ആ ചെറുക്കന്റെ കുറെ പൈസ കളയാം എന്നല്ലാതെ ഒരു ഉപയോഗവും ഇല്ലന്നെ, അവള് പ്രസവിക്കാൻ ഒന്നും പോണില്ല, എവിടുന്നേലും ഒരു അനാഥ

പെറാത്തവൾ
(രചന: ശ്യാം കല്ലുകുഴിയിൽ)

അനിയന്റെ ഭാര്യ ദിവ്യ ഗർഭിണി ആണെന്ന് ഗീത വിളിച്ചു പറഞ്ഞപ്പോൾ ഒരേ സമയം ഉള്ളിൽ സന്തോഷവും ഒരു നൊമ്പരവും ഉണ്ടായി…

“ശരിയടി ഞാൻ പിന്നെ വിളിക്കാം, ഒന്ന് രണ്ട് വണ്ടി അത്യാവശ്യമായി കൊടുക്കാൻ ഉണ്ട്….”

അത് പറഞ്ഞ് കാൾ കട്ട് ചെയ്ത് വീണ്ടും വണ്ടിക്ക് അടിയിലേക്ക് നിരങ്ങി കയറുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആയിരുന്നു.

അനിയന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ടു വർഷം ആകുന്നേയുള്ളൂ, ഏഴ് വർഷം കഴിഞ്ഞിട്ടും ഞങ്ങൾക്ക് ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം ദൈവം തന്നില്ല…..

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ കവലയിൽ നിന്ന് കുറച്ച് ലഡു വാങ്ങിയിരുന്നു. മുറ്റത്ത് കിടക്കുന്ന കാർ കണ്ടപ്പോൾ തന്നെ ദിവ്യയുടെ അച്ഛനും അമ്മയും വന്നിട്ടുണ്ട് എന്ന് മനസ്സിലായി…

ഹാളിലേക്ക് കയറുമ്പോൾ സെറ്റിയിൽ ദിവ്യയ്ക്ക് ഇരു വശത്തുമായി അവളുടെ അച്ഛനും അമ്മയും ഇരിപ്പുണ്ട്, അൽപ്പം മാറി കസേരയിൽ അമ്മയും അനിയനും ഇരിപ്പുണ്ട്, അവർക്ക് മുന്നിലായി വല്യ ഒരു കേക്ക് മുറിച്ചു വച്ചിരിക്കുന്നു….

” ആ ചേട്ടാ….”എന്നെ കണ്ടപ്പോഴേക്കും ദിവ്യ കേക്കിൽ നിന്ന് ഒരു കക്ഷണം മുറിച്ച് അതുമായി അരികിലേക്ക് വന്നു,

അവരുടെ സന്തോഷത്തിന് മുൻപിൽ ഞാൻ വാങ്ങിയ ലഡു ചെറുതായി പോകുമെന്നുള്ള ചിന്ത കൊണ്ടാണ് ആരും കാണാതെ ആ ലഡു പിന്നിലേക്ക് മറച്ചു പിടിച്ചത്….

“ചിലവ് ഇത്‌ കൊണ്ടൊന്നും നിൽക്കില്ല കേട്ടോ…”ദിവ്യയുടെ കയ്യിൽ നിന്ന് കേക്ക് വാങ്ങി കഴിച്ചു കൊണ്ട്‌ അനിയന്റെ മുഖത്ത് നോക്കി പറയുമ്പോൾ അവന്റെ അരികിൽ ഇരുന്ന അമ്മയുടെ മുഖത്ത്‌ വല്യ സന്തോഷം ഒന്നും ഇല്ലാതിരുന്നത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു…

” ഞാൻ പോയൊന്ന് കുളിച്ചു വരാം…”അത് പറഞ്ഞ് അകത്തേക്ക് കയറുമ്പോൾ കണ്ണുകൾ ഗീതയെ തിരഞ്ഞെങ്കിലും അവിടെയൊന്നും കണ്ടില്ല, മുറിയിൽ കയറി കൊണ്ട് വന്ന ലഡു മേശപ്പുറത്തേക്ക് വച്ചു,

