര്യ ആയിരുന്നു. അവൾ വാതിൽ തുറന്നതും ഇത്ത വേഗം റൂമിനകത്തേക്ക് കയറി

“ടീ നീയറിഞ്ഞാ…? ഫൈസി നാട്ടിൽ എത്തിയെന്ന്”നിറകണ്ണുകളോടെ മുഹ്സിന ഇത്തയെ നോക്കി”സത്യാണോ ഇത്താ…? ആരാ പറഞ്ഞേ…?”

പെട്ടെന്നാണ് മുഹ്‌സിനയുടെ അമ്മാവനും എളാപ്പയും (ഉപ്പയുടെ അനിയൻ) കൂടി മുഹ്‌സിനയുടെ അടുത്തേക്ക് വന്നത്. അമ്മാവൻ അവളെ നോക്കി

“മോളേ, ഇന്ന് വൈകീട്ട് വരുന്ന കൂട്ടരോട് മറിച്ചൊന്നും പറയരുത്. നല്ല കാര്യാണ്. ഒരു ഫ്രോഡിനെ കെട്ടി മോളുടെ നാലഞ്ച് കൊല്ലം വെറുതേ പോയതല്ലേ. കുട്ടിയെ ഒക്കെ അവര് പൊന്നുപോലെ നോക്കിക്കോളും”

അമ്മാവൻ പറഞ്ഞോണ്ടിരിക്കുമ്പോൾ എളാപ്പ ഇടക്ക് കയറി”ഹാ, കുട്ടീനെ നോക്കുന്നതൊക്കെ വല്യ കാര്യാണോ… കുട്ടിക്ക് ഇവിടേം അവിടേം ഒക്കെയായി നിക്കാലോ. ഇനിയിപ്പം അവര് നോക്കിയില്ലെങ്കിലും നമ്മള് നോക്കാതിരിക്കോ… നമ്മളെ കുട്ടിയല്ലേ അത്”

മുഹ്‌സിനയുടെ മകൾ ഉമ്മയുടെ ചുരിദാർ തുമ്പിൽ പിടിച്ച് ഇതൊക്കെ കേട്ട് നിൽക്കുന്നുണ്ടായിരുന്നു. മുഹ്സിന തന്റെ മകളെ ദയനീയമായൊന്ന് നോക്കി.

വീടിന്റെ കോലായിയിൽ ഉപ്പയും കുടുംബക്കാരും ചർച്ചയിലാണ്”അല്ല ഓൻ ഒപ്പിട്ട് തരൂലേ…”

“തരാതെ പിന്നെ… ഓന്റെ വീട്ടുകാരോട് സംസാരിച്ചപ്പോൾ അവർ തലയും താഴ്ത്തി എല്ലാം സമ്മതിച്ചതല്ലേ”

“എന്റെ മോളെ ഓരോന്ന് പറഞ്ഞ് മയക്കിയെടുത്ത തെമ്മാടിയാ അവൻ. അന്നേ നമ്മളൊക്കെ എതിർത്തതാ, പക്ഷേ ഓൾക്ക് അവനെ തന്നെ വേണം പറഞ്ഞ് ഒറ്റക്കാലിൽ നിക്കല്ലായിരുന്നോ… മനസ്സില്ലാ മനസോടെയാണ് നടത്തികൊടുത്തത്.

എന്നിട്ട് എന്റെ മോൾക്ക് ഓനും ഓന്റെ വീട്ടുകാരും സമാധാനം കൊടുത്തുക്കുണോ, ഓന് ജോലിയും കൂലിയും ഇല്ലാത്തത് കൊണ്ട് എന്റെ മോൾ കഷ്ടപ്പെടരുത് കരുതിയാ ദുബൈയിലുള്ള അളിയന്റെ അടുത്തേക്ക് പറഞ്ഞയച്ചത്.

എന്നിട്ടെന്തായി, അവിടെ കുറേപേരെ പറ്റിച്ച് ജയിലിലായി. അതും നാല് വർഷം. ഓനെ കൊണ്ടോയ പാവം അളിയനും പെട്ടു. വല്ലാത്ത ഒരു വിധി തന്നെ”

അവരുടെ സംസാരം തുടർന്നുകൊണ്ടിരിക്കുമ്പോഴാണ് ഒരു ബുള്ളറ്റിന്റെ ശബ്ദം എല്ലാവരുടെയും കാതിൽ മുഴങ്ങിയത്. ശബ്ദം കേട്ട ഭാഗത്തേക്ക് എല്ലാവരും നോക്കി. ഫൈസിയാണ്…

ബുള്ളറ്റിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് കയറാൻ ശ്രമിച്ച ഫൈസിയെ വീട്ടുകാർ തടഞ്ഞു

“നാ&%₹# മോനേ, എന്ത് ധൈര്യം ഉണ്ടായിട്ടാ നീ ഇങ്ങോട്ട് വന്നത്… മര്യാദക്ക് ഇവിടുന്ന് പൊക്കോ. അല്ലേൽ തല്ലിക്കൊന്ന് കുഴിച്ച് മൂടും ഞങ്ങൾ”

തന്റെ നേരെ ആക്രോശിച്ച എളാപ്പയെ ഫൈസി തറപ്പിച്ചൊന്ന് നോക്കി”അതിനുള്ള ഉറപ്പുണ്ടോ എളാപ്പാക്ക്…?”

