കല്യാണത്തിന് എനിക്കും പിള്ളേർക്കും മാത്രേ ക്ഷണമുള്ളു,നിങ്ങൾക്കില്ല. ചത്ത ആൾക്കാരുടെ ശവമൊക്കെ കണ്ട

അതേയ് സുഷമേടെ കല്യാണം ക്ഷണിക്കാൻ അമ്മിണിയേടത്തിയും സുകുമാരേട്ടനും വന്നിട്ടുണ്ടായിരുന്നു ഇവിടെ…

ജോലി കഴിഞ്ഞ് ക്ഷീണിച്ച ശരീരവുമായി അയാൾ വാതിൽക്കൽ നിന്നു കാൽ കഴുകിക്കൊണ്ടിരിക്കുമ്പോഴാണ് ഭാര്യ അയാളോടീ വിവരം പറയുന്നത്.

ആഹാ.നല്ല കാര്യായി, നിനക്കറിയോ അവളെയീ കയ്യിലെടുത്തോണ്ട് നടന്നതാ ഞാൻ.എത്ര പെട്ടെന്നാ പെൺകുട്യോള് വലുതാവണത്.
ഹാ എന്തായാലും നന്നായി.എല്ലാം ഭംഗിയായി നടക്കട്ടെ..

ഇന്നാ നിങ്ങളീ ചായ കുടിക്ക്. അവർ ഒരു ഗ്ലാസ്‌ ചായ അയാളുടെ നേരെ നീട്ടി.

അയാളത് വാങ്ങി കുടിച്ചുകൊണ്ടവരോട് ചോദിച്ചു, ആട്ടെ,എന്നത്തേക്കാ കല്യാണം?
നമ്മള് പോകുമ്പോ സ്വർണമായിട്ട് എന്തേലും കൊടുക്കണ്ടേടീ…

അയിനാര് പോകുന്നു. ഇവിടുന്നാരും പോകുന്നില്ല..

പോകുന്നില്ലന്നോ,അതെന്ത് വാർത്താനാ നീയീ പറയണേ?…

അതെ പോണില്ല.

അതെന്താ? അമ്മൂട്ടീ നിന്നോട് വല്ലോം പറഞ്ഞോ?

ആ പറഞ്ഞു.കല്യാണത്തിന് എനിക്കും പിള്ളേർക്കും മാത്രേ ക്ഷണമുള്ളു,നിങ്ങൾക്കില്ല.
ചത്ത ആൾക്കാരുടെ ശവമൊക്കെ കണ്ട തോട്ടിലും കുളത്തിലുമൊക്കെ ഇറങ്ങി എടുക്കണ നിങ്ങള് ചെന്നാൽ ആളുകൾ ഓരോന്ന് പറയുമത്രേ….

വീട്ടിനകത്ത് പെട്ടെന്ന് നിശ്ശബ്ദത വീണു.

അയാൾ ചായ ഗ്ലാസ് പതുക്കെ നിലത്ത് വച്ചു.

കഴിഞ്ഞ പത്തു പതിനഞ്ചു വർഷത്തെ ജീവിതം അയാളുടെ മനസ്സിലൂടെ കടന്നുപോയി.

മഴപെയ്യുന്ന ഒരു രാത്രിയിൽ പുഴയിൽ വീണ ഒരു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താൻ അരക്കൊപ്പം വെള്ളത്തിൽ മണിക്കൂറുകളോളം തിരഞ്ഞുകൊണ്ടാണയാൾ ഈ ജോലി ആരംഭിക്കുന്നത്.

അതിനു ശേഷം ദുർഗന്ധം വമിക്കുന്ന കിണറ്റിൽ ഇറങ്ങിപ്പോയി അഴുകിയ മൃതദേഹം പുറത്തെടുത്തിട്ടുണ്ട്.

ആരും ഇറങ്ങാൻ മടിച്ച സ്ഥലങ്ങളിൽ, “ചേട്ടാ, നിങ്ങളല്ലാതെ വേറെ ആരുമില്ല” എന്ന് പറഞ്ഞ് കരഞ്ഞ കുടുംബങ്ങളുടെ മുഖങ്ങൾ കണ്ടില്ല എന്ന് വെക്കാൻ കഴിഞ്ഞില്ല.