ഡ്രെസ്സ് മാറി അടുക്കളയിലേക്ക് ചെല്ലുമ്പോൾ ഗീത അടുക്കളയിൽ എന്തൊക്കെയോ ജോലി തിരക്കിൽ ആണ്…

” ന്റെ കെട്ടിയോള് ഇന്ന് തനിച്ച് അണല്ലോ അങ്കം…”ചിരിച്ചുകൊണ്ട് അതും പറഞ്ഞ് ഗീതയുടെ അരികിൽ ചെല്ലുമ്പോൾ മറുപടി ഒരു ചിരി സമ്മാനിച്ചു കൊണ്ടവൾ വീണ്ടും ചപ്പാത്തി പരത്താൻ തടങ്ങി…

“ഇങ്ങെടുക്ക് ഞാൻ കുറച്ച് പരത്തി തരാം…” അത് പറഞ്ഞ് ഗീതയുടെ കയ്യിൽ നിന്ന് ചപ്പാത്തി കോല് വാങ്ങി….

” വേണ്ട ഞാൻ ചെയ്തോളാം ഏട്ടൻ പോയി കുളിച്ചു വാ…”” കെട്ടിയോൾ ഒറ്റയ്ക്ക് ഇങ്ങനെ കഷ്ടപ്പെടുമ്പോൾ സ്നേഹമുള്ള കെട്ടിയൊന് അതും നോക്കി നിൽക്കാൻ പറ്റുമോ…”

അത് പറയുമ്പോൾ പതിവ് മറുപടി ഒന്നും ഇല്ലാതെ അവൾ ചിരിച്ചുകൊണ്ട് ചപ്പാത്തി കല്ലിൽ ചപ്പാത്തി മറിച്ചിടുന്നത് കണ്ടപ്പോൾ ആളിന്റെ മനസ്സ് ശരിയല്ലെന്ന് തോന്നി…

“നി കുളിക്കാൻ പോയില്ലേ അവരൊക്കെ ഇപ്പോൾ പോകും….” അമ്മ അത് പറഞ്ഞാണ് അടുക്കളയിലേക്ക് വന്നത്…”എന്തായി മോളെ അവർ കഴിച്ചിട്ട് പോകാൻ നിൽക്കുകയാണ്….”

അത് പറഞ്ഞമ്മ ഗീതയുടെ അടുക്കലേക്ക് നിന്ന് അടുപ്പിൽ തിളയ്ക്കുന്ന കറി അല്പം കൈ വെള്ളയിലേക്ക് ഇറ്റിച്ച് രുചിച്ചു നോക്കി…”ഇപ്പോൾ കഴിയും അമ്മ…”

അത് പറഞ്ഞ് ഗീത കഴിക്കാനുള്ള പ്ളേറ്റുകൾ കഴികി തുടങ്ങിയപ്പോഴണ് ഞാൻ കുളിക്കാനായി എഴുന്നേറ്റ് പോയത്.

കുളി കഴിഞ്ഞ് വന്നപ്പോഴേക്കും എല്ലാവരും കഴിച്ചു പകുതിയായി കഴിഞ്ഞിരുന്നു, മേശയ്ക്ക് ചുറ്റും ഇരിക്കുന്നവർക്ക് ഗീത വിളമ്പി കൊടുക്കുന്നുമുണ്ട്…

“ഞങ്ങൾ അങ്ങു തുടങ്ങി, ഒരുപാട് വൈകി ഇനി അങ്ങുവരെ പോണ്ടേ….”ദിവ്യയുടെ അച്ഛൻ കോഴിയുടെ ഒരു പീസ് കടിച്ചു കൊണ്ടാണ് അത് പറഞ്ഞത്…”ആ അതിനെന്താ….”

