ഇന്നൊരു മൂഡില്ല.. വയ്യ! “” അതിനു വേണ്ടി മാത്രാണോ കെട്ടി പിടിക്കാവു? എനിക്ക്

രചന: Kannan Saju

വളഞ്ഞു കുത്തി നിന്നു അയ്യാൾ കല്ലിൽ തുണി കുത്തി പിഴിയുന്നത് കണ്ടു വൈഗ അടുക്കള വാതിക്കൽ നിന്നു എത്തി നോക്കി. ഇടയ്ക്കിടെ നിവർന്നു നിന്നു കൊണ്ടു ശ്വാസം എടുക്കാൻ അയ്യാൾ ബുദ്ധിമുട്ടുന്നത് പോലെ അവൾക്കു തോന്നി.

” ഈശ്വരാ… വയ്യെന്ന് തോന്നുന്നു… എന്തേലും ചോദിക്കണോ? എന്ത് വിളിക്കും? അറിയില്ല… തീരെ വയ്യായിരിക്കുവോ? ” നൂറായിരം ചോദ്യങ്ങൾ അവളിലൂടെ കടന്നു പോയി. എങ്കിലും രണ്ടും കല്പിച്ചു ധൈര്യം സംഭരിച്ചു കൊണ്ടു അവൾ പിന്നിലെത്തി.

” അച്ഛന് വയ്യേ ??? എന്നാ ഞാൻ അലക്കിക്കോളാം ” എവിടെ നിന്നു കിട്ടി ധൈര്യം എന്നറിയില്ല.. എങ്കിലും കല്ല്യാണം കഴിഞ്ഞു ഇത്രയും നാളായി തന്റെ ഭർത്താവ് പോലും സംസാരിച്ചു കണ്ടിട്ടില്ലാത്ത അദേഹത്തിന്റെ അച്ഛനോട് താനിപ്പോ സംസാരിച്ചിരിക്കുന്നു. സകല ധൈര്യവും സംഭരിച്ചു അവൾ അയ്യാളെ നോക്കി.

” വേണ്ട… ” മുഖത്ത് നോക്കാതെ അത്രമാത്രം പറഞ്ഞു കൊണ്ടു അയ്യാൾ വീണ്ടും ശ്വാസം ആഞ്ഞു വലിച്ചു.” വയ്യെന്ന് തോന്നുന്നല്ലോ? ഞാൻ ചെയ്തോളാം ”

” വേണ്ടന്നെ… ഇത്രയും നാളും ഞാനല്ലേ ചെയ്തേ…? രണ്ട് തുണി അലക്കിയിട്ടു ഞാൻ ചത്തു പോവാണേൽ പോട്ടെ ” അയ്യാൾ അലക്കു തുടർന്നു…

” കണ്ണേട്ടൻ പറഞ്ഞതിലും കാര്യം ഇല്ലാതില്ല.. ” മനസ്സിൽ പറഞ്ഞുകൊണ്ട് അവൾ അകത്തേക്ക് നടന്നു.

ഉമ്മറത്തെ ചാരു കസേരയിൽ ഇരിക്കുമ്പോളും വൈഗയുടെ ഉള്ളിൽ ആ ചിന്തകൾ ആയിരുന്നു… ” ഒരു വീടും രണ്ട് അടുക്കളയും.. സാധാരണ മക്കള് പെണ്ണ് കെട്ടിയാൽ ആണ് ഇങ്ങനൊക്കെ… ഇതൊരുമാതിരി! ഒന്നും മനസ്സിലാവുന്നില്ലല്ലോ ദൈവമേ! ”

കഞ്ഞിയും പപ്പടവും എടുത്തു താൻ കഴിക്കാൻ ഇരുന്നിട്ടും പിന്നിലെ പൈപ്പിൻ ചുവട്ടിൽ വെള്ളം എടുക്കാൻ അച്ഛൻ വന്നു കണ്ടില്ല… ഉറക്കമായിരിക്കുവോ? പോയി നോക്കണോ?

