ഇമ്മച്ചീടെ പള്ളന്റെ ഉള്ളിലല്ലേ കുട്ടിണ്ടാവാ..ഇന്ന്ട്ടെന്താ പള്ള വീർക്കാത്തെ?””. അവന്റെ ഉമ്മ ചോദിച്ചതിനല്ല അവൻ മറുപടി

 

കൂടെ പിറപ്പുകൾ
രചന :-മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്.

“”ഉമ്മച്ച്യേ…. ഇക്കൊരു കുഞ്ഞനിയത്തിയേ വേണം””…സ്കൂൾ വിട്ടു വരുന്ന വരവിൽ ഇതും പറഞ്ഞു കൊണ്ടാണ് ആഖിൽ ബസ്സിൽ നിന്നിറങ്ങിയത്.

ഗേറ്റിന് പുറകിൽ അവനെ കാത്തു നിന്ന അവന്റെ ഉമ്മ ഷാഹിറ ഒന്ന് ഞെട്ടി. “ഇന്നും ഇവനിത് മറന്നിട്ടില്ലേ”.അവൾ ഓർത്തു. ചിരിച്ചു കൊണ്ട് അവനെ നോക്കി.

ചെറിയ പുഴുപ്പലുകൾ വെളിയിൽ കാൺകേ അവൻ ചിരിച്ചു. അവന്റെ ബാഗ് വാങ്ങി തോളിലിട്ടു. ആഖിലിന്റെ കുഞ്ഞികയ്യിൽ പിടിച്ചു മുറ്റത്തൂടെ വീട്ടിലേക്ക് നടന്നു..

“”എന്താ.. അല്ലൂട്ട്യേ ഇയ്യ് ഇങ്ങനെ പറീണത്?.കൊറച്ചീസം ആയല്ലോ. എവിടുന്ന്‌ കിട്ടി അനക്കിതൊക്കെ?””.ഷാഹിറ അല്പം കുനിഞ്ഞു നിന്നു കുസൃതി നിറഞ്ഞ ചിരിയോടെ ചോദിച്ചു.

ആഖിലിന് എന്തോ വിഷമം മനസ്സിൽ വന്ന പോലെ മുഖം കനപ്പിച്ചു. ചുണ്ട് കൂർപ്പിച്ചു കൊണ്ട് ഉമ്മച്ചിയെ നോക്കി..

“”ക്ലാസ്സിലെ ഇർഫാൻ പറഞ്ഞു ഓന്ക്ക്
അനിയത്തി ഇണ്ടെന്ന്.. ഓന്റെ പൊറത്ത് കയറി ഓള് ആന കളിക്കും. പാപ്പ കളിക്കും. ഒളിച്ചു കളി കളിക്കൊക്കെ ചെയ്യൂത്രെ. ആർദ്രക്കും, സന്ദീപിനും,

ഇർഫാനും ഒക്കെ അനിയത്തീണ്ട്..ഇക്ക് മാത്രം ഇല്ല. ഇക്കും വേണം ഒരനിയത്തി. ഇക്കും കളിപ്പിക്കണം ഓളെ””. ആഖിൽ പറഞ്ഞു. സങ്കടം കൊണ്ട് അവന്റെ മുഖം

മാറുന്നതും കണ്ണുകൾ നിറയാൻ വെമ്പുന്നതും ഷാഹിറ കണ്ടു. അവൾ അവനെ വാരിയെടുത്തു എളിയിൽ വെച്ചു.

“”അല്ലുട്ട്യേ…വാപ്പച്ചി കട അടച്ചിട്ട് വരട്ടെ. നാളെ എന്തായാലും വാപ്പച്ചിനോട് കൊണ്ടരാൻ പറയാം. ഇന്റെ കുട്ടിക്ക് നല്ലൊരു അനിയത്തി കുട്ടിയെ””..അവനെയും എടുത്ത് അകത്തേക്ക് നടക്കുന്നതിനിടെ അവന്റെ ഉമ്മ പറഞ്ഞു.

അവൻ ഉമ്മച്ചിയെ ഒന്ന് നോക്കി.. എന്തൊക്കെയോ ചോദ്യങ്ങൾ ആ ഇളം മനസ്സിൽ നിറഞ്ഞു..അവനെ കുളിമുറിയിൽ കയറ്റി ഷാഹിറ അവന്റെ ദേഹത്തു വെളളം കോരിയൊഴിച്ചു. സോപ്പ് തേച്ചു പതപ്പിച്ചു.

“”എന്താ അല്ലൂ അന്റെ മേത്ത് ഇത്ര ചളി?.ഗ്രൗണ്ടിൽ കടന്നുരുണ്ട് ആക്കിയതാവും ല്ലേ.. കുട്ട്യേൾടെ കൂടെ കളിച്ചിട്ട് “”..ഷാഹിറ ചോദിച്ചു.

“”ഇമ്മാച്ച്യേ… ഇമ്മച്ചീടെ പള്ളന്റെ ഉള്ളിലല്ലേ കുട്ടിണ്ടാവാ..ഇന്ന്ട്ടെന്താ പള്ള വീർക്കാത്തെ?””. അവന്റെ ഉമ്മ ചോദിച്ചതിനല്ല അവൻ മറുപടി പറഞ്ഞത്.

“ഇവനിത് മറന്നിട്ടില്ലേ”.. ഷാഹിറ അമ്പരന്നു. കുറച്ചു നേരം ചിന്തയിൽ മുഴുകി. ചെറുക്കന്റെ മനസ്സിൽ നല്ലോണം പതിഞ്ഞിട്ടുണ്ട്.. റബ്ബേ.. ഇനി എന്ത് ചെയ്യും””..അവർ ഓർത്തു..