ചിരിച്ചുകൊണ്ട് അത് പറഞ്ഞാണ് ഞാൻ കഴിക്കാൻ ഇരുന്നത്, എന്റെ പ്ളേറ്റിലേക്ക് മൂന്ന് ചപ്പാത്തി ഇട്ടു കൊണ്ട് ഗീത അതിലേക്ക് കറി വിളമ്പുമ്പോൾ പാത്രത്തിൽ ബാക്കി ഒരു ചപ്പാത്തിയെ ഉണ്ടായിരുന്നുള്ളു….”എനിക്ക് രണ്ടെണ്ണം മതി വിശപ്പില്ല…”

എന്റെ പ്ളേറ്റിൽ നിന്ന് ഒരു ചപ്പാത്തി തിരിച്ച് ഇട്ടുകൊണ്ടാണ് അത് പറഞ്ഞത്. അല്ലെ ഇത്രയും ജോലി എടുത്തിട്ട് ഒരു ചപ്പാത്തി മാത്രേ ആ പാവം കഴിക്കുള്ളൂ…” എന്നാ മോള് പോയി കിടന്നോ, ഞാനും കിടക്കട്ടെ….”

എല്ലാവരും പോയി കഴിഞ്ഞപ്പോൾ ദിവ്യയോട് അതും പറഞ്ഞ് അമ്മ കിടക്കാൻ പോയി, അതിന് പുറകെ അനിയനും ഭാര്യയും മുറിയിൽ കയറി വാതിൽ അടച്ചു. അപ്പോഴും ഗീത അടുക്കളയിൽ കഴിച്ച പാത്രങ്ങൾ കഴുകുന്ന തിരക്കിൽ ആയിരുന്നു….

” ഇനിയിപ്പോ കുറെ ദിവസം താൻ തനിച്ചാകുമല്ലോ അടുക്കളയിൽ…”അത് പറഞ്ഞാണ് ഞാൻ അടുക്കളയിലേക്ക് ചെന്നത്…” അത് സരമില്ല…”

ഒഴുക്കൻ മട്ടിൽ അവൾ അത് പറഞ്ഞ് അവളുടെ ജോലി തുടർന്ന് കൊണ്ടേയിരുന്നു…

” എന്താടോ ഒരു മൂഡ് ഓഫ് ഞാൻ വന്നപ്പോഴേ ശ്രദ്ധിക്കുന്നു…”പിന്നിലൂടെ അവളെ ചേർത്ത് പിടിച്ചാണ് അത് ചോദിച്ചത്…

” എനിക്ക് മൂഡ് ഓഫ് ഒന്നുമില്ല, നിന്ന് ശ്രിംകരിക്കാതെ ഈ പാത്രം ഒന്ന് കഴുകാൻ സഹായിക്ക്….”

അവൾ എന്നെ തട്ടി മാറ്റി പറയുമ്പോൾ അവൾ സോപ് തേച്ച് വച്ചിരുന്ന പാത്രങ്ങൾ ഞാൻ കഴുകി അടുക്കി വച്ചു…” പോയി കിടന്നോ ഞാൻ ഇവിടെ തൂത്ത് വൃത്തിയാക്കിയിട്ട് വരാം…”

അവൾ അത് പറയുമ്പോൾ ഞാൻ മുറിയിലേക്ക് നടന്നു. പിന്നെയും പത്ത് പതിനഞ്ച് മിന്നിറ്റ് കഴിഞ്ഞാണ് അവൾ മുറിയിലേക്ക് വന്നത്….” ഇതെന്താ ഇവിടെ ഒരു പൊതി…”

കണ്ണാടിക്ക് മുൻപിൽ നിന്ന് മുടി ചീകി കെട്ടുമ്പോൾ ആണ് മേശപ്പുറത്ത് ഇരിക്കുന്ന പൊതി അവൾ കണ്ടത്. അത് അഴിച്ച് നോക്കിയിട്ട് നടുവിന് കയ്യും തങ്ങി അവൾ അൽപ്പനേരം എന്നെയും നോക്കി നിന്നു…

“എന്റെ പൊന്ന് ഏട്ടാ ലഡു ഒക്കെ ഔട്ട് ഓഫ് ഫാഷൻ ആയത് അറിഞ്ഞില്ലേ, ഇപ്പോൾ എല്ലാത്തിനും കേക്ക് ആണ് കട്ട് ചെയ്യുന്നേ….” അത് പറഞ്ഞവൾ വായ് പൊത്തി ചിരിച്ചപ്പോൾ ഞാൻ ഒന്നും മിണ്ടാതെ കിടന്നു….