ഫോണെടുത്തു കണ്ണേട്ടനെ വിളിച്ചു” ഇത് പറയാനാണോ നീ ഇപ്പൊ വിളിച്ചേ? “” അല്ല കണ്ണേട്ടാ എന്നും ഈ സമയത്തു വെള്ളം എടുക്കാൻ വരുന്നതല്ലേ? “” അതിനു? ”

” വൈകുന്നേരം അലക്കാൻ നേരം കണ്ടപ്പോ വയ്യായിരുന്നു… “” എന്റെ പെണ്ണെ അങ്ങേര്യങ്ങനൊന്നും ചാവത്തില്ല.. ജീവിച്ചിരിക്കുന്ന എല്ലാരേം കൊന്നിട്ടേ അങ്ങേരു ചാവൂ… വെറുതെ തലേ കയറ്റി വെക്കാൻ നോക്കല്ലേ, അവസാനം നിനക്ക് പ്രാന്തവും ”

കണ്ണൻ ഫോൺ കട്ട് ചെയ്തു…രണ്ടും കൽപ്പിച്ചു അവൾ വാതിലിൽ മുട്ടി” അച്ഛാ.. അച്ഛാ ”

അച്ഛന്റെ മുറിക്കു പുറത്ത് നിന്നും വാതിൽ ഉണ്ടായിരുന്നു.. അകത്തു നിന്നും ഉള്ള വാതിൽ അച്ഛൻ എപ്പോഴും പൂട്ടി ഇടും.അവൾ ജനലിലൂടെ അകത്തേക്ക് നോക്കി… പുതച്ചു മൂടി കിടക്കുന്നുണ്ട്…

” അച്ഛാ… വിളിക്കുന്ന കേൾക്കാൻ വയ്യേ? വാതിൽ തുറക്ക് ” അവൾ ജനലിലൂടെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.. വിറച്ചു കൊണ്ടു വേച്ചു വേച്ചു അയ്യാൾ വന്നു വാതിൽ തുറന്നു.

” ഈശ്വരാ നല്ല പനി ഇണ്ടല്ലോ… “അവൾ വേഗം അകത്തു പോയി തന്റെ മേശയിൽ നിന്നും ഗുളിക എടുത്തു കൊണ്ടു വന്നു

” അച്ഛൻ വല്ലതും കഴിച്ചായിരുന്നോ? “” ഇല്ല ” വിറയലിനിടയിലും മുഖത്ത് നോക്കാതെ അയ്യാൾ മറുപടി പറഞ്ഞു.

അവൾ തനിക്കു വെച്ചിരുന്ന കഞ്ഞിയും പപ്പടവും എടുത്തു അയാൾക്ക്‌ മുന്നിലേക്ക് വേച്ചു.

” ഒന്നും കഴിക്കാതെ മരുന്ന് കഴിക്കാൻ പറ്റില്ല ” അയ്യാൾ അവളെ ഒന്ന് നോക്കുക മാത്രം ചെയ്തു. പറഞ്ഞത് നേഴ്സ് ആയതുകൊണ്ടാവാം അയ്യാൾ മല്ലു പിടിക്കാൻ നിക്കാതെ മൂന്നാലു സ്പൂൺ നേരെ വായിലേക്കിട്ട് കുറച്ചു കഞ്ഞി വെള്ളവും കുടിച്ചു.

മരുന്ന് കഴിച്ചു ഒന്നും മിണ്ടാതെ അയ്യാൾ തിരിഞ്ഞു കിടന്നു.എന്ത് ചെയ്യണം എന്നറിയാതെ അവൾ അങ്ങനെ തന്നെ നിന്നു

” പോണില്ലേ? “അയ്യാൾ തിരിഞ്ഞു നോക്കാതെ ചോദിച്ചുഅവൾ ഒന്നും മിണ്ടാതെ പുറത്തേക്കു നടന്നു..

