പന്ത്രണ്ട് വയസിൽ അമ്മ ആയവൾ… “” ഇന്ന് അവളുടെ മാതൃത്തിന്റെ ഒൻപതാം ദിവസം..”

(രചന: മിഴി മോഹന)

കൈയിൽ ഇരിക്കുന്ന പൊതി മകളുടെ നേരെ നീട്ടി അയാൾ ഒന്ന് മിണ്ടാതെ അകത്തേക്ക് കയറി പോകുമ്പോൾ അവൾ മെല്ലെ തല ഉയർത്തി നോക്കി…

അതിൽ പൊതിഞ്ഞ പഴം പൊരികളുടെ എണ്ണം അന്നും പതിവ് പോലെ അഞ്ചെണ്ണം…. അച്ഛനും അമ്മയ്ക്കും മൂന്നു മക്കൾക്കും വേണ്ടി എന്നും വാങ്ങുന്നത്…….

പക്ഷെ ഇന്ന് അതിൽ ഒരു പാതി പങ്കിടാൻ കൂടെ അമ്മ ഇല്ല … ചുവരിൽ ഒരു ചിത്രമായി മാറിയിട്ട് ദിവസങ്ങൾ മാത്രം..””” ആ കുഞ്ഞുങ്ങളുടെ കണ്ണുകൾ ചുവരിലേക്ക് നീളുമ്പോൾ അറിയാതെ തന്നെ അവരിൽ ഒരുവളുടെ മിഴി നീരിന്റെ ഉപ്പ് ആ പലഹാര പൊതിയിൽ പതിച്ചു…

അതെ പന്ത്രണ്ട് വയസിൽ അമ്മ ആയവൾ… “” ഇന്ന് അവളുടെ മാതൃത്തിന്റെ ഒൻപതാം ദിവസം..”

ചേച്ചി.. “” അപ്പാപ്പം.. “‘ താ..” താ..”’മുട്ട് കാലിൽ സ്പർശനം ഏൽക്കുമ്പോൾ പിടപ്പോടെ അവളുടെ കണ്ണുകൾ താഴേക്ക് നീണ്ടു..””

രണ്ടര വയസുകാരി കുഞ്ഞി പല്ല് കാണിച്ചു പലഹാരത്തിനു വേണ്ടി കൊതിയോടെ മുകളിലേക്കു നോക്കി നില്കുന്നു.. “”

ആഹ്ഹ.. “” ചേച്ചി അപ്പാപ്പം തരാട്ടോ..””””ഉള്ളിലെ നോവിനെ മറി കടന്നു ചിരിയോടെ പറയുമ്പോൾ അവളുടെ വാക്കുകളിൽ പക്വത നിറഞ്ഞു നിന്നിരുന്നു.. “”പന്ത്രണ്ട് വയസുകാരിയിൽ നിന്നും ഒരമ്മയുടെ പക്വതയിലേക്കുള്ള ദൂരം…..

ചേച്ചി കാപ്പി ഇല്ലേ … “”” എട്ടു വയസുകാരൻ അവളുടെ കൈയിൽ നിന്നും പലഹാരം എടുക്കുമ്പോൾ ചോദിച്ച ചോദ്യത്തിന് അവളുടെ കണ്ണുകൾ അടുക്കളയിലേക്ക് നീണ്ടു… “”

കാപ്പി.. “‘”അമ്മയ്ക്ക് ഒപ്പം സൊറ പറഞ്ഞിരുന്ന പാതകം…..പതുക്കെ അതിലൂടെ വിരലുകൾ ഓടിക്കുമ്പോൾ അമ്മ ഉണ്ടാക്കി തരുന്ന ചൂട് കാപ്പിയുടെ മണം മൂക്കിലേക്ക് ഓടി വന്നു…..