അവനെ കുളിപ്പിച്ച് തോർത്തി. പുതിയ ട്രൗസറും ബനിയനും ഇടുവിച്ചു അവനെ താങ്ങി പിടിച്ചു തീൻ മേശയിൽ കൊണ്ട് പോയിരുത്തി. ഷാഹിറ ടീവി ഓൺ ചെയ്തു. കർട്ടൂൺ ചാനൽ ഇട്ടു.

ആഖിൽ ടീവിയിൽ മുഴുകി. ഷാഹിറ പുഴുങ്ങിയ കോഴിമുട്ട തോട്‌ പൊട്ടിച്ചു ചെറിയ ചെറിയ കഷ്ണങ്ങൾ ആക്കി. ഓരോ കഷ്ണങ്ങൾ അവന്റെ വായിലേക്ക് വെച്ചു കൊടുത്തു. ഇടയ്ക്കിടെ അവനെ ഒളികണ്ണിട്ട് നോക്കി. ”

ഇനി എന്തെങ്കിലും പറയുന്നുണ്ടോ അതിനെ കുറിച്ച്?”…ആഖിൽ ടീവിയിൽ കണ്ണും തുറുപ്പിച്ചു നോക്കിയിരിക്കുന്നു. ഇടക്ക് പൊട്ടി ചിരിക്കുന്നു.. “ഹാവൂ.. സമാധാനം.. ചെർക്കൻ മറന്നൂന്നു തോന്നുന്നു”.ഷാഹിറ ഉള്ളിൽ പറഞ്ഞാശ്വസിച്ചു.

ടീവി കണ്ടു മടുത്തു ആഖിലിന്. അവൻ മേശയിൽ നിന്ന് ചാടിയിറങ്ങി. തന്റെ “കളിക്കട്ട”കൾ ഇട്ടു വെച്ച ബാഗ് സിബ്ബ് തുറന്നു നിലത്ത് വിതറി. അത് കൊണ്ട് ബസ്സിന്റെയും കാറിന്റെയും വീടിന്റെയും എല്ലാം രൂപങ്ങൾ ഉണ്ടാക്കി അവൻ കളിച്ചു.

ഉമ്മ ഷാഹിറ ഇടക്കിടെ വന്നു അവനെ എത്തി നോക്കി പോവും. ടീച്ചർ കൊടുത്ത ഹോം വർക്ക് അവനെ കൊണ്ട് അവന്റെ ഉമ്മച്ചി അടുത്തിരുന്നു ചെയ്യിപ്പിച്ചു.

ചോറ് കഴിച്ചു ഡൈനിങ് ഹാളിലെ സോഫാ സെറ്റിയിൽ അവർ ഇരുന്നു. ആഖിലിന്റെ വാപ്പച്ചി ഫൈസലിനെയും കാത്ത്.””എന്താ വാപ്പച്ചി വരാത്തത് ഉമ്മച്ച്യേ””.ആഖിൽ കോട്ടുവാ ഇട്ടു കൊണ്ട് ചോദിച്ചു.

“”അനക്ക് പോയി ഒറങ്ങിക്കൂടെ.. എന്താ എന്നും പണ്ടുമില്ലാത്ത ഒരു വാപ്പച്ചിയെ കാത്തിരിക്കണത്?””. ഷാഹിറ സ്വരം അല്പം കനപ്പിച്ചു കൊണ്ട് പറഞ്ഞു.

അവൻ ഒന്നും പറഞ്ഞില്ല. ഉമ്മച്ചിയുടെ മടിയിലേക്ക് തല ചായ്ച്ച് കിടന്നു. അവൾ അവന്റെ തലയിലെ നീണ്ട മുടിയിഴകൾ തലോടി കൊണ്ട് ഗേറ്റിനു നേരെ ജനാലക്കുള്ളിലൂടെ കണ്ണ് നട്ടു. ഫൈസലിന്റെ ബൈക്കിന്റെ വെളിച്ചം കാണാൻ..

അല്പം കഴിഞ്ഞപ്പോൾ ഉറക്കം ആഖിലിന്റെ കൺപോളകളെ തഴുകി അടച്ചു. ഉറക്കത്തിലേക്ക് വഴുതി വീഴവേ ഫൈസലിന്റെ ബൈക്കിന്റെ ഇരമ്പം കേട്ടു. ആഖിൽ ഉണർന്നു ചാടിയെണീറ്റു.

“”ന്റെ വാപ്പച്ചി വന്നല്ലോ””..അവൻ ഉറക്കെ പറഞ്ഞു കണ്ണ് തിരുമ്പി സിറ്റൗട്ടിലേക്ക് ഓടിയിറങ്ങി. പിറകേ ചിരിച്ചു കൊണ്ട് ഷാഹിറയും ഇറങ്ങി. ഫൈസൽ ബൈക്ക്

നിർത്തി സിറ്റൗട്ടിലേക്ക് കാലെടുത്തു വെച്ചതും ആഖിൽ വന്നു അവന്റെ ഇടുപ്പിൽ കെട്ടിപിടിച്ചു. പതിയുറക്കം തൂങ്ങിയ മിഴികളോടെ അവൻ ഫൈസലിനെ നോക്കി ചിരിച്ചു. അവൻ ആഖിലിനെ വാരിയെടുത്തു കവിളിൽ ഉമ്മ വെച്ചു.