എളാപ്പ അടിക്കാൻ കയ്യോങ്ങിയതും ഫൈസി അത് തടഞ്ഞ് എളാപ്പയെ തള്ളിമാറ്റി”അങ്ങോട്ട് മാറി നിക്കടോ”

ഇതും പറഞ്ഞ് ഫൈസി എല്ലാവരെയും മാറിമാറി നോക്കി വിരൽ ചൂണ്ടി”ഞാൻ വന്നിരിക്കുന്നത് എന്റെ പ്രാണനായ ഭാര്യയേയും മോളേയും കാണാനാണ്. ആരെങ്കിലും അത് തടഞ്ഞാൽ കൊന്നുകളയും ഞാൻ”

ഒന്ന് നിറുത്തിയിട്ട് അവൻ ഉപ്പയെ നോക്കി”ഇങ്ങളെ മോള് എന്നെ കാണേണ്ട പറഞ്ഞാൽ ഞാൻ ഇവിടുന്ന് പോവാം. പക്ഷേ, അവള് എന്റെ മുഖത്ത് നോക്കി പറയണം.

അതല്ലാതെ ജീവനുതുല്യം സ്നേഹിക്കുന്ന രണ്ട് മനസുകളെ പിരിക്കാൻ പല്ലുംകുത്തി ഇരിക്കുന്ന ഇതിൽ ഒരുത്തനെങ്കിലും എന്റെ നേരെ വന്നാൽ… മറ്റൊരു കുടുംബം തകർക്കാൻ അവരുണ്ടാകില്ല”

“നീ കൂടുതൽ ചിലക്കേണ്ട, എന്റെ മോളെ വശികരിച്ച് കെട്ടി ഓളെ കഷ്ടപ്പെടുത്തിയതൊന്നും പോരാഞ്ഞിട്ടാണോ ഇനീം അവളെ കാണാൻ വരുന്നേ”

ഫൈസി ഉപ്പയെ നോക്കി”മോളെ വിളിച്ച് ചോദിക്ക്, ഈ ഫൈസി ഈ നിമിഷം വരെ ഓളെ വേദനിപ്പിച്ചിട്ടുണ്ടോ എന്ന്…? ഉപ്പ ഉണ്ടാക്കിയ കടങ്ങൾ തീർക്കാനും പെങ്ങളെ അന്തസ്സായി കല്യാണം കഴിച്ച് പറഞ്ഞയക്കണം എന്ന മോഹവും കൊണ്ടാണ് ഞാൻ നിങ്ങൾ തന്ന വിസയിൽ ഗൾഫിൽ പോയത്.

എന്നിട്ട് എന്താ സംഭവിച്ചേ, ഭൂലോക ഫ്രോഡായ നിങ്ങളുടെ അളിയൻ സാമ്പത്തിക തിരുമറി നടത്തിയത് കണ്ടെത്തിയ കമ്പനിയിലെ മാനേജറെ കൊല്ലാൻ ശ്രമിച്ചപ്പോൾ അതേ റൂമിൽ

ഉണ്ടായിരുന്ന ഞാനും പെട്ടു. അളിയന്റെ കുടുംബക്കാരൻ ആയോണ്ട് ആ മാനേജർ എന്നെയും തെറ്റിദ്ധരിച്ചു. എന്റെ നിരപരാധിത്വം തെളിയിക്കാൻ നാല് വർഷമെടുത്തു”

ഒന്ന് നിറുത്തിയിട്ട് ഫൈസി എല്ലാവരെയും നോക്കി”മോളെ പ്രേമിച്ച് കെട്ടിയതിന്റെ പക തീർക്കുന്നത് ഇങ്ങനെയാണോ…? നിങ്ങൾക്കൊന്നും വേറെ ഒരു പണിയും ഇല്ലേ…?”

അമ്മാവൻ ഫൈസിയെ നോക്കി കണ്ണുരുട്ടി”ഫൈസീ, നീ ഇപ്പൊ പോവാൻ നോക്ക്. ഡിവോഴ്സ് ആയ കേസാണ് ഇത്. നീ നിന്റെ കുടുംബത്തുള്ള കാർണോമാരെ കൊണ്ടുവാ. നമുക്ക് മധ്യസ്ഥ ചർച്ച നടത്താം. നാട്ടിലുള്ള പ്രമാണിമാരും കുടുംബത്തുള്ള കാർണോമാരും തീരുമാനിക്കട്ടെ ബാക്കി കാര്യങ്ങൾ”

ഫൈസിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് തുടിച്ചു”ഡിവോഴ്സ് ആയെന്നോ…? ആര്…? എപ്പോ…? എന്റെ സമ്മതം ഇല്ലാതെ, എന്റെ സാമിപ്യം ഇല്ലാതെ ഏത് കോടതിയാണ് ഡിവോഴ്സ് തന്നത്…?