ഒരു പനി വന്നത് ആണ് അമ്മയ്ക്ക്…എല്ലാം നിമിഷ നേരം കൊണ്ട് തീരുമ്പോൾ അമ്മ എന്ന രണ്ട് അക്ഷരം കൊണ്ട് അനാഥമായ മൂന്ന് കുഞ്ഞുങ്ങൾ അച്ഛന്റെ തണലിലേക് ചേക്കേറി…. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാവരുടെയും മനസ് മൂകം ആണെങ്കിലും ആളും ആരവവും ആ വീട്ടിൽ ഉണ്ടായിരുന്നു….

മൂന്ന് കുഞ്ഞുങ്ങളെ സമാധാനിപ്പിക്കാനും അവർക്ക് ആഹാരം കൊണ്ട് തരാനും അവരെ കഴിപ്പിക്കാനും തിക്കും തിരക്കും കൂട്ടിയ ബന്ധുക്കൾ ഇന്നില്ല……എല്ലാവർക്കും അവരുടേതായ കാര്യങ്ങൾ…..

കുഞ്ഞുങ്ങൾ ഒരു ബാദ്യത ആകുമോ എന്നുള്ള പേടിയിൽ പല ബന്ധുക്കളിൽ നിന്നും മുറുമുറുപ്പുകൾ ഉയർന്നു പൊങ്ങുമ്പോൾ അച്ഛൻ തങ്ങളെ മൂന്ന് പേരെയും കെട്ടിപിടിച്ച് ആരും കാണാതെ കരഞ്ഞതോർക്കുന്നു…. ആർക്കും ബാദ്യത ആകില്ല എന്റെ മക്കൾ….ഞാൻ ഉണ്ട്‌ എന്റെ മക്കൾക്ക്‌ എന്ന് പറയാതെ പറഞ്ഞു ആ കണ്ണുകൾ…

ചുരുങ്ങിയ ദിവസങ്ങൾ ആണെങ്കിലും കൊണ്ട് വന്ന് തന്നിരുന്ന ആഹാരത്തിന്റെ കണക്ക് അയൽക്കാരിൽ നിന്നും കേട്ട് തുടങ്ങിയപ്പോൾ ആണ് തെക്കേ പുറത്തെ കനൽ ആറി തുടങ്ങിയില്ലങ്കിലും എന്നത്തേയും പോലെ ഇന്ന് മുതൽ അച്ഛൻ പണിക്ക് ഇറങ്ങിയത്..”

ഹ്ഹ..” കൈയിൽ ഇരുന്ന പൊതിയിലേക്കു പോയ അവളുടെ കണ്ണുകൾ തെക്കേ പുറത്തു കനൽ ആറി തുടങ്ങിയ മൺകൂനയിലേക്ക്‌ എത്തി നിൽകുമ്പോൾ ആ കുഞ്ഞി പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…

ചേച്ചി കാപ്പി..”””””” വീണ്ടും കുഞ്ഞനിയന്റെ ശബ്ദം ഉയരുമ്പോൾ ആണ് ഓർമ്മയിൽ നിന്നവൾ പുറത്തേക്ക് വന്നത്…കണ്ണുകൾ ഇറയത്തു കൂട്ടി വെച്ച കൊതുമ്പിന്റെ കെട്ടിലേക് പോയി….

പോകും മുൻപേ കരുതൽ എന്നോണം അമ്മ കെട്ടി വച്ചിരുന്ന കൊതുമ്പുകൾ വലിച്ചു ഊരി എടുത്തവൾ അടുക്കളയിലേക്ക് നടന്നു…. ഇനി എന്താണ് ചെയ്യണ്ടത് എന്ന് അറിയാതെ ചുറ്റും നോക്കി.. “”

അമ്മ കഴുകി കമഴ്ത്തി വച്ചിരിക്കുന്ന ചെറിയ കരി പിടിച്ച കാപ്പി പാത്രം അതിലേക്ക് വെള്ളം നിറയ്ക്കുമ്പോൾ അളവ് എത്ര വേണം എന്നുള്ള ആദ്യ സംശയം അവളിൽ ഉടലെടുത്തു കഴിഞ്ഞിരുന്നു….