“”വാപ്പച്ച്യേ…. ഇക്കൊരു കുഞ്ഞനിയത്തിയെ വേണം””…ആഖിൽ പെട്ടെന്ന് യാതൊരു ഭാവമാറ്റവുമില്ലാതെ പറഞ്ഞു.

“”ഏ… എന്ത്?…എന്താ അല്ലൂ ഇയ്യ് പറഞ്ഞത്?””…ഇത് കേട്ട ഫൈസൽ ഒന്ന് ഞെട്ടി. അവൻ ഒന്നും മനസ്സിലാകാത്ത മുഖഭാവത്തോടെ ഉമ്മറ പടിയിൽ ചാരി നിൽക്കുകയായിരുന്ന ഭാര്യയെ നോക്കി.. ഷാഹിറ താഴേക്ക് നോക്കി ചിരിക്കുകയാണ്.

“”ന്റെ ക്ലാസ്സിലെ കൊറേ കുട്ട്യേൾക്ക് കുഞ്ഞനിയത്തിമാരുണ്ട്. അവർ കളിക്കൂം ചിരിക്കൂം ഒക്കെ ചെയ്യൂത്രെ.. ഇക്ക് മാത്രം ഇല്ല. ഇക്ക് കളിപ്പിക്കാൻ ആരൂല്ല”” ആഖിൽ തേങ്ങി കരയാൻ തുടങ്ങി.

ഫൈസലും ഷാഹിറയും പരസ്പരം നോക്കി. ഷാഹിറയുടെ കണ്ണുകൾ ഈറനണിയാൻ തുടങ്ങി. അവൾ പതുക്കെ നടന്നു വന്നു ആഖിലിനെ വാങ്ങി തോളത്തിട്ട് കൊട്ടി. “”

അല്ലൂ.. കരയണ്ടടാ.”” അവൾ ആശ്വസിപ്പിച്ചു.. തേങ്ങലിനിടയിൽ അവൻ ഉറങ്ങി. ഫൈസൽ ഒരു നെടുവീർപ്പോടെ സോഫാ സെറ്റിയിൽ ഇരുന്നു. ആഖിലിനെ കൊണ്ട് പോയി കിടത്തി ഷാഹിറയും അവന്റെ അടുത്ത് വന്നിരുന്നു.

ഇരുവരും ഒന്നും മിണ്ടിയില്ല. ആറു വർഷം മുമ്പത്തെ ഓർമകളിലേക്ക് മനസ്സ് ചീറി പാഞ്ഞു. ഗർഭ പാത്രത്തിന്റെ പേശികൾ കനം കുറയുന്നു എന്ന അസുഖത്തിനാൽ ഷാഹിറക്ക് ഇനിയൊരു ഗർഭ ധാരണം പറ്റില്ല എന്ന് ഡോക്ടർ വിധിയെഴുതി.

ആഖിലിന്റെ പ്രസവം കഴിഞ്ഞപ്പോൾ ഗർഭം നിർത്താനുള്ള ട്യൂബക്ടമി പോലും നടത്താൻ കഴിയാത്ത വിധം ഷാഹിറ അശക്തയായിരുന്നു. അത് കൊണ്ട് വാസക്ടമി ചെയ്യാൻ ഫൈസൽ തയ്യാറാവുകയായിരുന്നു

“”ഇക്കാ… നമ്മുടെ അല്ലൂന്റെ മനസ്സിൽ നല്ലോണം വിഷമണ്ട്. ഓൻ കൊറേ ദിവസായി പറയണു. ഞാൻ ഇങ്ങളോടെ പറയാഞ്ഞിട്ടാണ്.

ന്റെ കുട്ടി വല്ലാതെ ഒറ്റപ്പെടുന്നു. ഇക്ക് ഇപ്പൊ ആരോഗ്യത്തിന് കുഴപ്പം ഒന്നൂല്ല. നമുക്ക് ഡോക്ടറെ ഒന്ന് കണ്ടു നോക്കിയാലോ… ഇങ്ങക്ക് സമ്മതല്ലേ””..ഷാഹിറ കണ്ഠം ഇടറി കൊണ്ട് പറഞ്ഞു.

“”ഇക്ക് എന്താ സമ്മത കൊറവ്. … മുറിച്ചു കെട്ടി വെച്ച ബീജ വാഹിനി കുഴൽ കൂട്ടി യോജിപ്പിക്കുക എന്നൊരു പരിപാടിണ്ട്. അയിനെ കുറിച്ചൊന്നു അന്വേഷിച്ചു നോക്കാം.. നാളെ തന്നെ””…ഫൈസൽ പറഞ്ഞു. ഷാഹിറ അവന്റെ തോളിലേക്ക് ചാഞ്ഞു.

“”ഫൈസൽ… അങ്ങനെ ഒരു സംഗതി ഉണ്ട് എന്നത് നേര് തന്നെയാണ്…പക്ഷെ… കുഞ്ഞുണ്ടാകും എന്ന് നൂറ് ശതമാനം ഉറപ്പ് പറയാൻ എനിക്കാവില്ല. ചെയ്ത് നോക്കണോ?””.ഡോക്ടർ ചോദിച്ചു.

“”ഡോക്ടർ.. നമുക്ക് ചെയ്ത് നോക്കാം. ബാക്കി ഒക്കെ പടച്ചോൻ തീരുമാനിക്കട്ടെ. ഞാൻ പറഞ്ഞില്ലേ.. ഞങ്ങടെ മോന്റെ ഒറ്റപ്പെടൽ.. അവന്റെ ആഗ്രഹം. അത് കണ്ടിട്ട് സഹിക്കാൻ പറ്റാഞ്ഞിട്ടാണ്””..ഫൈസൽ പറഞ്ഞു.അവൻ അടുത്തിരുന്ന ഷാഹിറയെ നോക്കി.