” അതെ, ഞാനെങ്ങാനും ചത്തു പോയാ തെക്കേലെ മാവ് വെട്ടരുതെന്നു പറയണം അവനോടു… അവനു പകരം വളർത്തിയതാ ഞാനതിനെ ”

വൈഗ ഒന്നും മിണ്ടാതെ പിറത്തേക്കിറങ്ങി. തിരിഞ്ഞും മറഞ്ഞും കിടന്നിട്ടും അവൾക്കു ഉറക്കം വന്നില്ല.
മെല്ലെ അച്ഛന്റെ മുറിയുടെ വാതിൽ തുറന്നു നോക്കി. നല്ല ഉറക്കമാണ്. താൻ അടച്ച വാതിൽ പിന്നെ കുറ്റി ഇട്ടില്ലെന്നു തോന്നുന്നു. അവൾ മനസ്സിൽ പറഞ്ഞു.

മെല്ലെ മുറിയുടെ ഒന്ന് കണ്ണോടിച്ചു. ഇരുളിൽ പാതിയും വ്യക്തമല്ലായിരുന്നു. പോസ്റ്റിലെ ബൾബിൽ നിന്നും ജനാലയിലൂടെ അകത്തേക്ക് വരുന്ന വെട്ടത്തിൽ അച്ഛൻ എന്തോ കെട്ടിപ്പിടിച്ചു കിടക്കുന്നതു അവൾ ശ്രദ്ധിച്ചു. അതെന്താണെന്നറിയാൻ അവൾ ഒന്നൂടെ അടുത്തേക്ക് ചെന്നു. സാരിയാണ്.. ഒരുപക്ഷെ അമ്മയുടെ ആയിരിക്കുമോ? ആയിരിക്കും!.

രാത്രി രണ്ട് മണി ആയപ്പോൾ വർക്ഷോപ്പിലെ തിരക്കുകൾ എല്ലാം കഴിഞ്ഞു കണ്ണൻ വന്നു. വാതിൽ തുറന്ന ഉടൻ അവളോടായി കണ്ണൻ പറഞ്ഞു

” വേഗം വെള്ളം ചൂടാക്കു.. കുളിച്ചിട്ടു വേഗം കഴിക്കണം… നല്ല വിശപ്പ് “തന്റെ തലമുടി ചുരുട്ടി കെട്ടി അവൾ അടുക്കളയിലേക്കു നടന്നു. വെള്ളം ചൂടാക്കി.. ഭക്ഷണം വിളമ്പി… അവനതു മതി വരുവോളം കഴിച്ചു… കിടക്കുമ്പോൾ അവനോടു പറ്റി ചേരാൻ ശ്രമിച്ച അവളെ കണ്ണൻ തള്ളി മാറ്റി.. ഒരു ഞെട്ടലോടെ അവൾ അവനെ നോക്കി

” ഇന്ന് നല്ല പണി ആയിരുന്നു.. ഇന്നൊരു മൂഡില്ല.. വയ്യ! “” അതിനു വേണ്ടി മാത്രാണോ കെട്ടി പിടിക്കാവു? എനിക്ക് ഏട്ടന്റെ നെഞ്ചിൽ തല വേച്ചു കിടക്കാൻ തോന്നീട്ടാ ” അവൾ വിഷമത്തോടെ പറഞ്ഞു…

” വേണ്ട… അങ്ങനെ മുട്ടിച്ചു കിടന്ന എനിക്ക് ചെയ്യാൻ തോന്നും.. പിന്ന രാവിലെ എണീക്കാൻ വൈകും ”

എന്താ കണ്ണേട്ടാ ഇത്…? അതിനു വേണ്ടി മാത്രല്ല.. അല്ലാത്തപ്പോഴും ഞാൻ ഏട്ടന്റെ സ്പര്ശനം കൊതിക്കുന്നുണ്ട്.. അവൾ കണ്ണന്റെ മുഖത്തേക്ക്‌ നോക്കി.. അവൻ ഉറങ്ങാനുള്ള തയ്യാറെടുപ്പിൽ ആണ്… പ്രേമിച്ചു കൊണ്ടിരുന്നപ്പോൾ ഉള്ള ആ മാറ്റങ്ങൾ അവൾ ഓർത്തു.. താനതു നേരത്തെ തിരിച്ചറിയേണ്ടത് ആയിരുന്നു.

