എൻ്റെ ആദ്യ പ്രസവം കഴിഞ്ഞ് മൂന്നുമാസത്തിനു ശേഷമാണ് ഭർത്താവിൻ്റെ വീട്ടിലേക്ക് ഞാൻ വരുന്നത്
ഏഴാം മാസത്തിൽ എന്നെ സ്വന്തം
വീട്ടിലേക്ക് കൊണ്ടുപോകുമ്പോൾ
അദ്ദേഹത്തിന് ഭയങ്കര വിഷമമായിരുന്നു
എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്? നിങ്ങൾക്ക് എപ്പോഴും അവിടേക്ക് വരാമല്ലോ? അന്യ വീടൊന്നുമല്ലല്ലോ?
ഞാൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.
ആളൊരു പാവമായിരുന്നു ,
എന്ന് വച്ചാൽ ചെറുപ്പം മുതലേ അദ്ദേഹം അന്തർമുഖനായിരുന്നു,
അദ്ദേഹത്തിൻ്റെ അച്ഛനും അമ്മയും അധ്യാപകരായിരുന്നു, അതുകൊണ്ടുതന്നെ വളരെ അച്ചടക്കത്തോട് കൂടിയാണ് അദ്ദേഹത്തെ വളർത്തിയത് ,പുറത്ത് ആരുമായി കളിക്കാൻ പോകാനൊന്നും വീട്ടുകാർ അനുവദിച്ചിരുന്നില്ല, അതുകൊണ്ടുതന്നെ ലോക പരിചയം
വളരെ കുറവായിരുന്നു,
അച്ഛനും അമ്മയും അധ്യാപകർ ആയിരുന്നെങ്കിലും, മകൻ പഠിക്കാൻ
വളരെ പുറകോട്ടായിരുന്നു.
അദ്ദേഹത്തിൻ്റെ ജേഷ്ഠനും , മൂത്തസഹോദരിയും പഠിച്ച് ഉദ്യോഗസ്ഥരായപ്പോൾ, എൻ്റെ ഭർത്താവ് മാത്രം പാതിയിൽ പഠിപ്പ് നിർത്തി ഒരു ബേക്കറി കടക്കാരനായി.
ചേച്ചിയുടെയും ചേട്ടൻ്റെയും വിവാഹം കഴിഞ്ഞു കുട്ടികളായപ്പോൾ ,അവർ ഓരോരുത്തരായി തറവാട്ടിൽ നിന്നും
മാറി താമസിച്ചു അതോടെ തറവാട്
എൻ്റെ ഭർത്താവിന് കിട്ടി.
പൊതുവേ നാണം കുണുങ്ങിയായ
അദ്ദേഹം ,എന്നെ എൻ്റെ വീട്ടിലേയ്ക്ക് വിളിച്ചുകൊണ്ടു പോയതിനു ശേഷം ഒരിക്കൽ പോലും എന്നെ കാണാൻ വന്നിരുന്നില്ല ,എങ്കിലും ഇടയ്ക്ക് ഞാനും അമ്മയും കൂടി ,ഡോക്ടറെ കാണാൻ ടൗണിൽ വരുമ്പോൾ, അദ്ദേഹത്തിൻ്റെ ബേക്കറിയിൽ കയറുമായിരുന്നു,
അങ്ങനെ രണ്ട് മൂന്ന് പ്രാവശ്യം മാത്രമാണ് ,അദ്ദേഹത്തെ ആ സമയത്ത് കണ്ടതും സംസാരിച്ചതും
പിന്നീടദ്ദേഹം ,എന്നെ കാണാൻ വന്നത്
ഞാൻ പ്രസവിക്കാനായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയപ്പോഴാണ്.
അന്ന് ,രണ്ടു ദിവസം ഹോസ്പിറ്റലിൽ
രാപ്പകൽ അദ്ദേഹം എൻ്റെ അടുത്ത്
തന്നെ ഉണ്ടായിരുന്നു.