“”ഇവളെ ഗൈനകോളജിസ്റ്റിനേയും കാണിച്ചു. അവരും പറഞ്ഞത് ഇങ്ങനെയാണ്. ബുദ്ധിമുട്ടാണെന്ന്. എങ്കിലും ഒരു ഭാഗ്യപരീക്ഷണം.. സഹിക്കാൻ ഞങ്ങൾ ഒരുക്കമാണ് ഡോക്ടർ””…ഫൈസൽ പറഞ്ഞു.

“”ശരി.. എന്നാ ഇപ്പൊ തന്നെ ചെയ്താലോ. ചെറിയൊരു സർജറിയാണ്. രണ്ട് മണിക്കൂർ കൊണ്ട് വീട്ടിൽ പോകാം””…ഡോക്ടർ പറഞ്ഞു.

“”ഞാൻ തയ്യാറായി തന്നെയാണ് വന്നിട്ടുള്ളത് ഡോക്ടർ””ഫൈസൽ ചിരിച്ചു കൊണ്ട് പറഞ്ഞു.

സർജറി കഴിഞ്ഞു. ബീജ വാഹിനി കുഴൽ കൂട്ടിയോജിപ്പിച്ചു. ഇരുവരും വീട്ടിൽ പോയി. ആഖിൽ എന്നും അനിയത്തിക്ക് വേണ്ടി കരയും.. ഓരോരോ കള്ളങ്ങളും

കാരണങ്ങളും പറഞ്ഞു തത്കാലം അവനെ അടക്കി നിർത്തും. ദിവസങ്ങൾ കടന്നു പോയി.ഷാഹിറ ഗർഭിണിയായി. “അൽഹംദുലില്ലാഹ്”.ഫൈസലും ഷാഹിറയും പടച്ചവനെ സ്തുതിച്ചു.

“”അല്ലൂട്ട്യേ… അനക്ക് ഒരു കുട്ടിയെ റബ്ബ് എന്റെ പള്ളീൽ ഇട്ട് തന്നുക്കണു.ഇനി അത് വലുതായി വലുതായി വരും. അപ്പൊ ഉമ്മച്ചിന്റെ പള്ളീം വീർത്തു വരും.

കൊറച്ച് കഴിയുമ്പോ ന്റെ പൊന്നിനെ കാണാൻ കുഞ്ഞി വാവ പുറത്തേക്ക് വരും””…ഷാഹിറ പറഞ്ഞു.

“”പെണ്ണും കുട്ടി തന്നെ വേണം ട്ടോ ഉമ്മച്ച്യേ””..അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. അവൻ കൈകൊട്ടി തുള്ളി ചാടി.

ഷാഹിറ ഞെട്ടി.. “ഇനി ആൺ കുട്ടിയെങ്ങാനും ആണെങ്കിൽ. അല്ലു അവനെ സ്നേഹിക്കില്ലേ. കൊഞ്ചിക്കില്ലേ.അവനെ തല്ലുമോ..പടച്ച

റബ്ബേ ഓനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും. ഇക്ക് നല്ലൊരു പെൺ കുട്ടിയേ തന്നെ തരണേ നാഥാ”.ഷാഹിറ ഉള്ളുരുകി പ്രാർത്ഥിച്ചു.

ആഖിൽ സ്കൂളിൽ പോയി കൂട്ടുകാരോട് വീമ്പിളക്കി. “”ഇക്കും കിട്ടോലോ കുഞ്ഞനിയത്തിയെ””…ഗർഭം ബുദ്ധിമുട്ട് ആയത് കൊണ്ട് ഡോക്ടർ സമ്പൂർണ വിശ്രമം നിർദ്ദേശിച്ചു.

“”എന്തെങ്കിലും ഇളക്കം തട്ടിയാൽ മതി അലസ്സി പോകാൻ.. കാര്യമായ ഒരു പണിയും ചെയ്യാൻ പാടില്ല. കേട്ടല്ലോ””.ഡോക്ടർ പറഞ്ഞു.

ഡോക്ടർ ചിരിച്ചു കൊണ്ട് നിന്ന ഫൈസലിന്റെ മുഖത്തേക്ക് നോക്കി. “”നിങ്ങളോടും കൂടിയാ പറഞ്ഞത്.. ഒരു പണിയും ചെയ്യാൻ പാടില്ലാന്ന്””.ഡോക്ടർ ഉറക്കെ പറഞ്ഞു. ഫൈസൽ നാണിച്ചു തല താഴ്ത്തി ചിരിച്ചു.

അവൾ സമ്പൂർണ വിശ്രമത്തിലായി. തറവാട് വീട്ടിൽ താമസിക്കുന്ന ഫൈസലിന്റെ ഉമ്മ സഹായത്തിനായി വന്നു. ദിവസങ്ങൾ കടന്നു പോകെ ഷാഹിറയുടെ ഉള്ളിലെ ജീവന്റെ തുടിപ്പ് ചിറകിട്ടടിച്ചു.

ചേതനയുടെ അനക്കം അവൾ അറിഞ്ഞു തുടങ്ങി. ഇടയ്ക്കിടെ കൊടിയ വേദന അടിവയറിലൂടെ മിന്നി കയറി. കാലുകളിലെ പേശികൾ പലപ്പോഴും ഉരുണ്ടു കയറി. അവളുടെ കനം കുറഞ്ഞ ഗർഭാശയ ഭിത്തികൾ പലപ്പോഴും സങ്കോചിച്ചു.