പലരും ഇറങ്ങാൻ മടിക്കുന്ന സ്ഥലങ്ങളിൽ ഉറങ്ങി അഴുകിയ ശവങ്ങൾ പുറത്തെടുത്തോരോ തവണയും
വീട്ടിലെത്തുമ്പോൾ ശരീരത്തിൽ നിന്നല്ല, മനസ്സിൽ നിന്നായിരുന്നു ആ മണം കഴുകിക്കളയാൻ ശ്രമിച്ചത്.

എന്നിട്ടും ഒരിക്കലും ആരോടും പരാതി പറഞ്ഞിട്ടില്ല കാരണം ആർക്കെങ്കിലും ഒരു അച്ഛനെയോ, അമ്മയെയോ, മകനെയോ അല്ലെങ്കിൽ മകളെയോ ശവമായെങ്കിലും അവസാനമായി കാണാൻ കഴിയട്ടെ എന്നൊരൊറ്റ ചിന്തയായിരുന്നു.
അയാളുടെ മനസ്സിൽ.

അയാൾ കയ്യിലിരുന്ന ചായ ഗ്ലാസ്‌ താഴെ വച്ച ശേഷം ഭാര്യയെ നോക്കി പറഞ്ഞു..

ആ കണ്ണൊന്നു തുടയ്ക്കെടി…

ഭാര്യ കണ്ണുനീർ തുടച്ചു.

നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ശരി “നിങ്ങളെ വേണ്ടത്തിടത്തു ഞാനും പോണില്ല.”

അയാൾ അവരെയൊന്നു നോക്കിയ ശേഷം പറഞ്ഞു,

“എന്തിനാ പോകാതിരിക്കണേ? നിനക്കും പിള്ളേർക്കും ക്ഷണമുണ്ടല്ലോ.”

“എന്റെ ഭർത്താവിനെ വേണ്ടാത്തിടത്ത് എനിക്കും സ്ഥാനമില്ല.വർഷങ്ങൾക്ക് മുമ്പ് സുകുമാരേട്ടന്റെ സ്വന്തം അനിയൻ അതായത് നിങ്ങടെ പെങ്ങടെ ഭർത്താവ് കുളത്തിൽ മുങ്ങിമരിച്ചപ്പോൾ,മൂന്നു ദിവസം കഴിഞ്ഞ് ദുർഗന്ധം വമിക്കുന്ന വെള്ളത്തിലിറങ്ങി മൃതദേഹം എടുത്തുകൊടുത്തത് നിങ്ങളായിരുന്നു.
അന്നീ സുകുമാരേട്ടന് നിങ്ങടെ കൈ ‘ദൈവത്തിന്റെ കൈ’ ആയിരുന്നു.ഇന്നതേ കൈ കല്യാണപ്പന്തലിനശുദ്ധമായി.

എല്ലാം പോട്ടെ നിങ്ങടെ സ്വന്തം പെങ്ങള് പോലും അതൊക്കെ മറന്നു.ആകെയുള്ള ഒരു കൂടപ്പിറപ്പാണ് ആ മനുഷ്യനോടു കല്യാണത്തിന് വരണ്ട പോലും.
ആവശ്യമുള്ളപ്പോൾ മാത്രം മനുഷ്യനെ ഓർക്കുന്ന ബന്ധങ്ങളെക്കാൾ, ആത്മാഭിമാനമാണ് മനുഷ്യാ വലുത്.
നമ്മളെ വേണ്ടാത്തവരെ,നമുക്കും വേണ്ട.”

അയാളുടെ ഭാര്യ നിന്നു കിതച്ചു.

മതി മതി നീയിനി വെറുതെ ആവലാതി പിടിച്ചാരോഗ്യം ചീത്തയാക്കണ്ട,ഇനിയൊക്കെ നിന്റെ ഇഷ്ടം.അയാൾ ചെറുതായൊന്നു നെടുവീർപ്പിട്ടു..