പ്രസവം കഴിഞ്ഞ് ഞാൻ വാർഡിലേയ്ക്ക് വന്നപ്പോൾ, അമ്മ പറഞ്ഞാണ് ഞാൻ
ആ കാര്യം അറിഞ്ഞത് ,
പ്രസവിച്ചയുടനെ കുഞ്ഞിനെയുമെടുത്ത് സിസ്റ്റർ, പുറത്ത് കാത്ത് നിന്ന അദ്ദേഹത്തിൻ്റെ കയ്യിൽ കൊടുക്കാൻ ചെന്നപ്പോൾ ,പേടിയോടെ അദ്ദേഹം പിന്നോട്ടു മാറിയെന്നും, ഒടുവിൽ എല്ലാവരും കൂടെ നിർബന്ധിച്ചപ്പോഴാണ് ,വിറയാർന്ന കൈകളോടെ കുഞ്ഞിനെ ഏറ്റുവാങ്ങിയതെന്നും പറഞ്ഞ്, അമ്മയും ചേച്ചിമാരും ഭയങ്കര ചിരിയായിരുന്നു.
അങ്ങനെ രണ്ടു ദിവസത്തിനുശേഷം ഡിസ്ചാർജ് ആയി ഞാൻ കുഞ്ഞുമായി എൻ്റെ വീട്ടിലേക്ക് പോയി ,പിന്നീട് അദ്ദേഹത്തിനെ കാണാൻ യാതൊരു വഴിയുമില്ലാതെയായി.
ഇന്നത്തെപ്പോലെ അന്ന് മൊബൈൽ ഫോണുകൾ ഒന്നുമില്ലായിരുന്നു ഇന്നാണെങ്കിൽ വീഡിയോ കോൾ
എങ്കിലും ചെയ്തു കാണാമല്ലോ?
അങ്ങനെ ഭർത്താവിൻ്റെ വീട്ടിൽ ,
മൂന്നുമാസം പ്രായമുള്ള കുഞ്ഞുമായി
ഞാൻ എത്തുമ്പോൾ ,അദ്ദേഹം ബേക്കറിയിലായിരുന്നു ,രാത്രി പത്തുമണിയോട കൂടിയാണ്, ബേക്കറി അടച്ച് പുള്ളിക്കാരൻ വീട്ടിലെത്തുന്നത്.
വന്നയുടനെ വാത്സല്യത്തോടെ അദ്ദേഹം കുഞ്ഞിനെ വാരിയെടുത്തു തെരുതെ
ഉമ്മ വെച്ചു, അന്ന് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു ,ഞാൻ പ്രസവത്തിന് പോകുമ്പോഴുള്ള ആ ഒരു അടുപ്പം അദ്ദേഹത്തിന് എന്നോടില്ലെന്ന്.
രാത്രിയിൽ ഒരുമിച്ച് കിടന്നെങ്കിലും
എൻ്റെ ശരീരത്തിൽ സ്പർശിക്കാതെ അകന്നു മാറിയാണ് അദ്ദേഹം കിടന്നത് , കുഞ്ഞുറങ്ങിയപ്പോൾ ഞാൻ അദ്ദേഹത്തിൻ്റെ നെഞ്ചിന് മുകളിലൂടെ എൻ്റെ വലതു കൈ കൊണ്ട് അദ്ദേഹത്തെ ചുറ്റിപ്പിടിച്ച് ചേർന്നു കിടന്നു.
പൊടുന്നനെ , എന്റെ കൈയെടുത്ത് മാറ്റിയിട്ട് അദ്ദേഹം എതിർവശത്തേക്ക് ചരിഞ്ഞ് കിടന്നു ,ആ പ്രവൃത്തി, എന്നിൽ വല്ലാത്തൊരു ഷോക്ക് ഉണ്ടാക്കി
എന്തുപറ്റി ചേട്ടാ ?എന്താ എന്നോട് ഒരു
വെറുപ്പ് പോലെ ?ഞാനറിയാതെ നിങ്ങളോട് ഞാൻ എന്തെങ്കിലും പറയുകയോ, പ്രവർത്തിക്കുകയോ ചെയ്തിട്ടുണ്ടോ?