” ദാ കഴിക്ക്….” അതിൽ നിന്ന് ഒരു ലഡു എടുത്ത് അവൾ എനിക്ക് നേരെ നീട്ടി…” ഓ എനിക് വേണ്ട…”” പിന്നെ വാങ്ങിയിട്ട് കളയാനോ…”

അത് പറഞ്ഞ് ഒരു ലഡു പകുതി കടിച്ചെടുത്തിട്ട് ബാക്കി അവൾ എന്റെ വായിലേക്ക് വച്ചു തന്നു..

” ഞാനിത് അടുക്കളയിൽ കൊണ്ട് വച്ചിട്ട് വരാം അല്ലെ ഇവിടെ മൊത്തം ഉറുമ്പ് കയറും…”

ബാക്കി ലഡു അടുക്കളയിൽ കൊണ്ട് വച്ച് തിരികെ മുറിയിൽ വന്ന് ലൈറ്റ് അണച്ച് അവളും കിടന്നു…

” നീ ഉറങ്ങിയോ…” ഏറെ നേരം കഴിഞ്ഞാണ് ഞാൻ അവളോട് ചോദിച്ചത്…” ഇല്ല…..” അവളുടെ ശബ്ദം നേർത്തത് ആയിരുന്നു…

” എന്താ നിനക്ക് ഒരു വിഷമം…” അവൾക്കരികിലേക്ക് ചരിഞ്ഞ് കിടന്ന് അവളുടെ മുടിയിൽ തഴുകി കൊണ്ടാണ് ചോദിച്ചത്…” നമുക്കെന്താ ദൈവം ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം തരാത്തെ….”

അത് പറയുമ്പോൾ അവൾ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു. അവളുടെ ചോദ്യത്തിന് എനിക്കും മറുപടി ഒന്നും ഇല്ലായിരുന്നു, ഒന്നും മിണ്ടാതെ അവളെ ചേർത്ത് പിടിക്കുമ്പോൾ അവളുടെ കണ്ണുനീർ എന്നെയും പൊള്ളിച്ചിരിന്നു…

പിന്നെയുള്ള ദിവസങ്ങളിൽ അമ്മ ദിവ്യയെ കൂടുതൽ സ്നേഹിക്കുന്നതും ഗീതയോട് ഒരു വേലക്കാരിയെ പോലെ പെരുമാറുന്നത് പലപ്പോഴും ഞാൻ ശ്രദ്ധിച്ചിരുന്നു,

എന്നാൽ അവൾ ആരോടും പരിഭവം കാണിക്കാതെ ചിരിക്കുന്ന മുഖവുമായി തന്നെയാണ് നിന്നതും…

” ആ ചെറുക്കന്റെ കുറെ പൈസ കളയാം എന്നല്ലാതെ ഒരു ഉപയോഗവും ഇല്ലന്നെ, അവള് പ്രസവിക്കാൻ ഒന്നും പോണില്ല, എവിടുന്നേലും ഒരു അനാഥ കൊച്ചിനെ ദത്ത് എടുക്കാൻ പറഞ്ഞാൽ അവളോട്ട് സമ്മതിക്കുകയും ഇല്ല…”

ദിവ്യയെ കാണാൻ വന്ന ഏതോ ബന്ധുക്കളോട് അമ്മ അത് പറയുന്നതും കെട്ടാണ് ഒരു ദിവസം വീട്ടിലേക്ക് കയറി വന്നത്…

” നി എന്നെ നോക്കി പേടിപ്പിക്കുക ഒന്നും വേണ്ട, ഞാൻ പറഞ്ഞത് സത്യം അല്ലെ, പ്രസവിക്കാൻ ആയിരുന്നേൽ അവൾ എന്നെ പ്രസവിച്ചേനെ….”