സുഷമയുടെ കല്യാണദിവസം രാവിലെ അയാൾ നേരത്തെ തന്നെ എഴുന്നേറ്റു. പെങ്ങടെ മകളാണെങ്കിലും സ്വന്തം മകളെ പോലെയായിരുന്നു അവളയാൾക്ക്..ആ കുട്ടിയുടെ തലയിൽ കൈവെച്ചൊന്നനുഗ്രഹിക്കാനും ദക്ഷിണ മേടിക്കാനും അയാളുടെ മനസ്സ് തുടിച്ചുകൊണ്ടിരുന്നു…..

എന്താ കണ്ണ് നിറഞ്ഞിരിക്കണേ?

ഭാര്യ വന്നു തോളത്തു പിടിച്ചപ്പോഴാണയാൾക്ക് പരിസര ബോധം വന്നത്…

ഏയ് ഒന്നൂല്യ.
സുഷമേടെ കെട്ടിപ്പോ കഴിഞ്ഞു കാണൂല്ലേടീ…

മ്മ്….നിക്ക് തോന്നി ഇതന്നെയാവും നിങ്ങടെ മനസ്സില്ലെന്ന്.കെട്ടൊക്കെ ഇപ്പൊ കഴിഞ്ഞു കാണുന്ന് മാത്രല്ല സുഷമ ചെക്കന്റെ വീട്ടിലേക്ക് പോയിട്ടുമുണ്ടാകും.

അയാളെന്തോ പറയാൻ തുടങ്ങുമ്പോഴാണ് മുറ്റത്തൊരു വാഹനത്തിന്റെ ശബ്ദം കേട്ടത്.

അയാളുടെ ഭാര്യ വാതിൽ തുറന്നു നോക്കുമ്പോൾ വിവാഹ വേഷത്തിൽ കണ്ണുകൾ നിറഞ്ഞ് സുഷമ നിൽക്കുന്നു, കൂടെ അവളുടെ ഭർത്താവും.

അവരെ കണ്ടപ്പോൾ ആ സ്ത്രീ അമ്പരന്നു.

ദേ!!!ഇങ്ങോട്ടൊന്ന് വന്നെ…സുഷമ വന്നേക്കുന്നു…

അയാൾ ഇരുന്നിടത്തു നിന്നും ചാടിയെണീറ്റ ശേഷം ഉമ്മറത്തേക്കോടി വന്നു.

സുഷമ അയാളെ കണ്ടതും ഓടിച്ചെന്നയാളുടെ കാലിൽ വീണു.

എന്താ കുട്ടീ ഈ കാണിക്കുന്നത്..
അയാൾ പകച്ചു പോയി

“വല്ലിച്ചനും,അമ്മയ്ക്കും വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു മാമാ..

അയാൾ ഒന്നു ഞെട്ടിയ ശേഷം അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.

“എന്താ മോളേ ഇത്?”ഇപ്പെന്താ ഇങ്ങനൊക്കെ പറയാൻ…

കരച്ചിലടക്കാൻ പാടുപെട്ടുകൊണ്ട് സുഷമ പറഞ്ഞു.

“കല്യാണ മണ്ഡപത്തിൽ എത്തിയ ശേഷം അനുഗ്രഹം വാങ്ങാൻ ശേഖരമാമ എവിടെയെന്നു ഞാൻ ചോദിച്ചപ്പോൾ ആരും വ്യക്തമായി പറയാൻ പോലും തയ്യാറായില്ല.എന്റെ മാമനെ എന്റെ കല്യാണത്തിന് വിളിക്കാതിരുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അപമാനമാണ്.”

മാമൻ ചെയ്യുന്ന ജോലിയാണവർക്ക് പ്രശ്‌നം,പക്ഷെ എനിക്കത് പ്രശനല്ല കാരണം ആരും ഇറങ്ങാൻ കൂട്ടാക്കാത്തത് കാരണം കുളത്തിൽ കിടന്നു ചീഞ്ഞ എന്റെ അച്ഛനെ മൂന്നു ദിവസം കഴിഞ്ഞാ കുളത്തിൽ നിന്നെടുത്തത് മാമൻ ഒരാൾ ഉള്ളത് കൊണ്ട് മാത്രാണ്.ആരതൊക്കെ മറന്നാലും ഞാൻ മറക്കില്ല.