ആശങ്കയോടെ ഞാൻ ചോദിച്ചു
ഹേയ് നീ ഒരു തെറ്റും ചെയ്തിട്ടില്ല എനിക്കെന്തോ ശരീരത്തിനും മനസ്സിനും നല്ല സുഖമില്ല ഞാനിത്തിരി ഉറങ്ങട്ടെ
അങ്ങനെ തിരിഞ്ഞു കിടന്നു കൊണ്ട്
തന്നെ ,അദ്ദേഹം മറുപടി പറഞ്ഞപ്പോൾ, ചിന്താഭാരത്തോടെ ഞാൻ ,മലർന്ന് കിടന്നിട്ട്
മെല്ലെ കറങ്ങുന്ന സീലിങ്ങ് ഫാനിലേക്ക് നോക്കികിടന്നു..
ചേട്ടാ , , നാളെ ഫാനിന്റെ കപ്പാസിറ്റർ ഒന്ന് മാറ്റി ഇടണേ , ഒട്ടും കാറ്റില്ല ,എന്തൊരു ചൂടാണ്?
അല്പം കഴിഞ്ഞപ്പോൾ എന്തെങ്കിലും സംസാരിച്ചു തുടങ്ങാൻ വേണ്ടിയാണ്
ഞാൻ അത് പറഞ്ഞത് ,പക്ഷേ മറുപടിയായി അദ്ദേഹത്തിൻ്റെ കൂർക്കം വലിയാണ് കേട്ടത്.
പിറ്റേ ദിവസവും ഇതുതന്നെയായിരുന്നു അവസ്ഥ, ഒടുവിൽ സഹി കെട്ട് ഞാൻ അദ്ദേഹത്തോട് ചോദിച്ചു
നിങ്ങൾക്ക് എന്താ പറ്റിയത് ?ഞാൻ പ്രസവത്തിന് വീട്ടിൽ പോകുമ്പോൾ നിങ്ങൾ ഇങ്ങനെ അല്ലായിരുന്നല്ലോ ?പ്രസവം കഴിഞ്ഞ് തിരിച്ചു വന്നപ്പോഴേയ്ക്കും , ഇങ്ങനെ മാറാനും മാത്രം ,എന്താണ് സംഭവിച്ചത് ?
ദേഷ്യവും സങ്കടവും കൊണ്ട് ഞാൻ പൊട്ടിത്തെറിച്ചു.
അത് പിന്നെ ദിവ്യാ ,നീ കിടന്ന് ഒച്ച വയ്ക്കല്ലേ? അപ്പുറത്ത് അച്ഛനും അമ്മയുമുണ്ട് ,ഞാൻ പറയാം ,നീ പക്ഷേ ആരോടും പറയരുത്
ഞാൻ ആരോടും പറയില്ല ഹരിയേട്ടാ,, നിങ്ങളുടെ മനസ്സിൽ എന്താണെന്ന് വച്ചാൽ ഒന്ന് തുറന്നുപറയ്,,
അക്ഷമയോടെ ഞാൻ പറഞ്ഞു
അത് പിന്നെ ദിവ്യാ , എനിക്ക് നീയുമായി ശാരീരികമായി ബന്ധപ്പെടാൻ കഴിയില്ല
അത് കേട്ട് ഞാൻ അമ്പരന്നു,
ഞാൻ പ്രസവത്തിനായി പോകുന്നത് വരെ അദ്ദേഹം പൂർണ ആരോഗ്യവാനായിരുന്നു ആള് അന്തർമുഖനാണെങ്കിലും പെർഫോമൻസിന്റെ കാര്യത്തിൽ
അദ്ദേഹം സമ്പൂർണ്ണനായിരുന്നു .