നടുവേദന പലപ്പോഴും അവളെ എത്തി നോക്കി. ഗർഭപാത്രം ഇടയ്ക്കിടെ തുറന്നു കൊണ്ടേയിരുന്നു. അപ്പോഴെല്ലാം ആശുപത്രിയിൽ കൊണ്ട് പോയി അഡ്മിറ്റ്‌ ചെയ്തു.

പക്ഷെ… ആഖിലിന്റെ ഉള്ളിൽ ആഹ്ലാദം അല തല്ലി.””ഉമ്മച്ച്യേ.. ഉമ്മച്ചിടെ പള്ള ഒന്ന് കാണിച്ചു തരുമോ?””..ഒരിക്കൽ ആഖിൽ കൗതുകം അടക്കി വെക്കാനാവാതെ ചോദിച്ചു.

“”എടാ കള്ളാ….വാ.. കാണിച്ചു തരാം””..ഷാഹിറ പറഞ്ഞു.അവളുടെ വീർത്ത വയർ കണ്ട അവൻ അത്ഭുതം കൂറി.

“”ഇതെന്താ ഉമ്മച്ച്യേ.. ബലൂണിന്റെ പോലെണ്ടല്ലോ ഇങ്ങളെ പള്ള””. അവൻ ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു.ഷാഹിറയും ചിരിച്ചു.””പോടാ.. കള്ളാ.. കളിയാക്കാതെ””…

അവൻ ആ നിറഞ്ഞ വയറിൽ തലോടി. അവന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ കുഞ്ഞനിയത്തിക്ക് അവൻ വയറിനു മീതെ ഉമ്മകൾ കൊണ്ട് മൂടി.

“”അല്ലൂ… ആണും കുട്ടി ആണെങ്കിലും ന്റെ കുട്ടിക്ക് ഇഷ്ടാവൂലെ?”” ഒരിക്കൽ ഫൈസൽ ചോദിച്ചു.””അത് പറ്റൂല.. എല്ലാർക്കും അനിയത്തിയാ. ഇക്കും അത് വേണം””.അവൻ പറഞ്ഞു.

“”എടാ.. അന്റെ ക്ലാസ്സിൽ കൊറേ കുട്ട്യേള് ഇല്ലേ. ഓരോട് ഒക്കെ ചോയിച്ചു നോക്ക്.ഓര്ക്ക് ഒക്കെ കുഞ്ഞനിയൻമാർ ആവും””…ഫൈസൽ പറഞ്ഞു.

“”ഇർഫാനും ആർദ്രക്കും സന്ദീപിനും ഒക്കെ കുഞ്ഞനിയത്തിമാരാണ് വാപ്പാച്ച്യേ. ഒരാണ് ഇന്റെ കൂട്ടാര്. അപ്പൊ ഇക്കും അത് മതി””..

ഷാഹിറയും ഫൈസലും വല്ലാതെ ധർമ്മസങ്കടത്തിലായി. അവർ പെൺകുട്ടിയാവാൻ ഉള്ളുരുകി പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു.

“”ഇയ്യ് വെഷമിക്കേണ്ടടി.ഞമ്മക്ക് ഓനെ പറഞ്ഞു മനസ്സിലാക്കാം. ഇപ്പൊ മനസ്സ് വിഷമിപ്പിക്കണ്ട. പ്രസവം കഴിയട്ടെ””മാസങ്ങൾ പിന്നിട്ടു. ആഖിൽ ഒന്നാം ക്ലാസ്സിൽ നിന്ന് രണ്ടാം ക്ലാസിലെത്തി.

ഒരു ദിവസം രാവിലെ ആഖിലിനെ സ്കൂളിൽ വിട്ട ശേഷം ഷാഹിറക്ക് ശക്തമായ വേദന തുടങ്ങി. ഷാഹിറയെ ആശുപത്രിയിൽ കൊണ്ട് പോയി. നേരെ ലേബർ റൂമിലേക്ക് മാറ്റി.

ഫൈസൽ ലേബർ റൂമിന് പുറത്തിരുന്നു എരിപൊരി സഞ്ചാരം കൊണ്ടു. പ്രാർത്ഥനകളും മറ്റുമായി ഫൈസൽ എല്ലാം മറന്നു ലേബർ റൂമിനു മുന്നിലൂടെ

അങ്ങോട്ടും ഇങ്ങോട്ടും നടന്നു… പിടക്കുന്ന കരളും മിടിക്കുന്ന ഹൃദയവുമായി.. മണിക്കൂറുകൾ കടന്ന് പോയി കൊണ്ടിരുന്നു.

പെട്ടെന്ന് ലേബർ റൂമിന്റെ വാതിൽ തുറന്നു. “”ഷാഹിറയുടെ ആളുകൾ ആരാ… പ്രസവിച്ചു.. ആൺ കുഞ്ഞാണ്””..ആ നേഴ്സ് ധൃതിയിൽ വിളിച്ചു പറഞ്ഞു അകത്തേക്ക് പോയി.

ഫൈസൽ സന്തോഷിച്ചു. ദൈവത്തെ സ്തുതിച്ചു. പെട്ടെന്ന് ഉള്ളിൽ ഒരു ആന്തൽ പാഞ്ഞു.. “പടച്ചോനെ.. ആൺ കുട്ടിയോ.. ന്റെ അല്ലു..ഓനോട്‌ എന്ത് പറയും”. അവന്റെ മനസ്സ് പേടിയോടെ മന്ത്രിച്ചു.