ഇത്രെയും കാലം ഒന്നും അറിയാതെ അമ്മ ആറ്റി തന്നത് ആണെങ്കിലും ചെറു ചൂടുള്ളത്തിനെ ഊതി കുടിക്കുമ്പോൾ അളവുകൾ അവളിൽ സംശയം ഉണ്ടാക്കിയിരുന്നില്ല…. അമ്മ ഉണ്ടല്ലോ എല്ലാത്തിനും….

തീപ്പെട്ടി കൊള്ളി ഉരച്ചും മറിച്ചും കത്തിച്ച് അടുപ്പിൽ ഇട്ടിട്ടും എന്താണ് അത് കത്താത്തത് എന്നുള്ള സംശയം ആയിരുന്നു വീണ്ടും അവൾക്ക്‌…

എത്ര നേരം ആയി ചേച്ചി കാപ്പി ചോദിക്കുന്നു…. “”എന്റെ പഴം പൊരി തീർന്നു എനിക്ക് ഇനി കാപ്പി വേണ്ട..”” കൈ കഴുകി പിണക്കത്തോടെ അനിയൻ ഇറങ്ങി ഓടുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..

ഇത് പോലെ ഈ വാക്കുകൾ എത്രയോ പ്രാവശ്യം താൻ ഉന്നയിച്ചിരിക്കുന്നു… എത്രയോ പ്രാവശ്യം വേണ്ട എന്ന് പറഞ്ഞു പിണങ്ങി ഓടിയിരിക്കുന്നു… അന്ന് പുറകെ ഓടി വരുമ്പോൾ അമ്മയും ഇത് പോലെ കരഞ്ഞു കാണുവോ… “”

കാണും.. “” എന്നും സങ്കടങ്ങൾ ഒളിപ്പിക്കാൻ വിദഗ്ധ ആയിരുന്നു എന്റെ അമ്മ….. “”എന്താ മോളെ ഈ കാണിക്കുന്നത്..”

തീപ്പെട്ടി കൊള്ളി ഉരച്ച് ഇട്ടിട്ട് അതിനു മുകളിൽ ഊതി പൊടി പടർത്തി അവൾ ചുമയ്ക്കുമ്പോൾ ആണ് കുളി കഴിഞ്ഞയാൾ അങ്ങോട്ട് വരുന്നത്..”

അപ്പൂന് കാപ്പി വേണം എന്ന് പറഞ്ഞച്ഛ.. “” പക്ഷെ ഇത് കത്തുന്നില്ല അമ്മ കത്തിച്ചാലെ കത്തുള്ളോ..? നിഷ്കളങ്കമായി അവൾ ചോദിക്കുമ്പോൾ അയാൾ നേർത്ത ചിരിയോടെ ഒരു കുഞ്ഞ് പേപ്പറിൽ തീപ്പെട്ടി ഉരച്ച് കൊതുമ്പിലേക്ക് തീപടർത്തി… അമ്മയ്ക്ക് പകരം അച്ഛനിൽ നിന്നും ആദ്യതെ പാഠം പഠിച്ചവൾ……

പിന്നെ അങ്ങോട്ട് ഓരോ പാഠവും അയാൾ ചൊല്ലി കൊടുക്കുമ്പോൾ മറുത്ത് ഒന്നും പറഞ്ഞില്ല അവൾ… പന്ത്രണ്ടാം വയസിൽ അമ്മ എന്ന സ്ഥാനത്തേക്ക് ഉയർന്നവളുടെ പക്വത അവളിൽ നിറഞ്ഞു നിന്നു……

അച്ഛന് ഒപ്പം രാവിലെകളിൽ അവളും പ്രഭാതം കണ്ടുണർന്നു..അടുക്കളയിൽ കിന്നാരം ചൊല്ലി അവൾ കറി കൂട്ടുകളും അളവുകളും മനസിലാക്കിയത് പെട്ടന്ന് ആയിരുന്നു…….