എന്താ ഹരിയേട്ടാ ഈ പറയുന്നത് ?നിങ്ങൾക്ക് എന്തെങ്കിലും അസുഖമുണ്ടോ? ഞാൻ ഇല്ലാതിരുന്ന സമയത്ത് ,നിങ്ങൾക്ക് എന്താ സംഭവിച്ചത് ?നമുക്ക് നാളെ തന്നെ ഒരു ഡോക്ടറെ കാണാം
അയ്യോ വേണ്ട ദിവ്യേ , എനിക്ക് പേടിയായിട്ടാണ്
പേടിയോ എന്തിന്?
ഞാൻ ആകാംക്ഷയോടെ ചോദിച്ചു
അത് പിന്നെ ഞാൻ കുറച്ചു ദിവസം മുമ്പ് തിയേറ്ററിൽ പോയി ഒരു ഇംഗ്ളീഷ് സിനിമ കണ്ടിരുന്നു, അതിൽ പ്രസവിക്കുന്നത് കാണിച്ചു,
ഓഹോ അത് ശരി, അപ്പോൾ ഞാൻ ഇല്ലാതെ ഒറ്റയ്ക്ക് സിനിമയ്ക്ക് ഒക്കെ പോയി അല്ലേ?
ഞാൻ പരിഭവത്തോടെ ചോദിച്ചു
അത് ദിവ്യേ , ഫാമിലിയായി പോകുന്ന സിനിമയായിരുന്നില്ല, ഒരു മെഡിക്കൽ ഡോക്യുമെൻററി ആയിരുന്നു
ആ എന്നിട്ട്? ആ സിനിമയിൽ പ്രസവിക്കുന്നത് കണ്ടില്ലേ?അതുപോലെ തന്നെയാണ് ഞാനും പ്രസവിച്ചത്, ഞാൻ മാത്രമല്ല ഈ ലോകത്തുള്ള എല്ലാ സ്ത്രീകളും പ്രസവിക്കുന്നത് അങ്ങനെയാണ്, അതിൽ പേടിക്കാൻ എന്തിരിക്കുന്നു ?
അതല്ല ദിവ്യേ , പ്രസവിക്കുന്നതും
നമ്മള് ബന്ധപ്പെടുന്നതും ഒരേ സ്ഥലത്ത് കൂടെയാണെന്ന് ആ സിനിമ കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത് ,
ഓ അതെയോ ?അതിനിപ്പോ എന്താ ?
അത് ദിവ്യേ എൻ്റെ മനസ്സിലുള്ളത്
നിന്നെ ഞാൻ എങ്ങനെയാണ് പറഞ്ഞ് മനസ്സിലാക്കുന്നത് ? ഞാനൊരു ഉദാഹരണം പറയാം , നമ്മുടെ അടുക്കളയിലെ പ്രഷർകുക്കറിന്റെ വാഷറ് ഇടയ്ക്കിടെ നമ്മൾ മാറ്റിയിടാറില്ലേ ? അതെന്തിനാ?
അത് പിന്നെ കുറച്ചുനാൾ ഉപയോഗിച്ചു കഴിയുമ്പോൾ ആ വാഷർ വലിഞ്ഞു ടെമ്പർ നഷ്ടപ്പെടും അപ്പോൾ പ്രഷർകുക്കറിൽ ആവി നിൽക്കില്ല അതുകൊണ്ടാണ് നമ്മൾ പുതിയ വാഷർ വാങ്ങിക്കുന്നത്
ങ്ഹാ അത് തന്നെയാണ് ഞാൻ പറഞ്ഞത്
പ്രഷർകുക്കറിന്റെ വാഷർ ലൂസാകുമ്പോൾ നമുക്ക് മറ്റൊന്ന് മാറ്റി വാങ്ങാം, അത് പോലെ തന്നെ പ്രസവം കഴിയുമ്പോഴും ലൂസാവില്ലേ? അതാ ഞാൻ ഉദ്ദേശിച്ചത്
ഒടുവിൽ മുക്കിയും മൂളിയും എൻ്റെ
ഭർത്താവ് കാര്യത്തിലേക്ക് വന്നപ്പോഴാണ്, അദ്ദേഹം ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലായത്
ഹരിയേട്ടാ, നമുക്ക് വൈകുന്നേരം
ആറാട്ട് കുളത്തിൽ ഒന്ന് പോകാം ,
അതെന്തിനാ ? അവിടെയിപ്പോൾ ആരും കുളിക്കാൻ പോകാറില്ല , കുളത്തില് മുഴുവൻ ആഫ്രിക്കൻ പായല് കെട്ടികിടക്കുവാണ്
കുളിക്കാനല്ല മറ്റൊരു കാര്യത്തിനാണ് ഹരിയേട്ടൻ എന്തായാലും വൈകുന്നേരം എൻ്റെ കൂടെ വരണം ഇന്ന് അവധി ദിവസമല്ലേ വേറെയെങ്ങും പോകാനില്ലല്ലോ ?