ആദ്യമായി തന്നെ തൊടും വരെ ഒരുപാടു കെയർ ചെയ്തിരുന്നു… ആദ്യ ബാഹ്യകേളികൾക്ക് ശേഷമാണ് അധികാര മനോഭാവം വന്നു തുടങ്ങിയത്.. ആരും ഇല്ലാത്ത ഒരു രാത്രി വീട്ടിൽ വന്നതോടെ പൂർണ്ണമായ അധികാരം ഏറ്റെടുക്കാൻ തുടങ്ങി. പിന്നീടങ്ങോടു ഈ ഒളിച്ചോട്ടവും കല്യാണവും വരെ

ഒറ്റക്കെടുത്ത തീരുമാനങ്ങൾ ആയിരുന്നു. ഒരു പരിചയവും ഇല്ലാത്ത വീട്ടിലേക്കും ആൾക്കാർക്കിടയിലേക്കും വിളിച്ചോണ്ട് വന്നിട്ടും, അച്ഛനേം അമ്മയെയും വീടും എല്ലാം വിട്ടു പോന്നതിന്റെ സങ്കടം മാറാനുള്ള സമയം പോലും നൽകാതെ എന്നിൽ തുളഞ്ഞു കയറിയത് ആ അധികാര മനോഭാവത്തിന്റെ

പ്രതീകമായിരുന്നു… എല്ലാം കഴിഞ്ഞു മാറി കിടക്കുന്ന കണ്ണേട്ടനെ കാണുമ്പോൾ എനിക്കെന്നോട് തന്നെ വെറുപ്പ്‌ തോന്നും.. ഒരു പെണ്ണ് ഏറ്റവും ആസ്വദിക്കുന്നത് ഫോർ പ്ലെ അല്ല.. അത് എല്ലാത്തിനും ഒടുവിൽ അവളെ ചേർത്തു പിടിച്ചു കിടക്കുന്ന പുരുഷന്റെ സ്പർശനവും

സ്നേഹ വാക്കുകളും ആണ്… ആണിന് അടിവസ്ത്രത്തിൽ കറ തുടച്ചു കളയുന്നതോടെ എല്ലാം അവസാനിക്കും എങ്കിൽ പെണ്ണിന് അങ്ങനെ അല്ല..

ചിന്തകൾ കാട് കയറവെ വീണ്ടും അച്ഛന്റെ മുഖം മനസ്സിൽ തെളിഞ്ഞു” കണ്ണേട്ടാ “” ഉം ” കണ്ണുകൾ തുറക്കാതെ അവൻ മൂളി

” അച്ഛനും ആയി എന്താ പ്രശ്നം? “അവൻ കണ്ണുകൾ തുറന്നു അവളെ നോക്കി.” ഇനിയെങ്കിലും ഒന്ന് വാ തുറന്നു പറ.. ഞാൻ രാത്രി നോക്കുമ്പോൾ നല്ല പനി.. മരുന്നും കൊടുത്തു അവിടെ കിടത്തിയേക്കുവാ… പിന്നെ ചെന്നു നോക്കുമ്പോ ഒരു സാരിയും കെട്ടിപ്പിടിച്ചു കിടക്കുന്നു.. അമ്മേടെ ആണെന്നു അറിയാം… എന്താ നിങ്ങളു തമ്മിൽ ഉള്ള പ്രശ്നം ”