ഷാഹിറയെയും കുഞ്ഞിനേയും മുറിയിലേക്ക് മാറ്റി. അവളുടെ മുഖം കഠിന വേദന സഹിച്ചു ഇരുണ്ടിരുന്നു. പെൺ കുഞ്ഞല്ല എന്ന നിരാശ അകമേ തളം കെട്ടി നിന്നെങ്കിലും അവൾ പുറത്തു കാണിച്ചില്ല.

””അല്ലുനെ കൊണ്ടുവന്നു കാണിക്കേണ്ടേ””..ഷാഹിറ പതുക്കെ പറഞ്ഞു. എന്ത് കൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞു.

“”കാണിക്കണം… കാണിക്കാതിരുന്നിട്ട് എന്ത് കാര്യം. ഓൻ അറിയും. കാണുമ്പോ ഒന്ന് ചിണുങ്ങുമായിരിക്കും. പിന്നെ അവനെ പറഞ്ഞു മനസിലാക്കാം”‘.

ഫൈസൽ വീട്ടിൽ പോയി ആഖിലിന്റെ സ്കൂൾ ബസ് വരുന്നതും കാത്ത് സിറ്റൗട്ടിൽ ഇരുന്നു. ബസ് വന്നു നിർത്തി. ആഖിൽ ചാടിയിറങ്ങി.

എന്നും കാത്തു നിൽക്കാറുള്ള ഉമ്മച്ചിക്ക് പകരം വാപ്പച്ചിയെ കണ്ട അവൻ ഒന്ന് അമ്പരന്നു. ഫൈസൽ ഓടി ചെന്നു അവന്റെ ബാഗ് വാങ്ങി.

“”അല്ലൂട്ട്യേ.. അന്റെ കുഞ്ഞിവാവ പുറത്തേക്ക് വന്നുക്കുണു. ഞമ്മക്ക് പോണ്ടേ. വേഗം വാ””. ഫൈസൽ ചിരിച്ചു കൊണ്ട് പറഞ്ഞു.

ആഖിൽ ചിരിച്ചു. പുഴുപ്പല്ലുകൾ വെളിയിൽ കാൺകെ.. മുഖം സന്തോഷം കൊണ്ട് വിടർന്നു തുടുത്തു.

“”തന്നേ …. ന്നാ വേഗം പോകാം.ഇക്ക് പൂതിയായിട്ട് പാടില്ല വാപ്പച്ച്യേ “”..അവൻ പറഞ്ഞു.

ഫൈസൽ സ്കൂൾ ബാഗ് അകത്തു വെച്ചു വാതിൽ പൂട്ടി. ആഖിലിനെ പുറകിൽ ഇരുത്തി ആശുപത്രിയിലേക്ക് ബൈക്ക് പായിച്ചു. പോകും വഴിയിൽ അവന് പരിപ്പ് വടയും ചായയും വാങ്ങി കൊടുത്തു.

ആശുപത്രിയിൽ എത്തിയ അവൻ “”ഉമ്മച്ച്യേ”” എന്ന് വിളിച്ചു മുറിയിലേക്ക് ഓടി കയറി. ഷാഹിറയുടെ കവിളിൽ തലോടി. അവൾ അവന്റെ കവിളിൽ ഉമ്മ വെച്ചു.

“”നോക്കെടാ… അന്റെ കുഞ്ഞിവാവയേ.. ചൊർക്ക് ഇണ്ടോ?”” ഷാഹിറ അവന്റെ മുടിയിൽ തലോടി കൊണ്ട് ചോദിച്ചു.

അവന്റെ നോട്ടം കുഞ്ഞു വാവയിൽ പതിഞ്ഞു. അമ്മിഞ്ഞ നുകർന്നു കിടന്നിരുന്ന കുഞ്ഞു വാവയുടെ മുഖത്തേക്ക് അവൻ നോക്കി. അവന്റെ കുഞ്ഞുമനസ്സിന് എന്തോ തൃപ്തി വന്നില്ല.

ഷാഹിറയുടെയും ഫൈസലിന്റെയും നെഞ്ചിടിച്ചു. അവന്റെ നോട്ടം കുഞ്ഞിന്റെ അരയിലേക്ക് നീണ്ടു. അവന്റെ മുഖം ചുളിഞ്ഞു. ചുണ്ടുകൾ കൂർപ്പിച്ചു. കണ്ണുകൾ ചെറുതായി.

””ഇത് ആണും കുട്ടിയല്ലേ ഉമ്മച്ച്യേ. ഇക്ക് കുഞ്ഞനിയത്തിയെ തരാനല്ലേ പറഞ്ഞത്.”” അവൻ ചിണുങ്ങി കൊണ്ട് പറഞ്ഞു. കണ്ണിൽ വെളളം നിറഞ്ഞു. തേങ്ങാൻ തുടങ്ങി. അതൊരു കരച്ചിലായി മാറി.

“”അല്ലൂ.. പടച്ചോൻ തന്നതല്ലേ. ഉമ്മച്ചിടെ കുട്ടി കരയാതിരിക്ക്. അനക്ക് കളിപ്പിക്കാൻ ആങ്കുട്ടി മതീലെ. ഇന്നെ ഏടങ്ങാറക്കല്ലേ ഇയ്യ്””…ഷാഹിറ ദേഷ്യവും സങ്കടവും സഹിക്കാൻ വയ്യാതെ പറഞ്ഞു.