വീണ്ടും മറവി ഒരു അനുഗ്രഹം ആകുമ്പോൾ പഴയത് പോലെ സ്കൂളിലേക്ക്‌ പോകാൻ സമയം ആയി അവർക്കും… “” ആ നിമിഷം രണ്ടര വയസുകാരി കണ്മണി ഒരു ചോദ്യചിഹ്നം ആകുമ്പോൾ അപ്പുറത്തെ വീട്ടിലെ സുഷമ ചേച്ചി ഒരു അനുഗ്രഹമായി തീർന്നു അവർക്ക്……

പക്ഷെ ഒന്നോ രണ്ടോ ദിവസം അല്ലങ്കിൽ ഒരു ആഴ്ച്ച നോക്കുന്നത് പോലെ അല്ലാലോ…..” അവരിൽ നിന്നും മുഷിപ്പ് വന്ന് തുടങ്ങുന്നത് അവർ അറിഞ്ഞു തുടങ്ങിയിരുന്നു…

ഗോപാ എന്നും കുഞ്ഞിനെ നോക്കാൻ ഞങ്ങള്ക് കഴിയില്ല എങ്ങോട്ട് എങ്കിലും ഒന്ന് മനസുറച്ചു പോകാൻ പറ്റുവോ.. “” സുഷമ ചേച്ചിയുടെ അടുക്കൽ നിന്നും കുഞ്ഞിനെ മേടിക്കാനായി ചെന്നവൾ കീറി തുടങ്ങിയ സ്കൂൾ ബാഗ് നെഞ്ചിലേക് ചേർത്ത് അച്ഛനെ നോക്കി…

അത് സുഷമ ചേച്ചി പിള്ളേരു സ്കൂളിലും പോയി ഞാൻ പണിക്കും പോയി കഴിഞ്ഞാൽ പിന്നെ കുഞ്ഞിന്റെ കാര്യം അവതാളത്തിൽ ആകും..ഞാൻ അമ്മായിയോട് പറഞ്ഞിട്ടുണ്ട് കുറച്ചു ദിവസം വന്ന് നിക്കാൻ അമ്മായി വരും വരെ മാത്രം മതി.. “””

അല്പം ജാള്യതയോടെ അച്ഛൻ കണ്മണിയേ അവരിൽ നിന്നും വാങ്ങുമ്പോൾ തൊട്ട് അപ്പുറത്തെ പുതിയ അംഗണവാടിയിലെ ടീച്ചർ കതക് പൂട്ടി ചാവി സുഷമ ചേച്ചിടെ കൈയിൽ കൊടുത്തു… ഒപ്പം ചിരിയോടെ
ഒരു പൊതി ഉപ്പുമാവ് കണ്മണിക്ക്‌ നേരെ നീട്ടി.. “”

ഒരു ചിരി മാത്രം ആ ടീച്ചർക്ക് നൽകി പോകുമ്പോൾ അവളുടെ കണ്ണുകൾ അവരെ തിരിഞ്ഞോന്നു നോക്കി…..

അല്ലെ.. “” എനിക്ക് അവിടെ എന്റെ പിള്ളേരുടെ കാര്യം നോക്കണ്ടേ….. ശ്യാമിന്റെ കൊച്ചിന് വയസ് ഒന്ന് കഴിഞ്ഞതേ ഉള്ളു അവൾക് പിന്നെ പള്ളയിൽ ഉണ്ട്‌… അത് കളഞ്ഞിട്ട് ഇവിടെ

വന്ന് ഇതിനെ നോക്കാൻ പറ്റുവോ എനിക്ക്.. “”അമ്മായി താടിക്ക് കൈ കൊടുത്ത് കൊണ്ട് അച്ഛനെ നോക്കുമ്പോൾ അവര്ക് നേരെ ഒരു ഗ്ലാസ് ചൂട് കാപ്പി നീട്ടി അവൾ…

ആഹാ പെണ്ണ് ചായയും കാപ്പിയുമൊക്കെ ഇടാൻ പഠിച്ചല്ലോ.. ആ തള്ളയില്ലാതെ വരുമ്പോൾ അല്ലങ്കിലും എല്ലാം തനിയെ പഠിച്ചോളും….”” അവർ കാപ്പി ചുണ്ടോട് അടുപ്പിക്കുമ്പോൾ ഗോപൻ മടിയിൽ ഇരിക്കുന്ന കുഞ്ഞിന്റെ തലയിൽ തലോടി അവരെ ദയനീയമായി നോക്കി..