വാതിലിൽ അമ്മയെ തന്നെ നോക്കി നിൽക്കുമ്പോൾ എന്തോ വാശിയെന്ന പോലെ അമ്മ വീണ്ടും അത് എന്നോട് പറഞ്ഞു,

തിരിച്ച് പലതും പറയാൻ നാവ് പൊന്തിയെങ്കിലും ഒരു പ്രശ്നം ഉണ്ടാക്കേണ്ട എന്ന് അടുക്കള വാതിൽക്കൽ നിന്ന് ഗീത കണ്ണ് കൊണ്ട് പറയുന്നുണ്ടായിരുന്നു….

പിന്നെ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് ചെല്ലുമ്പോൾ ഗീത ഞാൻ കാണാതെ കണ്ണുകൾ തുടയ്ക്കാൻ ശ്രമിക്കുന്നത് ഞാൻ കണ്ടിരുന്നു,

ഒരുപക്ഷേ അപ്പോൾ ഞാൻ എന്തേലും ചോദിച്ചാൽ അവൾ ചിലപ്പോൾ നിയന്ത്രണം വിട്ട് കരഞ്ഞു പോകും എന്നുള്ളത് കൊണ്ട് ഒന്നും സംസാരിക്കാതെയാണ് മുറിയിലേക്ക് പോയത്….

” എന്നാ നമുക്ക് ഒരു കുഞ്ഞിനെ ദത്ത് എടുത്താലോ…” ഉറങ്ങാൻ കിടക്കുമ്പോഴാണ് ഗീത അത് പറയുന്നത്. ഞാൻ ഒന്നും മിണ്ടാതെ അവളുടെ മുഖത്ത് നോക്കി കിടന്നു…

” ഇപ്പോൾ തന്നെ ഒരുപാട് പൈസ ആയില്ലേ, ഉണ്ടാക്കിയ സമ്പാദ്യം മുഴുവൻ ആശുപത്രിയിൽ കൊടുത്ത് തീർന്നു, ഞാൻ കാരണം നഷ്ടങ്ങൾ മത്രേയുള്ളൂ…”

അതു പറഞ്ഞു തീരും മുന്നേ അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി തുടങ്ങിയിരുന്നു….

” ആ നഷ്ടം നമുക്ക് വേണ്ടി അല്ലെ, നമ്മുടെ സന്തോഷത്തിനല്ലേ അപ്പൊ സാരമില്ല…”ഞാനത് പറയുമ്പോൾ അവൾ ഒന്നും മിണ്ടാതെ കിടന്നതെയുള്ളൂ…

” ഞാൻ അതല്ല ആലോചിക്കുന്നത് നമുക്ക് ഒരു വാടക വീട് എടുത്ത് മറിയാലോ എന്നാണ്, അമ്മയുടെ കുറെ കുറ്റപ്പെടുത്താലൊക്കെ നി സഹിക്കുന്നുണ്ട് എന്നെനിക്ക് അറിയാം….”

” വേണ്ട ദിവ്യ ഇങ്ങനെ ഇരിക്കുന്ന സമയത്ത് നമ്മൾ മാറുന്നത് ശരിയല്ല, അമ്മ പറഞ്ഞോട്ടെ സരമില്ല ഏട്ടൻ മനസ്സിലാക്കുന്നുണ്ടല്ലോ എന്നെ അത് മതി എനിക്ക്…..”

കണ്ണുനീർ തുടച്ച് അവൾ എന്നിലേക്ക് ചേർന്ന് കിടക്കുമ്പോൾ അവളെ ഞാനും ചേർത്ത് പിടിച്ചിരുന്നു..

ദിവ്യയെ പ്രസവത്തിനായി അവളുടെ വീട്ടിലേക്ക് കൊണ്ട് പോയിട്ടും അമ്മയ്ക്ക് ഗീതയോടുള്ള സമീപനം മാറിയിരുന്നില്ല. പലപ്പോഴും കുത്തുവാക്കുകൾ ഞാൻ കേൾക്കെ പറയാനും തുടങ്ങി കഴിഞ്ഞിരുന്നു…” ഞങ്ങൾ ഒരു വാടക വീട് നോക്കുന്നുണ്ട് കിട്ടിയാൽ ഉടനെ മാറും….”