കണ്ണൻ ദീർഘമായി ഒന്ന് നിശ്വസിച്ചു.” ചത്തു കഴിഞ്ഞു സ്നേഹം കാണിച്ചിട്ട് എന്ത് കാര്യം? അമ്മ മരിക്കാൻ കാരണം ഇയ്യാള.. മുള്ളാനും തൂറാനും വരെ അയാൾക്ക്‌ അമ്മ വേണം… പണി എടുത്തു പണി എടുത്തു പാവം.. ജീവിതത്തിൽ ഒരിക്കൽ പോലും അമ്മ

നല്ലൊരു സാരി ഉടുത്തു ഞാൻ കണ്ടിട്ടില്ല.. ഈ വീട്ടിനു പുറത്ത് പോയി ഞാൻ കണ്ടിട്ടില്ല… അച്ഛൻ അമ്മക്ക് എന്തെങ്കിലും വാങ്ങി കൊടുക്കുന്ന ഞാൻ കണ്ടിട്ടില്ല.. എന്നും തെറിയും ബഹളവും ഒച്ചപ്പാടും…

കള്ള് കുടിച്ചു വന്നു വൈക്കോൽ പുരയ്ക്കു തീ ഇട്ടതാണ്.. അമ്മ പശു വളർത്തല് തുടങ്ങിയത് നശിപ്പിക്കാൻ… പക്ഷെ പാവം എന്റമ്മ.. അതിന്റെ അകത്തുണ്ടായിരുന്നു.. ”

അവന്റെ കണ്ണുകൾ നിറഞ്ഞു” കണ്ണേട്ടന് അമ്മയെ ശരിക്കും ഇഷ്ടായിരുന്നോ? “” എന്റെ ജീവനായിരുന്നു “” എന്നിട്ടു കണ്ണേട്ടൻ അമ്മയെ മനസ്സിലാക്കാൻ ശ്രമിച്ചോ? ”

” എന്ത് മനസ്സിലാക്കാൻ? “” അമ്മ ഇല്ലാതായപ്പോ എങ്കിലും “” നീ എന്താ ഉദ്ദേശിച്ചതു? ‘” അച്ഛൻ അന്ന് അമ്മയോടു ചെയ്തത് തെറ്റാണെങ്കിൽ ഇന്ന് ഏട്ടൻ എന്നോട് ചെയ്യുന്നതും തെറ്റല്ലേ? ”

അതുകേട്ടു അവൻ ചാടി എണീറ്റു ” എന്ത് തെറ്റ്? “” അച്ഛൻ അമ്മയെ കണ്ട പോലെ തന്നെ അല്ലേ കണ്ണേട്ടൻ എന്നെയും കാണുന്നെ? ആജ്ഞകളും ശാസനകളും അല്ലാതെ ഈ വീട്ടിൽ കണ്ണേട്ടൻ എനിക്ക് എന്താ തന്നിട്ടുള്ളെ? ”

” നിനക്ക് മൂന്ന് നേരം തിന്നാൻ കിട്ടുന്നില്ലെടി.. ഉടുപ്പില്ലേ? “” അത് എന്നെ പണിക്കു വിടാത്തോണ്ടല്ലേ? വിട്ടാൽ എനിക്കും ഈസി ആയി ചെയ്യാവുന്നതല്ലേ ഉളളൂ ”

” നഴ്സ് ആയതിന്റെ അഹങ്കാരം ആവും “” എന്ന് ഞാൻ പറഞ്ഞോ? ഒന്ന് ആലോചിച്ചു നോക്ക് സത്യത്തിൽ അച്ഛനെ കുറ്റം പറയാൻ എന്താ കണ്ണേട്ടന് യോഗ്യത..? എന്റെ ഉറക്കം കളഞ്ഞു ഞാൻ രാത്രി രണ്ട് മണിക്ക് എണീറ്റു ചൂട് വെള്ളോം ഉണ്ടാക്കി തന്നു, ഭക്ഷണവും തന്നു അല്ലേ ഏട്ടനെ നോക്കുന്നെ ”

