പറയുമ്പോൾ പറയുന്ന നമ്മൾ കുറ്റക്കാരി , പോരുകാരി. ഒന്നും മിണ്ടാൻ പറ്റില്ല അപ്പോൾ മുഖം വീർപ്പിച്ചു കണ്ണും നിറക്കണം.,”

അച്ഛൻ
രചന: തസ്യ ദേവ

…..അല്ലേലും പറയുമ്പോൾ പറയുന്ന നമ്മൾ കുറ്റക്കാരി , പോരുകാരി. ഒന്നും മിണ്ടാൻ പറ്റില്ല അപ്പോൾ മുഖം വീർപ്പിച്ചു കണ്ണും നിറക്കണം.,”

രാവിലെ ഉമ്മറതിരുന്നു പത്രം വായിക്കുമ്പോൾ അമ്മയുടെ ശബ്ദം നന്നായി തന്നെ കേൾക്കുന്നുണ്ട്. ഇച്ചിരി നേരം കഴിഞ്ഞപ്പോൾ ന്യായീകരണങ്ങളും ആയി പ്രിയതമയുടെ ശബ്ദവും വന്നു തുടങ്ങി. ഇതിപ്പോൾ സ്ഥിരം ആണ്.

അമ്മക്ക് പരാതിയാണ്
” ഗ്യാസ് ഒരുപാട് ഉപയോഗിക്കുന്നു. പണ്ട് രണ്ടുമാസം ഉണ്ടായിരുന്നത് ഇപ്പോൾ ഒരു മാസം പോലും ഇല്ല, ഒരു നേരം അടിച്ചിരുന്ന മോട്ടർ ഇപ്പൊ രണ്ട് നേരം ആയി, എണ്ണ ഒത്തിരി എടുക്കുന്നു.

….”ഇങ്ങനെ പോകുന്നു.
ആദ്യം മിണ്ടതിരുന്നവൾ പിന്നെ പിന്നെ ഒന്നും രണ്ടും പറയാൻ തുടങ്ങി.

ഇതിൽ ആരുടെ ഭാഗം പറഞ്ഞാലും നമ്മൾക്ക് കോളാണ്. അമ്മയോട് പോട്ടെന്നു പറഞ്ഞാൽ ഞാൻ അവളുടെ ഭാഗം പറയുവാന്ന് ‘അമ്മ. ഇനി അവളോട് “അമ്മയല്ലേ പോട്ടെ…” എന്നു പറഞ്ഞാൽ തീർന്നു പിന്നെ മൊത്തത്തിൽ പെണ്ണ് കിട്ടിയതോടെ മധുരിച്ചിട്ട് ഇറക്കാനും തുപ്പനും പറ്റാത്ത അവസ്‌ഥയിൽ എത്തി.

ഇപ്പോൾ “മൗനം വിദ്ധ്വാന് ഭൂഷണം” എന്ന അച്ഛന്റെ പാത പിൻപറ്റി ഉമ്മറത്ത് ഒരു കട്ടനും പ്രതീക്ഷിച്ചു പത്രം വായിക്കുവാ.. എന്നാലും ഇടക്ക് കൈവിട്ടു പോകുന്ന

ക്ഷമ അത് എന്റെ രണ്ട് ഒച്ചയിലോ അല്ലേൽ ഒരു പാത്രത്തിന്റെ മരണത്തിലോ അവസാനിക്കും പിന്നെ കുറച്ചു ദിവസം ആഹഹ….മാവേലി നാട് സുന്ദരനാട്…
പിന്നെയും “ഹദാ ഹുവാ”,..

ഇതെല്ലാം ഓർത്തിരിക്കുമ്പോൾ അമ്മ ചായയും ആയി എത്തി. ഉമ്മറപ്പടിയിൽ അച്ഛന് ചായയും കൊടുത്തു കഴിഞ്ഞു ഇരിക്കുവാണ്.

” ഞാൻ ആരോടും ഉള്ള പിണക്കം കൊണ്ടൊന്നും പറയുവല്ല. എന്നീ ചുട്ട അപ്പം പോലെ കിട്ടുന്ന പൈസ ഇങ്ങനെ ചെലവാക്കിയൽ ഇവരെങ്ങനെ ജീവിക്കും…” ഇന്നത്തെ കലാപരിപാടി

സംഗ്രഹിച്ചു അച്ഛന്റെ മുന്നില് അവതരിപ്പിക്കുവാണ്. ഞാൻ കേൾക്കണം അതാണ് ലക്ഷ്യം. പക്ഷെ എന്റെ പത്രത്തിൽ നാളത്തെ ചുടുവാർത്ത വരെ തപ്പുന്ന ഞാനോ ഇത് നോക്കുന്നു…

“… അല്ല ഇതൊന്നും എനിക്ക് വേണ്ടിയല്ല..ഇന്നോ നാളെയോ ഞങ്ങൾ അങ്ങു പോകും പിന്നെ നിങ്ങൾ ജീവിക്കാൻ ഉള്ളവർ ആണ്. ഇങ്ങാനാണേൽ ഞങ്ങടെ ശേഷം നിങ്ങൾ എങ്ങനെ ജീവിക്കും….”

” എന്റേം നിന്റേം അച്ഛനും അമ്മയും മരിച്ചിട്ടും ഞാനും നീയും ജീവിച്ചില്ലേ ..മക്കളെ പഠിപ്പിച്ചു വിവാഹം കയിപ്പിച്ചില്ലേ.. അതുപോലെ അവരും ജീവിച്ചോളും …നി അതിൽ ആതി കേറ്റി ബി പി കൂട്ടണ്ട ഭാര്യേ…

ഇതും പറഞ്ഞു ഒരു ചിരിയോടെ വായിച്ചു മടക്കിയ ദേശാഭിമാനി അമ്മയുടെ കൈയ്യിലേക്ക് കൊടുത്തു എന്നെ നോക്കി കണ്ണിറുക്കി അച്ഛൻ അകത്തേക്ക് പോകുമ്പോൾ…അതു കാണേ എന്റെ ചുണ്ടിൽ ഞാൻ അറിയാതെ ഒരുപുഞ്ചിരി നാമ്പിട്ടിരുന്നു….

 

Leave a Reply

Your email address will not be published. Required fields are marked *