രാത്രി അത്താഴം കഴിക്കുമ്പോൾ ആണ് ഞാനത് പറഞ്ഞത്, അത് കേട്ടതും അമ്മയും അനിയനും മുഖത്തോട് മുഖം നോക്കി, ഒന്നും മനസ്സിലാകാതെ ഗീത എന്നെയും നോക്കി….

” നിങ്ങൾ പോയാൽ എങ്ങനെ ശരിയാകും, ഇവിടെ തനിച്ച് എനിക്ക് പറ്റില്ല വേവിക്കാനും എടുക്കാനും ഒന്നും…” അമ്മയുടെ ആ വാക്കുകളിൽ ദേഷ്യം ഉണ്ടായിരുന്നു…

” പിറ്റേല്ലെങ്കിൽ സഹായത്തിന് ആരെയെങ്കിലും നിർത്താം…””അല്ല പോകാൻ വേണ്ടി ഇവിടെ എന്ത് സംഭവിച്ചു…”

” ഒന്നും സംഭവിക്കാതെ ഇരിക്കാൻ ആണ്, ഇവൾക്ക് ട്രീട്മെന്റോക്കെ തുടങ്ങുന്നുണ്ട്, ആശുപത്രിയിയുടെ അടുത്ത് തന്നെ ഒരു വീട് എടുക്കുന്നത് ആണ് നല്ലത് …”

കഴിച്ച് എഴുന്നേറ്റ് പോകുമ്പോൾ അമ്മ എന്തൊക്കെയോ പിറുപിറുത്തത് അല്ലാതെ ഒന്നും മിണ്ടിയിരുന്നില്ല.

” ഈ സമയത്ത് അമ്മയെ തനിച്ചാക്കി എങ്ങനെയാ പോണത്…”അടുക്കളയിൽ എല്ലാം ഒതുക്കി മുറിയിലേക്ക് വരുമ്പോഴാണ് ഗീത അത് ചോദിച്ചത്…

” അമ്മ തനിച്ചല്ലല്ലോ അവൻ ഉണ്ടാലോ, വേണേൽ സഹായത്തിനു ആരേലും നിർത്തട്ടെ…”

എന്റെ വാക്കുകളിൽ ദേഷ്യം ഉണ്ടായുരുന്നത് കൊണ്ടാകും പിന്നെ അവൾ അതിനെപ്പറ്റി ഒന്നും ചോദിച്ചില്ല…

അടുത്ത ആഴ്ച്ച തന്നെ ഞങ്ങൾ ആ കൊച്ചു വീട്ടിലേക്ക് താമസം മാറി, അമ്മയോ അനിയനോ അവിടേക്ക് വരാത്തതിൽ എനിക്ക് വല്യ അതിശയം ഒന്നും തോന്നിയിരുന്നില്ല. പ്രാർത്ഥനയും മരുന്നുമായി പിന്നെ കുറെ ദിവസങ്ങൾ കഴിഞ്ഞു പൊയ്ക്കൊണ്ടേയിരുന്നു…

പിന്നെ ഒരു ദിവസം ജോലി കഴിഞ്ഞു വരുമ്പോഴാണ് എന്നത്തേയും പോലെ ഉമ്മറത്ത് ഇരുന്ന അവളുടെ മുഖത്ത്‌ ഒരു പ്രത്യേക സന്തോഷം ഞാൻ കണ്ടത്..

” അതേ,,, ആയെന്ന തോന്നുന്നെ…”അവൾ വയറ്റിൽ കൈ വച്ച് പറയുമ്പോൾ സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്ത് പറയണം എന്നറിയാൻ വയ്യാത്ത അവസ്ഥ ആയിരുന്നു.

രണ്ട് കൈകളും അവളുടെ കവിളിൽ വച്ച് എന്നില്ലേക്ക് അടുപ്പിക്കുമ്പോൾ സന്തോഷം കൊണ്ട് എന്റെയും അവളുടെയും കണ്ണുകൾ നിറഞ്ഞിരുന്നു…

” എനിക് ഉറപ്പില്ല എങ്കിലും എനിക് അങ്ങനെയ തോന്നുന്നെ…”” രവിലെ തന്നെ നമുക്ക് ആശുപത്രിയിൽ പോകാം….”