” നമുക്ക് രണ്ട് പേർക്കും വേണ്ടി അല്ലേ “” അതെ… അല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ… പക്ഷെ ഞാൻ കൂടി ജോലിക്കു പോയാൽ ഏട്ടന് ഇത്രേം കഷ്ടപാടുണ്ടോ? ”

ഇരുവരും പരസ്പരം നോക്കാതെ തിരിഞ്ഞു കിടന്നു.” ഞാനും നഷ്ടപ്പെട്ടിട്ടു എന്നെ സ്നേഹിക്കാൻ നിക്കുവാണോ നിങ്ങളും.. നിങ്ങടെ അച്ഛനെ പോലെ? ”

കണ്ണൻ മറുപടി ഒന്നും പറയാതെ കണ്ണുകൾ തുറന്നു കിടന്നു.പിറ്റേന്ന് ഉച്ച കഴിഞ്ഞു.” അച്ഛാ, കഞ്ഞി ഉണ്ടാക്കി വെച്ചിട്ടുണ്ട് . കുടിക്കണം.. ഞാൻ ഹോസ്പിറ്റലിൽ വരെ പോകുവാ. കുറച്ചു കഴിഞ്ഞേ വരു ”

” നല്ല മഴക്കോള് ഉണ്ടല്ലോ മോളേ.. ഒറ്റക്കാണോ പോണേ? ” എന്നൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും അയ്യാൾ വിഴുങ്ങി. അവൾ സ്കൂട്ടിയും എടുത്തു പോവുന്നതും നോക്കി അയ്യാൾ നിന്നു.

നേരം സന്ധ്യ മയങ്ങി.. ഇടി വെട്ടി മഴ പെയ്യാൻ തുടങ്ങി. വൈഗയെ കാണുന്നില്ല. അയ്യാൾ പുതപ്പും പുതച്ചു ഉമ്മറതത്തു ഇരിപ്പായി. എന്ത് ചെയ്യണം എന്നറിയില്ല. ഇരുവരുടയും നമ്പർ അറിയില്ല.

അടുത്ത വീട്ടിലെ ലിസിയുടെ കതകിൽ തട്ടി.. പതിവില്ലാതെ അയ്യാളെ കണ്ട ലിസി തടക്കു കയ്യും കൊടുത്തു നിന്നു.

” കാണുന്നില്ല “” ആരെ? “” അത്… ” അവളുടെ പേര് അയാൾക്ക്‌ ഓർമയില്ലായിരുന്നു.. ” അത്.. മരുമോളെ “” അവളുടെ പേര് പോലും അറിയില്ലല്ലേ..? കഷ്ടം ”

” കണ്ണനെ ഒന്ന് വിളിക്കുവോ? “”ഇന്നാ ” അവൾ ഫോൺ നീട്ടി” എനിക്കു കണ്ണന്റെ നമ്പർ അറിയില്ല “” നല്ല ബെസ്റ്റ് തന്ത “അയ്യാൾ മൗനം പാലിച്ചു” ഹെലോ… ലിസി ചേച്ചി പറഞ്ഞോ.. “” ഞാൻ.. ഞാനാ “” എന്താ അച്ഛാ? ”

” മോനേ മോളിതുവരെ വന്നില്ലല്ലോടാ “” ഏഹ് അവള് ഹോസ്പിറ്റൽ നിന്നു ഇറങ്ങീപ്പോ എന്നെ വിളിച്ചതാണല്ലോ “” അയ്യോ! ”

” ഞാനൊന്നു വിളിച്ചു നോക്കട്ടെ.. ഇപ്പൊ വിളിക്കാം “അവൻ ഫോൺ വേച്ചു” വൈഗ ശരിക്കും എങ്ങോട് പോയതാ…??? “” ഹോസ്പിറ്റലിൽ പോവാന്നും പറഞ്ഞു ഇറങ്ങീതാ ”

കണ്ണന്റെ കോൾ വന്നു.” അച്ഛാ… അവളെ വിളിച്ചിട്ടു കിട്ടുന്നില്ലല്ലോ ” കണ്ണന്റെ ശബ്ദത്തിൽ ആശങ്കയും പരിഭ്രാന്തിയും നിറഞ്ഞു നിന്നു.