അപ്പച്ചി അധികം നാൾ ഒന്നും വേണ്ട കണ്മണിയെ സ്കൂളിൽ വിട്ടു തുടങ്ങും വരെ ഒരു കൈ താങ് അത് മതി.. “”അത് കഴിഞ്ഞു അമ്മു അവളെയും കൊണ്ട് സ്കൂളിൽ പൊയ്ക്കോളും…

നല്ല കാപ്പി..”” അവർ അയാൾ പറയുന്നത് ശ്രദ്ധിക്കാതെ കാപ്പി രുചിയോടെ കുടിച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി…

പെൺപിള്ളേർക്ക്‌ പഠിപ്പ് വേണം എന്ന് വല്യ നിർബന്ധം ഒന്നും ഇല്ല എന്റെ ഗോപാ.. “” അല്ലങ്കിൽ തന്നെ ഏതെങ്കിലും ഒരുത്തന്റെ കൂടെ പറഞ്ഞു വിടാൻ ഉള്ളത് അല്ലെ… ഇവള് ദേ നല്ല പോലെ വെച്ച് വിളമ്പാനും ഒക്കെ പഠിച്ചു.. അതൊക്കെ മതി… ഇനി ഇപ്പോ പള്ളികൂടത്തിൽ വിട്ടു പണം ഒന്നും കളയണ്ട….

നിനക്ക് ഇളയ കൊച്ചിന്റെ കാര്യത്തിൽ ഒരു സമാധാനവും ആകും ഇവൾ ഉണ്ടല്ലോ നോക്കാൻ.. “”””

അമ്മായിയുടെ വാക്കുകൾ കേൾക്കുമ്പോൾ കൈയിൽ അവർ കുടിച്ചിട്ട് കൊടുത്ത ഗ്ലാസ് ആ കൊച്ച് പെണ്ണിന്റെ കൈയിൽ ഇരുന്നു ഞെരിഞ്ഞമർന്നു…..

മോളെ കണ്ടിട്ട് കുറെ ആയല്ലോ… ഇപ്പോ എന്തെ സ്കൂളിൽ പോകുന്നില്ലേ വയ്യാഴകാ വല്ലോം ഉണ്ടോ..” അംഗനവാടിയലെ ടീച്ചർ അയാളെ കണ്ടതും ബാഗും തൂക്കി അയാൾക് ഒപ്പം നിൽക്കുന്നവന്റെ തലയിൽ മെല്ലെ തലോടി…

അത്… അത് ടീച്ചരെ അവളുടെ പഠിപ്പ് നിർത്തി..”പഠിപ്പ് നിർത്തിയെന്നോ..'””ഇയാൾ എന്തൊക്കെയാ ഈ പറയുന്നത്…അല്ലങ്കിലും അങ്ങനെ ആണല്ലോ കൈയിൽ പണം ഇല്ലങ്കിൽ പെണ്മക്കളെ ആണല്ലോ ആദ്യം തഴയുന്നത്..” അവരുടെ മുഖത്ത് പുച്ഛം നിറയുമ്പോൾ അയാൾ തല മെല്ലെ കുലുക്കി..

ഇല്ല ടീച്ചറെ ഒരിക്കലും ഇല്ല… വീട് വിറ്റ് ആയാലും എന്റെ മക്കളെ പഠിപ്പിക്കാൻ ഞാൻ തയ്യാർ ആണ്… പക്ഷെ ഇളയ കുട്ടിയെ നോക്കാൻ ആരും ഇല്ല ബന്ധുക്കൾ പോലും കൈ ഒഴിഞ്ഞു… അയൽക്കാർ പണ്ടേ കൈ ഒഴിഞ്ഞു…