അത് പറഞ്ഞു തീരും മുന്നേ അവളുടെ നെറ്റിയിൽ ചുംബനം കൊണ്ട് പൊതിഞ്ഞിരുന്നു ഞാൻ….

പിറ്റേന്ന് രാവിലെ ഡോക്ടറിന്റെ മുറിയുടെ പുറത്ത് ഞങ്ങളുടെ ഊഴവും കാത്ത് ഇരിക്കുമ്പോൾ എന്റെയും അവളുടെയും പ്രാർത്ഥന ഒന്ന് തന്നെ ആയിരുന്നു. ഞങ്ങളുടെ പേര് വിളിച്ച് ഡോക്ടറിന്റെ മുറിയിലേക്ക് കയറുമ്പോൾ നെഞ്ചിടിപ്പ് കൂടിയിരുന്നു…

” അതേ ഇനിയിപ്പോ അങ്ങോട്ട് സൂക്ഷിക്കണം, ഒരുപാട് ശരീരം ഒന്നും അനക്കേണ്ട, ഒരാൾ കൂടി ഉള്ളിൽ ഉണ്ടെന്ന് ചിന്ത വേണം….”

ഡോക്ടർ ചിരിച്ചുകൊണ്ട് അത് പറയുമ്പോൾ വീണ്ടും സന്തോഷം കൊണ്ട് ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…

“ഞാൻ അമ്മയെ ഒന്ന് വിളിക്കട്ടെ…” ഡോക്ടറിന്റ മുറിയിൽ നിന്ന് ഇറങ്ങുമ്പോഴേക്കും ഗീത എന്നോട് പറഞ്ഞു, അവളോട് വിളിക്കാൻ പറഞ്ഞെങ്കിലും അമ്മ വരില്ലെന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു…

ഞങ്ങൾ തിരികെ വീട്ടിൽ എത്തുമ്പോഴേക്കും ഉമ്മറപ്പടിയിൽ ഇരിക്കുന്ന അമ്മയെ കണ്ട് ഞങ്ങൾ രണ്ടു പേരും അത്ഭുതപ്പെട്ടു പോയി. അമ്മയെ കണ്ടപ്പോഴേക്കും അവൾ ഓടി അരികിൽ ചെന്നു….

“അതേ ഇങ്ങനെ ശരീരമൊന്നും അനങ്ങരുത്, നല്ലപോലെ സൂക്ഷിക്കണം…” അമ്മ അത് പറഞ്ഞ് അവളുടെ മുടിയിൽ തഴുകി എന്നെ നോക്കുമ്പോൾ ഞാൻ അരികിലേക്ക് ചെന്നു…” ആദ്യം മധുരം കഴിക്കാം…”

അത് പറഞ്ഞ് അമ്മയുടെ കയ്യിൽ ഉണ്ടായിരുന്ന ചെറിയ പൊതി തുറന്ന് അതിൽ നിന്ന് ഒരു ലഡു എടുത്ത് ഗീതയുടെ വായിലേക്ക് വച്ചു കൊടുത്തു, അവൾ കടിച്ചതിന്റെ ബാക്കിക്കായി ഞാനും വായ് തുറന്ന് ചെല്ലുമ്പോൾ അത് അമ്മ എന്റെ വായിലേക്ക് വച്ചു തന്നു….

” ലഡു ഒന്നും ഔട്ട് ഓഫ് ഫാഷൻ ആയത് ഈ അമ്മ അറിഞ്ഞില്ലെന്ന് തോന്നുന്നു അല്ലേടി….”

ചിരിച്ചുകൊണ്ട് ഞാനത് പറയുമ്പോൾ ഗീതയും ചിരിച്ചു, ഒന്നും മനസ്സിലായില്ലെങ്കിലും നമ്മുടെ ചിരിക്കൊപ്പം അമ്മയും കൂടി……

Leave a Reply

Your email address will not be published. Required fields are marked *