അന്ന് വൈകുന്നേരമായപ്പോൾ ഞാൻ ഹരിയേട്ടനെയും കൂട്ടി ആറാട്ടുകുളത്തിന്റെ കടവിൽ ചെന്നു.
ഇതാ ഹരിയേട്ടാ,, ഈ കല്ല് കുളത്തിന്റെ നടുഭാഗത്തേയ്ക്ക് ഒന്ന് എറിയൂ
ങ്ഹേ ! അതെന്തിനാ?
ഹരിയേട്ടൻ എറിയൂ ഞാൻ പറയാം
എൻ്റെ നിർബന്ധം കൊണ്ട് , അദ്ദേഹം കല്ല് കുളത്തിലേക്ക് വലിച്ചെറിഞ്ഞു.
ഇപ്പോൾ എന്താണ് അവിടെ സംഭവിക്കുന്നത് എന്ന് ഹരിയേട്ടൻ പറയു
ഇപ്പോഴെന്താ ?കല്ല് വീണ ഭാഗം പായലുകൾ അകന്ന് പോയി , ഒരു വൃത്താകൃതിയായി .
ശരി അങ്ങോട്ട് തന്നെ നോക്കി നിൽക്കു അവിടം പഴയതുപോലെ ആകുമോന്ന് അറിയാമല്ലോ?
ശരിയാണ് ,ഓളം മാറിയപ്പോൾ പായലെല്ലാം പഴയതുപോലെ ഒന്നിച്ചായി
ങ്ഹാ ഇത് തന്നെയാണ് ഹരിയേട്ടാ ,
ഞങ്ങൾ സ്ത്രീകളുടെ ശരീരത്തിൽ ,
പ്രസവം കഴിഞ്ഞ് ,കുറച്ചുനാളുകൾക്ക് ശേഷം സംഭവിക്കുന്നത്,അല്ലാതെ ഇടയ്ക്കിടെ പ്രഷർകുക്കറിന്റെ വാഷറ് മാറുന്നത് പോലെ മാറേണ്ട കാര്യമില്ല,
ഞാൻ ഗൗരവത്തോടെ പറഞ്ഞത് കേട്ട് പുള്ളിക്കാരൻ ജാള്യതയോടെ എന്നെ നോക്കി ചിരിച്ചു. അതോടെ എൻ്റെ ഭർത്താവിൻ്റെ ഉള്ളിലെ ആശങ്ക മാറി, ഞങ്ങൾക്ക് ഇപ്പോൾ രണ്ടു കുട്ടികൾ കൂടെയുണ്ട് ,ദാമ്പത്യം സന്തോഷകരമായി മുന്നോട്ടു പോകുന്നു.
NB: -ഇത്രയും അറിവില്ലാത്തവർ ഉണ്ടോ
എന്ന് നിങ്ങളിൽ ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാവും ,പക്ഷേ ഒരു 40 കൊല്ലം മുൻപ്, ഇങ്ങനെയുള്ള പുരുഷന്മാർ ഉണ്ടായിരുന്നെന്ന് ,ചില കേട്ടറിവിലൂടെ ഞാൻ മനസ്സിലാക്കിയതാണ് 😊
തൈപ്പറമ്പൻ .