എനിക്ക് അതിനെ നോക്കി ഇരിക്കാൻ പറ്റുവോ പണിക്ക് പോയില്ലങ്കിൽ മൂന്ന് പിള്ളേർ പട്ടിണി കിടക്കും അതിലും ഭേദം എന്റെ മോളുടെ കണ്ണുനീർ കണ്ടില്ലെന്ന് നടിക്കുന്നത് ആണെന്ന് തോന്നി….ഹ്ഹ.. “” അവളുടെ വിധി…

മ്മ്ഹ്ഹ്.. വിധി.. “” എടോ തനിക്ക് തന്റെ മോളുടെ കഴിവ് എന്താണെന്ന് അറിയുവോ..'” ഞാൻ ആദ്യമായി അവളെ കാണുന്നത് അന്ന് ഇവിടെ വെച്ച് അല്ല അവളുടെ സ്കൂളിൽ വെച്ച് ആണ്…. താലൂക്കിലെ എല്ലാ അംഗനവാടി ടീചേർസും ഗവണ്മെന്റ് ടീച്ചേർസ് ചേർന്ന് ഒരു പ്രോഗ്രാം കല്ലെക്ടർ സംഘടിപ്പിച്ചു…

അന്ന് ഓരോ സ്കൂളിലെ മിടുക്കർ ആയ കുട്ടികൾക്ക്‌ ട്രോഫികൾ നൽകുമ്പോൾ ഓവറോൾ ചാമ്പിയൻഷിപ്പ് മേടിച്ചൊരു കൊച്ച്…

“” കിട്ടിയ ട്രോഫി ഭദ്ര മായി ബാഗിൽ വെച്ചവൾ സദസിനെ അഭിസംബോധന ചെയ്യുമ്പോൾ ജില്ല കളക്ടർ പോലും അവളെ എഴുനേറ്റ് നിന്നു കൈ അടിച്ചു.. ഭാവിയുടെ വാഗ്ദാനം എന്ന് പറഞ്ഞു.. “” ആ കുഞ്ഞിനെ ആണോ താൻ.. “” അവരുടെ കണ്ണ് നിറയുമ്പോൾ അവരുടെ മുൻപിൽ അയാൾ പൊട്ടി കരഞ്ഞു പോയിരുന്നു….

സാരമില്ല വിഷമിപ്പിക്കാൻ പറഞ്ഞത് അല്ല..” തനിക്ക് പക്ഷെ എന്നോട് ഒരു വാക്ക് ചോദിക്കാക്കാമായിരുന്നു.. ഞാൻ അംഗന വാടിയും തുറന്ന് ഇരിക്കുന്നത് ചുമ്മാതല്ലാ… നാളെ മുതൽ കുഞ്ഞിനെ അവിടെ കൊണ്ട് വിട്ട് കൊള്ളു.. “” ഞാൻ കുറച്ചു സമയം കൂടുതൽ ഇരിക്കണം എന്നല്ലേ ഉള്ളു…

ഹഹ… “”” ഭാവിയുടെ വാഗ്ദാനത്തിനു വേണ്ടി അത്രേയെങ്കിലും ചെയ്തില്ലങ്കിൽ പിന്നെ അധ്യാപിക എന്ന എന്റെ സ്ഥാനത്തിനു എന്ത്‌ അർത്ഥം ആണ് ഉള്ളത്..”””

അവരുടെ ആ വാക്കുകൾ മാത്രം മതി ആയിരുന്നു അവർക്ക് മുൻപിൽ അയാളുടെ ഇരു കൈകളും കൂപ്പാൻ…

ഇവിടെ എവിടെയോ ആണെന്ന് തോന്നുന്നു മേടം.. “‘ ആ ഇത് തന്നെ വീട്..”” ഒരു ചെറിയ വാർത്ത കെട്ടിടത്തിന് മുൻപിൽ സബ് കല്ലെക്ടറിന്റെ കാർ നിർത്തുമ്പോൾ അതിൽ നിന്നും ആകാംഷയോടെ ആവേശത്തോടെ അവൾ ഇറങ്ങി….