“അത് ഞങ്ങൾ കാർണോമാരും നാട്ടിലെ പ്രമാണിമാരും കൂടെ തീരുമാനിച്ചു. നീ വന്നിട്ട് ഡിവോഴ്സ് ലെറ്ററിൽ ഒപ്പിടും എന്ന് നിന്റെ വീട്ടുകാർ ഉറപ്പ് തന്നിരുന്നു”

ഇത് കേട്ടതും ഫൈസി വീടിന്റെ അകത്തേക്ക് നോക്കി ഉറക്കെ അലറി”മുഹ്‌സിനാ…”

ഫൈസിയുടെ വിളി അവളുടെ കാതിൽ പതിച്ചെങ്കിലും ഉമ്മയും അമ്മായിമാരും അവളെ തടഞ്ഞ് വെച്ചിരുന്നു. ഫൈസി വീണ്ടും വിളിച്ചു

“മുഹ്‌സിനാ, ഞാനാ വിളിക്കുന്നേ… നിന്റെ ഫൈസി”ഇത് കേട്ടപ്പോൾ പിന്നെ അവൾ ഒന്നും നോക്കിയില്ല. ഉമ്മയേയും അമ്മായിമാരേയും തട്ടിമാറ്റി അവൾ ഫൈസിയുടെ അടുത്തേക്ക് ഓടി. നാലര വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച്ച…

ഫൈസിയെ കണ്ടതും അവൾ കെട്ടിപിടിച്ചു നിന്നു. ഫൈസി അവളെ വരിഞ്ഞ് മുറിക്കി കെട്ടിപിടിച്ച് തുരുതുരാ ഉമ്മവെച്ചു… ഇതൊക്കെ കണ്ട് നാണത്തോടെ കണ്ണിറുക്കി ചിരിച്ച് അവരുടെ മോളും കൂടെ ഉണ്ടായിരുന്നു…

വീട്ടുകാർ എല്ലാവരും അന്തംവിട്ട് നിൽക്കുന്നു… ഫൈസി മോളെ എടുത്ത് മുഹ്‌സിനയെ നോക്കി”വാ, നമുക്ക് പോവാം…”

മുഹ്സിന തലയാട്ടി സമ്മതിച്ചു. ഫൈസി മോളേയും എടുത്ത് മുഹ്‌സിനയുടെ കയ്യും പിടിച്ച് മുന്നോട്ട് നടന്നു. അത് തടയാൻ അവിടെ കൂടി നിന്നിരുന്നവരിൽ ആർക്കും ധൈര്യം ഇല്ലായിരുന്നു…

മോളെ ബുള്ളറ്റിന്റെ മുന്നിൽ ഇരുത്തി ഫൈസി കയറിയിരുന്നു. മുഹ്‌സിനയോട് പിറകിൽ കയറാൻ തലകൊണ്ട് ആഗ്യം കാണിച്ചു. അവൾ പിറകിൽ കയറിയിരുന്ന് ഫൈസിയുടെ തോളിൽ കൈവെച്ചു… ബുള്ളറ്റ് സ്റ്റാർട്ടാക്കി ഫൈസി അവളുടെ ഉപ്പയെ നോക്കി

“നാട്ടിലെ പ്രമാണിമാരും ഒരു പണിയും ഇല്ലാതെ ചൊറിയും കുത്തിയിരിക്കുന്ന കുടുംബത്തിലെ കാർണോർമാരുമല്ല ഞങ്ങൾക്ക് ഡിവോഴ്സ് തരേണ്ടത്. അതിന് ഞങ്ങൾ തന്നെ തീരുമാനിക്കണം.

നിങ്ങളെപ്പോലുള്ള മധ്യസ്ഥക്കാർ കാരണം എത്രയെത്ര ദമ്പത്തികൾ പിരിഞ്ഞിട്ടുണ്ടാവും എന്നറിയോ. ഭാര്യയും ഭർത്താവും ഒന്ന് മുഖത്ത് നോക്കി സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത് വഷളാക്കി ഡിവോഴ്സിലേക്ക് എത്തിക്കുന്നതിൽ നിങ്ങളെപ്പോലുള്ള കീടങ്ങൾക്ക് മുഖ്യ പങ്കുണ്ട്…”

ഇതും പറഞ്ഞ് ഫൈസി ബുള്ളറ്റ് മുന്നോട്ട് എടുത്തു…ഇനി അവർ പ്രണയിക്കട്ടെ… പ്രണയം കൊണ്ട് മഴ പെയ്യിക്കട്ടെ…

Leave a Reply

Your email address will not be published. Required fields are marked *