അവൻ ഏങ്ങലടിച്ചു കരച്ചിൽ തുടർന്നു. ഇരുവരും എത്ര ശ്രമിച്ചിട്ടും അവൻ കരച്ചിൽ നിർത്തിയില്ല. എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അവൻ തേങ്ങി കൊണ്ടേയിരുന്നു. ഫൈസൽ അവനെയും കൊണ്ട് പുറത്തേക്ക് പോയി.

ഡിസ്ചാർജ് ആയി വീട്ടിൽ വന്നു. ആഖിൽ കുഞ്ഞിനെ തിരിഞ്ഞു നോക്കിയില്ല. തൊട്ടു നോക്കിയില്ല. ഉമ്മ വെച്ചില്ല. അത് ഷാഹിറയിൽ വല്ലാത്ത സങ്കടം നിറച്ചു.

ദിവസങ്ങൾ കൊഴിയേ അവന്റെ സ്വഭാവത്തിൽ ഒരു മാറ്റവും വന്നില്ല. ””കുഞ്ഞനിയത്തിയെ വേണം””.എന്ന അവന്റെ വാശി അവൻ തുടർന്നു കൊണ്ടേയിരുന്നു. നോട്ടം കൊണ്ട് പോലും അവൻ അവന്റെ അനിയനെ സ്നേഹിച്ചില്ല.

””ഇങ്ങക്കറിയോ. എത്ര വേദന സഹിച്ചിട്ടാ ഞാൻ ഇവനെ പെറ്റത്. അതും അല്ലൂന് വേണ്ടീറ്റ് . ഇന്നിട്ട് ഓൻ കാണിക്കുന്നത് കണ്ടോ ഫൈസിക്കാ. ഇക്കിത് സഹിക്കിണില്ല””..ഷാഹിറ തേങ്ങി കരഞ്ഞു.

”” ഇയ്യെന്താ ഇങ്ങനെ കുട്ട്യേളെ പോലെ. ഓൻ കുട്ട്യല്ലെടീ. കുട്ട്യേള് ഇങ്ങനാ. വെറുതേ വാശി പിടിക്കും. ഇയ്യ് കരയാണ്ടിരിക്ക്””. ഫൈസൽ അവളെ കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു.

ഒരു ഞ്ഞായറാഴ്ച്ച ദിവസം വൈകിട്ട് കുറേ പെണ്ണുങ്ങളും അവരുടെ ചെറുതും വലുതുമായ കുട്ടികളുമായി വലിയൊരു വണ്ടിയിൽ ഫൈസൽ വീട്ടിലെത്തി. അവരേ കണ്ട ഷാഹിറ അമ്പരന്നു. ഒന്നും മനസ്സിലാവാതെ അവൾ ഫൈസലിനെ നോക്കി.

””മോൻ എന്ത്യേടീ?””..””ഒറങ്ങി. തൊട്ടീലിണ്ട്””..””ഇയ്യ് പോയി ചായണ്ടാക്ക്… ഇങ്ങള് ഇരിക്കിൻ””.ഫൈസൽ വന്ന പെണ്ണുങ്ങളോട് പറഞ്ഞു. അവർ ഇരുന്നു. ഷാഹിറ അടുക്കളയിലേക്ക് പോയി.

“‘അല്ലൂ…. അല്ലൂ””…ഫൈസൽ നീട്ടി വിളിച്ചു.ആഖിൽ എവിടെ നിന്നോ ഓടി വന്നു. “”എന്താ വാപ്പച്ച്യേ””..

കുറേ ആളുകളെ കണ്ട അവൻ ഒന്ന് പരുങ്ങി. വാപ്പച്ചീടെ പിന്നിൽ ഒളിക്കാൻ ശ്രമിച്ചു. ഫൈസൽ അവനെ പിടിച്ചു മുന്നിലോട്ട് നിർത്തി.””നോക്കെടാ.. അന്റെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളാണ്””.

ആഖിൽ തലയുയർത്തി നോക്കി.. യദു കൃഷ്ണൻ, ശ്രീബാല, വൈഗ, ആഷിക്, ഹാഷിം….. അവരേ കണ്ട ആഖിൽ അത്ഭുതം കൂറി. വിടർന്ന കണ്ണുകളോടെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

അവരുടെ അമ്മമാർ അവനെ മാടി വിളിച്ചു. കൂട്ടുക്കാർ വന്നു അവനെ കൈ പിടിച്ചു കൊണ്ട് പോയി. അമ്മമാരുടെ കയ്യിൽ ഉണ്ടായിരുന്ന ആറുമാസവും, പത്തു

മാസവും, ഒരു വയസ്സും, ഒന്നര വയസ്സും ഒക്കെ പ്രായമുള്ള അവരുടെ ആൺ കുട്ടികളെ ആ വലിയ ഡൈനിങ് ഹാളിലേക്ക് അവർ ഇരുത്തി.

“”ആഖിലേ… ഇതൊക്കെ ഇവരുടെ കുഞ്ഞനിയൻമാരാണ് കേട്ടോ. ഇവർക്കാർക്കും കുഞ്ഞനിയത്തിമാർ ഇല്ലാട്ടോ””..

അവന്റെ ഒരു കൂട്ടുകാരന്റെ അമ്മ പറഞ്ഞു. ചായക്ക് വെള്ളം വെച്ചു തിരിച്ചു വന്ന ഷാഹിറ ഒന്നും മനസ്സിലാവാതെ ഫൈസലിനെ നോക്കി. അവൻ “പറയാം” എന്നർത്ഥത്തിൽ കണ്ണിറുക്കി കാണിച്ചു.