അയാൾ ഒന്നും പറഞ്ഞില്ല….

സുഷമ അയാളുടെ കൈകൾ രണ്ടും ചേർത്ത് പിടിച്ചു.

“ഈ കൈകൾ അശുദ്ധമല്ല മാമാ… എത്രയോ കുടുംബങ്ങൾക്കവസാനമായി പ്രിയപ്പെട്ടവരുടെ മുഖം കാണിച്ച കൈകളാണിത്.ഈ കൈകളാണ് ഏറ്റവും വിശുദ്ധമായത്.”

ഈ കൈകളൊന്നെന്റെ നെറുകിൽ വെച്ചനുഗ്രഹിക്കണം.മാമനെയിപ്പോ എന്റെ അച്ഛന്റെ സ്ഥാനത്താണ് ഞാൻ കാണുന്നത്.

അവളുടെ ഭർത്താവും മുന്നോട്ടു വന്ന ശേഷം അയാളുടെ കാലിൽ തൊട്ടു.

“ഞങ്ങൾ രണ്ടുപേരും അനുഗ്രഹം വാങ്ങാനാണ് വന്നത്.”ഇവൾ മാമനെ കാണണം എന്ന് പറഞ്ഞൊരേ കരച്ചിൽ ആരുന്നു.പ്രായമായ ആളുകൾ കാണിച്ച തെറ്റിന് ഞങ്ങളോട് നീരസം തോന്നരുത്.

അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
കണ്ണുനീർ കാഴ്ച മങ്ങിച്ചെങ്കിലും,നിറഞ്ഞ മനസ്സോടെ അയാൾ ഇരുവരുടെയും തലയിൽ കൈവെച്ചനുഗ്രഹിച്ചു

“സന്തോഷമായി ജീവിക്കണം മക്കളേ… പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും ജീവിക്കണം.”
നല്ലത് വരട്ടെ രണ്ടാൾക്കും.
നിങ്ങളെന്നെ കാണാൻ വന്നൂല്ലോ മാമന് സന്തോഷായി..

സുഷമ അയാളെ കെട്ടിപ്പിടിച്ച ശേഷം പറഞ്ഞു,മരണത്തിന്റെ ദുർഗന്ധത്തിനിടയിൽ ഇറങ്ങി മറ്റുള്ളവർക്ക് അവസാനത്തെ പ്രതീക്ഷ തിരികെ നൽകുന്ന കൈകൾ ഒരിക്കലും അശുദ്ധമല്ല മാമാ അശുദ്ധമാകുന്നത് മനുഷ്യനെ അവന്റെ ജോലികൊണ്ട് അളക്കുന്ന മനസ്സുകളാണ്.

അയാൾ ഒന്നും പറഞ്ഞില്ല.

പക്ഷേ അയാളുടെ മൗനം
ഒരു പ്രാർത്ഥനയായി മാറി.

കണ്ണിൽ വീണ ഒരു തുള്ളി കണ്ണുനീർ
വേദനയുടേതല്ല,
ഒടുവിൽ കേൾക്കപ്പെട്ട ഒരു ജീവിതത്തിന്റെ പ്രതീകമായിരുന്നു.

പോയിട്ട് വരാം മാമാ….

അവൾ അയാളോട് യാത്ര പറഞ്ഞ ശേഷം കാറിലേക്ക് കയറി…

ചില യാത്രകൾ വിടപറയലല്ല—
അതൊരാൾക്കു ജീവിതം മുഴുവൻ ഉണ്ടായിരുന്ന ഭാരത്തെ
ഒരൊറ്റ വാക്ക് കൊണ്ട് ലഘൂകരിക്കുന്ന അനുഗ്രഹമാണ്.

അച്ചു വിപിൻ
©copyrightprotected

Leave a Reply

Your email address will not be published. Required fields are marked *