ദിവാകരന്റെ ഓട്ടോയിൽ ലിസിയും അച്ഛനും ആളുകൾ കൂടി നിക്കുന്ന റോഡരുകിൽ എത്തി… അവിടെ പോലീസ് ജീപ്പിനരുകിൽ കണ്ണൻ കരഞ്ഞു കൊണ്ടു നിക്കുന്നുണ്ടായിരുന്നു. അവനു കുറച്ചു മാറി വൈഗയുടെ വീട്ടുകാരും നിക്കുന്നുണ്ടായിരുന്നു. ആദ്യമായി

അവളെ കണ്ണൻ വീട്ടിലേക്ക്‌ വിളിച്ചു കൊണ്ടു വരുമ്പോൾ ഇവരെല്ലാം കൂട്ടം കൂടി പ്രശ്നം ഉണ്ടാക്കാൻ വന്നത് അച്ഛൻ ഓർത്തു… അന്ന് പക്ഷെ താൻ അച്ഛൻ ആയിരുന്നില്ല കാഴ്ചക്കാരിൽ ഒരുവൻ മാത്രം ആയിരുന്നു.

വിറയലോടെ അയ്യാൾ പോലീസ് ജീപ്പിനു അരികിലേക്ക് ചെന്നു.. റോഡരുകിൽ വൈഗയുടെ സ്കൂട്ടർ മറഞ്ഞു കിടക്കുന്നതു വേദനയോടെ അയ്യാൾ നോക്കി. തന്റെ കുട്ടിക്ക് എന്തോ പറ്റിയിരിക്കുന്നു എന്ന് അയാൾക്ക്‌ മനസ്സിലായി…

” ഇല്ല സർ.. മഴ അല്ലായിരുന്നോ.. പോലീസ് നായക്ക് മണം പിടിക്കാൻ ഒന്നും പറ്റിയിട്ടില്ല… ഇല്ലില്ല… ആള് മിസ്സിംഗ് ആണ്.. റോഡിലെ പാടുകളും അപകടത്തിന്റെ രീതിയും വേച്ചു നോക്കുമ്പോൾ മനഃപൂർവം

വണ്ടി ഇടിച്ചതാവാനും വഴി ഉണ്ട്.. അതെ ഊഹം മാത്രമാണ് സർ… ഇല്ല.. പരിസര പ്രദേശങ്ങളിൽ എല്ലാം അന്വേഷിക്കുന്നുണ്ട്.. ആ, ആ കുട്ടിയുടെ ഷാൾ ഇവിടെ കിടന്നു കിട്ടി..മറ്റൊന്നും! ”

ഒരു പോലീസുകാരൻ ഫോൺ ചെയ്യുന്നത് അച്ഛൻ കേട്ടു… കണ്ണീരിൽ കുതിർന്ന നിറ കണ്ണുകളോടെ അയ്യാൾ കണ്ണനെ നോക്കി…

ദിവസങ്ങൾ കടന്നു പോയി….വൈഗ ഒരു ചോദ്യ ചിഹ്നം ആയി അവശേഷിക്കാൻ തുടങ്ങി.ഒരു ഭിത്തിക്കിപ്പുറം സാരിയും കെട്ടിപ്പിടിച്ചു അച്ഛനും അപ്പുറം ശലും കൈകളിൽ പിടിച്ചു മകനും ഉറങ്ങാത്ത രാത്രികളെ വരവേറ്റു കൊണ്ടിരുന്നു…
വൈഗക്കു എന്ത് പറ്റി എന്നറിയാതെ!

 

Leave a Reply

Your email address will not be published. Required fields are marked *