വൈഗ തന്റെ അനിയനെ പുറത്തിരുത്തി മുട്ടുകുത്തി “”അമ്പോ.. അമ്പോ”” എന്ന് ഒച്ചയുണ്ടാക്കി നടന്നു. മറ്റുള്ള കൂട്ടുകാർ അവളുടെ അവളുടെ പുറകെ മുട്ടു കുത്തി. കുഞ്ഞുങ്ങൾ കുടു കൂടേ ചിരിച്ചു.

ആഷിക് കണ്ണ് പൊത്തി തന്റെ അനിയനെ നോക്കി. “”ഒളിച്ചോളി… കണ്ടേ… ഒളിച്ചോളി… കണ്ടേ””…ആ കുഞ്ഞ് മോണകാട്ടി ചിരിച്ചു. ആകെ കളിയും ചിരിയും അവിടെ കളിയാടി.

ആഖിൽ എല്ലാം നോക്കിയിരുന്നു. ഇളം പുഞ്ചിരി ചുണ്ടിൽ തൂവികൊണ്ട്. അവന്റെ കുഞ്ഞു മനസ്സ് ചാഞ്ചാടാൻ തുടങ്ങി. ഫൈസലും ഷാഹിറയും അവനെ ഒളി കണ്ണിട്ട് നോക്കി കൊണ്ടിരുന്നു. അവന്റെ ഭാവമാറ്റം അവരിൽ പ്രതീക്ഷകൾ ഉണർത്തി.

പെട്ടെന്ന് ബഹളം കേട്ട് കുഞ്ഞ് ഉണർന്നു കരയാൻ തുടങ്ങി. എല്ലാരും കളി നിർത്തി.””ആഖിലേ അന്റെ കുഞ്ഞനിയനെ എടുത്തു കൊണ്ട് വാ. നമുക്ക് കളിക്കാം””.ഏതോ ഒരു കൂട്ടുകാരൻ ഉറക്കെ വിളിച്ചു പറഞ്ഞു.

ഇത് കേൾക്കേണ്ട താമസം അവൻ മുറിയിലേക്കോടി. ഷാഹിറയും പുറകെ ചെന്നു. അവൻ തൊട്ടിലിൽ കിടന്ന തന്റെ അനിയനെ എടുക്കാൻ നോക്കുകയാണ്..

””ഇങ്ങട്ട് മാറ് അല്ലൂട്ട്യേ. ന്റെ കുട്ടിക്ക് വെയ്ക്കൂല.. ഞാൻ ഇടുത്തു തരാം””…ഷാഹിറ കരയണോ ചിരിക്കണോ എന്നറിയാതെ പറഞ്ഞു. അവൾ ആഖിലിനെ എടുത്ത് തുരു തുരാ ഉമ്മ വെച്ചു.

അവന്റെ കുഞ്ഞനിയനും അവനും അന്നാദ്യമായി മുട്ടുകുത്തി കളിച്ചു. അനിയനോടുള്ള സ്നേഹം വഴിഞ്ഞൊഴുകി. അവനെ ഉമ്മവെച്ചു. നെഞ്ചിൽ കിടത്തി തലോടി.ഇക്കിളിയിട്ട് കുടു കൂടേ ചിരിപ്പിച്ചു.

“”ഞങ്ങടെ ഒക്കെ കെട്ട്യോൻമാർ ഫൈസലിക്കാന്റെ സുഹൃത്തുക്കളാണ്. ഇക്കാന്റെ വിഷമം പറഞ്ഞപ്പോൾ ഞങ്ങൾ ഒരു ശ്രമം നടത്തി നോക്കി. അത് വിജയിച്ചു””.

എല്ലാരും ഇരുന്നു ചായ കുടിക്കുന്നതിനിടെ ഒരാൾ പറഞ്ഞു. ഷാഹിറ ചിരിച്ചു. അവൾ കുറേ നാളിന് ശേഷം ഉല്ലാസവതിയായി. നെഞ്ചിലേ ഭാരം ഇറക്കി വെച്ച പോലെ അവൾ ആശ്വസിച്ചു.

“”ഇങ്ങനെയൊക്കെയേ കുട്ടികളെ കയ്യിലെടുക്കാൻ പറ്റൂ””. വേറൊരു സ്ത്രീ പറഞ്ഞു.

“”അല്ലൂ… അന്റെ നാലഞ്ചു കൂട്ടേർക്കല്ലാത്ത എല്ലാർക്കും കുഞ്ഞനിയന്മാരല്ലേ.. ഇപ്പൊ കണ്ടില്ലേ. അവർക്കൊക്കെ എന്ത് ഇഷ്ടാ അവരോട് “” ഫൈസൽ പറഞ്ഞു.

ആഖിൽ ഉമ്മച്ചീന്റെയും ഉപ്പച്ചീന്റെയും നടുവിൽ കിടക്കുകയാണ്.””എടാ…അനിയനായാലും അനിയത്തി ആയാലും ഞമ്മക്കെന്താല്ലേ .. ന്റെ കുട്ടിക്ക് ഇനി ഓനെ ഇഷ്ടാകും. കളിപ്പിക്കും..

അല്ലേടാ കള്ളാ””…ഷാഹിറ അവനെ ഇക്കിളി കൂട്ടി.അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് ഉമ്മച്ച്യേ കെട്ടിപിടിച്ചു ഉമ്മ വെച്ചു……ശുഭം….നന്ദി..

 

Leave a Reply

Your email address will not be published. Required fields are marked *