“””സബ് കളക്ടർ ഗൗരിപാർവതി….””””ആരാ ശ്രീകുട്ടി ആണോ മോളെ…. പുറത്തേക്ക് വന്ന സ്ത്രീ കണ്ണ് പിടിക്കാതെ നോക്കുമ്പോൾ അവളുടെ കണ്ണുകൾ അവരെ അടിമുടി നോക്കി…

പ്രായത്തെ രോഗം കാർന്നു തിന്നു തുടങ്ങിയ ശരീരം.. “”അത് ശ്രീക്കുട്ടി ഒന്നും അല്ല ഇവിടുത്തെ പുതിയ കളക്ടർ ആണ്.. “” വേറെ ഏതോ സ്ത്രീ മറുപടി പറഞ്ഞു കൊണ്ട് അവളെ നോക്കി…

മാടം അകത്തു വന്നിരിക്കണം…”” വരും എന്ന് പഞ്ചായത്ത് പ്രസിഡണ്ട്‌ വിളിച്ചു പറഞ്ഞിരുന്നു… “”ടീച്ചർ.. “” അവളുടെ നോട്ടം ആ സ്ത്രീയിൽ മാത്രം ആയി ഒതുങ്ങി..

എന്ത് പറയാൻ ആണ് ആകെ ഉള്ള മോള് ചത്തു പോയെ പിന്നെ ഇങ്ങനെയാ ഓർമ്മ ഒന്നും ഇല്ല.. “” ആരെങ്കിലും എന്തെങ്കിലും കൊണ്ട് കൊടുത്താൽ കഴിക്കും പിന്നെ അത് അളിച്ചു വാരി ചുവരിൽ തേക്കും.. “”

കണ്ണ് വെട്ടിയാൽ ഇറങ്ങി പോകും.. അത് കൊണ്ട് ഇതിന് അകത്തു ഇട്ടു പൂട്ടും ഞാൻ.. “” ഇടയ്ക്ക് വന്ന് നോക്കും ചത്തോ ഇല്ലയോ എന്ന് അറിയണ്ടേ..” അവർ പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

ടീച്ചറിന് ഓർമ്മ ഉണ്ടോ എന്റെ മോളെ.. “”ആ പഴയ ഭാവിയുടെവാഗ്ദാനം..”” അവൾക്ക്‌ ഒപ്പം വന്ന ഗോപൻ അകത്തേക്ക് കയറുമ്പോൾ അവർ വീണ്ടും തല ഉയർത്തി നോക്കി..ശ്രീക്കുട്ടി ആണോടി.. “””

ഞാൻ കൊണ്ട് പോകുവാ ടീച്ചറിനെ.. ” പഞ്ചായത്തിൽ അറിയിച്ചിട്ടുണ്ട് വേണ്ട നടപടികൾ അവർ നോക്കി കൊള്ളും ഈ വീട് പൂട്ടി താക്കോൽ നിങ്ങൾ പ്രസിഡണ്ട്‌നെ ഏൽപ്പിച്ചാൽ മതി.. “‘ അവൾ പതുക്കെ എഴുനേറ്റ് വന്നവരെ പിടിക്കുമ്പോൾ മുഖം ഉയർത്തി അവർ…

ശ്രീക്കുട്ടി ആണോടി..”””അതെ.. അമ്മയുടെ ശ്രീകുട്ടിയാ ഞാൻ..'”അച്ഛാ.. “” മകൾ ആകാൻ ജന്മം തരണം എന്നില്ല.. ജീവിതം തന്നാലും മതി.. “” എനിക്ക് ജീവിതം തന്നത് ഈ അമ്മയാണ്.. ഇനി മുതൽ എന്റെ കൂടെ കാണും ഈ അമ്മ.. ”

ആ മകളുടെ വക്കുകൾക് മുൻപിൽ ഒരിക്കൽ കൂടി ആ അച്ഛന്റെ കൈകൾ ഉയർന്നു….. “”

Leave a Reply

Your email address will not be published. Required fields are marked *